രചന: Rivin Lal
ആദ്യമായി അവളെ പെണ്ണ് കാണാൻ പോയപ്പോൾ അയാൾ വളരെ നിശബ്ദനായിരുന്നു. കാരണം കാമുകിയെ മനസ്സിൽ വെച്ച് വീട്ടുകാരുടെ ഇഷ്ടത്തിനായി ഒരു ചടങ്ങ് തീർക്കാൻ വേണ്ടി മാത്രമായിരുന്നു അയാൾ അവളെ പെണ്ണ് കാണാൻ ഇറങ്ങി തിരിച്ചത്.
അതുകൊണ്ടു തന്നെ പെണ്ണിന്റെ കാരണവർ “കുട്ടികൾക്കെന്തെകിലും ഒരുമിച്ചു സംസാരിക്കാനുണ്ടെകിൽ ആ മുറിയിലേക്ക് മാറി നിന്ന് സംസാരിച്ചോളൂ” എന്ന് പറഞ്ഞപ്പോളും അയാൾക്കു അവളോട് ഒന്നും ചോദിക്കാൻ
ഇല്ലായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ അയാൾക്കത് ഇഷ്ടമില്ലായിരുന്നു. ആ നിശബ്ദത കണ്ടിട്ടാവണം അവൾ തന്നെ മുൻ കൈയെടുത്തു ചോദിച്ചു,
“എന്താ ഏട്ടാ എന്നോടൊന്നും മിണ്ടാത്തെ…??”
ഞാൻ നന്നായി സംസാരിക്കുന്ന ആളാണ്.. എനിക്ക് എപ്പോളും എന്തേലും മിണ്ടിയും പറഞ്ഞോണ്ടുമിരിക്കണം. അങ്ങിനെ ഒരു FM റേഡിയോ ഓണാക്കിയ പോലെ എന്നെ സഹിക്കാൻ
പറ്റുമെങ്കിൽ മാത്രം ഏട്ടൻ എന്നെ കെട്ടിയാൽ മതി”.
അവളുടെ മറുപടി കേട്ടതും അയാൾ തിരിച്ചൊരു മറുപടിയും പറയാതെ ആ മുറിയിൽ നിന്നും പിന്തിരിഞ്ഞു നടന്നു.
പക്ഷെ പേര് കേട്ട തറവാടും കുടുംബവും പൊരുത്തവുമെല്ലാം ഒത്തു ചേർന്ന് വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് അയാൾക്കു ആ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
വിവാഹത്തിന്റെ അന്നും മാലയിട്ട് അമ്പലത്തിലൂടെ വലം വെയ്ക്കുമ്പോളും അവൾ ചോദിച്ചു.
“എന്താ ഏട്ടാ എന്നോടൊന്നും മിണ്ടാത്തെ..?”
അതിനു മറുപടിയായി അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
വിവാഹം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾ കാമുകിയെ മനസ്സിൽ വെച്ച് അവളോട് അകൽച്ച കാണിച്ചു.
ഒരു ദിവസം അയാളുടെ ഡയറി കുറിപ്പുകളിൽ നിന്നും കാമുകിയെ കുറിച്ച്
മനസിലാക്കിയെങ്കിലും അവൾക്കൊരു പരിഭവവും ഇല്ലായിരുന്നു. എന്നെങ്കിലുമൊരിക്കൽ അയാൾ തന്നെ ഭാര്യയായി അംഗീകരിക്കുമെന്ന് അവൾ വിശ്വസിച്ചു.
ഒരിക്കൽ ഓഫിസ് കഴിഞ്ഞു വന്നു അത്താഴത്തിനു അയാൾക്കൊപ്പം ഇരിക്കുമ്പോളും അവൾ ചോദിച്ചു “എന്താ ഏട്ടാ എന്നോടൊന്നും മിണ്ടാത്തെ..??”.
അവളുടെ ചോദ്യം കേട്ടതും അയാൾ അവളെയൊന്നു സഹതാപത്തോടെ നോക്കി എന്നിട്ടു പ്ലേറ്റിലെ കഴിച്ചത് മുഴുവനാക്കാതെ കൈ കഴുകാൻ എണീറ്റു പോയി.അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നനഞ്ഞു.
പിന്നെയൊരിക്കൽ ബീച്ച് കാണണമെന്ന് അവൾ ആഗ്രഹം പറഞ്ഞപ്പോൾ ഒരു ഫങ്ഷന് പോയി വരുന്ന വഴിക്കു അവളെയും കൊണ്ടു അയാൾ ബീച്ചിൽ
പോയി. അവൾ തിര മാലകളിൽ തുള്ളി ചാടി സന്തോഷിക്കുന്നത് അയാൾ നിശബ്ദനായി നോക്കി നിന്നു.
പിന്നീട് ബീച്ചിലെ മണൽ തിട്ടയിൽ ഒരുമിച്ചിരുന്നു അവർ സൂര്യൻ അസ്തമിക്കുന്നത് നോക്കിയിരിക്കുമ്പോളും അവൾ അയാളുടെ ഇടതു കൈകൾക്കുള്ളിലൂടെ കൈയിട്ടു തോളോട് തല ചേർത്ത്
നിരാശയോടെ ചോദിച്ചു,
“എന്താ ഏട്ടാ എന്നോടൊന്നും മിണ്ടാത്തെ..??”
അയാളവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു, “വാ.. നമുക്കു തിരിച്ചു പോകാം. സമയം ഒരുപാടായി.
നേരം ഇരുട്ടി തുടങ്ങി”. അവർ എണീറ്റു അവിടുന്ന് തിരിഞ്ഞു നടക്കുമ്പോളും ഒരു പരാതിയുമില്ലാതെ അവൾ അയാൾക്കൊപ്പം തിരിഞ്ഞു നടന്നു.
ഡിസംബറിലെ മറ്റൊരു തണുത്ത രാത്രിൽ കൂട്ടുകാരുമൊത്തു മദ്യ ലഹരിയിൽ വന്ന അയാൾക്കു പ്രാപിക്കാൻ അന്നവൾ വേണമായിരുന്നു. അബദ്ധത്തിൽ സംഭവിച്ച ആ തെറ്റിനും അയാൾക്കു
പലപ്പോഴും കുറ്റബോധം ഉണ്ടായിരുന്നു. എങ്കിലും അവളും തന്റെ വീട്ടുകാരും ഒരു കുഞ്ഞി കാലിനായി കാത്തിരിക്കുന്നത് കാണുമ്പോൾ അയാളുടെ മനസ്സ് മാറി തുടങ്ങിയിരുന്നു. അവസാനം കാമുകി
വേറെ ഒരാളെ വിവാഹം കഴിച്ചു എന്നറിഞ്ഞപ്പോൾ അയാൾക്ക് ഇനി മുതലെങ്കിലും തന്റെ ഭാര്യയെ സ്നേഹിക്കണം എന്ന തിരിച്ചറിവ് വന്നു.
പത്താം മാസം വയറു വീർപ്പിച്ചു അയാളുടെ മുന്നിലൂടെ ഇടക്കിടെ നടക്കുമ്പോളും അവൾ ചോദിക്കുമായിരുന്നു
“എന്താ ഏട്ടാ എന്നോടൊന്നും മിണ്ടാത്തെ…??” അപ്പോളും അയാൾ സ്നേഹത്തോടെ ഒരു മറുപടിയും അവളോട് പ്രകടിപ്പിച്ചില്ല.
അന്ന് രാത്രി ജോലി കഴിഞ്ഞു വരുമ്പോൾ അയാൾ ഒരുപാട് വൈകിയിരുന്നു. വീട്ടിലെത്തി മുറിയിലേക്ക് കേറിയപ്പോൾ ശരിക്കൊന്നു കിടക്കാൻ പോലും കഴിയാതെ കഷ്ടതയോടെ അവൾ ഉറങ്ങുന്നത് കണ്ട് അയാളുടെ മനസ്സലിഞ്ഞു. നിശബ്ദമായി അവളുടെ
അടുത്തേക്കു നടന്നു അയാൾ അവളെ തന്നെ കുറേ നേരം നോക്കി നിന്നു.
“തന്റെ സ്വന്തം ഭാര്യ. തന്റെ കുഞ്ഞിനെ മാസങ്ങളായി ചുമന്നു നടക്കുന്ന തന്നെ ഒരുപാട് സ്നേഹിക്കുന്ന പ്രിയതമ. എനിക്കെന്താ ഇവളെ ഒരിക്കൽ പോലും മനസിലാക്കാൻ കഴിയാഞ്ഞേ.
ഞാൻ എന്തൊരു മഹാപാപിയാണ്”. അയാൾ മനസിലോർത്തു. എന്നിട്ടു അവളുടെ ആ നിറവയറിൽ ചെറുതായി സ്നേഹത്തോടെ ചുംബിച്ചു. അയാൾ തിരിഞ്ഞു നടന്നു കുളിക്കാൻ
പോകുമ്പോൾ ഉറങ്ങിയെന്നു കരുതിയ അവളുടെ മുഖത്തു കണ്ണുകൾ അടച്ചൊരു ചെറു പുഞ്ചിരി അറിയാതെ വിടരുന്നുണ്ടായിരുന്നു.
അടുത്ത ദിവസം ഓഫിസിൽ നിന്നും അയാൾ നേരത്തെ ഇറങ്ങാൻ തീരുമാനിച്ചു. ഒരു മോനും മോൾക്കുമുള്ള ഭംഗിയുള്ള കുഞ്ഞുടുപ്പും അല്പം കളിപ്പാട്ടങ്ങളും വാങ്ങി ഇന്നവളെ സന്തോഷിപ്പിച്ച് കഴിഞ്ഞതെല്ലാം മറക്കണമെന്നും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.
വൈകിട്ടു നേരത്തെയിറങ്ങി ഉടുപ്പും കളിപ്പാട്ടവുമായി കാർ വീട്ടിലെ പാർക്കിങ്ങിലേക്ക് കേറ്റിയതും അയാളൊരു ഉച്ചത്തിലുള്ള നിലവിളി കേട്ടു.
കാറിൽ നിന്നും ഇറങ്ങിയോടി വീട്ടിൽ കേറിയപ്പോൾ കോണിപടിയുടെ അടുത്ത് ടൈൽസിലെ വെള്ളം ചവിട്ടി തെന്നി വീണു രക്തത്തിൽ കിടന്ന് അലറി കരയുന്ന അവളെയാണ് കണ്ടത്.
അപ്പോളേക്കും അച്ഛനും അമ്മയും അനിയനും മുറിയിൽ നിന്നും ഓടി വന്നു. എല്ലാവരും കൂടി അവളെ പിടിച്ചു കാറിൽ കയറ്റി. അനിയനാണ് കാർ ഓടിച്ചത്. ഹോസ്പിറ്റലിലേക്ക് എത്താൻ നാല് കിലോമീറ്റർ ദൂരം ഉണ്ടായിരുന്നുള്ളു.
പിന്നിലെ സീറ്റിൽ അയാളുടെയും അമ്മയുടെയും മടിയിൽ കിടന്നു വേദന കൊണ്ട് അവൾ പിടഞ്ഞു.
അയാളുടെ മടിയിൽ കിടക്കുമ്പോളും കണ്ണ് നീരോടെ അയാൾ അവളുടെ തല മുടിയിലൂടെ തലോടി കൊണ്ടിരുന്നു.
കടുത്ത വേദനയിലും അവൾ അയാളോട് മടിയിൽ കിടന്നു സങ്കടത്തോടെ ചോദിച്ചു … “എന്താ ഏട്ടാ എന്നോടൊന്നും……….!!!” ആ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ
വേദന സഹിക്കാൻ പറ്റാതെ അവളലറി കരഞ്ഞു. ആ കാറിനു ചുറ്റും അവളുടെ അലർച്ചയുടെ ശബ്ദം തളം കെട്ടി നിന്നു….!!!!!
മൂന്നാം നാൾ വീട്ടിലെ നില വിളക്കിനടുത്തു വെള്ള പുതപ്പിച്ചു കിടത്തിയ അവളുടെ അടുത്തേക്ക് ഒരു പിഞ്ചു ചോര പെൺ കുഞ്ഞുമായി അയാൾ പതിയെ നടന്നു വന്നു.
ഉറങ്ങി കിടക്കുന്ന അവളുടെ നെറ്റിയിൽ ആ ചോര കുഞ്ഞിനെയും പിടിച്ചു അയാളൊരു അന്ത്യ ചുംബനം കൊടുത്തുകൊണ്ട് കണ്ണീരോടെ കരഞ്ഞു പറഞ്ഞു.
“എന്താ മോളേ … ഏട്ടനോടൊന്നും മിണ്ടാത്തേ….?!”