(രചന: ശ്രേയ)
” ഉണ്ണി… പ്ലീസ്… ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്..”
നീലിമ അവനു മുന്നിൽ കരഞ്ഞു കൊണ്ട് കൈ കൂപ്പി.
” വേണ്ടെടി.. നീ കൂടുതൽ ഒന്നും പറയണ്ട.. നിന്റെ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്.. അതിൽ കൂടുതൽ ഒന്നും നിനക്ക് പറയാൻ ഉണ്ടാവില്ലല്ലോ.. ”
അവൻ പുച്ഛത്തോടെ, അതിലേറെ ദേഷ്യത്തോടെ ചോദിച്ചു.
” നീ ഇനിയും എന്തിനാടാ അവളോട് സംസാരിച്ചു നിൽക്കുന്നത്..? പറയാനുള്ളത് ഒക്കെ എന്താണെന്ന് വച്ചാൽ പറഞ്ഞു ഒഴിവാക്കി വിട്ടൂടെ ഇതിനെ..? ”
വെറുപ്പോടെ ഉണ്ണിയുടെ അമ്മ ചോദിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
” അമ്മേ.. ഞാൻ പറയുന്നത് അമ്മ എങ്കിലും വിശ്വസിക്കൂ.. നിങ്ങളൊക്കെ കരുതുന്നത് പോലെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ”
അവൾ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.
” തെറ്റ് ചെയ്തിട്ടില്ല പോലും.. തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ കല്യാണം കഴിഞ്ഞു ഒരു മാസം ആവുന്നതിനു മുന്നേ നീ എങ്ങനെയാടി രണ്ട് മാസം പ്രെഗ്നന്റ് ആയത്..? ”
അവളുടെ കവിളിലേക്ക് ആഞ്ഞു തല്ലിക്കൊണ്ട് ഉണ്ണി ചോദിച്ചു.
അത് കണ്ട് മനസ്സാൽ സന്തോഷിക്കുകയായിരുന്നു ഉണ്ണിയുടെ അമ്മ.
” നിനക്കെന്താടാ തലയ്ക്ക് സുഖമില്ലേ.? ഒന്നുമില്ലേലും 10 പിള്ളേർക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്ന അധ്യാപകൻ അല്ലേ നീ.? അങ്ങനെയുള്ള നിനക്ക് ഇതിന്റെ സയന്റിഫിക് വശങ്ങൾ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ കഷ്ടമാണ്.. ”
അവിടുത്തെ ബഹളം കേട്ടു കൊണ്ടു വന്ന ഉണ്ണിയുടെ സഹോദരന്റെതായിരുന്നു ആ ശബ്ദം.
” വന്നല്ലോ അവളുടെ പുതിയ രക്ഷകൻ..! നിന്നെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല.. ഇനി നീ തന്നെയാണോ ഇവളുടെ വയറ്റിൽ വിത്തുപാകിയത്..? ”
സ്വന്തം അനിയന് നേരെയാണ് ആ ചോദ്യം എന്ന് പോലും ഓർക്കാതെ ഉണ്ണി അത് ചോദിച്ചപ്പോൾ ഒരേ നിമിഷം നീലിമയ്ക്കും സഹോദരൻ അനിക്കും അവനോട് വെറുപ്പ് തോന്നി.
“ചെ.. നിങ്ങൾ എന്റെ ഏട്ടൻ ആണെന്ന് പറയാൻ എനിക്ക് വെറുപ്പ് തോന്നുന്നു. നിങ്ങളുടെ മനസ്സ് ഇപ്പോഴും ഇങ്ങനെ മുരടിച്ചിരിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞില്ല.
നിങ്ങൾ ഈ പെണ്ണിന്റെ കഴുത്തിൽ താലികെട്ടി ഇവിടേക്ക് കൊണ്ടു കയറി വന്ന നാൾ മുതൽ അവൾ എന്റെ ഏട്ടത്തി അമ്മയാണ്. പ്രായത്തിൽ എന്നെക്കാൾ ഒരുപാട് താഴെയാണെങ്കിലും ഏട്ടത്തി എന്നല്ലാതെ ഇന്നുവരെ ഞാൻ അവരെ വിളിച്ചിട്ടില്ല.
ഏട്ടത്തി എന്ന് വിളിക്കുമ്പോൾ അമ്മയുടെ സ്ഥാനം തന്നെയാണ് ഞാൻ മനസ്സിൽ കൊടുത്തിരുന്നത്. ഇനിയും അതിൽ മാറ്റം വരാൻ പോകുന്നില്ല. കണ്ണിൽ കാണുന്ന പെണ്ണുങ്ങളെയെല്ലാം ബന്ധം നോക്കാതെ കയറിപ്പിടിക്കാൻ ഉണ്ണി അല്ല ഞാൻ..”
ദേഷ്യത്തോടെ അനി അവന് നേരെ അലറി.
“അവളെ പറഞ്ഞാൽ ഇവന് ദേഷ്യം വരുന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത് അവൾക്ക് ആണുങ്ങളെ വശീകരിക്കാൻ നല്ല കഴിവാണെന്ന്.”
പുച്ഛത്തോടെ ഉണ്ണി പറയുമ്പോൾ സർവ്വം തകർന്നവളെ പോലെ നിൽക്കുകയായിരുന്നു നീലിമ.
” കണ്ണിന്റെ കൃഷ്ണമണി പോലെ ഞാൻ വളർത്തിയ രണ്ടു മക്കൾ ഇങ്ങനെ കൺമുന്നിൽ തല്ലി തോൽപ്പിക്കുന്നത് കാണാൻ വയ്യ. ഇനിയെങ്കിലും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാതെ ദയവുചെയ്ത് ഒന്ന് ഇറങ്ങി പോകാമോ..? ”
അവളുടെ മുന്നിൽ കരഞ്ഞു കൊണ്ട് കൈകൂപ്പി ഉണ്ണിയുടെ അമ്മ ചോദിച്ചപ്പോൾ മറ്റൊന്നും പറയാതെ തലയാട്ടിക്കൊണ്ട് കണ്ണീരോടെ ആ പെണ്ണ് ആ വീടിന്റെ പടിയിറങ്ങി.
ഉള്ളിൽ വല്ലാതെ സന്തോഷിക്കുന്നുണ്ടെങ്കിലും ഉണ്ണിയുടെ അമ്മ അതൊന്നും പുറത്തു കാണിച്ചില്ല.
എവിടേക്ക് പോകണം എന്നറിയാതെ ആ ബസ്റ്റോപ്പിൽ ഇരിക്കുമ്പോൾ ആശ്രയമായി മുന്നിലേക്ക് വന്നത് അനിയുടെ ഒരു സുഹൃത്തായിരുന്നു.
വൈഷ്ണവി.. സുഹൃത്ത് എന്ന് പറയുന്നതിനേക്കാൾ ഉപരി അനിയുടെ പ്രാണൻ തന്നെ അവളാണ് എന്ന് പറയുന്നതാണ് ശരി.
പലപ്പോഴും വീട്ടിൽ വരുന്ന അവളെ കണ്ടിട്ടുണ്ടെങ്കിലും അവർക്കിടയിൽ ഒരു സൗഹൃദം പോലും ഉണ്ടായിരുന്നില്ല. പെട്ടെന്ന് അവൾ മുന്നിൽ വന്നു നിന്നപ്പോൾ നീലിമ പതറി പോയി.
” ടോ.. താൻ ഇങ്ങനെ ആലോചിച്ചു നിൽക്കണ്ട.. എന്നോടൊപ്പം പോരൂ.. തനിക്ക് എന്നെ വിശ്വാസം ഇല്ലേ..? ”
വൈഷ്ണവി ചോദിച്ചപ്പോൾ നീലിമ ഒന്ന് പരുങ്ങി. ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ സഹായം സ്വീകരിക്കാൻ അവൾക്ക് വല്ലാത്തൊരു മടി തോന്നുന്നുണ്ടായിരുന്നു.
അത് മനസ്സിലാക്കിയത് പോലെ വൈഷ്ണവി പെട്ടെന്ന് തന്നെ അനിയുടെ നമ്പറിലേക്ക് വിളിച്ചു. അവർ തമ്മിൽ എന്തോ സംസാരിച്ചതിനു ശേഷം ഫോൺ നീലിമയ്ക്ക് കൈമാറി. ഒന്ന് പതറി കൊണ്ടാണ് നീലിമ ഫോൺ ചെവിയിലേക്ക് ചേർത്തത്.
“ഏട്ടത്തി.. അയ്യോ ഇനി അങ്ങനെ വിളിക്കേണ്ട ആവശ്യമില്ലല്ലോ.. എടോ താൻ വൈഷ്ണവിയുടെ കൂടെ ചെല്ല്. ഇപ്പോൾ എന്തായാലും തന്റെ പിന്നാലെ വരാൻ പറ്റുന്ന ഒരവസ്ഥയിൽ അല്ല ഞാൻ.
താൻ ഇറങ്ങി പോയപ്പോൾ ഇവിടുത്തെ അവസ്ഥ എന്താണെന്ന് താൻ കണ്ടതല്ലേ. തന്റെ അത്യാവശ്യ വേണ്ടുന്ന സർട്ടിഫിക്കറ്റും സാധനങ്ങളും ഒക്കെയായി ഞാൻ എത്തിയേക്കാം. എന്നെ വിശ്വാസം ഉണ്ടെങ്കിൽ അവളോടൊപ്പം ചെല്ല്..”
അനി അങ്ങനെ പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഒരു സഹോദരന്റെ കരുതലാണ് അവൾക്ക് അറിയാൻ കഴിഞ്ഞത്. പിന്നീട് ആരുടെയും നിർബന്ധമില്ലാതെ തന്നെ നീലിമ വൈഷ്ണവിയുടെ ഒപ്പം യാത്ര തിരിച്ചു.
അത് അവളുടെ പുതിയ ജീവിതത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയായിരുന്നു.
ഒരുപാട് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്ന നീലിമയെ ഒരു താലി ചരടിൽ തളച്ചിട്ടപ്പോൾ അതിൽ ഇല്ലാതെയായത് ഭാവിയെ കുറിച്ചുള്ള അവളുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു.
ഗർഭത്തിന്റെ ആലസ്യം അവളെ അലട്ടുന്നുണ്ടെങ്കിലും അതൊന്നും അവളെ ബാധിക്കാത്ത തരത്തിൽ കഷ്ടപ്പെട്ട് തന്നെ അവൾ മുന്നോട്ടു പോയി.
കുഞ്ഞിനെയും അവളെയും അനിയും വൈഷ്ണവിയും നന്നായി തന്നെ കെയർ ചെയ്തു എന്ന് പറയാം.
വൈഷ്ണവിയുടെയും അനിയുടെയും സഹായത്തോടെ അവൾ പിഎസ്സി ടെസ്റ്റുകൾ എഴുതാൻ തുടങ്ങി. കഷ്ടപ്പാടിന്റെ ഫലം എന്നതു പോലെ അവൾക്ക് ഒരു ജോലി തരപ്പെടുകയും ചെയ്തു.
ഇതിനിടയിൽ ഉണ്ണിയുമായുള്ള ഡിവോഴ്സ് കഴിഞ്ഞിരുന്നു. അധികം വൈകാതെ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. ഒരു പൊന്നോമന മകൻ.. കുറെ നാളിന് ശേഷം അവൾ മനസ്സറിഞ്ഞ് സന്തോഷിച്ച ഒരു ദിവസമായിരുന്നു അത്.
ഡിവോഴ്സ് കഴിഞ്ഞതിന് പിന്നാലെ തന്നെ അമ്മയുടെ നിർബന്ധപ്രകാരം ഉണ്ണി അമ്മയുടെ സഹോദരന്റെ മകളെ വിവാഹം ചെയ്തിരുന്നു.
ആ പെൺകുട്ടിക്ക് പണ്ടുമുതലേ ഉണ്ണിയെ ഇഷ്ടമായിരുന്നു എന്നും, അതിനിടയിൽ നീലിമ കയറി വന്നപ്പോൾ അവൾ ഒരുപാട് വിഷമിച്ചു എന്നുമൊക്കെ അനി പറഞ്ഞറിഞ്ഞു.
വിവാഹത്തിനോ,അതിനോട് അനുബന്ധിച്ച ചടങ്ങുകൾക്ക് ഒന്നും അനി പങ്കെടുത്തിരുന്നില്ല. അതിൽ ഉണ്ണിക്കും അമ്മയ്ക്കും ഒക്കെ എതിർപ്പ് ഉണ്ടെങ്കിലും അതൊന്നും അനിയനെ ബാധിച്ചില്ല.
അവൾ ജോലിക്ക് പോകുന്ന സമയത്ത് ഒക്കെ കുഞ്ഞിനെ നോക്കാനായി ഒരു ആയയെ ഏൽപ്പിച്ചിരുന്നു.
ഉണ്ണിയും മഹിമ എന്ന പുതിയ ഭാര്യയും ആയുള്ള ദാമ്പത്യം അധികകാലം ഒന്നും നീണ്ടു നിന്നില്ല. എത്രയും വേഗം ഒരു പേരക്കുട്ടിയെ പുഞ്ചിരിക്കണമെന്ന് ഉണ്ണിയുടെ അമ്മയുടെ ആഗ്രഹം അവൾ നിഷ്കരണം തള്ളിക്കളഞ്ഞു.
“എനിക്ക് ഉടനെ ഒന്നും പ്രസവിക്കാൻ താല്പര്യം ഇല്ല.ഉടനെ എന്നല്ല ഒരിക്കലും പ്രസവിക്കാൻ എനിക്കിഷ്ടമല്ല. എന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിക്കൊണ്ട് എനിക്ക് ഒന്നും നേടണ്ട..”
അന്ന് അവൾ അങ്ങനെ ഒരു മറുപടിയിൽ ഉണ്ണിയുടെ അമ്മയുടെ വായടപ്പിക്കുമ്പോൾ, അവർ ഓർത്തത് കൺമുന്നിൽ കരഞ്ഞുകൊണ്ട് തന്റെ കുഞ്ഞ് ഉണ്ണിയുടേത് തന്നെയാണ് എന്ന് പറഞ്ഞ ഒരു പെണ്ണിനെയാണ്.
ഉണ്ണിയുടെ ചിന്തകളിലും അവൾ തന്നെയായിരുന്നു നിറഞ്ഞു നിന്നത്.അവൾ ഒരിക്കലും തെറ്റായ വഴിക്ക് പോവുകയോ അങ്ങനെ ചിന്തിക്കുകയോ ചെയ്യുന്ന പെൺകുട്ടി അല്ല എന്ന് മറ്റാരെക്കാളും നന്നായി ഉണ്ണിക്ക് അറിയാമായിരുന്നു.
എന്നിട്ടും അമ്മ പറഞ്ഞുതന്ന പലതും മനസ്സിൽ ഇട്ടുകൊണ്ടാണ് അവളോട് അന്ന് അത്രയും ക്രൂരമായി പെരുമാറിയത്. പക്ഷേ അതിന് യാതൊരു അടിസ്ഥാനവുമില്ലാ എന്ന് അവനു തന്നെ വ്യക്തമായ ധാരണ ഉള്ളതാണ്.
മഹിമയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ കാലക്രമേണ അവരെ ഒരു ഡിവോഴ്സിലേക്ക് എത്തിച്ചു. അതിനുശേഷം ആണ് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം ഉണ്ണിയിൽ ബലപ്പെട്ടത്.
അനിയുടെ സഹായം തേടിയെങ്കിലും ഒരിക്കലും ഉണ്ണിയെ അവരിലേക്ക് എത്തിക്കില്ല എന്നുള്ളത് അനിയുടെ വാശിയായിരുന്നു. ഒടുവിൽ ഉണ്ണിക്കും അമ്മയ്ക്കും അനിയുടെ കാലുപിടിച്ച് അപേക്ഷിക്കേണ്ടി വന്നു.
അവരുടെ അപേക്ഷ സ്വീകരിച്ച് അവരെ നീലിമയുടെ അടുത്തേക്ക് കൊണ്ടുപോകുമ്പോൾ ഒരു മധുര പ്രതികാരം വീട്ടാനുള്ള പോക്ക് ആയിരുന്നു അത്.
ഒരു ബീച്ചിലേക്ക് അവരെയും കൊണ്ട് ചെല്ലുമ്പോൾ എന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നത് എന്നൊരു ചോദ്യം അവരുടെ രണ്ടാളുടെയും മനസ്സിൽ ഉണ്ടായിരുന്നു.
പക്ഷേ അതിനെയൊക്കെ മറികടക്കാൻ അവൻ ചൂണ്ടിക്കാണിച്ച ഒരു കാഴ്ച മാത്രം മതിയായിരുന്നു.
നീലിമയെ ചേർത്തുപിടിച്ചുകൊണ്ട് ഒരു കൈയിൽ ഒരു കുഞ്ഞിനെയും എടുത്ത് അവരോടൊപ്പം നടക്കുന്ന ഒരു ചെറുപ്പക്കാരൻ. കൃത്യമായി പറഞ്ഞാൽ ഒരു കുടുംബം എന്ന് കണ്ടാൽ ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള ഒരു കാഴ്ച..!
” ഇങ്ങനെ മിഴിച്ചു നോക്കണ്ട. അത് നീലിമയുടെ ഭർത്താവാണ്. കൂടെയുള്ളത് അവരുടെ മകനും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നീ തള്ളിക്കളഞ്ഞ നിന്റെ മകൻ.
അവകാശവും പറഞ്ഞ് അങ്ങോട്ട് ചെല്ലണ്ട അവളുടെ ഭർത്താവ് ഒരു പോലീസുകാരനാണ്. തരാനുള്ളത് എല്ലാം കൂടി ചേർത്ത് അയാൾ തന്നു വിടും..
എന്തായാലും അവളെ കാണാനുള്ള ആഗ്രഹം ഞാൻ സാധിച്ചു തന്നല്ലോ.. ഇനി അമ്മയും മോനും കൂടി പതിയെ വീട്ടിലേക്ക് വച്ചുപിടിച്ചോ.. ഇപ്പോൾ അവളെ കാണാൻ ആഗ്രഹിച്ചത് സ്നേഹം കൊണ്ടൊന്നുമല്ല എന്ന് എനിക്കറിയാം.
ഇനി അഥവാ അങ്ങനെയാണെങ്കിലും വൈകി വരുന്ന തിരിച്ചറിവുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കിക്കോ.. ”
ഒരു ഉപദേശം പോലെ അനി അത് പറയുമ്പോൾ ഉണ്ണിയും അമ്മയും ചിന്തിച്ചതും അതിനെക്കുറിച്ച് തന്നെയായിരുന്നു.
അനി ചൂണ്ടിക്കാണിച്ച ആ കാഴ്ചയിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി കൊണ്ട് ഉണ്ണി പിന്തിരിഞ്ഞു നടന്നു.
ഇനി ഒരിക്കലും സ്വന്തമാകില്ല എന്ന് ഉറപ്പുണ്ടെങ്കിലും കഴിഞ്ഞകാല ജീവിതത്തിലെ കുറേയേറെ ഓർമ്മകളെ മനസ്സിൽ താലോലിച്ചു കൊണ്ട് അവൻ മുന്നോട്ടു നീങ്ങി.