കൂട്ട്
(രചന: Rajitha Jayan)
“സ്വന്തം ഭാര്യയെ കണ്ടവൻമാരുടെ കൂടെ ഊരു ചുറ്റി അഴിഞ്ഞാടാൻ പറഞ്ഞയച്ചിട്ട് വീട്ടിലിരുന്ന് അവളുടെ കോപ്രായങ്ങൾ ഫോണിലൂടെ കണ്ടാസ്വദിക്കാൻ മാത്രം തരംതാന്നു പോയോ സുധേ നിന്റെ മകൻ …?പൂമുഖത്തിരുന്ന് ഫോണിൽ ഗീതു അയച്ചു തന്ന വീഡിയോകൾ നോക്കുന്നതിനിടയിലാണ് അകത്തു നിന്ന്അച്ഛന്റെ ശബ്ദം ഉയരുന്നത് നവീൻ ശ്രദ്ധിച്ചത്…
ഫോണും പോക്കറ്റിലിട്ട് കയ്യിലെ കാപ്പി കപ്പുമായ് അകത്തേക്ക് നടക്കുമ്പോഴേ കണ്ടു അമ്മയുടെ നേരെ ദേഷ്യപ്പെട്ടു കൊണ്ട് നിൽക്കുന്ന അച്ഛനെയും ഭയത്തോടെ അച്ഛനെ നോക്കി നിൽക്കുന്ന അമ്മയേയും..
‘ എന്താ അച്ഛാ, എന്തിനാ അമ്മയോട് വെറുതെ ദേഷ്യപ്പെടുന്നത്..?’എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിലച്ഛനത് നേരെ എന്നോട് പറഞ്ഞാൽ പോരെ…? വെറുതെ എന്തിനാ പാവം അമ്മയോട് ദേഷ്യപ്പെടുന്നത് …?
ഒരു ചെറു ചിരിയോടെ അച്ഛന്റെ മുഖത്ത് നോക്കിയ ങ്ങനെ ചോദിക്കുമ്പോഴും നവീൻ കാണുന്നുണ്ടായിരുന്നു അച്ഛന്റെ മുഖത്ത് വർദ്ധിച്ചു വരുന്ന കോപത്തെ …
‘ഓ… നിന്നോടൊരു കാര്യം ചോദിക്കണമെന്നുണ്ടെങ്കിൽ എനിക്ക് നിന്റെ അനുവാദമൊന്നും വേണ്ട,
കാരണം ഇപ്പോഴും ഈ വീട്ടിൽ ഏതു കാര്യത്തിനും അവസാന വാക്ക് എന്റേതാണ് എന്റെ മരണം വരെ അതങ്ങനെ തന്നെ ആയിരിക്കുകയുംചെയ്യും..
നവീനു നേരെ ദേഷ്യത്തിൽ തിരിഞ്ഞു കൊണ്ട് മോഹനനതു പറയുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ നവീൻ അച്ഛനെ നോക്കി നിന്നു..
‘ അ ച്ഛന്റെ വാക്കുകൾക്ക് ഇവിടെ വിലയില്ലാന്നാരും പറഞ്ഞില്ലല്ലോ അച്ഛാ.. പിന്നെന്താ പ്രശ്നം…?
‘എന്റെ വാക്കുകൾക്ക് വിലകല്പിച്ചുതരുന്ന പ്രവർത്തിയാണോടാ നീയും നിന്റെ ഭാര്യ ഗീതുവും ഇവിടെ കാണിച്ച് കൂട്ടുന്നത്…?
നിങ്ങൾ കാണിക്കുന്ന കൂത്താട്ടങ്ങൾക്ക് കുട പിടിക്കലല്ലേ നിന്റെ ഈ തള്ളയുടെ പണി ..
അച്ഛൻ ദേഷ്യത്തോടെ വീണ്ടും അമ്മയ്ക്ക് നേരെ തിരിയുന്നതു കണ്ട നവീൻ ഇരുവർക്കും ഇടയിലേക്ക് വേഗം കയറി നിന്നു …
‘അച്ഛന്റെ ഏതു വാക്കിനാണച്ഛാ ഞാൻ വില കല്പിക്കാത്തത് ,അച്ഛൻ എനിക്കായ് കണ്ടു പിടിച്ച് വിവാഹം കഴിപ്പിച്ചു തന്ന ഗീതുവിനെ ഞാൻ അവളുടെ കൂട്ടുകാർക്കൊപ്പം ടൂറിനു പറഞ്ഞയച്ചതാണോ അച്ഛൻ പറയുന്ന ഈ വിലകല്പിക്കാതിരിക്കൽ ..?
‘അതേ ടാ .. ഞാൻ പറഞ്ഞിരുന്ന ഏതു കാര്യവും എതിർ വാക്ക് പറയാതനുസരിച്ചിരുന്ന നീ ഇപ്പോഴെന്റെ വാക്കുകൾക്ക് എന്ത് വിലയാണെടാ തരുന്നത്..?
ഞാൻ കണ്ടെത്തി നിനക്ക് വിവാഹം കഴിപ്പിച്ചു തന്നതാണ് നിന്റെ ഭാര്യ ഗീതുവിനെ ,ഈ തറവാട്ടിലിന്നേ വരെ ആണിനെ അനുസരിച്ച് അവന്റെ കീഴിൽ ജീവിക്കുന്ന പെണ്ണുങ്ങളേ ഉണ്ടായിരുന്നുളളൂ,
ഗീതുവിനെ നിനക്കായി കണ്ടെത്തി തരുമ്പോഴും ഞാൻ കരുതിയതവളീ തറവാട്ടിലെ പെണ്ണായി അടങ്ങി ഒതുങ്ങി ജീവിയ്ക്കും എന്നാണ് ,എന്നാൽ അവൾ ചെയ്തതെന്താണ് …?
‘നമ്മുടെ തറവാടിന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന എന്തു പ്രവർത്തിയാണച്ഛാ ഗീതു ചെയ്തത്, അവളെന്നും ഈ വീട്ടിന് നല്ല മരുമകളും എനിക്ക് പ്രിയങ്കരിയായ ഭാര്യയും ആണ്…
നവീന്റെ വാക്കുകൾ കേട്ട മോഹനന്റെ് മുഖം ദേഷ്യത്താൽ ചുവക്കുന്നതു കണ്ട് സുധ ഭയത്തോടെ അച്ഛനെയും മകനെയും നോക്കി …
‘ഓ…. അവൾ വേണമെങ്കിൽ നിനക്ക് പ്രിയങ്കരി ആയിരിക്കും ,പക്ഷെ എനിക്ക് അങ്ങനെ അല്ല എന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകാതെ അവളീ വീട്ടിൽ നിന്ന് ജോലിക്ക് പോയതു മുതൽ എന്റെ മനസ്സിലെ കരടായതാണവൾ ,
ഇപ്പോഴത്തെ ഈ ഊരു ചുറ്റലും കൂടി ആയതോടെ എന്റെ മനസ്സിൽ നിന്ന് മാത്രമല്ല ഈ വീട്ടിൽ നിന്നു കൂടി പുറത്താണവൾ, മനസ്സിലായോ തള്ളയ്ക്കും മോനും ഞാൻ പറഞ്ഞത്…?
വെറുപ്പും ദേഷ്യവും നിറഞ്ഞ ശബ്ദത്തിൽ അച്ഛൻ പറഞ്ഞു നിർത്തുമ്പോഴും നവീൻ ശാന്തതയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു..
‘അച്ഛാ… തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾ വീട്ടിലടങ്ങി ഇരിക്കണമെന്ന് അച്ഛൻ ചിന്തിക്കുന്നത് അച്ഛന്റെ ഇഷ്ടം ആണ് ,പക്ഷെ വിവരവും വിദ്യാഭ്യാസവും ഉള്ള എന്റെ ഭാര്യ വീട്ടിലിരിക്കാതെ ജോലിക്ക് പോവുന്നതാണ് എനിക്ക് ഇഷ്ടം,
അതുകൊണ്ടവൾ ഭർത്താവായ എന്റെ ഇഷ്ടത്തെ മാനിച്ച് ജോലിക്ക് പോയി അല്ലാതെ അച്ഛന്റെ വാക്കുകൾക്ക് വില കല്പിക്കാതിരിക്കുകയല്ല ചെയ്തത് …
‘ഓ അതു കൊണ്ടായിരിക്കും നീ അവളുടെ ഇഷ്ടം നോക്കി അവളെ നാടുനീളെ കണ്ടവരുടെ കൂടെ ഊരുചുറ്റാൻ വിട്ടതല്ലേടാ…?
വീടിനു പുറത്തിറങ്ങി ഒന്ന് നോക്കണം നീ, ആളുകൾ ഓരോന്നു പറഞ്ഞു ചിരിക്കുന്നത് കാണാം… നിനക്ക് കഴിവില്ലാഞ്ഞിട്ടാണോ നീ അവളെ കണ്ടവരുടെ കൂടെ പറഞ്ഞയച്ചതെന്നു വരെ അവർ ചോദിക്കുന്നു…
”അച്ഛാ ,എന്റെ ജീവിതം എങ്ങനെ എന്ന് തീരുമാനിക്കുന്നത് ഞാനാണ് അല്ലാതെ നാട്ടുക്കാരോ അച്ഛനോ അല്ല ..
തികഞ്ഞ ശാന്തതയോടെ ഉറച്ച ശബ്ദത്തിൽ നവീനതു പറഞ്ഞതും സുധയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു… മോഹനൻ പകച്ച് നവീനെ നോക്കി…
നീ എന്താടാ പറഞ്ഞത് ..?ഞാൻ പറഞ്ഞത് എന്താന്നെന്നച്ഛനു ശരിക്കും മനസ്സിലായെന്ന് അച്ഛന്റെ മുഖം പറയുന്നുണ്ടച്ഛാ …,എന്റെ ഭാര്യ ആവുന്നതിനു മുമ്പേ തന്നെ ,
അതായതു കുഞ്ഞു നാൾ തൊട്ട് ഒന്നിച്ച് കളിച്ചു വളർന്നവരാണ് ഗീതുവും ജിഷിനും നവാസും ,ആണെന്നോ പെണ്ണന്നോ വേർതിരിവില്ലാത്ത നല്ല ശുദ്ധ സൗഹൃദമാണവരുടേത്,
ചെറുപ്പം മുതലുള്ള അവർ മൂന്നു പേരുടെയും ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു,
സ്വപ്നമായിരുന്നു, മുതിർന്നൊരു ജോലിയൊക്കെ നേടി കഴിഞ്ഞിട്ട് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മൂന്നു പേരും കൂടി ചുറ്റി കാണുക എന്നത്,
വിവാഹം കഴിഞ്ഞ അന്നു രാത്രി തന്നെ അവരുടെ ആ സ്വപ്നത്തെ പറ്റിയും സൗഹൃദത്തെ പറ്റിയും അവളെന്നോടു പറഞ്ഞിരുന്നു..
ഇപ്പോൾ അവരുടെ സ്വപ്നയാത്രയ്ക്ക് അനുയോജ്യമായ ഒരവസരം വന്നു അവർ പോയി.. ഇതിലെവിടെ ആണച്ഛാ ആളുകൾക്കും അച്ഛനും തെറ്റു കണ്ടെത്താൻ പറ്റിയത്…?
” ഇതിൽ തെറ്റാന്നും ഇല്ലേടാ … ? ഒരു പെണ്ണ് രണ്ടാണുങ്ങളുടെ കൂടെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടുചുറ്റുന്നതിൽ നിനക്കൊരു തെറ്റും കാണാൻ കഴിയുന്നില്ലേടാ നാണം കെട്ടവനേ ..?
മോഹനൻ ശബ്ദമുയർത്തുമ്പോഴും നവീന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു ..’എനിക്ക് ഒരു തെറ്റും കാണാൻ കഴിയില്ല അച്ഛാ, കാരണം ഒരാണിനോ, പെണ്ണിനോ തെറ്റു ചെയ്യണമെന്ന് സ്വയം തോന്നിയാൽ നമ്മളാരു നോക്കി നിന്നാലും അവരാ തെറ്റു ചെയ്തിരിക്കും…. അതിനവർക്കൊരു മുടിനാരിന്റെ മറ പോലും ആവശ്യമില്ല..
‘പിന്നെ ശുദ്ധ സൗഹൃദത്തിൽ ആൺ പെൺ വേർതിരിവുകൾ ഇല്ല അച്ഛാ.. എനിക്ക് എന്റെ ഭാര്യയെയും അവളുടെ സൗഹൃദത്തെയും നൂറു ശതമാനം വിശ്വാസം ഉണ്ടായതു കൊണ്ടാണ് അവരുടെ സ്വപ്ന യാത്രയിൽ അവരുടെ കൂടെ ഞാൻ പോവാതിരുന്നത്.
കാരണം ചില ഇഷ്ടങ്ങളും യാത്രകളും എപ്പോഴും പൂർണ്ണമാവുന്നത് ബന്ധങളുടെ ചങ്ങല കണ്ണികളില്ലാതെ സഞ്ചരിക്കുമ്പോഴാണ് ..
ഞാൻ പറഞ്ഞത് മനസ്സിലാവണമെങ്കിൽ അച്ഛനൊരു പാട് മാറേണ്ടിയിരിക്കുന്നു അച്ഛന്റെ ചിന്തകളിൽ നിന്നും ,
കാഴ്ചപ്പാടുകളിൽ നിന്നും ,അതിനൊരു പാട് കാലതാമസം വരും അതുകൊണ്ട് ഞങ്ങളുടെ ജീവിതം ഞങ്ങളെ ജീവിക്കാൻ വിടുക …
നവീൻ പറഞ്ഞു നിർത്തി വീടിനകത്തേക്കു പോയമ്പോഴും അവന്റെ വാക്കുകളുടെ പൊരുൾ മനസ്സിലാവാതെ മോഹൻ സുധയുടെ മുഖത്തേക്ക് പകച്ചു നോക്കി നിന്നു ,
പക്ഷെ സുധയുടെ മുഖത്തെ വിരിഞ്ഞ പുഞ്ചിരി വിളിച്ചു പറയുന്നുണ്ടായിരുന്നു മകനേ നീയാണ് ശരിയെന്ന് .. സൗഹൃദത്തെ അതിന്റെ പൂർണ്ണതയോടെ മനസ്സിലാക്കാൻ സാധിക്കുന്ന നീയാണ് വലിയ ശരി …..