(രചന: J. K)
ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി സ്വന്തം മകളുടെ വീട്ടിലേക്ക് പോകുമ്പോൾ രാമചന്ദ്രന്റെ ഉള്ള് നീറുന്നുണ്ടായിരുന്നു….
അയാൾ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി എന്തെങ്കിലും ഇഷ്ടക്കേട് കാണാനുണ്ടോ എന്ന്…
ഇല്ല ഒന്നുമില്ല..പൂർണ്ണ മനസ്സോടുകൂടി തന്നെയാണ് അവൾ തന്നെ അവളുടെ വീട്ടിലേക്ക് വിളിക്കുന്നത്….
തന്റെ പ്ലാസ്റ്ററിട്ട കാല് നിലത്തു കുത്താത്ത വിധം ശ്രദ്ധയോടെ അവൾ തന്നെ പിടിക്കുന്നുണ്ട് ഒപ്പം അവളുടെ ഭർത്താവും…
രണ്ടുപേരുടെയും മുഖത്ത് സ്നേഹം എന്നൊരു വികാരം മാത്രമാണ് വായിച്ചെടുക്കാൻ സാധിച്ചത് അതിനേക്കാൾ സന്തോഷമായിരുന്നു അവളുടെ ഒക്കത്തിരിക്കുന്ന തന്റെ പേരക്കിടാവിനെ കാണുമ്പോൾ .
പക്ഷേ അവളുടെ പുറകെ ചെല്ലുമ്പോൾ എന്തോ മനസാക്ഷി കുത്തു പോലെ..ഓർമ്മകൾ ഒരു നാലുവർഷം മുന്നിലേക്ക് പോയി രണ്ടു മക്കളായിരുന്നു തനിക്ക്…
മൂത്തവൻ ആദർശ്.. ഇളയവൾ ദേവിക..
താനും ഭാര്യയും വളരെ സ്നേഹിച്ചും കൊഞ്ചിച്ചും തന്നെയാണ് അവരെ രണ്ടുപേരെയും വളർത്തി വലുതാക്കിയത്….
മോനെക്കാൾ ഒരല്പം സ്നേഹക്കൂടുതൽ എപ്പോഴും തനിക്ക് മോളോട് ആണ് എന്ന് ഭാര്യ എപ്പോഴും പറയുമായിരുന്നു…
അക്ഷരാർത്ഥത്തിൽ അത് ശരിയുമായിരുന്നു അവൾ എപ്പോഴും ഒരു അച്ഛൻ കുട്ടിയായിരുന്നു അവൾക്ക് എന്തിനും ഏതിനും അച്ഛൻ വേണം….
എന്തൊക്കെ അവരെ പഠിപ്പിക്കാൻ പറ്റുമോ അതൊക്കെ പഠിപ്പിക്കണം എന്നായിരുന്നു മോഹം…
അവരുടെ നല്ല ഭാവിയും തങ്ങൾ സ്വപ്നം കണ്ടിരുന്നു… തന്റെ മകളെ ഒരു നല്ല പയ്യനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു വലിയ മോഹം… പക്ഷേ അതിനുമുമ്പ് തന്നെ അവള് കൂടെ പഠിച്ച ഒരു ചെറുക്കനുമായി പ്രണയത്തിലായി..
ഒട്ടും സാമ്പത്തികം ഇല്ലാത്തവൻ തന്നെയുമല്ല ജാതിയിലും താഴ്ന്നവൻ അന്നേരം ആ ഒരു ബന്ധം അംഗീകരിക്കാൻ രാമചന്ദ്രന് കഴിഞ്ഞില്ല അയാൾ പൂർണ്ണമായും ആ ബന്ധത്തെ എതിർത്തു പക്ഷേ അവൾ വാശിപിടിച്ചു നിന്നു അവനെ മാത്രമേ വിവാഹം കഴിക്കു എന്ന്….
ശരിക്കും അവരുടെ ആ പിടി വാശി രാമചന്ദ്രനെ ശരിക്കും ചൊടിപ്പിച്ചു…അതുകൊണ്ടുതന്നെയാണ് ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും അയാൾ അവളെ മറ്റൊരു വിവാഹത്തിനു സമ്മതിപ്പിച്ചത്…
രാമചന്ദ്രന്റെ കൂട്ടുകാരന്റെ മകൻ തന്നെയായിരുന്നു പയ്യൻ അതുകൊണ്ട് തന്നെ അവൾ എതിർത്തും അയാൾ ആ വിവാഹം ഉറപ്പിച്ചു….
ചിട്ടിപ്പിടിച്ചും അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ കടം വാങ്ങിയും അവൾക്ക് വേണ്ട സ്വർണവും വസ്ത്രവും എല്ലാം അയാൾ വാങ്ങി കല്യാണ ചിലവും ഏകദേശം ഒത്തു വന്നു.
അങ്ങനെ എല്ലാം തയ്യാറായി എന്ന് കരുതിയപ്പോഴാണ് വിവാഹത്തിന്റെ തലേദിവസം എല്ലാവരെയും നാണംകെടുത്തിക്കൊണ്ട് അവൾ ഒളിച്ചോടുന്നത്….
കുടുംബത്തിന് വലിയൊരു നാണക്കേടായിരുന്നു അത് എല്ലാവരും രാമചന്ദ്രനെ കുറ്റപ്പെടുത്തി.. അയാൾ മകൾക്ക് ആവശ്യമില്ലാത്ത സ്വാതന്ത്ര്യം നൽകിയത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് എന്ന് എല്ലാവരും പറഞ്ഞു….
രാമചന്ദ്രൻ ആകെ തകർന്നു പോയിരുന്നു അയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു ഒരു മൈനർ അറ്റാക്ക് അതിൽ നിന്നും അയാൾ രക്ഷപ്പെട്ടു…
പക്ഷേ എത്രത്തോളം തന്നെ മകളെ അയാൾ സ്നേഹിച്ചുവോ അത്രത്തോളം തന്നെ അവളെ വെറുക്കാൻ അന്നുമുതൽ അയാൾ തുടങ്ങി അവളുടെ പേര് കേൾക്കുന്നത്… അവളുടെ സാധനങ്ങൾ കാണുന്നത്.. ഒന്നും അയാൾ ഇഷ്ടപ്പെട്ടില്ല…
അവളോടുള്ള ദേഷ്യം കൊണ്ടാണ് സ്വത്തുക്കൾ മുഴുവൻ മകന്റെ പേരിൽ എഴുതിവെച്ചത്… അവൾക്കായി ഒരു കഷണം ഭൂമി പോലും അയാൾ ബാക്കിവച്ചില്ല മുഴുവൻ അവകാശവും മകന് മാത്രമാണ് എന്ന് അയാൾ എഴുതിവെച്ചു…..
മകളുടെ സുഖവിവരമോ അവൾ എങ്ങനെ ജീവിക്കുന്നു എന്നുപോലും അയാൾ അന്വേഷിച്ചില്ല..
അവൾ ഒരു പെൺകുഞ്ഞിനെ ജന്മം നൽകി അത് സന്തോഷത്തോടെ അവളുടെ ഭർത്താവ് വിളിച്ചുപറഞ്ഞു പക്ഷേ, അതൊന്നു കേൾക്കാനുള്ള സാവകാശം പോലും അയാൾ നൽകിയില്ല…
ഇതിനിടയിൽ മകന്റെ വിവാഹം കഴിഞ്ഞു തന്റെ ഭാര്യക്ക് ഇടയ്ക്കിടയ്ക്ക് വരാറുള്ള പനി കാര്യമാക്കിയിരുന്നില്ല
പക്ഷേ പിന്നീടാണ് അത് ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരുന്നു എന്നും ഇപ്പോൾ തങ്ങളാൽ കൂട്ടിയാൽ കൂടാത്ത വിധം അത് അവളുടെ മേൽ ആകെ പടർന്നിട്ടുണ്ട് എന്നും എല്ലാവരും തിരിച്ചറിഞ്ഞത്….
ചികിത്സ എന്നത് ഇനി ചെയ്തിട്ടും ഫലമില്ല എന്ന സ്റ്റേജിൽ എത്തിയിരുന്നു അതുകൊണ്ടുതന്നെ തന്റെ കൈവിട്ട് അവൾ പോകുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ രാമചന്ദ്രന് കഴിഞ്ഞുള്ളൂ ജീവിതത്തിൽ അയാൾ തനിച്ചാവാൻ തുടങ്ങി…..
മകന് സ്വന്തം കുടുംബം മാത്രമായിരുന്നു വലുത് അവിടെ അയാൾ ഒരു അധികപ്പറ്റായി അവന്റെ ഭാര്യ തൊട്ടതിനും പിടിച്ചതിനും എല്ലാം അയാളെ കുറ്റം പറയാൻ തുടങ്ങി… എല്ലാത്തിലും മകൻ സപ്പോർട്ട് ആണ് എന്നത് അയാളെ കൂടുതൽ വിഷമിപ്പിച്ചു…
പക്ഷേ അയാൾക്കൊന്നും ചെയ്യാനില്ലായിരുന്നു അവിടെ ഒരു അധികപ്പറ്റായി അയാൾ ജീവിച്ചു പോന്നു. ഇതിനിടയിലാണ് രാമചന്ദ്രൻ ബാത്റൂമിൽ തെന്നി വീഴുന്നതും കാലിന്റെ എല്ല് ഓടിയുന്നതും…
തന്നെ ഒന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അവർ കൂട്ടാക്കിയില്ല അടുത്ത വീട്ടിലുള്ളവരുടെ സഹായത്തോടെയാണ് താൻ ഗവൺമെന്റ് ആശുപത്രിയിൽ എത്തിയത്…
അവിടേക്ക് മോളെ കാണിക്കാൻ വേണ്ടി വന്നതായിരുന്നു തന്റെ മകൾ ദേവിക…തന്നെ കണ്ട പാടെ അടുത്തേക്ക് ഓടി വന്നു അവളെ നോക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു എന്റെ മിഴികൾ നിറഞ്ഞത് കണ്ടിട്ട് ആവണം അവൾ എന്റെ കയ്യിൽ കയറി പിടിച്ചത്..
“” ഇപ്പോഴും അച്ഛന് എന്നോട് ദേഷ്യമാണോ””” എന്ന് ചോദിച്ചു ഞാൻ അതിന് മറുപടിയൊന്നും പറയാതെ മറ്റെങ്ങോട്ടോ മിഴികൾ പാകി ഇരുന്നു….
അല്ലെങ്കിലും ദേഷ്യപ്പെടാനും, സങ്കടപ്പെടാനും എല്ലാം താനിപ്പോൾ മറന്നിരിക്കുന്നു… ഇപ്പോൾ ആർക്കും ശല്യം ആവാതെ വേഗം അവളുടെ അരികിൽ എത്തണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ….
മകന്റെ വീട്ടിലെ എന്റെ സ്ഥിതിയെല്ലാം അവൾക്ക് അറിയാമായിരുന്നുത്രെ…വന്നു വിളിച്ചാൽ കൂട ചെല്ലുമോ എന്ന ഭയം കാരണം ആണത്രെ ഇത്രയും നാൾ വിളിക്കാൻ വരാതിരുന്നത്… ഇപ്പോൾ അവൾ നേർമയോടെ എന്നോട് ചോദിച്ചു.
“”””ഞാൻ വിളിച്ചാൽ അച്ഛൻ എന്റെ വീട്ടിലേക്ക് വരുമോ എന്ന്….””””” ഞാൻ നിനക്കൊരു ബുദ്ധിമുട്ടാവും””” എന്ന് മാത്രമാണ് വായിൽ നിന്ന് വന്നത്…
“”അച്ഛൻ ഞങ്ങക്ക് ബുദ്ധിമുട്ടോ… അച്ഛൻ അറിയോ അന്ന് ഒരു വാശിക്ക് എന്റെ കൂടെ ഇറങ്ങിപ്പോന്നതിൽ പിന്നെ അച്ഛനെ ഓർത്ത് ഇവളുടെ കണ്ണ് നിറയാത്ത ഒറ്റ രാത്രി പോലുമില്ല…
അന്നേ ഞാൻ പറയുമായിരുന്നു എന്നെങ്കിലും ഒരു ദിവസം അച്ഛനെ നിനക്ക് മാത്രമായി കിട്ടും എന്ന്… ആ പണ്ടത്തെ അച്ഛനായി “”
എന്തോ അത് കേട്ടപ്പോൾ രാമചന്ദ്രന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു…ആ മിഴികൾ നിറയുന്നത് കണ്ട് അതിലും സങ്കടത്തോടെ അവൾ അയാളുടെ നെഞ്ചിലേക്ക് ഒട്ടിയിരുന്നു…. അവളുടെ നെറുകിൽ തലോടുമ്പോൾ അയാളുടെ ഉള്ളം തണുക്കുന്നത് അയാൾ അറിഞ്ഞിരുന്നു….
“” അച്ഛൻ വരു”” എന്ന് പറഞ്ഞു,
അയാളെയും പിടിച്ച് മെല്ലെ മെല്ലെ അവർ ഒരു സ്വർഗ്ഗത്തിലേക്ക് നടന്നു നീങ്ങി….
ഒരിക്കൽ നിഷേധിച്ച അച്ഛന്റെ സ്നേഹം നിറഞ്ഞ് കിട്ടാൻ പോകുന്ന ഒരു സ്വർഗ്ഗത്തിലേക്ക്….