ഭ്രാന്ത്
(രചന: Ahalya Sreejith)
” ഡാ നിന്നെ ഞാൻ ” പെട്ടെന്ന് കിട്ടിയ ചവിട്ടേറ്റു നന്ദു മറു വശത്തേക്ക് തെറിച്ചു വീണു. ഭയന്നു വിറച്ച മിഴികളോടെ അവൻ നരേഷിനെ നോക്കി.
കലി തുള്ളി നിൽക്കുന്ന നരേഷ് ആലില കണക്കെ നിന്ന് വിറക്കുന്നുണ്ടായിരുന്നു. പൊടുന്നനെ അവൻ നന്ദുവിന്റെ കോളറിനു കുത്തി പിടിച്ചു എഴുനേൽപ്പിച്ചു.
” ഡാ നീ എന്തിനാടാ എന്റെ അമ്മു ഡ്രസ്സ് മാറുന്നത് ഒളിഞ്ഞു നോക്കിയത്? ”
ശബ്ദം കേട്ടു അമ്മു വാതിൽ തുറന്നു പുറത്തേക്ക് ഓടി വന്നു. അപ്പോഴേക്കും അടുക്കളയിലായിരുന്ന അമ്മയും എത്തിയിരുന്നു.
” എന്താ നരേഷ് ഇവിടെ? ” അമ്മ നെഞ്ചിടിപ്പോടെ ചോദിച്ചു. നരേഷിന്റെ ചുണ്ടിൽ ഒരു പുച്ഛഭാവം ഉണർന്നു. അവൻ അമ്മയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
” അമ്മയുടെ ഈ പുന്നാര പൊട്ടൻ അല്ല വട്ടൻ മോൻ ഉണ്ടല്ലോ അമ്മു ഡ്രസ്സ് മാറുന്നത് താക്കോൽ പഴുതിലൂടെ ഒളിഞ്ഞു നോക്കുവായിരുന്നു ”
“നിർത്തെടാ ” അമ്മ നരേഷിന് നേരെ ആക്രോശിച്ചു.” നീ എന്താ പറഞ്ഞെ എന്റെ കുട്ടി അമ്മുനെ ഒളിഞ്ഞു നോക്കിന്നോ എന്റെ കുട്ടി അങ്ങനെ ചെയ്യില്ലടാ ”
” ഓ ഇല്ല വട്ടൻ ആണേലും വികാരങ്ങൾ ഒക്കെ ഉള്ള കൂട്ടത്തില ഇവൻ. നാളെ എന്റേം. അമ്മുന്റെയും വിവാഹം കഴിഞ്ഞാൽ ഞങളുടെ കിടപ്പറയിൽ ഉളിഞ്ഞു നോക്കില്ലന്ന് ആര് കണ്ടു ”
നരേഷ് പറഞ്ഞു തീർന്നതും അമ്മയുടെ വലതു കൈ അവന്റെ കവിൾ പതിച്ചതും ഒരു പോലെ ആയിരുന്നു. അമ്മുവിന്റെ മുൻപിൽ വെച്ച് പ്രതീക്ഷിക്കാതെ കിട്ടിയ അടി അവനെ ഇളിഭ്യനാക്കി.
ഇതെല്ലാം കണ്ടും കെട്ടും പേടിച്ചു നന്ദു ഒരു മൂലയിൽ ഒതുങ്ങി നിൽപുണ്ടായിരുന്നു. അമ്മ അവനരികിലേക്ക് എത്തി. ആ കവിൾ തലോടി നിറകണ്ണുകളോടെ ചോദിച്ചു.
” എന്റെ മോൻ എന്തിനാ അമ്മുന്റെ മുറിയിൽ പോയെ? “അവൻ വിതുമ്പി കൊണ്ട് കൈയിൽ ഇരുന്ന ഒരു പൊതി അമ്മക്ക് നേരെ നീട്ടി. അമ്മ അത് വാങ്ങി തുറന്നു നോക്കി. അതിൽ നിറയെ ചുവന്നു തുടുത്ത ചാമ്പക്ക ആയിരുന്നു.
” ഞാൻ ഈ ചാമ്പക്ക അമ്മുട്ടിക് കൊടുക്കാൻ പോയതാ അമ്മേ അല്ലാണ്ട് അമ്മുട്ടിയെ ഒളിഞ്ഞു നോക്കാൻ പോയതല്ല അമ്മൂട്ടിക് ചാമ്പക്ക വല്യഷ്ടല്ലേ ദാ അമ്മൂട്ടി”
അവൻ ചാമ്പക്ക അമ്മുന് നേരെ നീട്ടി. അമ്മുവിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
അവന്റെ കണ്ണിലെ നിഷ്കലങ്കമായ സ്നേഹം എന്തോ അവളിലും വല്ലാണ്ട് പ്രതിഫലിച്ചു. അവൾ നിരകണ്ണുകളോടെ ആ പൊതി വാങ്ങാൻ കൈ നീട്ടി. പെട്ടെന്നാണ് ഒരു കൈ ആ പൊതി തട്ടി മാറ്റി മുന്നോട്ട് വന്നത്.
” നിന്റെ ചാമ്പക്ക ഇവൾക്ക് വേണ്ട നീ കൊണ്ടോയി തന്നെ തിന്നട “” നരേഷേട്ടാ ” അമ്മു ദേഷ്യത്തോടെ വിളിച്ചു. നരേഷ് അവളെ ഒന്ന് നോക്കി.
” നരേഷേട്ടന് എന്താ ഭ്രാന്താണോ? നന്ദു ഏട്ടൻ എന്ത് തെറ്റാ നരേഷേട്ടനോട് ചെയ്തേ?
ഒന്നുവല്ലെങ്കിലും സ്വന്തം അനിയനല്ലേ നരേഷേട്ടനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അല്ലെ നന്ദുവേട്ടൻ പാറയിൽ നിന്ന് വീണു ഈ ഗതിയിൽ ആയത് അഞ്ചു വർഷങ്ങൾക്കു മുൻപ് നടന്നതൊക്കെ ഏട്ടൻ ഇത്ര പെട്ടെന്ന് മറന്നോ? ”
അമ്മുവിന്റെ ചോദ്യത്തിന് മുൻപിൽ പകച്ചു പോയ നരേഷ് അമ്മയെയും നന്ദുവിനെയും മാറി മാറി ഒന്ന് നോക്കിയിട്ട് ദേഷ്യത്തോടെ പുറത്തേക്ക് നടന്നു.
അമ്മു താഴെ ചിന്നി ചിതറി കിടന്നിരുന്ന ചാമ്പക്ക മുഴുവൻ പെറുക്കിഎടുത്തു മുറിയിലേക്ക് പോയി. നന്ദു അപ്പോഴും അമ്മയുടെ കൈ തണ്ടയിൽ പറ്റി ചേർന്ന് നില്കുകയായിരുന്നു.
രാത്രിയിൽ നിലാവത്തു ഉലാത്തുവായിരുന്ന നരേഷിന് അരികിലേക്ക് അമ്മ ചെന്നു.
” നരേഷ് എനിക്ക് നിന്നോട് ചിലത് സംസാരിക്കാൻ ഉണ്ട് ” നരേഷ് ഗൗരവത്തോടെ അമ്മയെ നോക്കി.
” ഉം ആ വട്ടനെ പറ്റി ആയിരിക്കും അവനെ വല്ല ഭ്രാന്തലയത്തിലും കൊണ്ട് വിടാൻ ഞാൻ ആകുന്നത് പറഞ്ഞതല്ലേ അപ്പൊ അമ്മക്ക് പറ്റില്ല.. ഇനി എന്തൊക്കെ അവൻ ഇവിടെ ഒപ്പിച്ചു കൂട്ടുമോ എന്തോ ”
” നിർത്തെടാ നീ ഇനി അവനെ പറ്റി മോശമായിട് എന്തെങ്കിലും നിന്റെ നാവിന് വന്നാൽ ആ നാവു ഞാൻ പിഴുതെറിയും ” അമ്മയുടെ കണ്ണുകളിൽ കോപഗ്നി പടർന്നു.
ഇത് കണ്ടു ആദ്യമൊന്നു ഭയന്നെങ്കിലും നരേഷ് ധൈര്യം വീണ്ടെടുത്തു അമ്മയോട് എതിരിടാൻ സജ്ജമായി.
” അല്ലേലും സത്യം പറയുമ്പോൾ അമ്മക്ക് കലിപ്പാ ഹാ അനുഭവിക്കു നിങ്ങൾ ഒക്കെ “” എന്താടാ അതിനു സത്യം? നീ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ?
ഇത്രയും നാളും ഞാൻ മനസിൽ കൊണ്ട് നടന്ന ഒരു വലിയ സത്യമുണ്ട് അത് പുറം ലോകം അറിഞ്ഞാൽ അന്നോടെ തീരും നിന്റെ ഈ ചാട്ടം ”
” ഹ അമ്മയെന്താണീ പറയുന്നേ എന്ത് സത്യമാ അമ്മക്ക് അറിയാവുന്നെ? ” നരേഷിന്റെ ആകാംഷഭരിതമായ ചോദ്യത്തിൽ എന്തോ ഒന്ന് മറക്കുന്നതിന്റെ നിഴൽ പാട് അമ്മക്ക് കാണാമായിരുന്നു.
” നരേഷ് നീ സത്യം പറ എന്റെ നന്ദൂനെ ഈ നിലയിൽ ആക്കിയതിൽ നിനക്കൊരു പങ്കുമില്ലേ? ” അമ്മയുടെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം സ്തബ്ദൻ ആയി നിന്നെങ്കിലും ധൈര്യം വീണ്ടെടുത്തു അവൻ ചോദിച്ചു
” എനിക്കോ എന്ത് പങ്കു? പാറയുടെ മുകളിൽ നിന്നു കാല് തെറ്റി അവൻ വീണതിൽ എനിക്കെന്ത് പങ്കു? “” നീ മിണ്ടരുത് ” അമ്മയുടെ കണ്ണുകൾ ചുവന്നു.
” പാറയുടെ മുകളിൽ നിന്നു അവൻ വീണതാണോടാ നീ അവനെ വീഴ്ത്തിയത് അല്ലെ? “” അമ്മേ എന്ത് പ്രാന്താണ് ഈ പറയുന്നത്? ” അവൻ ആക്രോശിച്ചു.
” പ്രാന്തല്ലടാ സത്യം മാത്രം.. അമ്മുവിനോടുള്ള നന്ദുവിന്റെ ഇഷ്ടം നിന്നെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു അങ്ങന
പോയാൽ അമ്മു നന്ദുവിനു സ്വന്തമാകും എന്ന് നീ ഭയന്നിരുന്നു അതല്ലെടാ നീ ആ മഹാപാപം സ്വന്തം കൂടപിറപ്പിനോട് ചെയ്തത്? “” അമ്മേ ”
” നീ സംസാരിക്കല്ല് ഇനി.. നീ നന്ദുനെ ഇല്ലാതാക്കാൻ നിന്റെ കൂട്ടുകാരന്റെ സഹായം തേടി പോയപ്പോൾ നീ
അറിഞ്ഞിരുന്നില്ല ഇതൊക്കെ കേട്ടു നിന്റെ കൂട്ടുകാരന്റെ അമ്മ ഇരിപ്പുണ്ടായിരുന്നു എന്ന് അവരും ഒരു അമ്മയായ്തു കൊണ്ട് ആ വിവരം എന്നോട് വന്നു പറഞ്ഞു.
വിശ്വാസം വരാത്ത മനസുമായി നിങ്ങളെ തേടിഎത്തിയ ഞാൻ കണ്ടത് എന്റെ നന്ദു പറകെട്ടിൽ നിന്നു വീണു പിടയുന്നതാണ്. .. ഇനി നീ പറ നരേഷേ ഇതല്ലേ സത്യം? ”
ഇത് കേട്ടു നരേഷിനു കുറ്റബോധം കൊണ്ട് ശിരസ്സ് കുമ്പിട്ടു നിൽക്കാനേ കഴിഞൊള്ളൂ.
” നീ അമ്മുവിനെ സ്വന്തമാക്കാൻ അല്ലായിരുന്നോ ഇ ക്കാലമത്രയും ഈ നാടകങ്ങൾ കളിച്ചത് അത് കൊണ്ട് തന്നെയല്ലേ എന്റെ നന്ദുനെ നല്ലൊരു
ഡോക്ടറെ കാണിക്കാതെ വട്ടനാക്കി ചിത്രീകരിച്ചത് ചങ്ങലക്കു വരെ പൂട്ടിയിട്ടില്ലേ നീ എന്റെ കുഞ്ഞിനെ ”
” അമ്മേ എന്നോട് പൊറുക്കണം അമ്മു എനിക്ക് ഒരു ഭ്രാന്ത് തന്നെയായിരുന്നു അവളെ എന്റേത് മാത്രം ആക്കണംഎന്ന ചിന്ത കൊണ്ടാണ് ഞാൻ നന്ദുനെ അന്ന്….. ”
അവൻ വാക്കുകൾ കിട്ടാതെ പരതി കൊണ്ടിരുന്നു. അമ്മ പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.
” ഇ കാലമത്രയും ഈ സത്യം മൂടി വെച്ച് നിന്നെ സംരക്ഷിച്ച ഞാനാണ് മഹാപാപി ഇനി എനിക്ക് പൊറുക്കാൻ വയ്യട നിന്നോട് ഈ സത്യം അമ്മു എങ്കിലും അറിയണം ”
” അമ്മേ വേണ്ട അമ്മു ഇതറിഞ്ഞാൽ എന്നെ വെറുക്കും ” അവൻ അമ്മയോട് കെഞ്ചി. അപ്പോളും അവൻ അറിഞ്ഞിരുന്നില്ല ഇതെല്ലാം കേട്ടു അമ്മു അവർക്കു പിന്നിൽ നിൽപ്പുണ്ടായിരുന്നു എന്ന സത്യം.
നരേഷ് തിരിഞ്ഞു നോക്കിയത് അമ്മുവിന്റെ മുഖത്തേക്കായിരുന്നു. അവൻ ഒരു ഞെട്ടലോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി കലങ്ങിയ ആ മിഴികളിൽ അവനോടുള്ള വെറുപ്പും ദേഷ്യവും ഇടകലർന്നു ഒഴുകിയിരുന്നു.
” അമ്മു ” അവൻ ആത്മഗതം എന്നോണം പറഞ്ഞു. അപ്പോഴേക്കും അമ്മു കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി പോയിരുന്നു.
” അമ്മു നില്ക്കു ഞാൻ പറയുന്നതൊന്നു കേൾക്കു ” നരേഷ് ഒരു ഭ്രാന്തനെ പോലെ അവൾക്കു പിന്നാലെ ഓടി. ഇതെല്ലാം കണ്ടിട്ടും അമ്മക്ക് ഒരു ഭാവഭേദവും തോന്നിയില്ല.
നരേഷ് പിന്നാലെ എത്തുമ്പോഴേക്കും അമ്മു നന്ദു വിന്റെ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു.
അവൻ വാതിലിൽ ആഞ്ഞു തട്ടി.
‘ അമ്മു വാതിൽ തുറക്ക് ഞാൻ പറയുന്നതൊന്നും കേൾക്കു അമ്മു ”
നരേഷ് പറയുന്നതൊന്നും ചെവി കൊള്ളാതെ അവൾ കട്ടിലിൽ ചുരുണ്ടു കിടന്നിരുന്ന നന്ദുവിനു അരികിലെത്തി. കരഞ്ഞു തളർന്നു ഉറങ്ങുകയാണ് അവൻ. അവൾ അവന്റെ നെറുകിൽ വാത്സല്യത്തോടെ തലോടി.
നരേഷിന്റെ ആക്രമണത്തിൽ അവന്റെ നെറ്റി പൊട്ടിയിരുന്നു അതിൽ നിന്നു ഇപ്പോഴും ചോര തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു.
അമ്മുവിന്റെ കരസ്പർശം ഏറ്റിട്ടെന്നോണം നന്ദു കണ്ണ് തുറന്നു. അമ്മുവിനെ കണ്ടതും കട്ടിലിൽ നിന്നു അവൻ ചാടി എണീറ്റു.
” അമ്മൂട്ടി.. ഇത് കണ്ടോ അമ്മൂട്ടി എന്റെ നെറ്റിയിൽ ചോര.. നിക്ക് നന്നായി വേദനിക്കുന്നു ” അവൻ അവളെ നോക്കി ചിണുങ്ങി. അമ്മു അവനരികിൽ ഇരുന്നു നെറ്റിയിൽ തലോടി.
” യ്യോ അമ്മൂട്ടി പൊക്കോ ഏട്ടൻ കണ്ടാൽ എന്നെ കൊല്ലും ” അവൻ ഭയപ്പാടോടെ അവളെ തട്ടി മാറ്റി.
” ഇല്ല നന്ദുവേട്ടാ ഏട്ടൻ ഇനി ഒന്നും പറയില്ല അഥവാ ഇനി എന്തെങ്കിലും പറഞ്ഞാൽ തന്നെ ഈ അമ്മു നന്ദുവേട്ടനെ ഇട്ടിട്ട് എങ്ങും പോകില്ല ”
ഇത്രയും പറഞ്ഞു അവൾ അവനോട് ഒന്നുകൂടെ ചേർന്നിരുന്നു. ന്റെ നന്ദുവേട്ടൻ വല്ലതും കഴിച്ചാരുന്നോ? ”
” ഇല്ല അമ്മൂട്ടി നിക്കൊന്നും വേണ്ട ” അവൻ അവളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു.
” അത് പറഞ്ഞാൽ പറ്റില്ല ന്റെ കൂടെ വന്നേ ഞാൻ ചോറെടുത്തു തരാം ” അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചെണീപ്പിച്ചു.” നിക്ക് വേണ്ട അമ്മൂട്ടി ”
” നന്ദുവേട്ടന് വേണ്ടേൽ ഈ അമ്മൂട്ടിയും ചോറ് കഴിക്കില്ലാട്ടോ പിന്നെ നാളെ എന്റെ അച്ഛനും അമ്മേം വരുമ്പോൾ ഉടൻ തന്നെ വീട്ടിൽ പോകുകേം ചെയ്യും ”
” യ്യോ വേണ്ട അമ്മൂട്ടി.. അമ്മൂട്ടി മാമനും മാമിയും വന്നാലും പോകണ്ട..ഞാൻ ചോറ് കഴിച്ചോളാം “” ന്നാൽ വാ ”
അമ്മു നന്ദുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് മുറിക്കു വെളിയിലേക്ക് വന്നു. പുറത്ത് നരേഷും അമ്മയും ആകാംഷയോടെ നിൽപുണ്ടായിരുന്നു.
ആ കാഴ്ച കണ്ടു നരേഷ് നടുങ്ങിയെങ്കിലും അമ്മക്ക് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.” വല്യമ്മേ നന്ദുവേട്ടന് വിശക്കുന്നുണ്ട് ഞാൻ ചോറ് കൊടുക്കട്ടെ
” അതിനെന്താ മോൾ എടുത്തു കൊടുത്തോ ” അമ്മ നരേഷ്ണിനെ ഒന്ന് ഇടം കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു. അമ്മു നരേഷിന് മുൻപിൽ കൂടെ നന്ദുവിന്റെ കൈയും ചേർത്ത് പിടിച്ചു അടുക്കളയിലേക്ക് പോയി.
അവനിഷ്ടമുള്ള മാമ്പഴ പുളുശേരിയും ക്യാബേജ് തോരനും അമ്മു പത്രത്തിൽ വിളമ്പി അവന്റെ അരികിൽ വെച്ചു. ഇതെല്ലാം കണ്ടു നരേഷിന്റെ മിഴികൾ അസൂയയുടെ കൂടാരമാകുന്നത് അവൾ കണ്ടു.
അതിനാലകാം നന്ദുവിനു മുൻപിൽ ഇരുന്ന ചോറും കറികളും അവൾ അവൾ ക്കരികിലേക്ക് നീക്കി വെച്ചു. അതിൽ നിന്നു ഓരോ ഉരുളകൾ ഉരുട്ടി നന്ദുവിനു നേരെ നീട്ടി.
ഒന്നും മനസിലാകാതെ അന്താളിച്ചു നിന്ന നന്ദുവിനെ നോക്കി അമ്മു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” നന്ദുവേട്ടന് ഇനി മുതൽ ഞാനാ ചോറ് വാരി തരുന്നത് കഴിച്ചില്ലേൽ അമ്മൂട്ടി പിണങ്ങും കേട്ടോ ” നന്ദു സന്തോഷത്തോടെ തലയാട്ടി.
പിന്നീട് തനിക്കു നേരെ അമ്മു നീട്ടിയ ഉരുള അവൻ ചെറുപുഞ്ചിരിയോടെ വാങ്ങി കഴിച്ചു. ഊണ് കഴിഞ്ഞു നന്ദുവിനെ മുറിയിലേക്ക് കൊണ്ട് പോകും വഴി അമ്മു നന്ദുവിന്റെ അമ്മയോടായി പറഞ്ഞു.
” വല്യമ്മേ ഇന്ന് ഞാൻ നന്ദുവേട്ടന്റെ മുറിയിൽ കിടന്നോളാം ഏട്ടന് തല നന്നായി വേദനിക്കുന്നുണ്ടെന്നു തോന്നുന്നു ”
അമ്മ എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു. ഇത്രയും നേരം പിടിച്ചു നിന്ന നരേഷിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൻ അവൾക്കു നേരെ ഒച്ച ഉയർത്തി.
” വേണ്ടാ അമ്മു നീ നിന്റെ മുറിയിൽ കിടന്നാൽ മതി ” ഇത് കേട്ടു അമ്മു അവനു നേരെ തീപാറുന്ന മിഴികൾ എറിഞ്ഞു കൊണ്ട് പറഞ്ഞു.
” ഇനി അത് തീരുമാനിക്കേണ്ടത് നരേഷേട്ടനല്ല.. ഞാൻ ആണ്… ഇനി എന്റെ തീരുമാനങ്ങളെ നടക്കു “.
ഇത്രയും പറഞ്ഞു അവൾ നന്ദുവിനേം കൂട്ടി മുറിയിലേക്ക് പോയി. അവൾ അവനെ കട്ടിലിൽ കിടത്തി. അൽമാരയിൽ നിന്നു ഒരു ബെഡ് ഷീറ്റും തലയിണയും എടുത്തു അവൾ നിലത്തു കിടപ്പാടം ഒരുക്കി.
” ഏയ് അമ്മൂട്ടി നിലത്തു കിടക്കേണ്ട അവിടെ പറ്റേം പല്ലിമൊക്കെ ഉണ്ട് ദാ എന്റെ കട്ടിലിൽ കിടന്നോ ഞാൻ നിലത്തു കിടന്നോളാം ”
” സാരമില്ല നന്ദുവേട്ട ഞാൻ ഇവിടെ കിടന്നോളാം ” അവൾ ശഠിച്ചു. പിന്നെ നന്ദു ഒന്നും പറഞ്ഞില്ല.
അപ്പോഴേക്കും പുറത്ത് മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നു. കൊള്ളിയൻ ജനാലവഴി അവർക്കരികിലേക്ക് ഇടയ്ക്കിടയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.
അമ്മുവിന് പണ്ടേ ഇടിയും കൊള്ളിയാനും എന്ന് കേട്ടാൽ തന്നെ ഭയമായിരുന്നു. എത്രയോ തവണ നന്ദു അതും പറഞ്ഞു അവളെ കളിയാക്കിയിരിക്കുന്നു.
ഒരിക്കൽ നന്ദുവിനോപ്പം തറവാട്ടിൽ ഇരുന്നപ്പോൾ പ്രതീക്ഷിക്കാതെ എത്തിയ കൊള്ളിയാൻ ഭയന്ന് നന്ദുവിനെ കെട്ടി പിടിച്ചതും അത് കണ്ടു നന്ദു
കളിയാക്കിയതും അവൾക്കോർമ്മ വന്നു. ആ നനത്ത ഓർമ്മകൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു.
അപ്പോഴേക്കും അതി ഭയങ്കരമായ ഒരു കൊള്ളിയാൻ അവൾക്കരികിലേക്ക് എത്തിയിരുന്നു അവൾ ഭയന്ന് എണീറ്റ് നന്ദുവിന്റെ കട്ടിലിലേക്ക് ചാടി വീണു. ആ നിമിഷം നന്ദുവും ഞെട്ടി ഉണർന്നിരുന്നു.
അമ്മു പേടിച്ചു അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു. അവന്റെ നെഞ്ചിലെ ചൂടിൽ അവൾ ആശ്രയം കണ്ടെത്തുമ്പോൾ അവളുടെ മിഴികൾ പ്രണയം കൊണ്ട് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
ഒരിക്കൽ താൻ കാരണം ഈ ഗതിയിൽ ആയവനാണ് തന്റെ നന്ദുവേട്ടൻ. എന്നോ ഒരിക്കൽ താനും അവനെ പ്രണയിച്ചിരുന്നു. പക്ഷെ അന്നെങ്ങും നന്ദുവേട്ടന് അവളോട് യാതൊന്നും ഉള്ളതായി തോന്നിയതുമില്ല.
പിന്നെന്തിനാണ് നരേഷേട്ടൻ നന്ദുവേട്ടനോട് ഇങ്ങനെ ചെയ്തത്. ഞങ്ങളുടെ സൗഹൃദം കണ്ടിട്ട് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. പക്ഷെ താൻ പ്രണായിച്ചിരുന്നല്ലോ നന്ദുവേട്ടനെ. എന്നാൽ വീട്ടുകാർ പറഞ്ഞു വെച്ചത് നരേഷേട്ടനേം.
എങ്കിലും ഇനി മുതൽ താൻ നന്ദുവേട്ടന്റെ മാത്രം പെണ്ണാണ് ഏതു അവസ്ഥയിലും അത് അങ്ങനെ തന്നെ ആയിരിക്കും. അവളുടെ ചിന്തകൾ കാടു കയറി ഒഴുകിയിരുന്നു. അപ്പോഴും അവൾ നന്ദുവിന്റെ നെഞ്ചിൽ ചേർന്ന് തന്നെ കിടക്കുകയായിരുന്നു.
അഞ്ചു വർഷങ്ങൾക്കു ശേഷം ഉള്ള ഒരു പകൽ” നന്ദുവേട്ടാ ഇത് വരെ റെഡി ആയില്ലേ? മോളേം കൂട്ടി വാ ” അമ്മു തൃതിയിൽ മുറിയിലേക്ക് ചെന്നു..” ഹ ന്താ നന്ദുവേട്ട ഇത് ഒന്ന് വേഗം വാ ”
” ന്റമ്മു നീ ഇങ്ങനെ തിടുക്കം കൂട്ടാതെ ഞാനും മോളും ദാ വരണു ”
അൽമാരയിൽ നിന്നു പേഴ്സ് എടുത്തു കുഞ്ഞിനേയും എടുത്തു നന്ദു വെളിയിലേക്ക് വന്നു.
” അമ്മേ വിളിക്കു അമ്മു.. സമയം പോകുന്നു ” അവൻ ക്ലോക്കിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
” ദ ഇപ്പൊ വിളിക്കാം ” അമ്മു അമ്മയുടെ മുറിയിലേക്ക് പോയി. അമ്മയുടെ മുറിയുടെ വാതിൽ കുറ്റിയിട്ടിരിക്കുന്നു.
അവൾ വാതിലിൽ മുട്ടി വിളിച്ചു.” വല്യമ്മേ ദേ ഞങ്ങൾ റെഡി ആയിട്ടോ “” ദ വരുന്നു മോളെ ” അമ്മ മറുപടി പറഞ്ഞു.
അകത്തു അമ്മ കണ്ണിൽ പൊടിഞ്ഞ തുള്ളികൾ മറക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പേരിനു ഒരു സെറ്റും മുണ്ടും വാരി ഉടുത്തു. അൽപനേരം എന്തോ ആലോചിച്ചു നിന്നിട്ടു കട്ടിലിനു താഴെ വെച്ചിരുന്ന ഒരു തകര പെട്ടി എടുത്തു.
അത് തുറന്നു ഒരു പത്ര കഷ്ണം എടുത്തു അഞ്ചു വർഷങ്ങൾക്കു മുൻപുള്ള പത്രമായിരുന്നു അത്. അതിലേക്കു വേഗം അവർ കണ്ണോടിച്ചു.
ഒരു തലകെട്ടിലേക്കു ആ കണ്ണുകൾ ചെന്നുടക്കി നിന്നു.
” പാറകെട്ടിൽ നിന്നു ചാടി യുവാവ് ആ ,ത്മ ഹ ,ത്യാ ചെയ്തു ” ആ വാർത്തക്കു കീഴെ നരേഷിന്റെ ചിരിക്കുന്ന മുഖവും.
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ കണ്ണുനീർ ധാരയിൽ ആ പേപ്പർ തുണ്ടിലെ അക്ഷരങ്ങൾ മങ്ങി നിന്നു.
അമ്മുവിനു മുൻപിൽ സത്യങ്ങൾ ചുരുളഴിഞ്ഞ ആ രാത്രിയിൽ വീട് വിട്ടിറങ്ങിയതായിരുന്നു നരേഷ്.
അവനോടുയ ദേഷ്യത്തിൽ ആരും തന്നെ അവനെ തിരഞ്ഞതുമില്ല. മൂന്നാം പക്കം പാറക്കൂട്ടത്തിൽ നിന്നു ചേതനയറ്റ അവന്റെ ശരീരമായിരുന്നു എല്ലാവർക്കും കാണേണ്ടി വന്നത്. അമ്മ അവന്റെ ഫോട്ടോയിലേക്ക് നോക്കി കണ്ണുനീർ വാർത്തു കൊണ്ട് പറഞ്ഞു.
” എന്റെ മോനെ നീ നന്ദുവിനോട് അന്നങ്ങനെ ചെയ്തില്ലാതിരുന്നുവെങ്കിൽ ഇന്ന് നിനക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. നീ എന്തിനാ മോനെ സ്വാർത്ഥനായി പോയെ? അതുകൊണ്ടല്ലേ അമ്മക്ക് നിന്നെ നഷ്ടമായേ.
നന്ദുമോനെ അമ്മക്ക് തിരികെ കിട്ടിയപ്പോൾ നിന്നെ എനിക്ക് നഷ്ടമായല്ലോ മോനെ”
അമ്മ കണ്ണുനീർ തുടച്ചു. പത്ര കഷ്ണം തിരികെ പെട്ടിയിലാക്കി കട്ടിലിനടിയിൽ തന്നെ വെച്ചു മുറിക്കു പുറത്തേക്കു ഇറങ്ങി.
അപ്പോഴേക്കും അമ്മുവും നന്ദുവും മോളും അമ്മയെ കാത്തു നിൽപ്പുണ്ടായിരുന്നു. അമ്മു അമ്മക്കരികിലേക്ക് വന്നു ആ ചുമലിൽ പിടിച്ചു ചോദിച്ചു.
” വല്യമ്മ എല്ലാ വർഷത്തെയും പോലെ അകത്തിരുന്നു നരേഷേട്ടനോട് സങ്കടം പറയുവായിരുന്നല്ലേ ”
“ഇന്ന് അവന്റെ ഓർമ്മ ദിവസം അല്ലെ മോളെ അവന്റെ മരണത്തോടെ ന്റെ നന്ദു ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും എന്റെ നരേഷിനെ എനിക്ക് നഷ്ടയല്ലോ മോളെ ആ വിടവ് ഒരിക്കലും നികത്താൻ ആകില്ലല്ലോ “അവർ സാരീ തലപ്പു കൊണ്ട് കണ്ണുനീരൊപ്പി. കാർ ലക്ഷ്യമാക്കി നടന്നു.
“ഇന്ന് എന്റെ മോന്റെ ഓർമ്മ ദിവസം ആണ് അവനുവേണ്ടി ഒരുരുള ചോറ് നൽകാൻ പോകുകയാണ് ഞാൻ. എല്ലാ വർഷവും മുടക്കാതെ ചെയുന്ന ബലി തർപ്പണത്തിൽ എന്റെ മോനു നിത്യശാന്തി നൽകട്ടെ ദൈവം”.
അമ്മയുടെ ചിന്തകൾ അവനിലേക്ക് ഒഴുകുമ്പോൾ ഉമ്മറത്തെ ചുവരിൽ പനിനീർ പൂക്കൾ നെയ്ത ഹാരവും അണിഞ്ഞു നരേഷ് പുഞ്ചിരി തൂകി അവരെ ഉറ്റു നോക്കിയിരുപ്പുണ്ടായിരുന്നു.