സുന്ദരിയായ എഴുത്തുകാരി , അവളുടെ പ്രണയസുരഭിലമായ വരികളിൽ കാമത്തിന്റെ വിത്തുകൾ തേടി ഇൻബോക്സുകളിലെ ആർത്തു വിളികൾ. അതായിരുന്നു ഏറെ ദുസ്സഹമായി എനിക്ക് തോന്നിയത്… വല്ലാത്തൊരു മടുപ്പിന്റെ തുടക്കം.

അവധൂതൻ
(രചന: ഭാവനാ ബാബു)

ചുമരിലെ ഷെൽഫിൽ അടുക്കിവച്ച പുസ്‌തകങ്ങളിൽ നിന്നും , എന്റെ പുസ്തകം തിരഞ്ഞു പിടിച്ചു ഒരായിരം ആവർത്തി വായിക്കുക , ഒടുവിൽ ആ അക്ഷരങ്ങളിൽ മുഖമമർത്തി ഒരു നിർവൃതിയോടെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കുറേ നേരം കിടക്കുക.ചിലപ്പോഴൊക്കെ ഇതെല്ലാം എന്റെ മാത്രം വട്ടുകളാണ്….

പെട്ടെന്നാണ് അരികിൽ വച്ച ഫോൺ റിങ് ചെയ്തത്…നോക്കിയപ്പോൾ വാര്യര് മാഷ്….

“മീര , ഒരു സന്തോഷ വർത്തമാനം പറയാനുണ്ട് കേട്ടോ…എന്താ മാഷേ പറയൂ. …”നമ്മുടെ പുസ്തകം ഏതാണ്ട് മുക്കാൽ ഭാഗത്തോളം വിറ്റു പോയി….”

“ആണോ മാഷേ.”??…വിശ്വാസം വരാത്ത മട്ടിൽ ഞാൻ ചോദിച്ചു….”അതെ മീര…ഏറ്റവും സന്തോഷം എന്താന്ന് വച്ചാൽ എസ്.കെ സാറിന് ചെലവായ എല്ലാ പൈസയും നമ്മൾ കൊടുത്തു കഴിഞ്ഞു….ഇനി അതാലോചിച്ചു താൻ ടെൻഷൻ അടിക്കേണ്ട….”

സത്യത്തിൽ മാഷിന്റെ ആ വാക്കുകളാണ് എനിക്കേറെ ആശ്വാസം പകർന്നത്….എന്നാലും മാഷേ ,എനിക്ക് എസ്.കെ സാറിനോട് ഒരു നന്ദി വാക്ക് പോലും പറയാൻ പറ്റിയില്ലല്ലോ….പ്രകാശനത്തിന് ഞാനേറെ

നിർബന്ധിച്ചു മാഷ് സാറിനെ ഫോണിൽ വിളിച്ചതാണ്…പക്ഷെ ആ ബഹളത്തിൽ മറിച്ചൊന്നും പറയാൻ പറ്റിയില്ല.”ആശംസകൾ ടീച്ചർ”അത് മാത്രം അവ്യക്തമായി കേട്ടു….

“ഞാനെന്ത് ചെയ്യാനാണ് മീര , സമയമാകുമ്പോൾ അദ്ദേഹം തന്നെ നേരിട്ട് വിളിക്കുമെന്നാണ് പറഞ്ഞത്”

എന്തൊരു മനുഷ്യനാണ് അയാൾ…ഒരു നന്ദി വാക്കെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യന്മാരുണ്ടാകുമോ ഈ ലോകത്ത്?

സത്യത്തിൽ എഴുത്ത് എന്നത് ജീവിതത്തിൽ എന്നോ കടന്നു കൂടിയ ഒരു ഭ്രാന്താണ്. കൈയിൽ കിട്ടുന്നതൊക്കെ വായിക്കുക.ആ ഉന്മാദത്തിൽ , എന്തൊക്കെയോ കുത്തിക്കുറിയ്ക്കുക.പ്രായത്തിനെക്കാൾ പക്വത വരികൾക്ക് ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ എഴുത്തിൽ എന്റേതായ ഒരു ശൈലി കൊണ്ട് വരാൻ ശ്രമിച്ചു.

വിവാഹം കഴിഞ്ഞപ്പോൾ ,അക്ഷരവിരോധിയായ ഭർത്താവിൽ നിന്നും മറച്ചുപിടിച്ചായി എഴുത്ത്… ഭാര്യയിൽ നിന്നും ഏറെ വൈകാതെ അമ്മയിലേക്കുള്ള പറിച്ചു നടീൽ .

കടമകളുടെ പൂർണതയിലും വരികൾ മാത്രം എന്നെ വിട്ട് പോയില്ല.ഹൃദയത്തെ ചുര മാന്തിക്കൊണ്ടിരുന്ന വല്ലാത്തൊരുതരം അസ്വസ്ഥത… ആ വികാരങ്ങൾ അക്ഷരങ്ങളായി പുനർജനിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന

ആശ്വാസം….ലോകത്തിൽ മറ്റൊന്നിനും എന്നെ ഇത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങൾ.

ഇടയിലെപ്പോഴോ വിധി എന്നെ ഒറ്റപ്പെടുത്തിയപ്പോഴാണ് ഞാൻ പകച്ചു പോയത്.രണ്ട് മക്കളെയും കൊണ്ടുള്ള പ്രയാണം ,സത്യത്തിൽ അത് ഒട്ടും രസകരമായിരുന്നില്ല.

സുന്ദരിയായ എഴുത്തുകാരി , അവളുടെ പ്രണയസുരഭിലമായ വരികളിൽ കാമത്തിന്റെ വിത്തുകൾ തേടി ഇൻബോക്സുകളിലെ ആർത്തു വിളികൾ. അതായിരുന്നു ഏറെ ദുസ്സഹമായി എനിക്ക് തോന്നിയത്… വല്ലാത്തൊരു മടുപ്പിന്റെ തുടക്കം.

ഒട്ടുമിക്ക അനുഭവങ്ങളും മോശമായത് കൊണ്ട് ആരെയും വിശ്വസിക്കാൻ കഴിയാതെ സോഷ്യൽ മീഡിയകളിൽ നിന്നും ഞാൻ പതിയെ പിൻവാങ്ങി.

മക്കളെല്ലാം വളർന്നു , തള്ള പക്ഷിയെ വിട്ട് അവർ അവരുടേതായ കൂടുകളിൽ ചേക്കേറി. എങ്കിലും അവരെന്നെ മറന്നു എന്ന പരിഭവം ഇന്നുവരെ എനിക്ക് തോന്നിയിട്ടില്ല.

ഉച്ചയുറക്കത്തിന്റെ ഒടുവിലെപ്പോഴോ ആണ് തൊട്ടടുത്ത വീട്ടിലെ സ്വസ്തിക ചാരിയിട്ട കതകും തള്ളി തുറന്ന് വിചിത്രമായ ആവശ്യവുമായി എന്റെ മുന്നിലേക്ക് വന്നത്.കഥാരചന മത്സരത്തിലേക്ക് അവൾക്ക് ഞാനൊരു

കഥ എഴുതി കൊടുക്കണം.ചെയ്യുന്നത് ശരി അല്ലെന്ന് അറിഞ്ഞിട്ടും എന്തോ അവളെ നിരാശയോടെ മടക്കി അയക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം നന്നേ ചെറുപ്പത്തിലേ അവൾക്ക് അച്ചനെയും ,അമ്മയെയും നഷ്ടപ്പെട്ടതാണ്. മുത്തശ്ശിയോടൊപ്പമാണ് ഇപ്പോൾ

അവളുടെ താമസം….മറ്റൊര ർത്ഥത്തിൽ പറഞ്ഞാൽ അവൾ എനിക്ക് മകളെ പോലെ തന്നെയാണ്.

പെട്ടെന്ന് മനസ്സിലേക്ക് വന്നൊരു കഥ മറ്റൊന്നും ഓർക്കാതെ ഞാൻ അവൾക്ക് പകർന്നു നൽകി.

ഒരു പതിനാല് വയസ്സുകാരിയുടെ ചിന്തകൾ അല്ല ആ പേപ്പറിൽ നിറഞ്ഞത് എന്ന സംശയം ദൂരീകരിക്കാനാണ് സ്വസ്തികയിലൂടെ വാര്യര് മാഷ് എന്റെ മുന്നിലെത്തുന്നത്.

മാഷിന്റെ നിർബന്ധം സഹിക്കവയ്യാതെ ഞാനെന്റെ ഡയറികൾ അദേഹത്തിന്റെ മുന്നിൽ നിവർത്തി.വരികളിലൂടെ ആ കണ്ണുകൾ പായുമ്പോൾ , സന്തോഷം കൊണ്ട് മാഷിന്റെ മുഖം വികസിക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു .വല്ലാത്ത ഒരാത്മസംതൃപ്തിയോടെയാണ് മാഷ് പിന്നീട് എന്നോട് സംസാരിച്ചത് .

“മീര , താൻ നന്നായി എഴുതുന്നുണ്ടല്ലോ… ഈ കഥകളൊക്കെ ഡയറിയുടെ താളുകളിൽ മാത്രം മറഞ്ഞിരിക്കേണ്ടവ അല്ല.ഇതൊക്കെ പുറം ലോകം അറിയണം”…

“മാഷ് എന്താണ് ഉദ്ദേശിക്കുന്നത്?ഒരിക്കലെങ്ങോ മൂടിവച്ച ചില സ്വപ്നങ്ങൾ ചിറക് മുളയ്ക്കാൻ പോകുകയാണ് എന്നറിഞ്ഞിട്ടും ഒട്ടും ഭാവഭേദമില്ലാതെയായിരുന്നു എന്റെ ചോദ്യം.

“ഈ കൃതികളെല്ലാം ചേർത്തു വച്ചു ഒരു പുസ്തകം പബ്ലിഷ് ചെയ്യണമെന്ന്”…ഒറ്റ വാക്കിലായിരുന്നു മാഷിന്റെ മറുപടി.

“മാഷേ ,അതിനൊക്കെ ഒത്തിരി ചെലവ് ആകില്ലേ…അത് മാത്രമല്ല ഇതിന്റെ പിന്നാലെ നടക്കാനൊന്നും എനിക്ക് വേണ്ടപ്പെട്ട ആരുമില്ല.”

പെരുമ്പറ കൊട്ടി മിടിയ്ക്കാൻ തുടങ്ങിയ ഹൃദയത്തെ ഒരു ഭാഗത്തേയ്ക്ക് ഒതുക്കി വച്ചു ഞാൻ മാഷിനോട് നിരാശയോടെ പറഞ്ഞു.

“അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം..ഞാനല്ലേ പറയുന്നത്.”എന്നെ സമാധാനിപ്പിച്ചു പോയ മാഷ് പിന്നെ ഒരാഴ്ച്ച കഴിഞ്ഞാണ് വീണ്ടുമെന്നെ വിളിക്കുന്നത്.

“എടോ , തന്റെ പുസ്തകം പബ്ലിഷ് ചെയ്യാൻ ഒരാൾ റെഡി ആണ്.പേര് ‘എസ്.കെ ‘…കക്ഷി എന്റെ നാട്ടിൽ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്.ഒരർഥത്തിൽ പ്രമാണി എന്നും പറയാം.മൂപ്പർക്ക് ഈ

എഴുത്തിന്റെ ഒക്കെ സൂക്കേട് ഉണ്ട്.തന്റെ കാര്യം എടുത്തിട്ടതും അദ്ദേഹത്തിന് വലിയ താൽപര്യം തോന്നി.ഇനി പുസ്തകത്തിന്റെ കാര്യം ആലോചിച്ചു താൻ തല പുണ്ണാക്കേണ്ട.”

“എനിക്ക് തീർത്തും അപരിചിതനായൊരു വ്യക്തി.അദ്ദേഹം എന്തിനാവും മാഷേ ഈ പുസ്തകം പബ്ലിഷ് ചെയ്യാൻ തയ്യാറായത്”?

“അതിന് ഇതൊന്നും സൗജന്യമല്ലല്ലോ മീരേ ,പുസ്തകം വിൽക്കുമ്പോൾ ഈ പൈസ നമ്മൾ തിരികെ നൽകുമല്ലോ.”..എന്നെ അശ്വസിപ്പിക്കാണെന്നോണം മാഷ് പറഞ്ഞു.

എന്നിട്ടും എന്തോ മാഷിന്റെ സംസാരം എന്നെ തൃപ്തിപ്പെടുത്തിയില്ല…”എന്തൊക്കെ പറഞ്ഞാലും ,കടം കടം തന്നെയല്ലേ മാഷേ..ഒരൽപ്പം ആധിയോടെ ഞാൻ പറഞ്ഞു.

പുസ്തകത്തിന്റെ ഓരോ ഘട്ടവും എന്റെ ഇഷ്ടങ്ങൾ അനുസരിച്ചു തന്നെയായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്..സത്യം പറഞ്ഞാൽ ഒരു തലവേദനയും ഞാൻ അറിഞ്ഞില്ല. എന്നാൽ അതിലെനിക്ക് അത്ര സുഖവും തോന്നിയില്ല.കഷ്ടപ്പെടാതെ കൈവശമാക്കുന്ന മുതലിന് മൂല്യം കുറഞ്ഞുപോകും എന്നൊരു തോന്നൽ.

ഒടുവിൽ എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു.പക്ഷെ , എസ്.കെ.സാറിനോടുള്ള മനസ്സ് നിറച്ചുള്ള നന്ദി പ്രകടനം അപ്പോഴും ഒരു സ്വപ്നമായി ബാക്കി നിന്നു.

ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ല എന്ന് വിചാരിച്ചിരുന്ന ഒരു മോഹം എത്ര ലഘുവായിട്ടാണ് അദ്ദേഹം ഭദ്രമായിഎന്റെ കൈകളിലേക്ക് ഏൽപ്പിച്ചത്….ആദ്യമായി മഴ നനയുന്ന കുട്ടിയെപ്പോലെയായിരുന്നു പുസ്തക പ്രകാശനത്തിന് സദസ്സിൽ ഇരിക്കുമ്പോഴുള്ള എന്റെ അവസ്‌ഥ.

മഷി പുരണ്ട എന്റെ അക്ഷരങ്ങൾ വായിച്ചു എത്രയോ പേരിപ്പോൾ നിർവൃതിബിഅടയുന്നുണ്ടാകും? ,””’എഴുത്തുകാരി മീര’ ഹോ…ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു രോമാഞ്ചം.

സ്വപ്നങ്ങൾ മനസ്സിൽ അലക്ഷ്യമായി കൂട് കൂട്ടി തുടങ്ങുമ്പോഴായിരുന്നു ,വീണ്ടും മാഷിന്റെ കോൾ.

“മീര ,തനിക്കൊരു ഗുഡ് ന്യൂസ് ഉണ്ട്.താൻ സംസാരിക്കാൻ ആഗ്രഹിച്ച വ്യക്തി തന്നെ ഇന്ന് വിളിക്കും”

“ആര് എസ്.കെ സാറോ… വിശ്വാസമാകാത്ത മട്ടിൽ ഞൻ ചോദിച്ചു.”അതെ ,മീരാ…സാക്ഷാൽ എസ്.കെ….ഒരു പുഞ്ചിരിയോടെ മാഷ് അതും പറഞ്ഞു കോൾ കട്ടാക്കി…

പിന്നെ ഞാൻ സാറിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.എന്ത് പറയണം ,എങ്ങനെ തുടങ്ങണം…ആകെ ഒരു വെപ്രാളം.

പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.ഏതോ അൺ നോ ൺ നമ്പർ.ഇത് സർ തന്നെ.മറ്റൊന്നും ഓർക്കാതെ വേഗത്തിൽ കോൾ അറ്റൻഡ് ചെയ്ത് ഞാൻ മൊബൈൽ ചെവിയിലേക്ക് ചേർത്തു പിടിച്ചു

ഹ…ലോ…ഒരല്പം വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു.”മീര…മീരൂ.. എടാ നിനക്ക് സുഖമാണോ….”?

ഈ ശബ്ദം… ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ…ഓർമ്മകളിൽ ഇപ്പോഴും ബാക്കിയുണ്ടല്ലോ മീരൂ എന്നുള്ള നീട്ടി വിളി…

ഈശ്വരാ… ശിവകൃഷ്ണൻ മാഷ്….ഇതാണോ ഞാൻ ആകാംഷയോടെ കാത്തിരുന്ന എസ്.കെ സർ.

“എന്താ മീരേ ഒരു മൗനം….വർഷങ്ങൾക്ക് മുൻപ് എന്റെ സൗഹൃദം അറുത്ത് മുറിച്ചു ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കാതെ ഇട്ടേച്ചു പോയതല്ലേ…. എന്നിട്ടും ഞാൻ ഇയാളെ കണ്ടെത്തി….

“മാഷേ…ഞാൻ , അപ്പോഴത്തെ എന്റെ അവസ്‌ഥ….വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ഞാൻ കഷ്ടപ്പെട്ടു.

“അതെ… അവസ്‌ഥ…എഴുത്തിന്റെ പക്വത തന്റെ മനസ്സിനില്ലെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷം…താൻ പോയതിനെക്കാൾ എന്നെ നോവിച്ചത് തന്റെ കൂരമ്പു പോലെ മനസ്സിൽ തറച്ച വാക്കുകൾ ആയിരുന്നെടോ….

മാഷ് പറയുന്നത് സത്യം തന്നെയാണ്…പക്ഷെ അന്ന് ചെയ്തത് ശരിയാണെന്ന് ഞാനീ നിമിഷം വരെ വിശ്വസിക്കുന്നു.

ആ നശിച്ച ദിവസം അത്ര വേഗത്തിൽ മറക്കാൻ പറ്റില്ലല്ലോ. … അന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാൻ.ആരോടും ,മിണ്ടാനോ സഹായം ചോദിക്കാനോ വരെ മടിയായിരുന്നു.ആ സാഹചര്യം അവർ മുതലെടുക്കുമോ എന്ന ഭയം.

ഇൻബോക്സുകളിൽ നിറയുന്ന മുന വച്ചുള്ള ചോദ്യങ്ങൾ…ഇതിനിടയിലാണ് ഞാൻ ശിവ് മാഷിനെ പരിചയപ്പെടുന്നത്.വളരെ ഊഷ്മളത നിറഞ്ഞ സൗഹൃദം.വേറിട്ട് നിൽക്കുന്ന വ്യക്തിത്വം… വിശ്വസിയ്ക്കാം എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ എന്റെ നമ്പറും ഞാൻ അദ്ദേഹത്തിന് കൈമാറി….

അന്നെന്നെ വിളിക്കുമ്പോഴുള്ള ,മാഷിന്റെ പെരുമാറ്റം
എന്നെ ഒരല്പം ആശ്ചര്യപ്പെടുത്തി.
.പതിവില്ലാത്ത ആമുഖവും , വാക്കുകളിൽ ചെറിയ ഇടർച്ചയും…

“മീരൂ , രണ്ട് മൂന്ന് ദിവസമായി തന്നോട് ഞാനൊരു കാര്യം പറയണം എന്ന് കരുതിയിട്ട്. പക്ഷെ താൻ അത് എങ്ങനെ എടുക്കുമെന്ന പേടിയിലാണ് ഞാൻ.സത്യം പറഞ്ഞാൽ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല”

മാഷിന്റെ ഈ പരുങ്ങൽ ഒക്കെ കണ്ടപ്പോൾ ഞാനും ആകെ ആശയക്കുഴപ്പത്തിലായി…

“എന്താ മാഷേ ,എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയൂ…”സംസാരത്തിനിടയിലും ശല്യമെന്നോണം ഇൻബോക്സിൽ ആരുടെയൊക്കെയോ ചാറ്റുകൾ വന്നുകൊണ്ടേയിരുന്നു….നശിച്ച മെസ്സെഞ്ചർ…ഇതോടെ ഈ കുന്തം അൺ ഇൻസ്റ്റാൾ ചെയ്യണം…ഞാൻ മനസ്സിലുറപ്പിച്ചു.

കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഓർക്കാപുറത്തായിരുന്നു മാഷിന്റെ ആ ചോദ്യം…
“മീര ഒന്ന് വീഡിയോകോളിൽ വരുമോ”?അത് കേട്ടതും എന്റെ അടക്കിവച്ച ദേഷ്യമൊക്കെ പുറത്തേക്ക് വന്നു.

ആരോടെക്കെയോ ഉള്ള കലി ഞാൻ മാഷിനോട് തീർത്തു….വിശ്വസിച്ച ഒരാളിൽ നിന്നും ഉണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റം…വീഡിയോ കോൾ എന്ന ഒറ്റ വാക്ക് മാത്രം മതിയായിരുന്നു മാഷിനെ എനിക്ക് വെറുത്തുപോകാൻ.

മാഷിന്റെ സാന്നിധ്യം ഉള്ള ഇടങ്ങൾ എല്ലാം ഞാൻ ബ്ലോക്ക് ചെയ്തു…. മറ്റ് നമ്പരുകളിൽൽ നിന്നും മാഷ് എന്നെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഞാനെന്റെ നമ്പർ തന്നെ മാറ്റി….

ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും ,ഒക്കെ വേഗം മറക്കാൻ കഴിഞ്ഞു…. എത്രയോ വർഷങ്ങൾക്ക് ശേഷം മാഷ് ഇതാ വീണ്ടും….

“എന്താ മീരേ…ഒന്നും മിണ്ടാത്തത്…?അന്ന് ഞാൻ ദേഷ്യത്തിലാണ് പോയത്….പക്ഷെ അതിൽ ഇന്നും എനിക്ക് കുറ്റബോധമില്ല മാഷേ….

“എങ്കിൽ മീരയെ ഞാനിന്ന് ,വീണ്ടും വീഡിയോ കോളിലേക്ക് ക്ഷണിക്കുകയാണ്….അന്ന് ഞാൻ പറയാൻ ബാക്കി വച്ചത് നീ ഇപ്പോഴെങ്കിലും അറിയണം…എന്റെ ഒരു അപേക്ഷയാണ്…ഞാനിപ്പോഴൊരു യാത്രയുടെ തുടക്കത്തിലാണ്….ഒരു അഞ്ച് മിനിറ്റ് എനിക്ക് വേണ്ടി…പ്ലീസ്….

മാഷിന്റെ അപേക്ഷ നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല.ആ വീഡിയോകോളിൽ ഞാനെന്റെ വിരൽ അമർത്തി….

തൊട്ട് മുന്നിൽ മാഷിന്റെ മുഖം വ്യക്തമായി കാണുന്നുണ്ട്‌.”മാഷ് ഏറെ ക്ഷീണിച്ച പോലുണ്ടല്ലോ”….വിഷമത്തോടെ ഞാൻ പറഞ്ഞു.

“മീരയെ ഞാൻ ഇടക്ക് ഒക്കെ കാണുന്നുണ്ടായിരുന്നു…സത്യം പറഞ്ഞാൽ പുസ്തക പ്രകാശനത്തിന് പിൻ നിരയിൽ ഈ വൃദ്ധനും ഉണ്ടായിരുന്നു.എന്നെ കണ്ടാലും തിരിച്ചറിയില്ലെന്ന വിശ്വാസത്തിലാണ് ഞാൻ വന്നത്”.

“ഈശ്വരാ…ഞാൻ അറിഞ്ഞില്ല മാഷേ”…അത്ഭുതത്തോടെ ഞാൻ പറഞ്ഞു.

“അതൊക്കെ വിട്ടേക്ക് മീര ,ഞാൻ വർഷങ്ങൾക്ക് മുൻപ് മീരയെ വിളിച്ചത് ഒരു സർപ്രൈസ് നൽകാൻ ആയിരുന്നു”

“എന്താണ് മാഷേ…. അമ്പരപ്പോടെ ഞാൻ ചോദിച്ചു.പെട്ടെന്നാണ് മാഷ് ഒരു പുസ്തകം എന്റെ നേർക്ക് ഉയർത്തി കാണിച്ചത്.

“മീരയുടെ കുഞ്ഞു നക്ഷത്രങ്ങൾ”എന്നെഴുതിയ മനോഹരമായൊരു കവർ പേജുള്ള പുസ്തകം…

“ഇത് പണ്ട് മീര ഫ്ബിയിൽ തന്നെ എഴുതിയ തന്റെ കഥകൾ തന്നെയാണ്..അനുവാദം ചോദിക്കാതെ ആ കഥകൾ എല്ലാം ചേർത്ത് രണ്ട്‌ പുസ്തകങ്ങൾ ഞാൻ പ്രിന്റ് ചെയ്തു.ഒന്നെനിക്കും ,ഒന്ന് തനിക്കും….”

“മാഷേ….
അവിശ്വസനീയതോടെ ഞാൻ നീട്ടി വിളിച്ചു….നഷ്ടപ്പെട്ടു എന്നു കരുതിയ എന്റെ കഥകൾ.മറ്റെവിടെയും ഞാൻ സൂക്ഷിക്കാതിരുന്ന എന്റെ സൃഷ്ടികൾ….

“തന്റെ സ്വപ്നമല്ലേ ഇത്…മുൻപൊരിക്കൽ എപ്പോഴോ താൻ എന്നോട് പറഞ്ഞ ആഗ്രഹം. ഇങ്ങനെയൊരു ഷോക്ക് തരാമെന്ന് കരുതിയാണ് അന്ന് തന്നെ ഞാൻ വിളിച്ചത്…പക്ഷെ അതൊക്കെ ഇരുട്ടിലാക്കിയല്ലേ മീര ഇറങ്ങിപ്പോയത്.”

മാഷിന്റെ പരിഭവം നിറച്ച വാക്കുകൾക്ക് മുൻപിൽ ഞാൻ തീർത്തും മൗനിയായി….”അയ്യോ മാഷേ ,ഞാനെത്ര വിഢിയാണ്…ഒന്നും അറിയാതെ ഞാൻ മാഷിനെ നോവിച്ചു..”

” ഞാൻ മീരയ്ക്ക് തരാനുള്ള കോപ്പി വാര്യര് മാഷിനെ ഏല്പിച്ചിട്ടുണ്ട്…തന്റെ ഇഷ്ടം പോലെ മാറ്റം വരുത്താം… പക്ഷെ ഒരു സ്വാർത്ഥത ഉണ്ട്…പേര് ഇത് തന്നെ മതിട്ടോ….”

പെട്ടെന്നാണ് ആ സംസാരം മുറിഞ്ഞു പോയത്….ഞാൻ അപ്പോഴേയ്ക്കും വല്ലാത്തൊരു ഷോക്കിലായിരുന്നു…മാഷിനോടു
ക്ഷമ ചോദിച്ചേ പറ്റൂ…ഇല്ലെങ്കിൽ ഈ സങ്കടം താങ്ങാൻ പറ്റാതെ ഞാൻ മരിച്ചു പോകും….

ഞാൻ മാഷിന്റെ നമ്പറിലേക്ക് തിരികെ വിളിച്ചു…ആരും എടുക്കുന്നില്ല….വീണ്ടും വിളിച്ചു…അപ്പോൾ കേട്ടത് ഒരു സ്ത്രീ ശബ്ദം…

“ശിവൻ മാഷ് , അദ്ദേഹത്തെ ഒന്ന് കിട്ടുമോ…”?”മാഷ് പോയല്ലോ…ഇനി…”അത്രയും പറഞ്ഞു അവർ പോയി.

എനിക്ക് എന്തോ മാഷിന്റെ ശബ്ദം വീണ്ടും കേൾക്കണമെന്നു തോന്നി…ഇപ്പോൾ തന്നെ ,ഒരുപാട് കടപ്പാടുകൾ മാഷിനോട് ബാക്കിയുണ്ട്.ഒന്ന് ഫോൺ എടുത്തെങ്കിൽ….

വീണ്ടും ഞാൻ മാഷിന്റെ നമ്പറിലേക്ക് വിളിച്ചു…മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം….

“ശിവമാഷിനോട് ഒന്ന് സംസാരിക്കണമായിരുന്നു…അർജൻറ് ആണ്…പറ്റില്ലെന്ന് പറയരുത്…പ്ലീസ്…”താഴ്മയോടെ ഞാൻ കെഞ്ചി….

“സോറി , മാഷ് മരിച്ചു പോയല്ലോ…കഷ്ടിച്ചു ഒരു പതിനഞ്ചു മിനിറ്റ് ആയിട്ടുണ്ടാകും”…സങ്കടം ഉള്ളിലൊതുക്കിയായിരുന്നു ആ വാക്കുകൾ….

ഈശ്വരാ…മാഷ് ഫോൺ വച്ചിട്ട് അത്ര നേരം ആയിട്ടില്ലല്ലോ? നടുക്കത്തോടെ ഞാനോർത്തു..

തളർച്ചയോടെ ചുമരിലേക്ക് ചായുമ്പോഴും ,മാഷിനോട് പറയാൻ കഴിയാത്ത ക്ഷമയും ,നന്ദിയും എന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു കൊണ്ടേയിരുന്നു..

(എത്രയോ മാസങ്ങൾക്ക് ശേഷമുള്ള വീണ്ടുമെന്റെ കുത്തിക്കുറിയ്ക്കൽ.)

Leave a Reply

Your email address will not be published. Required fields are marked *