(രചന: ഞാൻ ഗന്ധർവ്വൻ)
“ടാ, ഇന്ന് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. നിനക്ക് അഭിമാനം തോന്നുന്നില്ലേ എന്നെപോലെ ഒരു സുന്ദരി കുട്ടിയെ കുട്ടിക്കാലം മുതൽ പ്രണയിച്ച് സ്വന്തമാക്കിയതിൽ”
സഫ്ന ആസിഫിന്റെ നെഞ്ചിലേക്ക് ചാഞ്ഞു”എന്നെ കുറിച്ച് ഓർക്കുമ്പോൾ എന്താ നിന്റെ മനസിലേക്ക് ആദ്യം വരിക…? പറ… എനിക്ക് നിന്റെ നെഞ്ചിൽ കിടന്ന് അത് കേൾക്കാൻ കൊതി ആവുന്നു”
പെട്ടന്ന് ആസിഫിന്റെ മനസ്സ് കുറേ വർഷം പിറകിലോട്ട് പോയി….ആസിഫ് നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. പഠിക്കാന്‍ തീരെ താല്‍പ്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ സ്കൂളില്‍ പോവുക എന്ന് പറഞ്ഞാല്‍ അവന് കൊല്ലുന്നതിന് സമമായിരുന്നു.
പക്ഷെ വെള്ളിയാഴ്ച്ച സ്കൂളില്‍ പോകാന്‍ ആസിഫിന് വളരെ ഉത്സാഹമാണ്. കാരണം അന്നാണ് നാട്ടിലെ മതിലുകളിലും, പെട്ടിക്കടകളുടെ ചുവരുകളിലും പുതിയ സിനിമയുടെ പോസ്റ്ററുകൾ നിരത്തി ഒട്ടിക്കുന്ന ദിവസം.
ആ പോസ്റ്ററുകളിലും നോക്കി കുറേ സമയം അങ്ങനെ നിക്കും എന്നിട്ട് മനസ്സില്ലാ മനസ്സോടെ സ്കൂളിലേക്ക് പോകും. അപ്പോഴേക്കും ഫസ്റ്റ് പിരീയട് തുടങ്ങിക്കാണും. നേരം വൈകിയതിന് ക്ലാസ് ടീച്ചറുടെ കയ്യില്‍ നിന്നും നല്ല അടിയും വാങ്ങി പിറകിലെ ബെഞ്ചിൽ പോയിരിക്കും.
അന്നൊക്കെ ഒരു സിനിമ തിയേറ്ററിൽ പോയി കാണുക എന്നത് വലിയ സംഭവം ആയിരുന്നു. ആകെ ഒരു സമാധാനം ദൂരദർശൻ ചാനലില്‍ ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സംപ്രേഷണം ചെയ്യുന്ന സിനിമകളാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം സഫ്ന ഓടിവന്ന് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ക്ലാസ്സിൽ പറഞ്ഞു. ഉപ്പ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് അതോണ്ട് അവളും കുടുംബവും അടുത്ത ഞായറാഴ്ച ജുറാസിക് പാർക്ക് എന്ന സിനിമക്ക് പോകുന്നു!!!!! ഹോ!!! എന്റെ പൊന്നേ…
എനിക്കും ക്ലാസ്സിലെ മറ്റ് കുട്ടികൾക്കും അവളോട് ബഹുമാനം തോന്നി. അതിൽ കൂടുതൽ അസൂയയും. ആസിഫ് ഇന്റർവെൽ സമയത്ത് അവളുടെ അടുത്തേക്ക് ചെന്നു
“സഫ്ന, നീ സിനിമ കണ്ടിട്ട് അതിന്റെ അഭിപ്രായം പറയണം ട്ടോ. ഞാൻ ഇതുവരെ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല. ഭയങ്കര ഒച്ചയും ബഹളവും ഒക്കെ ആണെന്ന് മാമൻ പറഞ്ഞ് കേട്ടിട്ടുണ്ട്”
അവളുടെ സിനിമാ തിയേറ്ററിലെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ ആസിഫിന് തിടുക്കമായി. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും അവധി കഴിഞ്ഞ് ഇനി തിങ്കളാഴ്ച്ചയേ ക്ലാസ് ഒള്ളൂ.
തിങ്കളാഴ്ച അറിയാം കാര്യങ്ങള്‍ എല്ലാം. ഹൊ!!! ആ രണ്ടു ദിവസം തള്ളിനീക്കിയത് എങ്ങനെയാണ് എന്ന് ആസിഫിനും ദൈവത്തിനുമറിയാം. അവൻ ഓരോ പത്ത് മിനിറ്റ് കഴിയുമ്പോഴും വാച്ചിൽ സമയം നോക്കി
“ദിവസം അങ്ങട് പോണില്ലല്ലോ…”അങ്ങനെ ഒരുവിധത്തിൽ തിങ്കളാഴ്ച്ചയായി. ആകാംഷയോടെ ആസിഫ് സഫ്നയെ കാത്തിരുന്നു. പക്ഷെ അവൾ അന്ന് അവധി ആയിരുന്നു.
ആസിഫിന് എന്തെന്നില്ലാത്ത നിരാശ തോന്നി. കരച്ചില് വരെ വന്നു. അടുത്ത ദിവസം സഫ്നയുടെ മാസ്സ് എൻട്രിയും കത്ത് അവൻ ദൃതങ്കപുളകിതനായി.
വീട്ടിൽ പോയി കിടന്നിട്ട് നേരം അങ്ങട് പോണില്ല. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. മനസ്സ് മുഴുവൻ സഫ്ന കണ്ട ജുറാസിക് പാർക്ക് സിനിമയുടെ കഥ കേൾക്കാൻ കൊതിക്കാണ്.
അങ്ങനെ ഒരുവിധത്തിൽ നേരം വെളുപ്പിച്ചു. സ്കൂളിൽ എത്തിയ ഉടനെ ആദ്യം തിരഞ്ഞത് സഫ്നയെ ആയിരുന്നു. പക്ഷെ അവൾ എത്തീട്ടില്ല. ആസിഫിന് ആകെ ടെൻഷനായി. പെട്ടെന്നാണ് ബെല്ലടിക്കാൻ നേരം ഒരു മാലാഖയെ പോലെ അവൾ ക്ലാസ്സിലേക്ക് പറന്നുവന്നത്. സോറി നടന്നുവന്നത്.
അവളുടെ കൈവിരലില്‍ ഒരു ചെറിയ കെട്ട് ഉണ്ടായിരുന്നു. കാര്യം തിരക്കിയപ്പോൾ എല്ലാം വിശദമായി ലഞ്ച് ബ്രേക്കിന് പറയാം എന്ന് പറഞ്ഞു. വീണ്ടും കാത്തിരിപ്പ്. അങ്ങനെ ലഞ്ച് ബ്രേക്ക് സമയത്ത് അവളുടെ ആദ്യ സിനിമ തിയേറ്റർ അനുഭവം ആസിഫുമായി പങ്കുവെച്ച് തുടങ്ങി
“എന്റെ മോനേ, ഭയങ്കര സംഭവാണ് ട്ടാ ഈ തിയേറ്ററിൽ പോയി സിനിമ കാണുന്നത്. ഹോ!!! ദേ നോക്കിക്കേ എന്റെ രോമം എഴുന്നേറ്റ് നില്‍ക്കുന്നത്”
ആസിഫ് അവളുടെ കയ്യിലെ രോമത്തിലേക്ക് ഉറ്റു നോക്കി. ഹോ!!! രോമമൊക്കെ എഴുന്നേറ്റ് നിൽക്കുന്നു. സഫ്ന അവന്റെ കണ്ണിലേക്ക് നോക്കി
“ഏകദേശം ഒരു പത്ത് പതിനഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളുണ്ടാവും ഒരു സിനിമ കാണാൻ. പിന്നെ, ഈ സ്ക്രീൻ ഉണ്ടല്ലോ, തിയേറ്ററിന്റെ സ്ക്രീൻ… അത് ഒരു പതിനായിരം ടീവി അടുക്കി വെച്ചാല്‍ എത്ര ഉണ്ടാകും അത്രയും വലിപ്പം കാണും”
ആസിഫിന്റെ മുഖത്ത് വീണ്ടും ആശ്ചര്യം!!! ആകാംഷയോടെ അവൻ സഫ്നയെ നോക്കി
“ഹോ, ഭയങ്കര സംഭവാണ് ലേ…? അതല്ല, നമുക്ക് ഈ ദിനോസറിനെ ഒക്കെ നേരിട്ട് കാണാൻ പറ്റോ…?”
ഈ ചോദ്യം കേട്ടതും സഫ്നയുടെ മുഖത്ത് ഭയം നിഴലിച്ചു. അവൾ ശബ്ദം താഴ്ത്തി ആസിഫിനോട് ചോദിച്ചു”എന്റെ വിരലിന് എന്ത് പറ്റിയതാണ് എന്നറിയോ…?”
ആസിഫ് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ മുഖത്ത് ഭീതി, ഭയം, നിസ്സഹായത, കോപം എന്നീ വികാരങ്ങൾ മിന്നിമറഞ്ഞു. ആസിഫിനെ തന്റെ ഉണ്ടക്കണ്ണുകള്‍ കൊണ്ട് നോക്കി അവൾ ആ രഹസ്യം വിളിച്ചു പറഞ്ഞു
“അത് ഒരു ദിനോസറിന്റെ കുട്ടി ഒപ്പിച്ച പണിയാണ്. അതില്‍ കാട്ടിലൂടെ എല്ലാ ദിനോസറും നടക്കുന്ന ഒരു സീൻ ഉണ്ട്. ഞാൻ അപ്പോൾ ആരും കാണാതെ അതിന്റെ വാലിൽ പിടിച്ച് വലിച്ചു.
പെട്ടന്ന് അത് തിരിഞ്ഞ് ഒറ്റക്കടി… ഇതുകണ്ട എന്റെ ഉപ്പ പോ ദിനോസറേ എന്റെ കുട്ടീനെ കടിക്കല്ലേ എന്ന് പറഞ്ഞ് ചൂടായപ്പോൾ ദിനോസറ് കുട്ടിന്റെ കൂടെയുള്ള എല്ലാ ദിനോസറുകളും കൂടി ഞങ്ങളുടെ നേരക്കങ്ങ് തിരിഞ്ഞു… എന്റെ മോനേ”
ആസിഫിന്റെ മുഖത്ത് ആകാംഷ”എന്നിട്ട്…?””എന്നിട്ടെന്ത്… അതിൽ തന്ത ദിനോസർ ഒരു മരം പിഴുത് ഞങ്ങളുടെ നേരെ ഒറ്റ ഏറ്… പക്ഷെ ഭാഗ്യത്തിന് ആ മരം എന്റെ ഉപ്പയുടെ തലയുടെ നേരെ വന്നപ്പോൾ അതിവിധക്തമായി ന്റെ ഉപ്പ ഒഴിഞ്ഞു മാറി. ഇല്ലെങ്കില്‍ ന്റെ ഉപ്പാന്റെ തല കാണില്ലായിരുന്നു”
“ഹോ!!! എന്നിട്ട്””എന്നിട്ട് എന്താവാൻ. അപ്പോഴേക്കും വില്ലന്മാർ വന്നു. അപ്പോ ദിനോസറുകൾ ഞങ്ങളെ വിട്ട് അവരുടെ പിറകേ പോയി”
അന്ന് മുതൽ ആസിഫിന് സഫ്നയോട് ഭയങ്കര ബഹുമാനമാണ്. വലിയൊരു ദുരന്തത്തിൽ നിന്നും എത്ര സിമ്പിൾ ആയിട്ടാണ് അവളും കുടുംബവും രക്ഷപ്പെട്ടത്… ഹോ!!!അവളെ കുറിച്ചോര്‍ത്ത് ആസിഫ് അഭിമാനം കൊണ്ടു.
ആസിഫ് ഒരു സിനിമ ആദ്യമായി തിയേറ്ററിൽ പോയി കാണുന്നത് വരെ സഫ്ന ആയിരുന്നു അവന്റെ മനസ്സിൽ ധീര വനിത. തിയേറ്ററിൽ പോയതിനു ശേഷമുള്ള കാര്യം പിന്നെ പറയേണ്ടല്ലോ…?
ഈ കഥ ആലോചിച്ച് ആസിഫ് സഫ്നയെ ഒന്ന് നോക്കി”ഒന്നുല്ല പൊന്നേ… നീ ഉറങ്ങിക്കോ”