(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും അവൻ വരില്ല അതെനിക്ക് ഉറപ്പ് ആണ്. ചുമ്മാ ആവശ്യമില്ലാത്ത പ്രതീക്ഷ വേണ്ട.. ഞാനും മക്കളും ഉച്ച കഴിഞ്ഞെത്തും ഈ ഓണം നമുക്ക് എന്നിട്ട് ആഘോഷിക്കാം ”
ഫോണിലൂടെ രേഷ്മ പറഞ്ഞത് കേട്ട് അല്പം നീരസം തോന്നാതിരുന്നില്ല ഗീതയ്ക്ക്.
” രേഷ്മേ…. നിന്നെ പോലെ തന്നെ ഞാൻ പെറ്റതാ ജിതിനേം.. എത്രയൊക്കെ പിണക്കം ഉണ്ടായാലും ഇന്നത്തെ ദിവസം അവൻ വരും ന്ന് എനിക്ക് ഉറപ്പ് ആണ് അല്ലേൽ നീ നോക്കിക്കോ ”
ആ വാക്കുകൾ രേഷ്മയ്ക്കും ഇഷ്ടമായില്ല.” അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ തൊലിവെളുപ്പുള്ള പെണ്ണിന്റെ മണം കിട്ടിയേപ്പിന്നെ അവൻ അവളുടെ സാരി തുമ്പിൽ ആണ്… ഇപ്പോ അമ്മയും സഹോദരിയും എന്നാ ഫീലിംഗ്സ് ഒന്നും ഇല്ല അവന്.
ഒക്കെ അവള് പറയുന്നത് പോലെ ആണ്. എന്തായാലും ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല അല്ലേലും പണ്ട് തൊട്ടേ പുന്നാരമോനെ പറയുന്നത് അമ്മയ്ക്ക് ഇഷ്ടം അല്ലല്ലോ.. അപ്പോ ഉച്ച കഴിഞ്ഞു കാണാം.. ”
അത്രയും പറഞ്ഞ് രേഷ്മ കോൾ കട്ട് ചെയ്യുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു നോവ് തോന്നി ഗീതയ്ക്ക്.
‘ ഏറെക്കുറെ അവൾ പറയുന്നതും സത്യമാണ്.
വിരോധവും വാശിയ്ക്കുമൊക്കെ ഒടുവിൽ ആളും അനക്കവും ഒന്നുമില്ലാതെ ഏകയായി ഒരു ഓണം…’
നിരാശയോടെ അവര് പതിയെ മുറിയിലേക്ക് ചെന്നു ബെഡിൽ കിടന്നു. മനസിലൂടെ ഓർമ്മകൾ പലതും മിന്നി മാഞ്ഞു
‘ അവൻ എന്തായാലും വരാതിരിക്കില്ല.. ‘പ്രതീക്ഷയോടെ കിടക്കവേ പതിയെ പതിയേ ഗീതയുടെ മിഴികൾ അടഞ്ഞു.”അമ്മാ ….. അമ്മേ.. ഇതെവിടാ മുൻവശത്തെ ഡോറും തുറന്നിട്ടിട്ട് ഉറക്കം ആയോ.. ”
പെട്ടെന്നുള്ള ആ ഒച്ച കേട്ട് ഞെട്ടി ഉണർന്നു അവർ. ഒരു നിമിഷം ഉറച്ചക്കടവിൽ ഇരുന്ന അവരുടെ മിഴികൾ പെട്ടെന്ന് വിടർന്നു.
“മോ.. മോൻ വന്നോ… ജിതിനെ… അമ്മ ഇവിടുണ്ട് മോനെ.. ക്ഷീണം മൂലം ഇച്ചിരി ഉറങ്ങി പോയി ”
ബെഡിൽ നിന്നും വെപ്രാളത്തിൽ ചാടി എഴുന്നേറ്റ് മുറിയ്ക്ക് പുറത്തേക്കെത്തി ഗീത.. പക്ഷെ തുറന്ന് കിടന്നിരുന്ന മുൻവാതിലിനരികിൽ ആരും ഇല്ലായിരുന്നു.
” മോ.. മോനെ… ജിതിനെ .. നീ എവിടെ പോയെടാ… “അകത്തെ മുറിയിലേക്ക് നോക്കി ഒന്ന് രണ്ട് വട്ടം വിളിച്ചുവെങ്കിലും അനക്കമൊന്നുമില്ലായിരുന്നു. അതോടെ അവർ മനസിലാക്കി ഉറക്കത്തിൽ താൻ കണ്ട സ്വപ്നമായിരുന്നു അത് എന്നത്.സമയം ഉച്ച കഴിഞ്ഞു രണ്ട് മണി ആയിരുന്നു.
‘അപ്പോൾ ഇത്തവണ ഓണത്തിനും അവൻ വന്നില്ല… ‘നിരാശയോടെ അവർ പതിയെ സെറ്റിയിലേക്കിരുന്നു.’ എന്ത് സന്തുഷ്ടമായ കുടുംബമായിരുന്നു ഇത്.. ‘ഓർമ്മകൾ ഗീതയുടെ മിഴികളിൽ നീരുറവകൾ തെളിച്ചു.
ഗീത – മാധവൻ ദമ്പതികൾക്ക് രണ്ട് മക്കളാണ്. മൂത്തവൾ രേഷ്മ രണ്ടാമത്തെ മകൻ ജിതിൻ . സർക്കാർ ജോലിയിലായിരുന്ന മാധവൻ എല്ലാ സുഖ സൗകര്യങ്ങകും നൽകി തന്നെയാണ് തന്റെ കുടുംബത്തെ പോറ്റിയത്. ഗീതയ്ക്ക് മക്കളിൽ ഏറെ പ്രിയം മകനായ ജിതിനോട് ആയിരുന്നു.
” നീ നാളെ കെട്ടി കെട്ട്യോന്റൊപ്പം പോകും പിന്നെ വയസാം കാലത്ത് ഞങ്ങൾക്ക് ദേ ഇവൻ മാത്രേ കാണു…”
പരിഭവം പറഞ്ഞിരുന്ന രേഷ്മയോട് എപ്പോഴും ഗീത പറയുന്ന മറുപടി അതായിരുന്നു. ഒടുവിൽ എവിടെയോ പിഴച്ചു.. എവിടെയോ എന്നല്ല.. കൃത്യമായി പറഞ്ഞാൽ ജിതിന്റെ വിവാഹം കഴിഞ്ഞ ശേഷം മുതൽ ..
മരുമകൾ വീടിന്റെ വിളക്കാകും എന്ന് കരുതിയിരുന്ന അവർക്ക് തെറ്റി. ചെറിയ ചെറിയ പരിഭവങ്ങളും പിണക്കങ്ങളും ഒക്കെ ഗീത കണ്ടില്ല ന്ന് നടിച്ചു. അതിനിടയിൽ പെട്ടെന്നുണ്ടായ ഹാർട്ട് അറ്റാക്ക് മാധവന്റെ ജീവൻ കവർന്നപ്പോൾ ആകെ തകർന്ന് പോയി അവർ.
ഒറ്റയ്ക്കായി പോയി എന്ന തോന്നലിനെ മറികടക്കുവാൻ ഗീതയെ സഹായിച്ചത് ജിതിന്റെ സാമീപ്യമായിരുന്നു. എന്നാൽ ഭാര്യ ചിത്രയുടെ വാക്കുകൾ കേട്ട് പതിയെ പതിയെ ജിതിനും അവരിൽ നിന്നും അകന്ന് തുടങ്ങിയിരുന്നു. ആ ദിവസം…. എല്ലാ പ്രശ്നങ്ങൾക്കും കാരണമായ ആ ദിവസം ഗീത ഒരിക്കലും മറക്കില്ല
” അമ്മ ഒന്നും പറയേണ്ട.. എനിക്ക് വേറെ വീട് വയ്ക്കണം.. ഇവിടെ പറ്റില്ല.. “ജിതിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
“മോനെ.. എന്താ നീ ഈ പറയുന്നേ.. ഈ വീട് നിനക്കായുള്ളതല്ലേ.. അച്ഛൻ മരിക്കുന്നേനു മുന്നേയും ഇതല്ലേ നിന്നോട് പറഞ്ഞത്. എന്നിട്ട് പെട്ടെന്നിപ്പോ ഇത് വിറ്റ് ഓഹരി വേണം ന്ന് ഒക്കെ പറഞ്ഞാൽ.. അച്ഛൻ ഉറങ്ങുന്നത് ഇവിടെ തന്നെയല്ലേ.. ഇതങ്ങിനെ വിൽക്കാനൊന്നും പറ്റില്ലടാ..”
ഗീതയുടെ വാക്കുകൾക്ക് അപേക്ഷയുടെ സ്വരമായിരുന്നു.” എനിക്ക് പറ്റില്ല ഈ പട്ടിക്കാട്ടിൽ… ജിതിനേട്ടാ ഒന്നുകിൽ സിറ്റിയിൽ എവിടേലും വേറൊരു വീട് വയ്ക്കണം അല്ലെങ്കിൽ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയേക്ക് ഇനിയുള്ള കാലം ഞാൻ അവിടെ നിന്നോളാം ഏട്ടന് കാണണം ന്ന് തോന്നുമ്പോ അവിടേക്ക് വന്നാൽ മതി ”
ചിത്ര ഇടയ്ക്ക് കയറിയതോടെ ഒന്ന് അയഞ്ഞു വന്ന ജിതിൻ വീണ്ടും വാശിയിലായി.” അമ്മ… എന്തായാലും എനിക്കിവിടെ പറ്റില്ല.. എനിക്കെന്റെ ഷെയർ വേണം ”
അവൻ വീണ്ടും കടുംപിടുത്തം ആരംഭിച്ചു. തീരുമാനമാകാത്ത ആ ചർച്ചയാണ് ജിതിനും ഗീതയും തമ്മിലുള്ള അകലം കൂടുവാൻ കാരണമായത്. പിന്നെ ചിത്രയുടെ വക പൊടിക്കൈകൾ കൂടിയായതോടെ ആ അകലം വല്ലാണ്ടങ്ങ് കൂടി. ഒടുവിൽ അവർ വീട് വിട്ട് ചിത്രയുടെ വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെ
ചെന്നു പലവട്ടം വിളിച്ചു നോക്കി ഗീത പക്ഷെ ഫലമുണ്ടായില്ല. പൊന്നുപോലെ നോക്കി വളർത്തിയ തന്നെ നിഷ്പ്രയാസം വിട്ടകന്ന് പോകുവാൻ ജിതിന് എങ്ങിനെ കഴിഞ്ഞു എന്നത് എത്ര വട്ടം ചിന്തിച്ചിട്ടും മനസിലായിട്ടില്ല അവർക്ക്. അതിനിടയിൽ അമ്മയ്ക്ക് സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ പോയ രേഷ്മയും ജിതിന് ശത്രുവായി.
മാധവന്റെ ഓർമദിവസവും ജിതിൻ എത്തിയില്ല. ഈ തിരുവോണദിവസം എങ്കിലും എല്ലാം മറന്ന് അവൻ വരുമെന്ന് ഏറെ പ്രതീക്ഷിച്ചു ഗീത.
നിരാശയോടെ സെറ്റിയിലേക്ക് തല ചായ്ക്കുമ്പോൾ പുറത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.
“ജിതിൻ… “വീണ്ടും പ്രതീക്ഷയോടെ ചാടിയെഴുന്നേൽക്കവേ അവർ കണ്ട് കാറിൽ നിന്നുമിറങ്ങുന്ന രേഷ്മയെയാണ് ..” അമ്മമ്മേ… ”
പുറത്തേക്കിറങ്ങുമ്പോൾ സന്തോഷതോടെ ഓടി വന്ന പേരക്കുട്ടികളെ തന്നോട് ചേർത്ത് പുണർന്നു അവർ.
” മക്കള് നേരത്തെ ഇങ്ങെത്തിയോ… “ഒറ്റപ്പെടൽ അവസാനിച്ചതിൽ വല്ലാത്ത സന്തോഷം തോന്നി ഗീതയ്ക്ക്.
” പണ്ടും മോന് കൊടുത്ത സ്നേഹത്തിന്റെ ബാക്കി അല്ലേ എനിക്ക് കിട്ടീട്ടുള്ളു.. ഈ ഓണമായിട്ട് എങ്കിലും ഉള്ള സ്നേഹം മുന്നേ കിട്ടണം ന്ന് തോന്നി അതാ നേരത്തെ വന്നേ.. ”
അല്പം നീരസത്തോടെയാണ് രേഷ്മ നടന്നടുത്തത്.”എന്താ മോളെ ഇത് നല്ലൊരു ദിവസമായിട്ടും നീ എന്നോട് വഴക്കിനു നിൽക്കുവാണോ”
ആ ചോദ്യം കേട്ട് പുഞ്ചിരിച്ചു രേഷ്മ.” എവിടെ അമ്മേടെ മോൻ എവിടേ…. അതോ നേരത്തെ വന്നു പോയോ ”
അല്പം പുച്ഛത്തോടെയാണ് രേഷ്മ അത് ചോദിച്ചത്.
ആ ചോദ്യത്തിന് മുന്നിൽ ഗീത മുഖം കുനിയ്ക്കവേ പതിയെ അവരുടെ അരികിലേക്ക് ചെന്നു അവൾ
” അമ്മയെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല.. പണ്ടൊക്കെ എപ്പോഴും എന്നോട് പറയുമായിരുന്നല്ലോ നീ കെട്ടി കെട്ട്യോന്റൊപ്പം പോകും അവൻ മാത്രേ ഞങ്ങൾക്ക് കാണുള്ളൂ ന്ന്. അത് കേൾക്കുമ്പോ വല്ലാത്ത വിഷമം
തോന്നീട്ടുണ്ട് അന്നൊക്കെ.. എന്നിട്ടിപ്പോ എന്തായി. കെട്ടി പോയവൾ അല്ലേ ഉള്ളു ഇപ്പോഴും അമ്മയ്ക്കൊപ്പം .. ഇനിയേലും അമ്മ അത് മനസ്സിലാക്ക് “.
ആ കേട്ട വാക്കുകൾ അംഗീകരിച്ചു ഗീത.” ശെരിയാണ് മോളെ അമ്മ പലതും കരുതി വച്ചിരുന്നു മനസ്സിൽ ഒക്കെയും തെറ്റായിരുന്നു എന്നത് ഇപ്പോ മനസിലാക്കുന്നു. എന്നെ തിരക്കി വരാൻ നിനക്കേലും മനസ്സ് ഉണ്ടായല്ലോ.. ഒരുപാട് നന്ദി മോളെ.. ”
പറഞ്ഞവസാനിപ്പിക്കുമ്പോൾ ഗീതയുടെ മിഴികൾ തുളുമ്പി അത് കണ്ടിട്ട് രേഷ്മയും വിഷമത്തിലായി
” അമ്മേ.. കരയല്ലേ.. സോറി സോറി.. ഞാൻ ചുമ്മാ പറഞ്ഞതാ … ആരില്ലേലും ഞാൻ ഉണ്ടാകും അമ്മയ്ക്കൊപ്പം നമുക്ക് നമ്മൾ. മതി അമ്മേ .. ”
ഗീതയെ തന്നോട് ചേർത്ത് പിടിച്ചു ആ മിഴികൾ തുടച്ചു രേഷ്മ…” അമ്മമ്മേ… വന്നേ.. ഞങ്ങൾക്ക് വിശക്കുന്നു സദ്യ താ… ”
മക്കളുടെ ചോദ്യം കേട്ട് സംശയത്തോടെ രേഷ്മയെ നോക്കി ഗീത. അത് കണ്ട് പുഞ്ചിരിച്ചു അവൾ.
” കുറച്ചു.. വളരെ കുറച്ചു കറികൾ ഒക്കെ ചേർത്ത് ചടങ്ങിന് ഒരു സദ്യ ഉണ്ടാക്കി വളരെ കുറച്ചു മാത്രം കഴിച്ചു. ഏട്ടൻ നാട്ടിൽ ഇല്ലാലോ പിന്നെ ഞാനും മക്കളും അല്ലേ ഉള്ളു മാത്രല്ല അമ്മ ഇവിടെ
സദ്യയൊരുക്കി കഴിക്കാതെ കാത്തിരിക്കും ന്ന് എനിക്ക് അറിയാം. അപ്പോൾ അമ്മയുടെ കൈപ്പുണ്യം നമുക്ക് എല്ലാർക്കൂടെ ഒന്നിച്ചു ആസ്വദിക്കാം.. ”
ആ വാക്കുകൾ കേട്ട് സന്തോഷത്താൽ ഗീതയുടെ മിഴികൾ വിടർന്നു. നിറമിഴികളോടെ തന്നെ അവർ രേഷ്മയെ പുണർന്നു.
” വാ മോളെ. വാ മക്കളേ.. നമുക്ക് ഒരുമിച്ചു കഴിക്കാം എല്ലാം ഞാൻ ഒരുക്കി വച്ചിട്ടുണ്ട്.. ”
ഏറെ സന്തോഷത്തോടെ അവർ വീടിനുള്ളിലേക്ക് കയറി. അതുവരെയുണ്ടായിരുന്ന വേദനയും വിഷമവും എല്ലാം ഒരു നിമിഷം കൊണ്ട് മറന്നു ഗീത.
‘ തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട.. അത്ര തന്നെ. ‘മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവർ മോളോടും പേരക്കുട്ടികളോടും ഒപ്പം സന്തോഷത്തോടെ തിരുവോണ സദ്യ കഴിച്ചു.
ഈ നടക്കുന്നതൊന്നും ജിതിന്റെ മനസ്സിൽ ഇല്ലായിരുന്നു. ഭാര്യാ ഗൃഹത്തിൽ ഭാര്യക്കും മക്കൾക്കുമൊപ്പം അവനും ഓണസദ്യ ആസ്വദിച്ചു. എപ്പോഴോ അമ്മയെ പറ്റി ഒന്നോർത്തെങ്കിലും മനസിലെ വാശി ആ ഓർമകൾക്ക് മുകളിലേക്ക് കയറവേ.. എല്ലാം. മറന്നു അവൻ.