(രചന: J. K)
“””” പറഞ്ഞ മുതല് പോലും അവളുടെ വീട്ടുകാര് തന്നിട്ടില്ല പോരാത്തതിന് ഇപ്പോൾ ഉള്ളത് കൂടി അവരെ എൽപ്പിച്ചു പോന്നേക്കുന്നു….കൊണ്ട് ചെന്ന് ആക്കടാ അവളെ അവിടെ തന്നെ “”””
എന്ന് തന്നെ നോക്കി ആക്രോശിക്കുന്ന അമ്മായിഅമ്മയെ ഭയത്തോടെ നോക്കി രേവതി..
അവർ ഉറഞ്ഞുതുള്ളുകയാണ് എല്ലാം കണ്ട് അതേ ദേഷ്യത്തോടെ ഒപ്പം നിൽക്കുന്നുണ്ട് തന്റെ ഭർത്താവും.. അത് കണ്ടപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു മനസ്സ് കൂടുതൽ നൊന്ത് പിടഞ്ഞു..
സ്വന്തം പ്രശ്നങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു ഭർത്താവെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആ നിമിഷം അവൾ ഒന്ന് ചിന്തിച്ചു പോയി..
പക്ഷേ ഇത് അമ്മയുടെ വാക്കുകേട്ട് അതിന് മാത്രം തുള്ളാൻ അറിയുന്ന ഒരാൾ വെറുപ്പാണ് ഇത്തരക്കാരോട് കൂടെ ജീവിക്കാൻ…. തങ്ങളെ ഒന്നു മനസ്സിലാക്കുക പോലും ചെയ്യാത്തവർ… അവരുടെ കൂടെ ജീവിക്കുക എന്നാൽ നരകം തന്നെയാണ് അത്..
ഏറെ എന്തൊക്കെയോ കുറ്റങ്ങൾ പറഞ്ഞ് കുറെ ശാപവാക്കുകളും ചൊരിഞ്ഞ് അവർ തൽക്കാലം അവരുടെ താണ്ഡവം നിർത്തി ഞാൻ നേരെ മുറിയിലേക്ക് നടന്നു കുറേ കരഞ്ഞു ഇതല്ലാതെ വേറെ മാർഗങ്ങൾ ഒന്നുമില്ലല്ലോ…
കൂലിപ്പണിക്കാരനായ അച്ഛന് ഞങ്ങൾ രണ്ട് പെൺകുട്ടികൾ മാത്രമാണ് ഇളയവൾക്ക് ജന്മനാ ഹൃദയത്തിന് ചെറിയ ഒരു ഓട്ടയുണ്ട് അതുകൊണ്ടുതന്നെ അവളെ കൂടുതൽ ശ്രദ്ധയും പരിപാലനവും കൊടുത്താണ് എല്ലാവരും വളർത്തിയത്…
അവളെ കൂടുതൽ വിഷമിപ്പിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞതും അതിന് ഒരു കാരണമാണ് അതുകൊണ്ടുതന്നെ ഉണ്ടാക്കുന്ന പൈസ മുഴുവൻ അവളുടെ ചികിത്സയ്ക്കായി ചെലവായിരുന്നു അച്ഛന് യാതൊന്നും നീക്കിയിരുപ്പുണ്ടായിരുന്നില്ല പെൺമക്കൾ ആണല്ലോ എന്ന് കരുതി…
പക്ഷേ ഞങ്ങൾ രണ്ടുപേരും നന്നായി പഠിക്കുമായിരുന്നു അച്ഛന് അത് ഏറെ ആശ്വാസവും ആയിരുന്നു എത്ര വേണമെങ്കിലും ഞങ്ങളെ പഠിപ്പിക്കാം എന്ന് അച്ഛൻ വാക്കു തന്നിട്ടുണ്ടായിരുന്നു….
പഠിച്ച് ഒരു നല്ല ജോലി നേടി അച്ഛന്റെ ഈ കഷ്ടപ്പാട് മാറ്റും എന്ന് ഞങ്ങൾ അപ്പോൾ അച്ഛനോട് കളി പറയുമായിരുന്നു അത് കേട്ട് ആ മനസ്സും കണ്ണും നിറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്…
പക്ഷേ എല്ലാം മാറി മറിയുന്നത് രാജീവേട്ടന്റെ വിവാഹ ആലോചന വന്നതോടെയാണ്…
ഗവൺമെന്റ് ഹോസ്പിറ്റലിലെ കമ്പൗണ്ടർ ആയിരുന്നു രാജീവേട്ടൻ ഗവൺമെന്റ് ജോലി അതുകൊണ്ട് തന്നെ ആ വിവാഹാലോചന വന്നപ്പോൾ അച്ഛൻ അത് എങ്ങനെയും നടത്താൻ നോക്കി….
ഗവൺമെന്റ് ജോലിക്കാരനായതുകൊണ്ട് തന്നെ ഇത്ര ഞങ്ങൾക്ക് പണ്ടവും പണവും വേണമെന്ന് അവർ ഡിമാൻഡ് വച്ചിരുന്നു..
വേറെ മാർഗ്ഗമില്ലാതെ അച്ഛൻ അത് കൊടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു തന്റെ കുഞ്ഞ് ഒരു ഗവൺമെന്റ് ജോലിക്കാരന്റെ ഭാര്യയായി എന്നും സുരക്ഷിതത്വത്തോടെ ജീവിക്കും എന്ന് മാത്രമേ ആ പാവം അന്ന് കരുതിയിരുന്നുള്ളൂ…
അച്ഛനു കുടുംബ സ്വത്തായി കിട്ടിയ ഒരു പറമ്പുണ്ട്. അത് വിറ്റ് വിവാഹം നടത്താം അവർ ചോദിച്ച സ്ത്രീധനത്തുക മുഴുവൻ നൽകാം ബാക്കി പൈസ അനിയത്തിയുടെ കാര്യങ്ങൾക്ക് വേണ്ടി ബാങ്കിൽ ഇടാം എന്നൊക്കെയായിരുന്നു അച്ഛന്റെ പ്ലാൻ
പക്ഷേ ആ സ്ഥലം വിൽക്കാൻ ചെന്നപ്പോഴാണ് അന്ന് എന്തൊക്കെയോ നിയമത്തിന്റെ നൂലാമാല പറഞ്ഞു അത് മുടങ്ങിയത്..
അത് അച്ഛൻ ഒട്ടും പ്രതീക്ഷിച്ചത് അല്ലായിരുന്നു അതുകൊണ്ടുതന്നെ അച്ഛന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി പറഞ്ഞ ദിവസം അവർ ചോദിച്ച പണം കൊടുക്കാനായില്ല….
അത് ആദ്യമേ ഈ ബന്ധത്തിനിടയിൽ മുഷിച്ചിൽ ഉണ്ടാക്കി…
വിവാഹം കഴിഞ്ഞ് ആറുമാസത്തിനകം തരാം എന്നാണ് അച്ഛൻ പറഞ്ഞിരുന്നത് അതിനായി കഠിനപ്രയത്നം ചെയ്യുന്നുണ്ട് ആാാ പാവം എന്നും എനിക്ക് അറിയാമായിരുന്നു പണ്ടം അവർ ചോദിച്ചത് തന്നിരുന്നു കടം വാങ്ങിയും മറ്റും…
തരാനുള്ള പൈസയ്ക്കായി എന്നും അവരുടെ കുത്തുവാക്ക് പറച്ചിൽ കേൾക്കണമായിരുന്നു….
ഒന്നും അഛനെ അറിയിക്കാതെ എല്ലാം സ്വയം അനുഭവിച്ച് അവിടെ തന്നെ പിടിച്ചുനിൽക്കാൻ നോക്കി രേവതി…
എന്നും അവളുടെ അമ്മായമ്മയുടെ താണ്ഡവം സഹിക്കണമായിരുന്നു അവൾക്ക്.. അത്രയും നേരം അമ്മയുടെ കൂടെ നിന്ന് ബെഡ്റൂമിൽ മാത്രം സ്നേഹിക്കാൻ നോക്കും അയാൾ…
എന്തോ മനസ്സുകൊണ്ട് അതുകൊണ്ടുതന്നെ അവൾക്ക് അയാളോട് ഒരു അടുപ്പവും തോന്നിയിരുന്നില്ല..
ഇത്തവണ താൻ വീട്ടിലേക്ക് പോയത് അനിയത്തിക്ക് എന്തോ സുഖമില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് അവൾക്ക് നെഞ്ച് വേദനയായിരുന്നു
ഡോക്ടറുടെ അടുത്ത് പോകാനും മറ്റും കാര്യങ്ങൾക്കുമായി ഒരു സംഖ്യ ചെലവായി പാവം അച്ഛന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല അതാണ് മറ്റൊന്നും നോക്കാതെ കയ്യിൽ കിടന്ന രണ്ടുമൂന്നു വളകൾ ഊരി കൊടുത്തത്..
അതറിഞ്ഞാണ് വന്നപ്പോൾ അവർ ഈ താണ്ഡവം മുഴുവൻ നടത്തിയത്….അതിന് കൂട്ടുനിൽക്കുന്ന ഭർത്താവും വെറുത്തു പോയി അവിടെ നിൽക്കാൻ തന്നെ പിന്നെ തോന്നിയില്ല പക്ഷേ തിരികെ ചെന്നാൽ ഇത്രയൊക്കെ തനിക്ക് വേണ്ടി കഷ്ടപ്പെട്ട അച്ഛന്റെ എല്ലാ അധ്വാനവും വെറുതെ ആകുമല്ലോ എന്ന ചിന്തയായിരുന്നു…..
പഠിപ്പിക്കാം എന്ന് പറഞ്ഞു വന്നവർ സ്ത്രീധന തുക തികച്ച് കിട്ടിയാലേ പഠിപ്പിക്കു…അതിനും കൂടി ഇവിടെ നിന്നും പൈസ ചെലവാക്കാൻ കഴിയില്ല എന്ന് പറഞ്ഞ് അവിടെ തന്നെ തളച്ചിടാൻ നോക്കി..
ഒപ്പം അമ്മ മകനോട് പറയുന്നത് കേട്ടു ഇപ്പോൾ തന്നെ അവൾ ഗർഭിണി ആവരുത് എന്ന്…
അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ സ്ത്രീധനം വാങ്ങിച്ചെടുക്കാൻ ബുദ്ധിമുട്ടാണത്രേ… ഇല്ല അമ്മേ എന്നും പറഞ്ഞ് അതിനും സമ്മതം മൂളി വരുന്ന അയാളെ അവജ്ഞയോടെ മാത്രമേ നോക്കാൻ കഴിഞ്ഞുള്ളൂ…
ഇനിയും അവിടെത്തന്നെ കടിച്ചു തൂങ്ങി അവർക്ക് മുന്നിൽ പിച്ചി ചീന്തപ്പെടാനുള്ള ഒരു ഇരയെ പോലെ നിൽക്കുക എന്നു പറഞ്ഞാൽ അത് തനിക്ക് ഇനി കഴിയാത്ത കാര്യം ആണെന്ന് അവൾക്കും ബോധ്യപ്പെട്ടു…..
എല്ലാം തിരക്കിയെടുത്ത് വീട്ടിലേക്ക് പോകാൻ നേരത്ത്, അയാൾ എന്റെ കഴുത്തിൽ കെട്ടിയ കൊലക്കയർ അയാൾക്ക് നേരെ എറിഞ്ഞു കൊടുത്തിരുന്നു….
“”” അമ്മയുടെ താളത്തിനൊത്ത് തുള്ളി താലികെട്ടിയ സ്വന്തം ഭാര്യയെ അടിമപ്പണി എടുപ്പിക്കുന്ന തന്നെ ഒരാണായി കൂട്ടാൻ കഴിയില്ല അതുകൊണ്ടുതന്നെ ഞാൻ ഇറങ്ങുകയാണ് “””
എന്ന് പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി…
എല്ലാം അച്ഛനോട് തുറന്നു പറഞ്ഞു അവൾ അപ്പോൾ അയാൾക്കും ബോധ്യപ്പെട്ടിരുന്നു തന്റെ മോളുടെ സുരക്ഷിതത്വം അന്യനായ ഒരു പുരുഷന്റെ കയ്യിലല്ല അവളുടെ സ്വന്തം പ്രയത്നത്തിൽ തന്നെയാണ് ഇരിക്കുന്നത് എന്ന്..
അവളുടെ ഉള്ള പണ്ടം വിറ്റ് പഠിക്കട്ടെ എന്ന ചോദ്യത്തിന് സമ്മതം മൂളിയതും അതുകൊണ്ടായിരുന്നു…..
രാജീവ് എന്ന തടവറയിൽ നിന്നും രക്ഷപ്പെട്ട് വിശാലമായ ആകാശത്ത് പാറി നടക്കുന്ന ഒരു ചിത്രശലഭമാണ് ഇപ്പോൾ അവൾ…
തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ തുനിഞ്ഞിറങ്ങിയ പെണ്ണത്വം””””’ ഒരു പെണ്ണ്…… ആരാലും തോൽപ്പിക്കാൻ കഴിയാത്തവൾ…..