(രചന: അംബിക ശിവശങ്കരൻ)
വിവാഹം ഉറപ്പിക്കുമ്പോൾ തന്നെ അമ്മായിയമ്മ എന്ന വർഗ്ഗത്തോടുള്ള അമർഷം അമൃതയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അത് പ്രധാനമായും തന്റെ ചേച്ചിയുടെ അനുഭവങ്ങൾ കണ്ടും കേട്ടും രൂപപ്പെട്ടത് ആയിരുന്നു.
ചേച്ചിയുടെ വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ കേട്ട് തുടങ്ങിയതാണ് അമ്മായിയമ്മയുടെ പീഡന കഥ. സീരിയലിലെ പാവം മരുമകളെ പോലെ എല്ലാം സഹിച്ചു വീട്ടിൽ വന്ന് കരഞ്ഞ് സങ്കടം പറയുമ്പോൾ ആ സ്ത്രീയോട് തോന്നിയതിനേക്കാൾ കൂടുതൽ അമർഷം സ്വന്തം ചേച്ചിയോട് തോന്നിയിട്ടുണ്ട്.
“നിനക്ക് നാണമില്ലേ ചേച്ചി എല്ലാം കേട്ടുകൊണ്ട് നിന്ന് ഇവിടെ വന്നു നിന്ന് ഇങ്ങനെ മോങ്ങാൻ? നിന്നെ എന്താ വീട്ടുവേലക്കായാണോ അങ്ങോട്ട് കെട്ടിച്ചുവിട്ടത്? മരുമക്കൾ കേറി ചെല്ലാൻ കാത്തിരിക്കും അമ്മായിയമ്മമാര് പോരെടുക്കാൻ.. അല്ല..
ഒരു കണക്കിന് പറഞ്ഞാൽ ചേച്ചിയെ പോലെയുള്ള അയ്യോ പാവം മരുമക്കളാണ് ഇത്തരക്കാർക്ക് വളം വെച്ച് കൊടുക്കുന്നത്. ഇങ്ങോട്ട് പറയുമ്പോൾ തിരിച്ചു രണ്ടെണ്ണം പറഞ്ഞാൽ എന്താണ്? അതിനെങ്ങനെയാണ് ചേട്ടന് തന്നെ അമ്മയെ പേടിയാണ്.. ഒന്ന് ശ്വസിക്കാൻ വരെ അമ്മയുടെ അനുവാദം വാങ്ങുന്നയാളാണ് ചേട്ടൻ. മകനു സ്ഥാനം ഇല്ലാത്ത വീട്ടിൽ മരുമകൾക്ക് എങ്ങനെയാണ് സ്ഥാനം ഉണ്ടാകുന്നത്?”
” നീ എന്തൊക്കെയാണ് അമ്മു ഈ പറയുന്നത്? അവളെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കുന്നതിന് പകരം പ്രശ്നം രൂക്ഷമാക്കുകയാണോ ചെയ്യേണ്ടത്? ഇതൊക്കെ എല്ലാ വീടുകളിലും പതിവാണ് ഈ ഞാൻ തന്നെ കല്യാണം കഴിഞ്ഞു വന്നപ്പോൾ എന്തൊക്കെ സഹിച്ചതാണ്. അന്ന് ഞാൻ എല്ലാം വിട്ടറിഞ്ഞു പോയിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഒന്നും കാണില്ലായിരുന്നു. ”
തന്റെ ചേച്ചിയെ ഉപദേശിക്കുമ്പോഴൊക്കെയും അമ്മ അവളെ ശകാരിക്കാറാണ് പതിവ്.
” അന്നത്തെ കാലമാണോ അമ്മേ ഇത്? നമ്മൾ അനുഭവിച്ച ദുരിതങ്ങൾ ഒന്നും മറ്റൊരാൾ അനുഭവിക്കരുതെന്നല്ലേ ആരായാലും ആഗ്രഹിക്കുക.. ഇതിപ്പോ ഞാൻ കയറി വന്നപ്പോൾ എന്റെ അമ്മായിയമ്മ എന്നെ ഇത്ര ദ്രോഹിച്ചിട്ടുണ്ട് അപ്പോൾ എനിക്കൊരു മരുമകൾ വരുമ്പോൾ ഇതിനിരട്ടിയായി ഞാൻ തിരികെ കൊടുക്കും എന്ന ചിന്താഗതി എത്ര മോശമാണ്..”
“അമ്മൂസ് ഞങ്ങൾ ഇവളുടെ അച്ഛനും അമ്മയുമാണ്. അത്രമേൽ പ്രശ്നം ഗുരുതരമാണെന്ന് തോന്നിയാൽ ഇടപെടാൻ ഞങ്ങൾക്കറിയില്ലേ?നീ ഇങ്ങനെയൊക്കെ പറയുന്നത് പക്വത ഇല്ലാത്തതിന്റെ പ്രശ്നമാണ്. ഇതൊക്കെ നിന്റെ കല്യാണം കഴിയുമ്പോൾ നോക്കിയാൽ മതി അമ്മു.. അവളുടെ കാര്യം നീ നോക്കേണ്ട..”
” അല്ലെങ്കിലും ഇതുപോലെ ഭർത്താവിന്റെ അമ്മ തലയിൽ കയറി നിരങ്ങാൻ ഒന്നും ഞാൻ സമ്മതിക്കില്ല. മര്യാദയ്ക്ക് നിന്നാൽ അവർക്ക് കൊള്ളാം ഇല്ലേൽ ഞാൻ ആരാണെന്ന് അവരറിയും. ”
ഇത്തരം തർക്കങ്ങൾക്കിടയിൽ നിന്നുമാണ് താൻ ഒരിക്കലും ഒരു അറേഞ്ച്ഡ് മാരേജിന് നിന്ന് കൊടുക്കില്ല എന്ന തീരുമാനത്തിൽ അവൾ എത്തിയത്. ഭർത്താവ് എന്ന് പറഞ്ഞാൽ തനിക്ക് ഒരു സ്ഥാനം തരുന്നയാൾ ആയിരിക്കണം. അതിനു പരസ്പരം നല്ലതുപോലെ അറിഞ്ഞിരിക്കണം.
അച്ഛനും അമ്മയും കണ്ടെത്തുന്ന ഏതെങ്കിലും അമ്മക്കോന്തനെ കെട്ടിയാൽ ഉള്ള അവസ്ഥ….ചേച്ചിയുടെ ജീവിതം പോലെ തന്റെ ജീവിതവും അടിമത്വത്തിന് സമമാകും.സ്വന്തം ഇഷ്ടങ്ങൾക്ക് വിലയില്ലാതെ, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ…….
അതൊന്നും ചിന്തിക്കാൻ പോലും ആകില്ല. ഇത്തരം ചിന്താഗതിയിൽ നിന്നുമാണ് വിവാഹം എന്നാൽ അത് പ്രണയവിവാഹം എന്ന തീരുമാനത്തിൽ അവൾ എത്തുന്നതും, വിനയ് എന്ന സഹപ്രവർത്തകനോട് ഒരു ഇഷ്ടം മനസ്സിൽ തോന്നുന്നതും, ആ ഇഷ്ടം വിവാഹ ആലോചന വരെ എത്തുന്നതും.
വിനയിനെ നല്ലതുപോലെ അടുത്തറിഞ്ഞ ശേഷം മാത്രമാണ് അവൾ വിവാഹം എന്ന തീരുമാനത്തിലെത്തിയത്. എങ്കിലും ചിലപ്പോഴൊക്കെ വിനയ് അമ്മയെ കുറിച്ച് വാചാലൻ ആകുമ്പോൾ അവൾക്ക് ഉള്ളിൽ ഒരു ഭയം തോന്നാറുണ്ട്.
അവനും തന്റെ ചേച്ചിയുടെ ഭർത്താവിനെ പോലെയാകുമോ എന്ന കാര്യത്തിൽ. സ്വയം എടുത്ത തീരുമാനമായത് കൊണ്ട് തന്നെ മറ്റാരെയും പഴി പറയാനും സാധിക്കുകയില്ല. എല്ലാം തനിച്ച് അനുഭവിക്കേണ്ടി വരും.
” വിനു വിവാഹം കഴിഞ്ഞാലും എന്റെ ഇഷ്ടങ്ങൾ ഒന്നും ഞാൻ ആർക്കും വേണ്ടിയും മാറ്റിവയ്ക്കില്ല.പിന്നെ ജോലി ചെയ്യാൻ വേണ്ടി മാത്രമായി എന്നെ വിവാഹം കഴിക്കേണ്ടതില്ല.
മാത്രമല്ല എന്റെ വീട്ടിലേക്ക് വരാൻ ഞാൻ വിനുവിന്റെ വീട്ടുകാരുടെ മുന്നിൽ തൊഴുതു നിൽക്കുകയൊന്നും ഇല്ല.എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാൻ തോന്നിയാൽ ഞാൻ പോകും. വിവാഹം കഴിഞ്ഞെന്ന് കരുതി പെൺകുട്ടികളെ ആർക്കും തീറെഴുതി കൊടുക്കുന്നില്ലല്ലോ.. ”
വിവാഹം നിശ്ചയിക്കുന്നതിനു മുൻപ് അമൃത വിനയിനോട് പറഞ്ഞ കണ്ടീഷനുകൾ കേട്ടതും ഒരു നിമിഷം അവനൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് അവന് ചിരിയാണ് വന്നത്.
“എന്റെ അമ്മൂ വീട്ടുജോലിക്ക് വേണ്ടിയല്ല നിന്നെ ഇവിടെ കല്യാണം കഴിച്ചു കൊണ്ടുവരുന്നത്. ഇവിടെ ആരും നിന്നെ നിയന്ത്രിക്കാൻ ഒന്നും വരികയില്ല. സ്വന്തം മാതാപിതാക്കളോട് പെരുമാറുന്നത് പോലെ തന്നെ നീയും അവരോട് പെരുമാറിയാൽ മതി.”
എങ്കിലും അവളുടെ മനസ്സിൽ അമ്മായിയമ്മ എന്നത് പോരിന്റെ പര്യായമായി തന്നെ നിലകൊണ്ടു.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് വിവാഹദിനം അടുത്തെത്തി. വിവാഹം അടുക്കുംതോറും അമ്മയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആദി കടന്നു കയറി. മറ്റൊന്നും കൊണ്ടല്ല മൂത്തമകൾ ആരതിയെ പോലെയല്ല അമൃത. മനസ്സിലുള്ളത് എന്തും ആളും തരവും നോക്കാതെ തുറന്നുപറയുന്ന കൂട്ടത്തിലാണ്.
ആരതിയ്ക്ക് നല്ലതുപോലെ ക്ഷമാശീലം ഉണ്ടെങ്കിൽ അമൃതയ്ക്ക് ക്ഷമ എന്നത് ഏഴ് അയലത്ത് കൂടി പോലും കടന്നു പോയിട്ടില്ല. ഭർത്താവിന്റെ വീട്ടിൽ ചെന്ന് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു അവളിനി എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ചോദ്യം നിരന്തരം അവരുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
ഇതേപ്പറ്റി അവർ തന്റെ മകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവളത് അംഗീകരിക്കാൻ തയ്യാറായില്ല.
അങ്ങനെ വിവാഹം കഴിഞ്ഞ് അമൃത വിനയിന്റെ വീട്ടിലേക്ക് എത്തി. ആദ്യ ദിവസങ്ങളെല്ലാം തന്നെ വിനയിന്റെ മാതാപിതാക്കൾ വളരെ സ്നേഹത്തോടെയാണ് അമൃതയോട് പെരുമാറിയത്.
പ്രത്യേകിച്ചും അമ്മ സ്വന്തം മകൾ എന്ന പോലെയാണ് അവളോട് പെരുമാറിയത്. പക്ഷേ ആ സ്നേഹപ്രകടനം കാണുമ്പോഴൊക്കെ തന്നെ അവൾക്ക് തന്റെ ചേച്ചിയുടെ അമ്മായിയമ്മയെയാണ് ഓർമ്മ വന്നത്.
കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ അവരും ഇങ്ങനെ തന്നെയായിരുന്നു. സ്നേഹം കൊണ്ട് ചേച്ചിയെ പൊതിയുകയായിരുന്നു. പക്ഷേ അത് അവളുടെ സ്വർണം എല്ലാം കൈക്കലാക്കുന്നത് വരെയുള്ള അഭിനയം മാത്രമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.
ഇതുപോലെ തന്നോട് ചിരിച്ചു കാണിക്കുന്നത് ഈ സ്വർണമൊക്കെ അഴിച്ചു ഇവരുടെ കയ്യിൽ ഏൽപ്പിക്കാൻ ആയിരിക്കും. അതിന് ഈ അമൃത വേറെ ജനിക്കണം. അവളത് മനസ്സിൽ പറഞ്ഞുകൊണ്ട് നേരെ മുറിയിൽ ചെന്ന് ആഭരണങ്ങൾ എല്ലാം തന്റെ അലമാരയുടെ ലോക്കറിൽ വച്ച് പൂട്ടി താക്കോൽ ഭദ്രമായി സൂക്ഷിച്ചു. പക്ഷേ അവർ അതേ പറ്റി ഒന്നും തന്നെ അവളോടവർ ചോദിച്ചിരുന്നില്ല.
പിന്നീട് ദിവസങ്ങൾ കടന്നുപോയി.”മോളെ നേരത്തെ എഴുന്നേറ്റ് ശീലിച്ചാലേ എന്ത് കാര്യം ചെയ്യാനും ഒരു ഉണർവും ഉന്മേഷവും ഉണ്ടാവുകയുള്ളൂ… ഇത്ര വൈകി എഴുന്നേൽക്കുന്നത് ശരീരത്തിന് നല്ലതല്ല.”
ഒരു ദിവസം രാവിലെ എഴുന്നേറ്റ് വന്നതും അവരുടെ സംസാരം കേട്ടപ്പോൾ അവൾക്ക് ദേഷ്യം അരിച്ചു കയറി.
“ഇവരോട് നേരത്തെ എഴുന്നേൽക്കാൻ ആരെങ്കിലും പറഞ്ഞോ ഇവിടെ? നേരത്തെ എഴുന്നേറ്റിട്ട് ആർക്കും എങ്ങും പോകാൻ ഒന്നുമില്ലല്ലോ..” അവൾ പുച്ഛത്തോടെ അവരെ നോക്കി.
പിന്നീട് അവൾ ചെയ്യുന്ന കാര്യങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാലും അത് പോരെടുക്കുകയാണ് എന്നാണ് അവൾക്ക് തോന്നിയത്. അവർ പറയുന്നതിനൊക്കെ എന്തെങ്കിലും തർക്കുത്തരം പറഞ്ഞു മിണ്ടാതെ നടന്നാലും അവർ യാതൊരു പരിഭവം നടിക്കാതെ അവളോട് മിണ്ടിച്ചെല്ലും.
” വിനു എനിക്കൊന്നു വീട്ടിൽ പോകണം.”രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് അവൾ അത് വിനയിനോട് പറഞ്ഞത്.” എന്താ ഇപ്പോൾ പെട്ടെന്ന് വീട്ടിൽ പോകാൻ ഒരു തോന്നൽ? ”
” എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണണം അത്രതന്നെ.. കല്യാണത്തിന് മുൻപ് ഞാൻ പറഞ്ഞതല്ലേ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാൻ തോന്നുമ്പോഴൊക്കെ വീട്ടിൽ പോകണമെന്ന്.. ”
” അതിനിപ്പോ പോകേണ്ട എന്ന് ആരാ പറഞ്ഞത് എന്താ പെട്ടെന്ന് പോകാൻ തീരുമാനിച്ചത് എന്നാണ് ഞാൻ ചോദിച്ചത്? ”
” പെട്ടെന്നൊന്നുമല്ല..കുറച്ചുദിവസമായി നിങ്ങളുടെ അമ്മ പോര് തുടങ്ങിയിട്ട് എനിക്ക് അതൊന്നും സഹിച്ചു ഇവിടെ നിൽക്കേണ്ട കാര്യമില്ല.ഞാൻ പോവുകയാണ് അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെങ്കിൽ മനസ്സിലാക്ക് എന്നിട്ട് ഞാൻ ഇങ്ങോട്ട് വരാം.. ”
അവളുടെ കാരണം കേട്ട് അവനു യാതൊന്നും മനസ്സിലായില്ല. അപ്പോഴാണ് അവൾ ഓരോന്നായി അവനോടു പറഞ്ഞത്.
” എന്റെ പൊന്നു അമ്മു.. അതൊന്നും അമ്മ ദേഷ്യം കൊണ്ട് പറയുന്നതല്ല. നിന്റെ തെറ്റുകൾ കണ്ടാൽ നിന്റെ അമ്മ നിന്നെ ശകാരിക്കാറില്ലേ?അതുപോലെ കണ്ടാൽ പോരേ ഇതും.നീ പറയും പോലെ അമ്മ ഒരിക്കലും പെരുമാറില്ല അതെനിക്ക് ഉറപ്പാണ്. ”
“ഓഹ്.. അപ്പോൾ ഞാൻ നുണ പറയുകയാണ് എന്ന്. ഇങ്ങനെയൊക്കെ തന്നെയാണ് വിനു എല്ലാ വീടുകളിലും തുടങ്ങുന്നത് ചെറിയ കുറ്റങ്ങളിൽ തുടങ്ങി വലിയ വലിയ കലഹങ്ങളിൽ അവസാനിക്കും. എനിക്ക് ഏതായാലും നാളെ പോകണം വിനു എന്നെ തടയാൻ നിൽക്കേണ്ട.”
പിന്നെ അവൻ മറുത്തൊന്നും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല എന്ന് അവന് മനസ്സിലായി. പിറ്റേന്ന് രാവിലെ ബാഗുമായി അവൾ ഇറങ്ങുമ്പോഴാണ് അച്ഛനും അമ്മയും വിവരമറിഞ്ഞത്.
കാരണം അറിഞ്ഞപ്പോൾ അവർ അവളെ തടയാൻ നോക്കിയെങ്കിലും അവൾ അത് കേട്ടില്ല. അത് അവരെ വലിയ സങ്കടത്തിലേക്ക് നയിച്ചപ്പോൾ വിനയ് അവരെ ആശ്വസിപ്പിച്ചു.അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കിയ ശേഷം വിനയ് തിരികെ പോന്നു.
അമൃതയുടെ അമ്മയോടും അച്ഛനോടും വളരെ സ്നേഹത്തോടെയാണ് അവൻ പെരുമാറിയത്. പെട്ടെന്നുള്ള അവളുടെ വരവിൽ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ അവർ പിന്നീട് ഫോൺ വിളിച്ചു അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളെല്ലാം വ്യക്തമായത്. എല്ലാ കാര്യങ്ങളും അറിഞ്ഞെങ്കിലും അവരതേ പറ്റി ഒന്നും അവളോട് ചോദിച്ചില്ല.
പിറ്റേന്ന് വെളുപ്പിനെ അഞ്ചുമണിക്ക് തന്നെ അമ്മ അവളെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു.
” അമ്മൂ എഴുന്നേറ്റു വന്നു അടുക്കളയിലെ കാര്യങ്ങളൊക്കെ ഒന്ന് നോക്കിയേ.. എനിക്ക് തീരെ വയ്യ. ”
അമ്മയുടെ ശല്യം സഹിക്കവയ്യാതെ എഴുന്നേൽക്കുമ്പോൾ ഇന്നൊരു ദിവസം മാത്രമല്ലേ എന്നോർത്ത് അവൾ ആശ്വസിച്ചു.
എന്നാൽ പിന്നീടുള്ള ദിവസവും ഇത് തുടർന്നപ്പോഴാണ് വിനയിന്റെ വീട്ടിൽ ഏഴുമണിക്ക് എഴുന്നേറ്റാൽ മതിയായിരുന്നു എന്ന് കുറ്റബോധത്തോടെ അവൾ ഓർത്തത്. ചെയ്യുന്ന പണികൾ വൃത്തിയാകാത്തതിന്റെ പേരിൽ അമ്മ ശകാരിക്കുമ്പോള് ഇതിന്റെ പകുതി പോലും വിനയിന്റെ അമ്മശകാരിച്ചിട്ടില്ല എന്ന് അവൾ ചിന്തിച്ചു.
എങ്കിലും അമ്മ ശകാരിരിക്കുമ്പോൾ തോന്നാത്ത ദേഷ്യം അമ്മായിയമ്മ ശകാരിക്കുമ്പോൾ തോന്നിയിരുന്നത് താനവരെ അമ്മയായി അംഗീകരിക്കാത്തത് കൊണ്ടല്ലേ എന്ന് അവൾ തിരിച്ചറിഞ്ഞു. താൻ എന്തെങ്കിലും എതിർത്തു പറഞ്ഞാൽ മണിക്കൂറുകളോളം മിണ്ടാതെ നടക്കുന്ന അമ്മയെ കണ്ടപ്പോഴാണ് എന്തുപറഞ്ഞാലും നിമിഷങ്ങൾക്കുള്ളിൽ തന്നോട് സംസാരിച്ചുവരുന്ന വിനയിന്റെ അമ്മയെ ഓർമ്മ വന്നത്.
അല്ല അത് തന്റെ അമ്മ കൂടിയാണ്. അവളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറി. എല്ലാ അമ്മായിയമ്മമാരും ഒരുപോലെയല്ല എന്ന് അവൾക്ക് ആ നിമിഷം മനസ്സിലായി.
പിറ്റേന്ന് രാവിലെ തന്നെ അവൾ വിനയിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.ഒരു വാക്കുപോലും പറയാതെ തിരികെ വന്ന അവളെ കണ്ട് അവരൊന്നാകെ അമ്പരന്നു.
അവൾ ആദ്യം ഓടിച്ചെന്നത് തന്റെ ഭർത്താവിന്റെ അടുത്തേക്ക് ആയിരുന്നില്ല മറിച്ച് അത്രയേറെ സന്തോഷത്തോടെ തന്റെ വരവ് നോക്കി നിൽക്കുന്ന അമ്മയുടെ അടുത്തേക്കായിരുന്നു.അവൾ അവരെ പുണർന്നതും പതിവുപോലെ എല്ലാം മറന്നവർ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു.