പ്രസവിക്കാൻ കയറ്റിയ പരിശോധനയിൽ അല്ലേ നിന്റെ ഭാര്യക്ക് എയ്ഡ്‌സ് ആണെന്ന് കണ്ടു പിടിച്ചത്…? ഉണ്ടായ കുഞ്ഞും h i v പോസിറ്റീവ്…

ആത്മബന്ധം
(രചന: Kannan Saju)

” പ്രസവിക്കാൻ കയറ്റിയ പരിശോധനയിൽ അല്ലേ നിന്റെ ഭാര്യക്ക് എയ്ഡ്‌സ് ആണെന്ന് കണ്ടു പിടിച്ചത്…? ഉണ്ടായ കുഞ്ഞും h i v പോസിറ്റീവ്…

ഹോ നാണക്കേട്… ഉറപ്പാ അത് നിന്റെ കൊച്ചല്ല! അവളോട് തന്നെ മര്യാദക്ക് നീ ചോദിക്കു ആരുടേ കൂടെ കിടന്നിട്ടാ കൊച്ചും ഐഡിസും കിട്ടിയെന്നു ”

അയ്യാൾ മകനോട് അലറി..എയ്ഡ്‌സ്സ് ആണെന്ന് അറിഞ്ഞതുകൊണ്ട് രണ്ട് മാസം അവർ ഹോസ്പിറ്റലിൽ കിടന്നിട്ടും വീട്ടുകാർ ആരും ഒരു നോക്ക് ആ കുഞ്ഞിനെ കാണാൻ പോലും വന്നില്ല…

ഭാര്യക്കും മകനും h i v പോസിറ്റീവ് ആണെന്നു അറിഞ്ഞതോടെ തകർന്നു പോയ വിഷ്വം അച്ഛന്റെ വാക്കുകൾ കൂടി കേട്ടതോടെ ഭ്രാന്തനെ പോലെ ആയി.

” ഇതിപ്പോ പുറത്തെങ്ങാനും അറിഞ്ഞാൽ ഉള്ള സ്ഥിതി എന്താ? നിന്റെ അനിയന്റേം അനിയത്തിമാരുടേം കല്ല്യാണം നടക്കുവോ? നമ്മളെ നാട്ടുകാർ മാറ്റി നിർത്തില്ലേ? ”

” അതിനു ഞാൻ നെഗറ്റീവ് അല്ലേ അമ്മേ? ” നിസ്സഹായതയോടെ അവൻ ചോദിച്ചു…” ആയിരിക്കും.. പക്ഷെ ആളുകൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലല്ലോ ”

അമ്മ ഏറ്റു പിടിച്ചു…” ആയാലും ആയില്ലേലും അവളേം ആ കുഞ്ഞിനേം ഈ വീട്ടിലേക്കു കൊണ്ടു വരാൻ ഞാൻ സമ്മതിക്കില്ല ” അച്ഛൻ തറപ്പിച്ചു പറഞ്ഞു.

” അവരെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല.. ” വിശ്വൻ തന്റെ നിലപാടറിയിച്ചു.” എങ്കിൽ ഈ വീട്ടിൽ ഇനി നീയും വേണ്ട “തകർന്ന ഹൃദയത്തോടെ അവൻ അച്ഛനെ നോക്കി.

ഹോസ്പിറ്റലിൽ.” അവര് പോയെന്നോ…? എങ്ങോട് പോയി? ” ഞെട്ടലോടെ അവൻ നഴ്‌സിനോട് ചോദിച്ചു…

” ആ പെൺകുട്ടിയുടെ അച്ഛൻ വന്നു കൊണ്ടു പോയി “വിഷ്വം ഫോൺ എടുത്തു അവളെ വിളിച്ചു… പിന്നെയും സ്വിച് ഓഫ്.

കാർ അവളുടെ വീടിനു മുന്നിൽ പാഞ്ഞെത്തി… വീട് ലോക്ക് ചെയ്തിരിക്കുന്നു. അവന്റെ നെഞ്ചു പിടഞ്ഞു. അച്ഛന്റെ നമ്പറിൽ വിളിച്ചു. അതും സ്വിച്ഡ് ഓഫ്.

അടുത്തുള്ള വീട്ടുകാരോട് ഓരോരുത്തരോടും ആയി കയറി ഇറങ്ങി ചോദിച്ചുകൊണ്ടിരുന്നു. ആർക്കും ഒന്നും അറിയില്ല. വിഷ്വം നിരാശനായി. തന്റെ പ്രിയപ്പെട്ടവൾ.. തന്റെ കുഞ്ഞ്… അവരെയും കൊണ്ടു അദ്ദേഹം എവിടെക്കാവും പോയിട്ടുണ്ടാവുക.

അടുത്തുള്ള ടാക്സി സ്റ്റാണ്ടുകളിൽ ഓരോന്നിലും ആയി അവൻ കയറി ഇറങ്ങി ചോദിച്ചു കൊണ്ടേ ഇരുന്നു.. ആർക്കും മറുപടി ഇല്ലായിരുന്നു. അപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്. ഹോസ്പിറ്റൽ പരിസരങ്ങളിലെ ടാക്സി സ്റ്റാണ്ടുകളിൽ അവളുടെ ഫോട്ടോയുമായി അവൻ അന്വേഷിക്കാൻ തുടങ്ങി.

ഒടുവിൽ അവിടെ ഉണ്ടായിരുന്ന ഒരു വൃദ്ധന്റെ ടാക്സിയിൽ അവർ കയറി പോയതായി മറ്റൊരു ടാക്സി ഡ്രൈവർ പറഞ്ഞു.

തെല്ലും ആശ്വാസത്തോടെ അവൻ ആ വൃദ്ധന്റെ നമ്പർ വാങ്ങി വിളിക്കാൻ തുടങ്ങി. എന്നാൽ എത്ര വിളിച്ചിട്ടും അയ്യാൾ ഫോൺ എടുക്കുന്നില്ല. നേരം ഇരുട്ടുന്നു. വ്ശ്വന്റ സകല നിയന്ത്രണങ്ങളും വിട്ടു.

അച്ഛന്റെ വാക്കുകൾ കേട്ടു ഇറങ്ങി പോന്നതാണ്. മറു തുണി പോലും എടുത്തിട്ടില്ല. ഇനി അവരെ കണ്ടു കിട്ടിയാലും താൻ എങ്ങനെ പോറ്റും.

അച്ഛന്റെ ടെക്സ്റ്റൈൽ ഷോപ്പിലെ വരുമാനം ആയിരിന്നു തന്നെ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് താൻ പോവില്ലെന്ന വിശ്വാസത്തിൽ അച്ഛൻ ആജ്ഞ ഇറക്കിയതും.

പക്ഷെ ഈ ലോകത്തു ഒന്നിന്റെ പേരിലും തന്റെ പ്രിയപ്പെട്ടവളെ ഉപേക്ഷിക്കാൻ അവൻ തയ്യാറല്ലായിരുന്നു. മുന്നിൽ ആദ്യം കണ്ടത് ഒരു മുസ്ലിം പള്ളിയാണ്. ആപത്തു വരുമ്പോൾ ദൈവത്തിനു മതവും ജാതിയും ഇല്ലെന്നു അവൻ തിരിച്ചറിഞ്ഞ നിമിഷം.

ഉള്ളിൽ തന്റെ പ്രിയപ്പെട്ടവളുടെ മുഖം മാത്രം വിചാരിച്ചുകൊണ്ട് കലങ്ങിയ കണ്ണുകളോടെ അവൻ കയ്യിൽ ഉണ്ടായിരുന്ന ചില്ലറ തുട്ട് കാണിക്ക ആയിട്ടു കൈകൾ കൂപ്പി.

തന്റെ കൂട്ടുകാരനെ വിളിച്ചു പതിനായിരം രൂപ കടം ചോദിച്ചു. ഇന്നുവരെ കടം ചോദിക്കാത്തവൻ പെട്ടന്ന് ചോദിക്കുമ്പോൾ സ്നേഹമുള്ള കൂട്ടുകാരൻ അവന്റെ ഉള്ളിലെ വിഷമം തിരിച്ചറിയും. അക്കൗണ്ടിൽ ഇട്ടു കൊടുക്കാതെ അവൻ പണവുമായി നേരിട്ട് വന്നു.

തന്റെ കൂട്ടുകാരന്റെ അവസ്ഥ മനസ്സിലാക്കിയ അവൻ പണം മാത്രം നൽകി പെരുവഴിയിൽ വിട്ടില്ല. അവനെയും വണ്ടിയിൽ കയറ്റി വൃദ്ധനായ ടാക്സി ഡ്രൈവറുടെ വീട് തിരക്കി യാത്രയായി.

” അവരെ ഞാൻ റെയിൽവേ സ്റ്റേഷനിൽ ആണ് വിട്ടത്.. ബാക്കി ഒന്നും എനിക്കറിയില്ല.. ക്ഷീണം കാരണം പിന്നെ ഒറ്റത്തിനൊന്നും പോയില്ല.. വന്നു കിടന്ന പാടെ ഉറങ്ങി പോയി ” വൃദ്ധന്റെ വാക്കുകൾ അവസാനിച്ചു.

സുഹൃത്തായ ci യുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തി.. അവിടുത്തെ cctv ദൃശ്യങ്ങൾ പരിശോധിച്ചു. അവിടെ നിന്നും എടുത്ത ടിക്കറ്റ് എറണാകുളത്തെക്കാണെന്നു മനസ്സിലാക്കി ഇരുവരും ട്രെയിൻ കയറി.

” നീ വിഷമിക്കണ്ടടാ.. അവരെ നമ്മൾ കണ്ടു പിടിക്കും “” അസുഖം ആർക്കായാലും വരില്ലെടാ.. ഇങ്ങനെ ഒക്കെ ചെയ്യാമോ? ” വിശ്വം ട്രെയിനിന്റെ ഡോറിനരികിൽ നിന്നു പുറത്തേക്കു നോക്കി കണ്ണീർ ഒഴുക്കിക്കൊണ്ടു പറഞ്ഞു..

” എടാ എല്ലാവരും നിന്നെ പോലെ ചിന്തിക്കണം എന്നില്ലല്ലോ? അതും പ്രസവം കൂടി കഴിഞ്ഞതല്ലേ ഉളളൂ.. അറിഞ്ഞാൽ ആളുകൾ പലതും പറഞ്ഞുണ്ടാക്കും ”

” അവര് എന്തേലും പറയട്ടെ.. അവൾ എന്റെ അല്ലേ…? അവളെ എനിക്കറിയില്ലേ? ഏഴാം മാസം പരിശോധിക്കുമ്പോഴും അവൾക്കൊരു കുഴപ്പവും ഇല്ലായിരുന്നു.

പ്രസവിക്കാൻ സമയം ഉള്ള പരിശോധനയിൽ ആണ് പോസിറ്റീവ് ആയതു. അതിനർത്ഥം ഒരുപക്ഷെ ആ ഹോസ്പിറ്റലിൽ നിന്നും ആയിക്കൂടെ അവൾക്കത് കിട്ടിയത്.? “” സാധ്യത ഉണ്ട് ”

” അത് എന്ത് തന്നെ ആയാലും കുഴപ്പില്ല.. എനിക്കെന്റെ ഗൗരിയെ കാണണം “…സ്റ്റേഷനിൽ എത്തും വരെ അവൻ ഓരോന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു… കൂട്ടുകാരൻ അവനെ ആശ്വസിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു.

അവിടെ നിന്നും അവർ വിളിച്ച ടാക്സി കണ്ടെത്തി അയ്യാളുമായി നേരെ അവരെ വിട്ട വീട്ടിലേക്കു തിരിച്ചു.

” ഒ അവരെ അന്വേഷിച്ചു വന്നതാണോ? അവരുവിടില്ല ” വാതിൽ തുറന്ന സ്ത്രീ മുഖം കടുപ്പിച്ചു പറഞ്ഞു…” ആരാ ശോഭേ? ” അകത്തു നിന്നും ആ സ്ത്രീയുടെ ഭർത്താവ് ഇറങ്ങി വന്നു.

” ദാ നിങ്ങടെ ചേട്ടനേം ഐഡസുകാരി മോളെയും തിരക്കി വന്നതാണ് ” അതും പറഞ്ഞു ശോഭ ഭർത്താവിനെ കലിയോടെ നോക്കി അകത്തേക്കു നടന്നു..

” അവരുവിടില്ല.. ഞാൻ ചേട്ടനോട് ഇങ്ങോട് പോരെ എന്ന് പറഞ്ഞത്.. പക്ഷെ എന്റെ ഭാര്യ…! “” എങ്ങോട പോയേ എന്ന് അറിയുവോ? “അയ്യാൾ തല താഴ്ത്തി…

അവരെ കുറിച്ച് ഒരു അറിവും ലഭിക്കാതെ നിരാശരായി ഇരുവരും സ്റ്റേഷനിൽ തിരിച്ചെത്തി. സ്വയം പഴിച്ചും ദൈവത്തെ പഴിച്ചും വിശ്വം ബെഞ്ചിൽ ഇരിക്കവേ കൂട്ടുകാരൻ അവന്റെ തോളിൽ തട്ടി.

അവൻ മുഖനുയർത്തി കൂട്ടുകാരനെ നോക്കി. അവൻ മാറ്റിരിടത്തേക്ക് വിരൽ ചൂണ്ടി. അവിടേക്കു നോക്കിയ വിഷ്വം തന്റെ ഭാര്യയെയും മകളെയും കണ്ടു.

ഓടി കിതച്ചു തന്റെ മുന്നിൽ വന്നു നിന്ന വിശ്വനെ അവൾ നോക്കി…ഒരു ഞെട്ടലോടെ അവൾ കുഞ്ഞുമായി എണീറ്റു…

” നിനക്ക് തോന്നും പോലെ ഇറങ്ങി പോവാൻ നീ വന്നപ്പോ ഉള്ളത് പോലെ ഒറ്റക്കല്ല, എന്റെ കുഞ്ഞും ഉണ്ട് നിന്റെ കൂടെ ”

അവന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ നിറഞ്ഞു. ഒരുപക്ഷെ അവനും തന്നെ സംശയിച്ചിരുന്നോ എന്നവൾ ഭയന്നിരുന്നു. “എനിക്കാണ് ഈ അസുഖം പിടിച്ചിരുന്നതെങ്കിലോ നീ ഇതുപോലെ ഇട്ടിട്ടു പോവായിരുന്നോ? ”

” ഇല്ല ” അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു….” എനിക്ക് നീയില്ലാതെ പറ്റില്ല ഗൗരി… നീ എന്റെ കൂടെ വേണം ”

” വേണ്ട ഏട്ടാ… നമ്മൾ ഒരുമിച്ചു നിന്നാൽ ശരിയാവില്ല.. നമ്മൾ വീണ്ടും ശരീരം കൊണ്ടു ഒന്നിച്ചല്ലേ നിജാംകളിലേക്കും ഈ രോഗം പടരും. “” എനിക്കതൊന്നും അറിയണ്ട.. നമുക്കു നാളെ പോയി ഡോക്ടറെ കാണാം..”

” വേണ്ട…! വീട്ടിൽ നടന്നതൊക്കെ ഞാൻ അറിഞ്ഞു.. രാവിലെ അനിയൻ വന്നിരുന്നു.. അവനാണ് എല്ലാം പറഞ്ഞത്… ഞാൻ കാരണം ഏട്ടന് ഒന്നും നഷ്ടപ്പെടരുത്.. ”

” ഗൗരി… എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് വന്നവളാണ് നീ… നിന്നെ മരണം വരെ ചേർത്തു പിടിക്കേണ്ടതു എന്റെ ഉത്തരവാദിത്വം ആണ്…

ജീവനിൽ പേടിച്ചു പാതി വഴിയിൽ വിട്ടിട്ടു പോവുന്നവൻ ആണല്ല.. എന്നെ അറിയുന്നവരായിരുന്നെങ്കിൽ എന്റെ വീട്ടുകാർ അങ്ങനെ ചെയ്യില്ലായിരുന്നു.. എനിക്ക് ഒന്നും വേണ്ട.. വീടും പണവും ഒന്നും വേണ്ട.. പക്ഷെ നീയും നമ്മുടെ കുഞ്ഞും എനിക്ക് വേണം ”

അവൾ നിശ്ശബ്ദയായി..വെള്ളം മേടിക്കാനായി പോയ അവളുടെ അച്ഛനും തിരിച്ചെത്തി. നാട്ടുകാരും വീട്ടുകാരും ഇതറിയുമ്പോൾ ഉണ്ടാകാവുന്ന അനുഭവങ്ങളെ കുറിച്ച് അയ്യാൾ വിശ്വനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

എങ്കിലും ഒന്നും ചെവിയിൽ എടുക്കാൻ അവൻ തയ്യാറല്ലായിരുന്നു. ഒടുവിൽ അതുവരെ നിശബ്ദനായിരുന്ന കൂട്ടുകാരൻ ഇടപെട്ടു.

” വേണ്ട മുൻകരുതലുകൾ എടുത്തൽ രോഗം വരാതെ നോക്കാവുന്നതേ ഉള്ളൂ ഗൗരി.. വാശി പിടിക്കരുത്. എനിക്കോ ഇവനോ ആർക്കു വേണമെങ്കിലും ഈ അസുഖം വരാം..

അതിനു ലൈംഗീക ബന്ധം മാത്രം ആവണം കാരണം എന്നൊന്നും ഇല്ല.വേറെയും എത്രയോ മാര്ഗങ്ങള് ഇണ്ട്.. ഇത് പകർത്താനായി നടക്കുന്ന ഒരു കൂട്ടം വരെ ഉണ്ട് മോളേ.. അതുകൊണ്ടു ഇങ്ങനൊരു തീരുമാനങ്ങൾ എടുക്കരുത്.

അവന്റെ എല്ലാം ഉപേക്ഷിച്ചു തെരുവിൽ നിന്നിട്ടാണ് അവൻ എന്നെ വിളിക്കുന്നത്‌… നിനക്ക് വേണ്ടി.. അപ്പൊ അവൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.. ഒഴിവാക്കാൻ എളുപ്പമാണ്..

അതല്ലേ ഇപ്പൊ ഇവന്റെയും അച്ഛന്റെയും കൂടപ്പിറപ്പുകൾ അടക്കാം ചെയ്തത്. ആവശ്യത്തിന് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്ത് രക്ത ബന്ധം? വേണ്ടത് ആത്മ ബന്ധം ആണ്. എനിക്ക് വേണെങ്കിൽ അവൻ ആവശ്യപ്പെട്ട തുക അക്കൗണ്ടിൽ ഇട്ടു കൊടുത്താൽ മതിയായിരുന്നു.

പക്ഷെ അവൻ വേദനയിൽ ആണ് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. നിനക്ക് ഇങ്ങനൊരു അസുഖം ആണെന്നറിഞ്ഞപ്പോഴും പൈസ അവനെ ഏൽപ്പിച്ചു എനിക്ക് മടങ്ങാമായിരുന്നു.

ഞാനതു ചെയ്തില്ല.. എനിക്കതിനു കഴിയില്ല. നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട്.. ഒറ്റക്കല്ല … ഒറ്റക്കവൻ സമ്മതിക്കത്തും ഇല്ല… “എല്ലാവരും മൗനമായി…

” എനിക്ക് നിന്നെ വേണം ഗൗരി… നാളെ ഡോക്ടറെ കണ്ടു എന്തൊക്കെ മുൻകരുതലുകൾ എടുക്കണമോ അതെല്ലാം എടുത്തു നമുക്ക് ഒരുമിച്ചു ജീവിക്കാം. ഇതുവരെ ഇണ്ടായിരുന്ന സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല എന്നെ ഉള്ളൂ. ഒരിക്കലും നിങ്ങളെ ഞാൻ പട്ടിണിക്കിടില്ല ”

” തല്ക്കാലം പൈസയുടെയോ ചികിത്സയുടെയോ കാര്യങ്ങൾ ഓർത്തൊന്നും നിങ്ങൾ വിഷമിക്കണ്ട.. അതൊക്കെ ഞാൻ നോക്കിക്കോളാം.. ഇന്ന് ഞാൻ ഈ നിലയിൽ നികുന്നുണ്ടങ്കിൽ അതിനു കാരണം ഇവനാണ്.

പരസ്പരം പ്രശ്നങ്ങൾ വരുമ്പോൾ അല്ലേ ബന്ധങ്ങൾ താങ്ങാവേണ്ടത്.മറ്റുള്ളവർ എന്ത് വിചാരിക്കുമോ ചിന്തിക്കുമോ ഒന്നും നോക്കണ്ട…. വിവരമുള്ളവർ കൂടെ ഉണ്ടാവും. അസുഖങ്ങൾ ഏതു വഴിയും ആർക്കും വരാം മോളേ. അവിടെ മരുന്നിനെക്കാൾ നമുക്ക് ശക്തി തരുന്നത് പ്രിയപ്പെട്ടവരുടെ പ്രേസേന്സ് ആണ്..

ഇനിയാണ് നിങ്ങൾ ഒരുമിച്ചു നിക്കേണ്ടത്. എത്ര ആത്മാർത്ഥമായി ഒരുമിച്ചു പൊരുതാൻ കഴിയുന്നോ അത്രയും ദൈവം നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കും ”

അവളുടെ കണ്ണുകൾ നിറഞ്ഞു… അച്ഛൻ കുഞ്ഞിനെ വാങ്ങി… വിഷ്വം അവളുടെ കൈകൾ പിടിച്ചു. ഗൗരിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീണു.

മണ്ഡപത്തിൽ താലി ചാർത്തി അഗ്നിക്കു ചുറ്റും വലം വെക്കുമ്പോൾ പിടിച്ചതിനേക്കാളും മുറുക്കം ആ പിടിത്തതിന് ഉണ്ടായതായി അവൾക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *