നിനക്കിത്തിരി നേരത്തെ കുളിച്ചൂടെ രേവതി…” ധൃതി പിടിച്ചു കുളിമുറിയിലേക്ക് പോകാൻ നിൽക്കുന്ന രേവതിയെ നോക്കി

എന്താ ഇവിടിത്ര ജോലി

(രചന: Jolly Shaji)

 

“നേരം പാതിരാ ആവാറായി നിനക്കിത്തിരി നേരത്തെ കുളിച്ചൂടെ രേവതി…”

ധൃതി പിടിച്ചു കുളിമുറിയിലേക്ക് പോകാൻ നിൽക്കുന്ന രേവതിയെ നോക്കി അല്പം നീരസം കലർന്ന ശബ്‍ദത്തിലാണ് സേതുവിന്റെ ചോദ്യം… ഉറക്കം കണ്ണിൽ കയറിയതിന്റെ ദേഷ്യം ആ മുഖത്ത് നന്നായി കണ്ടു രേവതി…

“ആഗ്രഹം ഇല്ലായിട്ടല്ല സേതുവേട്ടാ… ജോലികൾ കഴിഞ്ഞു വന്നപ്പോൾ ഇത്തിരി ലേറ്റ് ആയി പോയി…”രേവതി ചിരിയോടെ പറഞ്ഞത് സേതുവിന് അത്ര പിടിച്ചില്ല…

“എന്ന് വെച്ചാൽ ഇവിടെ മല മറിക്കുന്ന പണിയല്ലേ… എടി രാവിലെ ആറു മണിക്ക് മുന്നേ ചാടിയേറ്റ് ഓടുന്ന കാണാല്ലോ ന്നിട്ടും നിന്റെ പണി തീരുന്നില്ലേ…”

“ഒരു വീടല്ലേ ഏട്ടാ എന്തേലുമൊക്കെ പണികൾ കാണില്ലേ ഇവിടെ…”മയത്തിലാണ് രേവതി മറുപടി പറഞ്ഞത്…

“ഉവ്വ്…ഇത്തിരി കഞ്ഞിയും കറിയും വെക്കണം… ആ പാത്രം കഴുകി വെക്കണം… ഈ പെരക്കകം ഒന്ന് അടിക്കണം.. അതാണ് ഇത്ര പണി…”

അതുവരെ സഹിച്ചു നിന്ന രേവതി കുളിച്ചു മാറാൻ വെച്ച ഡ്രസ്സ്‌ മെല്ലെ താഴെ വെച്ച്…”സേതുവേട്ടാ നിങ്ങൾക്ക് ഒരു വിചാരം ഉണ്ട്‌ വീട്ടുജോലി എന്ന് പറയുന്നത് ഏതാണ്ട് പുണ്യപ്രവർത്തി ആണെന്ന്…. അതെ ഈ ചോറും കറിയും വെറുതെ കലത്തിൽ പാകം ആകുമോ…”

“ഓ കുറച്ചു അരി കഴുകി വെള്ളത്തിൽ ഇട്ടു അടുപ്പിൽ വെക്കണം… ആന പണിയല്ലേ…” അയാൾ പരിഹാസത്തോടെ പറഞ്ഞു…

“അല്ല ആന പണി അല്ല… അരി കലത്തിൽ ഇട്ട് പോയികിടന്നുറങ്ങി എണീക്കുമ്പോൾ ചോറ് റെഡിയായി അല്ലെ…””നീയെന്താ കളിയാക്കുവാണോ എന്നെ…”

“പിന്നല്ലാണ്ട് ഞാൻ എന്താ പറയാ…രാവിലെ അറിന് എണീക്കുന്ന എനിക്ക് എന്തൊക്ക ജോലി എന്ന് വെറുതെ ഒന്ന് പറയാം… കേട്ടോളു…

രാവിലെ കുടിക്കാൻ വെള്ളം തിളപ്പിക്കണം… കലം കഴുകി വെള്ളം എടുത്തു അടുപ്പത്തു വെച്ചാൽ ആണേ വെള്ളം തിളയ്ക്കു…

കുട്ട്യോൾക്ക് രാവിലെ കഴിക്കാൻ ദോശ …. ദോശക്കല്ല് കഴുകി അടുപ്പിൽ വെച്ചാൽ ആണ് അത് ചൂടാവു…

ചൂടായ കല്ലിൽ മാവ് തവികൊണ്ട് കോരി ഒഴിച്ചു പരത്തി അതിൽ നെയ്യ് പുരട്ടി ഇടയ്ക്കു മറിച്ചിട്ട് വേവിച്ച് എടുക്കണം… അല്ലാതെ കല്ലേ ദോശ ഉണ്ടാക്കു എന്ന് പറഞ്ഞാൽ ദോശ ആവില്ല…

നിങ്ങള്ക്ക് ദോശ അലർജി ആയോണ്ട് ഇഡ്ഡലി നിർബന്ധം… ഇഡ്ഡലി പാത്രം കഴുകി വെള്ളം വെച്ച് തിളപ്പിച്ച്‌..

അതിലെ തട്ടുകൾ കഴുകി തുടച്ചു എണ്ണ പുരട്ടി മാവ് തട്ടുകളിലേക്ക് കോരി ഒഴിച് ഇഡലി പാത്രത്തിൽ വെച്ച് അടുപ്പിൽ വെച്ചാലെ ഇഡ്ഡലി ആകു…

മക്കൾക്ക്‌ ദോശക്കു ചട്നി നിർബന്ധം…തേങ്ങ പൊതിച്ചു ചിരവി ഉള്ളി പൊളിച്ചെടുത്തു ഇഞ്ചി തൊലി കളഞ്ഞു മുറ്റത്തെ കാന്താരി ചെടിയിൽ നിന്നും മുളക് പറിച്ചെടുത്തു മിക്സിയിൽ ഇട്ട് അരച്ചെടുത്തു കടുക് വറുത്തിട്ടാലേ സാമ്പാർ ആവു….

കാന്താരി മുളക് പോലും അടുക്കളയിലേക്ക് ഒറ്റയ്ക്ക് വരില്ല്യ…പിന്നെ നിങ്ങടെ ഇഡലിയുടെ സാമ്പാർ… പരിപ്പ് കഴുകിവെച്ചേക്കുന്ന കുക്കറിൽ വേവിച്ച് അതിലേക്കു ഫ്രിഡ്ജിൽ ഇരിക്കുന്ന ഉരുളനും മത്തനും വെള്ളരിയും വെണ്ടയ്ക്കയും തക്കാളിയുമൊക്കെ വൃത്തിയാക്കി

തൊലി കളഞ്ഞു അരിഞ്ഞു കഷ്ണങ്ങൾ ആക്കി ഇട്ട് വേവിച്ച് പൊടികൾ ചേർത്ത് പുളിവെള്ളം ഒഴിച്ച് കടുക് വറുത് ഇട്ടാലെ സാമ്പാർ ആവൂ….

അല്ലാതെ കുക്കറിലേക്ക് ഫ്രിഡ്ജിൽ ഇരിക്കുന്ന പച്ചക്കറി വെറുതെ ഇട്ട് പുഴുങ്ങി എടുക്കുന്നതല്ല…

മക്കൾക്ക് കുടിക്കാൻ പാല് നിങ്ങള്ക്ക് പാൽ ചായ അച്ഛനും അമ്മയ്ക്കും മസാല ചായ… ആഹാ എല്ലാം കൂടി രാവിലെ എന്ത് സുഖമാണ്…

രാവിലെ മക്കളെ വിളിച്ച് എഴുന്നേൽപ്പിക്കണം അതുങ്ങളെ പല്ല് തേപ്പിക്കണം, ടിഫിൻ ബോക്സ്‌ എടുത്തു വെക്കണം കുടിക്കാൻ ചൂടുവെള്ളം എടുത്തു വെക്കണം…

അതിനിടെ അതുങ്ങളെ ടോയ്‌ലെറ്റിൽ വിടണം ഫുഡ്‌ കഴിപ്പിക്കണം യൂണിഫോം ഇടുവിക്കണം സ്കൂൾ ബസിൽ കയറ്റി വിടണം…”

“ഇതൊക്ക രാവിലെ ഒൻപതു മണി ആകുമ്പോളേക്കും കഴിയില്ലേ രേവൂ…””ഇതൊക്ക കഴിയും, പിന്നെയാണ് യുദ്ദംകഴിഞ്ഞ കളത്തിലേക്കു വൃത്തിയാക്കാൻ ഇറങ്ങൽ… അടിക്കണം വരണം കഴുകണം അതിന് ഇടെ അച്ഛന് പഴങ്കഞ്ഞി…

ഉള്ളിയും കാന്താരിയും ഇടിച്ചിട്ട് തൈര് ഒഴിച്ചത്.. അല്പം പുളി എങ്ങാൻ കൂടിയാൽ അതിന് ചീത്ത… അവിടേം ഇവിടേം നിരത്തി ഇട്ടേക്കുന്ന തുണികൾ കഴുകണം..”

“തുണി കഴിക്കുന്നത് വാഷിങ് മെഷീൻ അല്ലെ… നീ അല്ലല്ലോ..””മുറിയിൽ നിരന്നു കിടക്കുന്ന തുണികൾ ഒറ്റയ്ക്ക് മെഷീനിൽ കയറുമോ… എല്ലാം പെറുക്കി അതിലിട്ട് സോപ്പ് പൊടി ഇട്ട് കൊടുത്ത്…

അലക്കു കഴിയുമ്പോൾ അതെടുത്തു വെയിലിൽ വിരിച്ചിടണം മടക്കി വെക്കണം തേക്കണം അലമാരിയിൽ അടുക്കി വെക്കണം ഇതൊക്ക തുണി തന്നെ ചെയ്യും അല്ലെ…”

“ഓ മതി മതി കേട്ട് മടുത്ത്‌.. നീ പോയി കുളിച്ചു വന്നേ…””കഴിഞ്ഞില്ല ഇനിയും ഉണ്ട്‌ കേൾക്കു.. പിന്നെ ഉച്ചക്കത്തേക്ക് ഊണ് തയ്യാറാക്കണം… മീൻ കറി നിർബന്ധം… പുഴയിലെ മീനെ നേരെ ചട്ടിയിൽ ഇട്ട് തിളപ്പിച്ച്‌ എടുത്താൽ മീൻ കറി ആകില്ല…

മീൻ വൃത്തിയാക്കി മുറിച്ചു വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് ഒക്കെ വൃത്തിയാക്കി അരിഞ്ഞു മൂപ്പിച്ചു പൊടികൾ ചേർത്ത് പുളിയും ഉപ്പും ചേർത്ത് അടുപ്പിൽ വെച്ച് പറ്റിച്ച് എടുക്കണം വായിൽ വെച്ച് കഴിക്കണമെങ്കിൽ…

കൂടെ തോരൻ നിർബന്ധം… പച്ചക്കറി കഴുകി വൃത്തിയാക്കി അരിഞ്ഞു അതിലേക്കു ആവശ്യത്തിന് കൂട്ടുകൾ ചേർത്ത്… പാകത്തിന് വേവിച്ച് എടുത്താലേ തോരൻ ആവൂ…

അതിനിടെ മഴയെങ്ങാനും വന്നാൽ തുണി എടുക്കാൻ ഓടണം…ഊണ് ഒക്കെ റെഡിയാക്കി വിയർത്തു കുളിച് അടുക്കളയിൽ നിന്നും ഇറങ്ങുമ്പോളും രാവിലത്തെ ഭക്ഷണം പോലും കഴിച്ചിട്ടുണ്ടാവില്ല…

എന്നാ ഇനി എന്തേലും കഴിക്കാം എന്നോർക്കുമ്പോഴാവും എന്നാ വീട് ഒന്ന് തൂത്തു തുടച്ചിട്ടാവാം എന്ന് കരുതുക…

അതെല്ലാം കഴിഞ്ഞു വന്നു ഇത്തിരി ചോറെടുത്തു കഴിക്കുമ്പോളേക്കും കാല് കടച്ചിലും തളർച്ചയും തോന്നി ഒന്ന് കിടക്കാൻ പോവാ… പതുക്കെ ഒന്ന് മയങ്ങുമ്പോൾ ഓർക്കും അയ്യോ പിള്ളേര് വരുമല്ലോ അവർക്കു ചായ ഉണ്ടാക്കണ്ടേ എന്ന്…

പിന്നെ വീണ്ടും അടുക്കളയിലേക്ക് തന്നെ… ചായയും ചെറിയ പലഹാരവും ഒരുക്കുമ്പോളേക്കും അവരെത്തും… അതുങ്ങളെ ഒന്ന് കൊഞ്ചിച്ചു മേലൊക്കെ കഴുകി ചായ കൊടുത്തിട്ട് വീണ്ടും അടുക്കളയിലേക്ക് തന്നെ…

രാത്രിയിൽ ഒരു കൂട്ടർക്കു ചപ്പാത്തി, ഒരു കൂട്ടർക്കു കഞ്ഞി… അതിനിടെ പിറ്റേന്നേക്ക് അപ്പത്തിനോ ഇഡ്ഡലിക്കോ പൂട്ടിനോ ഇടിയപ്പത്തിനോ മാവ് തയ്യാറാക്കി വെക്കണം..

അതിന്റെ ഇടയിൽ കുട്ടികൾക്ക് ഹോം വർക്ക് ചെയ്യാൻ സഹായിക്കണം…. അതുങ്ങള്ക്ക് ഉറക്കം വരും മുന്നേ ഭക്ഷണം കൊടുക്കണം…

ഇതൊക്ക കഴിഞ്ഞ് അടുക്കളയും ഒതുക്കി വരുമ്പോൾ ദേ ഈ നേരം ആകും ന്റെ സേതു വേട്ടാ… “അപ്പൊ തൊക്കെയാണ്‌ കാര്യങ്ങൾ…”

“ഇതൊക്ക ആരെക്കാളും കൂടുതൽ മനസ്സിലാക്കേണ്ടത് ഭർത്താവ് ആണ്… ഒരു സ്ത്രീ ഉച്ചഭക്ഷണം കഴിക്കുമ്പോൾ അവളുടെ ചിന്ത വൈകിട്ട് എന്തുണ്ടാക്കും എന്നാണ്…

വൈകിട്ട് ആയാൽ നാളെ എന്ത് കറി വെക്കും എന്നാണ്… കൂലി ഒന്നും വാങ്ങാതെ ഇത്രയും ആത്മാർത്ഥമായി ജോലി ചെയ്യാൻ ഭാര്യക്ക് അല്ലെങ്കിൽ ഒരു അമ്മക്ക് മാത്രമേ കഴിയു സേതുവേട്ടാ…”

രേവതിയുടെ വാക്കുകളിൽ സങ്കടം കലർന്നപ്പോൾ സേതുവിന് വിഷമം തോന്നി…

“എന്റെ രേവൂ നീ കുളിക്കാൻ താമസിച്ചാൽ എന്റെ ഉറക്കവും താമസിക്കില്ലേ പെണ്ണെ..”

അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു..”ഓ… എനിക്ക് അത് മുന്പേ മനസ്സിലായി… ഭാര്യ കുളിക്കാൻ വൈകിയതിൽ ഉള്ള വിഷമം എന്താരുന്നു എന്ന്…”

“എന്നാ പോയി കുളിച്ചിട്ട് വാ… നാളെ മുതൽ എന്റെ പെണ്ണിനെ അടുക്കളയിൽ സഹായിക്കാൻ ഞാനും കൂടാം…”

“ഓ ഇത് കുറെ ഞാൻ കേട്ടിട്ടുണ്ട്… രാവിലെ വിളിച്ചാൽ തിരിഞ്ഞു കിടക്കുന്ന ആള്… സ്വന്തം അടിവസ്ത്രം പോലും അലമാരിയിൽ നിന്നും എടുത്തു ധരിക്കില്ല എന്നിട്ടാണ്..”

“എടി എടി എടി… ഞാനെ പെണ്ണ് കെട്ടിയതെ എന്റെ കാര്യങ്ങൾ ചെയ്തു തരാൻ വേണ്ടിയാണു.. വേഗം പോയി കുളിച്ചിട്ട് വാടി…” സേതു ഒച്ച അല്പം കൂട്ടിയപ്പോൾ രേവതി ചാടി കുളിമുറിയിൽ കയറി…

Leave a Reply

Your email address will not be published. Required fields are marked *