(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“സാറേ… എസ് ഐ സാർ ഉണ്ടോ.. “രാത്രി സമയം പത്തു മണിയോടടുക്കുമ്പോഴാണ് അയാൾ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. മുഷിഞ്ഞ വേഷം പാറിപ്പറന്ന മുടിയിഴകൾ. കട്ടത്താടി. ചോദ്യം സ്റ്റേഷന് മുന്നിൽ അല്പം മാറി നിന്ന് സിഗരറ്റ് വലിച്ചു നിന്ന കോൺസ്റ്റബിൾ ഹരീഷിനോട് ആയിരുന്നു.
” സാർ ഇല്ലല്ലോ.. എന്താ കാര്യം.. “അയാളെ കണ്ണാലൊന്നുഴിഞ്ഞു കൊണ്ട് ഹരീഷ് ചോദിച്ചു.” അത്.. എസ് ഐ സാറ് എപ്പോ വരും സാറിനോട് പറയാൻ ഉള്ളതാ… ”
ആ മറുപടി ഹരീഷിന് അത്രക്ക് ദഹിച്ചില്ല. എന്നാൽ അവനുമായി സംസാരിക്കാൻ അയാളും തയ്യാറല്ലായിരുന്നു.
” അതെന്താടോ.. താൻ എസ് ഐ യോട് മാത്രേ സംസാരിക്കുള്ളോ.. എന്താ നിന്റെ പേര്.. എവിടുന്നാ “” അത്.. പേര് സുരേഷ്.. സ്ഥലം ഇവിടെ തന്നെയാണ്.. ”
സുരേഷ് മറുപടി പറയുമ്പോഴാണ് ആ ഹരീഷ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്.” ടാ.. നീ മദ്യപിച്ചിട്ടുണ്ടോ… നല്ല സ്മെല്ല് വരുന്നുണ്ടല്ലോ..”
ആ ചോദ്യം കേൾക്കെ സുരേഷ് പതിയെ മുഖം കുനിച്ചു. അതോടെ അവനു കലി കയറി
” മര്യാദക്ക് പൊയ്ക്കോ നീ.. കള്ളും കുടിച്ചിട്ടാണോ പോലീസ് സ്റ്റേഷനിൽ ഒണ്ടാക്കാൻ വരുന്നേ… എസ് ഐ ഉണ്ടാരുന്നേൽ നിന്നെ തൂക്കി എടുത്ത് അകത്ത് ഇട്ടേനെ. സാർ ഇന്ന് ഇനി വരില്ല നാളെ രാവിലെയേ വരുള്ളൂ.. പോയിട്ട് നാളെ വാ.. ”
ഹരീഷിന്റെ ഒച്ച ഉയരവേ ഒന്ന് ഭയന്നു സുരേഷ്..” സാറെ.. ഇച്ചിരി അത്യാവശ്യം ആണ് എസ് ഐ സാറിനെ ഒന്ന് വിളിച്ചിട്ട് വരാൻ പറയോ.. ”
അടുത്ത ചോദ്യം കൂടി കേൾക്കെ ഹരീഷിന്റെ ദേഷ്യം ഇരട്ടിയായി” നിന്നോട് പറഞ്ഞാൽ കേൾക്കില്ലേ .. പോടാ മര്യാദക്ക് പണി വാങ്ങി കൂട്ടാതെ.. പോയിട്ട് നാളെ വാ..
ശബ്ദം ഉയർന്നത് കൊണ്ട് തന്നെ പുറത്തേക്ക് വന്ന മറ്റൊരു കോൺസ്റ്റബിൾ രാജീവും ആ രംഗം ശ്രദ്ധിച്ചു
” എന്താ ഹരീഷ് സാറെ.. സീൻ.. എന്തേലും പ്രശ്നം ഉണ്ടോ “രാജീവ് പുറത്തേക്കിറങ്ങി വരുമ്പോൾ ഹരീഷ് തിരിഞ്ഞു.
” ഒന്നുല്ല സാറെ.. ദേ ഇവൻ എസ് ഐ നെ കാണാൻ വന്നതാ.. ആളാണെൽ അടിച്ചു കോൺ തെറ്റി നിൽക്കുവാ.. ഈ അവസ്ഥയിൽ സാറ് കണ്ടിരുന്നേൽ തൂക്കി എടുത്ത് അകത്തിട്ടേനെ.. അതൊന്നു പറയുവാരുന്നു ഞാൻ.. ”
അടുത്തേക്ക് വന്ന രാജീവ് അല്പസമയം സുരേഷിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി നിന്നു
” എടാ നിന്നെ അല്ലെ കഴിഞ്ഞ ആഴ്ച പെണ്ണും പിള്ളയുടെ പരാതിയിൽ സാറ് വിളിപ്പിച്ചു രണ്ട് പൊട്ടിച്ചു വിട്ടത്.. അല്ലെ.. നീ അല്ലെ ആള്.. ”
ആ ചോദ്യം കേട്ട് സുരേഷ് തലകുനിക്കവേ ഹരീഷും പതിയെ ആളെ തിരിച്ചറിഞ്ഞു” ശെരിയാണല്ലോ. ഇവൻ അല്ലെ ആ ആള്.. കള്ളും കുടിച്ചിട്ട് വീട്ടിൽ അലമ്പ് ആണെന്നല്ലേ ഇവന്റെ കെട്ട്യോളു പരാതിപ്പെട്ടെ.. എന്താടാ ഇപ്പോ പ്രശ്നം. വീണ്ടും പെണ്ണുംപിള്ളയുമായി അടി കൂടിയിട്ട് വന്നേക്കുവാണോ ”
ചോദ്യം കേട്ടിട്ടും സുരേഷ് മൗനമായി തല കുമ്പിട്ടു”എടാ നിന്നോട് ആണ് ചോദിച്ചത്. നാവില്ലേ നിനക്ക് “ഹരീഷിന് ദേഷ്യം ഇരട്ടിച്ചു തുടങ്ങിയിരുന്നു.” ടാ മറുപടി പറയടാ.. ”
കലി അടക്കുവാൻ കഴിയാതെ അവൻ അലറുമ്പോൾ ഒരു കൂസലും ഇല്ലാതെ പതിയെ തലയുയർത്തി സുരേഷ്.
” പ്രശ്നം ആണ് സാറെ.. ഞാൻ അവളെ അങ്ങ് കൊന്നു. അവളെ മാത്രം അല്ല അവളുടെ രഹസ്യ കാമുകനെയും ”
ഇത്തവണ ഹരീഷും കൂടെ നിന്ന രാജീവും ഒരുപോലെ നടുങ്ങി” ങേ… എന്താടാ.. എന്താ നീ പറഞ്ഞെ.. “രാജീവ് മുഖം ചുളുക്കവേ പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിച്ചു സുരേഷ്
” സത്യമാണ് ഞാൻ അവളേം കാമുകനേം കൊന്നു സാറെ.. എന്റെ വീട്ടിൽ ഇട്ട് തന്നെ ഇച്ചിരി മുന്നേ.. .. അവൾക്ക് വേറെ ബന്ധം ഉണ്ടെന്ന് അന്നേ ഞാൻ പറഞ്ഞതാ എസ് ഐ സാറിനോട് അന്നേരം അത് കേൾക്കാതെ അവളുടെ വാക്കും കേട്ട് എന്നെ തല്ലി.
അവളുടെ ബന്ധം ഞാൻ കണ്ട് പിടിച്ചു പ്രശ്നം ഉണ്ടാക്കിയ ദേഷ്യത്തിൽ ആണ് അന്ന് എനിക്കെതിരെ അവൾ കള്ളക്കേസ് കൊടുത്തത്.
ഇന്നിപ്പോ രണ്ടും കൂടെ എന്റെ വീട്ടിൽ ഞങ്ങടെ ബെഡ്റൂമിൽ കിടന്ന് കുത്തി മറിയുകയായിരുന്നു. കണ്ടിട്ട് സഹിച്ചില്ല സാറെ… ഞാൻ എന്നാ ചെയ്യണം ഇതൊക്കെ കണ്ടിട്ട്…. മോളുണ്ട് സാറെ വീട്ടിൽ പതിനാറ് വയസായി കൊച്ചിന്.
അവള് കാൺകേയാണ് ആണ് ഒരു കൂസലും ഇല്ലാതെ കാമുകനെ വിളിച്ചു വീട്ടിൽ കയറ്റിയത്… അതോണ്ടാ ഞാൻ കൊന്ന് കളഞ്ഞേ രണ്ടിനേം.. എസ് ഐ സാറ് ആണ് അന്ന് ഞങ്ങടെ കേസിൽ അവൾക്ക് സപ്പോർട്ട് ചെയ്ത് സംസാരിച്ചത്. അതോണ്ട് ആണ് സാറിനെ കാണണം ന്ന് പറഞ്ഞതും ”
ഇത്തവണ ഹരീഷിന്റെയും രാജീവിന്റെയും ഞെട്ടൽ ഇരട്ടിയായി” ടാ നീ വെറുതെ കള്ളും പുറത്ത് പറയുവല്ലേ ഇത്.. നിന്റെ തോന്നൽ ആകും ഇങ്ങനൊക്കെ ചെയ്തെന്ന് ”
ഹരീഷിന് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതോടെ സുരേഷ് പോക്കെറ്റിൽ നിന്നും തന്റെ ഫോൺ എടുത്ത് അതിലെ ഒരു ഫോട്ടോ അവരെ കാണിച്ചു.പിന്നെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുഞ്ഞു കഴുത്തിനു വെട്ടേറ്റു
മരിച്ചു കിടക്കുന്ന ഭാര്യയുടെയും കാമുകന്റെയും ഫോട്ടോയായിരുന്നു അത്.അത് കൂടി കൺകെ ആ രാജീവ് പതിയെ പിന്നിലൂടെ ചെന്ന് സുരേഷിനെ ബലമായി പിടിച്ചു..
” ഹരീഷ് സാറെ.. ഇവനെ ഒന്ന് പിടിച്ചേ.. ആളെ കയ്യോടെ ലോക്കപ്പിൽ ആക്കിയിട്ട് എസ് ഐ സാറിനെ വിളിച്ചു കാര്യം പറയാം “എന്നാൽ ബലമായി ഒന്ന് കുതറി സുരേഷ്. അതോടെ ആ പിടി അയഞ്ഞു.
” എന്റെ പൊന്ന് സാറെ എന്നെ ഇങ്ങനെ ചുറ്റിട്ട് പിടിക്കേണ്ട.. രക്ഷപ്പെടാൻ ആയിരുന്നേൽ എനിക്കിങ്ങട് വരേണ്ട കാര്യം ഇല്ലാരുന്നല്ലോ.. ചെയ്ത തെറ്റിനുള്ള ശിക്ഷ ഏറ്റു വാങ്ങുവാൻ ഞാൻ തയ്യാറാണ്. അതാണ് നേരെ ഇങ്ങട് പോന്നത് ”
ആ പറഞ്ഞത് കൃത്യമാണെന്ന് ഹരീഷിനും തോന്നി. അതോടെ ‘പിടിക്കേണ്ട’ എന്ന് അവൻ കൂടെയുള്ള രാജീവിന് കണ്ണ് കൊണ്ട് നിർദ്ദേശം നൽകി. ശേഷം പതിയെ അരികിലേക്കെത്തി സുരേഷിന്റെ ചുമലിൽ കയ്യിട്ടു
” സുരേഷ് വാ.. അകത്തേക്കിരിക്കാം എന്നിട്ട് എന്താ നടന്നത് എന്ന് കൃത്യമായി പറയ് “അവൻ സ്റ്റേഷന് ഉള്ളിലേക്ക് നടക്കവേ അനുസരണയോടെ ഒപ്പം ചെന്നു സുരേഷ്.
” എന്താ സാറെ കാര്യം. “സ്റ്റേഷനിലേക്ക് കയറുമ്പോൾ വനിതാ കോൺസ്റ്റബിൾ സംശയത്തോടെ ചോദിച്ചു.
” ഏയ് ഒന്നുല്ല.. പുള്ളി വൈഫിനെ എന്തോ ചെയ്തെന്ന് പറയുന്നു. അതൊന്നു ചോദിച്ചറിയണം.. എസ് ഐ സാറിനെ ഒന്ന് വിളിച്ചേ. ഞാൻ ഒന്ന് സംസാരിക്കട്ടെ.. ”
സുരേഷിനെ അകത്തെ ബഞ്ചിലേക്ക് ഇരുത്തി ഫോണിനരുകിൽ നിന്ന വനിതാ കോൺസ്റ്റബിളിന് നിർദ്ദേശം നൽകി ഹരീഷ്. കോൾ കണക്ട് ആയതും റിസീവർ പതിയെ വാങ്ങി ചെവിയോട് ചേർത്ത് കാര്യം പറഞ്ഞു അവൻ .ഗൗരവത്തോടെ തന്നെ എല്ലാം കേട്ടു എസ് ഐ.
” എന്തായാലും ആളെ അവിടിരുത്തിയേക്ക് ഞാൻ ഉടനെ വരാം സ്റ്റേഷനിലേക്ക്. അതുപോലെ അയാളുടേന്നു അഡ്രെസ്സ് വാങ്ങി നമ്മുടെ നൈറ്റ് പെട്രോളിംഗ് ടീമിന് കൊടുക്ക് എന്നിട്ട് ഒന്ന് പോയി നോക്കാൻ പറയാൻ ”
“ഓക്കേ സാർ.. ഞാൻ ഇപ്പോൾ തന്നെ ചെയ്യാം “കിട്ടിയ നിർദേശങ്ങൾ അതുപോലെ തന്നെ പാലിച്ചു ഹരീഷ്. ശേഷം സുരേഷിന് അരികിലേക്ക് ചെന്നിരുന്നു.
” നീ പറയ് എന്താ ഉണ്ടായത് ഇന്ന്.. എന്തിനാ നീ അവരെ കൊന്നത്. “ശാന്തമായ ആ ചോദ്യം കേട്ട് ഹരീഷിന്റെ കണ്ണുകളിലേക്കൊന്ന് നോക്കി സുരേഷ്
” സാറെ അവൾക്ക് വേറൊരുത്തനുമായി ബന്ധം ഉണ്ട്. അതറിഞ്ഞിട്ട് ഞാൻ പലവട്ടം പറഞ്ഞു വിലക്കിയതാ. ഇനി ബന്ധുക്കളോടൊക്കെ പറയും എന്ന് പറഞ്ഞപ്പോഴാ കള്ളക്കേസ് കൊടുത്തത്.
എസ് ഐ സാറിനോട് അന്ന് എല്ലാം പറഞ്ഞതാ ഞാൻ എന്നിട്ടും കേട്ടില്ല അവളുടെ വാക്ക് കേട്ട് എന്നെ കുറെ തല്ലി. ഇന്നിപ്പോ ഞാൻ ജോലി കഴിഞ്ഞു വന്നപ്പോ അവര് രണ്ടു പേരും എന്റെ ബെഡ്റൂമിൽ… ”
അത്രയും പറഞ്ഞു ഒന്ന് നിർത്തി സുരേഷ് അവന്റെ കണ്ണുകളിൽ അപ്പോൾ അഗ്നി എരിയുകയായിരുന്നു.
” എന്റെ മോള് വീട്ടിൽ ഉണ്ട്… അവള് കാൺകെ ആണ് ഈ തോന്ന്യവാസം.. സഹികെട്ട് വാക്കത്തി എടുത്ത് വെട്ടി സാറെ രണ്ടിനേം. അപ്പോ തന്നെ ചത്തു. തെളിവൊക്കെ എന്റെ വീട്ടിൽ തന്നെ ഉണ്ട്.
വളരെ വ്യക്തമായി തന്നെ എല്ലാം പറഞ്ഞു സുരേഷ്. അത് കേട്ടിട്ട് സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരും ഒരു പോലെ ഞെട്ടി . അപ്പോഴേക്കും നൈറ്റ് പെട്രോളിംഗ് ടീമിന്റെ കോൾ വന്നു.
” ഹരീഷ് സാറെ.. സംഗതി സീൻ ആണ്. പറഞ്ഞത് ശെരിയാണ്.രണ്ടും മരിച്ചു. ഞങ്ങൾ അവിടെ നിൽക്കുവാണ്. ഇവിടിപ്പോ നാട്ടുകാരൊക്കെ കൂടി തുടങ്ങി.
“ഓക്കേ നിങ്ങൾ അവിടെ സ്റ്റേ ചെയ്യ്.. ആരേം വീടിനുള്ളിലേക്ക് വിടേണ്ട. ഞാൻ എസ് ഐ സാറിനോട് കാര്യം പറയട്ടെ.. ”
കോൾ കട്ട് ചെയ്ത് ഹരീഷ് സുരേഷിനെ ഒന്നുകൂടി നോക്കി. ഒരു കൂസലും ഇല്ലാതെ എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു അയാൾ. അപ്പോഴേക്കും എസ് ഐ യും സ്റ്റേഷനിൽ എത്തി. കിട്ടിയ വിവരങ്ങൾ ഹരീഷ് അപ്പോൾ തന്നെ വിവരിച്ചു.
” എന്ത് പണിയാടോ താൻ കാണിച്ചേ.. “എല്ലാം കേട്ടപാടെ കലി തുള്ളി സുരേഷിനിട്ട് ഒന്ന് പൊട്ടിച്ചു അയാൾ. അടികൊണ്ട് നിലത്തേക്ക് വീണുപോയി അയാൾ.
” തത്കാലം ഇവനെ ലോക്കപ്പിൽ ഇട്. നമുക്ക് സ്പോട്ടിൽ ഒന്ന് പോയിട്ട് വരാം. “സുരേഷിനെ ഒന്ന് നോക്കി എസ് ഐ പുറത്തേക്ക് ഇറങ്ങി.
” സാറേ.. എന്റെ മോള് അവിടെ തനിച്ചാണ്. എന്റെ അനിയത്തിയെ ഞാൻ വിളിച്ചു പറഞ്ഞാരുന്നു അവള് വന്നു കൊച്ചിനെ കൊണ്ട് പൊയ്ക്കോളും അതുവരെ . ഒന്ന് നോക്ക്യേക്കണേ സാറേ.. മോള് ആകെ പേടിച്ചിരിപ്പാണ് ”
ഒരു അച്ഛന്റെ കരുതൽ ആ വാക്കുകളിൽ ഉണ്ടായിരുന്നു. ഒന്ന് തിരിഞ്ഞു നോക്കി മറുപടി പറയാതെ എസ് ഐ യും ടീമും സംഭവസ്ഥലത്തേക്ക് പോയി.
” നിങ്ങള് പേടിക്കേണ്ട.. മോളെ അവര് നോക്കിക്കോളും “വനിതാ കോൺസ്റ്റബിൾ അയാളെ ആശ്വസിപ്പിച്ചു.
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. വാർത്ത വേഗത്തിൽ മാധ്യമങ്ങളിൽ വൈറൽ ആയി. .
” കള്ളും കുടിച്ചിട്ട് ഓരോ ഭ്രാന്തുകൾ കാട്ടികൂട്ടുന്നത് കണ്ടില്ലേ.. “” കെട്ടിയോനേം കുടുംബത്തെയും മറന്ന് ഓരോന്ന് ചെയ്ത് വച്ചാൽ ഇത് തന്നെ വിധി.. “സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പല അഭിപ്രായങ്ങൾ ഉയർന്നു
ഒടുവിൽ തെളിവെടുപ്പെല്ലാം കഴിഞ്ഞു അയാളെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ദിവസം പോലീസ് സ്റ്റേഷൻ പരിസരത്തു ഒരു വൻ ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു. കാരണം കണ്മുന്നിൽ ഒരു ഇരട്ടക്കൊലപാതകമൊക്കെ അന്നാട്ടുകാർക്ക് ആദ്യത്തെ അനുഭവം ആയിരുന്നു.
സ്റ്റേഷനിൽ നിന്ന് വെളിയിലേക്കിറങ്ങുമ്പോൾ ആ ജനാവലി കണ്ട് ഒന്ന് ഭയന്നു സുരേഷ്. പക്ഷെ അവന്റെ മിഴികൾ അപ്പോൾ പരതിയത് മകൾക്ക് വേണ്ടിയായിരുന്നു. ഒടുവിൽ അവൻ കണ്ടു ആൾക്കൂട്ടത്തിൽ ഒരു ഓരത്ത് തന്റെ സഹോദരിയ്ക്കൊപ്പം ഭയന്ന് വിറച്ചു നോക്കി നിൽക്കുന്ന മകളെ.
” സാറെ.. എന്റെ ചിന്നു.. എന്റെ ചിന്നു മോളോട് ഒന്ന് സംസാരിച്ചോട്ടെ ഞാൻ “എതിർത്തില്ല പോലീസുകാർ. അച്ഛനെ അരികിൽ കണ്ട മാത്രയിൽ പൊട്ടിക്കരഞ്ഞു പോയി ചിന്നു . അവളെ തന്നോട് ചേർത്ത് പുണർന്നു സുരേഷ്.
” മോളെ.. കരയല്ലേ.. അമ്മ ചീത്തയാണെന്ന് പലവട്ടം നീ പറഞ്ഞിട്ടും ഞാൻ ശ്രദ്ധിച്ചില്ല.. അതല്ലേ ഇങ്ങനെ പറ്റിപോയത്. മോള് അച്ഛനോട് ഷെമിക്ക്.. “അയാളുടെ മിഴികൾ തുളുമ്പി.
“അപ്പച്ചിയുണ്ടല്ലോ മോൾക്ക് ഇനി . പിന്നെ അച്ഛൻ ഇനി പോയിട്ട് ഇനി തിരിച്ചു വരോ ന്ന് അറിയില്ല. മോള് ഹാപ്പി ആയി ഇരിക്കണം. ജയിലിൽ ആയാലും ഇടക്കൊക്കെ അച്ഛനെ വന്നു കാണണം. ”
ആ വാക്കുകൾ കേട്ട് ചിന്നു അയാളെ വാരി പുണർന്നു.” അച്ഛാ.. എന്നാലും എനിക്ക് വേണ്ടിയല്ലേ അച്ഛൻ… ”
അവളുടെ വാക്കുകൾ ഇടറി. അതോടെ പതിയെ അവളുടെ കാതിനു നേരെ മുഖം കുനിച്ചു സുരേഷ്.
” മോളെ.. ഇങ്ങനെ പറയല്ലേ.. ആരും കേൾക്കരുത്. സംഭവിച്ചതൊക്കെ നമ്മൾ മാത്രമേ അറിയാവൂ.. അമ്മയുടെ മോശം സ്വഭാവം കണ്ടിട്ട് സഹിക്കാതെ അച്ഛൻ കൊന്ന് കളഞ്ഞു അങ്ങിനെ അറിഞ്ഞാൽ മതി എല്ലാവരും…
അമ്മയുടെ സമ്മതത്തോടെ അയാള് മോളെ ഉപദ്രവിച്ചു എന്ന് പുറം ലോകം അറിഞ്ഞാൽ പിന്നെ ആ നാണക്കേട് ജീവിതകാലം മുഴുവൻ മോൾക്ക് ഉണ്ടാകും. മോളു നല്ലോണം പഠിക്കണം എല്ലാം മറന്നു സുഖമായി ജീവിക്കണം. മക്കൾ ഇല്ലാത്ത അപ്പച്ചി മോളെ പൊന്ന് പോലെ നോക്കും അച്ഛൻ പോട്ടെ.. ”
മകളുടെ നെറുകയിൽ ഒരു മുത്തം നൽകി പതിയെ ജീപ്പിനരികിലേക്ക് നടന്നു സുരേഷ്.”അച്ഛാ…”
പിന്നാലെ ഓടിയ ചിന്നുവിനെ പിടിച്ചു നിർത്തി വനിതാ കോൺസ്റ്റബിൾ. നിറക്കണ്ണുകളോടെ നിൽക്കുന്ന മകളെയോ ചുറ്റും ആർത്തിരമ്പുന്നവരെയോ ഒന്നും സുരേഷ് ശ്രദ്ധിച്ചില്ല. അയാളുടെ മനസ്സ് അപ്പോൾ ശൂന്യമായിരുന്നു .
തന്റെ ഭാവി എന്ത് എന്ന് പോലും അറിയാത്ത.. വല്ലാത്തൊരു ശൂന്യത… ജീവിക്കാനുള്ള കൊതി അയാളെ കീഴടക്കുമ്പോഴും യാഥാർഥ്യത്തിലേക്ക് എത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നു അയാൾ.