ഭാര്യ
(രചന: അഹല്യ ശ്രീജിത്ത്)
പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു.
എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു.
എന്നാൽ അവയൊക്കെ തന്റെ ഓർമ്മകളുടെ ആഴപരപ്പ് അളന്നു കൊണ്ടിരിക്കുകയാണെന്നു അവൻ അറിഞ്ഞിരുന്നില്ല.
മഴയുടെ ശക്തി കൂടി വരുന്നു പോരാത്തതിന് നല്ല തണുപ്പും അവൻ ഇരിപ്പിടം ഉപേക്ഷിച്ചു അകത്തേക്ക് കയറി. മുറിയിലേക്ക് നടക്കും വഴി അടുക്കളയിലേക്ക് ഒന്ന് നോക്കി.
ഇന്ന് പരാതി പെട്ടി തന്നോടുള്ള ദേഷ്യം തീർക്കാൻ പാത്രങ്ങൾ ഒന്നും എറിഞ്ഞു പൊട്ടിക്കുന്നില്ല.
സാധാരണ മോൻ അലങ്കോലമായിട്ടു ഇടാറുള്ള മുറികളൊക്കെ അവൾ നന്നായി വൃത്തി ആക്കിയിട്ടിട്ടുമുണ്ട് . വൃത്തി പോരാന്നു പറഞ്ഞു താൻ എന്നും അവളെ ശകാരിക്കാറുണ്ട് അതാകും അവൾ എല്ലാം അടുക്കി ഒതുക്കി വെച്ചത്.
ഒരു കണക്കിന് താൻ എന്തൊരു മനുഷ്യനാ കുസൃതി ആയ മോനേം വെച്ച് അവൾക്കു ഈ വീട്ടിൽ ചെയ്യാവുന്ന ജോലികൾക്ക് പരിധിയുണ്ടെന്നു താൻ ഒരിക്കൽ പോലും ഓർത്തില്ലല്ലോ.
എപ്പോളും കൊച്ചു കൊച്ചു കുറ്റങ്ങൾ കണ്ടെത്തി താൻ അവളെ ശകാരിക്കും പലപ്പോളും മാറി നിന്ന് കരയുന്ന അവളെ ചേർത്ത് നിർത്തി
” പോട്ടെടി ഏട്ടൻ വെറുതെ പറഞ്ഞതല്ലേ ” എന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ പോലും താൻ മുതിർന്നിട്ടുമില്ല. “പാവം അവൾ എങ്ങനെ സഹിക്കുന്നു എന്നെ” .
അവൻ സ്വയം പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് കയറി കട്ടിലിൽ ഇരുന്നു.തൊട്ടടുത്തു തന്റെ ഫോൺ കിടക്കുന്നു ഇന്നത്തെ ദിവസം താൻ ആ ഫോൺ തൊട്ടിട്ടെ ഇല്ലന്നുള്ള സത്യം അവൻ അറിഞ്ഞു. അല്ലെങ്കിൽ ഒരു നിമിഷം പോലും ഈ ഫോൺ കൈൽ ഇല്ലാതെ അവനു ജീവിക്കാൻ പറ്റില്ലായിരുന്നു.
അവൾ പലപ്പോഴും ചോദിച്ചിട്ടുണ്ട് ഏട്ടന് ഈ ഫോൺ ആണോ ഞാനാണോ വലുതെന്നു. അപ്പോഴും ഉത്തരം എന്തെന്നറിയാതെ താൻ കുഴഞ്ഞിട്ടുണ്ട്.
അവൾക്കു വേണ്ടി ആ ഫോൺ ഒരു നിമിഷത്തേക്ക് പോലും മാറ്റി വെക്കാൻ തനിക്കു തോന്നിയിട്ടുമില്ല. എപ്പോളും അവൾ പരാതി പറയുന്നത് താൻ ഏതു നേരവും സോ ഷ്യൽ മീ ഡിയസിൽ ആണെന്നാണ്.
ഫേ സ് ബുക്, വാ ട്സ്ആപ്പ്.. അങ്ങനെയങ്ങനെ. പിന്നെ ഉള്ള പ്രശനം തന്റെ കൂട്ടുകാരികൾ ആയിരുന്നു. അവള്ക്കാണെങ്കിൽ അവരോടൊന്നും താൻ അധികം സംസാരിക്കുന്നത് ഇഷ്ടം അല്ലായിരുന്നു.
ഒരു കണക്കിന് അവരോടൊക്കെ പരിധിയിൽ കൂടുതൽ സംസാരിക്കാൻ പോയ താൻ ശുദ്ധനും അവൾ സംശയ രോഗിയുമായി തന്റെ വീട്ടുകാർക്ക് മുൻപിൽ ചിത്രീകരിക്കപെടുമ്പോൾ താൻ ഒരു കാര്യം മറന്നിരുന്നു.
“എല്ലാം ത്വജിച്ചു തന്നോടൊപ്പം തന്റെ സ്നേഹം തേടി തന്നെ മാത്രം മനസിൽ വിചാരിച്ചു നടക്കുന്നവൾ ആണ് അവൾ” എന്ന്.
അവളുടെ ഇത്തരം പരാതികൾ തന്നോടുള്ള സ്നേഹത്തിന്റെ സൂചകങ്ങൾ ആയിരുന്നു എന്നും. ഒരിക്കൽ തന്റെ ഒരു പെൺ സുഹൃത്തിന്റെ സൗന്ദര്യത്തെ പറ്റി താൻ അവൾക്കു മുൻപിൽ വാചാലനായി.
അവളിലും സുന്ദരി തന്റെ കൂട്ടുകാരിയാണെന്നു അവൾക്കു മുൻപിൽ തർക്കിച്ചു.
സത്യത്തിൽ കൂട്ടുകാരി തന്നെയാണ് സുന്ദരി എന്ന് അറിയാമായിരുന്നിട്ടും അവൾ തന്നോട് പിണങ്ങി മാറി നിന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവൾ തനിക്കരികിൽ വന്നിരുന്നില്ല. താൻ അപ്പോഴും മറന്നു പോയ ഒരു സത്യം ഉണ്ട്. ഒരിക്കലും തന്റെ ഭാര്യയെ അവൾക്കു ഇഷ്ടമില്ലാത്തവരുമായി താരതമ്യം ചെയ്യരുതെന്നു .
അന്നത്തെ അവളുടെ മറുപടി ഇന്നും കാതിൽ മുഴങ്ങി കൊണ്ടിരുപ്പുണ്ട് ” എങ്കിൽ പിന്നെ ഏട്ടന് അവളെ കെട്ടായിരുന്നല്ലോ എന്തിനാ എന്റെ പിന്നാലെ വന്നേ എനിക്ക് സൗന്ദര്യo കുറവാണ് അറിയില്ലായിരുന്നോ? ”
ആ ചോദ്യത്തിന് തന്റെ ഉത്തരം ഒരു പൊട്ടിച്ചിരി ആയിരുന്നു അപ്പോൾ അവളുടെ മനസ് എത്രത്തോളം വേദനിച്ചിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല.
വേറെ ആരൊക്കെ താരതമ്യപ്പെടുത്തിയാലും സ്വന്തം ഭർത്താവ് മറ്റൊരുവളുമായി തന്നെ താരതമ്യപ്പെടുത്തി കൊച്ചാക്കുന്നത് ലോകത്തു ഒരു ഭാര്യക്കും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആ ദിവസം കൊണ്ട് താൻ മനസിലാക്കി.
പലപ്പോഴും കുഞ്ഞിനെ കൊണ്ട് അവൾ പാട് പെടുമ്പോഴും താൻ സുഹൃത്തുക്കളുമായി നർമ്മ സല്ലാപത്തിൽ ആയിരിക്കും അപ്പോഴൊക്കെ കലിപ്പിടിച്ച കണ്ണുകളോടെ അവൾ എന്നെ നോക്കിയിരുന്നു.
നിസ്സഹായത അവളുടെ കണ്ണുകളിൽ വിറങ്ങലിച്ചു നിന്നത് താൻ ഒരിക്കൽ പോലും കണ്ടിരുന്നുമില്ല.
കൂട്ടുകാർക്കൊപ്പം കറങ്ങി നടന്നു വീട്ടിൽ എത്തുമ്പോഴും തന്നെ കാത്തിരിക്കുന്ന അവളുടെ വായിൽ നിന്നു വരുന്ന ശകാരങ്ങൾ ഒക്കെ തനിക്കു എപ്പോഴും തമാശ ആയിരുന്നു.
അവളെ തന്നെ പഴി പറഞ്ഞു വീണ്ടും ഫോണിലേക്ക് തന്നെ മടങ്ങിയിരുന്നു താൻ.
കുറച്ചു നേരം എങ്കിലും അവൽക്കരികിൽ ഇരുന്നു അവളുടെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞു ആ മുടിയിഴകൾ തഴുകി തന്റെ നെഞ്ചോട് ചേർത്തിരുത്താൻ തനിക്കു തോന്നിയിരുന്നുമില്ല.
ആ സമയമത്രയും സുഹൃത്തുക്കളുടെയും പെൺസുഹൃത്തുക്കളുടെയും ഇഷ്ടങ്ങളെ സ്നേഹിച്ചു താൻ ഇരുന്നു. അവളുടെ ഇഷ്ടങ്ങൾ തനിക്കു വെറും തമാശ മാത്രമായിരുന്നു.
ദിനം പ്രതി അവൾ മെലിഞ്ഞുണങ്ങി ക്ഷീണിതയായിപ്പോഴും തന്റെ അരികിൽ വന്നു നല്ലൊരു ഡോക്ടറെ കാണണം എന്ന് പറഞ്ഞപ്പോഴും
” അഹ് ഇത് നീ നേരെ ചൊവ്വേ ഫുഡ് കഴിക്കാഞ്ഞിട്ട.. ഫുഡ് കഴിച്ചാൽ ക്ഷീണം പൊയ്ക്കോളും ” എന്ന് പറഞ്ഞു മടക്കി അയച്ചിരുന്നു.
ആ സമാധാനത്തിൽ വീണ്ടും അവൾ തനിക്കു വേണ്ടി മുന്നോട്ട് പൊയ്കൊണ്ടിരുന്നു. എന്നിട്ടും താൻ അവളെ വേണ്ട പോലെ പരിഗണിച്ചില്ല. കരുതലും സ്നേഹ ലാണനകളും നൽകിയിരുന്നില്ല.
തന്റെ അവഗണയിൽ മനം നൊന്തു പിണങ്ങി പോയതാണ് അവൾ. അവളെ തിരിച്ചു വിളിക്കണം. അവൾ തന്റെ സ്നേഹം ആഗ്രഹിക്കുന്നു. ഇനിയും അവളെ കരയിപ്പിച്ചു കൂടാ..
തന്നെ മാത്രം മനസ്സിൽ ആരാധിക്കുന്നവളാണ് അവൾ തനിക്കു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ കരുതൽ അതാണ് തന്റെ ഭാര്യ. എന്തോ മനസ്സിൽ ഉറപ്പിച്ചു അവൻ മുറ്റത്തേക്കിറങ്ങി.
അപ്പോഴേക്കും മഴ പതിയെ അകലം പാലിച്ചു തുടങ്ങിയിരുന്നു. എങ്കിലും വെള്ള ചാലുകൾ മുറ്റത്താകെ നിറഞ്ഞു നിന്നിരുന്നു അവൻ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് നടന്നു.
വീടിന്റെ തെക്കു വശത്തെത്തിയ അവൻ തൊടിയിലേക്ക് നോക്കി അവൾക്കു ഒരുപാടു ഇഷ്ടമുള്ള മൂവാണ്ടൻ മാവ് നിന്നിടം ഇന്ന് ശൂന്യമാണ്.
അവൻ മുന്നോട്ടു നീങ്ങി ഇന്നലെ വെട്ടിയിട്ട മാവിന്റെ ഇലകൾ അവിടിവിടായി ചിതറി കിടക്കുന്നു .
മാവ് വെട്ടി യതിനു അവൾ വഴക്കിടും അവളോട് മറുപടി എന്ത് പറയുമോ എന്തോ അവൻ ആകെ വിഷണ്ണനായി മുന്നോട്ട് നടന്നു.
ദ മുൻപിൽ അവൾ അതും ആ ഓലപ്പുരയിൽ ഒറ്റയ്ക്ക് വെറും നാലു കമ്പുകൾ മാത്രം നാട്ടി ഓല മേഞ്ഞു ഇട്ടേക്കുന്ന ഇതിൽ അവൾ ഈ രാത്രിയിൽ എങ്ങനെ ഒറ്റക്കിരുന്നു. അവൻ അവിടേക്കു നടന്നെത്തി.
“മാളു മോളെ നീ ഈ ഏട്ടനോടു പൊറുക്കില്ലേ? ” പറഞ്ഞു തീരുന്നതിനു മുൻപ് ഒരു കൊള്ളിയാൻ അവനു മുൻപിൽ പൊട്ടി വീണു.
ആ വെട്ടത്തിൽ അവൻ അവന്റ പെണ്ണിനെ ശെരിക്കും കണ്ടു ഒരു പിടി ചാരമായി തനിക്കു മുൻപിൽ അലിഞ്ഞു കിടക്കുന്നു അതും അവള്ക്കു പ്രിയമായിരുന്ന ആ മാവിൻ കൊമ്പുകൾ തീർത്ത ചിതയിൽ.
അവൻ അതിൽ നിന്നു ഒരു പിടി ചാരം എടുത്തു നെഞ്ചിൽ ചേർത്തു ഒരു ഭ്രാന്തനെ പോലെ അലറി.
” എന്റെ മാളു….. ” പിന്നീട് അത് അവിടെ ഉപേക്ഷിച്ചു സമനില തെറ്റിയവനെ പോലെ തിരിച്ചു നടന്നു.പോകും വഴി ഒന്ന് കൂടി തിരിഞ്ഞു നോക്കി അവൻ പറഞ്ഞു
“എന്റെ മോളെ ഇനി ഏട്ടൻ ഒരിക്കലും സ്നേഹിക്കണ്ടിരിക്കില്ലാട്ടോ ഇനി പിണങ്ങല്ല് മോൾക്ക് ഇഷ്ടമില്ലാത്തത് ഏട്ടനും ഇനി ഇനി വേണ്ട “അവൻ മുന്നോട്ട് നീങ്ങി..
ബ്ലഡ് ക്യാൻസരായിരുന്നു അവൾക്കു അതിന്റെ ലക്ഷണം ആയിയിരുന്നു ക്ഷീണവും തളർച്ചയും ഒക്കെ തിരിച്ചറിയാൻ വൈകിയത് കൊണ്ട് അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല.
അശ്രദ്ധ കൊണ്ട് അയാൾക്ക് നഷ്ടപെട്ടത് തന്റെ ജീവന്റെ പാതിയും തന്റെ മോന്റെ അമ്മയും ആയിരുന്നവളെയാണെന്ന കുറ്റബോധം അയാളെ വല്ലാണ്ട് അലട്ടികൊണ്ടിരുന്നു.
തിരിച്ചു മുറിയിലേക്ക് കേറും മുൻപ് തൊട്ടപ്പുറത്തെ മുറിയിലേക്ക് കണ്ണുകൾ ചെന്നുടക്കി അവിടെ അമ്മുമ്മയുടെ നെഞ്ചോട് ചേർന്ന് തന്റെ മോൻ കിടക്കുന്നു ഒന്നും അറിയാത്ത ആയ കുഞ്ഞു കൈകൾ അവന്റെ അമ്മയെ തിരയുന്നുണ്ട്.
ഇനി അവനു അമ്മയില്ല അച്ഛൻ മാത്രമേ ഉള്ളു അമ്മ ഇല്ലാത്ത കുറവ് തന്റെ മോൻ അറിയാൻ പാടില്ല തന്റെ ഇല്ല സുഖങ്ങളും മാറ്റി വെച്ച് ഇനി അവനു വേണ്ടി ജീവിക്കണം.
അവൾ സ്വപനം കണ്ട ജീവിതം മോനു കൊടുക്കണം . അവൻ കുഞ്ഞിനരികിൽ എത്തി വാത്സല്യത്തോടെ ആ നെറുകിൽ തഴുകി അവനെ വാ രി എടുത്തു മുറിയിലേക്ക് നടന്നു.
പാൽ മണം വിട്ടു മാറാത്ത ആ കുഞ്ഞി ചുണ്ടുകൾ പാലിന് വേണ്ടി നുണയുന്നുണ്ടായിരുന്നു. അവൻ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി.
ആ മൂർദ്ധാവിൽ ചുംബിച്ചു. സാധാരണ അവളാണ് കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കിടക്കുന്നത്. അവൻ അവൾ കിടന്നിടത്തേക്ക് നോക്കി.
ശൂന്യമായ അവിടെ അവളുടെ ഗന്ധം ഉള്ളതായി അവനു തോന്നി. അപ്പോഴേക്കും ഒരു കുളിര്കാറ്റു അവർക്കു മീതെ വീശി പറന്നു പോയിരുന്നു.