ഞാൻ ഒരിക്കലും നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല… ഇത്രയും നാൾ ഇങ്ങനെ ഒരു കാര്യം നീ മനസ്സിൽ കൊണ്ടു നടന്നത് എന്തിനാണ്… എന്തിനാണ്…”

ദേവഗംഗ
(രചന: Ruth Martin)

“ഇനിയും ഒരിക്കൽ കൂടി ഞാൻ വരില്ലട്ടോ ദേവേട്ടാ…. എനിക്ക് വിധിച്ചിട്ടല്ലാന്ന് കരുതി ജീവിച്ചോളാം…. ഒരിക്കലും…. ഒരിക്കലും… ഗംഗ വരില്ല….”

നിറമിഴികളോടെ അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് എന്റെ മുറിവിട്ടിറങ്ങി.. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ എന്നെ കുത്തി നോവിക്കുന്നതായി തോന്നി..

അമ്മാവന്റെ ഏറ്റവും ഇളയ മകളാണ് ഗംഗ.. കുട്ടികാലം മുതലേ എന്തിനും ഏതിനും ദേവേട്ടാ എന്ന് പറഞ്ഞു പുറകെ കൂടിയ പെണ്ണിനോട് വാത്സല്യം ആയിരുന്നു…അവളെ നല്ലൊരു സുഹൃത്തായി തന്നെയാണ് കണ്ടിരുന്നത്..

ചെറുപ്പത്തിൽ അച്ഛനും അമ്മാവനും തമാശയ്ക്ക് പറഞ്ഞൊരു വാക്ക് അവളുടെ ഉള്ളിൽ പ്രണയമെന്ന വികാരത്തെ മൊട്ടിട്ടു വളർത്തിയെന്നും അത് പടർന്നു പന്തലിച്ചു വലിയൊരു വൃക്ഷമായി മാറിയെന്നും അറിയാൻ ഒരുപാട് വൈകിയിരുന്നു…

ഒരിക്കൽ പോലും എനിക്ക് അവളോട് പ്രണയം തോന്നിയിരുന്നില്ല…നിറയെ മണികളുള്ള കൊലുസ്സിട്ട് പാടത്തും തൊടിയിലും വീട് മുഴുവൻ കിലുക്കി ഓടി നടന്നിരുന്ന ആ കൊച്ചു കുറുമ്പി അവളുടെ ഉള്ളിൽ എന്നോടുള്ള പ്രണയത്തിന്റെ നാമ്പുകൾ താലോലിച്ചു വളർന്നത് ഞാൻ അറിഞ്ഞില്ല..

ജോലി കിട്ടി ചെന്നൈയിലേക്ക് പോയപ്പോഴും യാത്ര പറഞ്ഞവളുടെ അടുത്ത് ചെന്നപ്പോൾ വേദനയോടെ എന്റെ കണ്ണിലേക്കു നോക്കിയപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല…

ആ നീല മിഴികളിലെ നനവിനു പിന്നിലും നിറഞ്ഞു തുളുമ്പുന്ന പ്രണയം ഉണ്ടെന്ന്…ആറു മാസത്തിനു ശേഷം നാട്ടിലേക്ക് വന്നപ്പോൾ എല്ലാവരേക്കാളും സന്തോഷവും ഉത്സാഹവും ഗംഗയ്ക്കായിരുന്നു..

അമ്മയെ പോലെ തന്നെ എന്റെ ഇഷ്ടം വിഭവങ്ങൾ തയ്യാറാക്കാൻ അവളും കൂടുമായിരുന്നു..

അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മാവൻ എനിക്ക് വേണ്ടി ഒരു കല്യാണ ആലോചനകാര്യം പറഞ്ഞത്..

“നല്ല കൂട്ടരാണ്… കുട്ടിക്ക് ഒരു ഏട്ടൻ മാത്രേ ഉള്ളു അച്ഛനും അമ്മയും അവരുടെ ചെറുപ്പത്തിലേ മരിച്ചു… ഏട്ടനാണ് ആ കുട്ടിയെ പഠിപ്പിച്ചതും കാര്യങ്ങളൊക്കെ നോക്കി നടത്തി അവളെ ഒരു ടീച്ചർ ആക്കിയതും… എന്ത് കൊണ്ടും നമ്മുടെ ദേവന് ചേരും….”

അമ്മാവൻ പറഞ്ഞ വാക്കുകൾ എല്ലാവരുടെയും മുഖത്തു സന്തോഷത്തിന്റെ തിരിനാളം തെളിച്ചപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ ആരെയും കാണിക്കാതെ തൂണിന് പിന്നിൽ മുഖം മറച്ചു പിടിച്ചവളെ ആരും കണ്ടിരുന്നില്ല…

“ദേ അമ്മാവാ… ഇതാണ് കുട്ടി.. “എന്നും പറഞ്ഞു ഗംഗയുടെ ഏട്ടൻ ഗിരി അച്ഛനെ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചതും…

“നല്ല മിടുക്കി കുട്ടിയാട്ടോ… “എന്ന് അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞു… അത്രെയും മാത്രമേ ആ പാവം പെണ്ണിന് അഭിനയിക്കാൻ കഴിഞ്ഞുള്ളു…

ആരുടേയും കണ്ണിൽ പെടാതെ അവളുടെ മുറിയിലേക്ക് വേഗത്തിൽ നടക്കുക… അല്ല ഓടുകയായിരുന്നു അവൾ..

അന്ന് അത്താഴത്തിനു അവളെ കാണാതെ അനിയത്തിയോട് ചോദിച്ചപ്പോൾ

“ഗംഗേച്ചിക്ക് തലവേദനയ… “എന്നാണ് അവള് പറഞ്ഞത്..ശല്യപ്പെടുത്തണ്ടെന്ന് കരുതി ഞാൻ അവളുടെ അടുത്തേക്ക് ചെന്നതേയില്ല…

രാവിലേ അമ്പലത്തിൽ പോകുന്ന ശീലം ഇല്ലെങ്കിലും അന്നെന്തോ പോകണമെന്ന് തോന്നി.. രാവിലെ പോയി വരുന്ന വഴിക്ക് ഗംഗയെ കണ്ടു..

എന്നെ കണ്ടിട്ട് അവൾ മെല്ലെ ചിരിച്ചു.. തീരെ തെളിച്ചമില്ലാത്ത വിളറിയ ചിരി…

“എന്താ ഗംഗേ… നിനക്ക് എന്ത് പറ്റി…? ”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും..

“ഒന്നുമില്ല… തലവേദനയ…വേറെ കുഴപ്പമില്ല… “എന്നവൾ പറഞ്ഞു..ഒന്ന് മൂളികൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും അവളുടെ ശബ്ദം പിന്നിൽ നിന്നും കേട്ടു..

“ദേവേട്ടാ… എനിക്ക് കുറച്ച് സംസാരിക്കണം… തൊഴുതിട്ട് ഏട്ടന്റെ റൂമിലേക്ക് വരാം… “അത്രെയും പറഞ്ഞതും ഞാൻ തലയാട്ടി സമ്മതം മൂളി…

വീട്ടിലെത്തിയപ്പോഴാണ് ഗിരി അമ്മാവൻ പറഞ്ഞ പെൺകുട്ടിയുടെ ഫോട്ടോസ് എനിക്ക് തന്നത്..

“നീ നോക്കിയിട്ട് ഇത് കയ്യിൽ വെച്ചോ… ഞാൻ അത്യാവശ്യം ആയിട്ട് ഒന്ന് പുറത്ത് പോവാ.. ”

“ആട.. “അവൻ നീട്ടിയ ഫോട്ടോസ് ഞാൻ എന്റെ മേശപ്പുറത്തു വെച്ച് ഒന്ന് രണ്ട് കോളുകളും കഴിഞ്ഞ് വന്നപ്പോഴേക്കും ഗംഗയും എത്തിയിരുന്നു..

അവൾ മുറിയുടെ പുറത്ത് നിന്നുകൊണ്ടെന്നെ വിളിച്ചു..”ദേവേട്ടാ… എനിക്ക്… കുറച്ച് കാര്യം സംസാരിക്കാനുണ്ട്… ” അവൾ തല താഴ്ത്തി മടിച്ചു മടിച്ചു പറഞ്ഞു..

“അഹ്.. നീ എന്താ അവിടെ തന്നെ നിന്നത്… അകത്തേക്ക് വാടി… “ഞാൻ വിളിച്ചപ്പോഴേക്കും അവൾ ചുറ്റും കണ്ണോടിച്ചുകൊണ്ട് അകത്തേക്ക് കയറി…

ഞാൻ ബാല്കണിയിലേക്ക് ഇറങ്ങികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി…”എന്താ.. ഗംഗേ… എന്താ…. പറയാനുള്ളത്… “”അത്… “അവൾ ധാവണിത്തുമ്പിൽ കയ്യ് കോർത്തു വെപ്രാളപ്പെടുന്നുണ്ടായിരുന്നു..”എന്താ… സീരിയസ് ആണോ… “”മ്മ്… ”

“നിനക്ക് ആരേലും ഇഷ്ടാണോ…ഞാൻ അമ്മാവനോട് പറഞ്ഞു ശെരിയാക്കണോ… “ഞാൻ അത്രെയും പറഞ്ഞതും അവൾ തലയുയർത്തി എന്നെ അത്ഭുതത്തോടെ നോക്കി…

ആ നീല മിഴികൾ അനുസരണയില്ലാതെ നിറഞ്ഞു തുളുമ്പി… ഇരു ഗോളങ്ങളിൽ പരൽമീനുകൾ പിടയുന്നത് പോലെ ആ കൃഷ്ണമിഴികൾ എന്നിൽ ദൃഷ്ടി പതിപ്പിച്ചു…

“എന്താ… മോളെ… “അവളിലെ ഭാവമാറ്റം കണ്ടതും അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു..

“പറയെടാ… എന്താ… “ഞാൻ അവൾക്ക് അഭിമുഖമായി നിന്നതും ശ്വാസം വലിച്ചുവിട്ടവൾ പറഞ്ഞു തുടങ്ങി…

“എനിക്ക് ഒരാളെ… ഇഷ്ടാണ്… കുറച്ച് നാളായി… ഇഷ്ടാണ്… ആൾക്ക് അതറിയില്ല….. അങ്ങനയല്ല… ആൾക്ക് അറിയാമെന്നു കരുതിയ ഞാൻ ഇരുന്നത്…

ഇഷ്ടം പറയാൻ ഒരുങ്ങി വരുവായിരുന്നു…. പറയാൻ കഴിഞ്ഞില്ല…. ” അവൾ കണ്ണുകൾ അമർത്തി തുടച്ചു..

“മ്മ്… ഞാൻ ശെരിയാക്കാം.. ആളാരാ… എനിക്ക് അറിയുന്ന ആളാണോ…. നല്ല വീട്ടുകാരാണോ… “ഞാൻ മേശയ്ക്കരികിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു…

“മ്മ്… നല്ല ആളാണ്… എനിക്ക് ജീവനാണ്…സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അമ്മയും… ശാസിച്ചും സ്നേഹിച്ചും താലോലിക്കുന്ന ഒരു അച്ഛനും… എന്തിനും ഏതിനും കുറുമ്പുകാണിക്കുന്ന ഒരു കുട്ടി കുറുമ്പി അനുജത്തിയും… ”

“മ്മ്… നീ ഇപ്പഴും ആളാരാണ് എന്ന് പറഞ്ഞില്ലാട്ടോ ഗംഗേ…. “”അത്…. പാലോത്ത് നാരായണ മേനോന്റെ മകൻ… ദേവ നാരായണൻ… “അവൾ മുഖം താഴ്ത്തി പറഞ്ഞതും ഞാൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു…

“എന്താ…. ഗംഗേ… നീ പറഞ്ഞത്… “എനിക്ക് അവളുടെ വാക്കുകൾ വിശ്വസിക്കാനായില്ല…

“അതെ… ദേവേട്ടൻ…. തന്നെയാ…. എന്റെ മനസ്സിൽ… “അവൾ പറഞ്ഞു പൂർത്തിയാകുന്നതിനു മുന്പേ എന്റെ വിരലുകൾ അവളുടെ കവിളുകളിൽ പതിഞ്ഞു…

അടിയുടെ ആഗതത്തിൽ അവളൊന്ന് പിന്നോട്ടേക്ക് ആഞ്ഞു…”ശ്യെ…”ഞാൻ മുഖം തിരിച്ചു മേശയിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു…

“നിനക്ക്…. ഇങ്ങനെ ഒരു ഇഷ്ടം…. ഹ്ഹ…. “ദേഷ്യം വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു…

” ഞാൻ ഒരിക്കലും നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല… ഇത്രയും നാൾ ഇങ്ങനെ ഒരു കാര്യം നീ മനസ്സിൽ കൊണ്ടു നടന്നത് എന്തിനാണ്… എന്തിനാണ്…”

“ഹ്ഹ… എനിക്ക് കാണണ്ട നിന്നെ… ഈയൊരു ഇഷ്ടം ഞാൻ… എനിക്ക്.. ഒരിക്കലും അംഗീകരിക്കാൻ… ഹ്ഹ…. നീ പോയെ ഗംഗേ…. ”

എന്റെ ശബ്ദം ആ മുറിയാകെ മുഴങ്ങി കേട്ടു…”ദേവേട്ടാ…. “അവൾ ദയനീയമായി എന്നെ വിളിച്ചു..”ശ്… കേൾക്കണ്ട… എനിക്ക്… പോ… ”

അവളെ മുറിയിൽ നിന്നും പുറത്താക്കി വാതിൽ കൊട്ടിയടച്ചു….ഹൃദയം തകരുന്ന വേദനയോടെ കൊട്ടിയടക്കപ്പെട്ട വാതിലിനു മുൻപിൽ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിറ മിഴിയാലെ നിന്നവൾ..

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ ഗംഗയെന്നൊരു പെണ്ണ് എനിക്ക് ചുറ്റും ഉണ്ടെന്നത് ഞാൻ ഓർത്തില്ല… അല്ല അവളെ മനപ്പൂർവം ഒഴിവാക്കി…

അറിയാതെ പോലും എന്റെ ഒരു ദൃഷ്ടി അവളിലേക്ക് എത്താതിരിക്കാൻ ഞാൻ ആവളോം ശ്രെമിച്ചു.. തിരികെ ചെന്നൈയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു ഞാൻ..

എന്തെങ്കിലും ആവശ്യങ്ങളോ ചോദ്യങ്ങളോ ഗംഗ പ്രകടിപ്പിച്ചാൽ ഒന്നോ രണ്ടോ വാക്കുക്കളാൽ മറുപടി ചുരുക്കിയിരുന്നു…

ഇതെല്ലാം ആ പാവം പെണ്ണിനെ വേദനിപ്പിച്ചിരുന്നു എന്നെനിക്ക് അറിയാമായിരുന്നു… അവളുടെ ഉള്ളിലെ പ്രണയത്തെ അംഗീകരിക്കാൻ കഴിഞ്ഞില്ലെനിക്ക്…

ഒരിക്കലും അവളുടെ പ്രണയമെന്നോടാണെന്ന് കരുതിയിരുന്നില്ല…

“ദേവാ…. നിനക്ക് അച്ചാർ വേണമെന്ന് പറഞ്ഞില്ലേ… അത് ഗംഗ മോള് കൊണ്ട് വന്നിട്ടുണ്ട്… “അമ്മ താഴെ നിന്നും വിളിച്ചു പറഞ്ഞതും എനിക്ക് എന്തോ ദേഷ്യം പോലെ തോന്നി..

മുറിയുടെ പുറത്ത് കൊലുസിന്റെ ശബ്ദം കേട്ടതും തല ഉയർത്താതെ തന്നെ അറിയാമായിരുന്നു… അതവളാണെന്ന്…

“ദേവേട്ടാ…. “എത്രയോ ദിവസങ്ങൾക്കു ശേഷമാണ് അവളുടെ ശബ്ദം എന്റെ കാതുകളിലേക്ക് ഒഴുകി എത്തുന്നത്….

ഞാൻ പിന്തിരിഞ്ഞു വസ്ത്രങ്ങൾ പെട്ടിയിൽ എടുത്തു വെയ്ക്കുകയായിരുന്നു.. എന്റെ ശബ്ദം കേൾകാത്തതിനാലാവാം അവൾ വീണ്ടും വിളിച്ചു..

“ദേവേട്ടാ…. “വാതിൽ പടിയിൽ ചാരി നിന്ന് തല ഉയർത്താതെ തന്നെ അവൾ നിന്നു…”മ്മ്… എന്താ… “”ഇത് ഏട്ടന് കൊണ്ട് പോകാനുള്ളതാ…. ”

കയ്യിലിരുന്ന അച്ചാറിന്റെ കുപ്പി മേശയ്ക്കരികിൽ വെച്ചവൾ തിരിഞ്ഞു നടന്നു… പിന്നീട് എന്തോ ഓർത്തത് പോലെയവൾ മുറിയിലേക്ക് വന്നു…

“ഏട്ടന്…. എന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായിട്ടോ…. എന്റെ പൊട്ടബുദ്ധിക്ക്… ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി…. ശ്യെ… മോശായിപ്പോയല്ലേ….
അറിയാം… ” അവൾ സ്വന്തം തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു..

“ഹേയ്… ഏട്ടൻ അങ്ങനെ ഒന്നും ഒരിക്കലും ചിന്തിച്ചു കാണില്ല…. എല്ലാം എന്റെ തെറ്റാ… ഏട്ടന്റെ സ്ഥാനത് ആരായാലും ഇങ്ങനെ ഒക്കെ തന്നെ ചെയ്യൂ…. എനിക്ക് സങ്കടം ഒന്നുല്ല ട്ടോ…”

നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു കൃത്രിമമായ ഒരു പുഞ്ചിരി ധരിക്കാൻ ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞു..”ഏട്ടന്റെ അടുത്തേക്ക് ഇനി പ്രണയം… എന്നൊന്നും പറഞ്ഞു ഞാൻ വരില്ലാട്ടോ….

പിന്നെ ഈ മനസ്സിൽ കൊറേ ഇട്ടോണ്ട് നടന്നതാ…. അതാണ് ഇത്രേം വേദനിക്കേണ്ടി വന്നത്… വേണ്ടായിരുന്നു… സാരമില്ല… എനിക്ക് കുറച്ച് സമയം വേണ്ടി വരും… മറക്കാൻ… മറക്കാൻ… ശ്രെമിക്കാം… വേദനിപ്പിച്ചെങ്കിൽ.. ഷെമിക്കണേ…. ”

“ഇനിയും ഒരിക്കൽ കൂടി ഞാൻ വരില്ലാട്ടോ ദേവേട്ടാ…. എനിക്ക് വിധിച്ചിട്ടില്ലാന്ന് കരുതി ജീവിച്ചോളാം… ഒരിക്കലും..ഒരിക്കലും… ഗംഗ വരില്ല….. ”

അവൾ മുഖം പൊത്തികൊണ്ട് മുറിവിട്ടിറങ്ങുന്നത് ഞാൻ നോക്കി നിന്നു…യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും അവളെ എന്റെ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു… എന്തിനെന്നറിയാതെ ആ കരിനീല കണ്ണുകൾ എന്നെ ചുട്ടു പൊളിക്കുന്നുണ്ടായിരുന്നു…

കാർ എടുത്തു പാടം നികത്തിയ പുതിയ വഴിയിലൂടെ പോകുമ്പോഴും എവിടെ നിന്നോ.. അവളുടെ കാലിലെ നിറയെ മണികളുള്ള കൊലുസ്ന്റെ ശബ്ദം എന്റെ കാതുകളിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു..

ഒരു തീരുമാനമെടുക്കാനാകാതെ എന്റെ മനസ്സ് പിടയുകയായിരുന്നു…അവന്റെ കാർ കടന്നു പോകുന്നത് ദൂരെ നിന്നും കണ്ടുകൊണ്ടവളും മിഴിനീർ വാർത്തു…

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി… ഇടയ്ക്കിടെ അമ്മയെ വിളിക്കുമ്പോഴും അവളെ കുറിച്ചെന്തെങ്കിലും അമ്മ പറയുന്നുണ്ടോ എന്ന് കാതോർത്തിരിക്കും…

നാട്ടിൽ നിന്നും വന്നതിനുശേഷം അവളെക്കുറിച്ച് തന്നെയായിരുന്നു കൂടുതലും ആലോചിക്കുന്നത്.. എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു… അതെ ഞാനും അവളെ പ്രണയിക്കുകയാണ്…

ഒരു ദിവസം രണ്ടും കല്പിച്ചു അമ്മയോട് ചോദിച്ചു ഗംഗയെവിടെന്ന്..”അവൾ ഇവിടെ ഇന്നലെ വൈകീട്ട് വരെ ഉണ്ടായിരുന്നു… രാത്രി ഗിരിടെ കൂടെ ഏട്ടന്റെ അടുത്തേക്ക് പോയി… പോകുന്ന വഴിക്ക് വണ്ടിയിൽ നിന്നവളൊന്ന് വീണു… വേറെ കുഴപ്പം ഒന്നുമില്ല… ഇടത് കൈയിൽ പ്ലാസ്റ്റർ ഇട്ടു…. ”

അമ്മയുടെ വാക്കുകൾ കേട്ടതും എനിക്ക് അവളെ കാണാനും സംസാരിക്കാനും തോന്നി…

“മ്മ്… എന്നാൽ അമ്മ കിടന്നോ… എനിക്ക് കുറച്ച് വർക്ക്‌ ഉണ്ട്…. “എന്നും പറഞ്ഞു കോൾ കട്ട്‌ ചെയ്തു…

കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും നടന്നിട്ടും നിദ്ര ദേവി കടാക്ഷിച്ചില്ല… സമയം പതിനൊന്നു കഴിഞ്ഞു…

ഗംഗ ഉറങ്ങി കാണും… അവളെ വിളിക്കണോ… അവൾക്ക് എന്നോട് ദേഷ്യം ആയിരിക്കുമോ…

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്നെ അലട്ടികൊണ്ടിരിക്കുവായിരുന്നു….അവസാനം വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു… രണ്ട് റിങ് ആയതും ഞാൻ കോൾ കട്ട്‌ ചെയ്തു..

“വേണ്ടായിരുന്നു… “ഞാൻ കട്ടിലിലേക്ക് ഇരുന്ന് ഒരു കൈകൊണ്ട് തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു…

കുറച്ച് കഴിഞ്ഞതും ഫോൺ റിങ് ചെയ്യുന്നു… ഞാൻ എടുത്തു നോക്കിയതും ഗംഗ കോളിങ്….

ഒട്ടും ശങ്കിക്കാതെ ഞാൻ കോൾ അറ്റൻഡ് ചെയ്തു…ചെവിയോട് അടുപ്പിച്ചു…”ഹലോ…… ഗംഗേ…. ഇത് ഞാനാ ദേവൻ…. ”

മറുതലയ്ക്കൽ ശബ്ദം ഒന്നും കേള്കുന്നില്ലായിരുന്നു…”ഹലോ… ഗംഗേ….. “ഞാൻ വീണ്ടും വിളിച്ചതും മറുതലയ്ക്കൽ ഒരു ഏങ്ങലുയർന്നു…

“മോളെ… നീ കരയുവാണോ….. “”മഹ്ഹ്… ഇല്ല ദേവേട്ടാ…. എത്ര നാളായി ഈ ശബ്ദം ഒന്നു കേട്ടിട്ട്…. പെട്ടെന്ന് കേട്ടപ്പോൾ…. അറിയാതെ കരഞ്ഞു പോയതാ…. “അവളുടെ ആ നിഷ്കളങ്കതയാണ് അവനെ ഒന്നുകൂടെ അവളിലേക്ക് അടുപ്പിച്ചത്…

“മ്മ്… സാരില്ല…. വേദനയുണ്ടോ…. “”കൈ ചെറുതായിട്ട് വേദനയുണ്ട്…. മനസ്സിന് അതിനേക്കാൾ വേദനയാ…. “”എന്നോട് നിനക്ക് ദേഷ്യം ആണോ… ഗംഗേ…? ”

“ഏയ്… എന്താ ദേവേട്ടൻ പറയുന്നത്… ദേഷ്യമോ… ഗംഗയ്ക്ക് അങ്ങനെ ദേവേട്ടനോട് ദേഷ്യം കാണിക്കാൻ പറ്റോ…. അതിനെനിക്ക് കഴിയില്ലാട്ടോ….. ”

“മ്മ്…. പിന്നെ അമ്മാവനൊക്കെ എവിടെ…? “”അവരൊക്കെ കിടന്ന്… ഞാൻ ഇങ്ങനെ ഉറങ്ങാനായിട്ട് ഇരിക്കുവായിരുന്നു അപ്പോഴാ കോൾ കണ്ടത്… വിശ്വസിക്കാനായില്ല….

ഏട്ടന് എന്നോട് വെറുപ്പും ദേഷ്യവും ആയിരിക്കുമെന്ന ഞാൻ കരുതിയെ… ഇപ്പോ ഈ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നുന്നു…. ”

അറിയുകയായിരുന്നു ഞാൻ ആ പെണ്ണിനെ… അവളുടെ മനസിനെ…
അൽപ നേരം അവളോട് സംസാരിച്ചു കോൾ വെച്ചപ്പോൾ ഞാൻ ചിലത് മനസ്സിൽ കണക്കു കൂട്ടിയിരുന്നു…

അടുത്ത ലീവിന് നാട്ടിൽ എത്തിയപ്പോൾ അവൻ മനസ്സിൽ ചിലത് കണക്ക് കൂട്ടിയിരുന്നു.. അവന്റെ മനസ്സിലുള്ളത് പാലോത്ത് തറവാട്ടിലുള്ളവർ എല്ലാവരും അറിഞ്ഞിരുന്നു ഗംഗ ഒഴികെ…

തറവാടിന്റെ മുന്നിൽ പന്തലുയർന്നതും ചുറ്റും പൂക്കളും അലങ്കാരങ്ങളും കണ്ടിട്ടും ഒന്നും മനസ്സിലാവാതെ ഗംഗ എല്ലാവരെയും ഉറ്റുനോക്കി…

“എന്താ ഇവിടെ നടക്കുന്നത്…. “അവൾ പന്തലിലേക്ക് കണ്ണോടിച്ചുകൊണ്ട് മുതിർന്നവരോടായി ചോദിച്ചു…

“ആഹ്… ഇന്ന് ദേവൻ വരുന്നു… നാളെ ഒരു വിശേഷം നടക്കാൻ പോകുവല്ലേ…. “കള്ള ചിരിയോടെ ഗിരി ഗംഗയോട് പറഞ്ഞു….

“വിശേഷോ…. എന്ത് വിശേഷമാ ഏട്ടാ… “സംശയത്തോടെ അവൾ ചോദിച്ചതും അവൻ അവളെ അടുത്തേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു..

“അതോ… അന്ന് അച്ഛൻ കാണിച്ചൊരു കുട്ടിയില്ലേ.. ആ കുട്ടിയുമായിട്ട് നമ്മുടെ ദേവന്റെ കല്യാണമാണ്… നിനക്ക് ഒരു സർപ്രൈസ് ആവട്ടേന്ന് കരുതിയ… നിന്നോട് പറയാതിരുന്നത്…. ”

അവൻ കള്ള ചിരിയോടെ പറഞ്ഞതും എല്ലാം നഷ്ടപ്പട്ടത് പോലെ തോന്നി ഗംഗയ്ക്ക്…

“എന്നോടെന്തേ പറയാതിരുന്നത്….” വിറയൽ മറച്ചുവെച്ചുകൊണ്ടവൾ വീണ്ടും ചോദിച്ചു…

“എല്ലാം പെട്ടന്ന് പ്ലാൻ ചെയ്തതാ… ആ കുട്ടീടെ വീട്ടുകാർക്കൊക്കെ സമ്മതം…. പിന്നെ നിനക്ക് സർപ്രൈസ് ആകട്ടേയെന്ന് ദേവനാ പറഞ്ഞത്… ”

“എന്നെ വേദനിപ്പിക്കാനാണോ ദേവേട്ടാ… എനിക്ക് ഇങ്ങനെയൊരു സർപ്രൈസ്…. “മനസ്സിൽ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു…

മെല്ലെ പുഞ്ചിരിച്ചുകൊണ്ട് മുകളിലെ മുറിയിലേക്ക് ഓടുവായിരുന്നു…മുറിയിൽ കയറി കതകടച്ചു തലയിണയിൽ മുഖമമർത്തി കരയുമ്പോഴും ശബ്ദം പുറത്തേക്ക് കടക്കാതിരിക്കാൻ അവളേറെ പ്രയാസപ്പെട്ടിരുന്നു…

അൽപ നേരത്തിനു ശേഷം കഥകിലാരോ തട്ടുന്ന ശബ്ദം കേട്ടതും വേഗം കണ്ണുകൾ തുടച്… വാതിൽ തുറന്നു…

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം പകച്ചു പോയി..”ദേവേട്ടൻ…. “കണ്ണുകൾ കൂടുതൽ വിടർന്നു..

“അറിഞ്ഞോ നീ…. നാളെ നടക്കാനിരിക്കുന്ന വിശേഷം… “അവൻ നിറഞ്ഞ ചിരിയോടെ പറഞ്ഞതും…

തകർന്ന ഹൃദയം കൂടുതൽ ആഴത്തിൽ മുറിഞ്ഞു അതിൽ നിന്നും രക്തം കിനിഞ്ഞൊഴുകുന്നതായി തോന്നിയവൾക്ക്…

ഒന്നു മൂളികൊണ്ടവൾ തലയാട്ടി…”ഇതാ… നിനക്കാണ്…. “ഒരു പൊതി അവൾക്കു നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു…

“എന്റെ കല്യാണത്തിന്… നീ ഇത് ഉടുത്തു വരണം.. “മെല്ലെ അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞതും…

ആ നിമിഷം മരിച്ചുപോയിരുന്നെങ്കിൽ എന്ന അവൾ അതിയായി ആഗ്രഹിച്ചിരുന്നു…അവനൊരു വിളറിയ പുഞ്ചിരി നല്കിയവൾ മുറിയിലേക്ക് കയറി കതകടച്ചു നിലത്തേക്ക് ഊർന്നു ഇറങ്ങി..

“എന്നെ എന്തിനാ ഈശ്വര ഇങ്ങനെ വേദനിപ്പിക്കുന്നത് “അവൾ ആ തറയിലേക്ക് ഇരുന്നുകൊണ്ട് സ്വയം ശപിച്ചു..

എത്ര നേരം ആ ഇരിപ്പു തുടർന്നെന്നവൾക്ക് അറിയില്ല, തനിക്കു ചുറ്റുമുള്ള മുഖങ്ങളിൽ സന്തോഷത്തിന്റെ തിരി നാളങ്ങൾ അവൾ കൺനിറയെ കാണുന്നുണ്ടായിരുന്നു..

രാത്രി കരഞ്ഞു കരഞ്ഞു എപ്പോഴോ ആ പെണ്ണ് ഉറങ്ങി പോയിരുന്നു..അതി രാവിലെ കുടുംബത്തിലെ എല്ലാ സ്ത്രീകളും കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു വരണമെന്ന് അമ്മായി പറഞ്ഞതോടെ ഗംഗയും ഒരുങ്ങി.. അമ്മായി ഏല്പിച്ച പൊതിയിലെ കസവു സാരി ആയിരുന്നു അവളുടെ വേഷം..

കുളിച്ചു ഈറൻ മുടി കുളിപ്പിന്നലിട്ട് ഒരു തുളസിത്തണ്ടു മുടിയിൽ തിരുകി വെച്ച് കണ്ണിൽ മഷിയിട്ടു കാതിൽ കമ്മലും കഴുത്തിൽ എപ്പോഴുമുള്ള സ്വർണ മാലയും..

“ഗംഗ ഇനി ആർക്കുമുന്നിലും തോറ്റ് കൊടുക്കില്ല…”കണ്ണാടിയിലെ പ്രതിബിംബത്തോട് പറഞ്ഞുകൊണ്ടവൾ ഏട്ടന്റെ കയ്യും പിടിച്ചു കുടുംബ ക്ഷേത്രത്തിലേക്ക് നടന്നു..

പോകുന്ന വഴിയേ ദേവേട്ടനെ കണ്ടോന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല, നമ്മുടെ വേദന നമ്മൾ മാത്രം അറിഞ്ഞാൽ പോരെ..

കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ടയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ഗംഗയ്ക്ക് ഒരേയൊരു പ്രാര്ഥനമാത്രമേ ഉണ്ടായിരുന്നുള്ളു

“ദേവേട്ടന് നല്ലത് മാത്രം നടക്കണേ ഭഗവതി…”കണ്ണുകൾ കൊട്ടിയടച്ചു നിറഞ്ഞ മനസ്സോടെ അവൾ പ്രാർത്ഥിച്ചു..

കഴുത്തിലൂടെ എന്തോ ഇഴഞ്ഞു നീങ്ങിയാതായും അടുത്താരോ നിൽക്കുന്നതായും തോന്നിയപ്പോൾ ആണ് അവൾ കണ്ണ് തുറന്നു നോക്കിയത്..

തന്റെ കഴുത്തിൽ കിടക്കുന്ന ആലില താലിയും സീമന്ത രേഖയിൽ ചുവപ്പേകാനായി ഒരു നുള്ള് കുംകുമം കയ്യിൽ കരുതി നിൽക്കുന്ന ദേവേട്ടനും…

തൊട്ടടുത്ത നിമിഷം തന്നെ ദേവേട്ടൻ തന്റെ സീമന്ത രേഖയെ ചുവപ്പിച്ചു..
തനിക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാതെ അവൾ എല്ലാവരെയും മാറി മാറി നോക്കി..

“ദീർഘ സുമംഗലി ഭവ “കൂടി നിന്നവരെല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞതും നടക്കുന്നത് സ്വപ്നമാണോ എന്ന് ആലോചിച്ചു ഞാൻ നിന്ന്..

“സ്വപ്നമൊന്നും അല്ല ശെരിക്കും ഞാൻ നിന്നെ കല്യാണം കഴിച്ചതാ…”കള്ള ചിരിയോടെ ദേവേട്ടൻ പറഞ്ഞതും ഞാൻ ആ നെഞ്ചിലേക്ക് ഇടിച്ചു..

കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചു,ഞാൻ വീണ്ടും ദേവേട്ടന്റെ നെഞ്ചിലേക്ക് ഇടിച്ചുകൊണ്ടേ ഇരുന്നു

“ആഹ് വേദനിക്കുന്നേടി “”വേദനിക്കട്ടെ എന്നെ കുറെ വേദനിപ്പിച്ചതല്ലേ..” കണ്ണുകൾ ഈറനണിയുന്നതിനിടയിലും ഞാൻ പറഞ്ഞു..

“എന്റെ കുഞ്ഞിന്റെ മനസ്സ് അറിയാത്തവരാണ് ഞങ്ങളെന്ന് കരുതിയോ ..”

അച്ഛൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് തോന്നിയ സന്തോഷം എത്ര വലുതാണെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ ആകുന്നുണ്ടായിരുന്നില്ല…

“നിങ്ങൾ പതിയേ വീട്ടിലേക്ക് വന്നാൽ മതി ഞങ്ങൾ നടക്കുവാ ദേവ “എന്നും പറഞ്ഞുകൊണ്ട് ഗിരി എല്ലാവരെയും ആയി അമ്പലത്തിൽ നിന്നും ഇറങ്ങി..

“എന്നെ ദേവേട്ടന് ഇഷ്ടായിരുന്നോ “താലിമാല കയ്യിലെടുത്തവൾ ചോദിച്ചതും അവൻ കണ്ണ് ചിമ്മി കാണിച്ചു..

“മ്മ്..ആയിരുന്നു അറിയാൻ വൈകി പോയി…പിന്നെ അറിഞ്ഞപ്പൊയിൽ നിനക്ക് ഒരു സർപ്രൈസ് ആകട്ടെന്ന കരുതി…അതാ വന്നപാടെ എടിപിടീന്ന് കല്യാണം നടത്തിയത്..

ഇന്ന് നമ്മളുടെ കല്യാണമാണെന്ന് നീ ഒഴികെ എല്ലാര്ക്കും അറിയാമായിരുന്നു… കൊറേ നാൾ എന്നോടുള്ള പ്രേമം ഉള്ളിലിട്ടുണ്ട് നടന്നതല്ലേ പൊന്നുമോൾ അപ്പൊ ഇത്രെയെങ്കിലും ഞാനും ചെയ്യണ്ടേ …”

“ആ ഒരുപെണ്ണിന്റെ സമ്മതമില്ലാതെ അവളെ ബലം പ്രയോഗിച്ചു താലികെട്ടുന്നത് തെറ്റാണെന്ന് അറിയില്ലേ “കള്ളാ ഗൗരവത്തോടെ പറഞ്ഞതും മീശ പിരിച്ചവൻ അവളെ അടിമുടി നോക്കി

“നിനക്ക് ഇത്രേം നാക്കോ ?””ആഹ് എന്താ “”ഒന്നുല്ലേ “എന്നും പറഞ്ഞവൻ അവളെ തന്നോട് ചേർത്ത് നിർത്തി,

“ദേ ദേവേട്ടാ അമ്പലമാണ് പ്രശ്നം ഉണ്ടാക്കല്ലേ…””ഇല്ല പ്രശ്നം ഇപ്പൊ ഉണ്ടാക്കുന്നില്ല ഇനി ഇപ്പൊ സൗകര്യം പോലെ ഉണ്ടാക്കാലോ”അവൻ കള്ളാ ചിരിയോടെ പറഞ്ഞതും അവളുടെ കവിളുകൾ ചുവപ്പ് രാശി പടർത്തി..

തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും അവന്റെ കരം അവളെ ചേർത്ത് പിടിച്ചിരുന്നു..

“ഇനി എനിക്ക് നിന്നെ പ്രണയിക്കണം ഗംഗേ…എന്റെ മാത്രം പെണ്ണിനാവകാശപെട്ട എന്റെ പ്രണയം മുഴുവൻ നിനക്ക് നല്കണമെനിക്ക് ..”

അവളെ ചേർത്ത് നിർത്തിയവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തിയിപ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു..

അപ്പോൾ അവരെ അനുഗ്രഹിച്ചു കൊണ്ട് പ്രകൃതിയുടെ വെള്ളകൊലുസുകളും മുത്തുകൾ പൊഴിച്ച് തുടങ്ങിയിരുന്നു.. ആ മഴയിലവരങ്ങനെ ചേർന്നുനിന്നു.. പുതിയൊരു വസന്തം വരവേൽക്കാനായി..

Leave a Reply

Your email address will not be published. Required fields are marked *