(രചന: പുഷ്യാ. V. S)
“” ആഹ് നിരഞ്ജൻ …. വിട് എന്നെ… ശ്വാസം മുട്ടുന്നു “” ധന്യ നിരഞ്ജന്റെ കയ്യിൽ കിടന്നു പിടഞ്ഞു.
തന്റെ പ്രിയപ്പെട്ടവളെ ആണ് മരണത്തിന്റെ വക്കിൽ നിർത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും ആകാതെ അവൻ അവളുടെ കണ്ണിലെ മരണഭയം ആസ്വദിച്ചു.
നിരഞ്ജന്റെ അകന്ന ഒരു ബന്ധു ആയിരുന്നു ധന്യ. കുടുംബ ബന്ധം പറഞ്ഞാൽ ഒത്തിരി അകലം ഉണ്ടായിരുന്നു.
ഇരു കുടുംബങ്ങളും നല്ല ശത്രുതയിലും ആയിരുന്നു. പക്ഷേ വീട്ടുകാർ അകൽച്ചയിൽ ആയിരുന്നെങ്കിലും രണ്ടാളും ചെറുപ്പത്തിലേ പ്രണയത്തിൽ ആയത് എങ്ങനെയെന്നു അവർക്ക് പോലും അറിയില്ല
ധന്യയ്ക്ക് വിവാഹപ്രായം ആയപ്പോഴേക്കും നിരഞ്ജന്റെ ആലോചന വന്നത് ഇരുവരുടെയും പ്രണയം അറിയാവുന്ന കസിൻസിന്റെ നീക്കം ആയിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ എതിർപ്പുകൾ ആയിരുന്നു രണ്ട് കൂട്ടർക്കും.
അവർക്കിടയിലെ പ്രണയം കൂടി വെളിപ്പെട്ടതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു.
“” നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ഡീ. നമ്മളെ ഒക്കെ കരി വാരി തേയ്ക്കാൻ കച്ച കെട്ടി നടക്കുന്നവരുടെ ചെക്കനെ മാത്രേ അവള് കണ്ടൊള്ളു.
എന്തേലും മോഹം മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അത് എന്റെ മോള് അങ്ങ് കളഞ്ഞേര്. നിന്റെ ഈ ഇഷ്ടം ഈ വീട്ടിൽ നടക്കില്ല “” ധന്യയുടെ അച്ഛൻ കലി തുള്ളി ആണ് അത് പറഞ്ഞത്.
ഇതൊക്കെ തന്നെ ആയിരുന്നു നിരഞ്ജന്റെ വീട്ടിലെയും അവസ്ഥ.ഒടുവിൽ എതിർപ്പുകൾ എല്ലാം അവഗണിച്ചു രണ്ടാളും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. വീട്ടുകാർക്ക് അവരുടെ തീരുമാനം തങ്ങളുടെ മുഖത്ത് അടിയേറ്റ പോലെ ആണ് തോന്നിയത്.
കുടുംബ ശത്രുത ഈ സംഭവങ്ങൾക്ക് ശേഷവും അതുപോലെ തുടർന്നു. കുട്ടികളെ ഇരു കൂട്ടരും പാടെ ഉപേക്ഷിച്ച പോലെ ആണ് ഇപ്പോൾ. തങ്ങളെ നാണം കെടുത്തി ജീവിക്കാൻ ഒരുങ്ങി എന്നതിന്റെ വാശി ആവോളം ഉണ്ട് അവർക്ക്.
മൂന്ന് വർഷത്തോളം ആയി ധന്യയും നിരഞ്ജനും ഒരുമിച്ചിട്ട്. ഒരു കുഞ്ഞു മോനും ഉണ്ട് അവർക്ക് ഇപ്പോൾ. ഇരുവരും ജോലി ചെയ്തു വല്യ അല്ലൽ ഇല്ലാതെ ജീവിക്കുക ആണ്.
രണ്ടാളും ജോലിക്ക് പോവുമ്പോൾ കുഞ്ഞിനെ അയലത്തെ വീട്ടിൽ ആക്കും. അവിടെ ഉള്ള രത്നചേച്ചി മോനേ നന്നായി നോക്കും എന്നതാണ് അവർക്ക് ആകെയുള്ള ആശ്രയം.
അവരുടെ പേരക്കുട്ടികളും ആയി നല്ല ഇണക്കം ആയതിനാൽ കരച്ചിലും വാശിയും ഒന്നും ഇല്ലാതെ മോൻ അവിടെ ഇരുന്നോളും.
അങ്ങനെ പോകവേ ആണ് നിരഞ്ജന്റെ സ്വഭാവത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ പ്രകടം ആയത്
ഓഫീസിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ പോലും വീട്ടിൽ തന്നോടും കുഞ്ഞിനോടും അതൊന്നും കാണിക്കാതെ സ്നേഹത്തോടെ മാത്രം പെരുമാറിക്കൊണ്ടിരുന്ന ആള് ഇപ്പോൾ ദേഷ്യം കാണിക്കാൻ തുടങ്ങിയത് ധന്യ ശ്രദ്ധിച്ചു.
താൻ ഒന്ന് സംസാരിക്കുമ്പോൾ ശബ്ദം ഉയർന്നാൽ ഉടനെ അകാരണമായി നിരഞ്ജൻ ചൂടാവാറുണ്ട്. പക്ഷേ കുറച്ചു കഴിഞ്ഞാൽ ഉടനെ ആള് വീണ്ടും പഴയ പോലെ കൂട്ട് കൂടും.
നിരഞ്ജൻ ഇപ്പോൾ ഓഫീസിലെ സ്ട്രെസ് ഒക്കെ കാരണം മുൻകോപം കാണിക്കുന്ന ആവും എന്ന് ഓർത്ത് ധന്യ ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ അഡ്ജസ്റ്റ് ചെയ്തു.
പക്ഷേ പിന്നീട് ഒരു ദിവസം സംഭവിച്ചത് ധന്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഒരു അവധി ദിവസം മോനേ ഉറങ്ങുന്ന നേരം ധന്യ അടുക്കളയിൽ ജോലിയിൽ ആയിരുന്നു.
ലീവ് ആയത് കൊണ്ട് തന്നെ നിരഞ്ജനും അവളോടൊപ്പം അടുക്കളയിൽ ഓരോന്ന് ചെയ്യുന്നുണ്ട്. രണ്ടാളും കളിയും ചിരിയും ഒക്കെ ആയി സംസാരിച്ചു ആണ് ഓരോന്ന് ചെയ്തുകൊണ്ട് ഇരുന്നത്.
ധന്യ കുറച്ചു തേങ്ങ ചിരകി എടുത്തു മുളകുപൊടിയും മഞ്ഞളും കുറച്ചു കറിവേപ്പിലയിലും ഇട്ട് അരച്ചെടുക്കാനായി മിക്സി ഓൺ ചെയ്തു. മിക്സി അതിന്റെ താളത്തിൽ ശബ്ദിച്ചു തുടങ്ങി.
“”ഹാ എന്തൊരു ശബ്ദം ആണ് ആ പണ്ടാരം ഒന്ന് ഓഫ് ചെയ്യ്”” നിരഞ്ജൻ വിളിച്ചു പറഞ്ഞു.
“”അത് കൊള്ളാം. ഓഫ് ആക്കി വച്ചിട്ട് ഞാൻ എങ്ങനെ കറി വയ്ക്കും. ഉച്ചയ്ക്ക് വല്ലതും കഴിക്കണമെങ്കിൽ ഇച്ചിരി ശബ്ദം ഒക്കെ ഒന്ന് സഹിച്ചേ പറ്റൂ. വന്നു വന്നു വീട്ടിൽ ഒരു ശബ്ദോം പാടില്ല എന്ന് പറഞാൽ ഇച്ചിരി കടുപ്പം ആണേ “” ധന്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അൽപ നേരം കഴിഞ്ഞതും നിരഞ്ജൻ മിന്നൽ കണക്കെ എഴുന്നേറ്റു വന്നു മിക്സിയിൽ ആഞ്ഞൊരു ചവിട്ട്. ആ ചവിട്ടിൽ മിക്സിയുടെ ജാർ തെറിച്ചു അകത്തു ഉണ്ടായിരുന്ന കറിക്കൂട്ട് അൽപ്പം ധന്യയുടെ കണ്ണിൽ ആണ് തെറിച്ചത്. അവൾ എരിവ് കണ്ണിൽ തട്ടി വെപ്രാളപ്പെട്ടു.
എന്നാൽ നിരഞ്ജൻ മറ്റേതോ ലോകത്തായിരുന്നു. അവൻ ചരിഞ്ഞു കിടന്ന് ശബ്ധിക്കുന്ന മിക്സിയുടെ വൈയർ ഊരി എടുത്തു കയ്യിൽ കിട്ടിയ എന്തോ കൊണ്ട് ആ മിക്സിയിലേക്ക് ദേഷ്യത്തോടെ വീണ്ടും വീണ്ടും അടിച്ചുകൊണ്ട് ഇരിക്കുവാണ്.
ധന്യയുടെ കരച്ചിൽ ആണ് നിരഞ്ജനിൽ സ്ഥലകാല ബോധം ഉണർത്തിയത്. അവൻ നോക്കുമ്പോൾ അവൾ മുഖം പൊത്തി വെപ്രാളപെടുന്നുണ്ട്.
നിരഞ്ജൻ ഒരു നിമിഷം നിശ്ചലമായി നിന്നു. ശേഷം ഓടിച്ചെന്നു അവളെ കൊണ്ട് പോയി മുഖത്തു വെള്ളം തളിച്ച് കണ്ണ് കഴുകി കൊടുത്തു.
എന്താണ് സംഭവിച്ചത് എന്ന് ഇരുവർക്കും വല്യ പിടി ഇല്ലായിരുന്നു. പക്ഷേ ധന്യ അവന്റെ ആ പെരുമാറ്റം കണ്ട് അടിമുടി വിറച്ചു പോയിരുന്നു.
നിരഞ്ജനും തന്നിൽ എന്തോ മാറ്റം ഉണ്ടായതായി തോന്നി. രണ്ടാളും കൂടി ഒരു സൈക്കോളജിസ്റ്റിന്റെ അരികിൽ എത്തി. നിരഞ്ജന് ഈ ശബ്ദങ്ങൾ കേൾക്കുമ്പോൾ വയലന്റ് ആവുന്നത് അത്ര നിസാരം അല്ലാത്ത ഒരു രോഗലക്ഷണം ആണെന്ന് ഡോക്ടർ പറഞ്ഞു.
വീട്ടുകാരിൽ നിന്നൊക്കെ അകന്ന് ഒറ്റപ്പെട്ട് കഴിയുന്നതിനൊപ്പം ജോലി ഭാരവും ഒക്കെ താങ്ങാൻ കഴിയാതെ വരുമ്പോൾ മനസ് പ്രതികരിക്കുന്നത് ആണെന്നും റസ്റ്റ് എടുക്കുന്നതിനൊപ്പം ട്രീറ്റ്മെന്റ് ചെയ്താൽ പൂർണ്ണമായും മാറും എന്ന് ആണ് ഡോക്ടർ പറഞ്ഞത്.
അവസ്ഥയിൽ നേരിയ മാറ്റം കണ്ട് തുടങ്ങുന്നത് വരെ ആരോചകപ്പെടുത്തുന്ന ശബ്ദം ഒന്നും ആളിനെ ഡിസ്റ്റർബ് ചെയ്യാതെ ധന്യ ശ്രദ്ധിക്കണം എന്നും ഡോക്ടർ കൂട്ടി ചേർത്തു.
നിരഞ്ജൻ ജോലി ലീവ് എടുത്തു. ഒപ്പം ട്രീറ്റ്മെന്റ് ആരംഭിക്കുകയും ചെയ്തു.പക്ഷേ ഒരു ദിവസം മോൻ വാശി പിടിച്ചു കരയുന്ന നേരം ശബ്ദം ഉണ്ടാക്കി കളിപ്പിക്കുന്ന അവന് ഏറെ ഇഷ്ടം ഉള്ള ഒരു കളിക്കോപ്പ് വച്ചു മോനേ കളിപ്പിക്കുന്നത് കണ്ട് നിരഞ്ജൻ വീണ്ടും അസ്വസ്ഥത കാണിച്ചു.
അന്ന് അവൻ ചെയ്തത് ഓടി വന്നു ധന്യയുടെ കഴുത്തിനു കുത്തിപ്പിടിച്ചു അവളെ ആക്രമിക്കുകയാണ്.
“” ആഹ് നിരഞ്ജൻ …. വിട് എന്നെ… ശ്വാസം മുട്ടുന്നു “” ധന്യ നിരഞ്ജന്റെ കയ്യിൽ കിടന്നു പിടഞ്ഞു.
തന്റെ പ്രിയപ്പെട്ടവളെ ആണ് മരണത്തിന്റെ വക്കിൽ നിർത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും ആകാതെ അവൻ അവളുടെ കണ്ണിലെ മരണഭയം ആസ്വദിച്ചു.
അന്ന് വീട്ടിലെ ബഹളം കേട്ട് അയൽവീട്ടുകാർ വന്നു ആണ് ധന്യയെ രക്ഷിച്ചത്.
അവൾ ആകെ തകർന്നു പോയ സംഭവം ആയിരുന്നു അത്. ഒത്തിരി സ്വപ്നങ്ങളോടെ തുടങ്ങിയ ജീവിതം പാതി വഴിയിൽ കൈവിട്ട് പോകുന്നത് അവൾ വേദനയോടെ മനസിലാക്കി.
ഒന്ന് ചേർത്തു പിടിച്ചു കൂടെ നിൽക്കാൻ വീട്ടുകാർ ഇല്ലാത്തതും അവളെ തളർത്തി കളഞ്ഞു.
പക്ഷേ ഈ സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ അവളെ ഞെട്ടിച്ചുകൊണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ധന്യയുടെ വീട്ടുകാർ അവിടേക്ക് വന്നു.
പക്ഷേ ഒരു ഭ്രാന്തന്റെ കൂടെ കഴിയാതെ അവനെ ഉപേക്ഷിച്ചു കുഞ്ഞിനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് ചെല്ലാൻ ആയിരുന്നു അവർ പറഞ്ഞത്.
ഈ അവസ്ഥയിൽ താൻ സ്വന്തം കാര്യം നോക്കി ഭർത്താവിനെ ഉപേക്ഷിച്ചു എങ്ങോട്ടും ഇല്ല എന്ന് അവൾ തീർത്തു പറഞ്ഞു. ഒരിക്കൽ തന്നിഷ്ടം കാണിച്ചതിന് ആണ് ഇപ്പോൾ അനുഭവിക്കുന്നത് എന്നും ഇത്രേം ആയിട്ടും പഠിച്ചില്ല എന്നും കുറ്റപ്പെടുത്തി അവർ ഇറങ്ങി.
പക്ഷേ അന്ന് രാത്രി ഒരു അനക്കം കേട്ട് ഉണർന്ന ധന്യ ശബ്ദം കേട്ട് പോയി നോക്കിയപ്പോൾ കണ്ടത് കയറിൽ കുരുക്കിൽ കിടന്നു പിടയുന്ന നിരഞ്ജനേ ആണ്. അവൾ വലിയ വായിൽ നിലവിളിച്ചു. ആ രാത്രി ആളുകൾ ചേർന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചു.
“” എന്താ നിങ്ങള് ഈ കാണിച്ചേ. ഞാൻ ഉണർന്നില്ലായിരുന്നേൽ…. ഈശ്വരാ… എന്നേം കുഞ്ഞിനേം ഒറ്റയ്ക്ക് ആക്കി അങ്ങ് പോവാൻ ആണോ പ്ലാൻ.
ഇതിന് വേണ്ടി ആണോ ഞാൻ എല്ലാരേം ഉപേക്ഷിച്ചു നിങ്ങളോടൊപ്പം ഇറങ്ങി വന്നത് “” അവൾ ബോധം വന്നപ്പോൾ നിരഞ്ജനോട് കരഞ്ഞു കൊണ്ട് ചോദിച്ചു.
“”നീ എത്ര എത്ര നാളായിട്ട് അച്ഛനെ അമ്മയും കാണാൻ കൊതിക്കുന്നു. എന്നിട്ടും നീ എന്നെ ഓർത്തിട്ട് അല്ലെ ഇന്ന് നിന്റെ വീട്ടുകാരെ പിണക്കി അയച്ചത്. ഞാനെന്റെ ഈ കൈ കൊണ്ടല്ലേ നിന്നെ കൊല്ലാൻ നോക്കിയത്.
ഞാൻ നിന്റെയും കുഞ്ഞിന്റെയും നല്ല ജീവിതത്തിനു തടസ്സം ആണ്. ഞാൻ അങ്ങ് പോയാൽ നിനക്ക് ഈ ബാധ്യതയിൽ നിന്ന് മോചനം കിട്ടുമല്ലോ. നിന്റെ വീട്ടുകാർ നിന്നെ സ്വീകരിക്കും. മോനെയും അവർ നോക്കിക്കോളും.
എനിക്ക് മതിയായി ഇങ്ങനെ. ഏത് നിമിഷം ആണ് ഞാൻ നിങ്ങളെ എന്തേലും ചെയ്യുക എന്ന് എനിക്ക് അറിയില്ല. എല്ലാം കൂടി ആലോചിച്ചപ്പോൾ ചെയ്ത് പോയതാ “” നിരഞ്ജൻ വിക്കി വിക്കി പറഞ്ഞു.
“” ആരാ പറഞ്ഞെ എനിക്ക് ഒരു ബാധ്യത ആണെന്ന്. അച്ഛന്റെയും അമ്മയുടെയും പിണക്കം മാറി വരാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. എന്ന് കരുതി നിങ്ങളെ ഉപേക്ഷിച്ചു അവരോടൊപ്പം പോവാൻ അല്ല ഞാൻ കാത്തിരുന്നത്.
ഡോക്ടർ പറഞ്ഞെ അല്ലെ ഭേദം ആകാവുന്നതേ ഉള്ളു എന്ന്. ഞാൻ ശ്രദ്ധിക്കാഞ്ഞിട്ട് അല്ലെ അന്ന് വീണ്ടും വയ്യതായത്.ഇനി ഞാൻ നോക്കിക്കോളാം . എല്ലാം ശെരിയാകും “” അവൾ അവനെ സമാധാനിപ്പിച്ചു.
“” എന്നാലും താൻ എങ്ങനെയാടോ മാനേജ് ചെയ്യുന്നേ.ഇപ്പോൾ ജോലി തനിക്ക് മാത്രം ആണ് ഉള്ളത്.കുഞ്ഞിന്റെ കാര്യം.പിന്നെ ഏത് നിമിഷം താളം തെറ്റും എന്ന് അറിയാത്ത അവസ്ഥയിൽ ഞാൻ.ഒരു ആശ്രയത്തിന് ആരും ഇല്ലാതെ.
ഞാൻ വീണ്ടും തന്നെ എന്തേലും ചെയ്താൽ പിടിച്ചു മാറ്റാൻ പോലും ആരും ഇല്ലാതെ. വേണ്ടടോ ഒട്ടും സേഫ് അല്ല.എന്നെ വല്ല മെന്റൽ ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തേക്ക്.ആരും ഇല്ലാത്തവർക്ക് അസുഗം വന്നാൽ അതാ നല്ലത് “” നിരഞ്ജൻ പറഞ്ഞു.
“” അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.”” ശബ്ദം കേട്ട് നോക്കിയപ്പോൾ നിരഞ്ജന്റെ അച്ഛൻ ആണ് വാതിൽക്കൽ നിൽക്കുന്നത്.
“”അച്ഛാ…”” നിരഞ്ജൻ ബെഡിൽ കിടന്നുകൊണ്ട് വിളിച്ചു.””മ്മ്… എല്ലാം അറിഞ്ഞു. നിങ്ങൾ എങ്ങനെയാ ഒറ്റയ്ക്ക് ആയത്. വളർത്തി വലുതാക്കിയ അച്ഛനേം അമ്മേം ഉപേക്ഷിച്ചു പോയത് അല്ലെ. ഞങ്ങൾ രണ്ട് വീട്ടുകാരും നിങ്ങളുടെ പിറകെ വന്നില്ല. സമ്മതിച്ചു.
നിങ്ങളോ. നിങ്ങൾക്കും പിന്നീട് ഞങ്ങളെ വേണ്ടായിരുന്നല്ലോ. ഞങ്ങൾ അങ്ങോട്ട് വരാൻ കാത്ത് ഇരുന്നത് അല്ലാതെ ഒരു ഫോൺ കാൾ എങ്കിലും നിങ്ങള് ഇങ്ങോട്ട് ചെയ്തിരുന്നോ ഈ മൂന്ന് വർഷത്തിനിടയിൽ.”” അയാൾ ചോദിച്ചു
“”അച്ഛാ… ഞങ്ങള്…. “” ധന്യ വിക്കി”” മ്മ് ഒന്നും പറയണ്ട.വാശി രണ്ട് വശത്തു നിന്നും ഒട്ടും കുറവായിരുന്നില്ല. പക്ഷേ ഇങ്ങനൊരു അവസരത്തിൽ വാശിയും മുറുകെ പിടിച്ചു നിന്നിട്ട് എന്ത് കാര്യം.
മനസ്സിൽ സ്നേഹം ഉണ്ടേൽ മക്കൾക്ക് എന്തെങ്കിലും പറ്റിയാൽ ചങ്ക് പിടയും അച്ഛനമ്മമാരുടെ. അതിപ്പോ അകന്ന് കഴിയുക ആണെങ്കിലും അങ്ങനെ തന്നെയാ.”” അയാൾ തെല്ല് വിഷമത്തോടെ പറഞ്ഞു.
അവർ ഒന്നും മനസിലാകാതെ പരസ്പരം നോക്കി.”” നിങ്ങള് ഈ അവസ്ഥയിൽ മാറി താമസിക്കേണ്ട. ഇവനെ ഡിസ്ചാർജ് ആകുമ്പോൾ കുഞ്ഞിനേം കൊണ്ട് വീട്ടിലേക്ക് പോരെ. വാശിയും ദേഷ്യവും കൊണ്ട് നടന്നിട്ട് ഒരു ദുരന്തം കാണാൻ വയ്യ. അല്ലേലും ചെയ്യേണ്ടത് ചെയ്യേണ്ട നേരത്ത് ചെയ്യാതെ പിന്നീട് കരഞ്ഞിട്ട് എന്താ കാര്യം.
മോളോട് ഞങ്ങൾക്ക് നീരസം ഒന്നും ഇല്ല. ഇവൻ ഞങ്ങളോട് കാണിച്ചതിനുള്ള ഒരു പരിഭവം അത്രേ ഉണ്ടായിരുന്നുള്ളു. നിങ്ങൾ വീട്ടിലേക്ക് വരണേ മക്കളെ “” അതും പറഞ്ഞു അയാൾ പോകാനൊരുങ്ങി.
കർക്കശ്യത്തോടെ സംസാരിച്ചു തുടങ്ങിയ അച്ഛന്റെ ഉള്ളിൽ പ്രകടം ആകാനുള്ള മടിയോടെ ഒളിച്ച സ്നേഹത്തെ അവർക്ക് പക്ഷേ തെളിഞ്ഞു കാണാമായിരുന്നു.
രോഗം മാറി പഴയ ജീവിതത്തിലേക്ക് എത്തുമ്പോൾ ഓരോ ബന്ധങ്ങൾ ആയി തിരികെ വരും എന്നത് അവർക്ക് തുടർന്നുള്ള ജീവിതത്തിനു പ്രതീക്ഷ ഏറി…