രചന: അഞ്ചു തങ്കച്ചൻ
ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ താനായിരിക്കും, അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി.
ഈയിടെയായി അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ.
അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ വിവാഹശേഷം ആയിരുന്നു.
യമുന ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം, ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കും പോലെ ആയിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടമാണ്. അവളിൽനിന്നുള്ള ഒളിച്ചോട്ടം.അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു…..
സ്ഥലം മാറ്റം കിട്ടി പൊന്നാരിമംഗലം എന്ന ഗ്രാമത്തിലേക്ക് ചെന്നപ്പോൾ തനിക്ക് അല്പം ദേഷ്യം തോന്നിയിരുന്നു.
സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ അനിഷ്ടത്തോടെയാണ്ആ നാട്ടിലേക്കു ചെന്നത്.
എന്നാൽ , അവിടെ ചെന്നിറങ്ങിയപ്പോഴാണ് ആ സ്ഥലത്തോട് പെട്ടന്ന് വല്ലാത്തൊരിഷ്ടം തോന്നിയത്.അത്ര മനോഹരമായ ഭൂപ്രകൃതിയായിരുന്നു അവിടമാകെ.
അധികം തിരക്കില്ലാത്ത നാട്ടുവഴിയിലൂടെ അൽപ്പം ഉള്ളിലേക്ക് നടന്നാലാണ് താമസ സ്ഥലത്തത്തുകയുള്ളൂ.
വല്ലാത്ത ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു.
ഒട്ടും കലർപ്പില്ലാത്ത സ്നേഹത്തിനുടമകൾ ആയിരുന്നു ആ നാട്ടുകാർ. പെട്ടന്ന് തന്നെ താനാ നാടുമായി ഇണങ്ങി.
പതിവ് പോലെ ഒരു ദിവസം താൻ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴാണ് അവളെ ആദ്യമായ് കണ്ടത്.
പാട്ടുപാവാടയുടുത്ത, നീണ്ട മുടി മെടഞ്ഞിട്ട ഒരു ശാലീന സുന്ദരി. കോളേജിൽ പോയിട്ടുള്ള വരവാണെന്ന് കണ്ടാൽ മനസിലാകുമായിരുന്നു.
അവളുടെ ചുണ്ടുകൾക്ക് മുകളിൽ നേർത്ത വിയർപ്പ്കണങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. അവളടുത്തു വരുമ്പോൾ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധമായിരുന്നു.
സത്യത്തിൽ താനവളിൽ മയങ്ങിപോയെന്നു പറയാം.
പതിയെപതിയെ താനവളുമായി അടുത്തു, ആ വർഷം തന്നെ ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ അവളെ ഞാനെന്റെ ജീവിതസഖിയാക്കി മാറ്റി.
കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ അവൾ തന്റെ അച്ഛന്റെയും അമ്മയുടെയും ഹൃദയത്തിൽ ഇടം നേടി, അവളോട് മിണ്ടുന്ന എല്ലാവരോടും അവൾ നന്നായി ഇടപെടുകയും വളരെ പെട്ടന്ന് അവരുമായി സൗഹൃദം ഉണ്ടാക്കുകയും ചെയ്യും.
വിവാഹം കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം, അവളെയും കൊണ്ടു താൻ ജോലി സ്ഥലത്തേക്ക് മടങ്ങി. ഓഫീസിൽ നിന്നും കുറച്ചു ദൂരെയായി നല്ലൊരു വീടെടുത്ത് താമസം തുടങ്ങിയപ്പോൾ മുതലാണ് അവളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയത്.
തന്നോടുള്ള ഭ്രാന്തമായ സ്നേഹം അവളിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നു.
ജോലി കഴിഞ്ഞു വരുമ്പോൾ അവൾ ഗേറ്റിനടുത്ത് അക്ഷമയോടെ കാത്തിരിക്കുന്നത് കാണാം.
എന്നാലും ഒരിക്കൽ പോലും അവൾ വഴക്കിടുകയോ, മറ്റൊരു തരത്തിലും ബുദ്ധിമുട്ടിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല.
പുറത്തു കൊണ്ടു പോകണമെന്നോ, പുതിയ ഡ്രസ്സ് വേണമെന്നോ, അങ്ങനെ അവളുടെതായ ഒരാവശ്യവും അവൾ ഒരിക്കലും പറഞ്ഞിട്ടുമില്ല.
എന്നാൽ തന്റെ എല്ലാ കാര്യവുംഅവൾ ഏറ്റവും വൃത്തിയോടെയും കൃത്യതയോടെയും ചെയ്തു പോന്നിരുന്നു.ഒരു കാര്യവും അവൾ തന്നെക്കൊണ്ട് ചെയ്യിക്കാറില്ല, തന്റെ ഷൂ പോളിഷ് ചെയ്യുന്നത് പോലും അവളായിരുന്നു.
സ്നേഹത്തിന്റെ ചങ്ങലകൊണ്ടു അവൾ തന്നെ പൂർണമായും ബന്ധിച്ചിരുന്നു എന്ന് പറയുന്നതാവും ശരി.
വെറുതെ വീട്ടിലിരുന്നു മുഷിയാതെ ജോലിക്ക് പോകാൻ താനവൾക്ക് അനുവാദം കൊടുത്തതാണ്. പക്ഷേ ഏട്ടന്റെ കാര്യങ്ങൾ നോക്കാൻ കഴിയാതെ വരുമെന്ന് പറഞ്ഞ് അവൾ ജോലിക്കു പോകാൻ തയ്യാറായില്ല.
എന്നും കൃത്യസമയത്ത് തന്നെ ജോലി കഴിഞ്ഞു താൻ വീട്ടിൽ എത്തണം. അൽപ്പം വൈകിയാൽ, അവൾ തന്റെ മാറിലേക്കു വീണു പൊട്ടികരയുകയും, ചിലപ്പോൾ ശ്വാസമെടുക്കാൻ മറന്നു വല്ലാതെ പിടയുകയും ചെയ്യും.
അപ്പോഴെല്ലാം അവളുടെ വിടർന്ന മിഴികളിൽ ഒന്നുകൂടി തുറിച്ച്, കഴുത്തിലെ ഞരമ്പ് തടിച്ചുവരുകയും ചെയ്യുമായിരുന്നു. ആ കാഴ്ച്ച തന്നെ വല്ലാതെ ഭയപ്പെടുത്തുമായിരുന്നു.
പിന്നീട് താനെന്നും കൃത്യസമയത്തു തന്നെ വീട്ടിൽ വരാൻ ശ്രെദ്ധിച്ചിരുന്നു.
താൻ വീട്ടിലുള്ള സമയങ്ങളിൽ എല്ലാം ഒരു നിഴലുപോലെ അവളും കൂടെയുണ്ടാകും.കൂട്ടുകാരോടൊപ്പം ഒന്ന് പുറത്തു പോകാനും, ഒന്നുറക്കെ ചിരിക്കാനും,
എന്തിനേറെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനും താൻ കൊതിച്ചു തുടങ്ങിയിരുന്നു. പതിയെ പതിയെ എനിക്കെന്നെ സ്വയം നഷ്ട്ടപെടുകയായിരുന്നു
തന്റെ സുഹൃത്തുക്കൾ വീട്ടിൽ വന്നാൽ അവൾ അവരെ നന്നായി സൽക്കരിക്കുകയും വളരെ സ്നേഹത്തോടെ പെരുമാറുകയും ചെയ്യും.
എന്നാൽ അവർ പോയി കഴിഞ്ഞാൽ എന്തിനാണ് മഹേഷേട്ടൻ ഇവരെയൊക്കെ നമ്മുടെ വീട്ടിലേക്കു കൊണ്ടു വരുന്നത് ഇവിടെ നമ്മൾ രണ്ടാളും മാത്രം മതി എന്നു പറയും.
സത്യത്തിൽ അവളുടെ ഇത്തരം സ്വഭാവത്തേക്കുറിച്ച് ആരോട് പറഞ്ഞാലും അവരത് വിശ്വസിക്കുകയില്ല എന്ന് തനിക്കറിയാം, അത്ര നല്ല രീതിയിൽ മാത്രമേ അവൾ മറ്റുള്ളവരോട് ഇടപെടാറുള്ളൂ.
ഒരു കുഞ്ഞു ജനിച്ചാൽ ഈ സ്വഭാവം മാറും എന്ന് കരുതി ഒരിക്കൽ താനവളോട് കുഞ്ഞിനെകുറിച്ച് സംസാരിച്ചു,
കുഞ്ഞു ജനിച്ചാൽ മഹേഷേട്ടന്റെ സ്നേഹം മുഴുവൻ കുഞ്ഞിനോടാകും അതുകൊണ്ട് നമുക്ക് കുഞ്ഞുങ്ങൾ വേണ്ടെന്നു പറഞ്ഞ അവളുടെ മറുപടി തന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.
എത്ര നിയന്ത്രിച്ചിട്ടും പിടിച്ചു നിർത്താൻ കഴിയാതെ അന്ന് താനവളോട് ഒരുപാട് ദേഷ്യപ്പെട്ടു.
തൊഴിച്ചെറിഞ്ഞാലും കാൽക്കൽ ഇരുന്നു മോങ്ങുന്ന നായെപ്പോലെ അന്നവൾ തന്റെ കാൽക്കൽ ഇരുന്ന് , മഹേഷേട്ടൻ എന്റേത് മാത്രമാണെന്ന് പറഞ്ഞു ആർത്തലച്ചു കരഞ്ഞു.
അവളിലേക്ക് അവൾ എന്നെ ചേർത്തു ബന്ധിച്ചു എന്നുള്ളതാണ് സത്യം.ഞാൻ അവളെ ഒത്തിരി സ്നേഹിച്ചു പോയിരുന്നു .അതിനാൽ അവളെ സൈക്യാട്രിസ്റ്റിനെ കാണിക്കണം എന്ന് താൻ തീരുമാനിച്ചു.
അവളോട് അതിനെ പറ്റി സൂചിപ്പിച്ചപ്പോൾ
കാതരമായ അവളുടെ മുഖഭാവം വളരെ പെട്ടന്നാണ് മാറിയത്. അവൾ അതി ഭയങ്കരമായി ദേഷ്യപ്പെട്ടു. എന്നെ ഭ്രാന്തിയാക്കിയിട്ടു മഹേഷേട്ടന് വേറെ പെണ്ണ് കെട്ടാനാണ് എന്ന് പറഞ്ഞു സ്വയം തല ഭിത്തിയിൽ ഇടിപ്പിക്കുകയും, ബോധരഹിതയായ് വീഴുകയും ചെയ്തു.
അതോടെ താൻ അവളിൽ നിന്നും ഓടിയൊളിക്കുകയായിരുന്നു.
ആരോടും ഒന്നും പറയാതെ താൻ നാട് വിട്ടു.
കഴിഞ്ഞ മൂന്ന് വർഷമായി ഈ നാടാണ് തന്റെ ലോകം.ഇവിടെ തന്നെ അറിയുന്നവർ ആരുമില്ല.
നാലക്ക ശമ്പളക്കാരനിൽ നിന്നും, അന്നന്നത്തെ അന്നത്തിനായ് കഷ്ട്ടപ്പെടുന്ന വെറുമൊരു ചുമരെഴുത്തുകാരനിലേക്ക് താൻ മാറിയെങ്കിലും, സ്നേഹത്താൽ പൊതിഞ്ഞ ആ കടുത്ത ചങ്ങലക്കണ്ണിയിൽ നിന്നും രക്ഷപെട്ട് ഇവിടെ എത്തിയതിനു ശേഷമാണ് ശരിക്കും ശ്വാസം വിടുന്നത് തന്നെ.
അന്നൊരു തിങ്കളാഴ്ച ആയിരുന്നു. വാതിലിൽ തുടരെയുള്ള മുട്ട് കേട്ടുകൊണ്ടാണ് മഹേഷ് ഉറക്കമുണർന്നത്
വാതിൽ തുറന്നപ്പോൾ കണ്ടത് യമുനയുടെ അച്ഛനെയായിരുന്നു.
നിസഹായത നിറഞ്ഞ മുഖവുമായി നിൽക്കുന്ന ആ വൃദ്ധനോട് ആദ്യം ദേഷ്യമാണ് തോന്നിയത്.
ഒരുപാട് അന്വേഷിച്ചപ്പോഴാണ് മഹേഷ് ഇവിടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞത്.
എനിക്ക് മോനോട് ഒന്ന് സംസാരിക്കണം.
എന്തായാലും പറ. മഹേഷ് അതൃപ്തിയോടെ പറഞ്ഞു.ഇടർച്ചയോടെ വൃദ്ധൻ പറഞ്ഞു തുടങ്ങി.
എന്റെ ഭാര്യ സരോജനി ഒരു നിത്യരോഗി ആയിരുന്നു,
നിർത്താത്ത ചുമയും കടുത്ത ശ്വാസം മുട്ടലും അവളെ വല്ലാതെ അലട്ടിയിരുന്നു.
കിട്ടുന്ന പണമെല്ലാം അവളുടെ ചികിത്സക്കായി ചിലവാകും, എന്നിട്ടും അസുഖത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. ചുമച്ചുചുമച്ചു തൊണ്ടപൊട്ടി ചോര പൊടിയുന്നതും ശ്വാസംകിട്ടാതെ അവൾ പിടയുന്നതുമാണ് വീട്ടിലെ സ്ഥിരം കാഴ്ച.
സരോജിനിയെ ഒറ്റക്കാക്കി എനിക്കൊരു പണിക്കും പോകാൻ പറ്റാതെയായി.
പട്ടിണിയുടെ ദിവസങ്ങൾ ആയിരുന്നു മിക്കവാറും.
അന്ന് യമുനക്ക് എട്ടുവയസു മാത്രമാണ് പ്രായം.സ്കൂളിലെ ഉച്ചകഞ്ഞി കൊണ്ടു മാത്രം വിശപ്പിനെ ശമിപ്പിക്കുന്ന എന്റെ മകളുടെ മുഖം എന്റെ ഉറക്കം കെടുത്തികൊണ്ടിരുന്നു.
കഷ്ട്ടപ്പാടും ദുരിതവും നിറഞ്ഞ, ചോർന്നൊലിക്കുന്ന ആ കൊച്ചു വീട്ടിൽ
ശ്വാസം മുട്ടി പിടയുന്ന അമ്മക്കരുകിൽ ഇരുന്നു കരയുന്ന എന്റെ കുഞ്ഞിനെ കാണുമ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയും.
അങ്ങനെയിരിക്കെ ഒരു ദിവസം ചുമച്ചുചുമച്ചു ചോര തുപ്പി പിടയുന്ന സരോജിനിയുടെ അൽപ്പപ്രാണൻ ഞാൻ എന്റെ ഈ കരങ്ങൾ കൊണ്ടു ഇല്ലാതാക്കി. സംരക്ഷിക്കേണ്ട എന്റെ ഈ കരങ്ങൾ കൊണ്ടു തന്നെ ഞാൻ അവളുടെ ജീവൻ എടുത്തു.
നിത്യരോഗിയായത് കൊണ്ടു തന്നെ അവളുടെ മരണത്തിൽ ആർക്കും ഒരു സംശയവും തോന്നിയില്ല.
പക്ഷെ സ്കൂളിൽ നിന്നും മടങ്ങി വന്ന എന്റെ മോൾ ഇതെല്ലാം കണ്ടു പേടിച്ചു വിറച്ചു നിൽക്കുന്ന കാര്യം ഞാൻ കണ്ടില്ല.
അച്ഛൻ കൂടി നഷ്ട്ടപ്പെടുമോ എന്നോർത്താവണം എന്റെ മകൾ ആരോടും ഒന്നും പറഞ്ഞില്ല.
പിന്നീട് ഞാൻ മറ്റൊരു വിവാഹം കഴിച്ചു.ഞങ്ങൾ രണ്ടാളും യമുനയെ പൊന്നു പോലെയാണ് നോക്കി വളർത്തിയത്.
എന്നാലും പിന്നീട് ഒരിക്കൽ പോലും അവളെന്നോട് സംസാരിച്ചിട്ടില്ല. അച്ഛാ എന്നൊന്ന് വിളിച്ചിട്ട് കൂടിയില്ല. അവളെ സംബന്ധിച്ചു അവളുടെ അമ്മയെ കൊന്ന ഒരുവൻ ആണ് ഞാൻ.
ഒരർത്ഥത്തിൽ അതു ശരിയാണ്.
ഒരിക്കലും മാപ്പില്ലാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്നെനിക്കറിയാം. പക്ഷെ അതെന്റെ മോളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുമെന്ന് ഞാൻ ഓർത്തില്ല.
എന്റെ മോൾ ഒരു പാവം ആണ്.
നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല മോനെ,
നീയവളെ ഉപേക്ഷിച്ചുപോയതോടെ അവളെ മാനസിക രോഗാശുപത്രിയിൽ എത്തിക്കേണ്ട ഗതികേട് വരെ ഈ അച്ഛനുണ്ടായി.
വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ഗദ്ഗദംകൊണ്ടു സംസാരിക്കാൻ അയാൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ഇനിയീ വയസൻ എത്ര നാൾ ഉണ്ടാകുമെന്ന് നിശ്ചയമില്ല.
അതിനു മുൻപ് മഹേഷിനോട് എല്ലാം തുറന്നു പറയണമെന്ന് എനിക്ക് തോന്നി.
എന്റെ മോളെ നീ ഉപേക്ഷിക്കരുത്
അവൾക്കീ ലോകത്തിൽ നീ മാത്രേ ഉള്ളൂ…
വിറയാർന്ന കരങ്ങൾ കൂപ്പിക്കൊണ്ട് അത്രയും പറഞ്ഞ് , ഇടറുന്ന പാദങ്ങളോടെ ആ വൃദ്ധൻ തിരിഞ്ഞു നടന്നു.
ജനൽ പാളിയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ. മഹേഷ് കട്ടിലിൽ നിന്നും എഴുന്നേറ്റു.
മനസ്സിൽ എപ്പോഴും, പെറ്റമ്മയുടെ മരണം മുന്നിൽ കണ്ട ഒരെട്ടു വയസുകാരിയുടെ മുഖം ഓർമ വരുന്നു. അച്ഛൻ അമ്മയെ കൊന്നു മറ്റൊരു സ്ത്രീയെ ജീവിതത്തിലെക്ക് ക്ഷണിച്ചത് കണ്ട് ആ കൊച്ചു മനസ് തകർന്നിട്ടുണ്ടാവാം.
ഒരുപക്ഷെ താനും അവളെ മറന്നു മറ്റാരെയെങ്കിലും സ്നേഹിച്ചാലോ എന്ന ഭയം കൊണ്ടാവാം അവൾ അതിഭ്രാന്തമായ് തന്നെ സ്നേഹിച്ചത്.
താനൊരിക്കലെങ്കിലും അവളെ അതുപോലെ സ്നേഹിക്കാൻ ശ്രെമിച്ചിട്ടുണ്ടോ? തനിക്കവളെ മാറ്റാൻ കഴിയുമായിരുന്നില്ലേ?
താനൊരിക്കലും അതിനു ശ്രെമിച്ചിരുന്നില്ല എന്നതാണ് സത്യം.
എല്ലാം വിട്ടെറിഞ്ഞു പോന്നത് തന്റെ തെറ്റാണ്.
സ്വാർത്ഥനാണ് താൻ. തന്നേക്കുറിച്ച് മാത്രമേ താൻ ചിന്തിച്ചിരുന്നൊള്ളൂ.അയാൾക്ക് യമുനയെ കാണണമെന്ന് തോന്നി..
മാനസികരോഗാശുപത്രിയുടെ നീണ്ട ഇടനാഴിയിൽ ഒറ്റക്കിരുന്ന് എന്തോ ആലോചിക്കുന്ന ആ രൂപം
യമുനയാണെന്നു മഹേഷിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
നീണ്ട മുടി വെട്ടികളഞ്ഞിരിക്കുന്നു. മുഖത്തെ തിളക്കം നഷ്ട്ടപ്പെട്ടു, കണ്ണുകൾ കുഴിയിലാണ്ടിരിക്കുന്നു.
താൻ അടുത്ത് ചെന്നത് അവൾ അറിയുന്നു പോലുമില്ല. മറ്റേതോ ലോകത്തിൽ എന്നപോലെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ കുറ്റബോധം കൊണ്ടു അയാളുടെ മിഴികൾ നിറഞ്ഞു.
അവളുടെ തോളിൽ കൈ വച്ചപ്പോൾ അവൾ തുറിച്ചു നോക്കുകയും കാണെക്കാണേ
അവളുടെ കണ്ണുകളിൽ അവിശ്വാസം നിറയുന്നതും,
ചുണ്ടുകൾ വിതുമ്പലിൽ വിറക്കുന്നതും അയാൾക്ക് കണ്ടു നില്ക്കാനായില്ല. മെല്ലിച്ച ആ രൂപത്തിനെ മാറോടു ചേർക്കുമ്പോൾ അത്ര നാൾ അടക്കിപിടിച്ച എല്ലാ സങ്കടങ്ങളും അലിഞ്ഞില്ലാതാകുന്നത് അയാൾ തിരിച്ചറിഞ്ഞു.
രണ്ടു വർഷങ്ങൾക്ക് ശേഷം.യമുനേ…… ഞാൻ പോകുവാ എനിക്കുള്ള ഫുഡ് എവിടെ?ടേബിളിൽ വച്ചിട്ടുണ്ട് മഹേഷേട്ടാ….
നിനക്കൊന്നു എടുത്തു തന്നാൽ എന്താഇതൊന്ന് എടുത്ത് കഴിക്കാൻ മഹേഷേട്ടന് പറ്റില്ലേ? എല്ലാം ഞാൻ തന്നെ ചെയ്തു തരണമെന്ന് വച്ചാൽ എന്താ ചെയ്യുക?
നീ എടുത്തു തന്നാലാടി എന്റെ വിശപ്പ് മാറൂ…
അയാൾ പറഞ്ഞു.
ഉവ്വ… അല്ലാതെ വിളമ്പി കഴിക്കാനുള്ള മടികൊണ്ടല്ല അല്ലേ?
അവൾ അയാളെ കളിയാക്കി.അവളുടെ ഒക്കത്തിരുന്നു ഒരു കുഞ്ഞി പൈതൽ പല്ലില്ലാത്ത വായ തുറന്ന് നിഷ്കളങ്കമായ് ചിരിക്കുന്നുണ്ടായിരുന്നു.