ജീവിക്കാൻ മറന്നവർ
(രചന: Aneesh Anu)
കയ്യിൽ എരിയുന്ന സി ഗ ര റ്റിനെ നിരഞ്ജൻ അലക്ഷ്യമായി ദൂരേക്കെറിഞ്ഞു.ചൂട് കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നു അവൾ എന്തിനായിരിക്കും കാണാമെന്നു പറഞ്ഞത്.
നാളുകൾ ആയിരിക്കുന്നു പരസ്പരം ഒന്ന് കണ്ടിട്ട് ഫോൺ സന്ദേശങ്ങൾ പോലും വല്ലപ്പോഴും ആയിരിക്കുന്നു.
ഒരു കാലത്ത് ഒരു നേരം ഒന്ന് വിളിച്ചില്ലെങ്കിൽ അത് പറഞ്ഞു അടിയുണ്ടാക്കിയിരുന്നവരാണ് ഹ ഹ ഓർത്തിട്ട് തന്നേ ചിരി വരുന്നു.
വൈകിട്ട് 4 മണിക്കാണ് ബീച്ചിൽ അവൾ എത്താമെന്ന് പറഞ്ഞിരിക്കുന്നത് ഓഫീസ് വർക്കുകൾ പെട്ടെന്ന് തീർത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു.
മണൽകാറ്റുകൾ നിറഞ്ഞ ഈ മരുഭൂവിലേക്ക് എത്തിപെടുന്നതിനു മുൻപ് ഒരുപാട് സ്വപ്നങ്ങൾ പരസ്പരം കണ്ടവരായിരുന്നു തങ്ങൾ എല്ലാം ഒരു ഓർമ്മകൾ മാത്രമായിരിക്കുന്നു.
കുളികഴിഞ്ഞു ഡ്രസ്സ് മാറി ഇറങ്ങാൻ നേരം അവൻ കണ്ണാടിയിലേക്ക് ഒരു മാത്ര നോക്കി, താടിയൊക്കെ നരച്ചു തുടങ്ങിയിരിക്കുന്നു, മുഖത്ത് നിന്ന് പഴയ തിളക്കം നഷ്ടമായി തുടങ്ങി.ഒരു അപവാദം പോലെ തടി മാത്രം വല്ലാതെ കൂടിയില്ല.
നാട്ടിൽനിന്നും ഇങ്ങോട്ട് പറിച്ചെറിയപ്പെട്ടിട്ട് 6 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു നഷ്ടപ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ.
ഫ്ലാറ്റ് ലോക്ക് ചെയ്തു വേഗം താഴേക്ക് ഇറങ്ങി, കാറെടുത്തു നേരെ ബീച്ചിലേക്ക്.ആർത്തലക്കുന്ന തിരമാലകൾക്ക് നേരെ ഒരു ചെറുപുഞ്ചിയോടെ അവനിരുന്നു.
വണ്ടി പാർക്ക് ചെയ്തു അവൾ വരുന്നത് അവനു ദൂരെ നിന്നേ കാണാമായിരുന്നു വീണ്ടും തടിച്ചുവോ ഏയ് ഇല്ലാ തോന്നിയതാണ്.
താൻ പലകുറി തൂലികയിൽ എഴുതിയ മിഴികൾക്ക് മങ്ങലേറ്റിരിക്കുന്നു അവരിപ്പോൾ സ്ഥിരം കണ്ണാടികൂടുകളിൽ ബന്ധനസ്ഥരായിരിക്കുന്നു.
ആരോടോ ഉള്ള വാശി പോലെ മുടിയിഴകൾ പാറിപറന്നുകൊണ്ടിരുന്നു. ആ കൈ വിരലുകൾ ഇപ്പോഴും ആ സൗമ്യതയുണ്ടാകുമോ ഇല്ലാ മാറിയിട്ടുണ്ടാകും.
വോൾട്ടേജ് ഇല്ലാത്ത ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ അരികിലേക്ക് വന്നു. കടലിനഭിമുഖമായി കുറച്ചു നേരം അങ്ങനെയിരുന്നു.
“എന്താടോ ഈ കടലിന്റെ ഭംഗി കാണാനാണോ ഇങ്ങോട്ട് വരാൻ പറഞ്ഞത് ”
“അല്ല നിരഞ്ജൻ, ഇവ്ടെ വരുമ്പോൾ അല്ലേ എനിക്കിത്തിരി നേരം സ്വസ്ഥമായിരിക്കാൻ പറ്റുള്ളൂ. “”മ്മ് പറയൂ എന്താണ് പുതിയ വിശേഷം””വിശേഷങ്ങൾ ഒക്കെ പഴയത് തന്നെയാടോ”
“ആർക്കാണ് പുതിയ സഹായം വേണ്ടത് വീട്ടുകാർ, കുടുംബക്കാർ, അതൊ നാട്ടുകാർക്കോ””ഊഹിച്ചുവല്ലേ”
“ഊഹിച്ചതല്ല അതാവും എന്ന് ഉറപ്പായിരുന്നു””മ്മ് അവർക്ക് ഇവടെ വന്നു ഒന്ന് കറങ്ങണം അതിന് വിസയും ടിക്കറ്റ് ഞാൻ എടുത്തു കൊടുക്കണം”
“ആർക്ക് “”വേറെ ആർക്കാ കൂടെപ്പിറപ്പുകൾക്ക്””ഹ ഹ നല്ല കോമഡി, സ്വന്തം കൂടപ്പിറപ്പ് ഇവ്ടെ ജീവിതം ഇല്ലാണ്ട് കിടന്ന് അന്തമില്ലാതെ ജീവിക്കുമ്പോൾ, സുഖവാസത്തിനു അവർ വരുന്നു കുടുംബസമേതം മനോഹരം”
“മ്മ്മ്””നിനക്ക് പറ്റില്ലെന്ന് പറഞ്ഞൂടാരുന്നോ””നിരഞ്ജൻ, ഞാൻ””ഇല്ലെടോ നിനക്ക് അതിന് കഴിയില്ല, അങ്ങനെ കഴിയുമായിരുന്നേൽ ഇപ്പോ നീ എന്റെ കൂടെ ജീവിച്ചേനെ”
“മ്മ്””ഇനി എന്ന് തീരും നിന്റെ പ്രാരാബ്ധം, എത്ര വർഷമായി ഈ മരുഭൂമിയിൽ, ആർക്ക് വേണ്ടിയാ ഇനിയും ഈ വണ്ടിക്കാളയെ പോലെ.
എല്ലാവരും സെറ്റിൽ ആയി, കല്യാണം കഴിച്ചു കൊടുത്തു വീട് വെച്ചു എല്ലാരും അത്യാവശ്യം നല്ല രീതിയിൽ എത്തി.
എന്നിട്ടു നീ നിന്റെയൊരിഷ്ടം പറഞ്ഞപ്പോൾ അത് ആരെങ്കിലും അംഗീകരിച്ചുവോ? “”ഇതിന്റെ മറുവശം തന്നെയല്ലേ അവിടെയും,”
“അതേ പക്ഷെ നീ ഇറങ്ങി വന്നൽകൊണ്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നു അന്നും ഇന്നും”
“അങ്ങനെ ചെയ്യാൻ പറ്റാത്തതല്ലേ എന്റെ തോൽവി” അവളവന്റെ തോളിലേക്ക് ചാഞ്ഞു.
“ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നെ, കുടുംബത്തിന്റെ അഭിമാനം അന്തസ്സും ഒന്നും കെട്ടിപിടിച്ചു കൊണ്ട് സ്വർഗത്തിൽ പോയാൽ അവിടെ പട്ടുമെത്ത വിരിച്ചു കിടക്കാം എന്നോർത്താണോ”
“ഇനി എന്തിനാ വെറുതെ നിരഞ്ജൻ മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കാൻ””എന്നാ ശെരി നമ്മുക്ക് പോകാം ഞാൻ നിന്നേ ഡ്രോപ്പ് ചെയ്യാം”
“അങ്ങനല്ല ഞാൻ പറഞ്ഞത്””എങ്ങനല്ല ഇനിയെന്നാണ് നീ ഒന്ന് സ്വയം ജീവിക്കാൻ പഠിക്കുക? കൈക്കോട്ടിന്റെ സ്വഭാവം മാത്രമുള്ളവർക്ക് എത്രകിട്ടിയാലും മതിയാകില്ല അവർ ചോദിച്ചു കൊണ്ടേയിരിക്കും””അറിയാം നിരഞ്ജൻ, പക്ഷെ ഞാൻ ഞാനെന്തോ ഇങ്ങനെയാണ്”
“മ്മ് അവർക്കുള്ള താമസമല്ലേ അത് ഞാൻ ശെരിയാക്കാം വില്ല ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ട്, ടിക്കറ്റ് ഒക്കെ അവരോട് എടുത്തോളാൻ പറ വിസക്ക് തന്നെ ലക്ഷങ്ങൾ പൊട്ടും. നീ ഇവ്ടെ പറിച്ചു എടുക്കുവോന്നും അല്ലാലോ”
“മ്മ് അങ്ങനെ ചെയ്യാം ലെ “”ആം., പിന്നെ വേറെ എന്തുണ്ട് വിശേഷം””വേറെ എന്താ, അമ്മ വിളിക്കാറില്ലേ? ഇനി എന്നാ നാട്ടിലോട്ട് ”
“അമ്മ വിളിക്കും പരസ്പരം പറയാൻ അധികം ഇല്ലാത്തോണ്ട് കുഴപ്പമില്ല, നാട്ടിലേക്ക് പോയിട്ട് ഇപ്പോ രണ്ടു വർഷം ആയില്ലേ പോകണം എപ്പോ എന്നൊന്നും ഇല്ലാ,
പച്ചപ്പ് നിറഞ്ഞ വിഷത്തേക്കാൾ ഭേദം മരുഭൂമിയാണ്, ഇവ്ടെ മുൻപല്ലുകൊണ്ട് ചിരിച്ചു കടപ്പല്ലുകൊണ്ട് ഞെരിക്കുന്നവർ കുറവാണ്”
“നെയ്തുകൂട്ടിയ സ്വപ്നനങ്ങൾ കൈവിട്ട നാടിനോടുള്ള നിന്റെ വെറുപ്പ് എനിക്ക് ഊഹിക്കാം”
“നാടിനോടില്ല ജീവിതത്തെ തല്ലികെടുത്തിയവരോട് മാത്രം””മ്മ്, വാ കുറച്ച് ദൂരം നടക്കാം””മ്മ് ശെരി”
അവളുടെ കൈ പിടിച്ചു കുറച്ചു ദൂരം നടന്നു. ആ പഴയ തണുപ്പ് ഇപ്പോഴും ആ വിരലുകൾക്കുണ്ട്, ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ അയവിറത്തു കൊണ്ട് ഒരു നടത്തം.
അസ്തമയസൂര്യൻ കടലിൽ വീണുടഞ്ഞപ്പോൾ അവൾ തിരികെ മടങ്ങാനൊരുങ്ങി.
“ഇനിയൊരു ജീവിതത്തിന് ബാല്യമില്ലെങ്കിലും ഞാൻ വരും വൈകാതെ നമുക്ക് ഒരുമിച്ചു ജീവിക്കാൻ”
മടങ്ങാൻ നേരം അവൾ ചെവിയിൽ മന്ത്രിച്ചു വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്.
ബീച്ചിൽ നടന്നു കൊണ്ടിരുന്ന കമിതാക്കൾക്ക് നേരെ തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.
“പ്രേമിച്ചു സമയം കളയാതെ ജീവിച്ചു തുടങ്ങേടൊ, അല്ലെങ്കിൽ ഇത് പോലെ നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളാവേണ്ടി വരും”.അത്രയും പറഞ്ഞുകൊണ്ടവൻ തിരികെ നടന്നു തന്റെ സ്വപ്നങ്ങളിലേക്ക്..