മകളേ… നിനക്കായ്
രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്.
“”അച്ഛാ.. എനിക്ക് തീരെ വയ്യ. കാലിൽ കൂടി ചോരയൊലിക്കുന്നുണ്ട്. അടിവയറിൽ നല്ല വേദനയുമുണ്ട്.”” അനുമോൾ രണ്ട് കൂട്ടുകാരികളുടെ തോളിൽ തൂങ്ങി നടന്നു വരവേ പറഞ്ഞു. അവൾ കരയുന്നുണ്ടായിരുന്നു
സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുകയായിരുന്ന മോഹൻ മകളുടെ കരഞ്ഞു കൊണ്ടുള്ള സംസാരം കേട്ട് പേടിച്ചെഴുന്നേറ്റു.
അനുമോൾ പറഞ്ഞത് കേട്ട കൂട്ടുകാരികളുടെ മുഖത്ത് അല്പം ജാള്യത നിറഞ്ഞു. അവർ നാണം കൊണ്ട് തലതാഴ്ത്തി. മോഹന്റെയും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. പെട്ടന്ന് തന്നെ അത് മായുകയും ചെയ്തു…”
എന്റെ മോള് വലിയ പെണ്ണായിരിക്കുന്നു. അവളുടെ അമ്മയുണ്ടായിരുന്നെങ്കിൽ”… അയാൾ ഓർത്തു. മോഹൻ ഓടി ചെന്ന് അനുമോളുടെ പുറത്തിരുന്ന കനമേറിയ സ്കൂൾ ബാഗ് ഊരിയെടുത്തു.
“”അപ്പൊ ശരി ചേട്ടാ.. ഞങ്ങൾ പോവാണേ.. അനുമോളെ നാളെ കാണാം ട്ടോ””…എന്നും പറഞ്ഞ് കൂട്ടുകാരികൾ തിരികെ മടങ്ങി പോയി.
മോഹൻ അവളെ പതുക്കെ കൈ പിടിച്ചു വീടിനകത്തേക്ക് കയറ്റി.””അച്ഛാ.. ഞാൻ ക്ലാസ്സിൽ ഇരിക്കായിരുന്നു. പെട്ടെന്നു തലചുറ്റി. നല്ല വയറ് വേദനയും വന്നു. താഴേക്ക് എന്തോ ഒരു നനവ് പോലെ തോന്നി. ടീച്ചറോട് പറഞ്ഞപ്പോ അവര് ചിരിച്ചു. വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു””. അനുമോളെ ബെഡിൽ കൊണ്ട് പോയി കിടത്തുന്നതിനിടെ അവൾ പറഞ്ഞു.
“”എന്താ അച്ഛാ എനിക്ക് പറ്റിയത്””.അവൾ വിഷമത്തോടെ ചോദിച്ചു.മോഹൻ ആ ചോദ്യത്തിന് ഉത്തരം നൽകിയില്ല. പകരം മനസ്സ് ചിന്തകളാൽ നിറഞ്ഞു. “ഇങ്ങനെയൊരു സംഭവം ഇവൾക്ക് വരാനുണ്ടെന്ന് ഞാൻ ഓർത്തില്ല. എന്റെ അനുമോളുടെ അമ്മ..അവർ ഉണ്ടായിരുന്നെങ്കിൽ..
അവളേക്കാൾ ഞാൻ മനസ്സിലാക്കുമോ എന്റെ മോളെ. അവളെ പെറ്റിട്ട് മൂന്ന് വയസ്സ് തികയും മുമ്പേ ഇട്ടേച്ച് പോയതാണ്. കുറേ അന്വേഷിച്ചു.ഒരു വിവരവും കിട്ടിയില്ല. ഇപ്പൊ വേറെ ആരുടെയോ കൂടെ ജീവിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട്.”
“”പറയച്ഛാ.. എനിക്കെന്താ പറ്റിയത്””..? അനുമോളുടെ ചോദ്യം മോഹനെ ചിന്തകളിൽ നിന്നുണർത്തി.
“”ഹേ… അതോ… അത് എന്റെ മോള് വലിയ കുട്ടി ആയതാ””..മോഹന്റെ ഉള്ളിൽ നിറഞ്ഞ വൈക്ലബ്യം വാക്കുകളിൽ കാണിച്ചില്ല.
“”ഞാൻ അല്ലെങ്കിലും വലിയ കുട്ടി ആണല്ലോ. ഏഴാം ക്ലാസ്സിലെത്തിയില്ലേ. പന്ത്രണ്ട് വയസ്സായില്ലേ.. ഇപ്പൊ എന്താ ഇങ്ങനെ.””? അനുമോളുടെ ചോദ്യം വീണ്ടും മോഹനെ അസ്വസ്ഥനാക്കി.
“ഈ ഘട്ടത്തിലൊക്കെയല്ലേ പെൺകുട്ടികൾക്ക് അമ്മ വേണ്ടത്….ശവം”.മോഹൻ തന്നെയും മോളെയും ഉപേക്ഷിച്ചു പോയ ഭാര്യയെ മനസ്സിൽ പ്രാകി.
“”എടീ..അനൂ.. നമുക്ക് നിന്റെ രാഖിയാന്റിയേ വിളിക്കാം. അവർ പറഞ്ഞു തരും എല്ലാം””. മോഹൻ പറഞ്ഞു.
അയാൾ അനുമോളുടെ മറുപടിക്ക് കാത്തു നിൽക്കാതെ എണീറ്റ് പോയി. റൂമിൽ പോയി ഫോൺ കയ്യിലെടുത്തു. വിളിക്കും മുമ്പ് ഒന്ന് ആലോചിച്ചു. വിളിക്കണോ.. വേണ്ടേ..?. വിളിക്കാതെ പിന്നെ എന്ത് ചെയ്യും. വേറെ ആരുണ്ട് എനിക്ക്..ഒടുവിൽ മോഹൻ വിളിക്കാൻ തീരുമാനിച്ചു.
രാഖിയുടെ ഫോൺ ബെല്ലടിക്കുമ്പോൾ അവർ അടുക്കളയിൽ ആയിരുന്നു. മേശമേൽ ഇരുന്ന ഫോണിലേക്കൊന്നു രാഖി എത്തി നോക്കി…മോഹനാണ് …അവരുടെ മുഖം വിടർന്നു. വേഗം കൈകഴുകി ഫോണെടുത്തു.
“”ഹലോ… മോഹൻ.. എന്ത് പറ്റി.. നമ്മളെയൊക്കെ വിളിക്കാൻ””.സ്വരത്തിൽ അല്പം സ്നേഹം കലർന്ന പരിഭവം ചേർത്തുകൊണ്ട് അവർ ചോദിച്ചു.
“”ഹ..ഹലോ.. അത് പിന്നെ.. അനുമോൾക്കെന്തോ വയ്യ..ഒന്ന് ഇവിടെ വരെ വരുമോ””?. മോഹൻ മടിച്ചു മടിച്ചു പറഞ്ഞു. രാഖി എന്തോ പറയാൻ തുടങ്ങും മുമ്പ് അയാൾ ഫോൺ കട്ട് ചെയ്തു.
രാഖി വേഗം സ്കൂട്ടി എടുത്ത് മോഹന്റെ വീട്ടിലേക്ക് കുതിച്ചു.””എന്താ മോഹൻ… എവിടെ അവൾ””.? മോഹന്റെ വീട്ടിലെത്തിയ അവൾ പരിഭ്രമത്തോടെ ചോദിച്ചു.
“”അവളാ മുറിയിലുണ്ട് “”.മോഹൻ അവരുടെ മുഖത്ത് നോക്കാതെ മുറി ചൂണ്ടി കാണിച്ചു.രാഖി ഓടി ആ മുറിയിലേക്ക് ചെന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.
“”മോഹൻ.. ഇത്രേ ഉള്ളോ കാര്യം. അവൾ വയസ്സറീച്ചതല്ലേ. ഞാൻ ആകെ പേടിച്ചു പോയി…മോഹൻ പോയി ഒരു സാനിറ്ററി പാഡ് വാങ്ങി വന്നേ””. രാഖി ചിരിച്ചു കൊണ്ട് പറഞ്ഞു.
“”ഞ്ഞ ഞ്ഞ ഞാനോ””..? മോഹൻ അമ്പരപ്പ് മാറാതെ ചോദിച്ചു.”അല്ലാതെ പിന്നെ… വേഗം ചെല്ല്.. ഇങ്ങനെയുമുണ്ടോ അച്ഛൻ… ഇയാളുടെ ഒരു കാര്യം””.രാഖി ചിരിച്ചു കൊണ്ട് മോഹനെ വല്ലാത്തൊരു നോട്ടം നോക്കി കൊണ്ട് മുറിയിലേക്ക് പോയി.
മോഹൻ പോയി സാനിറ്ററി പാഡ് വാങ്ങി കൊണ്ട് വന്നു രാഖിക്ക് കൊടുത്തു. അവർ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ രാഖി മോഹന്റെ അടുത്തേക്ക് വന്നു.
“”അവൾക്കെങ്ങനെയുണ്ട്.””?മോഹൻ ചോദിച്ചു.”എന്തിനാ മോഹൻ ഇത്രക്ക് ടെൻഷൻ. ഇത് സ്വാഭാവികമല്ലേ. നല്ല വയറ് വേദനയുണ്ടവൾക്ക്. കുറച്ചു നേരം കിടന്നാൽ മാറും””.രാഖി ചിരിച്ചു കൊണ്ട് പറഞ്ഞു.
മോഹൻ കനത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു”മോഹൻ.. ചടങ്ങ് നടത്തേണ്ടേ..? അങ്ങനെയൊക്കെയുണ്ട്. നമ്മുടെ സമുദായത്തിൽ””. രാഖി ചോദിച്ചു.
“”ആര് നടത്താൻ.. അവൾക്ക് അമ്മയില്ലല്ലോ. അവരായിരുന്നില്ലേ ഇതിനൊക്കെ മുന്നിൽ നിൽക്കേണ്ടത്.എനിക്കും എന്റെ മോൾക്കും ആരാ ഉള്ളത്””.മോഹന്റെ കണ്ഠമിടറി.
രാഖി മോഹന്റെ അടുത്തേക്ക് പതുക്കെ നടന്നു വന്നു.””മോഹൻ.. പോയവർ പോയി. അവരിനി മടങ്ങി വരില്ല. എനിക്ക് മോഹനെ ഇഷ്ടാണ്. ഒരുപാടിഷ്ടാണ്. ഞാൻ നിൽക്കാം അനുമോളുടെ അമ്മയായിട്ട്. ഇനിയെങ്കിലും എന്നെ ഒന്ന് പരിഗണിച്ചൂടെ””.രാഖി പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
മോഹൻ വിടർന്ന കണ്ണുകളോടെ തിരിഞ്ഞു രാഖിയെ നോക്കി. അവർ ചിരിച്ചുകൊണ്ട് അയാളെ തന്നെ നോക്കി നിൽക്കുന്നു. മോഹൻ ഒന്നും മിണ്ടിയില്ല.
“”കുഞ്ഞുനാളിൽ മുളപൊട്ടിയതാ മോഹനോടുള്ള ഇഷ്ടം. ഇത് വരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല. മോഹൻ എന്നെങ്കിലും അത് മനസ്സിലാക്കും എന്ന് ഞാൻ കരുതി. മനസ്സിലാകാഞ്ഞിട്ടാണോ അതോ മനസ്സിലാകാത്ത പോലെ നടിക്കുകയാണോ… എനിക്കറിയില്ല””.രാഖി വീണ്ടും വിതുമ്പി.
മോഹൻ എന്ത് പറയണം എന്നറിയാതെ ബുദ്ധിമുട്ടി. രാഖിയുടെ സ്നേഹം മോഹൻ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ മോഹൻ എന്ത് കൊണ്ടോ അത് ഭാവിച്ചില്ല.. അല്ലെങ്കിൽ മകളെ കുറിച്ചുള്ള ഉൽക്കണ്ട അയാളെ അനുവദിച്ചില്ല.
“”മോഹന്റെ ഭാര്യയെക്കാൾ സൗന്ദര്യം എനിക്കില്ലായിരിക്കാം.. അല്പം കറുത്തിട്ടാണ്.. തടിച്ചിയാണ്.. അതൊക്കെ എനിക്കറിയാം. പക്ഷെ.. ഞാൻ ആരുടെ കൂടെയും പോവില്ല.
ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാലല്ലേ ഞാൻ പോകൂ.”” രാഖി തേങ്ങി കരഞ്ഞുകൊണ്ട് ഇറങ്ങി പോയി.
മോഹന് ഒന്നും പറയാൻ പറ്റിയില്ല. എന്ത് പറയണം എന്നയാൾക്ക് നിശ്ചയമില്ലായിരുന്നു. അയാൾ പുറത്തേക്കിറങ്ങി. രാഖി കണ്ണ് തുടച്ചു കൊണ്ട് സ്കൂട്ടറിൽ കയറി പോകുന്നത് നോക്കി നിന്നു.
അന്നു രാത്രി അനുമോളെ മോഹൻ ഉറങ്ങാൻ വിളിച്ചു. മൂന്ന് വയസ്സുമുതൽ അച്ഛന്റെ നെഞ്ചിലേ ചൂടേറ്റാണ് അവൾ ഉറങ്ങാറ്.
“”അച്ഛാ..ഞാൻ തനിച്ചു കിടന്നോളാം. ഞാൻ വലിയകുട്ടി ആയില്ലേ. ഇനി അച്ഛൻ എന്റെ കൂടെ കിടക്കണം എന്നില്ല. എനിക്കെല്ലാം പറഞ്ഞു തന്നു രാഖിയാന്റി””.
ഒട്ടും പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് കേട്ടപോലെ തോന്നി മോഹന്. “ശരിയാണ് എന്റെ മോള് വലുതായി. അമ്മയില്ലാത്ത അവളെ ഞാൻ ഇത്രയും വളർത്തി വലുതാക്കി. ഒരു കുറവും ഞാൻ ഒന്നിലും വരുത്തിയിട്ടില്ല.
വലുതാകുന്തോറും മക്കൾ അച്ഛനിൽ നിന്നകലുമൊ?.അല്ലെങ്കിലും ഞാൻ എന്തൊരു മണ്ടൻ അച്ഛനാണ്. വയസ്സറിയിച്ച പെണ്മക്കളുടെ കൂടെ അച്ചന്മാർ കിടക്കുമോ”?. മോഹൻ മനസ്സിൽ ചോദിച്ചു.
“”ശരി മോളെ. ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ടാകും”‘.മോഹൻ പറഞ്ഞു.മോഹന് ഉറക്കം വന്നില്ല. മകൾ അടുത്തില്ലാതെ മോഹൻ ഒരു ദിവസം പോലും കിടന്നുറങ്ങിയിട്ടില്ല. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി മകൾക്ക് വേണ്ടി ജീവിച്ചു മോഹൻ.
വേറെ ഒരു ബന്ധത്തെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. വയസ്സ് നാല്പത് പിന്നിട്ടു മോഹന്. ഇപ്പൊ എന്തൊക്കെയോ തനിച്ചായ പോലെ എന്നൊരു ചിന്ത അയാളിൽ ഉടലെടുത്തു. “എന്റെ അനുമോൾ എന്നിൽ നിന്നകലുന്നതിന്റെ തുടക്കമാണോ ഇത്”.മോഹൻ ചിന്തിച്ചു
മോഹൻ എണീറ്റു മോളുടെ മുറിയിൽ ചെന്ന് നോക്കി. അവൾ സുഖമായി ഉറങ്ങുന്നു. മോഹൻ തിരികെ റൂമിൽ വന്നു കിടന്നു..പെട്ടെന്ന് അയാളുടെ മനസ്സ് രാഖിയെ കുറിച്ചോർത്തു.
“എന്റെ പ്രായമാണ്. നാല്പതു വയസ്സ്. ഒരുമിച്ച് കളിച്ചു വളർന്നതാണ്. അവൾ ഇത് വരെ വിവാഹം കഴിക്കാതിരുന്നത് എന്നെ കാത്തിരിക്കുന്നത് കൊണ്ടൊന്നുമല്ല.
കാണാൻ വലിയ ഭംഗിയില്ല. അല്പം കറുത്തിട്ടാണ്. തടിച്ച ശരീരം.. എന്നാലും മുഖത്ത് വല്ലാത്തൊരു ശ്രീത്വം വിളങ്ങി നിൽക്കുന്നുണ്ട്. മനസ്സ് മറ്റെന്തിനേക്കാളും മികച്ചതാണ് ” മോഹനെ ഓർമ്മകൾ തലോടി.
മോഹൻ എഴുന്നേറ്റ് പോയി ലൈറ്റിട്ടു. നിലകണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നു നോക്കി.. അങ്ങിങ്ങ് നര വീണു തുടങ്ങിയിരിക്കുന്നു. കഷണ്ടിയും കയറുന്നുണ്ട്. എങ്കിലും ഇപ്പോഴും വെളുത്തു സുന്ദരനാണ്..
തന്റെ തുടുത്ത കവിളുകളിൽ ഒന്ന് തടവികൊണ്ട് മോഹൻ ഒന്ന് പുഞ്ചിരിച്ചു. “ഞാനൊരു കിഴവൻ അച്ഛനായോ”?.
പിറ്റേന്ന് രാവിലെ രാഖി അനുമോളെ കാണാൻ വന്നൂ. മോഹൻ അടുക്കളയിൽ മോൾക്കുള്ള ഭക്ഷണം ഉണ്ടാക്കുകയായിരുന്നു.
“”ഞാൻ സഹായിക്കണോ മോഹൻ””.? അടുക്കളയിലേക്ക് കയറിവന്ന് രാഖി ചോദിച്ചു.””വേണ്ട..കഴിയാറായി””.മോഹൻ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു.
രാഖി ചിരിച്ചു . അനുമോൾക്കുള്ള പ്രാതൽ മോഹൻ എടുത്തു വെച്ചു. അവൾ അത് കഴിക്കുമ്പോഴേക്കും ചോറ് പാത്രത്തിലാക്കി ബാഗിൽ വെച്ചു. ഇതെല്ലാം രാഖി ഒരു ചെറു പുഞ്ചിരിയുമായി കൗതുകത്തോടെ നോക്കി നിന്നു.
അനുമോൾ ബാഗുമെടുത്തു സ്കൂളിൽ പോകാനിറങ്ങി.അനുമോൾ വളർന്നു വലുതായി. സൗന്ദര്യവും ചാരുതയും പ്രസരിപ്പും അവളിൽ നിറഞ്ഞു. രാഖി മോഹന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു. മോഹനും രാഖിയും തമ്മിൽ എന്തൊക്കെയോ ഒരു അടുപ്പം ഉണ്ടാവാൻ തുടങ്ങി..
എന്നാലും അവർ കൂടുതൽ സംസാരിച്ചില്ല. ഒരു പക്ഷെ.. അതിനേ പ്രേമം എന്ന് വിളിക്കാനാവില്ല..”‘അച്ഛാ.. രാഖിയാന്റിയോട് ഇനി ഇങ്ങോട്ട് വരരുത് എന്ന് പറയണം അച്ഛൻ””.ഒരു ദിവസം അനുമോൾ മോഹനോട് പറഞ്ഞു.
“”അതെന്താ.. മോളെ…നിങ്ങൾ നല്ല കൂട്ടല്ലേ.. ഇപ്പൊ എന്ത് പറ്റി..ഇങ്ങനെ തോന്നാൻ””.!? മോഹൻ ആശ്ചര്യത്തോടെ ചോദിച്ചു.
“”ഒന്നൂല്ല.. രാഖിയാന്റി പാവമാ.. അച്ഛനും.. പക്ഷെ…നാട്ടുകാർക്ക് അതറിയില്ലല്ലോ.. എന്റെ ഭാവി കൂടി””….?. അനുമോൾ ചോദ്യഭാവത്തോട് കൂടി മോഹനെ നോക്കി.
മോഹൻ ഒന്ന് മൂളി.”എനിക്ക് മനസ്സിലായി മോളെ.. എനിക്ക് നിന്നെ കഴിഞ്ഞേയുള്ളൂ എല്ലാം.. മോള് പേടിക്കേണ്ട. അച്ഛൻ പറഞ്ഞോളാം””.മോഹൻ പറഞ്ഞു. ഉള്ളിൽ എന്തോ ഒരു വിഷമം മോഹനെ അലട്ടി.
“”രാഖി ഇനി ഇവിടെ വരരുത്””..ഒരു ദിവസം അനുമോൾ സ്കൂളിൽ പോയി കഴിഞ്ഞു മോഹൻ പറഞ്ഞു.പെട്ടെന്നുള്ള ഈ സംസാരം കേട്ട രാഖി ഒന്ന് ഞെട്ടി.
“”എന്താ.. മോഹൻ… അങ്ങനെ പറഞ്ഞത്””?. രാഖി അലോസരപ്പെട്ട് ചോദിച്ചു.””അറിയാലോ.. അനുമോൾ വളർന്നു വരികയാണ്. അവൾക്കിനി എല്ലാം മനസ്സിലാകും. വെറുതെ അവളിൽ സംശയം ജനിപ്പിച്ചാൽ…
നമ്മൾ ഒന്നും ചെയ്തിട്ടല്ല. പക്ഷെ.. അമ്മയില്ലാത്ത കുഞ്ഞല്ലേ…തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമാണ്””.മോഹൻ പറഞ്ഞു നിർത്തി. അവരുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി മോഹനുണ്ടായില്ല.
“”ഓഹ്.. ഇപ്പൊ അങ്ങനെ ആയോ. കാര്യം കഴിഞ്ഞപ്പൊ എന്നെ വേണ്ടാ അല്ലെ. ആയിക്കോട്ടെ മോഹൻ. ഞാൻ പോവാണ്. എന്നും മോഹന് എന്റെ മനസ്സിലൊരു സ്ഥാനമുണ്ടാകും. എന്ന് വെച്ചു ശല്യം ചെയ്യാനൊന്നും ഞാൻ വരില്ലാട്ടോ.”” രാഖിയുടെ കണ്ണ് നിറഞ്ഞു. വിതുമ്പിക്കൊണ്ട് അവർ പോയി.
മോഹന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം വന്നു നിറഞ്ഞപോലെ തോന്നി.രാഖി പിന്നെ ആ വീട്ടിലേക്ക് വന്നിട്ടില്ല. അനുമോൾ ചോദിച്ചതുമില്ല.
രാഖിയിൽ നിന്ന് മനഃപൂർവം അനുമോളും മോഹനും ഒഴിഞ്ഞു മാറി. രാഖിക്ക് പിന്നെയും കുറേ കല്യാണാലോചനകൾ വന്നു. പക്ഷെ.. രണ്ടാം കെട്ടുകാർക്ക് പോലും അവരെ ഇഷ്ടായില്ല.എങ്കിലും രാഖി ദുഃഖിച്ചില്ല. വിവാഹമല്ല ഒരു പെണ്ണിന്റെ ഏറ്റവും വിലപ്പെട്ട കാര്യം എന്ന നിലപാടായിരുന്നു അവർക്ക്.
കാലം കടന്നു പോയി. അനുമോൾ വീണ്ടും വളർന്നു വലുതായി. തുടിപ്പും മുഴുപ്പും വെച്ചു. ആരെയും മോഹിപ്പിക്കുന്ന ചന്തം വന്നു. അതിന്റെ അഹങ്കാരവും അവളിൽ ഉടലെടുത്തു.
മകളുടെ ഒരാഗ്രഹത്തിനും മോഹൻ എതിര് നിന്നില്ല. സ്നേഹംകൊണ്ട് അവളെ വീർപ്പ് മുട്ടിച്ചു. പതിയെ പതിയെ മോഹന്റെ സ്നേഹം അനുമോൾക്ക് അലോസരമായി തോന്നി. അവൾ അച്ഛനോട് അകലാൻ തുടങ്ങി
മകൾ തന്നിൽ നിന്നകലുന്നുണ്ടോ എന്നൊരു സന്ദേഹം മോഹന്റെ ഉള്ളിൽ ഉടലെടുത്തു. അനുമോളെ സ്നേഹിക്കുന്നത് പോരാഞ്ഞിട്ടാണോ ഈ അകൽച്ച എന്ന് മോഹന് തോന്നി. അയാൾ പരമാവധി അവളെ സ്നേഹം കൊണ്ട് മൂടി.അതിനനുസരിച്ചു അനുമോളുടെ അകൽച്ചയും കൂടി കൂടി വന്നു.
ഇതിനിടെ ഒരു ചെറുപ്പകാരനുമായി അനുമോൾ പ്രണയത്തിലായി. അതോടെ മോഹനുമായുള്ള അകൽച്ചയുടെ തോത് വർധിച്ചു. മോഹൻ ഒന്നും പറയാൻ പറ്റാത്ത വിധം മകളിൽ സ്നേഹത്താൽ ബന്ധിതനായി.
വലിയൊരു വീട്ടിൽ മോഹൻ തനിച്ചായി. ഒറ്റപ്പെടൽ കൊണ്ട് വീർപ്പുമുട്ടിയ മോഹൻ ഒരു ദിവസം അനുമോളോട് പറഞ്ഞു.
“”മോളെ.. പ്രണയം ഒരു തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷെ…അത് മാത്രമാണ് ലോകം എന്ന് കരുതുമ്പോഴാണ് കൈവിട്ട് പോകുന്നത്..ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്ത വിധം അത് നമ്മെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്.
നിന്റെ ലോകം അവനിലേക്ക് മാത്രമായി ചുരുങ്ങി. നിനക്കിപ്പോ ഒന്നിലും താല്പര്യമില്ലാതായി. നോക്ക് മോളെ… ഈ വീട്ടിൽ ഞാനും നീയും മാത്രമേയുള്ളൂ.
നീ എന്നോടൊന്നു സംസാരിച്ചിട്ട് എത്ര നാളായി അനൂ. എനിക്കാരുണ്ട് ഒന്ന് മനസ്സ് തുറക്കാൻ””.മോഹൻ തേങ്ങി.
അനുമോൾ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് കയറി പോയി. മോഹൻ പിന്നാലെ ചെന്നു.
“”അനൂ.. നിനക്കറിയാലോ.. ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാണ്. നീയാണ് എന്റെ ലോകം. ആ നിനക്കിപ്പോ എന്നെ വേണ്ടാ. എന്റെ സംസാരം കേൾക്കേണ്ട.. എന്നോടൊപ്പം കുറച്ചു നേരം ചെലവഴിക്കാൻ നിനക്ക് നേരമില്ല അല്ലേ..
എന്ത് പറ്റി എന്റെ മോൾക്ക്””.? മോഹൻ കരച്ചിലിന്റെ വക്കോളമെത്തി.””പപ്പാ.. എനിക്കൊന്നും പറ്റിയിട്ടില്ല. എനിക്കല്പം സ്വൈര്യം തരാമോ””? അനുമോൾ ശബ്ദമുയർത്തി മോഹന് നേരെ ആക്രോശിച്ചു
മോഹൻ ഞെട്ടി പിറകോട്ടു മാറി.അനുമോളുടെ ഭാവമാറ്റം കണ്ട് മോഹൻ പേടിച്ചു വിറച്ചു. ഇതുവരെ മോഹനോട് അനുമോൾ ദേഷ്യപ്പെട്ടിട്ടില്ല. മോഹൻ വിതുമ്പി കൊണ്ട് അവിടെ നിന്ന് പോയി.
മുറിയിൽ പോയി കിടന്നു പൊട്ടി കരഞ്ഞു. ഈ ഒറ്റപ്പെടൽ തന്നെ ഒരു ഭ്രാന്തനാക്കുമെന്ന് അയാൾക്ക് തോന്നി.അനുമോൾ ഒന്നും കേട്ടതായി ഭാവിച്ചില്ല.
അവൾ ഫോണെടുത്ത് കാമുകനുമായി സല്ലപിച്ചു രസിച്ചു. കടുത്ത പ്രണയത്താൽ അവൾ സ്വയം മറന്നു. അച്ഛനെ മറന്നു. അങ്ങനെയൊരാൾ വീട്ടിലുള്ള ഭാവം പോലും അവൾ നടിച്ചില്ല.
രണ്ട് പേരും രണ്ട് ലോകത്തായി. മോഹന് ദിവസങ്ങൾ കഴിയുന്തോറും സമനില തെറ്റാൻ തുടങ്ങി.ഒരു ദിവസം രാത്രി മോഹൻ ഉറക്കമില്ലാതെ ഹാളിലൂടെ നടക്കുമ്പോൾ അനുമോളുടെ മുറിയിൽ നിന്ന് അടക്കി പിടിച്ച സംസാരം കേട്ടു.
മോഹൻ വാതിൽ പഴുതിലൂടെ ചെവിയോർത്തു. മകളുടെ ഫോണിലൂടെയുള്ള കേട്ടാൽ അറക്കുന്ന അശ്ലീല സംസാരം കേട്ട് മോഹന് തലകറങ്ങുന്ന പോലെ തോന്നി.
ദേഷ്യവും സങ്കടവും അയാളിൽ ഇരച്ചു കയറി. അയാൾ സംയമനം പാലിച്ചു കതകിൽ മുട്ടി.””അനൂ.. കതക് തുറക്ക്””. മോഹൻ വിളിച്ചു.
അനുമോൾ വേഗം ഫോൺ കട്ട് ചെയ്തു. ഉടുതുണിയില്ലാതെ നിന്ന അവൾ വേഗം വസ്ത്രം ധരിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ കതക് തുറന്നു.
“”എന്താ…പപ്പാ.. ഉറങ്ങാനും സമ്മതിക്കില്ലേ””. അവൾ ഒരു ഭാവമാറ്റവും ഇല്ലാതെ ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് ചോദിച്ചു.
“”നിന്നെ ഞാൻ ഉറക്കി തരാടി””.എന്നും പറഞ്ഞുകൊണ്ട് മോഹൻ അനുമോളുടെ കവിളിൽ ആഞ്ഞടിച്ചു. അവൾ നിലത്ത് വീണു. മോഹൻ വീണ്ടും ആഞ്ഞു ചവിട്ടി.
“”എടീ…എന്നോടൊന്നു മിണ്ടാൻ നിനക്ക് നേരമില്ല അല്ലേ.. എന്നിട്ട് നട്ടപാതിരക്ക് നിന്ന് കണ്ട വൃത്തികേടൊക്കെ കാണിക്കുന്നോ. ബാക്കിയുള്ളവൻ ഇവിടെ കിടക്കപ്പൊറുതിയില്ലാതെ തീ തിന്നു നടക്കുമ്പോ അവൾ അവന്റെ….
എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് നീ. തെണ്ടി””. മോഹൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു വീണ്ടും അടിക്കാൻ കൈയോങ്ങി.
“”തൊട്ട് പോകരുതെന്നെ.. ഞാൻ പ്രായപൂർത്തിയായ പെണ്ണാ. അച്ഛനാണെന്നൊന്നും ഞാൻ നോക്കില്ല. കേസ് കൊടുത്താൽ നിങ്ങൾ അഴിയെണ്ണേണ്ടി വരും””.അനുമോൾ വിരൽ ചൂണ്ടി ആക്രോശിച്ചു.
മോഹന് നിന്ന നിൽപ്പിൽ ഭൂമി പിളർന്നങ്ങു താഴേക്ക് പോയെങ്കിൽ എന്നാഗ്രഹിച്ചു. തന്റെ മോള് വിരൽ ചൂണ്ടി സംസാരിച്ചിരിക്കുന്നു. തന്റെ നേരെ…
ഇതിൽ കൂടുതൽ ഇനി എന്ത് വേണം.മോഹൻ അവളുടെ മുഖത്ത് നോക്കിയൊന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി..പിന്നെ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് നടന്നു.
“”എടീ… നീ സുഖിച്ചോ… എന്നെ ഗതിക്കിട്ടാത്ത ആത്മാവിനെ പോലെ ആക്കിയിട്ട് നീ വല്ലവന്റെയും കൂടെ പൊറുക്കുകയാണല്ലോ.. ഭാഗ്യവതീ.. നീ പുണ്യം ചെയ്തവളാ…നീ അറിയുന്നുണ്ടോ.. ഇത് വല്ലതും.”” മോഹൻ തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയോട് ഭ്രാന്തനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു.
അയാൾ ഫ്രിഡ്ജ് തുറന്ന് കുപ്പിയിൽ ബാക്കിവന്ന മദ്യം തൊണ്ടയിലേക്ക് കമിഴ്ത്തി. വന്ന് കട്ടിലിലേക്ക് വീണു. നേരം വെളുത്തു. മോഹൻ എണീറ്റു. പെട്ടെന്നു അയാൾക്ക് രാത്രി നടന്ന സംഭവം ഓർമ വന്നു. “എന്റെ.. മോള്..
അവളെ ഞാൻ ഇന്നലെ”..മോഹൻ അനുമോളുടെ മുറിയിലേക്കോടി ചെന്നു. അവൾ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. മോഹൻ പതുക്കെ കുലുക്കി വിളിച്ചു.
“”അനുമോളെ… അനൂ.. എഴുന്നേൽക്കെടീ.. ഇന്ന് കോളേജീ പോണ്ടേ.””അവൾ ഒന്ന് മുരണ്ടുകൊണ്ട് മലർന്ന് കിടന്നു. അവളുടെ തുടുത്ത കവിൾ അടിക്കൊണ്ട് ചുവന്നത് മോഹൻ കണ്ടു.
അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. മോഹൻ ആ കവിളിൽ തലോടി. അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.””തൊട്ടു പോകരുതെന്നെ””. അവൾ അലറി.
മോഹൻ ഞെട്ടി. “”മോളെ അനൂ””..””എന്നെ തല്ലിയില്ലേ.. എന്നെ ചവിട്ടിയില്ലേ നിങ്ങൾ.. നിങ്ങളെ എനിക്ക് കാണേണ്ട””.അനുമോൾ ആർത്തു കരഞ്ഞു കൊണ്ട് പറഞ്ഞു.
മോഹന്റെ കരള് പിടഞ്ഞു. നെഞ്ചകം നീറി പുകഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി.””മോളെ.. അച്ഛന്റെ സ്വാർത്ഥത കൊണ്ട് ചെയ്തു പോയതാണ്. നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്ന് പേടിച്ചിട്ടാണ്. എന്നിൽ നിന്നുള്ള നിന്റെയീ അകൽച്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്””.മോഹൻ വിതുമ്പി കൊണ്ട് പറഞ്ഞു.
“”എന്ന് വെച്ച് എനിക്കെന്റേതായ കാഴ്ച്ചപ്പാടില്ലേ. അമ്മയില്ലാതെ വളർത്തിയ കണക്ക് പപ്പ ഇടയ്ക്കിടെ പറയാറുണ്ടല്ലോ.. എന്താ അതിനർത്ഥം.. അമ്മയില്ലാതെ വളർന്നവർക്ക് ഒന്നിനും പറ്റില്ലേ. അങ്ങനെ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ””? അനുമോൾ മോഹന്റെ മുഖത്ത് നോക്കി പറഞ്ഞു.
മോഹന് ശ്വാസം നെഞ്ചിൽ തിങ്ങുന്ന പോലെ തോന്നി. എന്ത് പറയണം എന്നറിയാതെ അയാൾ ഉഴറി.
“”മോളെ.. നീ എങ്ങനെ വേണമെങ്കിലും ജീവിച്ചോ.. പക്ഷെ.. അച്ഛനെ.. ഈ പാവം അച്ഛനെ കൂടിയൊന്നു പരിഗണിക്കുമോ. എന്റെ പഴയ അനുമോളായി തിരിച്ചു വരുമോ. നിനക്ക് കൂട്ടുകാരുണ്ട്. കാമുകനുണ്ട്.. എല്ലാരും ഉണ്ട്.. എനിക്ക് ആരാ ഉള്ളത്. നീയല്ലാതെ..
നീ ഇല്ലാതെ എനിക്ക് പറ്റില്ല അനൂ. അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു””. മോഹൻ ദയനീയമായി കെഞ്ചി. മകളെ നോക്കി കൈകൂപ്പി.
അനുമോൾ അത് ഗൗനിച്ചില്ല. മോഹന്റെ മുഖത്ത് പോലും നോക്കിയില്ല. അവൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. മോഹൻ കടുത്ത നിരാശയിലായി. മനസ്സ് തിങ്ങി വിങ്ങി..
മകളോടുള്ള സ്നേഹത്താൽ ഉള്ള് നീറി. അയാൾ എഴുന്നേറ്റ് റൂമിൽ പോയി കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അനുമോൾ ഒരു ബാഗുമായി മോഹന്റെ മുറിയിൽ വന്നു. അവൾ തേങ്ങുന്നുണ്ടായിരുന്നു.
“”പപ്പാ .. ഞാൻ പോവാണ്. ഇനി എനിക്കിവിടെ നിൽക്കാൻ പറ്റില്ല.. വളർത്തിയതിന്റെയും സ്നേഹിച്ചതിന്റെയും കണക്ക് കേൾക്കാൻ എനിക്കിനി വയ്യ..എന്റെ അജയ് വരും എന്നെ കൊണ്ട് പോകാൻ””. അനുമോൾ പറഞ്ഞു.
“”മോളെ.. നീ എന്താ ഈ പറയുന്നത്..പോവാന്നോ?.. എങ്ങോട്ട് പോകാൻ. എന്നെ വിട്ടു എങ്ങോട്ടാ എന്റെ മോള് പോകുന്നത്””?. മോഹൻ പരിഭ്രാന്തി പിടിച്ചവനെ പോലെ ചോദിച്ചു.
അനുമോൾ അത് കേൾക്കാത്ത ഭാവത്തിൽ ബാഗുമെടുത്ത് നടന്നു. മോഹൻ പിന്നാലെ ഓടി.
“”അനുമോളെ.. അച്ഛൻ ഇനി ഒരു കണക്കും പറയില്ല. മോളെ ഇനി ഒരിക്കലും ഞാൻ തല്ലില്ല. പോവല്ലേ മോളെ. ഞാൻ ഉണ്ടാക്കിയത് മുഴുവൻ നിനക്കാണ്. പോവല്ലേ മോളെ.”” മോഹൻ അവളുടെ പിന്നാലെ നടന്നു താണു കേണു പറഞ്ഞു.
അവൾ ഒന്നും കേട്ടതായി ഭാവിച്ചില്ല. മോഹൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു. അവൾ ബലമായി വലിച്ചു കൈകൾ വേർപ്പെടുത്തി.
“”മോളെ… ഒരിത്തിരി സ്നേഹവും നിന്റെ സാമീപ്യവും മാത്രേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. നിനക്ക് വേണ്ടി തുലച്ചതാണ് എന്റെ ജീവിതം..പുറംകാല് കൊണ്ട് തട്ടി തെറിപ്പിച്ചു പോയാൽ അച്ഛൻ മനസ്സ് നീറി നീറി മരിക്കും.””മോഹൻ ആർത്തലച്ചു കരഞ്ഞു കൊണ്ട് മകളുടെ പുറകെ ഓടി..
അവൾ തിരിഞ്ഞു പോലും നോക്കിയില്ല. ഗേറ്റിൽ കാത്തുനിന്ന കാമുകൻ അജയ് യുടെ കാറിൽ കയറി അവൾ യാത്രയായി. മോഹൻ കരഞ്ഞു കൊണ്ട് അത് നോക്കി നിന്നു. കാർ കണ്മുന്നിൽ നിന്ന് മറയുവോളം…
പ്ലാന്റർ മോഹന്റെ മകൾ ഒളിച്ചോടി. നാട്ടിൽ പാട്ടായി.””പാവം.. മകൾക്ക് വേണ്ടി ജീവിച്ചിട്ടിപ്പോ.”..””അല്ലെങ്കിലും അങ്ങേർക്കിത് വേണം. ഇങ്ങനെയൊന്നും മക്കളെ സ്നേഹിക്കാൻ പാടില്ല””..
“”അങ്ങേർക്കിത് എന്തിന്റെ കേടായിരുന്നു. ഭാര്യ പോയപ്പോ തന്നെ വേറെ കെട്ടികൂടായിരുന്നോ””.””പാവം ഭാര്യയും ഒളിച്ചോടി. ഇപ്പൊ മകളും. കോടികണക്കിന് സ്വത്ത് ഇനി.. അങ്ങേര് എന്ത് ചെയ്യും.. എന്തോ””.? നാട്ടിൽ ഇങ്ങനെയൊക്കെ സംസാരം ഉയർന്നു.
മോഹൻ തനിച്ചു വീട്ടിൽ കിടപ്പായി. കരഞ്ഞു കണ്ണീർ വറ്റി. ആരും വന്നു നോക്കിയില്ല. ഒന്നും കുടിക്കാതെയും കഴിക്കാതെയും ഒരു ദിവസം കഴിഞ്ഞു പോയി. സംഭവമെല്ലാം രാഖി അറിഞ്ഞിരുന്നു. പക്ഷെ.
അവർക്ക് മോഹനെ പോയിക്കാനാണോ ഒന്ന് വിളിക്കാനോ ഉള്ള ധൈര്യം ഉണ്ടായില്ല. മോഹന്റെ കാര്യം ആലോചിച്ചിട്ട് അവർക്ക് സഹിച്ചില്ല. അവർ അതീവ ദുഖിതയായി.
പിറ്റേന്ന് രാഖി രണ്ടും കൽപ്പിച്ചു മോഹനെ വിളിച്ചു..കിട്ടിയില്ല..അവർ പോയി കാണാൻ തീരുമാനിച്ചു. അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി പത്രത്തിലാക്കി കൊണ്ട് പോയി.
രാഖി മോഹന്റെ വീട്ടിലെത്തി കാളിംഗ് ബെല്ലടിച്ചു. കുറേ കഴിഞ്ഞപ്പോൾ മോഹൻ വന്ന് കതക് തുറന്നു.
രാഖി ഞെട്ടി.. കരഞ്ഞു കണ്ണീർ വറ്റിയ കണ്ണുകളുമായി മോഹൻ നിൽക്കുന്നു. കവിളുകളിൽ ചോരമയമില്ല. കണ്ണുകളിൽ തിളക്കമില്ല.
“”മോഹൻ എന്ത് കോലമാണിത്… വന്നേ.. പറയട്ടെ”” രാഖി എന്തോ അധികാരമുള്ളത് പോലെ മോഹന്റെ കൈകളിൽ കയറി പിടിച്ചു.
മോഹൻ ഒന്നും മിണ്ടിയില്ല. അവളുടെ കൂടെ യാന്ത്രികമായി നടന്നു. രാഖി അയാളെ സോഫയിൽ ഇരുത്തി. മോഹൻ വീണ്ടും വിതുമ്പി.
“”രാഖീ…എന്റെ മോള് പോയി””. മോഹൻ വീണ്ടും കരഞ്ഞു.””നോക്ക് മോഹൻ.. അനുമോൾക്ക് പ്രായപൂർത്തിയായി. അവളുടെ ജീവിതം അവൾ തെരെഞ്ഞെടുത്തു. അതിൽ ഇനി നമുക്കൊന്നും ചെയ്യാനില്ല.
അതിന്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടത് അവൾ തന്നെയാണ്. അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം. അതേ നമ്മളെ കൊണ്ടിനി ചെയ്യാൻ പറ്റൂ””.രാഖി പറഞ്ഞു.
“”പിന്നെ.. അവളെ സ്നേഹിച്ചതിന്റെ കാര്യം.. സ്നേഹം ചിലപ്പോഴൊക്കെ അങ്ങനെയാണ് മോഹൻ. തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കാം നമുക്ക്. പക്ഷെ വാശി പിടിക്കരുത്. അത് അപകടത്തിൽ കൊണ്ടെത്തിക്കും. ഇവിടെ സംഭവിച്ചതും അതാണ്””. രാഖി തുടർന്നു.
“”മോഹൻ മോഹന്റെ കടമ ചെയ്തു. അമ്മയില്ലാത്ത കുഞ്ഞിനെ വളർത്തി വലുതാക്കി. മോഹൻ അളവിൽ കവിഞ്ഞ സ്നേഹം മകൾക്ക് കൊടുത്തു. ചില സ്നേഹങ്ങൾ പിശുക്കി പിശുക്കി കൊടുക്കണം മോഹൻ. ഇനിയും എന്തൊക്കെയോ കിട്ടാനുണ്ട് എന്ന തോന്നൽ വരണം. എന്നാലേ കുറച്ചെങ്കിലും തിരിച്ചു കിട്ടൂ..
ഞാൻ മോഹനെ കുറ്റപെടുത്തിയതല്ല. യാഥാർഥ്യം അങ്ങനെ ആണെന്ന് പറഞ്ഞതാണ്””.രാഖി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
മോഹൻ രാഖിയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ നിന്ന് ധാര ധാരയായി കണ്ണീരൊഴുകുന്നുണ്ട്.
“”ഞാൻ ഉണ്ടാകും മോഹന്റെ കൂടെ.മോഹന് എന്നെ ഇഷ്ടമാണെങ്കിൽ ചടങ്ങിനൊരു താലി ചരട് വാങ്ങി എന്റെ കഴുത്തിൽ കെട്ടിക്കോ.. അതല്ല എന്നെ ഇഷ്ടായില്ലെങ്കിലും… ഞാൻ…ഞാൻ.. മോഹന്റെ കൂടെയുണ്ടാകും.”” രാഖി പറഞ്ഞു.
മോഹന്റെ ചുണ്ടുകൾ വിതുമ്പി. അയാൾ രാഖിയുടെ നേരെ കൈകൂപ്പി. മോഹൻ രാഖിയുടെ മടിയിലേക്ക് വീണു. മടിയിൽ മുഖം പൂഴ്ത്തി കരഞ്ഞു. രാഖി അയാളുടെ മുതുകിൽ തട്ടി ആശ്വസിപ്പിച്ചു.
നരകയറിയ മുടിയിഴകളിൽ കൈ ഓടിച്ചു.അവർ ചിരിച്ചു. ഉള്ള് തുറന്നു ചിരിച്ചു. എന്തൊക്കെയോ നേടിയ പോലെ മുഖം വിടർന്നു.
“”മോഹൻ എണീക്ക്.. ആദ്യം പോയൊന്ന് കുളിച്ചേ.. ഞാൻ ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്. കുളിച്ചിട്ട് വല്ലതും കഴിക്ക്.. എണീക്ക്””.രാഖി മോഹന്റെ പുറത്തു തട്ടി കൊണ്ട് പറഞ്ഞു.
മോഹൻ അവരുടെ മടിയിൽ നിന്നും തല പൊക്കി. രാഖിയുടെ മുഖം തന്റെ കൈകുമ്പിളിൽ എടുത്തു. രാഖിക്ക് നാണം വന്നു. അവർ താഴേക്ക് നോക്കി.
“”രാഖി…എന്താ പറയേണ്ടത് എന്നറിയില്ല.നിന്നെയെങ്കിലും ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. എന്നോട് പൊറുക്കണം.. ഞാൻ മനസ്സിലാക്കാതെ പോയതിൽ. മകളോടുള്ള സ്നേഹവാത്സല്യത്താൽ ഞാൻ അന്ധനായിരുന്നു. ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല…
പക്ഷെ.. നീ..എന്നെ തോൽപ്പിച്ചു”” മോഹൻ വീണ്ടും വിതുമ്പാൻ തുടങ്ങി.””മതി.. മതി… പോയി കുളിച്ചിട്ട് വാ..ബാക്കി പിന്നെ പറയാം. കിന്നാരം പറയാൻ കണ്ടൊരു നേരം..
എണീറ്റേ.. പൊയ്ക്കേ””.രാഖി ചിരിച്ചു കൊണ്ട് പറഞ്ഞു. അവരുടെ കണ്ണും ചെറുതായി ഈറനണിഞ്ഞു.മോഹൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു.