(രചന: നിഹാരിക നീനു)
“ഗംഗാ, ഇതിൽ സിമന്റ് കൊഞ്ചം ജാസ്തി.. കൊഞ്ചം എം സാന്റ് പോട്…”പണിക്ക് ഒരു തമിഴത്തിയേം കൂട്ടി വന്നതാണ് വേലായുധൻ. പുറത്തെ ബാത്ത്റൂമിന്റെ ടൈൽസും ആസ്ബറ്റോസും ഒക്കെ കാറ്റിൽ വീണ തെങ്ങ് അങ്ങ് പൊട്ടിച്ചു; ഒരു വശത്തെ ചുമരും.
അതൊന്നും ഇല്ലാതെ ഇനി അതിനുള്ളിൽ പ്രവേശിക്കാം എന്ന് വിചാരിക്കണ്ട.ഒന്നും ഇല്ലെങ്കിലും നാട്ടുകാരെന്ത് വിചാരിക്കും?ഉടനെ പോയി വേലായുധനെ ഏൽപ്പിച്ചു.
അങ്ങനെയും ഇങ്ങനെയും ഉള്ള പണിക്കാർക്കൊന്നും അത് നേരാക്കാൻ പറ്റില്ല. കാരണം ജാംബവാന്റെ അച്ഛന്റെ നിർമ്മിതിയാ!
ഈ വേലായുധനും ഇത്തിരി പഴക്കമുണ്ടല്ലോ, അതോണ്ട് മൂപ്പർക്കതിന്റെ വാസ്തു പിടി കിട്ടും.
വല്യേ തറവാട്ടുകാരല്ലെ പണിക്ക് വിളിച്ചത്, നാളെ മുതൽ വരാം ന്ന് പറഞ്ഞു. രണ്ടാൾക്ക് ഉള്ള ഭക്ഷണം വേണം ന്നും.
പക്ഷെ ആ രണ്ടാമത്തെ ആളീ പണിയറിയാത്ത തമിഴത്തി ആയിരുന്നോ?സിമന്റ് പോലും മര്യാദയ്ക്ക് ചേർക്കാൻ അറിയാത്ത പണിക്കാരി.കൊള്ളാം… പേരെനിക്ക് ഇഷ്ടപ്പെട്ടു. ” ഗംഗ”
വെറുതെ ഒന്ന് നോക്കി നിന്നതാ… പക്ഷെ ആദ്യത്തെ ഇംപ്രഷൻ ഒക്കെ വേഗം അവൾ മാറ്റിയെടുത്തു. ഓടി നടന്ന് എല്ലാം വേലായുധൻ പറഞ്ഞ് കൊടുത്ത പോലെ വേഗം നന്നായി ചെയ്തു കൊണ്ടിരുന്നു.
എപ്പോഴോ ഞാൻ വായ നോക്കി നിക്കണത് കണ്ടിട്ടാവണം എന്നോട് ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
അവളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു; അവളെയും…കവിളത്ത് നിറയെ മുഖക്കുരു ഉണ്ട്. പക്ഷെ അത് അവൾക്ക് ഭംഗി കൂട്ടിയതേ ഉള്ളു…അപൂർവ്വം ചിലർക്കേ അത് ഭംഗിയായി തോന്നാറുള്ളൂ.
ചുവന്ന വട്ടപ്പൊട്ട് ആ വട്ട മുഖത്ത് എടുത്തു കാണിച്ചു. ഇരുനിറം ആണെങ്കിലും കാണും തോറും ഭംഗി അവൾക്ക് കൂടി കൂടി വന്നു.
എന്തോ ഒരു ആകർഷണം.”ഗംഗേടെ വീടെവിടെയാ?””സേലം…”എന്ത് ആരു ചോദിച്ചാലും ഒന്നോ രണ്ടോ വാക്കിൽ മറുപടി. അവൾക്ക് അവളുടെ ജോലിയിൽ ആയിരുന്നു ശ്രദ്ധ. പണികളൊക്കെ കഴിഞ്ഞ്, ഫോണും കുത്തി ഇരുന്ന എന്റെ നേരേ വെള്ളത്തിന്റെ ജഗ്ഗ് നീട്ടി അവൾ പറഞ്ഞു.
“കുറച്ച് കുടിവെള്ളം?”” ഗംഗ മലയാളം നന്നായി പറയുന്നുണ്ടല്ലോ?””ഉം…എനക്ക് മലയാളം അറിയാം. റണ്ട് വർഷമായില്ലേ കേരളാവിൽ.”
വെള്ളം കൊടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു, ‘”പിന്നെ ഈ വേലായുധേട്ടൻ എന്തിനാ കഷ്ടപ്പെട്ട് തമിഴ് പറയുന്നേ?”
അവൾ നന്നായി ഒന്നു ചിരിച്ചു, വെള്ളം വാങ്ങി പോയി.ഒരു മണി കഴിഞ്ഞപ്പഴാ അമ്മ പറഞ്ഞത്, “അവരെ ഉണ്ണാൻ വിളിച്ചോളൂന്ന്…””വേലായുധേട്ടാ ഊണ് കഴിക്കാൻ വന്നോളൂട്ടോ.”
പണിക്കാരെ ഊണ് കഴിക്കാൻ വിളിച്ചാൽ പിന്നെ അത് വരെ ഇല്ലാത്ത ജോലിയാണ്, മൂപ്പരും അങ്ങനെ തന്നെ. അതെടുക്കുന്നു, അവിടെ അടിക്കുന്നു. ഗംഗയും ഞാനും ഇതൊക്കെ നോക്കി നിന്നു. പിന്നെ അവർ ഉണ്ണാനിരുന്നു.
“ഊരുകായ് കുറച്ച്…”ഇത് കേട്ട് അമ്മ മിഴിച്ച് നിൽക്കുന്നുണ്ട്, ആപ്പറഞ്ഞത് ഇവിടില്ലല്ലോ എന്ന മട്ടിൽ!
പിന്നെ മ്മടെ എൻസൈക്ലോപീഡിയ വേലായുധൻ ചേട്ടൻ പറഞ്ഞു അത് അച്ചാർ ആണെന്ന്.
“ഹോ, ഇതിനിങ്ങനെയും പറയ്വോ?”അമ്മയുടെ ആത്മഗതം.ഊണ് കഴിഞ്ഞ്, വേലായുധേട്ടൻ എണീറ്റു.
ഞാനപ്പോ ഏതോ പുസ്തകം വെറുതേ ഒന്ന് മറച്ചു നോക്കുകയായിരുന്നു. അപ്പോഴാണ് വേലായുധേട്ടൻ ആ വലിയ രഹസ്യം പൊട്ടിച്ചത്.
“കുട്ട്യേ…ഗംഗ നല്ലോണം പഠിച്ച കുട്ടിയാ. തമിഴ്നാട്ടിൽ ടീച്ചറായിരുന്നു.”ഞാൻ ഗംഗയെ അങ്ങേര് കളിയാക്കിയതാണെന്നാണ് ആദ്യം കരുതീത്.
വെറുതെ ഗംഗയോട് ചോദിച്ചു..”ആണോ?””ഉം!””ഏത് വരെ പഠിച്ചു?”
ഒരു പ്ലസ് ടു ഒക്കെ പ്രതീക്ഷിച്ച ഞാൻ മറുപടി കേട്ട് ഞെട്ടി. അവൾക്ക് കണക്കിൽ ബി.എഡ് ഉണ്ടത്രെ..
പിന്നെ ഈ പണിക്ക് എന്തിനാ വരുന്നത് എന്ന മട്ടിൽ ഞാൻ നോക്കി.”അപ്പോ എന്താ ആ ജോലി നിർത്തിയത്?”
“എൻ ഹസ്ബന്റിന് ഇസ്ടമില്ല. അവിടെ മൂവായിരം, നാലായിരം രൂവാ മട്ടും താൻ ടീച്ചർക്ക്. ഇങ്കെ ഇന്ത പണിക്ക് ഡെയ്ലി എണ്ണൂറു രൂപ കെടയ്ക്കും. അതാ ആ ജോലി വേണ്ടാ പറഞ്ഞ് ഹസ്ബന്റ് ആണ് ഇവിടെ എന്നെ കൊണ്ട് വന്നത്.”
ഞാൻ അവളെയും നോക്കി കുറച്ച് നേരം വായും പൊളിച്ചിരുന്നു.”കുട്ടികൾ ആയോ?””ഉം, മൂന്നാൾ ഉണ്ട്. അങ്കെ എൻ അമ്മാവുടെ അടുത്ത് ഉണ്ട്.”
എനിക്ക് വിടാൻ ലക്ഷണമില്ലായിരുന്നു. കാരണം ഇത് എന്റെ യുക്തിക്കും അപ്പുറത്തുള്ള കാര്യങ്ങളായിരുന്നു.
“ചെറിയ കുട്ടികളാണോ?””ഉം, മൂത്താൾ രണ്ടാം ക്ലാസ്, രണ്ടാമത്തെ ഒന്നിൽ, ചെറുതിന് രണ്ടര…”
എന്റെ മൂന്ന് വയസുള്ള ചെറുത് അഞ്ച് മിനിട്ട് പോലും എന്നെ കാണാതെ, അല്ലെങ്കിൽ ഞാൻ അവളെ കാണാതെ നിൽക്കില്ലല്ലോ എന്ന കാര്യം ഓർത്തു.
“കുട്ടികൾ കാണാതെ നിൽക്കുമോ?”കുറച്ചു നേരം അവൾ മിണ്ടാതെ ഇരുന്നു.”ചിന്ന കുട്ടി കരയും. ഹസ്ബന്റ് പറയും പർവ്വായില്ലെ, സരിയായിടും…
അതാ എല്ലാമെ സെരിയായിടും…”അവളുടെ ഭർത്താവിന് നാട്ടിൽ ഏക്കർ കണക്കിന് നിലം ഉണ്ടെന്നും അതിൽ വിതച്ച് കഴിഞ്ഞാണത്രെ അവർ കേരളത്തിലേക്ക് വരുന്നത്.
വിളവെടുപ്പാവുമ്പോഴേക്ക് തിരിച്ച് പോകും. അത് കഴിഞ്ഞ് വീണ്ടും…അവളുടെ അറിവിനെ വില കൽപിക്കാത്ത, അവളിലെ അവളെ അറിയാത്ത…
ഒരു ഭർത്താവ്. അയാളുടെ മുന്നിൽ നിസ്സഹായ ആണെങ്കിലും എന്നോ എപ്പോഴോ ആളിക്കത്താൻ പാകത്തിൽ ഒരു കനലെരിയുന്നതായി എനിക്ക് തോന്നി. ജോലി നിർത്തി പോകുമ്പോൾ എന്നെ അന്വേഷിച്ച് പ്രത്യേകം അവൾ യാത്ര പറഞ്ഞു.
നമ്മുടെ നാട്ടിൽ എക്കറ് കണക്കിന് നിലമുള്ള, കൃഷിയുള്ള, ബി എഡ് വരെ പഠിച്ച ഒരാളും അവളെയും തമ്മിൽ കംമ്പയർ ചെയ്തു നോക്കുകയായിരുന്നു ഞാനപ്പോൾ…യഥാർത്ഥ സംഭവാട്ടോ…. കഥയല്ല…