(രചന: കർണൻ സൂര്യപുത്രൻ)
എതിരെ വന്ന ബൈക്ക്കാരൻ പച്ചത്തെറി വിളിച്ചപ്പോഴാണ് താൻ റോങ് സൈഡിലൂടെയാണ് പോകുന്നതെന്ന ബോധം കിഷോറിനു വന്നത്… അതും അമിതവേഗതയിൽ….
ഓരം ചേർന്ന് തന്റെ ടാക്സി കാർ നിർത്തി.. തിരിഞ്ഞു നോക്കി.. നിമിഷ തല കുനിച്ചു ഇരിക്കുന്നുണ്ട്…. അവൻ വാട്ടർബോട്ടിലും എടുത്തു പുറത്തിറങ്ങി മുഖം കഴുകി… കുറച്ചു വെള്ളം കുടിച്ചു…
പോക്കറ്റിൽ നിന്നും ഒരു സി ഗ രറ്റ് എടുത്തു കത്തിച്ച് ആഞ്ഞു വലിച്ചു…. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം വീണ്ടും കാറിൽ കയറി…. കാർ വീണ്ടും ഓടി തുടങ്ങി……
നിമിഷയുടെ വീടിനു മുൻപിൽ കാർ നിർത്തി അവൻ അവളോട് പറഞ്ഞു”ഇറങ്ങിക്കോ…”
അവൾ ഒന്നും മിണ്ടാതെ ഇറങ്ങി… കാളിങ് ബെൽ അടിച്ചപ്പോൾ അവളുടെ അച്ഛൻ ഇറങ്ങി വന്നു…
“ആഹാ നിങ്ങളായിരുന്നോ? ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ?”നിമിഷ മിണ്ടാതെ അകത്തേക്ക് കയറി പോയി..”കാര്യമുണ്ട്… അകത്തേക്ക് വന്നോട്ടെ?”
മരുമകന്റെ മുഖം കണ്ടപ്പോൾ തന്നെ വലിയ എന്തോ പ്രശ്നം ഉണ്ടെന്നു അദ്ദേഹത്തിന് മനസ്സിലായി..
അനുവാദത്തിന് കാത്തു നില്കാതെ കിഷോർ അകത്തേക്ക് നടന്നു.. ഹാളിലെ സോഫയിൽ നിമിഷയുടെ അനിയൻ ഇരുന്ന് ന്യൂസ് കാണുന്നുണ്ടായിരുന്നു….
കിഷോറിനെ കണ്ടിട്ടും കാണാത്ത പോലെ അവൻ ടീവിയിലേക്ക് തന്നെ ശ്രദ്ധിച്ചു….കിഷോറിനു പുച്ഛം തോന്നി… പണ്ട് താൻ ഗൾഫിൽ ജോലി ചെയ്തിരുന്നപ്പോൾ എന്തൊരു ബഹുമാനവും സ്നേഹവു മായിരുന്നു, കിച്ചുവേട്ടാ എന്ന് തികച്ചു വിളിക്കില്ല…
നിമിഷയുടെ അമ്മയും അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു..”എല്ലാരും എത്തിയ സ്ഥിതിക്ക് തുടങ്ങാം .. നിങ്ങളുടെ മോളെയും കൂടെ വിളിക്ക് ”
“എന്താ കിഷോറേ പ്രശ്നം?””അത് പറയാം.. അവളെ വിളിക്ക് “രംഗം വഷളാക്കേണ്ട എന്ന് കരുതിയാവണം നിമിഷ റൂമിൽ നിന്ന് ഹാളിലേക്ക് വന്നു.
“ഞാൻ നിങ്ങളുടെ മകളെ വിവാഹം കഴിച്ചിട്ട് 6 വർഷമായി…. വിദേശത്തു നല്ല ജോലിയും സാമ്പത്തിക ഭദ്രതയും അന്നെനിക്ക് ഉണ്ടായിരുന്നു.
അത് കൊണ്ടാണല്ലോ മോളെ എനിക്ക് കെട്ടിച്ചു തന്നത്? എന്റെ സമയദോഷം കൊണ്ട് അവിടുത്തെ ജോലി നഷ്ടപ്പെട്ടു..
കുറേ ശ്രമിച്ചിട്ടും വേറെ ജോലിയൊന്നും കിട്ടിയില്ല… അതുകൊണ്ട് നാട്ടിൽ വന്ന് ഒരു ടാക്സി വാങ്ങി ഓടിക്കാൻ തുടങ്ങി…
നിങ്ങളുടെ മോളുടെ നിർബന്ധം കൊണ്ടാ വർഷങ്ങൾ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയതും, പിന്നെ ലോൺ എടുത്തും ഒരു വീട് വാങ്ങിയത്..
എന്റേം ഇവളുടേം സ്വകാര്യതയിൽ അധികപറ്റാവണ്ട എന്ന് കരുതി എന്റെ അമ്മ ഒറ്റക്ക് തറവാട് വീട്ടിൽ താമസിക്കുന്നു…”
“ഇതൊക്കെ ഇവിടെല്ലാർക്കും അറിയാവുന്നതല്ലേ?”……. നിമിഷയുടെ അച്ഛൻ അമ്പരപ്പോടെ കിഷോറിനെ നോക്കി.
“എന്നാൽ പിന്നെ നിങ്ങൾക്ക് അറിയാത്ത കുറച്ച് കാര്യങ്ങൾ പറയാം… ഇവളുടെ ഒരു ആഗ്രഹത്തിനും ഞാൻ എതിരു നിന്നിട്ടില്ല.. ഒരാഗ്രഹവും സാധിച്ചു കൊടുക്കാതെയുമിരുന്നിട്ടില്ല..
കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് ഇവളുടെ കുഴപ്പം കൊണ്ടാണെന്നു അറിഞ്ഞിട്ടും, ഒരു നിമിഷം പോലും ഇവളെ വെറുത്തിട്ടില്ല..
പകലെന്നോ, രാത്രിയെന്നോ നോക്കാതെ കഷ്ടപ്പെടുന്നത് ഇവൾക്ക് വേണ്ടി മാത്രമായിരുന്നു… പക്ഷേ…”
കിഷോർ ഒന്ന് നിർത്തി…”നിങ്ങളുടെ പുന്നാര മോൾക് ഇപ്പൊ വേറൊരുത്തനോട് പ്രണയം…. അല്ല, അവിഹിതബന്ധം…”
“നീ അനാവശ്യം പറയരുത്…”.. നിമിഷയുടെ അമ്മ അലറി..”അനാവശ്യമോ?.. മോളല്ലേ നില്കുന്നത്? ചോദിച്ചു നോക്ക്… എത്ര നാളായി തുടങ്ങിയിട്ടെന്നൊന്നും എനിക്കറിയില്ല…”
“എന്താടീ ഇവനീ പറയുന്നത്?” അമ്മ അവളെ പിടിച്ചു കുലുക്കി.. അവൾ ഒന്നും മിണ്ടിയില്ല…
കിഷോർ പോക്കറ്റിൽ നിന്നും നിമിഷയുടെ ഫോൺ എടുത്തു.. അതിൽ മെസ്സഞ്ചർ ഓപ്പൺ ആക്കി… ഒരു ചാറ്റ് തുറന്നു.. എന്നിട്ടും അവളുടെ അച്ഛന് നേരെ നീട്ടി…”ദാ നോക്ക്… നിങ്ങളുടെ മകൾ നടത്തിയ പ്രണയസംഭാഷണങ്ങൾ….
അതിൽ കഴിഞ്ഞ ആറാം തീയതി നിങ്ങളുടെ മകളോട് അവൻ ചോദിക്കുന്നുണ്ട് , ഇന്നലെ രാത്രി ഞാൻ അവിടുന്ന് വന്നതിനു ശേഷം പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ എന്ന്..
അതായത് അഞ്ചാം തീയതി.. അന്ന് വൈകിട്ട് ഒരു ട്രിപ്പ് കിട്ടി ഞാൻ മംഗലാപുരം പോയതാ…
ഭർത്താവ് രാത്രി ജോലിക്ക് പോയപ്പോൾ ഭാര്യ വേറൊരുത്തനെ വീട്ടിൽ വിളിച്ചു കേറ്റിയിരിക്കുന്നു… ഇനിയുമുണ്ട് അതിൽ കുറേ, കുടുംബത്തോടൊപ്പം ഇരുന്നു വായിക്കാൻ പറ്റാത്തത്….”
എല്ലാരും തരിച്ചു നില്കുകയാണ്.”ഞാൻ അവനെയും കണ്ടിരുന്നു. ഇവളുടെ കാമുകനെ.. രണ്ടു മക്കളുടെ തന്ത…. തെറ്റു പറ്റിപ്പോയി എന്നും പറഞ്ഞ് എന്റെ കാലിൽ വീണു കരഞ്ഞു അവൻ…. ”
കിഷോർ കിതച്ചു…”ഇത്രേം വർഷം ഞാൻ വേറൊരു പെണ്ണിനെ പറ്റി ചിന്തിച്ചിട്ടില്ല… തെറ്റു ചെയ്യാനുള്ള സാഹചര്യം ഒരു പാട് കിട്ടിയിട്ടും ഞാൻ ചെയ്തില്ല. സ്വന്തം കുടുംബം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അതിന് എനിക്കുകിട്ടിയ കൂലി കൊളളാം…എന്നെ വഞ്ചിച്ച ഇവളെ ഞാൻ ഒന്ന് നുള്ളി നോവിച്ചു പോലുമില്ല… പക്ഷേ എന്റെ മനസ്സിൽ കൊ ന്നു കളഞ്ഞു… ഒരിക്കലല്ല.. ഒരായിരം തവണ…..
ഇനി ഞങ്ങൾ ഒത്തു പോകില്ല… കൂടെ നിന്ന് ചതിച്ചവൾക് മാപ്പ് കൊടുക്കാനുള്ള വിശാലമനസ്കതയൊന്നും എനിക്കില്ല…6 വർഷത്തെ ദാമ്പത്യം ഇവിടെ തീരുന്നു…..”
നിമിഷയുടെ അച്ഛൻ, തളർന്ന് കസേരയിൽ ഇരുന്നു…. അനിയൻ എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്കുന്നു… അമ്മ കരഞ്ഞുകൊണ്ട് നിമിഷയെ തലങ്ങും വിലങ്ങും തല്ലി…
“നീ എന്തിനാടീ മഹാപാപീ ഞങ്ങളോട് ഇങ്ങനെ ചെയ്തത്? നീയൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ ഞങ്ങൾക്ക് അപമാനമാണ്…”കുറച്ചു കഴിഞ്ഞ് അവർ കിഷോറിനോട് കെഞ്ചി..
“മോനേ… എടുത്തു ചാടി ഒന്നും തീരുമാനിക്കരുത്… നമുക്ക് സമാധാനത്തിൽ എല്ലാം പറയാം…. ഇവൾ ചെയ്തത് തെറ്റു തന്നാ… അതിനെ ന്യായീകരിക്കില്ല.. എന്നാലും…. മോൻ ഇവിടിരിക്ക്.. സംസാരിക്കാം..”
കിഷോർ വേദനയോടെ ഒന്ന് ചിരിച്ചു…”വഞ്ചിക്കപ്പെട്ടവന്റെ വേദനയെന്തെന്ന് അനുഭവിച്ചാലെ അറിയൂ… അത് ആരെയും പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല…”
അവൻ നിമിഷയുടെ മുൻപിലേക് നീങ്ങി നിന്നു.. അവൾ അവന്റെ നോട്ടം നേരിടാനാകാതെ തല കുനിച്ചു…
“നിന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു എന്ന തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ…
നിനക്ക് എന്നോട് താല്പര്യം നഷ്ടപ്പെട്ടിരുന്നെങ്കിൽ മാന്യമായി പറഞ്ഞു ഒഴിവായി പോകണമായിരുന്നു… അല്ലാതെ പിന്നിൽ നിന്നു കുത്തുകയല്ല വേണ്ടിയിരുന്നത്….”
അവൾ ഒന്നും മിണ്ടിയില്ല… പക്ഷേ കണ്ണുനീർ ഒഴുകുന്നുണ്ട്….”എന്റെ ജീവിതവും സ്വപ്നങ്ങളുമെല്ലാം നീ തകർത്തു…. എന്നാലും നിന്നെ വെറുക്കാൻ പറ്റുന്നില്ല…. അത്രക്ക് ഇഷ്ടമായിരുന്നെടീ എനിക്ക് നിന്നെ..”
കിഷോറിന്റെ ശബ്ദം ഇടറി,.. അണപൊട്ടി ഒഴുകാൻ വെമ്പുന്ന കരച്ചിൽ അടക്കി പിടിച്ചു അവൻ പുറത്തേക്ക് നടന്നു… കാറിൽ കയറി….
റോഡിലൂടെ കാർ പായുമ്പോൾ അവന്റെ മനസ്സ് നിർവികാരമായിരുന്നു…. ആക്സിലറേറ്ററിൽ കാൽ കൂടുതൽ അമർന്നു…
എല്ലാം ഇതോടെ തീരട്ടെ… സ്പീഡ് കൂടി കൂടി വന്നു…… പെട്ടെന്ന് ഫോൺ അടിച്ചു…. അമ്മ… മനസ്സ് നിയന്ത്രിച്ച് കിഷോർ വണ്ടി സൈഡിൽ നിർത്തി. ഫോൺ എടുത്തു..
“എന്താ അമ്മേ?””കിച്ചൂട്ടാ, മോൻ എവിടെയാ?””ഞാൻ ടൗണിൽ ഉണ്ട്.. എന്താ അമ്മേ?””നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ?”
“ഇല്ല.. എന്തേ?””അമ്മക്ക് പെട്ടെന്ന് ഒരു നെഞ്ചിടിപ്പ്… എന്തോ ഒരു ഭയം… നിനക്ക് എന്തോ സംഭവിക്കുന്ന പോലെ ഒരു തോന്നൽ… അതാ വിളിച്ചത്…. മോൻ ഒന്നിവിടം വരെ വരുമോ? അമ്മക്ക് കാണാനാ….”
കിഷോർ കരഞ്ഞു തുടങ്ങി…”ഞാൻ വരാം അമ്മേ….”അവൻ ഫോൺ കട്ട് ചെയ്ത് സ്റ്റിയറിങ്ങിൽ തല വച്ചു കിടന്നു.
വളരെ പഴക്കം ചെന്നതാണ് കിഷോറിന്റെ തറവാട്.. ഭാഗം പിരിയുമ്പോൾ അമ്മക്ക് കിട്ടിയത്.. കിഷോറിന് 7 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു..
പിന്നെ അമ്മയായിരുന്നു എല്ലാം. പാടത്തു പണിയെടുത്തും പശുക്കളെ വളർത്തിയും അവർ മകനെ വളർത്തി…
അവനു സ്വന്തമായി വീട് പണിഞ്ഞപ്പോൾ അവർക്ക് ഇവിടം വിട്ടു പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല… ഒത്തിരി നിർബന്ധിച്ചിട്ടാണ് കുറച്ചു നാളെങ്കിലും അവന്റെ കൂടെ പോയി നിന്നത്…
പിന്നെ തിരിച്ച് ഇവിടേക്ക് തന്നെ വന്നു.. വല്ലപ്പോഴും അവൻ കാണാൻ പോയാൽ കാശ് എന്തെങ്കിലും കൊടുക്കും… എത്ര നിർബന്ധിച്ചാലും അവർ വാങ്ങില്ല..
“എനിക്കിപ്പോ കാശിന്റെ ആവശ്യമൊന്നുമില്ല കിച്ചൂട്ടാ… രണ്ടു പശുക്കളുണ്ട്, പെൻഷൻ കാശുണ്ട്… അത് മതി കഴിഞ്ഞ് കൂടാൻ…
നിനക്കല്ലേ കടങ്ങളൊക്കെ ഉള്ളത്… അതൊക്കെ തീരട്ടെ.. എന്നിട്ട് മതി… ഇനി വല്ല അത്യാവശ്യോം വന്നാൽ ഞാൻ ചോദിക്കാം..”
ഇതാണ് എപ്പോഴും അമ്മ പറയാറുള്ളത്.കിഷോർ വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു…. ഉമ്മറപ്പടിയിൽ അവനെയും നോക്കി അമ്മ ഇരിപ്പുണ്ട്… കാറിൽ നിന്നും അവശനായി ഇറങ്ങുന്ന മകനെ കണ്ട് പരിഭ്രാന്തിയോടെ അവർ എഴുന്നേറ്റു….
“എന്താ മോനേ ഇത്..? നിനക്കെന്താ പറ്റിയെ?? അവൾ വന്നില്ലേ??”കിഷോർ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു…. ഒരുപാടു നാൾ ഉള്ളിലൊതുക്കിയ സങ്കടങ്ങളെല്ലാം കണ്ണുകളിലൂടെ ഒഴുകിയിറങ്ങി…..
അമ്മ മെല്ലെ അവനെയും പിടിച്ച് അകത്തെ മുറിയിലേക്ക് പോയി കട്ടിലിൽ ഇരുന്നു….
“എന്താ മോനേ? അമ്മയോട് പറ….””വിശക്കുന്നു അമ്മേ… എന്തെങ്കിലും തരുമോ? ഇന്നലെ മുതൽ ഒന്നും കഴിച്ചില്ല….”
ഒരു പൊട്ടികരച്ചിലോടെ ആ അമ്മ മകനെ മാറോട് ചേർത്തു പിടിച്ചു… വര്ഷങ്ങള്ക്കു മുൻപ് ചോരക്കുഞ്ഞായിരുന്ന അവനെ ചേർത്തു പിടിച്ച അതേ സ്നേഹവാത്സല്യങ്ങളോടെ……
Nb: ഒരു ആശയം മനസ്സിൽ വന്നപ്പോൾ തട്ടിക്കൂട്ടി എഴുതിയതാണ്., പോരായ്മകൾ ഉണ്ടാകും… ക്ഷമ ചോദിക്കുന്നു….