അവൾ എന്നെ ഉപേക്ഷിച്ച് മറ്റൊരുത്തനോടൊപ്പം പോകുമ്പോൾ എൻ്റെ മക്കൾക്ക് അഞ്ചും, മൂന്നും വയസ്സായിരുന്നു പ്രായം.

അവൾ എന്നെ ഉപേക്ഷിച്ച് മറ്റൊരുത്തനോടൊപ്പം പോകുമ്പോൾ
എൻ്റെ മക്കൾക്ക് അഞ്ചും, മൂന്നും വയസ്സായിരുന്നു പ്രായം.

രാവിലെ പതിവ് പോലെ ജോലിയ്ക്ക്
പോയ ഞാൻ ,വൈകിട്ട് തിരിച്ചെത്തുമ്പോൾ മക്കള് രണ്ട് പേരും , കരഞ്ഞ് തളർന്ന് ഉമ്മറപ്പടിയിലിരിക്കുകയായിരുന്നു.

ഉത്കണ്ഠയോടെ ഞാനവരോട് കാര്യമന്വേഷിച്ചപ്പോഴാണ് ,
ബൈക്കിലെത്തിയ ഒരു മാമനുമായിട്ട്,
അമ്മ എങ്ങോട്ടോ പോയെന്ന് പറഞ്ഞ്,
അവർ വീണ്ടും പൊട്ടിക്കരഞ്ഞത് .

അത് കേട്ട് പകച്ച് പോയ ഞാൻ, അവിശ്വസനീയതയോടെ എൻ്റെ
മക്കളെ ചേർത്ത് പിടിച്ച് കൊണ്ട് ,
കുറച്ച് നേരം നിശ്ചലനായിരുന്ന് പോയി.

അച്ഛാ,, അച്ഛൻ വരുമ്പോൾ, ഇത് തരാൻ
അമ്മ ഞങ്ങളെ ഏൽപ്പിച്ചതാണ്,,

അല്പം കഴിഞ്ഞപ്പോൾ ,കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന, ഒരു പേപ്പർ കഷ്ണം, മൂത്തമകൾ എന്നെ ഏൽപ്പിച്ചു.

ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി.

ഞാൻ സ്നേഹിക്കുന്ന ആളുമായി പോവുകയാണ് ,എന്നെ ഇനി അന്വേഷിക്കുകയോ ,പോലീസിൽ
പരാതി കൊടുക്കുകയോ ചെയ്യരുത്,
മക്കളെ നിങ്ങൾ എടുത്തോളൂ ,
അവകാശവുമായി ഞാൻ ഒരിക്കലും വരില്ല.

ആ വെളുത്ത പേപ്പറിൽ അത്രയും
മാത്രമേ ഉണ്ടായിരുന്നുള്ളൂ

ജോലിയുടെ ആവശ്യത്തിനായി സ്വന്തം നാട്ടിൽ നിന്നും ,കുറച്ച് ദൂരെയുള്ള ഒരു ക്വാർട്ടേസിലാണ് ,ഞങ്ങൾ വാടകയ്ക്ക് താമസിച്ച് കൊണ്ടിരുന്നത്

അടുത്ത് താമസിക്കുന്നത് അതിഥി തൊഴിലാളികളും, അവരുടെ ഫാമിലിയുമായിരുന്നത് കൊണ്ട് ,
അവരാരും ഈ സംഭവം അറിഞ്ഞിട്ടില്ലായിരുന്നു.

കുട്ടികളെയും കൊണ്ട് ഞാൻ
അകത്തേക്ക് കയറി,

അച്ഛാ , ഞങ്ങൾക്ക് അമ്മയെ കാണണമച്ഛാ,,

അവർ ഏങ്ങലടിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല .

അമ്മ വരും മോളെ ,എന്തേലും അത്യാവശ്യമായിട്ട് പോയതാവും ,
മക്കൾക്ക് വിശക്കുന്നില്ലേ ? അച്ഛൻ ദാ മസാല ദോശ വാങ്ങിച്ചോണ്ട് വന്നിട്ടുണ്ട്
രണ്ട് പേരും കൂടി ഇത് കഴിക്കൂ

ഞാൻ കൊണ്ട് വന്ന രണ്ട് പൊതികളിൽ
ഒന്ന് അവർക്ക് നിവർത്തിവച്ച് കൊടുത്തിട്ട് മറ്റേ പൊതിയുമായി ഞാൻ ബെഡ്റൂമിലേയ്ക്ക് നടന്നു.

ആ പൊതിയിൽ അവൾക്ക് മുടിയിൽ ചൂടാനുള്ള മുല്ലപ്പൂവായിരുന്നു

തൊട്ടടുത്ത മേശപ്പുറത്ത് ഇരിക്കുന്ന
എൻ്റെയും അവളുടെയും ഫോട്ടോയുടെ മുന്നിൽ ഞാനാ മുല്ലപ്പൂമാല വച്ചിട്ട് വേദനയോടെ അതിലേയ്ക്ക്
നോക്കി ഞാൻ കുറച്ചു നേരമിരുന്നു.

ഇല്ല , തളരാൻ പാടില്ല ,മനസ്സ് കൈ വിട്ട് പോയാൽ, തിരിച്ചറിവാകാത്ത ,എൻ്റെ പിഞ്ചോമനകൾ വഴിയാധാരമാകും ,

എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയവളെ ഓർത്ത് , ഞാനെന്തിന് വിഷമിക്കണം?

കണ്ണ് തുടച്ച് കൊണ്ട് ഞാൻ മെല്ലെയെഴുന്നേറ്റ് മക്കളുടെ
അടുത്തേയ്ക്ക് ചെന്നു, നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ടാവാം
അവര് രണ്ട് പേരും ദോശ മുഴുവനും
കഴിച്ച് തീർത്തിരുന്നു

ഇനി എപ്പോഴാ അച്ഛാ അമ്മ വരുന്നത്?

മൂന്ന് വയസ്സ് കാരിയുടെ ചോദ്യത്തിന് മുന്നിൽ ഞാൻ പതറി നിന്നു

വരും മോളെ, നിങ്ങള് കൈയ്യും വായും കഴുകിയിട്ട് വന്ന് കിടക്കാൻ നോക്ക്

ഒരു വിധത്തിൽ അവരെ സമാധാനിപ്പിച്ച് കട്ടിലിൽ കൊണ്ട് കിടത്തി ഉറക്കിയിട്ട്, അവരോടൊപ്പം നെഞ്ചിലണയാത്ത തീക്കനലുമായി ,ഞാനുറക്കമില്ലാതെ കിടന്നു.

അങ്ങനെ ഉറക്കമില്ലാത്ത രാത്രികളും സ്വസ്ഥത നഷ്‌ടപ്പെട്ട പകലുകളുമായി ദിവസങ്ങൾ കടന്ന് പോയി.

പതിയെ പതിയെ ,ഞാനും മക്കളും അവളെ മറന്ന് തുടങ്ങി , കുട്ടികൾ വലുതാകുന്തോറും അവരുടെ അമ്മയിനി ഒരിക്കലും തിരിച്ച് വരില്ലെന്ന്, രണ്ട് മക്കളോടും പറഞ്ഞ് ഞാൻ ബോധ്യപ്പെടുത്തി

ഇപ്പോൾ മക്കളിൽ ഒരാൾ ഏഴാം ക്ളാസ്സിലും
മറ്റെയാൾ അഞ്ചാം ക്ളാസിലുമാണ് പഠിക്കുന്നത്.

ഇന്നവര് , എന്നോടാവശ്യപ്പെട്ട കാര്യം കേട്ട് ഞാനാകെ ധർമ്മ സങ്കടത്തിലാണ്.

അവരിന്ന് സ്‌കൂള് വിട്ട് വരുന്ന വഴി അവരുടെ അമ്മയെ കണ്ടത്രേ

എന്നിട്ട് നിങ്ങളെ അമ്മ കണ്ടോ ?

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

കണ്ടച്ഛാ,, അമ്മ ഞങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു,

എന്നിട്ട് അമ്മ നിങ്ങളോട് എന്ത് പറഞ്ഞു

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു

അമ്മയ്ക്ക് ഞങ്ങളെ വേണമെന്ന് ,ഞങ്ങളോടൊപ്പം ജീവിക്കണമെന്ന് ,അമ്മയ്ക്കൊരു
തെറ്റ് പറ്റിയതാത്രെ ,
അത് കൊണ്ട് ,അമ്മയോട് ക്ഷമിക്കാൻ അച്ഛനോട് പറയണമെന്ന് പറഞ്ഞു

അത് കേട്ട് എൻ്റെ രക്തം തിളച്ച് പൊങ്ങി ഇത്രനാളും എന്നെയും എൻ്റെ മക്കളെയും അവൾക്ക് വേണ്ടായിരുന്നു ,

എന്നിട്ട് നിങ്ങളവളോട് എന്തേലും പറഞ്ഞോ?

ഉത്ക്കണ്ഠയോടെ ഞാൻ ചോദിച്ചു.

ഞങ്ങള് അച്ഛനോട് പറയാമെന്ന് പറഞ്ഞു
പിന്നെ ഞങ്ങൾക്കമ്മ ഐസ്ക്രീമൊക്കെ വാങ്ങിച്ച് തന്നു , അമ്മയിപ്പോൾ ഒറ്റയ്ക്കാണച്‌ഛാ താമസിക്കുന്നത്, ഏതോ വീട്ടില് അടുക്കളപ്പണിക്ക് പോകുന്നുണ്ടത്രേ,

ഓഹോ അപ്പോൾ കൂട്ടിക്കൊണ്ട് പോയവൻ അവളെ ഉപേക്ഷിച്ച് പോയല്ലേ ? ചുമ്മാതല്ല നിങ്ങളോടവൾ സ്നേഹം കാണിച്ചത് ? ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ,ഇനിമേലാൽ ആ അസത്തിനെ കണ്ടാൽ ,ആ പരിസരത്തേയ്ക്ക് നിങ്ങൾ പോകരുത് കെട്ടല്ലോ?

അമർഷത്തോടെയാണ് ,മക്കൾക്ക്
ഞാൻ താക്കീത് കൊടുത്തത്.

അന്ന് രാത്രിയിൽ ,അത്താഴം കഴിക്കാൻ വിളിച്ചിട്ട് ,രണ്ട് പേരും വിശപ്പില്ലെന്ന് പറഞ്ഞ് മാറി കിടന്നു.

ഞാനൊരുപാട് നിർബന്ധിച്ചിട്ടും ,അവർ വന്നില്ല ,അത് കൊണ്ട് ,ഞാനും ഒന്നും കഴിക്കാതെ അവരോടൊപ്പം കയറി കിടന്നു.

നേരമേറെയായിട്ടും ഉറങ്ങാതെ രണ്ട് പേരും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോൾ ,അവരുടെ ഉള്ളിൽ എന്തോ അസ്വസ്ഥതയുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി.

മക്കളേ , ,എന്താ നിങ്ങൾക്ക് പറ്റിയത് ?അച്ഛനോട് പറയ് ?എന്താണെങ്കിലും വഴിയുണ്ടാക്കാം,

രണ്ട് പേരെയും തഴുകിക്കൊണ്ട് ഞാൻ ചോദിച്ചു.

അച്ഛാ,, അച്ഛന് അമ്മയോട് ക്ഷമിച്ചുടെ ?

മൂത്തമകളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി

എന്താ മോളേ നീയിങ്ങനെ ചോദിക്കുന്നത് ?
അവൾക്ക് നിങ്ങളോട് സ്‌നേഹമുണ്ടായിരുന്നെങ്കിൽ ,അന്ന് നിങ്ങളെ ഉപേക്ഷിച്ച് പോകുവായിരുന്നോ?

ഞാൻ വിറയലോടെ ചോദിച്ചു.

പക്ഷേ അച്ഛാ , ഇന്ന് അമ്മയെ കണ്ടപ്പോൾ അമ്മയുടെ കരച്ചില് കണ്ടപ്പോൾ ,ഞങ്ങൾ പഴയതെല്ലാം മറന്ന് പോയച്ഛാ ,, അച്ഛൻ എത്രയൊക്കെ സ്നേഹിച്ചിട്ടും, എപ്പോഴും അമ്മയെ ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു , അമ്മ കൂടി നമ്മുടെയൊപ്പം ഉണ്ടെങ്കിൽ ,എന്ത് രസമായിരിക്കും , സ്‌കൂളിലെ ഞങ്ങടെ
കൂട്ട്കാർക്കെല്ലാം ,അച്ഛനും അമ്മയുമുണ്ട് ,അവരെ കാണുമ്പോൾ ,ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നുമച്ഛാ , ഞങ്ങളോട് അച്ഛന് സ്‌നേഹമുണ്ടെങ്കിൽ, അമ്മയോട് ക്ഷമിച്ചൂടെ അച്ഛാ,,,?

NB:- മക്കളുടെ ചോദ്യം എൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരിക്കുകയാണ്, പക്ഷേ ,ഒരു തീരുമാനത്തിലെത്താൻ ,എനിയ്ക്ക് കഴിയുന്നില്ല ,ഞാനെന്ത് ചെയ്യണം ?
നിങ്ങള് തന്നെ പറയ്,,

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *