ഓർമ്മകൾ
(രചന: നിഹാരിക നീനു)
“ഇനീം ഒപി ഒത്തിരി പേരുണ്ടോ സിസ്റ്ററേ?” എന്ന് ചോദിച്ചപ്പോൾ ഒന്നു നോക്കിയിട്ട് സിസ്റ്റർ”രണ്ട് പേര് കൂടിയേ ഉള്ളൂ എന്നു പറഞ്ഞു”
“ഒക്കെ ” എന്നു പറഞ്ഞ് അടുത്ത പേഷ്യൻ്റിനെ വിളിക്കുന്നതിന് മുമ്പ് ആദി ദേവ് വെറുതെ ഫോൺ എടുത്തൊന്ന് നോക്കി,
ഫേസ് ബുക്കിൽ ഒരു നോട്ടിഫിക്കേഷൻ വന്നത് കണ്ട് ഒന്നു നോക്കി…..”യൂ ഹാവ് മെമ്മറി വിത്ത് “നിഹാരിക”
പണ്ടെന്നോ അവളുടെ, നിഹാരികയുടെ ,
ബർത്ത് ഡേ വിഷ് ചെയ്തതാണ് …..
സോ ഇന്നാണ് ആ ദിവസം…. നിഹയുടെ പിറന്നാൾ…
മുന്നിലിരുന്ന് കരഞ്ഞ കുഞ്ഞിൻ്റെ ശബ്ദം കേട്ട് ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു ആദി ദേവ്,
എല്ലാം മറന്ന് തീർത്തും കാര്യ ഗൗരവമുള്ള പീഡിയാട്രീഷൻ ആദി ദേവ് ശങ്കറായി.. അല്ലെങ്കിലും ഈ ഡെഡിക്കേഷനാണ് ആളുകൾക്കിടയിൽ ഡോക്ടർ ഇത്രയും നല്ല പേരെടുത്തത്….
“എന്തിനാന്നറിയില്ല കുഞ്ഞ് വെറുതേ കരയാ ഡോക്ടറേ “എന്നാ കുഞ്ഞിൻ്റെ അമ്മ വിഷമത്തോടെ പറഞ്ഞതും മേശപ്പുറത്തിരുന്ന കളിപ്പാട്ടം ഒന്നമർത്തി ശബ്ദമുണ്ടാക്കി കരയുന്ന കുഞ്ഞിൻ്റെ ശ്രദ്ധ തിരിച്ചു ആദി,
ഇടക്കവൻ ചെവി കയ്യാലെ തട്ടുന്നത് കണ്ട് പറഞ്ഞിരുന്നു അവരോട്
കുഞ്ഞിന് ചെവിവേദനിച്ചാണ് കരയുന്നതെന്ന് …
വാക്കുകൾ കൂട്ടി ച്ചൊല്ലാനാവാത്ത തൻ്റെ കുഞ്ഞിൻ്റെ വേദനക്ക് പരിഹാരം കണ്ടതിൻ്റെ ആശ്വാസത്തിൽ നന്ദിപൂർവ്വം ഒന്ന് നോക്കി ആ അമ്മ യാത്ര പറഞ്ഞു…
വീണ്ടും രണ്ടു പേർ കൂടി വന്നപ്പോഴും ഉത്തരവാദിത്തത്തോടെ തൻ്റെ കടമ നിർവ്വഹിച്ചു…” സിസ്റ്റർ പൊയ്ക്കോളൂ”
എന്ന് പറഞ്ഞ് കൂടെ നിന്ന സിസ്റ്ററേയും പറഞ്ഞയച്ച് മെല്ലെ ഫോൺ കയ്യിലെടുത്തു…
വീണ്ടും ഓർമ്മകൾ പട്ടം കണക്കെ പറന്നു, ഗാലറിയിൽ പരതി ആ ഫോട്ടോ കണ്ടെടുത്തു… ഓർമ്മപ്പൂക്കൾ ” നിഹാരിക ദേവൻ” 1990 – 2021″
മെല്ലെ അവളുടെ നീണ്ട മിഴികളിൽ കണ്ണുടക്കി … എന്നും തന്നോടൊരായിരം കഥ പറഞ്ഞിരുന്ന മിഴികൾ..
ഇപ്പഴും അവ ജ്വലിക്കുന്നത് പോലെ തോന്നി ആദിക്ക്…. സീറ്റിൽ ചാരിക്കിടന്ന് കണ്ണുകൾ ഇറുകെ ചിമ്മി ..
അപ്പോഴും കേൾക്കാമായിരുന്നു കുപ്പിവള കിലുങ്ങും പോലെയുള്ള അവളുടെ സംസാരം …..
ആദ്യമായി കണ്ട നാൾ ഓർമ്മയിൽ ഓടിയെത്തി…. ഒരു ക്യാമ്പിൻ്റെ ഭാഗമായി പോയതായിരുന്നു ആ കോളേജിലേക്ക് …..
അവൾ NSS വളണ്ടിയർ ആയിരുന്നു .. ആരോ തന്നെ വിളിക്കാൻ പറഞ്ഞയച്ചത് അവളെയായിരുന്നു,”ഈ.. ആദി, ആദി ദേവ് ”
എന്തോ ഒരു നരുന്ത് പെണ്ണ് പേരെടുത്ത് വിളിച്ചപ്പോൾ ഉള്ളിൽ തലപൊക്കിയ ദേഷ്യം അവളോട് തീർത്തു,
“ഉം .. താനാരാ എന്നെ വന്ന് വിളിക്കാൻ എന്ന് “”അയ്യോ എനിക്കിപ്പോ നിങ്ങളെ വിളിച്ചിട്ട് വേണല്ലോ ആ ഡോക്ടർ പറഞ്ഞതാ വിളിക്കാൻ ”
അവൾ കലിപ്പായി അതിനേക്കാൾ തിരിച്ച് തന്നു. കൂടെ പിറുപിക്കലും,എന്തോ വന്ന ദേഷ്യം അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് എവിടേയോ പോയി മറഞ്ഞു. അവളുടെ കഴുത്തിൽ തൂക്കിയിട്ട ഐഡൻ്റിറ്റി കാർഡിൽ നിന്ന് നിഹാരിക എന്നാണ് പേരെന്ന് മനസിലാക്കി…
അതിൽ തന്നെയുള്ള ഫോൺ നമ്പർ മെല്ലെ ഫോണിൽ സേവ് ചെയ്ത് വച്ചു… എന്തിനാ എന്നറിയില്ല, പക്ഷെ അങ്ങനെ തോന്നി…
രണ്ട് ദിവസത്തെ ക്യാമ്പ് തീരുന്ന വരെയും ഉണ്ടക്കണ്ണാലെ കലിപ്പൻ നോട്ടമല്ലാതൊന്നും പെണ്ണിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല…
എന്നോ ക്ലിനിക്കിൽ ഇരുന്നപ്പോഴാണ് അവളെ ഓർത്തത്, ഫോൺ എടുത്ത് വിളിക്കുമ്പോൾ പ്രാർത്ഥിച്ചിരുന്നു അവൾ തന്നെ എടുക്കണേ എന്ന് …
പ്രാർത്ഥന ഫലിച്ച പോലെ എടുത്തത് അവൾ തന്നെ ആയിരുന്നു,”ഹലോ”എന്നു പറഞ്ഞ ആ ശബ്ദം എത്ര കാലം കഴിഞ്ഞാലും തിരിച്ചറിയാൻ കഴിയുമായിരുന്നു … തിരിച്ചെന്ത് പറയും എന്ന് ഒരു നിമിഷം വിക്കി …
“പിന്നെ പറഞ്ഞു ആ ക്യാമ്പിന് വന്ന ഒരു ഡോക്ടർ ആണെന്ന്….. “ഒന്നും മറുപടി കേൾക്കാഞ്ഞ് ഒന്നൂടെഹലോ എന്ന് ചോദിച്ചപ്പോൾ കേട്ടു,
“ഇത് അമ്മേടെ നമ്പറാ…. എൻ്റെ നമ്പർ തരാം അതിൽ വിളിക്കാമോ ” എന്ന്പിന്നീടങ്ങോട്ട് അവൾ ജീവിതത്തിൻ്റെ ഭാഗമാവുകയായിരുന്നു .. അവളുടെ കളിയാക്കലുകളും കുറുമ്പും കുസൃതിയും മാത്രമായി ലോകം…
ജീവനായിരുന്നു…പക്ഷെ സ്വന്തമാക്കാൻ തൻ്റേടമില്ലാതെ പോയി… അവൾ പറഞ്ഞതാ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ …
ചെയ്തില്ല ….വെറുതേ ചില പ്രശ്നങ്ങൾ പറഞ്ഞവളെ നിരുത്സാഹപ്പെടുത്തി… പിന്നേം പ്രതീക്ഷയിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു..
അച്ഛനായി ഉണ്ടാക്കി വച്ച വലിയ സാമ്പത്തിക ബാധ്യതയിൽ ഉടക്കി മനസ്,
സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച് അവളെ കഷ്ടപ്പെടുത്താനാവാതെ…
കാരണം എന്നെക്കാൾ ഞാനവളെ പ്രണയിച്ചു … ക്രമേണ അവൾക്ക്.. എന്നോട് വെറുപ്പായി..
വന്നതിൽ നല്ല ഒരാലോചനക്ക് എന്നെ തോൽപ്പിക്കാൻ സമ്മതം മൂളി …” ഇതാ നിഹാ നല്ലത് “എന്ന് ഞാനും പറഞ്ഞു,
അവളുടെ തേങ്ങൽ മാത്രം കേട്ടു അപ്പോൾ…അവളുടെ കല്യാണം എല്ലാം ഉറപ്പിച്ചപ്പഴാ നെഞ്ച് അത്രമേൽ പിടയുന്നതായി അറിഞ്ഞത്… എന്റെ പ്രാണൻ തന്നെയാണ് പറിഞ്ഞ് പോകുന്നതെന്ന് പഠിച്ചത്….
” ഞാൻ വന്നോട്ടേ… നീ യെൻ്റെ കൂടെ വരുമോ ” എന്ന് വിവേകത്തെ വികാരം കീഴടക്കിയ ഒരു നിമിഷത്തിൽ ഞാൻ ചോദിച്ചു…..
“പ്രാണൻ തന്ന് പ്രണയിച്ചവനേക്കാൾ, വിശ്വസിച്ച് കല്യാണമുറപ്പിച്ച അച്ഛന് വില നൽക്കുന്നു” എന്ന് മാത്രം പറഞ്ഞവൾ പോയി…
പിന്നെ ആവുംവിധം അവളെ കോണ്ടാക്ട് ചെയ്യാതിരിക്കാൻ ശ്രമിച്ചു…. മറ്റൊരു ജീവിതം തിരഞ്ഞെടുത്തു..
പിന്നീടെന്നോ ഫേസ് ബുക്കിൽ ഒരാക്സിഡൻ്റിൽ അവൾ.. വല്ലാത്ത ഷോക്കായിരുന്നു … അതിൽ നിന്നും കരകേറി….
പെട്ടെന്നാണ് മൊബെൽ റിംഗ് ചെയ്തത്…. മെല്ലെ എടുത്ത് ചെവിയോട് ചേർത്തപ്പോൾ,
കേട്ടു …”പപ്പാ ഗാലച്ചീ മുത്തായി ബരുമ്പ മേടിച്ചനേ ” എന്ന്,” കൊണ്ട് വരാടാ …. ” എന്ന് പറഞ്ഞപ്പോഴേക്കും നിഹാരികയുടെ കേസ് ഫയൽ മനസ് വിസ്മൃതിയിൽ തള്ളിയിരുന്നു …
ചില ഓർമ്മകൾ അങ്ങനാണ് ഇടക്കങ്ങനെ വന്ന് പ്രത്യേകമൊരനുഭൂതി തന്ന് മടങ്ങും.. വേദനയുടെ,….. നഷ്ടബോധത്തിന്റെ,..ദേഷ്യത്തിൻ്റെ …. നിസ്സഹായതയുടെ …