ആഴമുള്ള പൊക്കിൾച്ചുഴി അനാവൃതമാകുന്നു. അവളുടെ പിൻപുറസമൃദ്ധികളിലേക്കു കണ്ണുംനട്ടിരിക്കുന്ന തൊട്ടപ്പുറത്തേ ഇരിപ്പിടത്തിലിരുന്ന യുവാവിന്റെ മിഴികളിൽ

ഒറ്റച്ചിറകുള്ള ശലഭം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

വെയിലു കത്തിത്തീർന്നുകൊണ്ടിരുന്നു.
ഭൂമിയ്ക്കു മേലെ പടർന്ന വെട്ടത്തിനിപ്പോൾ നേർത്ത കുങ്കുമവർണ്ണമാണ്.
തിരുവനന്തപുരം, തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ അഞ്ചാം നമ്പർ

ഫ്ലാറ്റ്ഫോമിലെ നിരനിരന്നു കിടന്ന കോൺക്രീറ്റ് ഇരിപ്പിടങ്ങളിലൊന്നിൽ അമൃതയിരുന്നു.
പടിഞ്ഞാറു നിന്നു പ്രസരിച്ച പോക്കുവെയിൽ രശ്മികൾ, തിളങ്ങുന്ന

ഉരുക്കുപാളങ്ങളിൽ പ്രതിഫലിക്കുന്നു.
തലങ്ങും വിലങ്ങും ഒത്തിരിയാളുകൾ സഞ്ചരിക്കുന്നുണ്ട്.
പലതരം മനുഷ്യർ.
പൊടിമൂടിയ കൽബഞ്ചിനു കീഴെയൊരു പെൺപട്ടി ചരിഞ്ഞുകിടന്നു മയങ്ങുന്നു.

അതിന്റെ, പെറ്റ വയറ് ശോഷിച്ചും ശുഷ്കിച്ചും കാണാം.
അമ്മയുടെ അരികുവശങ്ങളിൽ കളിച്ചുമദിക്കുന്ന ഉരുണ്ട ഇത്തിരിക്കുഞ്ഞുങ്ങൾ.
അവ, പെൺപട്ടിയുടെ ശുഷ്കിച്ച അകിടിൽ ജീവാമൃതം തിരയാനായി ഇടനേരങ്ങളിലെത്തുന്നു.

തൊട്ടരുകിലെ ടീസ്റ്റാളിൽ നിന്നും, പ്രിയമുള്ളൊരു കാപ്പിമണം പ്രസരിക്കുന്നു.
തെല്ലുമുമ്പു കടന്നുപോയ പാസഞ്ചർ വണ്ടി അവശേഷിപ്പിച്ച തീവണ്ടിച്ചൂര്, കാപ്പിമണത്തിനു വഴിമാറുന്നു.

നീളൻ ഇരിപ്പിടങ്ങൾക്കപ്പുറം, ഏതോ അന്യസംസ്ഥാനക്കാരുടെ കൂട്ടം വട്ടംകൂടിയിരിക്കുന്നു.
മുഷിഞ്ഞ വസ്ത്രങ്ങളും, ചെമ്പിച്ച തലമുടിയുമായി സകലപേരും സമഭാവത്തിലാണ്.

അവരിലെ, പെണ്ണുങ്ങളുടെ കലപിലയും കുട്ടികളുടെ കലമ്പലും വേറിട്ടു കേൾക്കാം.
ടിക്കറ്റ് കൗണ്ടറിലേക്കു പായുന്നവരുടെ എണ്ണം അനവധിയാണ്.
ചുണ്ടുകൾ കനൽ പോലെ ചുവപ്പിച്ച്,

തോളറ്റം വിടർത്തിയിട്ട സ്ട്രെയിറ്റു ചെയ്ത മുടിയും, ഇറുകിയ കാലുറകളും ഇറക്കം കുറഞ്ഞ മേൽക്കുപ്പായവുമിട്ട ഒരു യുവതി, അമൃതയ്ക്കു മുന്നിലൂടെ കടന്നുപോയി.
മൊബൈൽ കാതോടു ചേർത്തുപിടിക്കുമ്പോൾ,

മേൽക്കുപ്പായമുയർന്ന് ആഴമുള്ള പൊക്കിൾച്ചുഴി അനാവൃതമാകുന്നു.
അവളുടെ പിൻപുറസമൃദ്ധികളിലേക്കു കണ്ണുംനട്ടിരിക്കുന്ന തൊട്ടപ്പുറത്തേ ഇരിപ്പിടത്തിലിരുന്ന യുവാവിന്റെ മിഴികളിൽ, കാമത്തിന്റെ വൈരപ്രഭ

തിളങ്ങുന്നു.
തീവണ്ടികളുടെ വരവുപോക്കുകളുടെ മുന്നറിയിപ്പുകളിൽ,
സ്റ്റേഷൻ മുഖരിതമാകുന്നു.
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.

അമൃത, വാച്ചിലേക്കു നോക്കി.
സമയം 5.30.
മലബാർ എക്സ്പ്രസ് വരാനിനിയും ഇരുപതു മിനിറ്റു കൂടി ബാക്കിയുണ്ട്.
ഈ സ്റ്റേഷനിൽ നിന്നും യാത്രയാരംഭക്കുന്ന തീവണ്ടിയാണ്.

അതിനാൽത്തന്നേ, തൃശൂർക്ക് ഓർഡിനറി ടിക്കറ്റേ എടുത്തുള്ളു.
ജനറൽ കമ്പാർട്ടുമന്റുകൾ വരാനിടയുള്ളിടത്തായി, യാത്രക്കാരുടെ പലതരം കൂട്ടങ്ങൾ പെരുകുന്നു.
സുഖദമായൊരു ഇരിപ്പിടമാകണം,

സകലരുടെയും ആദ്യലക്ഷ്യം.
അവൾ, ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു, ടീസ്റ്റാളിനു നേർക്കുനടന്നു.
കടലാസുകോപ്പയിൽ ചുടുകാപ്പി നുകരുമ്പോൾ, അമ്മയെ ഓർമ്മ വന്നു.
അമ്മയുടെ മുന്നറിയിപ്പുകളും.

“ഞായറാഴ്ച്ച പോയാൽ, ബുധനാഴ്ച്ച തന്നെ ഇവിടെയെത്തണം.
ഉച്ചയ്ക്കലേ പരശുറാമിന് നിൽക്കേണ്ട.
അതിരാവിലെ ഐലന്റ് എക്സ്പ്രസ് ഉണ്ടല്ലോ;
അതിനു കേറിപ്പോരെ.

കഴിഞ്ഞയാഴ്ച്ചത്തേത്തു പോലെ രണ്ടുദിവസം കൂടുതൽ തങ്ങാമെന്നു വിചാരിക്കരുത്.
ശനിയാഴ്ച്ച, പുസ്തകപ്രകാശനമാണെന്നറിയില്ലേ?

അതിന്റെ തിരക്കുകൾ, ഇനിയും ശേഷിക്കുന്നു.
തൃശൂർക്കു പോയാൽ, തിരുവനന്തപുരം, ഓർമ്മകളിൽ നിന്നും മായരുത്.
എല്ലാ രാത്രിയിലും വിളിക്കണം.

അമ്മൂമ്മയും ഇവിടെ കാത്തിരിക്കുന്നുവെന്ന് ഓർക്കണം.
ചുടുവെള്ളത്തിൽ, തല കുളിച്ചാൽ മതി.
ജലം മാറിയാൽ, നീരിളകും.
പോയിട്ടു വായോ;

ഇവിടുത്തെ വിശേഷങ്ങളൊന്നും അവിടെ പറയേണ്ട.
അല്ലെങ്കിലും, ഇവിടുത്തെ വിശേഷങ്ങൾക്ക് അവിടെ പ്രസക്തിയുണ്ടാകില്ല.
പോകാതിരിക്കാൻ നിനക്കു കഴിയില്ലല്ലോ,
തടയാൻ എനിക്കും”

അവസാനവാക്കിൽ, അമ്മയുടെ ഒച്ചയൊന്നിടറിയതായിത്തോന്നി.
കൺകോണുകളിൽ നേർത്തൊരീറൻ പടർന്ന കണക്കേ, അമ്മ ഇമകൾ ചിമ്മിയടച്ചു.

ഒരു ദശകത്തിനപ്പുറത്തേക്കു നീണ്ട ഒറ്റയാൾ പോരാട്ടങ്ങളുടെ ആവേശവും വീര്യവും, അമ്മയിൽ നിന്നും പതിയെ ചോർന്നു പോകുവാൻ തുടങ്ങിയിരിക്കുന്നു.
മേദിനി കൃഷ്ണദാസ് എന്ന നാമധേയത്തിൽ, കവിതകളുടെ പൂക്കാലം തീർത്ത ബിരുദവിദ്യാർത്ഥിനിയും,

വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ ഇടിമുഴക്കമായി കാമ്പസ്സിൽ ജ്വലിച്ചു നിന്ന ജയശങ്കറും തമ്മിലുള്ള പ്രണയത്തിനും, ഒരു കവിതയുടെ ചാരുതയും വിപ്ലവത്തിന്റെ തീഷ്ണതയുമുണ്ടായിരുന്നു.
മേദിനിയുടെ തറവാട്ടിലെ സമ്പത്തും,

ജയശങ്കറിന്റെ ഇല്ലായ്മകളും അവരുടെ ഒന്നുചേരലിനു വിഘാതമായില്ല.
തിരുവനന്തപുരത്തു നിന്നും, ജയശങ്കറിന്റെ നാടായ തൃശൂരിലേക്കു അവൾ പറിച്ചുനടപ്പെട്ടു.
കവിതയും, പഠനവും, വിപ്ലവവും തുടർന്നു.

മേദിനി കൃഷ്ണദാസ്, മേദിനി ജയശങ്കറായി ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.
അമൃതയെന്ന മകൾ ജനിച്ചു.
വിവാഹത്തിനു നാലുവർഷങ്ങൾക്കു

ശേഷം, തിരുവനന്തപുരം ജില്ലയിൽ തന്നെ മേദിനിക്കു, ഹൈസ്കൂൾ മലയാളം അദ്ധ്യാപികയായി സർക്കാർ ജോലി ലഭിച്ചു.
ജയശങ്കർ, അക്കാലത്ത് തൃശൂർ ജില്ലാ പഞ്ചായത്തംഗമായിരുന്നു.

അമൃതയുടെ ചിന്തകളെ വേർപ്പെടുത്തിക്കൊണ്ട്, മലബാർ എക്സ്പ്രസ് എത്തിച്ചേരുന്നുവെന്ന അറിയിപ്പു മുഴങ്ങി.
അവൾ, പതിയെ എഴുന്നേറ്റ് തെല്ലു മുന്നിലേക്കു നീങ്ങിനിന്നു.

മഞ്ഞച്ച ബോഗികളുമായി, തീവണ്ടി സാവധാനം ഇഴഞ്ഞു വന്നു.
തിരക്കുകൂട്ടലുകളുടെ നേർത്തൊരു ചടുലതയോടെ യാത്രക്കാർ ട്രെയിനിലേക്കു കയറി.

വടക്കോട്ട് അഭിമുഖമായിക്കിടന്ന നെടുനീളൻ ഇരിപ്പിടത്തിൽ, ജാലകത്തിനരികിലായി അവൾ ഇരിപ്പുറപ്പിച്ചു.
വെയിലു തീർത്തും മറഞ്ഞുപോയിരിക്കുന്നു.

വെളിവിനും ഇരുളിനുമിടയിലെ ഇത്തിരി നേരത്തിൽ, ഭൂമിയാകെ വിളറി നിന്നു.
കാപ്പിക്കച്ചവടക്കാരുടെ കുറുകിയ ശബ്ദം, ഇടവക്കാലത്തെ നടുപ്പാടങ്ങളിലെ ഒച്ചയനക്കങ്ങൾ പോലെ അവൾക്കു തോന്നി.

സീറ്റിൽ ഇപ്പോൾ നാലുപേരുണ്ട്.
വരും നേരങ്ങളിൽ, അനുക്രമമായി തിരക്കു വർദ്ധിച്ചേക്കാം.
ഒരു നീണ്ട ചൂളംവിളിയുയർന്നു.
തീവണ്ടി ചലിക്കാൻ തുടങ്ങി.
നെടുകെ നീണ്ട ഫ്ലാറ്റുഫോമും,

പച്ചവെളിച്ചവും, തിരക്കുകളും അമ്മപ്പട്ടിയും കുഞ്ഞുങ്ങളുമെല്ലാം പതിയേ കാഴ്ച്ചകളിൽ നിന്നു വേറിട്ടു.
അരികു പറ്റി നീളുന്ന പാളങ്ങളും, ഉരുളൻ കരിങ്കൽച്ചീളുകളും, ചൂളമരങ്ങളും ഒപ്പം യാത്രപോന്നു.

സാഹിത്യവും, രാഷ്ടീയവും ഒരിക്കലും പരസ്പരപൂരകങ്ങളായില്ല.
പ്രണയകാലത്തിന്റെ മൃദുഭാവങ്ങളെ അഹംബോധത്തിന്റെ ഉഷ്ണശിലകൾ എന്നോ തേച്ചുരച്ചു അവസാനിപ്പിച്ചിരുന്നു.
ഒരാൾ, സ്വന്തം എഴുത്തുകളിലേക്കും, അപരൻ ജനസേവനത്തിലേക്കും ജീവിതം സമർപ്പിച്ചപ്പോൾ, നഷ്ടങ്ങളെല്ലാം മകൾക്കു മാത്രമായിരുന്നു.

അമൃതയ്ക്ക് ഏഴു വയസ്സുള്ളപ്പോളാണ് അച്ഛനും അമ്മയും വേർപിരിഞ്ഞത്.
ആഴ്ച്ചയിൽ അഞ്ചുദിവസം അമ്മയ്ക്കും , ശേഷിച്ച രണ്ടുനാളുകൾ അവൾ അച്ഛന്റേതുമായി.
കഴിഞ്ഞ പത്തുവർഷമായി അതു തുടർന്നുകൊണ്ടിരിക്കുന്നു.

ഇഷ്ടങ്ങളെല്ലാം വാങ്ങിക്കൊടുത്ത്, അമൃതയെ അവർ മത്സരിച്ചു പരിപാലിച്ചു.
കളിപ്പാട്ടങ്ങളും, ഉടുപ്പുകളും, പിന്നീട് മുതിർന്നപ്പോൾ വേണ്ടിവന്നതെല്ലാം ഇരട്ടകൾ പോലെ അവളിലേക്കു വന്നു.

ജീവിതത്തോടുള്ള വാശിയിൽ പിറന്ന കവിതകൾക്ക് കനൽവേവുണ്ടായിരുന്നു.
പുരസ്കാരങ്ങളും, കീർത്തിപത്രങ്ങളും അനേകം അമ്മയെ തേടിയെത്തി.
തിരുവനന്തപുരത്തെ, വലിയ വീട്ടിലെ ഷെൽഫിൽ അവ നിറനിറഞ്ഞു.

അച്ഛനും പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഒരുവേള നിയമസഭയിലെത്തുകയും ചെയ്തു.
പതിനഞ്ചുവയസ്സു മുതൽ, തൃശൂർക്ക് ഒറ്റയ്ക്കാണ് യാത്ര.

രണ്ടുദിനങ്ങൾ എന്നതു വിട്ട്, ചിലപ്പോളൊക്കെ രണ്ടുനാളുകൾ കൂടി കൂടുതൽ തങ്ങാറുണ്ട്.
അമ്മ, എതിരു പറയാറില്ല.
ഒരു പതിറ്റാണ്ടോളമായി ഹൃദയത്തിൽ സൂക്ഷിച്ച വാശിയും വിദ്വേഷവും നേർത്തുപോയതാകാം കാരണം.

എന്തിനു വേണ്ടിയായിരുന്നു, എന്ന ചോദ്യം ഇപ്പോൾ വല്ലാതെ വേട്ടയാടുന്നുമുണ്ടാകാം.
ചൊവ്വാഴ്ച്ച, അച്ഛന്റെ പിറന്നാളാണ്.
അച്ഛമ്മയും, അമ്മായിമാരും, കസിൻസും എല്ലാരുമുണ്ടാകും.
ആ സന്തോഷങ്ങളിലേക്കാണ്, ഈ യാത്ര തുടരുന്നത്.

വർക്കലയെത്തിയപ്പോൾ തിരക്കു പിന്നേയും കൂടി.
ഇപ്പോൾ, സീറ്റിൽ ആറുപേരിരുപ്പുണ്ട്.
ബാഗും മടിയിൽ വച്ച്, തുടകൾ അനക്കാൻ കഴിയാതെ അവൾ അമർന്നിരുന്നു.
ഇടനാഴിയിലൊരു യുവതി, തിരക്കിൽ ഉടലുലഞ്ഞു നിൽപ്പുണ്ടായിരുന്നു.
യാത്ര തുടർന്നു.

സഞ്ചാരികളാൽ പൊതിഞ്ഞ തീവണ്ടിമുറിയ്ക്കകം ഉഷ്ണം പെയ്തുനിറഞ്ഞു.
യാത്ര, ആറു മണിക്കൂർ പിന്നിട്ടിരിക്കുന്നു.
തൃശൂരിനു തൊട്ടരികിലെത്തിയപ്പോൾ, ഉടലുലഞ്ഞ പെണ്ണിനെ കണ്ണുകൊണ്ട്, അരികിലേക്കു വിളിച്ചു.

ഉലഞ്ഞ പുടവകളും, ഞെരിഞ്ഞമർന്ന ഉടലുമായി അവൾ തിക്കിത്തിരക്കി, അമൃതയ്ക്കരികിലേക്കു വന്നു.
അമൃത,പതിയേ എണീറ്റു.
ആ ഇത്തിരിയൊഴിവിലേക്ക്, നിന്നു കാലുകഴച്ച ഉടൽമിനുക്കമുള്ള പെണ്ണിരുന്നു.
അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

അമൃത, തിരക്കിലൂടെ നൂഴ്ന്ന് വാതിൽക്കലേക്കു നീങ്ങി.
ട്രെയിൻ നിന്നു.
ഫ്ലാറ്റുഫോമിലേക്കിറങ്ങി നോക്കിയത് അച്ഛന്റെ മുഖത്തേക്കാണ്.
അച്ഛൻ, പുഞ്ചിരിച്ചു.

ഖദറിന്റെ വെൺമയേറിയ ഷർട്ടും മുണ്ടുമുടുത്ത്,
ഒരു കയ്യാൽ മുണ്ടിന്റെ കോന്തല പിടിച്ച്, അച്ഛൻ അവൾക്കരിലേക്കു വന്നു.

“തിരക്കായിരുന്നൂലേ, മോളെ?”അച്ഛന്റെ ചോദ്യത്തിൽ, വാത്സല്യം സ്ഫുരിച്ചു.അവൾ, അച്ഛന്റെ കയ്യും പിടിച്ച് തിരക്കുകൾക്കിടയിലൂടെ നടന്നു.

എതിരേ, അച്ഛന്റെയും അമ്മയുടെയും നടുവിലായി , അവരുടെ കൈകളിൽപ്പിടിച്ച് ഒരു കൗമാരക്കാരി വരുന്നുണ്ടായിരുന്നു.
അമൃതയ്ക്ക്, അവളെ കണ്ടപ്പോൾ ഒരു ചിത്രശലഭത്തെയാണ് ഓർമ്മ വന്നത്.
മാതാപിതാക്കൾ ചിറകുകളായുള്ള വർണ്ണശലഭം.

അപ്പോൾ, അവൾക്കു വല്ലാതെ സങ്കടം തോന്നി.
ജീവിതത്തിലെന്നും, താനൊരു ഒറ്റച്ചിറകുള്ള ശലഭമാണല്ലോയെന്ന് അവളോർത്തു.
കണ്ണിലൂറിയ നനവിനെ അവൾ, ഇമകൾ ചിമ്മി യാത്രയാക്കി.

പതിയേ, അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് തിരക്കുകളെ മുറിച്ച് മുന്നോട്ടു നടന്നു.
പാതിരാവിൽ, റെയിൽവേ സ്റ്റേഷൻ പ്രകാശത്തിൽ കുളിച്ചു നിന്നു.
കാറിന്നരികിലേയ്ക്കു നടക്കുമ്പോൾ, അവൾ കണ്ടു.

അവളെ നോക്കിച്ചിരിക്കുന്ന നക്ഷത്രക്കതിരുകളെ;
പൂർണ്ണചന്ദ്രനെ, നീലമേഘങ്ങളെ..
അവർ, നിലാവിലൂടെ നടന്നു.
അമൃതയുടെ ഹൃദയത്തിൽ നേർത്തൊരു നൊമ്പരം ശേഷിച്ചു.
ഒറ്റച്ചിറകുള്ള ശലഭത്തിന്റെ നൊമ്പരം.

Leave a Reply

Your email address will not be published. Required fields are marked *