അച്ഛന്റെ മകൾ
(രചന: Sarya Vijayan)
“ഇനിയും അവന്റെ കൂടെ തന്നെ ജീവിക്കണം എന്നാണോ? ഇനിയെങ്കിലും എല്ലാം വിട്ടെറിഞ്ഞു നിനക്ക് നിന്റേതായ രീതിയിൽ ജീവിച്ചു കൂടെ..”
നിർവികാരതയോടെ നന്ദിത ഗംഗയെ നോക്കി.”എന്താ നന്ദു നീ ഒന്നും പറയാത്തത്.”കൈയ്യിലിരുന്ന ചായ കപ്പ് ടേബിളിൽ വച്ചു നന്ദിത ഗംഗയെ നോക്കിയൊന്നു ചിരിച്ചു.
“ഞാൻ എന്ത് പറയാൻ..””നീ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ നന്ദു. എല്ലാ കാര്യങ്ങളിലും നിനക്ക് നിന്റേതായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നില്ലേ.. എന്നുമുതലാണ് നിനക്ക് ഒന്നിനും മറുപടി ഇല്ലാതായത്.”
“യൗവനത്തിന്റെ ചോരത്തിളപ്പിൽ പറന്നു നടന്നിരിന്ന ഇരുപതുകാരിയല്ലല്ലോ ഞാനിപ്പോൾ ഭാര്യയും ആറും നാലും വയസുള്ള രണ്ടു പെണ്കുട്ടികളുടെ അമ്മയാണ്.”
“പെണ്കുട്ടികളുടെ അമ്മയായാൽ സ്വന്തം ആദര്ശങ്ങൾക്കും നിലപ്പാടുകൾക്കും മാറ്റമുണ്ടാകുമോ??”
“ഞാൻ പോകട്ടെ ഗംഗ. ദേവുവും ദിയയും വരാറാകുന്നു. എന്നെ വീട്ടിൽ കണ്ടില്ലെങ്കിൽ പേടിക്കും.”
അതും പറഞ്ഞു ബാഗുമെടുത്തു ഇറങ്ങി.
കോഫി ഷോപ്പിൽ നിന്നിറങ്ങിയാൽ നേരെ കാണുന്നത് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡാണ്.
അവിടെ ആദ്യം കിടന്ന ബസിൽ കയറി. വർക്കിങ് ഡേ ഈ സമയങ്ങളിൽ പൊതുവെ ബസ്സിൽ തിരക്കും കുറവായിരുന്നു. വാച്ചിൽ സമയം 2.30.
അരമണിക്കൂർ കൊണ്ട് വീട്ടിൽ എത്താം അപ്പോഴേയ്ക്ക് അവർ വരുകയും ചെയ്യും. ബസിൽ ഡ്രൈവർ സീറ്റിന് പിന്നിലായി വിൻഡോ സീറ്റിൽ ഇരുന്നു.
ചെറു ചൂടും തണുപ്പുമുള്ള ഒരു കാറ്റു മുടിയിഴകളെ പതിയെ തലോടി കടന്നു പോയി. ഒപ്പം അവ പത്തു വർഷം പിറകിലേയ്ക്ക് ഓർമ്മകളെ വലിച്ചിഴച്ചു.
“‘അമ്മ.. അച്ഛനോട് ഒന്നു പറ അമ്മ എനിക്ക് ദേവേട്ടൻ മതി. ദേവേട്ടനെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല.”
അമ്മ നിശ്ശബ്ദതമായി കുറച്ചു നേരം ഒന്നു നോക്കി നിന്നു. ഒന്നും പറഞ്ഞില്ല എങ്കിലും കണ്ണു നിറഞ്ഞിരുന്നു.
ദേവേട്ടന്റെ മുഖം മനസിൽ തെളിഞ്ഞപ്പോൾ ആ കണ്ണീരു ഞാൻ കണ്ടില്ലെന്നു നടിച്ചു.
അമ്മ അച്ഛനോട് എന്ത് പറഞ്ഞുവെന്നറിയില്ല. കുറച്ചു നേരം കഴിഞ്ഞു റൂമിലേയ്ക്ക് അച്ഛൻ വന്നു. കട്ടിലിൽ അലസമായി കിടന്നിരുന്ന എന്റെ അടുക്കൽ വന്നിരുന്നു.
അഴിഞ്ഞു കിടന്ന മുടിയിൽ പതുക്കെ തലോടി. ഞാൻ ഒന്നു മുഖമുയർത്തി അച്ഛനെ നോക്കിയ ശേഷം എഴുന്നേറ്റിരുന്നു.
“ഇത്രയും കാലം ഞാൻ എന്റെ മക്കളെ വളർത്തിയത് ഒന്നും പ്രതീക്ഷിച്ചിട്ടല്ല.”എന്റെ മുഖത്തു നോക്കാതെ തന്നെ അച്ഛൻ തുടർന്നു.
“പെണ്മക്കൾ ആയതു കൊണ്ട് പതിനെട്ടു വയസ്സിൽ കെട്ടിച്ചു വിട്ടു ഭാരം ഒഴിക്കണമെന്നും ഞാൻ കരുതിട്ടില്ല. അടുക്കളയിൽ കിടന്നു നരകിക്കാനുമല്ല പെണ്കുട്ടികൾ.
അതാണ് നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും വിറ്റു പറക്കിയാണെങ്കിലും ഞാൻ പഠിപ്പിക്കാമെന്നു പറഞ്ഞതും. ഇതുവരെ നിങ്ങളെ പഠിപ്പിച്ചതും.”
കുറച്ചു നേരത്തേയ്ക്ക് അച്ഛൻ ഒന്നും മിണ്ടിയില്ല. വീണ്ടും തുടർന്ന്.”എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തീരുമാനവും കാഴ്ചപ്പാടും എന്റെ മക്കൾക്ക് ഉണ്ടാവണമെന്നും എനിക്കും ഉണ്ടായിരുന്നു. അത് നിങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാവുമെന്നും എനിക്കറിയാം.
പക്ഷെ ശരിക്കുള്ള ജീവിതവും ജീവിതാനുഭവങ്ങളും നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ പാളി പോയേക്കാം.
ഞങ്ങൾ പറയുന്ന ആളെ തന്നെ മക്കൾ വിവാഹം കഴിക്കണമെന്ന് ഏതൊരു അച്ഛനേയും അമ്മയെയും പോലെ ഞങ്ങൾക്കും ഉണ്ടാവും. അത് ഞങ്ങളുടെ സ്വാർത്ഥത.
ഇത്രയും പറഞ്ഞു അച്ഛൻ എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു. വാതിലിൽ ചെന്നിട്ടു ഒന്നു തിരിഞ്ഞു നിന്നു.
“തീരുമാനം എന്തു വേണമെങ്കിലും എടുക്കാം. പീന്നിട് ഒരിക്കൽ പോലും അത് വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ ഉണ്ടായാൽ….
എന്റെ മോളു ജീവിതത്തിൽ തോറ്റു പോകും. അത് ചിലപ്പോൾ ഈ അച്ഛന് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല.”
കണ്ണുകൾ നിറഞ്ഞു വാക്കുകൾ അതിൽ ഒഴുകി താഴേയ്ക്ക് വീണു. അധികം ഒന്നും പറയാതെ അച്ഛൻ പോയി.
ദേവേട്ടനോളം നല്ലൊരാൾ ഇനി എനിക്ക് കിട്ടാനില്ല. തീരുമാനത്തിന് ഒരു മാറ്റവുമില്ല അച്ഛനോടും അമ്മയോടും പറഞ്ഞു.
ഒടുവിൽ അച്ഛൻ എന്റെ കൈ പിടിച്ചു ദേവേട്ടന്റെ കൈകളിൽ ചേർത്തു വെച്ചു.ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ചിന്തകൾക്ക് വിട നൽകിയത്.
ബസിൽ നിന്നിറങ്ങി കുറച്ചു നടക്കേണ്ടിയിരുന്നു. ഓട്ടോ കിട്ടിയില്ല പതുക്കെ നടന്നേക്കാം.
“എന്താണെന്റെ ദേവേട്ടന് സംഭവിച്ചതെന്ന് അറിയില്ല. എത്ര നാളായി ഞാൻ അദ്ദേഹത്തോട് ഒന്നു നന്നായി സംസാരിച്ചിട്ടു. ആ നെഞ്ചിൽ തലചായ്ച്ചൊന്നു എന്റെ എന്റെ വേദനകൾ മറന്നിട്ടു.”
ദേവേട്ടനെ തന്നെ വേണമെന്ന് വാശി പിടിച്ചപ്പോൾ കാരണം തിരക്കിയിരുന്നു.”അച്ഛനെ പോലെ തന്നെയാ അച്ഛാ ദേവേട്ടനും. എനിക്ക് ദേവേട്ടനെ മതി.”അന്ന് അച്ഛനോട് പറഞ്ഞ വാക്കുകൾ.
“ഇന്നും തിരുത്തുന്നില്ല. എന്റെ അച്ഛൻ എനിക്ക് എന്നത് പോലെ തന്നെ എന്റെ മക്കളുടെ ഏറ്റവും നല്ല അച്ഛനാണ് ദേവേട്ടൻ….”
“പ്രേമിച്ചു നടന്ന നാളിൽ നല്ലൊരു നല്ല കാമുകനും എന്നാൽ ഭർത്താവെന്ന നിലയിൽ എന്നെ ദേവേട്ടൻ തോറ്റിരിക്കുന്നുവോ.”
കണ്ണുകൾ നിറഞ്ഞിട്ടു ഇരുട്ടു കേറുന്ന പോലെ.സ്വന്തം ഭർത്താവിന്റെ കുറ്റവും കുറവും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു അദ്ദേഹത്തെ മോശക്കാരൻ ആക്കാനും വയ്യ. ഒടുവിൽ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഗംഗയോട് പറഞ്ഞത്.
അവള് പറയും പോലെ വെറുക്കാൻ ആയിരം കാരണങ്ങൾ ഉണ്ട്. പക്ഷെ ഇപ്പോഴും സ്നേഹിക്കുന്നതിനുള്ള കാരണം അറിയില്ല.
എനിക്ക് ഇപ്പോഴും സ്നേഹമാണോ അദ്ദേഹത്തോട്?അതോ എനിക്ക് തെറ്റിട്ടില്ല കാണിച്ചു കൊടുത്തു മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നിൽക്കാനുള്ള പെടപ്പാടോ?
അതോ ലോകത്തിലെ ഏറ്റവും നല്ല അച്ഛനെ മക്കളിൽ നിന്നും വേര്പിരിക്കേണ്ട എന്ന ഒരു അമ്മയുടെ ത്യാഗമോ?”
ഒട്ടും സഹിക്കാൻ വയ്യാതെയാണ് ദേവേട്ടനോട് എല്ലാം തുറന്നു സംസാരിക്കാമെന്നു കരുതി ഇന്നലെ രാത്രി.
“ദേവേട്ട”മ ദ്യ ത്തിന്റെ രൂക്ഷമായ ഗന്ധം എന്നെ തികച്ചും അലോസരപ്പെടുത്തി.ഫയലുകൾ നോക്കുന്നതിനിടയിൽ ഉയർന്നു നോക്കാതെ തന്നെ .”ഉം…എന്നൊന്ന് മൂളി.
“ദേവേട്ടന് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ??””എനിക്ക് നിന്നോട് എന്ത് ദേഷ്യം.””എന്റെ മുഖത്തു നോക്കി പറ എന്നോട് ഒരു ദേഷ്യവുമില്ലെന്നു.”
എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് കൈയ്യിലിരുന്ന ഫയൽ ടേബിളിൽ വെച്ചു ദേഷ്യത്തോടെ അടുത്തേയ്ക്ക് വന്നു.
“നന്ദിനി നിനക്കെന്താണ് വേണ്ടത്?””ഓഹ്..നന്ദിനി. നന്ദു മറന്നതാവുമല്ലേ. അത് വേണ്ട കുറെ നാളുകൾക്ക് ശേഷം ഇതെങ്കിലും ഒന്നു കേട്ടല്ലോ.”
കുറച്ചു നേരം പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടില്ല.”ദേവേട്ടനെ എന്നു മുതലാണ് മ ദ്യം ഇങ്ങനെ കുടിക്കാൻ തുടങ്ങിയത്. ഞാൻ അറിഞ്ഞിരുന്ന എന്റെ ദേവേട്ടൻ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ.”
“നീ എനിക്ക് കുറച്ചു സ്വസ്ഥത തരുമോ??
നീ പറയും പോലെ എന്നും വന്നു നിന്നെ കെട്ടിപിടിച്ചുറങ്ങാൻ പറ്റില്ല.
എനിക്ക് ഒരുപാട് ഒരുപാട് ടെന്ഷന്സും വർക്ക് ലോഡും ഒക്കെ ഉണ്ട്. അതിന്റെ ഇടയിൽ ഇങ്ങനെയൊക്കെ എന്നെ ഒന്ന് ഉപദ്രവിക്കാതിരിക്കാൻ പറ്റുമോ?
എല്ലാം കൂടി എനിക്ക് കെട്ടി ചുമന്നോണ്ടു നടക്കാൻ ഒന്നുമല്ല നിനക്ക് കുട്ടികൾക്കും കൂടി വേണ്ടി തന്നെയാണ് ഞാൻ ഈ രാപകൽ ഇല്ലാതെ ഓടി നടക്കുന്നത്. അതൊന്നു മനസിലാക്കാൻ പറ്റുമോ?”
ഇത്രയും പറഞ്ഞു ദേവേട്ടൻ പോയി കിടന്നു.കു ടിയും വ ലിയും വീട്ടിൽ എന്തെങ്കിലും ചോദിച്ചാലുള്ള ഈ ദേഷ്യപ്പെടലും ഇനിയും താങ്ങാൻ വയ്യ.
ദേവേട്ടൻ സ്നേഹിച്ചിരുന്നപ്പോഴുള്ള ആ ഞാൻ തന്നെയല്ലേ ഇപ്പോഴും…..
ആകെ വന്ന മാറ്റം വയറ്റിലെ ഈ സ്ട്രേച്ച് മാർക്ക് മാത്രമാണ്. അതാണെങ്കിൽ ഞങ്ങളുടെ സ്നേഹത്തിന്റെ ചിഹ്നവും.
ജീവിത പങ്കാളിയിൽ നിന്നും കിട്ടേണ്ടുന്ന സ്നേഹം കിട്ടാതെ വരുമ്പോഴാണല്ലേ സ്നേഹം തേടി മറ്റുള്ളവരെ തിരയുന്നതെന്നു ദേവേട്ടൻ തന്നെ കാമുകനായിരുന്നപ്പോൾ എന്നോട് പലകുറി പറഞ്ഞിട്ടുണ്ട്.
അദ്ദേഹം ഒരിക്കലും മറ്റാരെയും തേടി പോകില്ല അതെനിക്ക് ഉറപ്പാണ് എനിക്ക് വേണ്ടിയല്ലെങ്കിലും ഞങ്ങളുടെ മക്കൾക്ക് വേണ്ടിയെങ്കിലും.
ഗേറ്റ് തുറന്നു താക്കോലെടുത്തു വീട് തുറന്നപ്പോൾ ആദ്യം കണ്ടത് എന്നെ നോക്കി ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയാണ്.
ആ പുഞ്ചിരിക്കുന്ന മുഖത്തു നോക്കി ഞാൻ എന്റെ കണ്ണീരിനെ പിടിച്ചു വെച്ചു.”ഞാൻ തോൽകില്ല അച്ഛാ..ചിതലരിച്ചു തുടങ്ങിയ എന്റെ ജീവിതം ഞാൻ തന്നെ മടക്കിയെടുക്കും എന്റെയച്ഛൻ ജയിക്കാൻ..”
“അമ്മേ”ദിയ ഓടി വന്നെന്നെ കെട്ടി പിടിച്ചു. കണ്ണീരിനെ എനിക്കുള്ളിലെ ‘അമ്മ തന്നെ ഭസ്മമാക്കി എന്ന പോലെ എന്റെ മക്കളെയും ചേർത്തു പിടിച്ചു ഞാൻ വീട്ടിനുള്ളിലേയ്ക്ക് നടന്നു നീങ്ങി .എന്റെ ദേവേട്ടനെ എന്നിലേയ്ക്ക് തിരികെ നേടുമെന്ന പ്രതീക്ഷയോടെ..