രചന: Pratheesh
അന്ന് അവരുടെ
ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു,
അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം
സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു,
വെറും പ്രതീക്ഷകൾ മാത്രമായിരുന്നില്ല അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു,
എന്നാൽ അതുവരെയും സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങളിൽ നിന്നും യാതൊരു തരത്തിലുള്ള മാറ്റങ്ങളും അന്നും സംഭവിച്ചില്ലെന്നു മാത്രമല്ല മറ്റുള്ളവരെ അറിയിക്കാനും
കാണിക്കാനും നടത്തുന്ന സ്ഥിരം കലാപരിപാടി മാത്രമായി ആ ഒരു ദിവസവും ഒതുങ്ങി പോയി എന്നതാണു വാസ്തവം,
അന്നും പതിനൊന്നു മണിയോടെ മക്കളായ ഐതിഹും ഐമയും കുറച്ചു സുഹൃത്തുക്കളും അടുത്ത ചില ബന്ധുകളും ചേർന്ന് ഒരു കേക്കിനു ചുറ്റും നിന്നു കൊണ്ട് ഹാപ്പി ആനിവേഴ്സറി എന്നു കൈ കൊട്ടി പറയുകയും
അതുകേട്ട് അവർ ഇരുവരും ചേർന്ന് കേക്ക് മുറിക്കുകയും അതിൽ നിന്നും ഒരു കഷ്ണം എടുത്ത് ഭർത്താവിന്റെ വായിൽ വെച്ചു കൊടുക്കുകയും അയാൾ ഒരു കഷ്ണം എടുത്തു അതവളുടെ വായിൽ വെച്ചു കൊടുക്കുകയും,
അതേ തുടർന്ന് അവർ ഓരോ കഷ്ണം എടുത്തു മക്കളുടെ വായിൽ വെച്ചു കൊടുക്കുകയും,
ശേഷം കേക്ക് മൊത്തം മുറിച്ച് വന്നവർക്കെല്ലാമായി വീതിച്ചു കൊടുക്കുകയും,
കൂട്ടത്തിൽ മുതിർന്നൊരാൾ ഇരുപത്തിയഞ്ച് വർഷം ഒന്നിച്ചു സന്തോഷത്തോടെ ജീവിച്ചതിനെ പറ്റി വാനോള്ളം പുകഴ്ത്തി പറയുകയും,
വന്നവരെല്ലാം അതിനെ അനുകൂലിക്കുകയും,
ശേഷം വന്നവരെല്ലാം ഭക്ഷണം കഴിച്ചു തിരിച്ചു പോകുകയും ചെയ്തതോടെ ആ വർഷത്തെ ഘനഗംഭീരമായ വിവാഹ ആഘോഷവും അവസാനിച്ചു,
നേരം ഇരുട്ടിയതോടെ
രാത്രിയിലെ ഡിന്നർ അവർ ഒന്നായി പുറത്തു പോയി അവർക്കു മാത്രമായിട്ടായിരിക്കുമോ എന്നവൾ മനസിലോർത്ത അതെ സമയം തന്നെയാണ് ഒരശരീരി പോലെ ഭർത്താവിന്റെ ശബ്ദത്തിൽ
” ആഘോഷങ്ങളെല്ലാം ഉച്ചക്ക് തന്നെ അവസാനിച്ചതല്ലേ ?
ഇനി ഉള്ളത് കഴിച്ചു ഇന്ന് കുറച്ചു നേരത്തെ കിടക്കണം എന്ന വാക്കുകൾ അവളുടെ ചെവിയിൽ വന്നു പതിച്ചത് !
അതോടെ
ആ രാത്രിയിലെ പുറം കാഴ്ച്ചകളിലൂന്നി കുറച്ചധികം നല്ല ഒാർമ്മകളോടു കൂടിയ ഒരത്താഴവിരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചതും അന്നവളെ തേടിയെത്തിയില്ല,
അതൊന്നും ശ്രദ്ധിക്കാതെ ആ രാത്രി അവശേഷിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു തീർത്തവൾ അവരുടെ ബെഡ്റൂമിൽ എത്തി
അവിടെയും അവൾ മറ്റൊരു പ്രതീക്ഷ വച്ചു പുലർത്തിയിരുന്നു ഒരവസാന പ്രതീക്ഷ,തമ്മിൽ ആദ്യമായി അടുത്തറിഞ്ഞ രാത്രിയുടെ സുഗന്ധം പേറി ആ ഗന്ധങ്ങളിലേക്കൊരു മടങ്ങിപോക്ക് !
അതിനവൾ ബെഡ് റൂമിൽ എത്തിയ ഉടൻ കുളിക്കാൻ കയറി അതുവരെ ശരീരത്തിൽ ഉണ്ടായിരുന്നു ദുർഗന്ധങ്ങൾ എല്ലാം വെള്ളത്തിൽ ഒഴുക്കി കളഞ്ഞു തീർത്തും പുതുഗന്ധം ശരീരത്തിൽ വരുത്തിയും,
സെറ്റ്മുണ്ടൊക്കെ ഉടുത്ത് ചെറിയ രീതിയിലുള്ള മുഖം മിനുക്കലുകൾ ഒക്കെ നടത്തിയും,
എപ്പോഴൊക്കയോ ഉൾവലിഞ്ഞു പോയ കുറച്ചധികം സൗന്ദര്യത്തെ മുഖത്തേക്ക് ക്ഷണിച്ചു വരുത്തിയും,
ഒപ്പം കൈമുതലായി എന്നോ കൈവിട്ടു പോയ ലാസ്യവും ശൃംഗാരവും അവളതിനായി മറന്നു വെച്ചിടത്തു നിന്ന് കടമെടുത്തും,
ഹൃദയത്തിൽ പോലും ചില അലങ്കാര പണികൾ തീർത്തും,
മനസിനെ ചെറുപ്പത്തിലേക്ക് പാകപ്പെടുത്തിയുമാണവൾ അയാൾക്കരുകിലെത്തിയത്,
ആരെങ്കിലും ഒരാൾ മുൻകൈ എടുക്കാതെ ഒന്നും പഴയ പോലെ യാന്ത്രികമായി നടക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് അവൾ തന്നെ ആ ജോലിയും ഏറ്റെടുത്തു,
തുടർന്നയാൾക്കു മുന്നിലേക്ക് കടന്നുച്ചെന്ന അവളെ കണ്ടതും അയാൾ ഒറ്റ ചോദ്യം,
” ഇന്നെന്താ നിന്റെ ആദ്യരാത്രിയാണോ ഇങ്ങനെ ഒരുങ്ങി കെട്ടിയിറങ്ങാൻ” ?ആ ഒരു ചോദ്യം അവളുടെ ഏതെല്ലാം വശങ്ങളിലൂടെ ആണ് കടന്നു പോയത് എന്ന് അവൾക്കു തന്നെ നിശ്ചയമില്ലായിരുന്നു,
അർജ്ജുനന്റെ ആഴിയിലെ ദിവ്യസ്ത്രം പോലെ തൊടുക്കുമ്പോൾ ഒന്നും, വായുവിൽ ആയിരമായും,
അവസാനം അതവളിൽ പതിനായിരമായും വന്നു പതിച്ചു,
അതുവരെ മോഹങ്ങൾ കൊടുത്തു ഉയർത്തി കൊണ്ടുവന്ന വികാരങ്ങൾ എല്ലാം കാറ്റൊഴിഞ്ഞു പോയ ബലൂൺ പോലെ എവിടെ നിന്നു ഉയർന്നു വന്നുവോ അവിടേക്കു തന്നെ ഒറ്റ നിമിഷം കൊണ്ടു മടങ്ങി പോയി,
ഉണർത്താൻ എടുത്ത സമയത്തിന്റെ ആയിരത്തിലൊന്നു സമയം പോലും വേണ്ടി വന്നില്ല ആ മടങ്ങി പോക്കുകൾക്ക്,
അവളുടെ ഹൃദയം നിലച്ചു പോയ നിമിഷം കൂടിയായിരുന്നു അത് !!ഇരുപത്തിയഞ്ചു വർഷങ്ങൾ എത്ര ചുരുക്കിയാലും ഒൻപതിനായിരത്തോള്ളം രാപകലുകൾ ഒന്നിച്ചു ജീവിച്ചിട്ടും ആ ദിവസത്തിന്റെ മൂല്യം കൂടെയുള്ള ആൾക്കു മനസിലായില്ലെന്നു പറയുമ്പോൾ ഞെട്ടലുളവാക്കിയില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ,
അവളിൽ പ്രതീക്ഷകൾ വാനോളം ഉയർന്നു പൊങ്ങിയ ആ രാത്രി വളരെ പെട്ടന്നു തന്നെ ആറി തണുത്തു,
വാക്കുകൾ കൊണ്ട് മുറിവേറ്റ അവൾ അതേ വസ്ത്രധാരണത്തോടെ ആ രാത്രി മുറിയിലെ കസേരയിൽ ഇരുന്നാണ് ഉറങ്ങിയത് !
പിറ്റേ ദിവസം ഭർത്താവ് ഉണരും മുന്നേ അതേ വസ്ത്രധാരണത്തോടെ തന്നെ പോയി മക്കൾ ഇരുവരേയും വിളിച്ചുണർത്തി അവർ രണ്ടു പേരേയും ഒന്നിച്ചിരുത്തി അവർക്കു മുന്നിലിരുന്നു കൊണ്ട് അവൾ അവരോടു പറഞ്ഞു,
ഒരപ്രതീക്ഷിത മരണം പോലെ കേൾക്കുമ്പോൾ നിങ്ങൾക്കു കുറച്ചധികം വിഷമം ഉണ്ടാക്കാൻ പോകുന്ന ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത് !
ഒന്നു നിർത്തി അവർ പിന്നെയും പറഞ്ഞു,ഇന്നു മുതൽ ഞാൻ നിങ്ങളുടെ അച്ഛനുമായുള്ള ബന്ധം വേർപിരിയാൻ പോകുകയാണ് !!
അമ്മ പറഞ്ഞ ആ വാക്കുകൾ
പറഞ്ഞ പോലെ വിഷമം മാത്രല്ല ശരിക്കും നല്ലൊരു ഞെട്ടലും അവരിരുവരിലുമുണ്ടാക്കി,
വീണ്ടും അവർ തുടർന്നു,
ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചത്തിന്റെ പിറ്റേ ദിവസം തന്നെ അമ്മ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് നിങ്ങളിൽ ആശ്ചര്യം ഉണ്ടാക്കുന്നുണ്ടാകാം,
ഇനിയും ഇതു നീട്ടി കൊണ്ടു
പോകുന്നതിൽ അർത്ഥമില്ലെന്നു മനസിലായതു കൊണ്ടാണ് ഈയൊരു ദിവസം തന്നെ ഞാനിത് അവസാനിപ്പിക്കുന്നത് !
അവരുടെ ഞെട്ടൽ മാറുന്നില്ല,
ആ സമയം അവർ മറ്റൊന്ന് കൂടി പറഞ്ഞു,ഞാൻ ആദ്യമായി നിങ്ങളോടാണ് ഈ കാര്യം പറയുന്നതെന്നും,
നിങ്ങളുടെ അച്ഛനോട് പോലും ഇതുവരെ ഈ കാര്യം പറഞ്ഞിട്ടില്ലെന്നും നിങ്ങളോടു സംസാരിച്ച ശേഷമായിരിക്കും അവരും ഇതറിയുക എന്നു കൂടി പറഞ്ഞതോടെ അവരുടെ ഞെട്ടലിന്റെ ആഴം പിന്നെയും കൂടി,
അവർ തുടർന്നു,
എന്തു കൊണ്ട് നിങ്ങളോടിത് ആദ്യം പറയുന്നു എന്നു ചോദിച്ചാൽ,
എന്റെ ആലോചനയിൽ എനിക്കു വളരെ വ്യക്തമായ ഒരു കാര്യം എന്റെ ഭർത്താവിനെക്കാളും ആദ്യം എന്റെ മക്കളാണ് ഇതറിയേണ്ടതെന്നാണ് !
വീണ്ടും മക്കളുടെ അമ്പരപ്പ് മാറുന്നില്ല,
അവരുടെ ആ അമ്പരപ്പ് മനസിലാക്കി കൊണ്ട് തന്നെ ത്രയ വീണ്ടും അവരോടു പറഞ്ഞു,
എനിക്ക് ഉത്തരം കൊടുക്കേണ്ടവർക്ക് മുന്നിൽ നിന്നും പ്രധാനമായും ഞാൻ നേരിടേണ്ടി വരുന്ന ചോദ്യവും നിങ്ങളുടെ ഭാവിക്ക് ഞാൻ കാരണം ദോഷം സംഭവിക്കും എന്നതായിരിക്കും!
നിങ്ങൾക്ക് വേണ്ടിയായിരിക്കും അവർ എന്നോട് ഞാനിപ്പോൾ തീർത്തും വേണ്ടായെന്നു തീരുമാനിച്ച ഈ ജീവിതം വീണ്ടും ജീവിക്കാൻ ആവശ്യപ്പെടുക,
നിങ്ങളെക്കുറിച്ച് എനിക്കൊരാശംങ്കയും ഇല്ലെങ്കിലും മറ്റുള്ളവർക്ക് അതു തീർച്ചയായും കാണും !
ഞാൻ മരണപ്പെട്ടാലും നിങ്ങൾ ഒരു കുഴപ്പവും കൂടാതെ തന്നെ ജീവിക്കും എന്നെനിക്കു പൂർണ്ണബോധ്യമുണ്ട്,
ഞാനില്ലെങ്കിൽ നിങ്ങളുടെ കാര്യങ്ങളൊന്നും ശരിയായ രീതിയിൽ നടക്കില്ലെന്നുള്ളത് എന്നെ പോലുള്ളവരുടെ വെറും തോന്നൽ മാത്രമാണ്.
അതൊരിക്കലുമൊരു യാഥാർത്ഥ്യമല്ല !
എന്റെ സംരക്ഷണം കൂടിയേ തീരു എന്നൊക്കെയുള്ള നിലകളെല്ലാം എന്നോ നിങ്ങൾ മറികടന്നിരിക്കുന്നു,
നിങ്ങൾക്ക് വേണ്ടി ഇനിയും ഞാൻ ജീവിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല,
നിങ്ങൾക്ക് പ്രായപൂർത്തിയായി ആവശ്യത്തിനു വിദ്യാഭ്യാസവുമുണ്ട്, എന്റെയെന്നല്ല മറ്റൊരാളുടെയും ആവശ്യം ഏതായാലും ഇനി നിങ്ങൾക്കുണ്ടെന്നെനിക്കു തോന്നുന്നില്ല,
അതിനുമപ്പുറം എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഈ കാലം കൊണ്ട് ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്തു കഴിഞ്ഞതുമാണ്,
കാരണം എന്റെ ജീവിതം തുടങ്ങി അഞ്ചാം വർഷം തന്നെ ഈ വേർപിരിയൽ തീരുമാനത്തിൽ ഞാൻ എത്തിയതായിരുന്നു,
അന്ന് നിങ്ങൾ കൈകുഞ്ഞുങ്ങൾ ആണെന്ന ബോധ്യം താൽപ്പര്യമില്ലാതെയും ഞാൻ പിന്നെയും എന്റെ ജീവിതം നിങ്ങൾക്കായി നീട്ടികൊണ്ട് പോയി,
കുറച്ചു വർഷങ്ങൾക്കു ശേഷം
ഇതേ ചിന്ത വീണ്ടും തീവ്രമായി എന്റെ മനസിലേക്കും ജീവിതത്തിലേക്കും കടന്നു വന്നപ്പോൾ അന്നു നിങ്ങൾ നിങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലെന്നതും ഒറ്റക്കു
നിൽക്കാൻ പ്രാപ്തിയായിട്ടില്ലെന്നതുമായ എന്റമ്മയുടെ വാക്കുകൾ പിന്നെയും എന്നെ കൊണ്ട് ഇതേ ജീവിതം തുടർന്നും ജീവിക്കാൻ പ്രേരിപ്പിച്ചു,
സാഹചര്യങ്ങൾക്ക് കീഴടങ്ങൽ ഒരു തുടർക്കഥയായപ്പോൾ ഒരു കാര്യം എനിക്ക് വളരെ വ്യക്തമായി മനസിലായി,
ഈ തരത്തിൽ ഓരോ കാര്യങ്ങൾക്കും വഴിപ്പെട്ടും സമരപ്പെട്ടും ജീവിക്കാൻ തുടങ്ങിയാൽ മരണം വരെ എനിക്കിതിൽ നിന്നൊരു മോചനം ഉണ്ടാവില്ലെന്നും കൂടാതെ ഈ ജീവിതം ഒരു തുടർക്കഥ പോലെ നീട്ടികൊണ്ട് പോകേണ്ടി വരുമെന്നും,
നിങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യം കഴിയുമ്പോൾ കോളേജ് വിദ്യാഭ്യാസം തീരട്ടെ എന്നാവും അടുത്തത്,
അത് കഴിയുമ്പോൾ ജോലി കിട്ടട്ടെയെന്നും,
സമ്പാദിക്കാൻ തുടങ്ങട്ടെയെന്നും,
പിന്നെ മകളുടെ അല്ലെങ്കിൽ മകന്റെ ഒക്കെ വിവാഹം കഴിയട്ടെയെന്നും,
പിന്നെ പറയുക,
നമ്മുടെ ജീവിതമെല്ലാം കഴിഞ്ഞില്ലെയെന്നും ഇനി അവർക്കൊരു പുതിയ ജീവിതമുണ്ടാവട്ടെയെന്നും,
അത് കഴിഞ്ഞാൽ
പിന്നെ കുട്ടിയുണ്ടാവട്ടെ മുത്തശ്ശി ആവട്ടെ എന്നാവും അടുത്തത്,
അതിങ്ങനെ മരണം വരെ ഓരോരോ കാരണങ്ങളുടെ ചങ്ങലയിൽ നമ്മളെ തളച്ചിട്ടു കൊണ്ടെയിരിക്കും !
ഇക്കാലമത്രയും ഞാനിത് നീട്ടി കൊണ്ട് പോയതു തന്നെ നിങ്ങൾക്ക് വേണ്ടിയാണ്,
നിങ്ങൾ എന്റെ വയറ്റിൽ ജനിച്ചു എന്നതു കൊണ്ടു മാത്രമല്ല,
എന്റെ ഈ പ്രവർത്തി കൊണ്ട് എതെങ്കിലും വിധത്തിൽ എന്തെങ്കിലും ദോഷം നിങ്ങൾക്കുണ്ടായേക്കുമോ എന്നു കരുതി കൂടിയാണ് !
പിന്നെ എന്റെ കാര്യം എന്നെക്കാൾ നന്നായി മറ്റൊരാൾക്ക് പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നതും ഈ കാര്യങ്ങൾ ഞാൻ തന്നെ നേരിട്ട് നിങ്ങളെ ബോധ്യപ്പെടുത്തുന്നു.
എന്നെ സംബന്ധിച്ച് മറ്റാരേക്കാളും നിങ്ങൾ രണ്ടു പേരോടു മാത്രമാണ്, ഇപ്പോൾ എനിക്കൊരേയൊരു പ്രതിബദ്ധതയുള്ളതും !
ഞാനിപ്പോഴും വിശ്വസിക്കുന്നു ഒരു പത്തു വർഷം മുന്നേയെങ്കിലും ഞാനിതിനു ശ്രമിക്കേണ്ടതായിരുന്നു എന്ന്,
എന്നാലും കുഴപ്പമില്ല ഞാനിപ്പോൾ ആശ്വസിക്കുന്നത് പതിനാറ് വയസിൽ കല്യാണം കഴിഞ്ഞ എനിക്ക് ഇരുപത്തിയഞ്ച് വർഷത്തിനു ശേഷം നാൽപ്പത്തിയൊന്നാം വയസിലെങ്കിലും ഇതിനു കഴിഞ്ഞല്ലോ എന്നതാണ് !
ഞാനെന്റെ ഹൃദയത്തിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു,
ഈ കാലമത്രയും ഹൃദയം തുറന്നിട്ടിട്ടും അതിൽ നിറക്കാൻ ഒന്നുമില്ലാതെ ശ്യൂന്യയായി പോയിട്ടുണ്ട് മിക്കപ്പോഴും !
മറ്റൊരാൾ ചെയ്യേണ്ട കാര്യം അയാൾക്കു ചെയ്തു കൊടുത്ത് ഒരാൾക്ക് അയാളെ എക്കാലവും സഹായിച്ചു കൊണ്ടിരിക്കാനാവില്ലല്ലൊ ?
ഇവിടെയും അതു തന്നെയാണു പ്രശ്നം !
ഇനിയെങ്കിലും എനിക്കെന്റെ ഹൃദയത്തിലേക്കൊന്നു നോക്കണം, ഹൃദയത്തിനോട് അവധികൾ പറയുന്നത് നിർത്തണം,
ഹൃദയം പറയുന്നതു കേൾക്കണം, അനുസരിക്കണം !
ഹൃദയത്തോടു ചേർന്നൊന്നു ജീവിക്കണം
എല്ലാ ദിവസവും ഉറങ്ങാനായി കിടക്കയിൽ കിടക്കുമ്പോൾ എന്നോടു ഞാൻ തന്നെ സ്വയം എല്ലാം ശരിയാവും നല്ല കാലം വരും എന്നൊക്കെയുള്ള ആശ്വാസവാക്കുകൾ പറയുന്നതും നിർത്തണം !
എനിക്കറിയാം എന്റെ ജീവിതം എവിടെയും അവസാനിച്ചിട്ടില്ലെന്നും എവിടെ എങ്ങിനെ ഞാനതു വീണ്ടും തുടങ്ങുന്നുവോ അവിടം തൊട്ട് അതു പിന്നെയും സാധാരണ പോലെ ഒഴുകി തുടങ്ങുമെന്നും.
അതുപോലെ
നമുക്കാവശ്യമായതെല്ലാം എല്ലാ പ്രായത്തിലും നമുക്ക് ലഭിച്ചു കൊണ്ടേയിരിക്കുമെന്നും.
പക്ഷേ അതിന് ആ സമയം നമ്മൾ ചേർത്തു പിടിച്ചിരിക്കുന്ന കൈകൾ
നമ്മളെ അറിയുകയും,
ആ കൈകൾ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് ഉൽഭവിക്കുന്ന സ്നേഹത്താൽ സദാ നമ്മളിൽ ചുറ്റി സഞ്ചരിക്കുകയും വേണമെന്നു മാത്രം !
ഈ ജീവിതം അത് ആസ്വദിക്കാനുള്ള മുഴുവൻ അവസരവും സമയവും ഒാരോർത്തർക്കും തരുന്നുണ്ട്,
പിഴവുകൾ കടന്നു വരുന്നതെവിടെയെന്ന് നമ്മൾ തന്നെ കണ്ടെത്തുകയും, പരിഹരിക്കുകയും വേണമെന്നു മാത്രം !
” കാണേണ്ടന്നാണ് കണ്ണിന്റെ വിചാരമെങ്കിൽ പ്രകാശത്തിനോ കണ്ണടക്കോ പോലും സഹായിക്കാനാവില്ലല്ലൊ ? ”
ഒരാൾ അടിമയും മറ്റേയാൾ ഉടമയും ആകുന്നതല്ല കുടുംബജീവിതമെന്ന് ഇനിയെങ്കിലും ഞാൻ മനസിലാക്കണമല്ലൊ ?
അതിന് ഈ വേർപിരിയൽ നിർബന്ധവും അത്യാവശ്യമാണ് !എന്നെ വെച്ച് എല്ലാവരും അവരവരുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമാണു ചെയ്യുന്നത്,
ഇനിയും ദാമ്പത്യമെന്ന പേരിൽ ഞാൻ ഈ നാടകം തുടർന്നു കൊണ്ട് പോകേണ്ടതുണ്ടോ ?
ഐതിഹ് എല്ലാം കേട്ട് എന്തു പറയണമെന്നറിയാതെ നിൽക്കവേ ഒരാലോചനക്കു പോലും ശ്രമിക്കാതെ മകൾ ഐനയാണ് അതിനു മറുപടി പറഞ്ഞത്,
വേണ്ട…..!!!ഞങ്ങൾക്ക് വേണ്ടിഅമ്മ ഇനിയും താല്പര്യമില്ലാത്ത ഈ ജീവിതം തുടരേണ്ടതില്ല,
ഞങ്ങൾക്ക് അമ്മയെ മനസിലായി,
ഇനിയും ഞങ്ങളെ ഓർത്തു അമ്മ വിഷമിക്കണ്ടതുമില്ല,
പെട്ടന്നു തന്നെ അമ്മയോടുള്ള ഐനയുടെ മറുപടി കേട്ട് ഐതിഹ് അവളെ നോക്കിയതും അവനെ നോക്കി അവൾ ചോദിച്ചു,
ചേട്ടന്നൊന്നും മനസിലായില്ലാല്ലെ ?
ഇല്ലെന്നവൻ അതിനു തലയാട്ടിയതും അവൾ അവനെ നോക്കി പറഞ്ഞു,അമ്മ പറഞ്ഞ കാര്യങ്ങൾക്കപ്പുറവും അമ്മ പറയാതെ തന്നെ നമ്മൾ മനസിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട് അതിലൊന്ന്,
അമ്മയിൽ വളരെ കാലമായി പുറമേക്കു മാത്രമാണ് സന്തോഷമുള്ളത് അമ്മയുടെ അകത്തില്ലാ !,
നമ്മൾക്കു വേണ്ടി അവർ സന്തുഷ്ടരാണെന്ന് തോന്നും വിധത്തിൽ അവർ നമുക്കു മുന്നിൽ അഭിനയിക്കുകയായിരുന്നു ഇതുവരെ !
നമ്മുടെ അച്ഛനും അമ്മയും തമ്മിൽ എന്തൊരു സ്നേഹവും ഇഷ്ടവുമാണ് എന്ന വിധത്തിൽ നമ്മൾ ഇതുവരെ കണ്ടു കൊണ്ടിരുന്നത് ഒന്നും ആയിരുന്നില്ല യഥാർത്ഥത്തിൽ അവരുടെ ജീവിതം !
ഒരമ്മയാണെന്ന സന്തോഷം ജീവിതത്തിൽ നിന്നു മാറ്റി നിർത്തിയാൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉള്ള ഒരു പെണ്ണാണ് താനെന്ന് അമ്മ മറന്നിട്ട് തന്നെ ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു,
അതിനേക്കാൾ ഒക്കെ
പ്രയാസകരവും വിഷമകരവുമായ ഒരു വലിയ യാഥാർത്ഥ്യം ഇത്രകാലമായിട്ടും അമ്മയെ മനസിലാക്കി സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരച്ഛനാണ് നമുക്കുള്ളതെന്നതാണ് !
അത്രയും പറഞ്ഞു നിർത്തി ഐതിഹിനെ നോക്കിയതും അവനും കാര്യങ്ങൾ ഏതാണ്ട് വ്യക്തമായി അതേ തുടർന്ന് വീണ്ടും അവനെ നോക്കി ഐന പറഞ്ഞു,
കാര്യങ്ങൾ ഇവിടം കൊണ്ടും തീരുന്നില്ല,
ഇതെല്ലാം കഴിയുമ്പോൾ ഇനി അടുത്തതു നമ്മുടെ ഊഴമാവും,
എന്നു വെച്ചാൽ,
അമ്മ എല്ലാറ്റിനും കാത്തു നിന്ന് നിന്ന് അവസാനം നമ്മളെയും കല്യണം കഴിപ്പിച്ചയച്ച് അതിനും ശേഷമാണ് അമ്മ അച്ഛനുമായി തമ്മിൽ വേർ പിരിയാൻ ശ്രമിക്കുന്നതെങ്കിൽ,
അവിടെ അന്നു നമ്മുടെ വിവാഹം വഴി നമുക്ക് ഉണ്ടാവുന്ന പുതിയ ബന്ധുക്കൾ ഈ കാര്യം അറിഞ്ഞാൽ അവർക്കു മുന്നിൽ അന്ന് നമ്മൾക്കു ഉണ്ടായേക്കുന്ന
നമ്മുടെ അഭിമാനക്ഷതമോർത്തു അന്ന് നമ്മൾ തന്നെയായിരിക്കും അപ്പോൾ അമ്മയേ എതിർക്കാനും കുറ്റപ്പെടുത്താനും ശ്രമിക്കുക!
ഞങ്ങൾ മക്കളുടെ കല്യണം കഴിഞ്ഞതിന് ശേഷമാണോ നിങ്ങൾക്കു ഈ ബോധോധയം വന്നത് ?
ഇത്രയും കാലം കാത്തു നിൽക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ?
പണ്ടേക്കു പണ്ടേ നിങ്ങൾക്ക് ഇതൊക്കെ ആകാമായിരുന്നില്ലെ ?
നിങ്ങളില്ലെങ്കിൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ ?
എന്നൊക്കെയുള്ള ചോദ്യമായിരിക്കും അന്ന് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവുക
ചുരുക്കി പറഞ്ഞാൽ
ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം എക്കാലവും നമ്മുക്ക് ചുറ്റും ഉണ്ടായി കൊണ്ടെയിരിക്കും അതു കൊണ്ട് ഒന്നും ഒന്നിന്റെ പേരിലും നീട്ടി കൊണ്ടു പോകുന്നതിൽ കാര്യമൊന്നുമില്ലായെന്നും,
നാളെ സംഭവിക്കാൻ പോകുന്നത് ഇതു തന്നെയാണെങ്കിൽ അതു ഇന്നു തന്നെ സംഭവിക്കുന്നതാണു നല്ലതെന്നുമാണ് ഇതുവരെയുള്ള അമ്മയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ
അമ്മ നമ്മളോട് കൂടി പറയുന്നത്,
എന്നു വെച്ചാൽ നാളെ നമ്മുടെ ജീവിതത്തിലും ഇതു പോലൊരു സന്ദർഭം വന്നാൽ ഒരു ജീവിതക്കാലത്തെ മൊത്തം കാര്യങ്ങളെയും ആലോജിച്ചു കൂട്ടി വെറുതെ പകച്ചു നിൽക്കരുതെന്നും നിർബന്ധമായും വേണമെന്നുള്ളത് ചെയ്യാൻ മടിക്കരുതെന്നും !
ഐന അത് പറഞ്ഞു തീർന്നതും,
ത്രയ പറഞ്ഞു എനിക്കു ഐതിഹിനോടു മാത്രമായും ചിലതു പറയാനുണ്ട് !
അതുകേട്ടതും ഐന അവനെ നോക്കി പൊയ്ക്കൊള്ളാൻ ആംഗ്യഭവത്തിൽ തലയാട്ടിയതും
ത്രയ ഐതിഹിനെ വിളിച്ചു കൊണ്ടു പോയി കുറച്ചു മാറ്റി നിർത്തി കൊണ്ട് അവനോടു പറഞ്ഞു,
ഇനി നിന്നോട് മാത്രമായി ചിലതു പറയാനുണ്ട് അതിൽ പ്രധാനം,
വിവാഹം കഴിക്കുമ്പോൾ കഴിക്കുന്ന ആളെ ഇഷ്ടപ്പെട്ടു കൊണ്ട് വേണം വിവാഹം കഴിക്കാൻ അതു നിർബന്ധമാണ് അതിന്റെ പ്രധാന കാരണം ആ ഒരാളെ ജീവിതകാലം മുഴുവൻ കൂടെ കൂട്ടായി നമ്മൾക്കാവശ്യമാണ്,
നിങ്ങൾ ആണുങ്ങളെ പോലെ പെണ്ണുങ്ങളും പരസ്പരം വിശ്വസിച്ചാണു സ്വന്തം ജീവിതം ഒരു വിവാഹബന്ധത്തിൽ നിക്ഷേപിക്കുന്നത്,
അതുകൊണ്ട് തന്നെ ഒരു കുഴപ്പം സംഭവിക്കുമ്പോൾ അത് ബാധിക്കുന്നത് രണ്ടു പേരെയും ഒരേപോലെ തന്നെ ആണ്,
നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എതു റോൾ കൈകാര്യം ചെയ്താലും പരസ്പരം തുല്യമായ പരിഗണന നൽകാൻ എപ്പോഴും ശ്രദ്ധിക്കണം !
ജീവിതത്തിൽ നിന്നും എന്തെല്ലാം കുറഞ്ഞു പോയാലും തമ്മിലുള്ള സ്നേഹം കുറയാൻ പാടില്ല കാരണം ലോകത്ത് ഏറ്റവും എളുപ്പത്തിൽ മനസിലാകുന്ന കാര്യമാണ് ഒരാളിൽ നിന്നു ലഭിച്ചു
കൊണ്ടിരുന്ന സ്നേഹം, താല്പര്യം, ഇഷ്ടം ഇവയൊക്കെ, കുറയുന്നത്,
അതിലും ഭീകരമാണ് അവഗണിക്കുന്നതും ഒറ്റപ്പെടുത്തുന്നതും !
ഒരു ഭാര്യയിലെ ഗുണങ്ങൾ കണ്ടെത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് എന്നാൽ അവളിലെ കുറ്റങ്ങൾ കണ്ടെത്താൻ ഒരു പ്രയാസവുമില്ല!
ഭാര്യയെ സ്നേഹിക്കാൻ എളുപ്പ വഴി തിരഞ്ഞു പോകേണ്ട ഒരു കാര്യവുമില്ല അതിനുള്ള ഒരേയൊരു വഴി അവളെ അറിയാൻ ശ്രമിക്കുക എന്നതണ്!
ജീവിതത്തിൽ മനസീക സന്തോഷങ്ങൾക്കൊപ്പം ശാരീരിക സന്തോഷങ്ങളും വളരെ പ്രധാനപ്പെട്ടതും നിർബന്ധിതവുമാണ്,
ശരീരികമായി അവൾക്കു ആധികാരികമായി ആശ്രയിക്കാൻ ഭർത്താവിനെ പോലെ മറ്റൊരാൾ ഇല്ലെന്നു കൂടി എപ്പോഴും ഓർക്കണം!
ഒരുവൾക്ക് ചുറ്റും സ്നേഹമില്ലെകിൽ എത്ര വലിയ വീടും അവളെ സംബന്ധിച്ച് കരിങ്കല്ലിൽ തീർത്ത കാരാഗ്രഹമാണ്!
നിനക്ക് ഇവിടെ എന്തിന്റെ കുറവാണ് ഉള്ളത് ?
നിനക്കിവിടെ എന്തെങ്കിലും കുറവുകൾ ഉണ്ടോ?
ഈ രണ്ടു ചോദ്യങ്ങൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കി എപ്പോഴും ഭാര്യയോടു പെരുമാറാൻ ശ്രമിക്കുക !
എന്റെ ജീവിതത്തിൽ മക്കളായി നിങ്ങളും,
ഞങ്ങൾ തമ്മിൽ നിലനിന്നിരുന്ന ശാരീരിക ബന്ധങ്ങളും ഉണ്ടായിരുന്നില്ലെകിൽ ഈ വിവാഹ ബന്ധം തുടങ്ങിയ അതെ വർഷം തന്നെ നിന്നും പോകുമായിരുന്നതായിരുന്നു എന്ന് ഇന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും !
ഒരിക്കലും ഒത്തു ചേരാത്ത കഷ്ണങ്ങൾ എടുത്തു ചേർത്തു വെച്ചു ഒരിക്കലും ഒരു നല്ല ശില്പം ഉണ്ടാക്കാനാവില്ല.
ഒരമ്മക്ക് ഒരു മകനോട് അത്ര എളുപ്പത്തിൽ തുറന്നു പറയാൻ പറ്റാത്ത ഒരു കാര്യം ജീവിതത്തിൽ മറ്റേതെനെക്കാളും പ്രാധാന്യം sex നുണ്ട് എന്നതാണ്,
പരസ്പരം ഉള്ള കൂടിച്ചേരലുകളോളം മനോഹരമായ മറ്റൊന്നും ഈ ലോകത്തില്ല കാരണം അതിൽ നിന്നാണ് നിങ്ങൾ ഉണ്ടായത് !
ഒരാളെ തിരഞ്ഞെടുക്കുമ്പോൾ
ജോലി, ജാതി, മതം, നിറം, ദേശം, ഭാഷ, പൊന്ന്, പണം, സ്വത്ത്, കുടുംബമഹിമ സ്നേഹം ഇതിൽ ഏതിനു നമ്മൾ പ്രാധാന്യം കൊടുക്കുന്നുവോ അതു മാത്രമായിരിക്കും നിലനിൽക്കുന്നതും !!
അത്രയും അവനോടു പറഞ്ഞവസാനിപ്പിച്ച ശേഷം അവൾ നേരെ പോയത് ഭർത്താവിന്റെ അടുത്തേക്കായിരുന്നു,
അവൾ പറഞ്ഞതു കേട്ടതും
അയാൾ പറഞ്ഞു,ഇവിടെ നിനക്ക് എന്തിന്റെ കുറവുണ്ടായിട്ടാടീ ?തിന്നിട്ട് എല്ലിനിടയിൽ കയറിയതിന്റെ കുത്തി കഴപ്പാണല്ലെ ?
അതു കേട്ടതും അവൾ മനസ്സിൽ ഓർത്തു,
ഒന്നു കൂടി ആലോജിച്ചിട്ടു പോരേ ?
ഇത്രയും കാലം ഇതു നമ്മൾ കൊണ്ടു പോയതല്ലെ ?
രണ്ടാൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെ ?
ഒരവസരം കൂടെ തന്നൂടെ ? എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നെങ്കിൽ മനസ്സിനെങ്കിലും ഒരു ആശ്വാസം തോന്നിയെന്നേയെന്നു. ”
അയാൾ പിന്നെയും അവളോടായി പറഞ്ഞു,
എനിക്കിപ്പോ വയസായിപ്പോയല്ലോ അതായിരിക്കും അല്ലെ?
ആ ചോദ്യത്തിനും അവൾ മനസ്സിൽ മറുപടി പറഞ്ഞു,
ഈ ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ മൂന്നോ നാലോ വർഷം ആണ് നിങ്ങളിലെ ചെറുപ്പം നിങ്ങൾ പോലും ഉപയോഗപ്പെടുത്തിയതെന്ന്.
ഇത്രയും കാലം തിന്നാൻ തന്നതിനുള്ള പ്രതിഫലം ആയിരിക്കും അല്ലെടീ ?അതിനും അവൾക്കു മനസ്സിൽ മറുപടി ഉണ്ടായിരുന്നു,ശമ്പളമില്ലാത്ത ജോലിക്ക് ഭക്ഷണം നിർബന്ധം ആണെന്നത്,
ഒന്നോർത്തോ ആ രണ്ടു പിള്ളേരുടെ ഭാവി കൂടി തകർത്താണ് നീ സുഖിക്കാൻ പോകുന്നത് എന്ന് ഓർമ വേണം!
ആ ചോദ്യത്തിനു മാത്രം അവൾ അയാളോട് നേരിട്ട് തന്നെ മറുപടി പറഞ്ഞു,”ആ ഒറ്റ വിചാരം ഉണ്ടായതു കൊണ്ടാണ് ഇത് ഇത്രയും നീണ്ടു പോയതെന്ന്…!
ഇരുപത്തിയഞ്ച് വർഷം ആയപ്പോഴാണു നിനക്ക് ബോധോദയം വന്നതല്ലെ ?
എന്ന ഭർത്താവിന്റെ ചോദ്യത്തിന് പക്ഷേ അവൾ മറുപടി പറഞ്ഞില്ല.
അതേ വസ്ത്രധാരണത്തോടെ തന്നെ തലേന്ന് രാത്രി തന്നെ തയാറാക്കി വെച്ച ബാഗും എടുത്തു അവൾ വിളിച്ചു ഏർപ്പാടാക്കിയ അവളെ കാത്തു കിടക്കുന്ന ടാക്സിയെ ലക്ഷ്യമാക്കി നടക്കുമ്പോൾ,
ആ സമയം അവൾ മനസ്സിൽ ഓർക്കുകയായിരുന്നു അയാളുടെ അവസാന ചോദ്യത്തിനുള്ള മറുപടി,
” അഞ്ചാം വർഷത്തിൽ തുടങ്ങി പലപ്പോഴായി നീട്ടി കൊണ്ടു പോയി ഏറ്റവുമൊടുവിൽ മനസ്സിൽ അവൾ ഭർത്താവിനായി അനുവദിച്ച അവസാന നീണ്ട കാലയളവായിരുന്നു അവരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികത്തിന്റെ അന്നുവരെ എന്നത് ” !
അവൾ അവസാനമായി തീർച്ചപ്പെടുത്തിയ ആ Deadline ഉം കഴിഞ്ഞതോടെ അവൾ നേരം പുലരാൻ കാത്തു നിന്നു എന്നു മാത്രം !
മക്കൾ മനസിലാക്കണമെന്ന് അവരാഗ്രഹിച്ച രണ്ടു കാര്യങ്ങളെ ഇതിലുള്ളു !
ഒന്ന്, ജീവിതം ഏതൊരാൾക്കും ഒന്നേയുള്ളുയെന്നും,
അതു മറ്റുള്ളവർക്കു വേണ്ടി മാത്രം ദു:ഖിച്ചും കഷ്ടപ്പെട്ടും ജീവിച്ചു തീർക്കേണ്ട ഒന്നല്ലന്നും,
ജീവിതത്തിലെ സന്തോഷങ്ങളും നമുക്കു കൂടി അവകാശപ്പെട്ടതാണ് എന്നുള്ളത് !
രണ്ട്, ഇരുപത്തിയഞ്ചു വർഷത്തിനപ്പുറവും വേണ്ടാന്നു തോന്നിയാൽ വേണ്ടാന്നു വെക്കാൻ കഴിയും എന്നത് !!!