നിനക്കിത്തിരി നേരത്തെ എണീറ്റുകൂടെ മോളെ… കെട്ടിക്കാറായ പെണ്ണല്ലേ നീ… അച്ഛൻ രണ്ടുവട്ടം ചോദിച്ചു നീ എണീറ്റില്ലേ എന്ന്

അച്ഛൻ
രചന: Jolly Shaji

ദേവിക ഉറക്കത്തിൽ നിന്നും എഴുന്നേറ്റു മുറിയുടെ പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പുറത്തുനിന്നും

“രേവൂ ചായ ആയില്ലേ..” എന്ന അച്ഛന്റെ ചോദ്യം കേട്ടത് .. അവൾ പുറത്തേക്കു വെച്ച കാൽ വേഗം അകത്തേക്ക് തന്നെ വെച്ചു…

ഹും ചായ ഒന്ന് അടുക്കളയിൽ പോയി കുടിച്ചാലെന്താ… എന്നും വെളുക്കും മുന്നേ എഴുന്നേൽക്കും പിന്നേ പാവം അമ്മയെ ഉറക്കില്ല അപ്പോൾ തുടങ്ങും രേവു ചായ, രേവു ബ്രെഷ് താ, രേവു സോപ്പ് എവിടെ, തോർത്ത്‌ എവിടെ തുടങ്ങിയ ചോദ്യങ്ങൾ…. പാവം അമ്മ എല്ലാം ആയി പുറകെ നടന്നോളും…

അവൾ വേഗം ടോയ്‌ലെറ്റിൽ കയറി പല്ലുതേച്ചു ഫ്രഷ് ആയി… പതുക്കെ പുറത്തേക്കു ഇറങ്ങി.. ഇറയത്തേക്കു പാളി നോക്കി… “ഓ അവിടെ ഉണ്ട്.. ചായ മുന്നിൽ ഉണ്ട്… മൂന്നു പത്രവും തീർത്തിട്ടെ ഇനി എണീക്കു… ആശ്വാസം…”

അവൾ അടുക്കളയിലേക്കു ചെന്നു… അമ്മ തിരക്കിട്ട ജോലിയിൽ ആണ്… ഒരടുപ്പിൽ ചോറ് ഒന്നിൽ ചൂടുവെള്ളം… ഗ്യാസിൽ ഒന്നിൽ പുട്ട്, ഒന്നിൽ കടല… ഇതിലെല്ലാം അമ്മയുടെ കൈ എത്തുന്നുണ്ട്…

“ആ എണീറ്റു വന്നോ…നിനക്കിത്തിരി നേരത്തെ എണീറ്റുകൂടെ മോളെ… കെട്ടിക്കാറായ പെണ്ണല്ലേ നീ… അച്ഛൻ രണ്ടുവട്ടം ചോദിച്ചു നീ എണീറ്റില്ലേ എന്ന്…”

“അച്ഛൻ എന്തിനാ ഞാൻ എണീറ്റോന്നു തിരക്കിയത്.. “”നിനക്കറിഞ്ഞുകൂടെ അച്ഛന്റെ സ്വഭാവം… അച്ഛൻ വെളുപ്പിനെ എണീക്കും അപ്പോൾ എല്ലാരും എണീക്കണം എന്നാണ് അച്ഛന്…”

“എന്തിനാ അമ്മേ ഇപ്പോഴും ഇങ്ങനെ.. ഇവിടിപ്പോ ആർക്കും രാവിലെ എവിടെയും പോകേണ്ട പിന്നെന്തിനാ ഈ അഞ്ചുമണി ആകുമ്പോൾ തന്നെ എണീറ്റിരിക്കുന്നത്…. ഓരോ ശീലങ്ങൾ മാറില്ലന്ന് വെച്ച എന്താ ചെയ്യാ..”

“നീയെന്തിനാ മോളെ അച്ഛനെ ഒരു ശത്രുവിനെ പോലെ കാണുന്നത് എപ്പോളും…. നിനക്ക് ഇത്തിരി സ്നേഹത്തോടെ മിണ്ടിക്കൂടെ അച്ഛനോട്…”

“ഓ സ്നേഹിക്കാൻ തോന്നിയാൽ അല്ലെ… അതെങ്ങനെയാ സ്വന്തം മോളാണ് എന്നൊരു പരിഗണന പോലും തരാത്ത ആളെ എങ്ങനെ സ്നേഹിക്കും….”

“ഇനിയും നിനക്കെന്തു കിട്ടണമെന്ന നീ പറയുന്നത്…. പത്തിരുപത്തിരണ്ട് വയസ്സുവരെ വളർത്തിയില്ലേ…? അത്യാവശ്യം വിദ്യാഭ്യാസം തന്നില്ലേ…?
ഇപ്പൊ ദേ നല്ലൊരു ആലോചന നോക്കി വെച്ചേക്കുന്നു നിനക്കായി..”

“വളർത്തിയ കണക്കൊന്നും ആരും പറയേണ്ട…. മക്കളെ ഉണ്ടാക്കിയാൽ വളർത്തേണ്ട കടമയും അവർക്കുണ്ട്..”

“എടി നീ വന്നു വന്ന് തലയിൽ കേറി തുടങ്ങിയോ…” രേവതി മകൾക്കു നേരെ കയ്യോങ്ങി ചെന്നു..

“വേണ്ടമ്മേ ഇനിയും എന്നേ തല്ലാൻ അമ്മക്ക് നാണമാകില്ലേ… കുറേ തല്ല് ഞാനും പാവം ഏട്ടനും കൊണ്ടിട്ടുണ്ട് ചെറുപ്പം മുതലേ…”

“അതൊക്ക രണ്ടിന്റെയും കയ്യിലിരുപ്പിന്റെ ആയിരുന്നില്ലേ…””നിങ്ങൾ അല്ലേലും അതല്ലേ പറയു…അച്ഛന്റെ സഹോദരിയുടെ മക്കൾ ചെയ്യുന്ന തെറ്റിനൊക്കെയും തല്ലുകൊണ്ടേക്കുന്നത് ഞാനും എന്റെ ഏട്ടനും അല്ലെ… എന്തിലും അവര് കഴിഞ്ഞല്ലേ ഞങ്ങൾക്ക് സ്ഥാനം ഉണ്ടാരുന്നുള്ളു…”

“നീ വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ ദേവു.. നിനക്ക് ചിന്തിച്ചൂടെ ഇനിയെങ്കിലും കാര്യങ്ങൾ…”

“അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല അമ്മേ…. രാവിലെ സ്കൂളിൽ പോകുമ്പോൾ ഞാനും ഏട്ടനും മഴനനഞ്ഞു നടന്നോളണം… അച്ഛൻ അപ്പച്ചിയുടെ മക്കളെയും കൊണ്ട് സ്കൂട്ടറിൽ പോകും…. കൂട്ടുകാരൊക്കെ ചോദിച്ചിട്ടുണ്ട് സത്യത്തിൽ അച്ഛന്റെ മക്കൾ ഞങ്ങൾ ആണോ… അതോ അപ്പച്ചിയുടെ മക്കൾ ആണോ എന്ന്…”

“മോളെ അതുങ്ങൾ അച്ഛൻ ഇല്ലാത്ത കുട്ടികൾ അല്ലായിരുന്നോ… അച്ഛനില്ലായ്മ അവരെ അറിയിക്കാതിരിക്കാൻ അല്ലെ അച്ഛൻ അന്ന് അവർക്കു മുൻഗണന കൊടുത്തതൊക്കെ…”

“അച്ഛൻ ലീവിന് വരുന്നതും വരുമ്പോൾ കൊണ്ടുവരുന്ന കളിപ്പാട്ടങ്ങളുടെയും പുത്തനുടുപ്പിന്റെയുമൊക്കെ കഥകൾ കൂട്ടുകാർ ചോദിക്കുമ്പോൾ ഉത്തരം മുട്ടി നിന്നിട്ടുള്ളതിന്റെ വേദന അമ്മക്ക് അറിയില്ലല്ലോ…”

“അച്ഛന് സ്നേഹം പ്രകടിപ്പിക്കാൻ അറിയാഞ്ഞിട്ടാണ് മോളെ…. ആ മനസ്സിനിറയെ സ്നേഹം ആണ്… നിങ്ങളോട് പ്രകടിപ്പിക്കാൻ ഒരുപക്ഷെ മടിച്ചതാവും… സഹോദരിയുടെ മക്കൾ വേദനിക്കാതിരിക്കാൻ…”

“അവർ കാണാതെയെങ്കിലും സ്വന്തം മക്കളെ ഒന്ന് മടിയിൽ ഇരുത്തി നല്ലൊരു വാക്ക്‌ മിണ്ടിക്കൂടെ… ഒന്ന് കെട്ടിപിടിച്ച് കവിളിൽ ഒരുമ്മ തന്നൂടായിരുന്നോ… മറക്കാൻ പറ്റില്ല അമ്മേ അതൊക്കെ..”

“സാരമില്ല എന്റെ മക്കൾക്ക്‌ അമ്മ എല്ലാം ചെയ്തു തന്നില്ലേ… അമ്മാവൻ മരിച്ചതോടെ അപ്പച്ചിയുടെയും മനസ്സിന്റെ താളം തെറ്റിയിരുന്നു…. ആ കുട്ടികൾക്ക് ആരെങ്കിലും വേണ്ടേ മോളെ അവരെ സ്നേഹിക്കാൻ..”

“എന്നിട്ട് ഇപ്പോളോ പഠിപ്പിച്ചു വലിയ ഡോക്ടർ ആക്കിയ മൂത്ത ചേച്ചി എവിടെ… എല്ലാരേയും ഇട്ടെറിഞ്ഞു സ്വന്തം സുഖം നോക്കി പോയില്ലേ… രണ്ടാമത്തെ ചേച്ചിയും ഉടനെ പൊയ്ക്കോളും ലക്ഷണം കണ്ടിട്ട്… അച്ഛന്റെ പുന്നാര പെങ്ങടെ മക്കളെ അച്ഛൻ ലാളിച്ചു വളർത്തിയതിന്റെ ഗുണം…”

“ദേവു അച്ഛനെങ്ങാനും കേട്ടാൽ ആ മനസ്സ് വേദനിക്കും മോളെ… എത്രയൊക്കെ ആയാലും അച്ഛൻ അല്ലെ നിങ്ങടെ… നിങ്ങൾക്കും ഒരു കുറവും വരുത്തിയില്ലല്ലോ അച്ഛൻ…”

“ഇല്ല… ഡിഗ്രി കഴിഞ്ഞ് എം ബി എ പഠിക്കാൻ മോഹിച്ച ചേട്ടനെ പട്ടാളത്തിലേക്കു തള്ളിവിട്ടില്ലേ… ഒരു ഹോമിയോ ഡോക്ടർ എങ്കിലും ആകാൻ ആഗ്രഹിച്ച എനിക്കോ…. വെറും ഫാർമസിസ്റ്റ്… ഇതാണോ അമ്മേ മക്കൾക്ക്‌ വേണ്ടി ജീവിച്ച അച്ഛൻ…”

“എടി ഇത്രയും ഞാൻ സഹിച്ചു ഇനി ആ മനുഷ്യനെ കുറ്റം പറഞ്ഞാൽ മകൾ ആണെന്നൊന്നും ഞാൻ കരുതില്ല…. പതിനേഴു വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ കൈപിടിച്ചതാടി അയാൾ അമ്മയുടെയും സഹോദരിയുടെയും… പട്ടിണി പിടിമുറുക്കിയപ്പോൾ ടൗണിൽ

ചുമടുചുവന്നവൻ ആണ് നിന്റെ അച്ഛൻ…. ഇരുപത്തിഒന്നാം വയസ്സിൽ പട്ടാളത്തിൽ ജോലിക്ക് കേറുമ്പോൾ നിറയെ പ്രതീക്ഷകൾ ആയിരുന്നു… സഹോദരിയെ കെട്ടിച്ചു നല്ലൊരു ജീവിതം സ്വപ്നം കണ്ട നിന്റെ അച്ഛന് വിധി നൽകിയത് കനത്ത

തിരിച്ചടിയായിരുന്നു അമ്മാവന്റെ മരണം…. അന്ന് ശാലുവിന് ഒന്നര വയസും ശാമിലിയേ ഇന്ദു അഞ്ചുമാസം ഗർഭിണിയും ആയിരുന്നു….

ഭർത്താവ് മരിച്ച ഇന്ദുവിനും മാനസിക നില തെറ്റിയപ്പോൾ അവളുടെയും കുഞ്ഞിന്റെയും അമ്മയുടേയുമൊക്കെ കാര്യം നോക്കിയത് അച്ഛൻ ആയിരുന്നു.. പിന്നെയാണ് അച്ഛനെക്കൊണ്ട് എന്നേ വിവാഹം കഴിപ്പിച്ചത്…. ഒന്നേ നിന്റെ അച്ഛൻ ആവശ്യപ്പെട്ടുള്ളു കാണാൻ

വന്നപ്പോൾ… എന്റെ അമ്മയെയും, സഹോദരിയെയും മക്കളെയും നോക്കണം .. അവർ കഴിഞ്ഞേ എനിക്ക് എന്തും ഒള്ളു എന്ന്… ആ മനുഷ്യൻ പിന്നേ ജീവിച്ചത് അവർക്കു വേണ്ടി ആയിരുന്നു… എനിക്ക്

അതിൽ ഒരുവിഷമവും തോന്നിയിട്ടില്ല.. പക്ഷെ ഇപ്പോൾ നിന്റെ ഈ പെരുമാറ്റം അതെന്നെ ഒരുപാട് വേദനിപ്പിക്കുന്നു മോളെ…”

“അമ്മക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും നല്ലൊരു മനസ്സ് ഉണ്ടാവും എനിക്ക് അതില്ല…”

“എല്ലാം പഠിച്ചോളും കല്യാണം കഴിഞ്ഞാൽ… ഞാൻ മുറ്റം തൂക്കട്ടെ പുട്ട് ആവി കേറിയാൽ നോക്കിയേണം..”

രേവതി മുറ്റമടിക്കാനായി അടുക്കളയിൽ നിന്നും പുറത്തേക്കു പോകുവാൻ ഹാളിലേക്ക് ഇറങ്ങി…
ഹാളിലെ വാതിലിനു അടുത്ത് ചന്ദ്രേട്ടൻ… നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന ചന്ദ്രേട്ടനെ കണ്ട് രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“ചന്ദ്രേട്ടാ എല്ലാം കേട്ടു അല്ലെ…””സാരമില്ല രേവു… അവൾ പറഞ്ഞതൊക്കെ സത്യമല്ലേ… ഞാൻ സ്നേഹിച്ചിട്ടില്ലല്ലോ എന്റെ മക്കളെ… നിനക്കും തോന്നിയിട്ടുണ്ടോ രേവു ഞാൻ കൊള്ളില്ലാത്ത ഒരച്ഛൻ ആയിരുന്നെന്നു… ”

“ചന്ദ്രേട്ടാ അവൾ നമ്മുടെ മോൾ അല്ലെ…. ചന്ദ്രേട്ടൻ ക്ഷമിക്കു അവളോട്‌…. എനിക്കറിയാം ഈ മനസ്സ്…. തണൽ മാത്രേ എല്ലാരും കൊണ്ടൊള്ളു ഏട്ടാ… ആർക്കും തണലേകിയ മരത്തിന്റെ പൊള്ളൽ എത്രയെന്നു അറിയേണ്ടതായിരുന്നു…”

“രേവു നീയെന്നെ മനസ്സിലാക്കുന്നുണ്ടല്ലോ… അത് മതിയെടി എനിക്ക്… ”

 

Leave a Reply

Your email address will not be published. Required fields are marked *