രാവണൻ
(രചന: രാവണന്റെ സീത)
ഇനിയും നിന്റെ കാമുകന്റെ കൂടെയുള്ള സൊള്ളൽ തീർന്നില്ലെടി … ഗിരി അനുവിന്റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടു ദേഷ്യത്തോടെ ചോദിച്ചു .. അനു കട്ടിലിലേക്ക് വേച്ചു വീണു .. അവളുടെ ഫോൺ എടുത്തുനോക്കി ഗിരി, ഓ അപ്പപ്പോൾ എല്ലാം അവനെ അറിയിക്കുന്നുണ്ടല്ലേ ….
അവൻ ദേഷ്യം കൊണ്ടു വിറച്ചു…. അങ്ങനെ ഒന്നുമില്ല ഗിരിയേട്ടാ ഞങ്ങൾ തമ്മിൽ .. അവൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്പേ ഗിരി കയ്യുയർത്തി അവളെ തടഞ്ഞു … മതി ഇനി നീ ശീലാവതി ചമയേണ്ട ..
ഇന്നത്തോടെ തീർത്തു തരാം എല്ലാം…. നിന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ട് .. ഇതിനൊരു തീരുമാനം ഇന്നുണ്ടാക്കണം .. പൊക്കോണം എങ്ങോട്ടാണെന്ന് വെച്ചാൽ… ആരുടെ കൂടെ ആണേലും…. പക്ഷെ മോനെ ഞാൻ വിട്ടുതരില്ല ..
ഇതും പറഞ്ഞു ഗിരി അവളുടെ ഫോൺ എടുത്ത് വോയിസ് മെസ്സേജ് അയച്ചു … ഇന്നത്തോടെ തീർന്നെടാ എല്ലാം … ഞാൻ മതിയാക്കുവാ ഇവളോടൊത്തുള്ള ജീവിതം .. നിനക്ക് വേണേൽ വിളിച്ചോണ്ട് പൊക്കോ, അല്ലേൽ എവിടേലും കിടന്ന് ചത്തോട്ടെ….
മെസ്സേജ് സെൻറ് ചെയ്തു അയാൾ അതെടുത്തു അവളുടെ നേർക്ക് എറിഞ്ഞു ചവിട്ടിത്തുള്ളി മുറിയിൽ നിന്നുമിറങ്ങി…
ഇതെല്ലാം കേട്ട് കതകിനു മറവിൽ നിൽക്കുന്നുണ്ടായിരുന്നു ഗിരിയുടെ അമ്മയും പെങ്ങളും , ഒരു കൊലചിരിയോടെ…
എല്ലാവരും പോയെന്ന് ഉറപ്പ് വരുത്തിയപ്പോൾ അവൾ ഫോൺ കയ്യിലെടുത്തു…. അവൻ ആ മെസ്സേജ് കണ്ടിരിക്കുന്നു… ഉടൻ വന്നു കാൾ …
അവൾ എടുത്തതും അങ്ങോട്ട് ഒന്നും പറയാൻ സമ്മതിച്ചില്ല …. അവൻ പറഞ്ഞു. എന്തുവേണേലും നടന്നോട്ടെ, … നിനക്ക് ഒന്നും സംഭവിക്കില്ല .. ഞാനുണ്ട് …. വരാം ഞാൻ അങ്ങോട്ട്…. അവളെന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ കട്ട് ചെയ്തിരുന്നു ….
അവൾ ബെഡിൽ കിടന്നു പഴയതൊക്കെ ഓർത്തു .. അനുവിന് അച്ഛനും ചേച്ചിയും ചേട്ടനും എല്ലാരും ഉണ്ട് അവൾക്ക് , കല്യാണം കഴിഞ്ഞു അഞ്ചു വർഷമായി…
മൂന്ന് വയസ്സുള്ള അഖി മോനുണ്ട് ..ഭർത്താവ് ഗിരി നല്ലവനാണ് ..ഒരു കുഴപ്പം മാത്രം അമ്മയുടെയും പെങ്ങളുടെയും വാക്കുകൾ അപ്പാടെ വിശ്വസിക്കും, അതുകൊണ്ട് ഇടയ്ക്കിടെ അവർക്കിടയിൽ വഴക്കുണ്ടാവും …
എന്തൊക്കെ ചെയ്താലും കുറ്റം മാത്രം , അവൾക്ക് കുറച്ചു ആശ്വാസം കിട്ടിയത് ഫേസ്ബുക് ലെ കഥകൾ ആയിരുന്നു ..കഥകളെ ഒരുപാട് പ്രണയിച്ച അവൾക്ക് അതൊരു പുതിയ അനുഭൂതി നൽകി .
അവിടെ നിന്നും ഒരു ഗ്രൂപ്പിലേക്ക് ചേക്കേറി… അവിടെ നിന്നും പരിചയപ്പെട്ടതാണ് അഭിയെ …
എല്ലാവരും പറഞ്ഞ അവളുടെ ആ ‘കാമുകൻ ‘….അവളെക്കാൾ ആറ് വയസ്സ് കുറവാണ് അവനു … ചേച്ചി എന്ന് വിളിക്കാറില്ല അവൻ, എങ്കിലും ങ്ങള് എന്ന് എന്ന് പറയും .. അതിൽ ബഹുമാനവും സ്നേഹവും നിറഞ്ഞിരുന്നു
അവൻ അവൾക്കൊരു നല്ല സുഹൃത്തായിരുന്നു.. അവളുടെ ഉള്ളിലുള്ള എഴുത്തുകാരിയെ പ്രോത്സാഹിപ്പിച്ചത് അവനായിരുന്നു …
അവളുടെ എഴുത്തുകൾ ഗ്രൂപ്പിൽ മാത്രം നിന്നു, അതിൽ കമെന്റ് അവൻ ശ്രദ്ധിക്കാറുണ്ട്… കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ അവൻ ആരെയും അനുവദിച്ചില്ല… അതുപോലെ ഇൻബോക്സിൽ വന്നു വൃത്തികേട് പറയുന്നവരെ കൈകാര്യം ചെയ്യുന്നതും അവൻ തന്നെ….
അവനുള്ളിൽ കുറച്ചു പോസ്സസീവ്നെസ് ഉണ്ടായിരുന്നു … ആരെയും അടുക്കാൻ സമ്മതിക്കില്ല .. പക്ഷെ അതെല്ലാം അവളുടെ സംരക്ഷണം കൂടിയായിരുന്നു …
ഒരിക്കൽ രാവണനെ ഒരുപാട് ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു , മ്മടെ ആളാണ് എന്ന് … അന്ന് മുതൽ അവൾ അവനെ രാവണൻ എന്ന് വിളിച്ചു തുടങ്ങി…. ഇടയ്ക്കെപ്പോഴോ അവൾ അവനു സീതയായി .. ഇടയ്ക്കിടെ സീതേച്ചി…
ആ രാവണൻ ഒരിക്കലും സീതയെ രാമനിൽ നിന്നും തട്ടിയെടുക്കാൻ ആഗ്രഹിച്ചില്ല…
പിന്നീടെപ്പോഴോ അവളുടെ ചാറ്റിങ് ഗിരിയുടെ അമ്മയും പെങ്ങളും കണ്ടു…. അവരത് അപ്പോൾ തന്നെ ഗിരിയോട് പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു കൊടുത്തു … അതിന് ശേഷം നടന്നതാണ് മേലെ പറഞ്ഞ സംഭവങ്ങൾ …
അനു പതുക്കെ എഴുന്നേറ്റു … സമയം കുറെയായി .. എല്ലാവരും വന്നിട്ടുണ്ട് .. അവൾ അടുക്കളയിൽ കയറി, അഖിമോൻ ചേച്ചിയുടെ കയ്യിലുണ്ട് … അമ്മ മുഖം വീർപ്പിച്ചു നിൽപ്പുണ്ട്….
ഗിരിയുടെ അമ്മ എല്ലാം പറഞ്ഞു എന്നവൾക്ക് മനസിലായി… ഇനി ഞാനെന്തു പറഞ്ഞാലും ആരും വിശ്വസിക്കില്ല… അവൾ നെടുവീർപ്പിട്ടു…
ഹാളിൽ എല്ലാവരും ഉണ്ട് …അവൾ അങ്ങോട്ട്പോയി…. ഇനി എന്തായാലും കേൾക്കുക തന്നെ….അടി കിട്ടിയാൽ വാങ്ങണം .. അല്ലതെ വഴിയില്ല …
അവളെ കണ്ടതും അവളുടെ ചേട്ടൻ അവളെ അടിക്കാനായി വന്നു… അവൾ അനങ്ങിയില്ല.. അപ്പോഴേക്കും ഗിരി വന്നു തടഞ്ഞു…. എല്ലാവരും അവളെ വഴക്ക് പറയുമ്പോൾ അച്ഛൻ മാത്രം ഒന്നും മിണ്ടിയില്ല ..
പെട്ടന്നാണ് മുറ്റത്തു ഒരു ബൈക്ക് വന്നു നിന്നത് … ഹെൽമെറ്റ് തലയിൽ നിന്നെടുത്തു ഒരു ചെറുപ്പക്കാരൻ അതിൽ നിന്നുമിറങ്ങി…
അഭി …. അനു പതുക്കെ പറഞ്ഞു … പക്ഷെ അത് ഗിരി കേട്ടു …ഗിരി അഭിയെ അടിക്കാനായി നടന്നടുത്തു … അനു പേടിച്ചു , പക്ഷെ അഭി ഒരു ചിരിയോടെ ചോദിച്ചു, ഗിരിയേട്ടാ പ്രശ്നം പറഞ്ഞു തീർക്കാനാ വന്നത് വഴക്കുണ്ടാക്കി എല്ലാരേം അറിയിക്കണോ….
ഇതുകേട്ട ഗിരി കൈ താഴ്ത്തി… അഭി ഒരു ചിരിയോടെ, ഹാളിലേക്ക് കയറി … അഖി മോന്റെ കയ്യിൽ അവന്റെ ഇഷ്ടപ്പെട്ട ചോക്ലേറ്റ് കൊടുത്തു, എല്ലാവരുടെയും കണ്ണ് അവന്റെ മേലെയാണ് ..
എന്താ എല്ലാവർക്കും അറിയേണ്ടത് ചോദിച്ചോളൂ … അഭി പറഞ്ഞു കൊണ്ടു അച്ഛന്ടുത്തു വന്നിരുന്നു … അതുവരെ മിണ്ടാതിരുന്ന അച്ഛൻ അവനോട് പറഞ്ഞു … മോനെ ഇവിടെ നടന്ന പ്രശ്നങ്ങൾ നിനക്ക് അറിയാലോ ..
അനു എന്റെ മോളാണ് അവളെ പറ്റി എനിക്ക് നന്നായിട്ടറിയാം .. ഇത്രയും നേരം ഞാൻ മിണ്ടാതെ ഇരുന്നത് നീ വരുമെന്ന് മോൾ എന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നു … നീയാണ് ഇത് കൈകാര്യം ചെയ്യേണ്ടയാൾ ..
അഭി, അച്ഛനെ നോക്കി, പറഞ്ഞു തുടങ്ങി…. അച്ഛാ എനിക്കും അനുവിനും എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല … കാരണം ഞങ്ങൾ അതേപറ്റി ചിന്തിച്ചിട്ടില്ല ..
നല്ലൊരു ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതിയാവുമോ … അറിയില്ല … എനിക്ക് എല്ലാമാണ്…. ഒരുപാട് വിഷമങ്ങളിൽ കൂടെ നിന്നിട്ടുണ്ട്, തെറ്റ് കാണുമ്പോൾ വഴക്ക് പറഞ്ഞിട്ടുണ്ട് ..
ഇങ്ങനെ ഉള്ള ഒരാളെ ഞാനിതുവരെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല .. നിങ്ങളൊക്കെ കരുതുന്നത് പോലെ ഞങ്ങൾ തമ്മിൽ തെറ്റായ ബന്ധം ഒന്നുമില്ല, ഗിരിയേട്ടൻ എന്നെങ്കിലും ഞങ്ങൾ തമ്മിൽ ഉള്ള ചാറ്റിൽ തെറ്റായി സംസാരിച്ചെന്നു കണ്ടോ .. ഇല്ലല്ലോ …
അനു എന്നെങ്കിലും ഞങ്ങളുടെ ചാറ്റ് ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ടുണ്ടോ .. ഇല്ലല്ലോ . പിന്നെന്താ നമ്പർ പരസ്പരം കൈമാറി എന്നല്ലാതെ അധികമൊന്നും ഞങ്ങൾ വിളിക്കാറില്ല, സ്നേഹം ഞങ്ങളുടെ മനസ്സിലാ…
ഗിരിയ്ക്കു നേരെ തിരിഞ്ഞ് അവൻ, എന്നെങ്കിലും ഏട്ടൻ അനുവിനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ അവൾ എഴുതുന്ന കഥകൾ വായിച്ചു നോക്കിയിട്ടുണ്ടോ, അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അനു എന്നോട് ഫ്രണ്ട് ആകുമായിരുന്നില്ല …
മതി നിർത്തു അഭി, അനു ഇടയ്ക്ക് കേറി പറഞ്ഞു ..
അവൾ ഗിരിയ്ക്കു നേരെ തിരിഞ്ഞു .. ഗിരിയേട്ടന് എന്താ അറിയേണ്ടേ, ഞാൻ പറഞ്ഞാൽ മതിയോ…. ഈ ചോദ്യം നേരത്തെ ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സീൻ ഒഴിവാക്കാമായിരുന്നു …. അതെങ്ങനെയാ …
എന്നെകിലും എന്റെ വാക്കുകൾ കേട്ടിട്ടുണ്ടോ, അതെങ്ങനെ, വീട്ടിൽ കേറുമ്പോഴേക്കും അമ്മയും മോളും ഓതി തരുന്നത് കേട്ട് വഴക്കിടാനല്ലേ നേരമുള്ളൂ എന്നെങ്കിലും എന്നോടൊന്നു മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ടോ ..
ഞാനിവിടെ ഉണ്ടെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഇവിടെ വെറുമൊരു വേലക്കാരിയുടെ സ്ഥാനമല്ലേ എനിക്കുള്ളൂ
എന്റെ കഥകളുടെ കാര്യം അഭി പറഞ്ഞില്ലേ .. സത്യമാണ്, അതിൽ മുഴുവൻ എന്റെ ആഗ്രഹങ്ങളാണ് … ഗിരിയേട്ടനിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്ന സ്നേഹമാണ് … അതൊന്നും ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല …
ഞാൻ പോകുന്നു…. മരിക്കാനൊന്നുമല്ല .., എന്നെങ്കിലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതി, പക്ഷെ ഇത്ര പെട്ടന്ന്…. ആർക്കും വേണ്ടല്ലോ ഇങ്ങനെ ഒരു ജന്മം … എവിടേലും പൊക്കോളാം … എന്നെങ്കിലും എന്നെ മനസ്സിലാക്കുമ്പോൾ വരാം ഞാൻ….
അവൾ പോകാൻ തുനിഞ്ഞപ്പോൾ അഭി അവളുടെ കയ്യിൽ പിടിച്ചു … എങ്ങോട്ടാ…. അങ്ങനെ എങ്ങോട്ടേലും പോകുന്നത് നോക്കി നിൽക്കാനാണോ ഞാൻ വന്നത് .. എന്റെ കൂടെ വന്നേക്കു…
അഭി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി … അനു പറഞ്ഞു … എന്തിനു ഇവരൊക്കെ പറഞ്ഞത് സത്യമാണെന്നു ഉറപ്പിക്കാനോ
അഭി പറഞ്ഞു ..നിങ്ങളെ കൂടെ കൊണ്ടു പോകുന്നത് എന്റെ ജീവിതത്തിലൊട്ടല്ല . എന്റെ വീട്ടിലേക്കാ..അവിടെ എനിക്ക് അമ്മയുണ്ട് പെങ്ങളുണ്ട് … അവരെ നന്നായി തന്നെ ഞാൻ നോക്കുന്നുണ്ട് ..അവർക്കുള്ളതിന് കൂടെ ഒരു പിടി അരി കൂടുതൽ ഇടണം അത്രല്ലേ ഉള്ളു …
ഞാൻ നോക്കിക്കോളാം , കളങ്കപ്പെടാതെ ..ഗിരിയേട്ടാ, എന്നെങ്കിലും അനുവിന്റെ മേലെ വിശ്വാസം വരുമ്പോൾ വന്നേക്കൂ… ഞാൻ തിരിച്ചേൽപ്പിക്കാം ഒരു പോറൽ പോലുമേൽക്കാതെ …
അവൾ അവന്റെ കൂടെ പോകാൻ വിസമ്മതിച്ചപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു . എല്ലാവരും നോക്കി നിന്നു,..
പെട്ടന്ന് പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു എല്ലവരും നോക്കി . അഭി ഒഴികെ, അവനറിയാം എന്താണ് നടന്നതെന്ന് … ഗിരി അവന്റെ പെങ്ങളുടെ മുഖത്തടിച്ചതാണ് ..അതൊരു മുന്നറിയിപ്പ് കൂടിയായിരുന്നു
ഗിരി വേഗം വന്നു അനുവിനെ കെട്ടിപിടിച്ചു .. നിന്നെ വിട്ടു കളയാൻ എനിക്കാവില്ല പെണ്ണെ… നിന്റെ കഥകൾ ഞാൻ വായിക്കാറുണ്ട്… നീ ഉറങ്ങുമ്പോൾ… അതിൽ ഞാൻ കണ്ടത് നിനക്ക് ഇവനോടുള്ള പ്രണയം ആണ്, അറിഞ്ഞില്ല അതെന്നോടുള്ളതാണെന്നു .
എന്നോട് ക്ഷമിക്ക്…. നീ വേറെ ആരെയെങ്കിലും സ്നേഹിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല …. എനിക്കറിയില്ല സ്നേഹം എങ്ങനെ കാണിക്കണമെന്ന് .. തെറ്റുപറ്റി…
അഭി പതുക്കെ അവരെ വിട്ടു പോകാൻ തുടങ്ങി … ഒരു ചെറു ചിരിയോടെ … അപ്പോൾ ഗിരി അവനെ തടഞ്ഞു പറഞ്ഞു…. സോറി… എല്ലാം കൂടെ എന്റെ തലയിൽ കേറിയപ്പോൾ ആകെ പേടിച്ചു … എനിക്ക് മനസിലായി, എല്ലാം ..ഞാനിനി ശ്രദ്ധിച്ചോളാം…. അതുപോലെ നിന്നോട് ഒരുപാട് നന്ദി പറയണം, നീയിനിയും വരണം ഇവിടേയ്ക്ക് ഈ വീട്ടിലെ അംഗമായി …
അഭി പുഞ്ചിരിച്ചു തലയാട്ടി .. എല്ലാവരോടും യാത്ര പറഞ്ഞു .. അഖി മോന് ഒരു മുത്തം കൊടുത്തു ,
അഭി അവിടുന്നിറങ്ങി ….
ഗിരിയുടെ നെഞ്ചിൽ ചാഞ്ഞു അനു മനസിൽ പറഞ്ഞു…. നീയാണെന്റെ രാവണൻ… ഈ സീത ഒരുപാട് ബഹുമാനിക്കുന്ന രാവണൻ….