- ത്രിവേണി
(രചന: Ambili MC)
കോളിങ്ങ് ബെല്ലിൻ്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരാൾ. അയാളുടെ കണ്ണിൽ നിന്നും അഗ്നി പുറത്തേക്ക് വരുന്നത് പോലെ തോന്നി.
” വിനയ് ഇല്ലേ ” അയാളുടെ ചോദ്യം കേട്ട് ഞാൻ മറുപടി പറയുന്നതിന് മുമ്പ് വിനുവേട്ടൻ വന്നിരുന്നു. വന്ന ആളുടെ മുഖം കണ്ടതും വിനുവേട്ടൻ്റെ മുഖം വിളറുന്നത് കണ്ടു.
പക്ഷെ അയാൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി സോഫയിലിരുന്നു. പിന്നെ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
” Mrട ത്രിവേണി വിനയനെ ക്ഷണിക്കാനാ ഞാൻ വന്നത്. ”ഞാൻ അയാളുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി.
അയാൾ എഴുന്നേറ്റു എൻ്റെ അടുത്തേക്ക് വന്നു. പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു എൻ്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.
” ത്രിവേണി ഇത് മനാലിക്കുള്ള ടിക്കറ്റാണ്. അവിടെ ഒരു റിസോർട്ടിൽ നാലു ദിവസത്തേക്കുള്ള ഒരു കോട്ടേജും എടുത്തിട്ടുണ്ട്. നമ്മൾ രണ്ടു പേരും ഇന്നു വൈകീട്ട് പോകുന്നു.. ”
എൻ്റെ ചുണ്ടുകൾ വിറച്ചു. ജീവിതത്തിൽ ആദ്യമായി ട്ടാണ് ഇയാളെ കാണുന്നത് വിനു വേട്ടന്റെ മുന്നിൽ വെച്ചു ഇയാൾ ടൂർ നു എന്നെ ക്ഷണിക്കാൻ എങ്ങനെ ധൈര്യം വന്നു ഇയാൾക്ക്.
ഞാൻ വിനുവേട്ടനെ നോക്കി. തല കുമ്പിട്ടു നില്ക്കുകയാണ് . എന്തോ ഒരു പന്തികേട് ‘തോന്നുന്നു. ഇനിയും മൗനം പാലിച്ചത് കൊണ്ട് കാര്യമില്ല.
“നിങ്ങൾ ആരാണ് ? നിങ്ങളുടെ ഒപ്പം ഞാൻ എന്തിനാ ടൂറിന് വരുന്നത് ?”
എൻ്റെ ചോദ്യം കേട്ട് അയാൾ ചിരിച്ചു. പിന്നെ വിനുവേട്ടൻ്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു.
” ഞാൻ ആരാണന്ന് ഒന്ന് ഭാര്യക്ക് പറഞ്ഞ് കൊടുക്ക് ” വിനുവേട്ടൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
” ഇവൻ പറയാത്ത സ്ഥിതിക്ക് ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം. ഞാൻ അവിനാശ്. എൻ്റെ ഭാര്യ സംഗീത വിനയൻ്റെ ഒപ്പം ജോലി ചെയ്യുന്നു. ത്രിവേണിയെ ഞാൻ ട്രിപ്പ് നു വിളിച്ചത് എന്തിനാന്ന് വിനയന് മനസ്സിലായി കാണും. ”
ഒട്ടും കൂസൽ ഇല്ലാതെ അയാൾ പറഞ്ഞു. ഞാൻ വിനു വേട്ടന്റെ അടുത്തേക്ക് ചെന്നു കൈയിൽ അമർത്തി പിടിച്ചു കൊണ്ട് ചോദിച്ചു.
“എന്താ വിനുവേട്ട ഇതെല്ലാം? എന്തിനാ ഇയാൾ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്. ”
വിനു ഏട്ടൻ ഒന്നും പറഞ്ഞില്ല. എന്റെ കണ്ണുകൾ നിറഞ്ഞു. അവിനാശ് ചിരിച്ചു കൊണ്ടു പറഞ്ഞു.
“സ്വന്തം ഭാര്യയെ വേറെ ഒരാൾ ടൂർ നു ക്ഷണിക്കുന്നത് കേട്ടിട്ടും മിണ്ടാതെ നിൽക്കാനേ ഇവന് പറ്റു. ഞാൻ ഇപ്പൊ നിന്റെ ഭാര്യയെ കയറി പിടിച്ചാൽ പോലും നീ എന്നെ തടയില്ല എന്നു എനിക്ക് അറിയാം. പക്ഷേ ഞാൻ നിന്നെ പോലെയല്ല.”
എനിക്ക് ദേഹം പൊള്ളുന്നത് പോലെ തോന്നി ജീവിതത്തിൽ ആദ്യമായ് ഒരാൾ ഇങ്ങനെ മുഖത്തു നോക്കി പറയുന്നു. ഞാൻ പോലും അറിയാതെ എന്റെ ശബ്ദം പൊങ്ങി.
“ഇയാൾ എന്താ പറയുന്നത് വിനുവേട്ട ഇതു എല്ലാം കേട്ടിട്ട് താലി കെട്ടിയ ഭർത്താവ് ഒന്നും മിണ്ടാതെ മാറി നിൽക്കുക. എന്താ വിനുവേട്ട ഇതു.? ”
അത്രയും പറഞ്ഞപ്പോഴേക്കും എന്റെ തൊണ്ടയിടറി. നിറഞ്ഞു വന്ന കണ്ണുകൾ അവിനാഷ് കാണാതെ യിരിക്കാൻ ഞാൻ വേഗം തുടച്ചു.
“അവിനാശ് പ്ലീസ് ഇവിടെ ഒരു സീൻ ഉണ്ടാകരുത്. നിങ്ങൾ പറയുന്ന സ്ഥലത്തു ഞാൻ വരാം. പ്ലീസ് ”
വിനു ഏട്ടന്റെ കെഞ്ചുന്ന ശബ്ദം. ഞാൻ അത്ഭുതത്തോടെ വിനു വേട്ടനെ നോക്കി. ഇതു വരെ ഇത്രയും ശബ്ദം താഴ്ത്തി ഒരാളോട് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല.
അപ്പൊ എന്തോ വലിയ തെറ്റു വിനുവേട്ടൻ ചെയ്തിട്ടുണ്ട്. ഉറപ്പ്.
അവിനാശ് ഒരു പരിഹാസ ചിരി യോടെ പറഞ്ഞു.
“നിങ്ങൾ എന്റെ ഭാര്യയേയും കൂട്ടി എല്ലാ മാസവും ഒരോ ട്രിപ്പ് പോവുന്ന കാര്യം ഞാനറിഞ്ഞു. അപ്പോ പിന്നെ നിൻ്റെ ഭാര്യയെ ഞാനും കൊണ്ട് പോവാണ്ടെ.. അതല്ലേ അതിൻ്റെ ഒരു ശരി. അത് പറയാൻ നിൻ്റെ വീട്ടിൽ തന്നെ ഞാൻ വരണ്ട? ”
ഞാൻ വിഴാതെയിരിക്കാൻ ചുമരിൽ പിടിച്ചു. വിനു ഏട്ടന്റെ ഷർട്ട് പിടിച്ചു വലിച്ചു ഞാൻ ചോദിച്ചു.
“ഒഫീഷ്യൽ ട്രിപ്പ് എന്നു പറഞ്ഞു
പോയിരുന്നത് ഇതിനു ആയിരുന്നോ? എന്നെ ഇങ്ങനെ പറ്റിക്കാൻ എങ്ങനെ തോന്നി വിനുവെട്ടാ നിങ്ങള്ക്ക്.
നമ്മുടെ വിവാഹം കഴിഞ്ഞു ആറു മാസം ആവുന്നേയുള്ളു. ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാ എന്റെ കഴുത്തിൽ താലി കെട്ടിയത്. ”
എൻ്റെ കൈകൾ തട്ടി മാറ്റി കൊണ്ട് വിനുവേട്ടൻ സോഫയിൽ പോയിരുന്നു.അവിനാശ് വിനുവേട്ടൻ്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
” ഇനി എന്തായാലും എൻ്റെ വീട്ടിൽ അവൾ വേണ്ട. എന്റെ കാറിൽ ഇരുപ്പുണ്ട്. ഞാൻ ഇവിടെ മുറ്റത്തു ഇറക്കി വിടും.
ഡിവോഴ്സ് നു ജോയിന്റ് പെറ്റീഷനിൽ അവൾ ഒപ്പിട്ടു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ വക്കീലിനെ പോയി കണ്ട് എല്ലാം ശരിയാക്കി വിളിക്കാം.”
ഞാൻ വിനുഏട്ടന്റെ മുഖത്തേക്ക് നോക്കി. എന്റെ കണ്ണുകളെ നേരിടാൻ പറ്റാതെ മുഖം താഴ്ത്തിയിരുന്നു. അവിനാഷ് എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു ഞാൻ ഒരടി പിറകോട്ടു നടന്നു വാതിൽ പിടിച്ചു നിന്നു.“സോറി പെങ്ങളെ വന്നപ്പോൾ നേരത്തെ അങ്ങനെ യെല്ലാം പറഞ്ഞതിന്.
നിങ്ങളുടെ ഭർത്താവും എന്റെ ഭാര്യ യും കൂടി ചെയ്ത തെറ്റിന് നിങ്ങളോട് അങ്ങനെ ഒന്നും പറയാൻ പാടിലായിരുന്നു. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ അങ്ങനെ പറഞ്ഞു പോയതാ. ഒന്നും വിചാരിക്കരുത്.
അവൾ എന്നെ ചതിച്ചത് എനിക്ക് സഹിക്കാൻ പറ്റിയില്ല. എല്ലാവരെയും വെറുപ്പിച്ചു അവളെ കല്യാണം കഴിച്ചതാ. എന്നിട്ടും അവൾ എന്നെ…” അവിനാശ് ന്റെ ശബ്ദം ഇടറി.
മറുപടിക്കു കാത്തു നില്കാതെ അയാൾ ഇറങ്ങി പോയി. ഞാൻ തിരിഞ്ഞു വിനുവേട്ടനെ നോക്കി. എന്റെ മുഖത്തേക്ക് പോലും നോക്കാതെ ബെഡ് റൂമിലേക്ക് പോയി.
കുറച്ചു കഴിഞ്ഞിട്ടും കാണാതെ യായപ്പോൾ ഞാൻ റൂമിലേക്ക് ചെന്നു
ഒന്നും സംഭവിക്കാത്ത പോലെ ഡ്രസ്സ് മാറ്റി കണ്ണാടിയിൽ നോക്കി നിൽക്കുന്ന വിനുവേട്ടനെ കണ്ടപ്പോൾ ദേഷ്യം കൊണ്ടു ഞാൻ പല്ല് കടിച്ചു.
“വിനുവേട്ടാ ഞാൻ ഇനി എന്താ ചെയ്യണ്ടത്? എന്റെ റോൾ എന്താ ഇവിടെ? ഇനിയും ഒരു പൊട്ടത്തി യെ പോലെ ഇവിടെ ജീവിക്കാൻ എനിക്ക് വയ്യ.
ഇതു വരെ വിനുവേട്ടൻ എന്നോട് അകൽച്ചയും ദേഷ്യവും കാട്ടിയപ്പോൾ ഞാൻ വിചാരിച്ചത് എന്നെ പോലെയുള്ള ഒരു നാടൻ പെൺകുട്ടിയെ സഹിക്കാൻ പറ്റാത്തത് കൊണ്ടാവുമെന്നാ പക്ഷേ ഇപ്പൊ മനസ്സിലായി .”
എടുത്ത ചീപ്പ് എന്റെ നേരെ വലിച്ചു എറിഞ്ഞു കൊണ്ടു വിനുവേട്ടൻ അലറി.“ഇപ്പൊ മനസ്സിലായല്ലോ. ഇനിയും ഇവിടെ കടിച്ചു തൂങ്ങി നിൽക്കണോ പൊയ്ക്കൂടേ. നഷ്ട പരിഹാരം എന്താണെന്നു വെച്ചാൽ തരാം. നീ ഒന്ന് ഇറങ്ങി തരുമോ.”
മേശ പുറത്തു നിന്നും കാറിൻ്റെ താക്കോലെടുത്തു ഇറങ്ങി പോയി.അമ്മയെ വിളിക്കാനായി ഞാൻ ഫോണെടുത്തു. കുറേ റിങ്ങ് ചെയ്തിട്ടും എടുത്തില്ല. ചേച്ചിമാരേയും മാറി മാറി വിളിച്ചു.. ആരും എടുത്തില്ല
അരോടെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ പക് ഷേ ആരുമില്ലാത്തത് പോലെ.
ആറ് മാസകൊണ്ട് വിവാഹമോചനം വേണമെന്ന് പറഞ്ഞ് വീട്ടിൽ ചെന്നാൽ.. വേണ്ട ഇനിയാർക്കും ബാധ്യതയായി ഞാൻ ജീവിക്കില്ല. ഫാനിൽ കുരിക്കിടുമ്പോൾ എൻ്റെ കൈയൊട്ടും വിറച്ചില്ല. ഇനി ത്രിവേണിയില്ല.
ഫാനിൽ സാരി വലിച്ചു കെട്ടി. ആ സാരി അമ്മ വാങ്ങി തന്നതാ. ആ സാരിയുടെ തുമ്പു എടുത്തു മണപ്പിച്ചു. അമ്മ യുടെ മണം.
അച്ഛന്റെ ഇഷ്ട നിരമായ ഇളം റോസ്സിൽ നിറയെ പൂക്കൾ ഉള്ള സാരി.ഈ സാരിയിൽ തൂങ്ങി നിൽക്കുന്ന എന്നെ കണ്ടാൽ അമ്മയും അച്ഛനും ചേച്ചിമാരും തകർന്നു പോകും.
പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം. നോക്കിയപ്പോൾ അമ്മ യാണ്. സ്റ്റൂൾ ൽ നിന്നും ചാടി ഇറങ്ങി ഫോൺ എടുത്തു.
“അമ്മേ എനിക്ക് മടുത്തു വിനുവേട്ടൻ നമ്മളെ പറ്റിച്ചു അമ്മേ. ഇവിടെ വേറെ ഒരു സ്ത്രീ യുമായി എന്തൊക്ക ഉണ്ട് അമ്മേ.”
എനിക്ക് പറഞ്ഞു പൂർത്തിയാക്കാൻ പറ്റിയില്ല ഫോൺ കട്ടായി. തിരിച്ചു വിളിക്കാൻ നോക്കിയിട്ട് കിട്ടുന്നില്ല. സ്റ്റൂൾ ൽ ഇരുന്നു വീണ്ടും വിളിക്കാൻ നോക്കുമ്പോൾ വല്ലിയേച്ചി നമ്പറിൽ നിന്നും വീഡിയോ കോൾ വരുന്നു. ഒന്നും ആലോചിക്കാതെ ഞാൻ ഫോൺ എടുത്തു.
ചേച്ചിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞ് കണ്ടപ്പോൾ ഞാൻ നിയന്ത്രണം വിട്ടു കരഞ്ഞു.
“എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്.” ചേച്ചി കണ്ണു ഉയർത്തി നോക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഫാനിൽ കുടുക്കിയിട്ട സാരിയുടെ തുമ്പു എന്റെ തലയിൽ വീണു കിടക്കുന്നു. എന്ത് ചെയ്യണം എന്നു അറിയാതെ നിന്നു..
“എന്താ മോളെ അതു സാരി നിന്റെ തലയിൽ.. മോളെ നീ എന്ത് ഭ്രാന്താ ചെയ്യാൻ പോകുന്നത്..നിനക്ക് എങ്ങനെ തോന്നി മോളെ ഇങ്ങനെ ചിന്തിക്കാൻ നിനക്ക് വല്ലതും പറ്റിയാൽ പിന്നെ നമ്മുടെ അമ്മയും അച്ഛനും ജീവിക്കുമോ? ”
ചേച്ചി കരഞ്ഞു കൊണ്ടു ചോദിക്കുമ്പോൾ ഒന്നും പറയാൻ പറ്റാതെ ഞാൻ തല കുനിച്ചിരുന്നു
“ചേച്ചി യുടെ മോൾ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്നു വാക്ക് താ പിന്നെ നീ ഇനി അവിടെ നിൽക്കണ്ട. എന്താ നടന്നതു എന്നു ഒന്നും നീ ഇപ്പൊ പറയണ്ട ഒരു ടാക്സി വിളിച്ചു സാധനങ്ങൾ എല്ലാം എടുത്തു പോരാൻ നിനക്ക് ഇപ്പൊ പറ്റുമോ? ”
ചേച്ചിയുടെ പെട്ടന്നുള്ള ചോദ്യം എന്നെ ഞെട്ടിപ്പിച്ചു.“ചേച്ചി കൊച്ചി യിൽ നിന്നു ഞാൻ ടാക്സി വിളിച്ചു വയനാട് വരെ ഞാൻ ഒറ്റയ്ക്ക്. എങ്ങനെ വരും.. എനിക്ക് ആരെയും അറിയില്ല ചേച്ചി ”
“നീ എല്ലാം പാക്ക് ചെയ്തു റെഡി യാവു. 30മിനിറ്റ് കൊണ്ടു ടാക്സി അവിടെ എത്തിക്കാൻ വേണ്ടത് ഞാൻ ചെയ്തോളാം. നീ താമസിക്കുന്ന സ്ഥലം ഞാൻ പറഞ്ഞു കൊടുത്തു ഇനി തെറ്റിക്കണ്ട വാട്സാപ്പ് ൽ ലൊക്കേഷൻ അയച്ചു താ. പിന്നെ എന്റെ മോൾ ഇനി ബുദ്ധി മോശം ഒന്നും ചെയ്യല്ലേ.”
ചേച്ചിയുടെ മുഖത്തെ ആത്മവിശ്വാസം എനിക്ക് ഒരു പാട് ആശ്വാസമായി. ഞാൻ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.
” ഇല്ല ചേച്ചി .. ” കൂടുതൽ ഒന്നും പറയാതെ ഞാൻ വേഗം ലോക്കേഷൻ ചേച്ചിക്ക് അയച്ചു കൊടുത്തു. ബാഗിലും പെട്ടിയിലുമായി എല്ലാം അടക്കി വയ്ക്കുമ്പോൾ വീണ്ടും ഫോൺ റിങ്ങ് ചെയ്തു. ചേച്ചിയാണ്.
” മോളെ, എൻ്റെ ഒപ്പം പഠിച്ച ശ്യാം നെ നിനക്ക് ഓർമ്മയില്ലേ? അവനും ഭാര്യയും കൊച്ചിയിലാണ് താമസം. അവർ വന്ന് നിന്നെ കൂട്ടും. നീ ധൈര്യമായിരിക്ക് ”
ഫോൺ വെച്ച് വേഗം എല്ലാം ഒരുക്കി. ഫാനിൽ കെട്ടിയ സാരി അഴിച്ചെടുത്ത്. സാരി മുഖത്തോട് ചേർത്ത് ഉമ്മ വെച്ചു.
ഈ സാരിയിൽ അമ്മയുടെ മണം തോന്നിയത് കൊണ്ട് മാത്രമാണ് കഴുത്തിൽ കുരിക്കിടാൻ മടിച്ചത്.
“ഞാൻ വീട്ടിൽ പോകുന്നു ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമായി ഞാനില്ല.” എന്നു വിനുവേട്ടന് മെസ്സേജ് അയച്ചു
‘”താങ്ക്സ് ” എന്നു പറഞ്ഞു ഒരു കൂസലും മില്ലാതെ എനിക്ക് മറുപടി അയച്ചു ആ മനുഷ്യൻ.
മുപ്പത് മിനുറ്റ് ആവുന്നതിന് മുമ്പ് തന്നെ അവരെത്തി. അവർ എന്നോട് ഒന്നും ചോദിച്ചില്ല.
വീട്ടിൽ ചെന്നു കയറുമ്പോൾ രാത്രി യായി അമ്മയും അച്ഛനും ചേച്ചി മാരും ഉമ്മറത്ത് തന്നെയുണ്ട്.
ഞാൻ കാറിൽ നിന്നു ഇറങ്ങിയതും അമ്മ വന്നു കെട്ടിപിടിച്ചു. അമ്മയുടെ കണ്ണു കരഞ്ഞു കലങ്ങി യിരിക്കുന്നു വല്യേച്ചിയുടെ മുഖത്ത് ഗൗരവമാണ്. ചേറിയേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അച്ഛൻ ഒരു ദിവസകൊണ്ട് വയസ്സനായത് പോലെ.
” ഇനിയാരും വേണിയോട് ചോദ്യങ്ങൾ ചോദിക്കാൻ നില്ക്കണ്ട ”അകത്ത് നിന്നും ഇറങ്ങി വന്ന ഉണ്ണിയേട്ടൻ പറഞ്ഞു. പിറകെ വന്ന ഗിരിയേട്ടൻ കാറിൽ നിന്നും സാധനങ്ങളെടുത്ത് വെച്ചു.
കുളി കഴിഞ്ഞ് വരുമ്പോൾ വല്യേച്ചി ബെഡിൽ ഇരിക്കുന്നു. ചേച്ചിയുടെ കണ്ണിൽ നനവ് ഉള്ളത് പോലെ തോന്നി.
“എന്തിനാ ഈ രാത്രി തല നനച്ചത് ” ചേച്ചി യുടെ ചോദ്യം കേട്ടപ്പോൾ അതു വരെ പിടിച്ചു നിന്ന സങ്കടം മുഴുവൻ പുറത്തേക്കു വന്നു. ചേച്ചിയുടെ മടിയിൽ കിടന്നു തേങ്ങി. ചേച്ചി ഒന്നും പറയാതെ പുറത്തു തലോടി.
“ചേച്ചി വിനുവേട്ടന് വേറെ ബന്ധമുണ്ട്. ഇന്ന് ആ സ്ത്രീ യുടെ ഭർത്താവ് വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി. സഹിക്കാൻ ഇനിയും വയ്യ ചേച്ചി. അയാൾക്ക് ഒരിക്കലും എന്നെ സ്നേഹിക്കാൻ പറ്റില്ല ചേച്ചി ”
ഒറ്റ ശ്വാസത്തിൽ പറഞ്ഞു ചേച്ചി യെ മുറുകെ പിടിച്ചു. എന്റെ തല യിൽ തലോടി കൊണ്ടു ചേച്ചി പറഞ്ഞു.
“ഇനി ഇതിന്റെ പേരിൽ എന്റെ മോൾ കരയാൻ പാടില്ല. അവനെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം. അതിനു നീ ഉഷാറാവണം. വെറും ഒരു ഡിവോഴ്സ് അതു അവനു സഹായം മാത്രമേ ചെയ്യൂ. ഇന്ന് നീ ഒന്നും ആലോചിക്കണ്ട വന്നു ഭക്ഷണം കഴിച്ചേ.”
അന്ന് രാത്രി പണ്ടത്തെ പോലെ രണ്ടു ചേച്ചിമാരുടെയും ഇടയിൽ കിടന്നുറങ്ങി.പിറ്റേന്ന് ചേച്ചി യുടെ ഒപ്പം ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷന്റെ പടി കയറുമ്പോൾ ഒട്ടും പരിഭ്രമിച്ചില്ല.
പോലീസ് സ്റ്റേഷനിൽ നിന്നും വിളി കിട്ടിയതും ഒരു വക്കിൽ ന്റെ ഫോൺ എനിക്കു വന്നു. മ്യൂച്ചൽ
ഡിവോഴ്സ് ന് തയ്യാറാണന്ന് പറഞ്ഞു.
വക്കിലിൻ്റെ ഓഫിസിൽ വിനുവേട്ടന് എതിർഭാഗത്തിരിക്കുമ്പോൾ എനിക്ക് ഒരു പേടിയും തോന്നിയില്ല. അയാളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
” മ്യൂച്ചൽ ഡിവോഴ്സ് ന് ഞാൻ തയ്യാറാണ്. പക് ഷേ രണ്ട് കോടി രൂപ എനിക്ക് നഷ്ടപരിഹാരമായി തരണം”
എൻ്റെ ഈ ആവശ്യം കേട്ടതും വിനുവേട്ടൻ്റെ മുഖം താഴ്ന്നു. പിന്നെ മെല്ലെ പറഞ്ഞു.
” ത്രിവേണി, രണ്ട് കോടി അത് ഞാൻ എങ്ങനെ? പറ്റുന്ന ഒരു തുക പറ”ഒട്ടും പതറാതെ ശബ്ദമുയർത്തി ഞാൻ പറഞ്ഞു.
” ഞാൻ കോടതിയിൽ പോയാൽ നിങ്ങൾ കൂടുതൽ വിയർക്കും. എന്താണ് വേണ്ടത് എന്നു നിങ്ങക് തീരുമാനിക്കാം ”
മറുപടിക്കു കാത്തു നില്കാതെ ഞാൻ ഇറങ്ങി. എന്റെ മുന്നിൽ അയാളെ തല കുമ്പിട്ടു നിറുത്താൻ പറ്റിയത് തന്നെ എന്റെ വിജയമാണ്.
രണ്ടു കോടി അയാൾക്ക് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന തുകയല്ലെന്നു നന്നായിട്ട് എനിക്ക് അറിയാം. അയാൾ കോടതി കയറിയിറങ്ങണം.രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിനുവേട്ടൻ്റെ അമ്മയുടെ ഫോൺ.
“എല്ലാം മറന്ന് ഒരുമിച്ചു ജീവിക്കാൻ അവൻ തയ്യാറാണ്. നീ കൊടുത്ത കേസ്, അപമാനവും എല്ലാം എന്റെ മോൻ മറന്നു നിന്നെ വീണ്ടും സ്വീകരിക്കും.”
എനിക്ക് ചിരി വന്നു രണ്ടു കോടി എന്നു കേട്ടപ്പോൾ ഒരുമിച്ചു ജീവിക്കാൻ ക്ഷണിക്കുന്നു.. നാണം കേട്ടവർ.
വലിയ. ശബ്ദത്തിൽ ഒട്ടും ദേഷ്യം വരാതെ വളരെ ശാന്തത യോടെ ഞാൻ പറഞ്ഞു
“അമ്മയുടെ മകൻ എന്റെ മനസ്സിലുണ്ടാക്കിയ മുറിവുകൾ അത്ര പെട്ടെന്ന് ഒന്നും ഉണങ്ങില്ല. പെട്ടെന്ന് എന്നല്ല ഒരിക്കലും ഉണങ്ങില്ല എന്നു തന്നെ പറയാം.
അതു കൊണ്ടു ഇനി ഒരുമിച്ചു ഒരു ജീവിതം ഇല്ല. അമ്മയുടെ മുന്നിൽ വെച്ച് തന്നെയെത്ര പ്രാവശ്യം അമ്മയുടെ മോൻ എന്നെ തള്ളി പറഞ്ഞിട്ടുണ്ട്. അതെല്ലാം ഞാൻ ക്ഷമിച്ചു. ഇനി വയ്യ അമ്മേ. ”
“അഹങ്കാരി നീ എന്റെ മോന്റെ ജീവിതം നശിപ്പിക്കും . നിൻ്റെ കേസ് കാരണം ആ പെൺകുട്ടിയും എൻ്റെ മോനെ വിട്ടു പോയി. ”വിനുവേട്ടന്റെ അമ്മ പ്രാകി കൊണ്ടു ഫോൺ വെച്ചു.
മൊബൈൽ വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചേച്ചി ചിരിച്ചു കൊണ്ടു നില്ക്കുന്നതാണ്. ചേച്ചി വന്നു എന്നെ കെട്ടിപിടിച്ചു മുഖത്തു ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു.
“ചേച്ചി യുടെ മോൾ ഇപ്പൊ പഴയ മിടുക്കി കുട്ടിയായി. ഇനി കേസ് അതിന്റെ വഴിക്കു പോട്ടെ. പക്ഷേ നീ ഇനിയും പഠിക്കണം. പിജി ക്കു ചേർന്ന് പഠിത്തം തുടരണം. നിന്റെ ആഗ്രഹം പോലെ എന്ത് വേണേലും ആവാം. ഞങ്ങൾ എന്നും ഉണ്ടാവും.”
ചേച്ചിയുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.“ചേച്ചി എനിക്ക് പഠിക്കണം. എന്റെ സ്വന്തം കാലിൽ നിൽക്കണം. പിന്നെ അയാളുടെ അടുത്ത് നിന്നും കിട്ടാവുന്ന അത്രയും പണം ഞാൻ വാങ്ങും. അതു എനിക്ക് വേണ്ടിയല്ല.
അമ്മമാർക്കും കുഞ്ഞുങ്ങൾക്ക് വേണ്ടി ആ പണം ഞാൻ മാറ്റി വെയ്ക്കും. ഇനി ത്രിവേണി കരയില്ല ചേച്ചി.. ഞാൻ തല ഉയർത്തി അന്തസ്സായി ജീവിക്കും ”
ചേച്ചിയെൻ്റെ കൈയിൽ പിടിച്ചു തലോടി. ഇനിയങ്ങോട്ട് ത്രിവേണിയുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ വർണ്ണങ്ങൾ മാത്രം..