(രചന: കർണൻ സൂര്യപുത്രൻ)
അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചുകൊണ്ട് മുൾമുനയിൽ എന്ന പോലെയാണ് അമൃത, ട്രെയിനിൽ ഇരുന്നത് ..
മംഗലാപുരം എത്താൻ ഇനിയും നാലഞ്ച് സ്റ്റേഷൻ ബാക്കിയുണ്ട്… നേരമിരുട്ടി തുടങ്ങി. കാസർകോട് കഴിഞ്ഞത് മുതൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ ശൂന്യമാണ്…
നേരെ മുന്നിൽ അയാൾ ഇരിക്കുന്നുണ്ട്… മുഷിഞ്ഞ് ചുക്കിചുളിഞ്ഞ കറുപ്പ് ഷർട്ടും നരച്ച നീല ജീൻസും… അലസമായി പാറി പറക്കുന്ന മുടി…
സി ഗരറ്റ് കറ പിടിച്ച ചുണ്ടുകൾ….. കൈയിൽ റിച്ചർഡ് ഡോക്കിൻസിന്റെ “ദി ഗോഡ് ഡെല്യുഷൻ ” എന്ന പുസ്തകം… ഇടക്കിടക്ക് അയാൾ അവളെ നോക്കുന്നുണ്ടായിരുന്നു…..
ലേഡീസ് കമ്പാർട്മെന്റിൽ കയറാതെ ഇതിൽ തന്നെ കയറാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു… ചുറ്റും നോക്കി.. അടുത്തെങ്ങും ആരുമില്ല….. അങ്ങേ മൂലയ്ക്ക് എവിടുന്നോ മലയാളത്തിലുള്ള സംസാരങ്ങൾ കേട്ടു….
അമൃത എണീറ്റ് ബാഗുമെടുത്ത് ആ ഭാഗത്തേക്ക് നടന്നു.. അവിടെ അതിലും പരിതാപകരമായ അവസ്ഥ ആയിരുന്നു..
4 പുരുഷന്മാർ മ ദ്യപിക്കുന്നു… അവളെ കണ്ടതും അതിലൊരുത്തൻ അശ്ലീലചിരിയോടെ ചോദിച്ചു..”കൂടുന്നോ മോളേ?… ”
അവൾ ആകെ പെട്ട അവസ്ഥയിലായി.. പെട്ടെന്ന് പിന്നിൽ കനമുള്ള ശബ്ദം കേട്ടു..എടോ “..അവൾ തിരിഞ്ഞു.. തന്റെ മുന്നിൽ ഇരുന്ന മനുഷ്യൻ.
“ഇവിടെ നിൽക്കണ്ട… ഇയാളുടെ സീറ്റിൽ പോയിരിക്ക് ..”അവൾ ഒന്നും മിണ്ടാതെ പഴയ സ്ഥലത്തു പോയിരുന്നു. പിന്നാലെ അയാളും…അവൾക്കു എതിരായി ഇരുന്ന ശേഷം അയാൾ ചോദിച്ചു.
“ഞാൻ മനുഷ്യരെ തിന്നാറൊന്നും ഇല്ല.””എന്ന് ഞാൻ പറഞ്ഞോ…””പിന്നെന്തിനാ എണീറ്റ് പോയത്?””വെറുതെ..””ഓ… അവന്മാരുടെ കൂടെ രണ്ടെണ്ണം അടിക്കാനായിരിക്കും,..” അവൾ കോപത്തിൽ അയാളെ നോക്കി..
“എന്നെ കണ്ടിട്ട് തനിക്ക് ഭയം തോന്നി… ഞാൻ തന്നെ വല്ലതും ചെയ്തേക്കുമോ എന്ന്,.. അതാണ് സത്യം..”
“അതേ… അത് തന്നാണ്… എന്റെ സ്ഥാനത്തു ആരായാലും അങ്ങനെയേ ചിന്തിക്കൂ…”
“എടോ.. ഞാനും അങ്ങേ തലക്കലിരുന്നു വെള്ളമടിക്കുന്ന ആ മഹാന്മാരെ പോലെ മാന്യമായി ഡ്രസ്സ് ധരിക്കാറുണ്ട്. പക്ഷേ ഒരു ദൂരയാത്ര കഴിഞ്ഞു ഇന്നെത്തിയതേ ഉള്ളൂ..
ഒന്ന് ഫ്രഷ് ആകാൻ സമയം കിട്ടുന്നതിന് മുൻപ് എമർജൻസിയായി മംഗലാപുരം വരെ പോകേണ്ട ആവശ്യം വന്നു. അതാ ഇങ്ങനെ…”
“അവിടെന്താ പരിപാടി?” അവൾ ചോദിച്ചു. ഇപ്പൊ കുറച്ചു ധൈര്യമൊക്കെ വന്നിരുന്നു.
“എന്റെ കൂട്ടുകാരൻ മുള്ളേഴ്സ് ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട്. അവിടെക്കാ…”
അവൾക്കു ചെറിയ ആശ്വാസമായി. പണ്ടെങ്ങോ കണ്ട ഏതോ തമിഴ് പടത്തിലെ വില്ലനെ പോലെ തോന്നുമെങ്കിലും ഇയാൾ സാധാരണ മനുഷ്യൻ തന്നെ എന്ന് തോന്നി..
“തന്റെ പേരെന്താ?””അമൃത..””പഠിക്കുവാണോ “?”അല്ല.. മംഗലാപുരത്തു കെ. എം ഹോസ്പിറ്റലിൽ നേഴ്സ് ആണ്..””ഞാൻ ഗിരീഷ്… ഒരു പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആണ്..”
അവൾ ഒന്ന് ചിരിച്ചു.. അവൻ എഴുന്നേറ്റ് മെല്ലെ ഡോറിന് നേരെ നടന്നു.. കുറച്ചു കഴിഞ്ഞിട്ടും കാണാതായപ്പോൾ അവൾ എത്തി വലിഞ്ഞു നോക്കി. അവൻ ഡോറിനടുത്തു നിന്നു സി ഗരറ്റ് വലിക്കുകയാണ്. അവളുടെ ഫോൺ അടിച്ചു. ഹോസ്റ്റലിൽ നിന്ന് വാർഡൻ റാണി ചേച്ചിയാണ്.
“മോളേ നീ എത്താറായോ?”.”വന്നോണ്ടിരിക്കുകയാ ചേച്ചീ… അരമണിക്കൂറിനുള്ളിൽ മംഗലാപുരം സ്റ്റേഷനിൽ എത്തും.””ഞാൻ കൂട്ടാൻ വരണോ?”
“വേണ്ട, ഓട്ടോ പിടിച്ചു വന്നോളാം..” അവർ ഫോൺ വച്ചു.. ഗിരീഷ് സീറ്റിൽ വന്നിരുന്നു.”താൻ നാട്ടിൽ ലീവിന് പോയതാണോ?”
“അതേ… രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പോയി ഒരാഴ്ച്ച നില്കും..”അവൻ ഒന്ന് മൂളി.. പിന്നെയും ബുക്ക് തുറന്ന് വായന തുടങ്ങി…
“ഇംഗ്ലീഷ് ബുക്ക് ആണല്ലോ വായിക്കുന്നത്? ഇതൊക്കെ മനസ്സിലായിട്ടു വായിക്കുന്നതാണോ അതോ ചുമ്മാ ആൾക്കാരെ കാണിക്കാനോ?”
കുസൃതിയോടെയുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിച്ചു..”മറ്റുള്ളവരെ ബോധിപ്പിച്ചിട്ട് എനിക്ക് എന്ത് നേട്ടം?.. എന്നെ സംബന്ധിച്ചിടത്തോളം വായന ഒരു ലഹരിയാണ്… പിന്നെ ഇംഗ്ലീഷ്.. അത് അത്യാവശ്യം അറിയാം…”
“എന്ത് വരെ പഠിച്ചു?”.”M. A””ആഹാ എന്നിട്ടാണോ ഡ്രൈവർ ജോലി ചെയ്യുന്നെ…?””അതിന് ഡ്രൈവർ ജോലിക്കെന്താ കുഴപ്പം? എനിക്ക് മാന്യമായ കൂലി കിട്ടുന്നുണ്ട്..”
“ആ പണി മോശമാണെന്നു ഞാൻ പറഞ്ഞില്ല… ഇത്രേം പഠിച്ച ആൾക്ക് വേറെ ജോലി കിട്ടുമായിരുന്നില്ലേ എന്നാ ഉദ്ദേശിച്ചത്.”
ഗിരീഷ് പുസ്തകം മടക്കി വച്ചു മുന്നോട്ടു ആഞ്ഞിരുന്നു…”എല്ലാർക്കും ആഗ്രഹിച്ച ജോലി കിട്ടണമെന്നില്ല… ഞാൻ കുറേക്കാലം ഗൾഫിലായിരുന്നു….. ജീവിതം മര്യാദക്ക് പോയിക്കൊണ്ടിരുന്നതിനിടെ കൂടെ ജോലി ചെയ്തിരുന്ന നല്ല സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ട് ഒന്നൊന്നര വർഷം ജയിലിൽ കിടക്കേണ്ടി വന്നു…
അവിടുന്ന് കേറ്റി വിട്ടപ്പോൾ നില നിൽപ്പിന് സഹായിച്ചത് ഡ്രൈവിങ് ജോലി ആണ്…”വൾ വല്ലാതായി…ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട്??.എല്ലാരും… അമ്മ, അച്ഛൻ, ഏട്ടൻ, ഏട്ടത്തിയമ്മ… അവരുടെ രണ്ടു കുട്ടികൾ…”
“കല്യാണം കഴിച്ചില്ലേ?”..മൗനമായിരുന്നു മറുപടി..”ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം.”.”ഏയ് അങ്ങനൊന്നുമില്ലെടോ…. കഴിച്ചിരുന്നു… ഇപ്പൊ ഡിവോഴ്സ് ആയി. ഒരു മോൾ ഉണ്ട്.. അവൾ അവളുടെ അമ്മയുടെ കൂടെ താമസിക്കുന്നു…”
“സോറി…””എന്തിന്? കല്യാണം കഴിക്കുന്നതും ബന്ധം വേര്പിരിയുന്നതും അത്ര മോശപ്പെട്ട കാര്യമാണോ?””അതല്ല…. ഞാൻ ചോദിച്ചതിനാൽ ചേട്ടന് വിഷമായില്ലേ?”
“എനിക്ക് വിഷമം ഒന്നുമില്ല… താൻ പെട്ടെന്ന് ചോദിച്ചപ്പോൾ മോളെ ഓർമ വന്നു… അതാ..””മോൾക്ക് എത്ര വയസായി? ”
“12…. അവളുടെ ഏട്ടാമത്തെ വയസ്സിൽ ഞങ്ങൾ വേർപിരിഞ്ഞു… ഇടക്ക് ഒന്നോ രണ്ടോ ദിവസം എന്റെ കൂടെ വന്നു നില്കും…. അതിലധികം അവളുടെ അമ്മയും പുതിയ ഭർത്താവും വിടില്ല…”
“ആഹാ.. അവര് വേറെ കെട്ടിയോ? എന്നാൽ പിന്നെ ചേട്ടനും കെട്ടിക്കൂടായിരുന്നോ?””ഒരിക്കലനുഭവിച്ചതൊന്നും പോരാഞ്ഞിട്ടാണോ…”?
അമൃതക്ക് അത്ഭുതം തോന്നി… കുറച്ചു നേരം മുൻപ് എന്തൊക്കെയാ ഈ മനുഷ്യനെ പറ്റി ചിന്തിച്ചിരുന്നത്?…. അവൾക്ക് ലജ്ജ തോന്നി..
“തനിക്ക് ആരൊക്കെ ഉണ്ട്?””അമ്മ, അമ്മൂമ്മ… വേറാരുമില്ല..”മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിന്നു…. അവിടുത്തെ ഓട്ടോസ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കാണ്… രണ്ടു പേരും കുറച്ചു നടന്നു..
അപ്പുറത്തു റോഡിൽ വേറൊരു സ്റ്റാൻഡ് ഉണ്ട്… ആദ്യത്തെ ഓട്ടോയിൽ ഗിരീഷ് അവളെ കയറ്റി…”തന്റെ കൂടെ ഒരു കോഫി കുടിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇപ്പൊ വേണ്ട. നേരം വൈകി. പിന്നെ ഒരിക്കലാവാം…”
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി… ഓട്ടോ നീങ്ങി തുടങ്ങിയപ്പോൾ അവൻ തന്റെ ബാഗ് തോളിൽ ഇട്ട് നടന്നു.. പെട്ടെന്ന്……
പിന്നിൽ ബോം ബ് പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ട് ഗിരീഷ് ഞെട്ടിത്തിരിഞ്ഞു… അമൃത കയറിയ ഓട്ടോയിൽ ഒരു ട്രാവലർ വാൻ വന്ന് ഇടിച്ചതാണ്… ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിലൂടെ ഒന്ന് മലക്കം മറിഞ്ഞ് ഡിവൈഡറിൽ തട്ടി നിന്നു…
റോഡരികിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന ആൾക്കാർ നിലവിളിച്ചു….. മറിഞ്ഞു കിടക്കുന്ന ഓട്ടോക്കകത്തു നിന്നും ചുടുരക്തം റോഡിലേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങി…..
എന്താണ് സംഭവിച്ചതെന്നു അമൃതയ്ക്ക് മനസ്സിലായില്ല.. എതിർദിശയിൽ ശക്തിയായി എന്തോ വന്നിടിച്ചതാണെന്ന് അവളറിഞ്ഞു ..
കൈകാലുകൾ കുരുങ്ങികിടക്കുകയാണ്… തലയിൽ ഒരു മരവിപ്പ്… വയറിൽ ഓട്ടോയുടെ ടോപ്പിലെ ഇരുമ്പ്കമ്പി കുത്തിക്കയറിയിട്ടുണ്ട്….. അവൾ കഷ്ടപ്പെട്ട് തല ചരിച്ചു നോക്കി… ആരൊക്കെയോ ഓടിവരുന്നു…
കൈയിലെ ബാഗ് വലിച്ചെറിഞ്ഞു അവരെ തള്ളി മാറ്റി തന്റെ നേരെ ഓടിവരുന്ന ഗിരീഷിനെ അവൾ അവ്യക്തമായി കണ്ടു….
നെറ്റിയിൽ നിന്ന് കണ്ണുകളിലേക്ക് ര ക്തം ഒലിച്ചിറങ്ങി കാഴ്ചമങ്ങി…. വല്ലാത്തൊരു തണുപ്പ് ശരീരം മുഴുവൻ പടരുന്നത് അവളറിഞ്ഞു…….. ഒരു നിശ്വാസത്തിനു ശേഷം അവളുടെ കണ്ണുകൾ അടഞ്ഞു..
“അമ്മൂ, എന്റെ മോൾക്ക് അച്ഛനോട് പിണക്കമാണോ?””അതെ… എന്റെ പിറന്നാളിന് വരാമെന്നു പറഞ്ഞിട്ട് പറ്റിച്ചില്ലേ?”
“മാപ്പ്.. അച്ഛന് പണി ഉണ്ടായിരുന്നു.. മോൾക്ക് പുതിയ ഉടുപ്പ് വാങ്ങാൻ കാശ് വേണ്ടേ… ഇതാ… നോക്കിക്കേ… ഇഷ്ടപ്പെട്ടോ?”ഹായ്.. നല്ല കുപ്പായം….”അച്ഛനും അമ്മയും വഴക്കിടുകയാണ്..
“അതേ.. എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കും. അത് ചോദിക്കാൻ നിങ്ങളാരാ… ഞാൻ സുധാകരന്റെ കൂടെ കിടന്നിട്ടുണ്ട്.. ഇനിയും ചെയ്യും.. നിങ്ങള് കഴിവ് കെട്ടവനായത് എന്റെ കുറ്റമല്ല,..”
ഒരടി പൊട്ടുന്ന ശബ്ദം….യക്ഷിപറമ്പിലെ കശുമാവിൽ മഞ്ഞ നിറമുള്ള പ്ലാസ്റ്റിക് കയറിൽ തൂങ്ങി ആടുന്ന അച്ഛന്റെ ചേതനയറ്റ ശരീരം….. മഴയുള്ള ഒരു രാത്രിയിൽ തണുത്തതെന്തോ ശരീരത്തിലൂടെ ഇഴയുന്നു…
കണ്ണ് തുറന്നു നോക്കിയപ്പോൾ കാ മ സക്തിയോടെ അമ്മയുടെ ചേച്ചിയുടെ മകൻ.. സ്വന്തം ചേട്ടനെപോലെ സ്നേഹിച്ചിരുന്ന ഉണ്ണിയേട്ടൻ…..
“അമ്മൂ… ഒച്ചയുണ്ടാക്കല്ലേ.,.. ആരും അറിയില്ല..””അച്ഛാ.,….” അവൾ ഉറക്കെ അലറി..”അമൃതാ…..”…. ആരോ വിളിക്കുന്നു..കുറേ കഷ്ടപ്പെട്ട് കണ്ണുകൾ തുറന്നു നോക്കി…
“ഡോണ്ട് വറി… യൂ ആർ ഇൻ ഹോസ്പിറ്റൽ നൗ…”…. മുന്നിൽ നേർത്ത പുഞ്ചിരിയോടെ മധ്യവയസ്കനായ ഒരു ഡോക്ടർ…. അടുത്ത് ഒരു നേഴ്സ്..
“റിലാക്സ് ആൻഡ് ടേക്ക് റസ്റ്റ് ഓക്കേ?”.. അവളുടെ കവിളിൽ തട്ടി പറഞ്ഞതിന് ശേഷം ഡോക്ടർ പുറത്തേക്ക് നടന്നു… അമൃത ദേഹം മുഴുവൻ ഒന്ന് കൈ ഓടിച്ചു.. തലയിലും ഇടത്തെ കാലിലും, വയറിലും കെട്ടുണ്ട്… വയറിന്റെ ഭാഗത്ത് നല്ല വേദന… അവൾ ഒന്ന് എഴുന്നേൽക്കാൻ നോക്കി.. പറ്റിയില്ല…
തല അനക്കിയപ്പോൾ പൊട്ടി പിളരും പോലെ തോന്നി… അവൾ കണ്ണുകൾ ഇറുക്കിയടച്ചു…മരിച്ചില്ല… ഇനിയും ജീവിതം ബാക്കിയുണ്ട്… ഭയത്തോടെ, ആശങ്കയോടെ, ഇനിയെന്ത് എന്നറിയാതെയുള്ള നരകതുല്യമായ ജീവിതം… അവൾക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി…
കൈയിൽ ആരോ തൊടുന്നതറിഞ്ഞു അമൃത കണ്ണ് തുറന്ന് നോക്കി… റാണി ചേച്ചി…”ഞാൻ ഇവിടെ എത്ര ദിവസമായി ചേച്ചീ?”
“ഒരാഴ്ച കഴിഞ്ഞു…”. കണ്ണുകൾ തുടച്ചു കൊണ്ട് റാണി പറഞ്ഞു..”നാട്ടിൽ നിന്ന് ആരെങ്കിലും വന്നോ?””നിന്റെ അമ്മയും ആന്റിയും അവരുടെ മോനും ഉണ്ടായിരുന്നു.. അമ്മയെ മാത്രമേ അകത്തു കയറ്റി നിന്നെ കാണിച്ചുള്ളൂ… രണ്ടു ദിവസം ഇവിടുണ്ടായിരുന്നു… ഞാനാ പറഞ്ഞത് പൊയ്ക്കോളാൻ.. ഡിസ്ചാർജ് ആയിട്ട് നാട്ടിലേക്ക് എത്തിച്ചോളാം എന്ന് പറഞ്ഞു… അവര് പോയി..”
“നന്നായി… മരിച്ചോന്ന് ഉറപ്പിക്കാൻ വന്നതായിരിക്കും… ഇപ്പൊ സങ്കടമായിക്കാണും…”
“വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ മോളേ..”അവൾ ചുറ്റും നോക്കി…ഷീനയും ജ്യോതിയും വന്നോ?”അമൃതയുടെ റൂം മേറ്റ്സ് ആണ് രണ്ടുപേരും..
“അവര് ഇവിടെ തന്നെ ഉണ്ടായിരുന്നു… ലീവ് തീർന്നത് കൊണ്ട് ഡ്യൂട്ടിക്ക് കയറി…. ആ പിന്നെ, വേറൊരാൾ ദിവസവും ഇവിടെ വരും…. രാവിലെ തൊട്ട് രാത്രി വരെ പുറത്തിരിക്കും… നൂറു തവണ ഡോക്ടറോട് നിന്നെ പറ്റി ചോദിക്കും.. അങ്ങേരാ നിന്നെ ഇവിടെ കൊണ്ട് വന്നതും നിന്റെ ഫോണിൽ നിന്നു എന്നെ വിളിച്ചു വിവരം പറഞ്ഞതും…”
“ആരാ അത്?””മലയാളി തന്നാ… നിന്റെ കൂടെ ട്രെയിനിൽ വന്നെന്നു പറഞ്ഞു.. ഗിരീഷ് എന്നോ മറ്റോ ആണ് പേര്..”
“എവിടെ? പുറത്തുണ്ടോ..?””ഇന്നലെ ഉണ്ടായിരുന്നു.. നാട്ടിൽ പോയിട്ട് വരാമെന്നു പറഞ്ഞിട്ട് പോയി… ഇന്ന് കണ്ടില്ല “..
കന്നഡക്കാരിയായ ഒരു നേഴ്സ് വന്ന് റാണിയോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു… റാണിചേച്ചി പോയപ്പോൾ അമൃത വീണ്ടും കണ്ണുകൾ അടച്ചു…
പിറ്റേ ദിവസം റാണി ഹോസ്പിറ്റലിൽ വന്നപ്പോൾ ഗിരീഷ് അക്ഷമയോടെ കാത്തു നില്കുന്നുണ്ടായിരുന്നു…
“പെങ്ങളേ, ഒന്ന് ഇവരോട് പറ ആ കൊച്ചിനെ എന്നെയൊന്നു കാണിക്കാൻ… എത്ര കെഞ്ചിയിട്ടും ഇവര് അകത്തേക്ക് വിടുന്നില്ല…”
റാണി അവനെ ഒന്ന് നോക്കി.. ചുമലിൽ ഒരു പഴയ ബാഗ് തൂക്കിയിട്ടുണ്ട്..മുണ്ടും വെള്ള ഷർട്ടും ആണ് വേഷം… തളർച്ചയുള്ള മുഖം…
“നിങ്ങൾ നാട്ടിൽ നിന്ന് എപ്പോ വന്നു?””ഇന്നലെ രാത്രി എത്തിയതാ… റൂമൊന്നും കിട്ടിയില്ല.. റയിൽവെ സ്റ്റേഷനിൽ തന്നെ കിടന്നു…. രാവിലെ ഇവിടേക്ക് വന്ന് ഇവരോട് ചോദിച്ചപ്പോൾ നിങ്ങള് പറയാതെ അകത്തു കടത്തില്ലെന്നാ പറയണേ…”
ഉറച്ച ശരീരത്തിനുള്ളിൽ കുട്ടികളുടേത് പോലത്തെ മനസ്സാണെന്നു റാണിക്ക് തോന്നി… അവൾ ഹോസ്പിറ്റലിൽ പറഞ്ഞു പെർമിഷൻ വാങ്ങി…
“പോയി കണ്ടോ… അധികം സംസാരിപ്പിക്കരുത്…”അവൻ തലയാട്ടി.. അകത്തു കയറിയപ്പോൾ അമൃത കണ്ണും പൂട്ടി കിടക്കുകയായിരുന്നു… ഗിരീഷ് അടുത്ത് ചെന്ന് പതുക്കെ വിളിച്ചു.
“എടോ..”അവൾ കണ്ണ് തുറന്നു.ഇപ്പൊ എങ്ങനുണ്ട്…”അവൾ പെട്ടെന്ന് ചിരിച്ചു… അവനു കാര്യം മനസ്സിലായില്ല…”സോറിട്ടോ… ഒരു കോമഡി സീൻ ഓർത്തു പോയി ചിരിച്ചതാ…”
“അതേതു സീൻ…?””കിലുക്കം സിനിമയിൽ ജഗതിച്ചേട്ടൻ ഇത് പോലെ കിടക്കുമ്പോൾ കാണാൻ വന്ന ലാലേട്ടനോട് ചോദിക്കുന്നില്ലേ, ‘ചത്തൊന്നറിയാൻ വന്നതാണോടെ…’.. ആ രംഗം ഓർത്തു പോയി…”
“തനിക്ക് തമാശ… ബാക്കിയുള്ളവനെത്ര ടെൻഷൻ അടിച്ചെന്നറിയോ??? ഹോസ്പിറ്റലിൽ കിടക്കുന്ന കൂട്ടുകാരനെ സഹായിക്കാൻ വന്നതാ ഞാൻ.. അവൻ ഡിസ്ചാർജ് ആയി നാട്ടിൽ പോയി.. ഞാനിപ്പഴും ഇവിടെ….”
“ശെടാ.. ചേട്ടനോട് ഞാൻ പറഞ്ഞോ ഇവിടെ നിൽക്കാൻ…? ഇങ്ങനെ പരിഭ്രമിക്കാൻ ഞാൻ ചേട്ടന്റെ ആരാ? എന്റെ വീട്ടുകാർക്കില്ലാത്ത വിഷമം ചേട്ടനെന്തിനാ?”
അവൻ ഒന്നും മിണ്ടിയില്ല… അവൾക് കുറ്റബോധം തോന്നി…. വേണ്ടിയിരുന്നില്ല… ഗിരീഷ് ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു… മെല്ലെ വാതിൽക്കലേക്ക് നടന്നു… അവിടെത്തി തിരിഞ്ഞു നിന്ന് അവളെ നോക്കി..
“ശരിയാണ് താൻ പറഞ്ഞത്. ഞാൻ ആരുമല്ല…. ചോ രയിൽ കുളിച്ചു കിടന്ന തന്നെ വാരിയെടുത്തു ഇവിടേക്ക് വരുന്ന വഴി അർദ്ധബോധാവസ്ഥയിൽ എന്റെ കൈയിൽ മുറുകെ പിടിച്ചു താനൊരു കാര്യം പറഞ്ഞിരുന്നു…
തന്റെ ഒരാഗ്രഹത്തെ പറ്റി… അത് സാധിക്കുന്നത് വരെയെങ്കിലും തനിക്ക് ജീവിക്കണം എന്ന്.. തനിക്ക് അത് ഓർമയുണ്ടാവില്ല..
പക്ഷേ എന്റെ മനസ്സിൽ അത് തറച്ചു….. അത് എങ്ങനേലും സാധിച്ചു തരണം എന്നെനിക്ക് ഒരാഗ്രഹം തോന്നി…. പിന്നെ ട്രെയിനിൽ വച്ചുള്ള പരിചയവും… ഇത്രയൊക്കെ മതി ഒരാളെ പറ്റി വേവലാതിപ്പെടാൻ,… സാരമില്ല.. എനിക്കിതു കിട്ടണം…. പോട്ടെ…”
അവൻ പുറത്തേക്ക് പോയി.. എത്ര ആലോചിച്ചിട്ടും അവനോട് താനെന്താ അന്ന് പറഞ്ഞതെന്ന് അമൃതയ്ക്ക് ഓർമ കിട്ടിയില്ല……
ഹോസ്പിറ്റലിന്റെ ഒരു വശത്തുള്ള വലിയ തണൽമരത്തിനു ചുവട്ടിൽ ഇരുന്ന് പുക വലിക്കുകയായിരുന്നു ഗിരീഷ്.. പുഞ്ചിരിയോടെ നടന്നു വരുന്ന റാണിയെ കണ്ട് അവൻ വേഗം സി ഗരറ്റ് നിലത്തിട്ട് ചവിട്ടി കെടുത്തി…
“അവള് പറഞ്ഞയച്ചതാ എന്നെ… നിങ്ങളോട് മോശമായി സംസാരിച്ചതിന് ക്ഷമിക്കണം എന്ന് പറഞ്ഞു..””സാരമില്ല പെങ്ങളേ… ഇനി കുറേ ദിവസം ഇവിടെ കിടക്കേണ്ടി വരുമോ? ”
“രണ്ടാഴ്ച കൂടി കഴിഞ്ഞു കുഴപ്പമില്ലെങ്കിൽ പോകാം…””അപ്പൊ ഇവിടുന്ന് അവളുടെ വീട്ടിലേക്കാണോ പോകുക?””ഞാൻ തത്കാലം അവളെ വിടുന്നില്ല.. എന്റെ കൂടെ നിർത്തും… അവളെ നാട്ടിലേക്ക് വിടുന്നില്ല…”
“അതെന്തു പറ്റി?”റാണി കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. പിന്നെ മെല്ലെ അവന്റെ അടുത്ത് ഇരുന്നു..
“ഒരു വല്ലാത്ത ജീവിതമാ ആ കുട്ടിയുടെ.. അച്ഛനും അമ്മയും അവളുടെ അമ്മയുടെ വീട്ടിലായിരുന്നു താമസം… അച്ഛന്റെ വീട് ഒരു പാട് ദൂരെയെങ്ങോ ആണ്… അമ്മ അച്ഛന്റെ വീട്ടുകാരുമായി ഒത്തു പോകാഞ്ഞതിനാൽ ഇവള് കുഞ്ഞായിരിക്കുമ്പോഴേ അമ്മ വീട്ടിൽ താമസം ആക്കി..
അച്ഛൻ മാസത്തിൽ ഒരിക്കൽ വരും… രണ്ടു ദിവസം കഴിഞ്ഞു തിരിച്ച് പോകും… അച്ഛനോടായിരുന്നു അടുപ്പം കൂടുതൽ…. ഇവൾക്ക് 10 വയസ് പ്രായമുള്ളപ്പോൾ അമ്മയും വേറൊരാളും തമ്മിലുള്ള അവിഹിതം അച്ഛൻ കൈയോടെ പിടിച്ചു…
ആ വഴക്കിനൊടുവിൽ ഇവളുടെ അച്ഛൻ ആ ത്മഹത്യ ചെയ്തു….. എങ്ങനെയൊക്കെയോ കഷ്ട്പ്പെട്ടു ഇവള് പഠിച്ചു, നാട്ടിൽ ജോലി കിട്ടുമായിരുന്നിട്ടും ഇവിടെ നില്കുന്നത് ആ വീട്ടിലേക്ക് പോകാനിഷ്ടമില്ലാഞ്ഞിട്ടാ..
സ്വന്തം അമ്മയുടെ ബെഡ്റൂമിൽ വേറൊരു പുരുഷനെ കാണേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റില്ല…. അത് മാത്രമല്ല പ്രശ്നം…
ഇവളുടെ ആന്റിയുടെ മോൻ.. അന്ന് ഇവിടെ വന്നില്ലേ? ആ ചെറ്റ തന്നെ,… ഇവരുടെ വീട്ടിൽ തന്നെയാ താമസം… രണ്ടു മൂന്നു തവണ ഇവളോട് മോശമായി പെരുമാറി… അമ്മയോട് പരാതി പെട്ടപ്പോൾ ഇവൾക്ക് അവിടെ താമസിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് കള്ളം പറയുകയാണെന്നു പറഞ്ഞ് അവഗണിച്ചു….
അമ്മൂമ്മ മാത്രമേ ഇവളോട് സ്നേഹത്തിൽ പെരുമാറാറുള്ളൂ… സത്യം പറഞ്ഞാൽ അമ്മൂമ്മയെ കാണാൻ വേണ്ടി മാത്രമാ ഇവൾ വല്ലപ്പോഴും നാട്ടിൽ പോകുന്നെ.. ഒരാഴ്ചത്തെ ലീവിന് പോയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഇങ്ങോട്ട് തന്നെ വരും…. ”
റാണി എഴുന്നേറ്റു..”അവളെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മനസ്സിൽ വെക്കരുത്… ആള് പാവമാ… നിങ്ങൾ സമയത്ത് ഇവിടെത്തിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേനെ… ഒരു പാട് നന്ദിയുണ്ട്…..”
ഒരാഴ്ച കഴിഞ്ഞ് അമൃതയെ റൂമിലേക്ക് മാറ്റി… ഗിരീഷ് അകത്തേക്ക് വന്നപ്പോൾ അവള് തലയിണയിൽ ചാരി ഇരിക്കുകയായിരുന്നു… അവനെ കണ്ടതും സന്തോഷത്തോടെ ചിരിച്ചു..
“ഗിരിയേട്ടൻ നാട്ടിൽ പോയിരുന്നു അല്ലേ.. റാണി ചേച്ചി പറഞ്ഞു… എപ്പോഴാ വന്നേ? ”
“ദാ രാവിലെ വന്നതേ ഉള്ളൂ.. മോൾ വന്നിരുന്നു…. ഒരു ദിവസം അവളുടെ കൂടെ ചിലവഴിച്ചു…. ഇന്നലെ വൈകിട്ട് അവളുടെ അമ്മയുടെ അടുത്ത് ഏല്പിച്ചു…””എന്നോട് ദേഷ്യമുണ്ടോ?”
“എന്തിനാ?”.”ഞാനന്ന് അങ്ങനൊക്കെ പറഞ്ഞതിന്?” “ഒന്ന് പോടോ… അങ്ങനെ ദേഷ്യമുണ്ടെങ്കിൽ ഞാൻ പിന്നേം വരുമോ?”
“എനിക്ക് ഗിരിയേട്ടനോട് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ട്…””എന്താ?””ഗിരിയേട്ടനും ഭാര്യയും എന്തിനാ പിരിഞ്ഞത്?.. അടുത്ത ചോദ്യം, ഞാനന്ന് എന്റെ ഏതോ ഒരാഗ്രഹത്തെ പറ്റി പറഞ്ഞിരുന്നില്ലേ… അതെന്തായിരുന്നു?”
അവൻ കസേര ബെഡിന് അടുത്ത് നീക്കിയിട്ട് ഇരുന്നു…”ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം…. ഞങ്ങള് തമ്മിൽ മാനസികമായി അകന്നു… ഞാൻ പറഞ്ഞിരുന്നില്ലേ, ഗൾഫിൽ കുറേ നാൾ ജയിലിൽ കിടന്നെന്ന്? അത് അവൾക്കും കുടുംബത്തിനും വലിയ നാണക്കേടായി….
തിരിച്ച് ജോലിയില്ലാതെ നാട്ടിലെത്തിപ്പോൾ അതിലും കുറച്ചിൽ,. അങ്ങനെ വഴക്കായി ബഹളമായി… ഒടുവിൽ പിരിഞ്ഞു.. അവൾക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുത്തു….”
ഗിരീഷ് നിന്ദാഭാവത്തിൽ ഒന്ന് ചിരിച്ചു… “പരസ്പരം ഇഷ്ടമില്ലാതെ ഒരുമിച്ചു ജീവിക്കുന്നതിലും നല്ലത് പിരിയുന്നതല്ലേ??”
“എന്റെ അച്ഛൻ ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ജീവിച്ചിരുന്നേനെ..”… അവളുടെ കണ്ണ് നിറഞ്ഞു..ഗിരീഷ് അവളുടെ കൈയിൽ പിടിച്ചു..
“എല്ലാവർക്കും ഒരു പോലെ ചിന്തിക്കാൻ കഴിയില്ലല്ലോ… തന്റെ അച്ഛൻ ഒരു സാധു മനുഷ്യൻ ആയത് കൊണ്ട് ഇതൊന്നും താങ്ങാൻ കഴിഞ്ഞില്ല… അത് പോട്ടെ… ഇപ്പൊ അതൊന്നും ആലോചിക്കേണ്ട….
ഇനി തന്റെ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം…… അത് ഞാൻ പറയാം… ഇപ്പോഴല്ല.. താൻ പഴയപോലെ ആയതിനു ശേഷം നമ്മൾ ഒരുമിച്ച് കോഫി കുടിക്കാൻ പോകും.. അന്ന് ഞാൻ പറയാം…
അവൻ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി… ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു,” ശ്രീധരേട്ടാ… “.ഗിരീ… പറ മോനേ…”മറ്റേ കാര്യം എന്തായി..?”
“എടാ ഞാൻ കബീറിനെ വിട്ടിരുന്നു… നാളെ ഞാനും ഇറങ്ങും.. നാളെ വൈകുന്നേരത്തിനുള്ളിൽ നിനക്ക് വിവരം കിട്ടും….”
“എത്രയും പെട്ടെന്ന് വേണം..””ശ്രീധരേട്ടനോട് നീ ഏല്പിച്ച ഏതെങ്കിലുമൊരു കാര്യം നടക്കാതിരുന്നിട്ടുണ്ടോ??? ഇതും നടക്കുമെടാ നീ വച്ചോ..”
ഫോൺ വച്ചു കഴിഞ്ഞപ്പോൾ ഗിരീഷിന്റെ മുഖത്തു നിഗൂഢമായ ഒരു ചിരി വിടർന്നു…
എട്ടു മാസങ്ങൾക്ക് ശേഷം കാര്യങ്ങൾ ഏറെ കുറെ പഴയതു പോലായി.. അമൃത വീണ്ടും ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് പോയി തുടങ്ങി..
ഇടത് കാലിൽ ഇടക്കിടക്ക് ഒരു ബലക്കുറവ് അനുഭവപ്പെടുമെന്നതൊഴിച്ചാൽ അവൾ ആരോഗ്യവതി ആയിരുന്നു… വല്ലപ്പോഴും ഗിരീഷ് മംഗലാപുരത്തു വന്ന് അവളെ കാണും..
ദിവസവും ഫോൺ ചെയ്യും.. അവർക്കിടയിൽ ഒരു നല്ല സൗഹൃദം രൂപപ്പെട്ടു… ഒരു ദിവസം അമൃതയെ കാണാൻ വന്ന ഗിരീഷിന്റെ കൂടെ ശ്രാവണിയും ഉണ്ടായിരുന്നു… ഗിരീഷിന്റെ മകൾ…
അമൃത സന്തോഷത്തോടെ അവരെ സ്വീകരിച്ചു… ഹോസ്പിറ്റലിനു പുറത്തെ കൂൾ ബാറിൽ അവരെ കൂട്ടികൊണ്ട് പോയി… എല്ലാരോടും പെട്ടെന്ന് അടുക്കുന്ന സ്വഭാവക്കാരിയാണ് ശ്രാവണി.. അമൃതയോടും അങ്ങനെ തന്നെ…..
സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗിരീഷിന് ഒരു ഫോൺ വന്നു… അവൻ പുറത്തേക്ക് പോയി… ശ്രാവണി അമൃതയെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്…”എന്താ ഇങ്ങനെ നോക്കുന്നത്?”
“ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്…””കളിയാക്കുവാണോ…””അല്ല.. സത്യമായിട്ടും… ചേച്ചി ശരിക്കും ഒരു സുന്ദരിയാ… ഒരു മാലാഖയെപോലെ.”
“അതിന് മോള് മാലാഖയെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ..”?”സിനിമേലൊക്കെ കണ്ടിട്ടുണ്ടല്ലോ…. മാലാഖമാർ നമ്മുടെ ദുഖങ്ങളെല്ലാം മാറ്റി സന്തോഷം തരുമെന്ന് ഒരു ബുക്കിൽ വായിച്ചിട്ടുണ്ട്… എന്റെ പപ്പയെ നോക്ക്.. ചേച്ചിയുടെ കൂടെ ഇരിക്കുമ്പോൾ എന്ത് ഹാപ്പിയാ..”
“പപ്പ മോളുടെ കൂടെ ഹാപ്പിയല്ലേ…?””അതെ… പക്ഷേ ചിലപ്പോൾ രാത്രി ഒറ്റക്ക് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്… മമ്മിയെ ഓർത്താവും….. ഇപ്പൊ ഇല്ല.. ചേച്ചിയെ ഫോൺ ചെയ്യുമ്പോഴൊക്കെ പപ്പ ഒത്തിരി സന്തോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..”
അമൃത ഒന്നും മിണ്ടിയില്ല..”ചേച്ചിക്ക് പപ്പയെ കല്യാണം കഴിക്കാവോ?”അമൃത ഞെട്ടിപ്പോയി…”മോളെന്താ പറഞ്ഞേ?”
“എന്റെ പപ്പ പാവമാ ചേച്ചി… മമ്മിയെ ഒരുപാട് ഇഷ്ടായിരുന്നു… എന്നെ പപ്പയുടെ കൂടെ വിടാൻ കോർട്ടിൽ പപ്പ കെഞ്ചിയതാ…
പക്ഷേ മൈനർ ആയതോണ്ട് മമ്മിയുടെ കൂടെ വിട്ടു.. എനിക്ക് പപ്പയെയാ ഏറ്റവും ഇഷ്ടം… ആരുമില്ലാത്തത് പോലെ പപ്പ ജീവിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം…. ചേച്ചി കൂടെ ഉണ്ടായാൽ എന്നും എന്റെ പപ്പ സന്തോഷിക്കും…..”
തന്റെ മുന്നിൽ ഇരിക്കുന്ന പന്ത്രണ്ട് വയസ്സുകാരിക്ക് വല്ലാത്തൊരു പക്വത ഉള്ളത് പോലെ അമൃതയ്ക്ക് തോന്നി…അവൾ എന്തോ പറയാൻ തുടങ്ങവേ ഗിരീഷ് കയറി വന്നു..
“പോകണ്ടേ…?””ഇവളെ ഞാനിപ്പം വിടുന്നില്ല….. നമുക്ക് പാർക്കിലൊക്കെ പോകാനുണ്ട്…””അയ്യോ… നാട്ടിലെത്തുമ്പോൾ നേരം ഒരുപാട് ആകും..””സാരമില്ല… മോള് ആദ്യമായിട്ടല്ലേ വന്നത്..”
ഹാഫ് ഡേ ലീവ് എടുത്ത് ഡ്രെസ് മാറി അമൃത അവരെയും കൂട്ടി പാർക്കിലേക്ക് പോയി.. ശ്രാവണി ഐസ്ക്രീം നുണഞ്ഞു കൊണ്ട് ഊഞ്ഞാലാടുകയാണ്..അതും നോക്കിയിരിക്കുന്ന ഗിരീഷിന്റെ അടുത്ത് അമൃത പോയി ഇരുന്നു..
“ഗിരിയേട്ടൻ നിരീശ്വര വാദി ആണോ?””അതെന്താ അങ്ങനെ ചോദിച്ചേ?””പണ്ട് ട്രെയിനിൽ വച്ചു കണ്ടപ്പോൾ ഡോക്കിൻസിന്റെ ബുക്ക് വായിക്കുന്നുണ്ടായിരുന്നു…”
ഗിരീഷ് ഒന്ന് ചിരിച്ചു.”ഞാൻ നിരീശ്വരവാദി ഒന്നുമല്ല… ദൈവം ഉണ്ടോ എന്ന് അന്വേഷിക്കുന്നു… എന്നെങ്കിലും ഉണ്ട് എന്ന് എന്റെ മനസ്സിന് ബോധ്യമായാൽ ഞാൻ വിശ്വസിക്കും.”
“ഞാൻ ഗിരിയേട്ടന്റെ ആരാ?””ഇതെന്താടോ ഇങ്ങനൊരു ചോദ്യം?””പറ “”അങ്ങനെ ആരാണെന്നൊന്നും ഞാൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല. ആരൊക്കെയോ ആണ്…”
“ഗിരിയേട്ടന് എന്നോട് പ്രണയം തോന്നിയിട്ടുണ്ടോ…?”അവൻ സ്തംഭിച്ചു പോയി…നീയെന്തൊക്കെയാ ഈ ചോദിക്കുന്നതെന്ന് വല്ല ബോധവുമുണ്ടോ അമ്മൂ…
“ബോധത്തോടെ തന്നാ ചോദിച്ചത്…. എന്റെ കാര്യം പറയാം.. എനിക്ക് തോന്നിയിട്ടുണ്ട്… തുറന്നു പറയാൻ പേടി ആയിരുന്നു… ഗിരിയേട്ടൻ എങ്ങനെ പ്രതികരിക്കും എന്ന ഭയം… പക്ഷെ ഇന്ന് മോള് അവളുടെ മനസ്സിലെ കാര്യം എന്നോട് പറഞ്ഞപ്പോൾ ധൈര്യം കിട്ടി..”
“അവളെന്തു പറഞ്ഞു?”.”അത് അവളോട് ചോദിച്ചോ… ഇപ്പൊ എന്റെ ചോദ്യത്തിന് മറുപടി താ… എന്നെ വിവാഹം കഴിക്കാൻ പറ്റുമോ?”
“അതൊന്നും ശരിയാവില്ലെടോ… എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാ… But കൂടെ ഒരു ജീവിതത്തെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ട് കൂടെ ഇല്ല.. നിനക്ക് ഒരു നല്ല ഭാവിയുണ്ട്.. കുടുംബജീവിതം പരാജയപ്പെട്ട എന്റെ കൂടെ ചേർന്ന് അത് നശിപ്പിക്കണ്ട…”
അവൻ എണീറ്റു… “ഞങ്ങൾ പോട്ടെ, ഇനിയും വൈകിയാൽ പ്രശ്നമാണ്…”അവളുടെ കണ്ണുനീർ അവൻ അവഗണിച്ചു.. യാത്ര ചോദിച്ച് ശ്രാവണിയും ഗിരീഷും നാട്ടിലേക്ക് മടങ്ങി..
മാസങ്ങൾക്ക് ശേഷം നാട്ടിൽ അമൃതയുടെ വീട്..ഗിരീഷ് വിളിച്ചിട്ട് നാളുകൾ കുറേ ആയി… എന്തോ അവൾക്കും വിളിക്കാൻ തോന്നിയിരുന്നില്ല… അമ്മൂമ്മയുടെ കിടക്കയിൽ ഇരുന്ന് കഞ്ഞി വായിലേക്ക് മെല്ലെ പകർന്നു കൊടുക്കുമ്പോൾ പുറത്ത് നിന്ന് അമ്മയുടെ ശബ്ദം കേട്ടു..
“നിന്റെ തോന്ന്യാസത്തിനു ഇത്രേം കാലം ജീവിച്ചു.. ഇനി അത് വേണ്ട.. ഈ കല്യാണത്തിന് നീ സമ്മതിക്കും… ഇനി സമ്മതിച്ചില്ലേലും ഞാൻ നടത്തും…”
“എന്റെ സമ്മതമില്ലാതെ എന്റെ കല്യാണം നിങ്ങള് നടത്താനോ? അതൊന്നു കാണണമല്ലോ..” പുറത്തേക്കിറങ്ങി അവൾ ഒരു പോരിന് തയ്യാറായി..
ഹാളിൽ ഇരുന്ന ഉണ്ണി അവളുടെ അടുത്തേക്ക് വന്നു.”നടത്തുമെടീ…. നിന്റെ അഴിഞ്ഞാട്ടം ഇതോടെ തീർന്നു.. മംഗലാപുരത്തു നിന്റെ മറ്റവൻ അടിക്കടി വന്നു പോകുന്നതൊക്കെ എനിക്കറിയാം.. നിന്റെ ആ പൂതി നടക്കില്ല…”
“എന്റെ കാര്യത്തിൽ ഇടപെടാൻ നീ ആരാടാ പട്ടീ…?” അവൾ അലറി.. അവൻ അവളെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ പുറത്ത് നിന്ന് ഒരു വണ്ടിയുടെ ഹോൺ അടി കേട്ടു..
ഉണ്ണി പുറത്തേക്ക് ഇറങ്ങി.. പിന്നാലെ അമൃതയും അവളുടെ അമ്മയും…. മുറ്റത്തേക്ക് കയറ്റി നിർത്തിയ ഇന്നോവയിൽ നിന്നും ഗിരീഷ് ഇറങ്ങുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ കുളിർമഴ പെയ്തു…
“താൻ ഇവിടെ വരെ എത്തി അല്ലേ?”…. ഉണ്ണി മുരണ്ടു കൊണ്ട് ചോദിച്ചു..ഗിരീഷ് അവനെ ഗൗനിക്കാതെ അവൾക് മുന്നിൽ നിന്നു.
“അമ്മൂ… റാണി എന്നെ വിളിച്ചിരുന്നു.. നിന്റെ സമ്മതമില്ലാതെ വേറെ കെട്ടിക്കാൻ നോക്കുന്നു എന്ന് പറഞ്ഞു… കൂടുതലൊന്നും ആലോചിച്ചില്ല. നേരെ ഇങ്ങോട്ട് വിട്ടു… എന്റെ കൂടെ വരുന്നോ?”
അവൾ നിറമിഴികളാൽ അവനെ നോക്കി..”താൻ ഇവളെ കൊണ്ട് പോകുമോ? എന്നാൽ എനിക്ക് ഒന്ന് കാണണമല്ലോ?”
ഗിരീഷിന്റെ ഷർട്ടിൽ കുത്തിപിടിച്ചു.. സ്വന്തം ചോ രയെ ഭയന്ന് രാത്രികളിൽ ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന അമൃതയുടെ മുഖം ഗിരീഷിന്റെ മനസ്സിൽ തെളിഞ്ഞു…
അവൻ ഉണ്ണിയുടെ തലയ്ക്ക് പിന്നിലെ മുടിയിൽ കുത്തിപ്പിടിച്ചു… എന്നിട്ട് അവന്റെ തല ഭിത്തിയിലേക്ക് ഊക്കോടെ ഇടിച്ചു …. ഒരു ഞരക്കത്തോടെ ഉണ്ണി നിലത്തേക്ക് വീണു..
മൂക്കിന്റെ പാലം ഒടിഞ്ഞു ചോ ര ഒഴുകി.. അമൃതയുടെ അമ്മയും ആന്റിയും ഉറക്കെ നിലവിളിച്ചു.. അവരെ വല്ലാത്തൊരു പകയോടെ നോക്കിയശേഷം ഗിരീഷ് ഉണ്ണിയുടെ അടിവയറിനു താഴെ ആഞ്ഞു ചവിട്ടി…. കരയാൻ പോലുമാവാതെ ഉണ്ണി ഒന്ന് പിടഞ്ഞു…
“നിനക്ക് ജീവിതം മടുത്തു എന്ന് ഉറപ്പായാൽ മാത്രം ഇവളെ അന്വേഷിച്ചു വന്നാൽ മതി…”
അവൻ അമൃതയോട് പറഞ്ഞു.. ” വല്ലതും എടുക്കാനുണ്ടെങ്കിൽ എടുത്തിട്ട് അമ്മൂമ്മയോട് യാത്രയും പറഞ്ഞിട്ട് വാ..”
ചെമ്മണ്ണ് പറത്തിക്കൊണ്ട് കാർ പാഞ്ഞു പോകുകയാണ്…”നീയെന്താ ഞാൻ വീട്ടിൽ വന്നപ്പോൾ ഞെട്ടാതിരുന്നേ?? സിനിമയിലൊക്കെ അങ്ങനാണല്ലോ??”
“ഞാനെന്തിന് ഞെട്ടണം? എനിക്കറിയാരുന്നു ഗിരിയേട്ടൻ വരുമെന്ന്..””എങ്ങനെ?”.
“പ്രണയം വാക്കുകളിലൂടെ പറയണം എന്നില്ല.. അത് കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം,..”
അവൾ മന്ദഹസിച്ചു.ഗിരീഷിന്റെ ഫോൺ അടിച്ചപ്പോൾ അവൻ അറ്റൻഡ് ചെയ്തു.”ശ്രീധരേട്ടാ…. വന്നോണ്ടിരിക്കുകയാ..”
അത്രമാത്രം പറഞ്ഞു അവൻ കട്ട് ചെയ്തു.”ആരായിരുന്നു?”ഒന്നും മിണ്ടാതെ അവൻ കാർ ഓടിച്ചു…
കാർ പ്രേതഭവനം പോലുള്ള ഒരു വീടിനു മുൻപിൽ എത്തുമ്പോൾ രാത്രി ആയിരുന്നു.. എത്ര നേരം കാറിലിരുന്നു എന്ന് അമൃതയ്ക്ക് ഓർമ കിട്ടിയില്ല… ഇടിഞ്ഞു വീഴാറായ ഒരു വീട്… വീടിനു മുൻപിൽ ഒരു മധ്യവയസ്കനും വേറെ ഒരാളും നില്കുന്നുണ്ട്…
“അമ്മൂ… ഇത് ശ്രീധരേട്ടൻ…. എന്റെ സ്വന്തം ഏട്ടൻ… അത് കബീർ.. ഞങ്ങളുടെ സുഹൃത്താണ്…”. രണ്ടു പേരും നിറഞ്ഞ ചിരിയോടെ അമൃതയെ നോക്കി.. അവൾക്ക് കാര്യമൊന്നും മനസ്സിലായില്ല…എവിടാണ് താൻ നില്കുന്നതെന്ന് പോലു”തനിക്ക് ഈ വീട് അറിയാമോ?”അവൾ ഇല്ല എന്ന് തലയനക്കി…
“ഇതാണ് സാക്ഷാൽ രാഘവൻ, നിന്റെ അച്ഛൻ ജനിച്ചു വളർന്ന വീട്…. “അവൾ ഞെട്ടലോടെ, അമ്പരപ്പോടെ അവനെ നോക്കി..
“വിശ്വാസം വരുന്നില്ല അല്ലേ? ഒന്നര വയസു വരെ നീ ഈ വീട്ടിൽ ആയിരുന്നു…. പിന്നെയാണ് നിന്റെ അമ്മയുടെ നാട്ടിലേക്ക് പോയത്.. അന്ന് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ പോകുമ്പോൾ ഇതാ നീയെന്നോട് പറഞ്ഞത്…
ഒരിക്കലെങ്കിലും നിനക്ക് നിന്റെ അച്ഛന്റെ നാട്ടിൽ, വീട്ടിൽ പോകണമെന്ന്… അന്ന് തൊട്ട് ഞാനും ശ്രീധരേട്ടനും കബീറും അന്വേഷിച്ചു നടക്കുകയായിരുന്നു …. അച്ഛന്റെ ബന്ധുക്കളൊന്നും ജീവിച്ചിരിപ്പില്ല… ഈ വീട് വേറൊരാളുടെ കൈവശം ആയിരുന്നു…”
അവൾ ഒരു കെട്ടുകഥ കേൾക്കുമ്പോലെ വെറുതെ കേട്ടു നിന്നു….. തന്റെ അച്ഛന്റെ വീട്.. അവിശ്വസനീയം… ശ്രീധരേട്ടൻ മുന്നോട്ട് വന്ന് ഒരു താക്കോൽ അവളുടെ കൈയിൽ വച്ചു കൊടുത്തു..
“ഞങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ വൃത്തിയാക്കിയിട്ടുണ്ട്.. ഐശ്വര്യമായിട്ട് മോള് അകത്തേക്ക് കയറിക്കോ?”
“അതിന് ഇത് വേറാരുടെയോ കൈയിൽ ആണെന്നല്ലേ പറഞ്ഞത്?””ആയിരുന്നു… ഇപ്പൊ ഗിരിയുടെ പേരിലാണ്.. ഇവൻ ഇത് വാങ്ങി….”
അവൾ ഗിരീഷിനെ നോക്കി… അവൻ ഒരു കുസൃതിചിരിയോടെ നില്കുകയാണ്..
“ഗിരീ… നീ ഇവളെ വീടിനകമൊക്കെ ഒന്ന് കാണിച്ചു കൊടുക്ക്… ഞാനും കബീറും എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം.. നേരം ഒരുപാട് ആയില്ലേ?”
അവർ പോയി… വാതിൽ തുറന്ന് അവളുടെ കൈ പിടിച്ച് ഗിരീഷ് അകത്തോട്ടു നടന്നു…
ഇടുങ്ങിയ മുറികളുള്ള പഴയൊരു തറവാട് വീട്.. നടുതളത്തിൽ എത്തിയ ഉടനെ അവൾ ഗിരീഷിനെ കെട്ടിപിടിച്ചു കരഞ്ഞു…
“തനിക്ക് സന്തോഷമായോ?””ഉം… ഒരുപാട്…””അത്രയേ എനിക്കും വേണ്ടൂ..”ഒരുകാര്യം ചോദിച്ചോട്ടെ?””എന്താ?”.
“എന്നോട് ആദ്യമായി പ്രണയം തോന്നിയതെപ്പോഴാ?””ചോ രയിൽ കുളിച്ചു ബോധമില്ലാതെ നീ എന്റെ നെഞ്ചോട് ചേർന്നു കിടന്നപ്പോൾ..”
“പിന്നെന്താ പറയാഞ്ഞേ?””നീയല്ലേ കണ്ണിലെ പ്രണയം വായിക്കാൻ കഴിവുള്ളവൾ….. എന്നിട്ടെന്തേ അന്ന് അത് തിരിച്ചറിഞ്ഞില്ല??” അവൾ അവനെ കൂടുതൽ മുറുക്കി കെട്ടിപിടിച്ചു…
“ഒരു സത്യം ചെയ്തു തരണം..””എന്താടീ..?”ഇനി സി ഗരറ്റ് വലിക്കരുത്..””അത് ബുദ്ധിമുട്ടാ…”അവൾ കാൽവിരലുകൾ നിലത്ത് ഊന്നി അവന്റെ ചുണ്ടുകളിൽ ചുംബിച്ചു…
“ഇനി വലിക്കാൻ തോന്നുമ്പോൾ എന്നെ ഓർമ വന്നോളും…” ഗിരീഷ് അവളെ ചേർത്തു പിടിച്ച് മുടിയിഴകളിലൂടെ അരുമയായ് വിരലോടിച്ചു…
പൊട്ടിയ ഓടിനിടയിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചം അവരെ തഴുകി…. ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ എത്തപ്പെട്ട മകളെ അച്ഛൻ അനുഗ്രഹിക്കുന്നതായി അവൾക്ക് തോന്നി….