അന്ന് രാത്രി മണിയറയിലേക്ക് ഒരു ഗ്ലാസ്സ് പാലുമായി വന്ന് , ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ

 

(രചന: Magesh Boji)

വലിയ പഠിപ്പും സര്‍ക്കാര്‍ ജോലിയും പത്രാസുമൊന്നും എനിക്ക് നല്‍കാത്തതിന് ഞാനെന്നും ഈശ്വരന്‍മാരോട് കടപ്പെട്ടിരിക്കുന്നു .

അതുകൊണ്ടാണ് ചായ കടക്കാരന്‍ കണാരേട്ടന്‍റെ മകള്‍ രമണിയെ ഞാന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ കൂടെ വന്ന എന്‍റെ വല്ല്യമ്മാവന്‍ എന്നോട് പറഞ്ഞത് ,

നല്ല പഠിപ്പും സര്‍ക്കാര്‍ ജോലിയുമൊക്കെ ഉണ്ടായിരുന്നേല്‍ ഈ ചാളയിലൊക്കെ വന്ന് പെണ്ണ് കാണേണ്ട വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ മോനേ എന്ന് .

പക്ഷെ ഉടുത്തൊരുങ്ങി നാണത്തോടെ ചായയുമായി അവള്‍ എന്‍റടുത്ത് വന്ന് നിന്നപ്പോള്‍ ഞാന്‍ അവളെ അടിമുടി ഒന്ന് നോക്കി .

എന്‍റെ നോട്ടം കണ്ടപ്പോള്‍ അടുത്തിരിക്കുന്ന ആ ബ്രോക്കര്‍ കുട്ടപ്പനൊരു അടക്കം പറച്ചില്‍ , കുട്ടിയുടെ ഇപ്പോഴത്തെ കോലം നീ നോക്കണ്ട ,

കല്ല്യാണം കഴിഞ്ഞ് നല്ലോണം സ്നേഹം കൊടുത്താല്‍ , ഇടക്കിടെ കടപ്പുറത്ത് കൊണ്ടോയി ഇത്തിരി കാറ്റ് കൊള്ളിച്ചാല്‍ അവളല്ല അവളുടെ വല്ല്യമ്മവരെ നന്നാവുംന്ന് .

ബ്രോക്കറുടെ ആ വാക്കും കേട്ട് മനസ്സില്ലാ മനസ്സോടെ ഞാനാ കല്ല്യാണത്തിന് സമ്മതിച്ചു . അങ്ങനെ ശിവന്‍റെ അമ്പലത്തീന്ന് കല്ല്യാണവും കഴിച്ച് ഞാനവളുടെ കയ്യും പിടിച്ച് ആളും ആരവുമായി വീട്ടിലേക്ക് നടന്നു .

ആ സമയത്താണ് അമ്മ പറഞ്ഞത് , നമ്മുടെ വല്ല്യമ്മാവന്‍ കല്ല്യാണത്തിന് വരുന്ന വഴിയില്‍ ഒന്ന് വീണെന്നും, കൈ ഒടിഞ്ഞെന്നും, ആശുപത്രിയിലായെന്നും.

ഞങ്ങള്‍ വീടെത്തി . കോലായിലേക്കുള്ള പടി കയറാന്‍ നേരം അവളാദ്യം വയ്ക്കാന്‍ പോയത് ഇടത് കാലായിരുന്നു . അത് കണ്ട അയല്‍ക്കാരി നാണിതള്ള പറഞ്ഞ് അത് വലത് കാലാക്കി .

ഒടുവില്‍ നില വിളക്കുമായി അവള്‍ അകത്തേക്ക് കയറിയതും വടക്കേ പറമ്പിലെ തെങ്ങില്‍ നിന്നും ആരോ വേട്ടിയിട്ട പോലെ ദേ വീഴുന്നു ഒരു പച്ചയോല .

മുഴുവന്‍ ലക്ഷണ കേടാണല്ലോ കാണുന്നത് മോനേ എന്ന് അമ്മയെന്‍റെ കാതില്‍ പറഞ്ഞു . ഞാന്‍ രമണിയുടെ കണ്ണിലേക്ക് നോക്കി .

അന്ന് രാത്രി മണിയറയിലേക്ക് ഒരു ഗ്ലാസ്സ് പാലുമായി വന്ന് , ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ ഞാനാ ലക്ഷണ കേടിന്‍റെ കണ്ണുകളിലേക്കൊന്ന് കൂടി നോക്കി .

രാവിലെ എന്തോ ഒരു ശബ്ദം കേട്ട് എണീറ്റ് ചെന്ന ഞാന്‍ കണ്ടത് , അലക്ക് കല്ലില്‍ ഒരു കുന്ന് തുണികളുമായി മല്ലിടുന്ന രമണിയെയാണ് .

എന്നെ കണ്ടതും ഒരു പുഞ്ചിരിയാലെ നനഞ്ഞ കൈ സാരിയില്‍ തുടച്ച് കട്ടന്‍ ചായയെടുക്കാനായി അവള്‍ അടുക്കളയിലേക്കോടി .

രാവിലെ പത്ത് പത്തരയായപ്പോള്‍ കല്ല്യാണത്തിന് താലി കടം തന്ന സ്വര്‍ണ്ണ കടക്കാരന്‍ വീട്ടിലെത്തി .

കയ്യിലുള്ള കാശൊപ്പിച്ച് അയാളെ പറഞ്ഞ് വിട്ട പാടെ പന്തല് കാരനും പലചരക്ക് കടക്കാരനും കയറി വന്നു . അവര് പോയപ്പോഴേക്കും കയ്യിലുള്ള കാശ് കാലി .

ഇനി ജൗളി കടക്കാരന്‍റെ കാശ് കൊടുക്കാന്‍ എന്ത് ചെയ്യുമെന്നാലോചിച്ച് അകത്തിരിക്കുമ്പോഴാണ് കയ്യില്‍ ആകെയുള്ള ആറ് വളയില്‍ നിന്ന് നാലെണ്ണം ഊരി അവളെന്‍റെ കയ്യില്‍ വച്ച് തന്നത് .

ഒന്നും മിണ്ടാതെ ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി . ഇന്നലെ കണ്ട ലക്ഷണ കേടായിരുന്നില്ല ആ കണ്ണുകളില്‍ .

ആ വളയും വാങ്ങി ടൗണിലുള്ള പണയക്കാരന്‍റെ അടുത്തേക്ക് ഞാനിറങ്ങിയപ്പോള്‍ പുറകെ വന്ന് അവള്‍ മെല്ലെ പറഞ്ഞു , വരുമ്പോള്‍ കൂട്ടാന്‍ വയ്ക്കാന്‍ എന്തേലും മീന്‍ വാങ്ങണേന്ന് .

വള പണയം വച്ച് കിട്ടിയ കാശ് കൊടുക്കാനുള്ളിടത്തൊക്കെ കൊടുത്ത് വലിയൊരു മീനും വാങ്ങി ഞാന്‍ വീട്ടിലേക്ക് നടന്നു .

ദൂരെ നിന്നും എന്നെ കണ്ടതും ഓടി വന്ന് അവളാ മീനും വാങ്ങി അകത്തേക്കോടി . പിന്നെ അടുക്കളയില്‍ നിന്നും രമണി ചോദിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു ,

അമ്മേ ഈ കത്തി എവിടെയാ വച്ചത് , ഈ ഉപ്പെവിടെയാ വച്ചത് , മഞ്ഞളും മല്ലിയുമെവിടെയാ വെച്ചത് , അമ്മേ മീന്‍ കറി വയ്ക്കണ മണ്‍ ചട്ടി എന്ത്യേ എന്നൊക്കെ ..

കല്ല്യാണം കഴിഞ്ഞ പാടെ വീട്ടിലിങ്ങനെ അടയിരിക്കണത് നാണകേടല്ലേന്ന് വിചാരിച്ച് ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി

നമ്മുടെ ശ്രീധരേട്ടന്‍റെ വീടിന്‍റെ മുന്നിലെ കുണ്ടനിടവഴിയെത്തിയപ്പോള്‍ ഇതുവരെ എന്നെ കണ്ടാല്‍ ഒന്നു നോക്കുക പോലും ചെയ്യാത്ത പ്രഭാകരേട്ടന്‍റെ മോള് ശരണ്യ എന്നെ നോക്കി ഒരു ചിരി ചിരിച്ച് മുന്നിലൂടെ കടന്ന് പോയി .

പകരം ഒരു ചിരി തിരിച്ച് കൊടുത്ത് അങ്ങാടിയിലെത്തിയപ്പോള്‍ അറുമുഖേട്ടന്‍ പറയണത് കേട്ടു , സദ്യക്ക് വിളമ്പിയ സാമ്പാറ് കേമമായിരുന്നുട്ടോന്ന് .

എന്താടാ അണക്കൊരു ഉറക്ക ക്ഷീണം ന്ന് ചോദിച്ചത് റേഷന്‍ പീടികക്കാരന്‍ വാസേട്ടനായിരുന്നു . അത് കേട്ട് കാരംസ് കളിച്ച് കൊണ്ടിരുന്ന ഫ്രീക്കന്‍ കുഞ്ഞുട്ടന്‍ ഒരു ശൂളമടിച്ച് എന്നെ നോക്കിയൊരു കണ്ണിറുക്കല്‍ .

പിന്നെ ഇടക്കിടക്ക് വാച്ചും നോക്കി ചോറുണ്ണാനുള്ള സമയമായോന്ന് കണക്ക് കൂട്ടി ഞാനാ ബഞ്ചിലിരുന്നു .

അങ്ങനെ കൃത്യം ഒരു മണിയായപ്പോള്‍ ഞാന്‍ മെല്ലെ അവിടെ നിന്നെണീറ്റു . ഞാന്‍ എണീറ്റ് നടക്കുന്നത് കണ്ടതും കുഞ്ഞുട്ടന്‍ വീണ്ടും പഴയ പോലൊരു ആക്കിയ ചൂളമടി .ഞാന്‍ നേരെ നടന്നത് ബാബുവേട്ടന്‍റെ മെഡിക്കല്‍ ഷാപ്പിലേക്കാണ് .

മെഡിക്കല്‍ ഷാപ്പിലെത്തി ഞാന്‍ വെറുതെയൊന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ അങ്ങാടിയിലുള്ള എല്ലാ കുഞ്ഞിരാമന്‍മാരും എന്നെ തന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത് .

ഇതെന്ത് മറിമായം എന്ന് കരുതി നിന്ന എന്നെ നോക്കി ബാബുവേട്ടന്‍ ഒരു കള്ള ച്ചിരിയും ഒരു പറച്ചിലും , ഇതൊക്കെ വാങ്ങാന്‍ കുറച്ച് ഇരുട്ടിയിട്ട് വന്നാ പോരായിരുന്നോന്ന് ,

അല്ലെങ്കില്‍ കട പൂട്ടി വരുമ്പോള്‍ ഞാന്‍ കൊണ്ട് തരില്ലായിരുന്നല്ലോ എന്ന് .ഇല്ല ബാബുവേട്ടാ , രാത്രി വരെ കാത്തിരിക്കല് നടക്കില്ല , തല വേദന സഹിക്കാന്‍ വയ്യ , കുറെ ദിവസായില്ലേ ഈ ഓട്ടവും പാച്ചിലും

ഇങ്ങള് വേഗം ഒരു വി ക്സെടുത്തേ എന്നും പറഞ്ഞ് ഞാനൊരു വി ക്സും വാങ്ങി അതിന്‍റെ കാശ് കൊടുത്ത് തിരിച്ച് നടക്കാന്‍ തുടങ്ങിയപ്പോ ബാബുവേട്ടന്‍റെ മുഖത്തൊരു പുച്ഛവും അയ്യേന്നൊരു ഭാവവും .

നേരെ സമയം കളയാതെ വീട്ടിലേക്ക് നടന്നു . മുറ്റത്തെത്തിയപ്പോഴേ നല്ല കുടം പുളിയിട്ട് വച്ച മീന്‍ കറിയുടെ മണം വരാന്‍ തുടങ്ങി . എന്നെ കണ്ടതും കൈ കഴുകിയിട്ട് വാ ചേട്ടാ , ചോറുണ്ണാമെന്ന് രമണി പറഞ്ഞു .

കൈ കഴുകി ചോറുണ്ണാനിരുന്നപ്പോള്‍ ഞാനെന്‍റെ അമ്മയെ ചുറ്റും നോക്കി . അപ്പോഴതാ അമ്മ ഒരു കസേരയില്‍ റാണിയെ പൊലെ ഇരിക്കുന്നു .

എന്നിട്ട് അമ്മ എന്നോടായി മെല്ലെ പറഞ്ഞു , എന്നോടൊരു പണിയും ചെയ്യേണ്ടെന്നാ എന്‍റെ മോള് പറഞ്ഞത് , ഈ കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ കിട്ടണത് ഒരു ഭാഗ്യാ മോനേന്നും .

ചോറില്‍ മീന്‍ കറിയൊഴിച്ച് ആദ്യത്തെ ഒരുള വായില്‍ വച്ചതും കറിയുടെ എരിവ് മൂര്‍ദ്ധാവില്‍ കയറി ഞാന്‍ ചുമച്ചപ്പോള്‍ അടുക്കളയില്‍ നിന്ന് വെള്ളവുമായി ഓടി വന്നവള്‍ എന്‍റെ മൂര്‍ദ്ധാവില്‍ തട്ടി .

ഞാനാ കണ്ണിലേക്കറിയാതെ നോക്കി നിന്ന് പോയി . ഇപ്പോഴും ആ കണ്ണില്‍ ഒരു ലക്ഷണ കേടും ഞാന്‍ കണ്ടില്ല .

എന്‍റെ ആ നോട്ടം കണ്ടിട്ടാവണം അമ്മ ആ കസേരയില്‍ നിന്ന് ചിരിയോടെ എണീറ്റ് മെല്ലെ അകത്തേക്ക് പോയി .

പിന്നീടുള്ള ഓരോ ഉരുളയും സ്വാദറിഞ്ഞാണ് ഞാന്‍ കഴിച്ചത് . ഒടുവില്‍ സംതൃപ്തിയോടെ ഉണ്ടെണീറ്റ് വെള്ളമെടുത്ത് കൈ കഴുകിയപ്പോള്‍ കൈ തുടക്കാനുള്ള തോര്‍ത്തുമുണ്ടുമായി അവളോടി വന്നു .

എന്‍റെ നേര്‍ക്ക് നീട്ടിയ ആ തോര്‍ത്ത് മുണ്ട് ദൂരേക്ക് മാറ്റിയിട്ട് ഞാനവളുടെ സാരി തുമ്പെടുത്ത് എന്‍റെ മുഖം തുടച്ചപ്പോള്‍ അവളെന്‍റെ കണ്ണിലേക്കും നോക്കി നിന്നു .

ഞാനും നോക്കി . ഇല്ല ഒരു ലക്ഷണ കേടും ആ കണ്ണില്‍ ഞാന്‍ കണ്ടില്ല .ചോറുണ്ട് പതിവില്ലാത്ത ഉച്ച മയക്കത്തിനായി ഞാന്‍ മുറിയിലേക്ക് പോയി . അവള്‍ ഉടന്‍ അവിടേക്ക് വരുമെന്ന് കരുതി .

സമയം ഒരുപാട് കഴിഞ്ഞിട്ടും അവളെ കാണാതെ വന്നപ്പോള്‍ ജനല്‍ പാളി തുറന്ന് അവളെവിടെ എന്ന് നോക്കി .

അവളതാ ഉമ്മറത്തെ പടിയിലിരുന്ന് അമ്മയുടെ തലയിലെ പേനെടുത്ത് കൊടുക്കുന്നു , നഖം വച്ച് പൊട്ടിക്കുന്നു

ഞാന്‍ കയ്യില്‍ വി ക്സെടുത്ത് ആരോടെന്നില്ലാതെ ഉറക്കെ വിളിച്ച് പറഞ്ഞു , അമ്മേ ഭയങ്കര തലവേദന , ഈ വി ക്സൊന്ന് പുരട്ടി തരുമോന്ന് .

എന്‍റെ വിളി കേട്ട് ചാടിയെണീറ്റ രമണിയോടായി അമ്മ പറഞ്ഞു , വേണ്ട മോളെ , മോളവിടിരുന്നോ , അമ്മ തടവി കൊടുത്തോളാം ,

അതിനൊരു തഴക്കവും വഴക്കവും വേണം മോളെ , അച്ഛന്‍ മരിച്ചപ്പോ തുടങ്ങിയതാ ന്‍റെ കുട്ടി ഒറ്റക്കുള്ള ഈ ഓട്ടം , അന്നേ ഉള്ളതാ അവന്‍റെ ഈ തലവേദന .

ജീവിതത്തില്‍ അന്നാദ്യമായി അമ്മയോടെനിക്ക് അതിയായ ദേഷ്യം തോന്നി .

ആ ദേഷ്യത്തിന് പല്ല് കടിച്ച് കിടന്ന അമ്മ വന്നെന്‍റെ നെറ്റിയില്‍ വിക്സ് തടവി പറഞ്ഞു , നീ പല്ല് കടിച്ച് കിടക്കുന്നത് കണ്ടാലറിയാം നല്ല വേദനയുണ്ടെന്ന് . അത് കേട്ടപ്പോള്‍ അറിയാതെ പല്ലിന്‍റെ കടി ഞാന്‍ വിട്ടു .

വൈകുന്നേരമായി . രമണിയിപ്പോ വൈകുന്നേരത്തെ ചായക്കുള്ള അവില്‍ കുഴക്കുകയാണ് .

നല്ല പൂവന്‍ പഴവും ചെറിയുള്ളിയും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച അവിലുമായി എന്‍റെ അടുത്ത് വന്നവള്‍ കട്ടന്‍ ചായയെടുക്കാനായി അടുക്കളയിലേക്ക് തിരിഞ്ഞപ്പോള്‍ ഞാനാ കയ്യിലൊന്ന് മുറുകെ പിടിച്ചു .

അവളുടെ കണ്ണുകള്‍ എന്നിലേക്ക് മാത്രമായി . ഇല്ല . ഇപ്പോഴും ആ കണ്ണില്‍ ലക്ഷണ കേടിന്‍റെ ഒരു തരിമ്പു പോലുമില്ല

കൃത്യം ആ സമയത്ത് തന്നെ അടുക്കളയില്‍ നിന്ന് അമ്മ പറഞ്ഞു , നീ അങ്ങാടിയില്‍ പോയി വരുമ്പോള്‍ അമ്മയ്ക്കുള്ള പിണ്ണതൈലം കോണ്ടേരണേന്നും , കൂടെ കുറച്ച് വെറ്റിലയും ചുണ്ണാമ്പും വാങ്ങണേന്നും .

ഞാനതിന് ഇന്നിന് അങ്ങാടിയില്‍ പോവുന്നില്ലെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും രമണി അമ്മയോട് പറഞ്ഞു ,

അമ്മേ അടുക്കളയിലേക്ക് കുറച്ച് സാധനങ്ങള്‍ കൂടി വേണം , ഞാന്‍ ശീട്ടെഴുതി തരാമെന്ന് .

അങ്ങനെ സഞ്ചിയും ശീട്ടുമായി കടയില്‍ പോയി സാധനം വാങ്ങി വരുന്ന വഴിക്കാണ് ബ്രോക്കര്‍ കുട്ടപ്പനെ കണ്ടത് . കുട്ടപ്പനെ കണ്ട പാടെ കയ്യിലുള്ള സഞ്ചി താഴെ വച്ച് ഞാനാ മനുഷ്യനെ ചേര്‍ത്ത് പിടിച്ചു .

ആ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ഒന്നും പറയാതെ ഞാനാ സഞ്ചിയുമെടുത്ത് വീട്ടിലേക്ക് നടന്നു . ഇവനിതെന്ത് പറ്റിയെന്നോര്‍ത്ത് കുട്ടപ്പന്‍ അന്തം വിട്ട് നില്‍ക്കുന്നുണ്ടായിരുന്നു .

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി . അന്നൊരു ദിവസം രാത്രി ഒരു പൊതി പരിപ്പുവടയുമായി വീട്ടിലേക്ക് കയറി ചെന്നപ്പോള്‍ കേട്ടത് രമണിയുടെ കരച്ചിലാണ് .

അവള്‍ക്ക് പേറ്റ് നോവ് തുടങ്ങിയെന്നും , വേഗം പോയി ഒരു വണ്ടി വിളിച്ച് കൊണ്ട് വരാനും അമ്മ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ മുറ്റത്തിറങ്ങി അങ്ങാടിയിലേക്ക് ഓടി .

വണ്ടി വിളിച്ച് വന്ന് അവളെ ആശുപത്രിയിലേക്കെടുത്തു . പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു ,

അവള്‍ക്ക് ആവശ്യമെങ്കില്‍ ര ക്തം കൊടുക്കാന്‍ രണ്ട് ബി പോസറ്റീവ്കാരെ തയ്യാറാക്കി വക്കണമെന്നും , പ്രസവം ഉടന്‍ തന്നെ നടക്കുമെന്നും .

രക്തത്തിനായി ബാബുവിനേയും ഉണ്ണിയേയും രാജുവിനേയും വിളിച്ചു . അവര്‍ക്കെല്ലാം ഒ പോസറ്റീവാണ് . എന്‍റെ വെപ്രാളം കണ്ട് അമ്മ പറഞ്ഞു , നീയെന്തിനാ നാട്ടുകാരെ മുഴുവന്‍ വിളിച്ച് നോക്കണത് ,

നിനക്കാ വല്ല്യമ്മാവന്‍റെ മക്കള് അപ്പൂനേയും കണ്ണനേയും വിളിച്ചാ പോരെ , അവരാണേല്‍ എത്ര രക്തം വേണേല്‍ തരില്ലേ , ഞാനങ്ങനെയാ ആ പിള്ളേരെയൊക്കെ നോക്കിയത് , അതിന്‍റെ ആ ഒരു സ്നേഹം ആ പിള്ളേര്‍ക്ക് എന്നുമുണ്ട് .

അമ്മയോട് ഞാനൊന്നും പറഞ്ഞില്ല . അപ്പോഴേക്കും ഓട്ടോ സ്റ്റാന്‍റിലെ രണ്ട് പേര് രക്തം കൊടുക്കാന്‍ തയ്യാറായി വരുന്നുണ്ടെന്നും കുഞ്ഞുട്ടന്‍ വന്നു പറഞ്ഞു .

അങ്ങനെ സമാധാനത്തോടെ സകല ഈശ്വരന്‍മാരെയും വിളിച്ച് ഞാനാ ബെഞ്ചിലിരുന്നു .

സമയം രാത്രി 11. 30 . എന്‍റെ പേരും വിളിച്ച് നേഴ്സ് ലേബര്‍ റൂമില്‍ നിന്ന് പുറത്ത് വന്നു . രമണി പ്രസവിച്ചു , പെണ്‍കുട്ടിയാന്ന് പറഞ്ഞു .

സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാതെ ഞാന്‍ അകത്തേക്ക് കയറി .

എന്‍റെ കുഞ്ഞിനെ ഞാന്‍ ആദ്യമായി കണ്ടു . രമണിയുടെ മുടിയില്‍ ഞാന്‍ തലോടി . എന്‍റെ കണ്ണു നിറഞ്ഞു .

അരികിലിരിക്കുന്ന എന്‍റെ കൈ പിടിച്ച് രമണി മെല്ലെ പറഞ്ഞു , നമുക്ക് നമ്മുടെ മോളെ നന്നായി പഠിപ്പിച്ച് , നല്ല ജോലിയും പത്രാസുമൊക്കെ ഉള്ള ആളാക്കി മാറ്റണം ട്ടോ ഏട്ടാന്ന് , അവളൊരിക്കലും അമ്മയെ പോലെ ആവരുതെന്നും .

രമണിയുടെ വാക്കുകള്‍ മുഴുമിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല . ആ വായ മെല്ലെ പൊത്തി ആ നെറുകില്‍ ഒരുമ്മ കൊടുത്ത് ഞാനാ ചെവിയില്‍ പറഞ്ഞു ,

നമ്മുടെ മകള്‍ ഈ അമ്മയെ പോലെ ആയാല്‍ മതി . ഈ അമ്മയുടെ സ്നേഹവും വാത്സല്ല്യവും നന്മയും കിട്ടിയാ മതി . അതിന് ശേഷം മതി പഠിപ്പും ജോലിയും പത്രാസുമൊക്കെ…

അന്നേരം സന്തോഷം കൊണ്ട് ആ കണ്ണില്‍ നിന്നുതിര്‍ന്ന് വീണ കണ്ണുനീര്‍ എന്‍റെ കൈ തലത്തിലൂടെ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *