ആദ്യരാത്രി പോലും അവൾ തന്റെ തുടർ വിദ്യാഭ്യാസത്തെ കുറിച്ചാണ് ആവലാതിപ്പെട്ടത്. ഷാൻ വീണ്ടും അവൾക്ക് വാക്ക് കൊടുത്തു.

(രചന: ഷാൻ കബീർ)

“ഉമ്മാ, ഈ പെണ്ണിനേം കൂടി ഞാൻ കാണും. ഇതും മുടങ്ങിയാൽ പിന്നെ ഷാനിന്റെ ജീവിതത്തിൽ കല്യാണം എന്ന് പറയുന്ന സാധാനമില്ല”

പെണ്ണിന്റെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങാൻ നേരം ഷാൻ ഉമ്മയോട് ദയനീയമായി പറഞ്ഞു. ഉമ്മ അവനെ ആശ്വസിപ്പിച്ചു

“ഇത് മുടങ്ങില്ല മോനേ, നമുക്ക് അറിയാവുന്ന കൂട്ടരാ ഇത്”ഷാൻ ഉമ്മയെ നോക്കി

“കഴിഞ്ഞ പ്രാവശ്യം കണ്ട കുട്ടിക്ക് മുട്ടായി വരെ കൊടുത്ത് ഓക്കേ ആയതായിരുന്നു. അതുവരെ നാട്ടുകാർ മുടക്കിയില്ലേ. ഇപ്പൊത്തന്നെ പത്തിരുപത് പെൺക്കുട്ടികളെ കണ്ടു. ഇനീം ഇങ്ങനെ അണിഞ്ഞൊരുങ്ങിപ്പോയി നാണം കെടാൻ വയ്യ”

ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി”ആഹാ, ന്റെ മോൻ നാട്ടുകാരെ പേടിച്ച് കല്യാണം കഴിക്കാതിരിക്കാൻ പോവാണോ…? എടാ നമ്മുടെ കാര്യത്തിൽ മാത്രല്ല.

കല്യാണം അന്വേഷിക്കുന്ന സമയത്ത് ഒരു പണിയും ഇല്ലാതെയിരിക്കുന്ന അലവലാതികൾക്ക് ഓരോ കുറ്റങ്ങൾ പറഞ്ഞ് ആ കല്യാണം മുടക്കുന്നത് ഒരു ലഹരിയാണ്.

പെണ്ണിന്റെ വീട്ടുകാർ ആണെങ്കിലോ കൃത്യായിട്ട് ആ അലവലാതികളോട് തന്നെ പോയി അന്വേഷിക്കുകയും ചെയ്യും. നാട്ടിലെ നല്ല തറവാട്ടിൽ പിറന്ന ആരോടും അവർ ചെക്കനെ കുറിച്ച് അന്വേഷിക്കേം ഇല്ല”

ഒന്ന് നിറുത്തിയിട്ട് ഉമ്മ ഷാനിനെ നോക്കി”നീ ഇറങ്ങിക്കേ, അവര് നോക്കുന്നുണ്ട്”

ഷാൻ പുഞ്ചിരിച്ച മുഖത്തോടെ പെണ്ണിന്റെ ഉപ്പയേയും അമ്മാവന്മാരേയും നോക്കി സലാം പറഞ്ഞ് വീട്ടിലേക്ക് കയറി. ഷാനിനേയും അവന്റെ കൂടെയുള്ള സുഹൃത്തുക്കളേയും ഉമ്മയേയും

പെണ്ണിന്റെ വീട്ടുകാർ സ്വീകരിച്ചിരുത്തി. അടുക്കളയിൽ നിന്നും കുറേ താത്തമാർ തലനീട്ടി ഷാനിനെ നോക്കുന്നുണ്ട്. ഷാനിന് ശരിക്കും നാണം വന്നു.

പെണ്ണ് ചായയും കൊണ്ട് വന്നപ്പോൾ നാണം കൊണ്ട് അവന് അവളുടെ മുഖം നോക്കാൻ ഒരു മടി. ചായ സൽക്കാരം കഴിഞ്ഞ് പെണ്ണിന്റെ ഉപ്പ ഷാനിനെ വിളിച്ചു”മോനേ, മോളോട് എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിച്ചോളൂ”

ഷാനിന്റെ മുഖത്ത് വീണ്ടും നാണം. ഉപ്പ മോളെ വിളിച്ചു. അവൾ ഒരു റൂമിൽ കയറി ഷാൻ പിന്നാലെ ചെന്നു. ഉപ്പ ആ റൂമിന്റെ വാതിൽ പാതി അടച്ചു. ഷാൻ നാണം കാരണം കാലിന്റെ പെരുവിരൽ കൊണ്ട് വട്ടം വരച്ച് പെണ്ണിനെ നോക്കി

“ന്താ പേര്…?”അവൾ മെല്ലെ മുഖം ഉയർത്തി”ഷാഹിന”അപ്പോഴാണ് ഷാൻ അവളുടെ മുഖം ശരിക്കും കണ്ടത്. അപ്പോൾ തന്നെ അവൻ മനസ്സിൽ ഉറപ്പിച്ചു. ഇതുതന്നെ എന്റെ പെണ്ണ്.

“എന്നെ ഇഷ്ടായോ…?”ഷാഹിന ഒന്ന് മൂളി… ഷാനിന് തുള്ളിചാടാൻ തോന്നിയെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു. ഷാഹിന ഷാനിനെ നോക്കി

“അതേയ്, എനിക്ക് പഠിക്കാൻ ഭയങ്കര ഇഷ്ടാണ്. ഇങ്ങള് ന്നെ കല്യാണം കഴിച്ചാൽ തുടർന്ന് പഠിക്കാൻ സമ്മയ്ക്കോ…?”

“തീർച്ചയായും, നിന്റെ ഏത് ആഗ്രഹത്തിനും ഞാൻ കട്ടക്ക് കൂടെ ഉണ്ടാകും”ഷാഹിനായുടെ മുഖത്ത് സന്തോഷം വിരിഞ്ഞു.

പിന്നീട് കാര്യങ്ങളെല്ലാം ചടപെടേ എന്നായിരുന്നു. കല്യാണം മുടക്കികളെ വാച്ച് ചെയ്യാൻ ഷാൻ തന്റെ അടുത്ത സുഹൃത്തുക്കളെ ഏർപ്പാടാക്കി. അങ്ങനെ മുട്ടായി കൊടുക്കലും ഫോൺ

കൊടുക്കലുമൊക്കെ കഴിഞ്ഞു. ദിവസവും അവർ മണിക്കൂറുകളോളം ഫോണിലൂടെ സംസാരിച്ചു. കോഴി കൂവുമ്പോഴാണ് നേരം വെളുക്കുന്നത് പോലും അവർ അറിഞ്ഞിരുന്നത്.

കല്യാണത്തിന് ശേഷം തന്റെ പഠിത്തം മുടക്കരുത് എന്ന് ഷാഹിന ആവർത്തിച്ചു. പഠിപ്പെന്നാൽ അവൾക്ക് ആവേശമാണെന്ന് ഷാനിന് മനസിലായി. അവളുടെ ആഗ്രഹത്തിന് കൂടെ നിക്കുമെന്ന് ഷാൻ ഉറപ്പ് കൊടുത്തു.

അങ്ങനെ അവരുടെ കല്യാണം കഴിഞ്ഞു. ആദ്യരാത്രി പോലും അവൾ തന്റെ തുടർ വിദ്യാഭ്യാസത്തെ കുറിച്ചാണ് ആവലാതിപ്പെട്ടത്.

ഷാൻ വീണ്ടും അവൾക്ക് വാക്ക് കൊടുത്തു. ഷാനിന് അഭിമാനം തോന്നി, പഠിക്കാൻ ഇത്രക്ക് താല്പര്യമുള്ള ഒരു പെണ്ണിനെ തനിക്ക് ഭാര്യയായി കിട്ടിയതിൽ…

ഷാഹിനയുടെ കുടുബക്കാരുടെ വീട്ടിൽ സൽക്കാരത്തിന് പോയപ്പോൾ പോലും അവരെല്ലാം കൂടുതലും സംസാരിച്ചത് ഷാഹിന പഠിക്കാൻ മിടുക്കി ആണെന്നും

അവളുടെ പഠിപ്പ് ഒരിക്കലും മുടക്കരുത് എന്നുമാണ്. ഷാൻ അവർക്കൊക്കെ വാക്ക് കൊടുത്തു, ഷാഹിനക്ക് പഠിക്കാനുള്ള എല്ലാ സപ്പോർട്ടും കൊടുക്കുമെന്ന്.

കുറച്ച് ദിവസത്തിന് ശേഷം കോളേജ് തുറന്നു. എന്നും രാവിലെ ഷാഹിനയെ തന്റെ കാറിലോ ബുള്ളറ്റിലോ ഷാൻ കോളേജിൽ കൊണ്ടാക്കി വൈകുന്നേരം തിരിച്ച് കൊണ്ടുവരും.

ഷാനിന്റെ കാര്യങ്ങളൊക്കെ അവൻ ഒറ്റക്ക് ചെയ്തു. ഒന്നിനും അവൻ ഷാഹിനയെ ബുദ്ധിമുട്ടിച്ചില്ല. അവളോട് പഠിത്തത്തിൽ മാത്രം കോൺസൻട്രേറ്റ് ചെയ്യാൻ പറഞ്ഞു.

ഇതിനിടയിൽ ഷാഹിനക്ക് താജ് മഹൽ കാണാൻ ഒരു പൂതി. അങ്ങനെ കോളേജിൽ നിന്നും കുറച്ച് ദിവസം ലീവെടുത്ത് അവർ താജ് മഹലൊക്കെ കണ്ട് ചുറ്റിയടിച്ച് വന്നു.

അത് കഴിഞ്ഞ് രണ്ടുപേരും ഓരോ സ്ഥലങ്ങളിൽ ഇങ്ങനെ കറങ്ങി നടന്നു. ജീവിതം അവർ ശരിക്കും ആസ്വദിച്ചു. ഇതിനിടയിൽ ഷാൻ അവളോട് ചോദിക്കുന്നുണ്ടായിരുന്നു

“എടോ, നമ്മളിങ്ങനെ കറങ്ങി നടന്നാൽ നിന്റെ പഠിത്തം കുളാവൂലേ…?”ഇത് കേട്ടതും ഷാഹിനയുടെ മുഖം ചുവന്ന് തുടുത്തു

“ഓഹ്, അതുശരി എന്റെ കൂടെ ഇങ്ങനെ കറങ്ങി നടന്ന് ഇങ്ങക്ക് മടുത്തല്ലേ… എല്ലാ ആണുങ്ങളും ഇങ്ങനാ, കുറേ കഴിയുമ്പോൾ മടുക്കും അവർക്ക്”

“എന്റെ പൊന്നോ, അതല്ല നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹല്ലേ പഠിക്കണം എന്നത്. അതോണ്ട് പറഞ്ഞതല്ലേ ഞാൻ”

ഷാഹിന തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി ഷാനെ നോക്കി

“എനിക്ക് മനസ്സിലാകുന്നുണ്ട് ഇക്കാ ഇങ്ങളുടെ മാറ്റം. ഞാനൊരു ഭാരമായി തുടങ്ങി അല്ലേ ഇങ്ങക്ക്. എന്നെ പറ്റാണ്ടായെങ്കിൽ എന്റെ വീട്ടിൽ കൊണ്ടാക്കിയേക്ക്, അവര് നോക്കിക്കോളും എന്നെ”

ഷാഹിന തേങ്ങി. ഷാൻ ഒന്നും മനസിലാവാതെ അന്തംവിട്ട് നിന്നു. ഷാഹിന ദൂരെയുള്ള ഒരു മലയിലേക്ക് നോക്കി നിന്ന് കണ്ണീർ പൊഴിച്ചു. എന്നിട്ട് ഫോണെടുത്ത് നാവ് പുറത്തേക്കിട്ട് ഒരു സെൽഫിയെടുത്ത് വീണ്ടും ഷാനിനെ നോക്കി കണ്ണീർ പൊഴിച്ചു…

ചുരുക്കി പറഞ്ഞാൽ ഷാഹിന പിന്നെ കോളേജിൽ പോയിട്ടില്ല. അവള് ഷാനിനെ പ്രണയിച്ച് അവന്റെ നെഞ്ചോട് ചേർന്ന് ജീവിച്ചു. ഷാന് ആണേൽ അവളോട് കോളേജിൽ പോവാൻ പറയാൻ പേടിയും, കാരണം കോളേജിൽ പോവാൻ പറഞ്ഞാൽ അപ്പോ സെന്റി തുടങ്ങും. ഇതിനിടയിൽ ഷാഹിന ഗർഭിണിയായി.

ഷാഹിന ഗർഭിണി ആയപ്പോൾ അവളുടെ വീട്ടുകാരും കുടുംബക്കാരും ഞെട്ടി. നന്നായി പഠിക്കുന്ന ഒരു പെണ്ണിന്റെ ജീവിതം നാല് ചുവരുകൾക്കുള്ളിൽ ഒതുക്കിയ ചതിയനായ ഷാനിനെ നോക്കി എല്ലാവരും മുറുമുറുത്തു. വീട്ടുകാരും കുടുംബക്കാരും ഷാഹിനയെ ആശ്വസിപ്പിച്ചു.

വർഷങ്ങൾക്ക് ശേഷം…തന്റെ കൂടെ പഠിച്ചവർക്ക് നല്ല ജോലിയൊക്കെ കിട്ടിയത് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മനസിലാക്കിയ ഷാഹിന തന്റെ കുട്ടികളെ ചേർത്ത് പിടിച്ച് ഒരു സെൽഫി എടുത്ത് അന്നുതന്നെ ഒരു സ്റ്റാറ്റസ് അങ്ങിട്ടു

“കല്യാണം ഒരു തടവറയാണ്. കൂട്ടിലിട്ട പക്ഷി. പക്ഷേ, ഒരുനാൾ ആ പക്ഷി സ്വാതന്ത്ര്യയാകും. നമ്മൾ ആർക്കും അടിമകളല്ല. നീതി ഇല്ലങ്കിൽ നീ “തീ” ആവുക”

തന്റെ ഓഫീസിൽ ഇരുന്ന് ഫോണിൽ തോണ്ടി കളിക്കുമ്പോഴാണ് ഷാഹിനയുടെ ഈ സ്റ്റാറ്റസ് ഷാനിന്റെ കണ്ണിൽ പെട്ടത്. അത് കണ്ടപ്പോൾ വായും പൊളിച്ച് നിക്കുമ്പോഴാണ് ഷാഹിനയുടെ ഫോൺ വരുന്നത്. ഷാൻ ഫോണെടുത്തു

“ഇക്കാ, എനിക്ക് ഇനിയും ഇങ്ങളുടെ അടിമയായി ഇങ്ങനെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ഞെരുങ്ങി ജീവിക്കാൻ പറ്റില്ല. നിങ്ങൾക്ക് വേണ്ടി എന്റെ പഠിത്തം വരെ ഞാൻ ഉപേക്ഷിച്ചു.

ഇനി എനിക്ക് ഇങ്ങനെ പറ്റില്ല. എനിക്ക് പഠിക്കണം. അതിനുള്ള ഏർപ്പാട് പെട്ടന്ന് നോക്കീ”ഷാൻ ഒന്നും മിണ്ടാതെ തലയാട്ടി മേലോട്ട് നോക്കി…

 

Leave a Reply

Your email address will not be published. Required fields are marked *