ഒന്നുമില്ലാത്ത നിന്നെ കെട്ടുന്നതിലും എന്ത് കൊണ്ടും എനിക്ക് നല്ലത് പേര് കേട്ട ബിസ്നെസ്സ് മാൻ രാജീവന്റെ മകളെ കല്യാണം കഴിക്കുന്നത് തന്നെയാണ്,

ദിവ്യ
(രചന: Sarath Lourd Mount)

“കടലോളം” പറയാൻ കഥകളുണ്ടെനിക്ക്
പുഴപോലത് കേട്ടിരിക്കാൻ നീയൊപ്പമുണ്ടെങ്കിൽ പെണ്ണേ……

കൈകളിൽ ചുരുട്ടിപിടിച്ചിരുന്ന ആ കടലാസിൽ ചുവന്ന മഷിയിൽ കുറിച്ചിരുന്ന ആ വാക്കുകൾ വായിക്കവേ ദിവ്യയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു .

പിന്നെ,… പിന്നെ എന്തേ …എന്നെ തനിച്ചാക്കി പോയി???അവൾ ആരോടെന്നില്ലാതെ ചോദിച്ചു. സ്വയം തീർത്ത തടവറയ്ക്കുള്ളിലിൽ ഓർമകൾ വീണ്ടും വേട്ടയാടാൻ തുടങ്ങിയപ്പോൾ അവൾ ഉറക്കെ അലറിക്കരഞ്ഞു.

കൊണ്ടുവന്നതിലും കൂടിയിട്ടുണ്ടെന്നാ തോന്നുന്നെ.
ഭ്രാന്താശുപത്രിയുടെ ആ ഇരുണ്ട മുറിക്ക് പുറത്ത് അവളുടെ നിലവിളി കേട്ട ജീവനക്കാർ ചിരിച്ചുകൊണ്ട് പറഞ്ഞു .

അവർക്ക് കണ്ടു പഴകിയ ഒരുപാട് പേരിൽ ഒരാൾ മാത്രമായിരുന്നു ദിവ്യ. എന്നാൽ ഈ ഇരുണ്ട മുറിക്കുള്ളിൽ അലറിക്കരയുന്ന ഭ്രാന്തി എന്നതല്ലാതെ അവരാരും അറിയാത്ത ഒരു ഭൂതകാലം അവൾക്കുണ്ടായിരുന്നു.

ഒരിക്കലും കണ്ണുകൾ നിറയാത്ത, എന്ത് സങ്കടത്തിലും ചിരിച്ചു മാത്രം ശീലിച്ച പെണ്ണ്, ആനാഥത്വത്തിലേക്ക് വലിച്ചെറിഞ്ഞ് പോയവരോട് പോലും പരാതിയില്ലാതെ ജീവിതത്തോട് പടപൊരുതിയവൾ.

അവൾക്ക് വേണ്ടിയും ദൈവം കൂട്ടായി ഒരുവനെ കാത്ത് വച്ചിരുന്നു. എബിൻ,കുഞ്ഞിലെ തന്നെ അച്ഛനുമമ്മയും മരിച്ച് ആകെ ഉള്ള സഹോദരിക്കൊപ്പം വളർന്നു വന്നവൻ.

അനാഥത്വത്തിന്റെ വേദന ചെറിയ രീതിയിൽ എങ്കിലും അറിഞ്ഞത് കൊണ്ടാവണം അവനും അവളും വളരെവേഗം സൗഹൃദത്തിലായത്,

ഇടക്കെപ്പോഴോ ആ സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീണപ്പോളും പരസ്പ്പരം ചേർത്ത് പിടിക്കാൻ രണ്ടു ഹൃദയങ്ങൾ അവർ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഇത് വരെ ഒന്നും ആഗ്രഹിക്കാത്ത അവൾ പുതിയൊരു ജീവിതത്തെ സ്വപ്നം കണ്ട് ഒരു താലിചരട് അവന്റെ കയ്യാൽ അണിയപ്പെടാൻ ഒരുപാട് കൊതിച്ചു.

ഒത്തിരി സ്വപ്നം കണ്ട ആ ജീവിതം….. എത്ര പെട്ടെന്നാണ് അവളുടെ സ്വപ്നങ്ങൾ തകർന്ന് വീണത് .

ഒരു ദിവസം അവനിൽ നിന്ന് വന്ന ഫോൺ കാൾ പ്രതീക്ഷയോടെ എടുത്ത അവളെ കാത്തിരുന്നത് വേദന നിറഞ്ഞ വാക്കുകളായിരുന്നു.

നീ എന്നെ മറക്കണം ദിവ്യാ… നമ്മൾ പ്രണയിച്ചിരുന്നു ,സത്യമാണ്. എന്നാൽ ഒന്നുമില്ലാത്ത നിന്നെ കെട്ടുന്നതിലും എന്ത് കൊണ്ടും എനിക്ക് നല്ലത് പേര് കേട്ട ബിസ്നെസ്സ് മാൻ രാജീവന്റെ മകളെ കല്യാണം കഴിക്കുന്നത് തന്നെയാണ്,

എന്റെ പുറകെ ഇനി വരരുത് ദിവ്യാ, നീ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുത്.

അത്രയും പറഞ്ഞ് അവൻ ഫോൺ വയ്ക്കുമ്പോൾ ഒന്നും വിശ്വസിക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു അവൾ.

എന്നെ ഇനി ഉപദ്രവിക്കരുത് ദിവ്യാ… അവൾ ആരോടെന്നില്ലാതെ പറഞ്ഞു.ഇല്ല എബിൻ നിന്നെ ഞാൻ ഉപദ്രവിക്കില്ല….അവൾ ചിരിച്ചു, പതിയെ ആ ചിരി കണ്ണീരിലേക്ക് വഴിമാറി.

അടച്ചിട്ട മുറിക്കുള്ളിൽ ഭക്ഷണം പോലും കഴിക്കാതെ പിനീടുള്ള ദിവസങ്ങൾ അവൾ തനിച്ചിരുന്ന് കരഞ്ഞു. ചുറ്റിലും അവന്റെ ഓർമകൾ.
അവൻ എഴുതിയ കവിതകൾ, അവന്റെ സമ്മാനങ്ങൾ അങ്ങനെ ഓരോന്നും അവളുടെ മനസ്സിനെ വല്ലാതെ തകർത്തു.

പതിയെ അവളിലെ മൗനം പൊട്ടിച്ചിരികളിലേക്ക് ഉയർന്നു, അടക്കിപ്പിടിച്ച കണ്ണുനീർ ഭ്രാന്തമായി മാറി. അങ്ങനെ ആരൊക്കെയോ ചേർന്ന് അവളെ ഇവിടെ എത്തിച്ചു.

പ്രണയം അവൾക്ക് സമ്മാനിച്ചത് ഈ ഭ്രാന്താശുപത്രി മാത്രം,പിന്നെ കൂട്ടിന് ഭ്രാന്തും …..

വീണ്ടും അവളെ അടച്ച ആ സെല്ലിനുള്ളിൽ നിന്ന് പൊട്ടിച്ചിരികൾ മുഴങ്ങി . ഏറെ നേരം കഴിഞ്ഞപ്പോൾ പതിയെ അവിടെ നിശബ്ദമായി.

കുനിഞ്ഞ ശിരസ്സുമായി കയ്യിലെ ആ കടലാസ്സിലേക്ക് മൗനമായി നോക്കി ഇരിക്കെ
സെല്ലിനുമുന്നിൽ ഒരു നിഴൽ പോലെ തോന്നിയ അവൾ പതിയെ തലയുയർത്തി നോക്കി.
മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ അവൾ മാടിയൊതുക്കി.അന്നേച്ചി….. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

ചേച്ചി… എബിൻ എന്റെ എബിൻ എവിടെ??? എബിനേട്ടൻ എന്താ എന്നോട് മിണ്ടാത്തത്, എന്നെ എന്തിനാ ഇങ്ങനെ തനിച്ചാക്കിയെ, എനിക്ക് എനിക്ക് ഇവിടെ പേടിയാ … എന്നെ .. എന്നെ ഒന്ന് എബിന്റെ അടുത്ത് കൊണ്ടൊകോ?? അവൾ കണ്ണുനീരോടെ ചോദിച്ചു.

മോളെ……. നീ…. എനിക്ക്…. എനിക്ക് അതിന് കഴിയില്ല……ചേച്ചി… എനിക്ക്… എനിക്കവനെ കാണണം…. എപ്പോളാ വരാ.. എന്നെക്കാണാൻ ന്റെ എബിൻ എപ്പളാ വരാ??? അവൾ വീണ്ടും ചോദിച്ചു…

മോളെ… അവൻ വരില്ല മോളെ….. അവന് വരാൻ കഴിയില്ല… എബിൻ… അവൻ .. അവൻ പോയി….
നിന്നെ ഒരിക്കലും കൂടെ കൂട്ടാൻ പറ്റാത്ത ലോകത്തേക്ക് അവൻ പോയി മോളെ….

ശരീരത്തെ കാർന്ന് തിന്നുന്ന അസുഖത്തിന്റെ മുന്നിൽ അവൻ പിടിച്ചു നിന്നത് നിന്റെ സ്നേഹം ഒന്ന് കൊണ്ടാണ്,

എല്ലാം സുഖമാകും എന്ന ഡോക്ടറിന്റെ വാക്കുകൾക്ക് മുന്നിൽ വിശ്വാസത്തോടെ നിനക്ക് വിഷമമാകും എന്ന് കരുതി നിന്നെയൊന്നും അറിയിക്കാതെ അവൻ ഇത്രയും ദിവസം…. അന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

രണ്ടു ദിവസം മുൻപാണ്. ഡോക്ടർ കയ്യൊഴിഞ്ഞത്,ഇനി ജീവിതം അധികമില്ല എന്ന് പറഞ്ഞത്. അന്നാണ് അവൻ നിന്നെ വിളിച്ചത്…

എന്റെ മുന്നിൽ വച്ച് അന്ന് നിന്നോട് അങ്ങനെയൊക്കെ ഫോണിലൂടെ പറയുമ്പോൾ അവന്റെ കണ്ണിൽ നിന്ന് ഒഴുകിയത് കണ്ണുനീർ അല്ലായിരുന്നു മോളെ രക്തമായിരുന്നു ഹൃദയത്തിൽ നിന്ന് ഒഴുകിയ രക്തം… നിനക്ക്…. നിനക്കൊരു ജീവിതം ഉണ്ടാകണം എന്ന് മാത്രമേ അവൻ കരുതിയുള്ളൂ മോളെ….

എന്റെ മോള് എബിനെ ഒരിക്കലും ശപിക്കരുത്. അവന്… അവന് ഒത്തിരി ഇഷ്ടമായിരുന്നു നിന്നെ… അതാ അവൻ…. വാക്കുകൾ മുഴുവിക്കാതെ അന്ന. കണ്ണീരോടെ നിലത്തേക്ക് ഇരുന്നു.

അന്നേച്ചി എന്റെ എബിൻ എപ്പോളാ വരാ?????
വരും… എന്നെ കാണാൻ വരാതിരിക്കില്ല,എന്നെ പറ്റിക്കുന്നതാ എനിക്കറിയാം….

വരും….. എന്റെ എബിൻ വരും …വീണ്ടും വീണ്ടും ആരോടെന്നില്ലാതെ പറയുന്ന ദിവ്യയുടെ വാക്കുകൾ അപ്പോളും അന്നയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു…………

ആ വാക്കുകൾ കേൾക്കാതിരിക്കാനോ അതോ ആ സ്നേഹത്തിൻ മുൻപിൽ തോറ്റ് പോകാതിരിക്കാനോ അന്ന ചെവികൾ കയ്യാൽ മുറുകെ അടച്ചു..

ഒരു പക്ഷെ അവളുടെ പ്രണയത്തിന് മുന്നിൽ തന്നിലേക്കും ആ ഭ്രാന്ത് പടർന്ന് പോകും എന്ന് പേടിച്ചിട്ടാകും അല്ലെ……

Leave a Reply

Your email address will not be published. Required fields are marked *