കളങ്കം
(രചന: Nisha L)
“എന്റെ ഇഷ്ടമില്ലാതെ എന്റെ ശരീരത്തിൽ തൊടാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്.. “? അശ്വതി ഉറക്കെ ചോദിച്ചു..
“ഞാൻ… നിന്റെ ഭർത്താവ്.. എനിക്ക് നിന്റെ ശരീരത്തിൽ തൊടാൻ അനുവാദം വേണോ.. ”
മനു ദേഷ്യത്തോടെ ചോദിച്ചു..”വേണം… എന്റെ ശരീരത്തിൽ തൊടാൻ എന്റെ അനുവാദം വേണം.. ”
മനു ദേഷ്യം കടിച്ചമർത്തി. കല്യാണം കഴിഞ്ഞിട്ട് അഞ്ചു ദിവസം ആയതേയുള്ളു.. ഇപ്പോഴേ പൊട്ടിത്തെറികൾ തുടങ്ങിയിരിക്കുന്നു.. ആരെങ്കിലും കേട്ടാൽ തന്നെ എന്തൊരു നാണക്കേടാണ്.
“അശ്വതി… നിന്റെ ഇഷ്ടത്തോടെ തന്നെയല്ലേ ഈ വിവാഹം നടന്നത്… എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കിൽ എന്തു കൊണ്ട് നേരത്തെ പറഞ്ഞില്ല.. എന്തിന് കല്യാണം വരെ എത്തിച്ചു.. “??മറുപടി ഒന്നും പറയാതെ അശ്വതി മുഖം കുനിച്ചു നിന്നു..
നാശം… ഉണ്ടായിരുന്ന സന്തോഷവും സമാധാനവും പോയി കിട്ടി.. അവൻ ബൈക്കിന്റെ ചാവിയുമെടുത്ത് പുറത്തേക്ക് പോയി… കൂട്ടുകാരോടൊപ്പം കൂടി മനസൊന്നു തണുത്തപ്പോൾ അവൻ വീട്ടിലേക്ക് വന്നു.
അമ്മയും അച്ഛനും കൂടി വരാന്തയിൽ ഇരുന്നു സംസാരിക്കുന്നുണ്ട്.”അശ്വതി എവിടെ അമ്മേ..?? ”
“അവൾ മുറിയിലുണ്ട് മോനെ.. അവളെ കൂടി വിളിച്ചോണ്ട് വാ.. ഞാൻ ആഹാരമെടുത്തു വയ്ക്കാം.. ”
ഇവരെ പോലെ സ്വന്തം ഭാര്യയോടൊപ്പമിരുന്നു സംസാരിക്കാൻ എനിക്ക് എന്നാണാവോ യോഗമുണ്ടാവുക… മനസ്സിൽ ഓർത്തു
കൊണ്ട് അവൻ അകത്തേക്ക് കയറി. മുറിയിൽ എത്തിയപ്പോൾ അശ്വതി ഫോണിൽ നോക്കി കിടക്കുന്നത് കണ്ടു..
“അശ്വതി.. എഴുന്നേൽക്ക് പോയി ചോറ് വിളമ്പ്.. “അവന്റെ സ്വരം കേട്ട് അവൾ പിടഞ്ഞെണീറ്റു.. അവനെ നോക്കാതെ അടുക്കളയിലേക്ക് പോയി..
ആഴ്ച ഒന്ന് കൂടി കടന്നു പോയി.. സംസാരിക്കാൻ മാത്രം അവൾക്ക് ഒരു ബുദ്ധിമുട്ടുമില്ല.. പക്ഷേ ശരീരത്തിൽ തൊടുമ്പോൾ അവളുടെ ഭാവം മാറും..
മനുവിന് അവളോട് വെറുപ്പും ദേഷ്യവും കൂടി വന്നു. മനസ്സ് കൊണ്ട് അവളിൽ നിന്ന് ഒരുപാട് അകന്നു പോകുന്നത് പോലെ. എന്താണ് അവളുടെ പ്രശ്നം എന്ന് പലവട്ടം ചോദിച്ചു..
ഒന്നും മിണ്ടാതെ തല കുനിച്ചു ഒരു നിൽപ്പുണ്ട്.. അതു കാണുമ്പോൾ ഒരെണ്ണം കൊടുക്കാൻ തോന്നും.. പിന്നെ എങ്ങനെ ഒക്കെയോ തല്ലാതെ പിടിച്ചു നിൽക്കുന്നു..
രണ്ടു ദിവസത്തിന് ശേഷം ഒരു രാത്രി.. മനു ബാൽക്കണിയിൽ നക്ഷത്രം നോക്കി ചിന്തകളിൽ മുഴുകി ഇരുന്നു..
“മനുവേട്ടാ… എന്താ ഇവിടിരിക്കുന്നത് കിടക്കുന്നില്ലേ..?? “”ഓ… കിടന്നിട്ടെന്തിനാ.. നിനക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോ.. ”
“ഹായ്.. നല്ല പിച്ചി പൂവിന്റെ മണം… ഞാനും കൂടി ഇവിടെ ഇരുന്നോട്ടെ മനുവേട്ടാ… ”
ഇത് എന്തൊരു പെണ്ണാണ്… ചിലപ്പോൾ തല്ലി കൊല്ലാൻ തോന്നും.. ചിലപ്പോൾ വല്ലാത്ത പാവം തോന്നും.. ഇവളുടെ മനസ്സിൽ എന്താണെന്നു മനസിലാക്കാൻ പറ്റുന്നില്ലല്ലോ.. അവളൊന്നു മനസ് തുറന്നു പറഞ്ഞാലല്ലേ പരിഹാരം കാണാൻ പറ്റു..
“ഞാൻ ഇവിടെ ഇരിക്കുന്നത് മനുവേട്ടന് ഇഷ്ടമല്ലേ…? “”ആ ഇരുന്നോ… ” അവൻ കുറച്ചു നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു..”നല്ല രസമുണ്ട് ആകാശം കാണാൻ അല്ലെ… ”
“മ്മ്.. ” അവൻ വെറുതെ മൂളി..”മനുവേട്ടാ.. എനിക്ക് സംസാരിക്കണം.. “”മ്മ്.. എന്താ… പറഞ്ഞോളൂ.. ” അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു.
“എനിക്ക് മനുവേട്ടനെ ഒരുപാട് ഇഷ്ടമാ… ഇഷ്ടപ്പെട്ടു തന്നെയാ കല്യാണം കഴിച്ചതും.. “”പിന്നെ.. ഇപ്പോൾ എന്താ നിന്റെ പ്രശ്നം..? ”
“ഞാൻ.. ഞാൻ ചീത്തയാ മനുവേട്ടാ.. എനിക്ക്..എനിക്ക്.. . എന്നെയാ ഇഷ്ടമല്ലാത്തത്.. ”
ഈശ്വര ഇവൾ എന്താ ഈ പറഞ്ഞു വരുന്നത്.. അവൻ അന്ധാളിപ്പോടെ അവളെ നോക്കി..
“ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്തുള്ള വീട്ടിലെ ചേട്ടൻ എനിക്ക് മിട്ടായി തന്ന് എന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു.. മിട്ടായി കിട്ടുമല്ലോ എന്ന് കരുതി ഞാൻ അതിനൊക്കെ സമ്മതിച്ചു കൊടുത്തു..
അതുപോലെ തന്നെ ചേച്ചിമാരുടെ കൂടെ അച്ഛനും അമ്മയും കളിക്കുമ്പോൾ അവരും എന്നെ എന്തൊക്കെയോ ചെയ്തു.. അന്ന് എനിക്ക് അതൊന്നും എന്താന്ന് അറിയില്ലാരുന്നു..
പക്ഷേ വളർന്നപ്പോൾ മനസിലായി അതൊക്കെ പീഡനം ആയിരുന്നു എന്ന്.. അന്ന് മുതൽ എന്റെ മനസ്സിൽ കുറ്റബോധമാണ്.
എന്റെ സമ്മതത്തോടെയാണല്ലോ അവരൊക്കെ എന്റെ ശരീരം ഉപയോഗിച്ചത്.. ഇത്തിരി മിട്ടായി മധുരത്തിന് വേണ്ടി ഞാൻ എന്റെ ശരീരം അവർക്ക് കൊടുത്തില്ലേ.. ഞാൻ… ഞാൻ ചീത്തയാ.. എന്നെ പോലെ ഒരു പെണ്ണിനെ മനുവേട്ടന് വേണ്ട…
ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് വെറുപ്പാ.. അതാ ഞാൻ.. മനുവേട്ടനെ അകറ്റി നിർത്തിയത്.. എന്റെ അമ്മയോട് പോലും ഞാൻ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.. എനിക്ക് എന്നെ ഇഷ്ടമല്ല… ഞാൻ കൊള്ളൂല്ല… ”
അവൾ പറഞ്ഞത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ അവൻ ഇരുന്നു..
“അയ്യേ… ഈ കൊച്ചു കാര്യത്തിന് വേണ്ടിയാണോ പെണ്ണെ നീ എന്നെ ഇട്ട് ഇങ്ങനെ വട്ടം കറക്കിയത്.. അതൊക്കെ ഒന്നും അറിയാത്ത പ്രായത്തിൽ സംഭവിച്ചതല്ലേ…
നിന്റെ സമ്മതത്തോടെ ആയിരുന്നു എങ്കിലും നിനക്ക് അന്ന് അതിനെ കുറിച്ച് ഒന്നും അറിയാത്ത പ്രായമായിരുന്നില്ലേ.. നീ എങ്ങനെയാ അതിൽ തെറ്റുകാരി ആകുന്നത്.. അതിനൊക്കെ ഇങ്ങനെ വിഷമിക്കണ്ട കാര്യമുണ്ടോ…
“ഇതൊക്കെ ഒരു ഡോക്ടറെ കണ്ടു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു.. നമുക്ക് നാളെ തന്നെ നല്ല ഒരു ഡോക്ടറെ കണ്ട് നല്ലൊരു കൗൺസിലിങ് എടുക്കാം… അപ്പോൾ ഈ വിഷമം ഒക്കെ മാറും കേട്ടോ..”
ഇപ്പോഴെങ്കിലും ഇതൊക്കെ എന്നോട് പറഞ്ഞത് നന്നായി.. ഇല്ലെങ്കിൽ ഞാൻ രണ്ടു വീട്ടിലും ഇവളുടെ പെരുമാറ്റത്തെ കുറിച്ച് പറയണം എന്നോർത്ത് ഇരുന്നതാ…
ശോ.. പറഞ്ഞിരുന്നെങ്കിൽ പാവം എന്റെ അച്ചു… മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ അവളെ സഹതാപത്തോടെ നോക്കി..
“ഇനി മുതൽ എന്തു വിഷമം ഉണ്ടെങ്കിലും എന്നോട് പറയണം.. എന്റെ അച്ചുന്റെ സങ്കടത്തിലും സന്തോഷത്തിലും നിന്നെ ചേർത്ത് പിടിക്കാനല്ലേ ഞാനുള്ളത്… ” അവൻ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു പറഞ്ഞു.
N b : ചില സംഭവങ്ങൾ അങ്ങനെയാണ്… കുഞ്ഞു മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകൾ കാലത്തിനു പോലും മായ്ക്കാൻ കഴിയാതെ മനസിന്റെ അടിത്തട്ടിൽ മിഴിവോടെ തെളിഞ്ഞു നിൽക്കും.