(രചന: J. K)
“””മോളെ… ആവണി..”” അങ്ങനെ വിളിക്കുമ്പോൾ അമ്മയ്ക്ക് അറിയാമായിരുന്നു തന്റെ മോൾ ഇതിൽ കൂടുതൽ തകരാനില്ല എന്ന്..
“” അമ്മയുടെ കൂടെ അങ്ങോട്ട് നമ്മളുടെ വീട്ടിലേക്ക് പോകാം “” എന്ന് പറഞ്ഞ് അവർ അവളെ വിളിച്ചു..“” ഞാൻ എങ്ങോട്ടുമില്ല എന്ന് തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു..
അവളുടെ അമ്മയ്ക്കും നിശ്ചയം ഇല്ലായിരുന്നു എന്തുവേണമെന്ന്.. അവളുടെ മാനസികാവസ്ഥ അവർക്ക് ഊഹിക്കാമായിരുന്നു..
അവളെ കുറെ നിർബന്ധിച്ചപ്പോൾ അവരുടെ കൂടെ പോരാമെന്ന് അവൾ സമ്മതിച്ചു..
വീട്ടിലെത്തിയതും അവൾക്ക് നിസംഗത മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്നിലും ഇടപെടില്ല ആരോടും മിണ്ടില്ല..എല്ലാം സാവധാനത്തിൽ ശരിയാകും എന്ന് കരുതി ഞാനും ഇരുന്നു..
വിവാഹം കഴിഞ്ഞ് നാലുവർഷം കാത്തിരുന്നിട്ടാണ് ഞങ്ങൾക്ക് ആവണിയേ കിട്ടുന്നത് അതുകൊണ്ടുതന്നെയാണ് താഴത്തും തലയിലും വയ്ക്കാതെ കൊണ്ട് നടന്നതും…
ഏട്ടന് ജീവനായിരുന്നു അവളെ എന്ത് പറഞ്ഞാലും വാങ്ങിക്കൊടുക്കും അവളുടെ വാശിക്ക് എല്ലാം കൂട്ടുനിൽക്കും…
ഇനിയൊരു കുഞ്ഞിനെ പറ്റി ഞങ്ങൾ ചിന്തിക്കാത്തത് പോലും അവൾക്ക് വേണ്ടിയിട്ടാണ് സ്നേഹം പങ്കുവെച്ചു പോകുമോ എന്ന ഭയം ഞങ്ങളുടെ രണ്ടുപേരുടെയും മുഴുവൻ സ്നേഹവും ആവണിക്ക് മാത്രം കിട്ടണം എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു…
കൊഞ്ചിക്കൽ കൂടിയപ്പോൾ അവളുടെ വാശികളും വളർന്നിരുന്നു അവളുടെ ഓരോ വാശിയും നടത്തി കൊടുക്കുമ്പോൾ എന്തന്നില്ലാത്ത സന്തോഷമായിരുന്നു ഞങ്ങൾക്ക്..
ഇഷ്ടപ്പെട്ട ഒരാളെ അവൾ തന്നെ കണ്ടു പിടിച്ച് ഞങ്ങളോട് വിവാഹം നടത്തി തരണം എന്ന് പറഞ്ഞതും അവളുടെ ഒരുതരം വാശിയായിരുന്നു..
അവളുടെ ഇഷ്ടമല്ലേ അത് തന്നെ നടന്നോട്ടെ എന്ന് കരുതി.. ഞങ്ങൾ രണ്ടുപേരും അതിന് എതിരൊന്നും പറഞ്ഞില്ല..അനുമോദ് “”
അതായിരുന്നു അവന്റെ പേര് നാട്ടിൽ തന്നെ സ്വന്തമായി ബിസിനസ് ഒക്കെ നോക്കി നടത്തുകയാണ് ഏതോ ഒരു കൂട്ടുകാരൻ പാർട്ണർ ആയിട്ട് ഉണ്ടത്രേ..
തെറ്റൊന്നുമില്ലാത്ത കുടുംബം. അച്ഛൻ ജീവിച്ചിരിപ്പില്ല അമ്മ മാത്രമേ ഉള്ളൂ, പിന്നെ ഉള്ളത് ഒരു ചേട്ടനാണ് അയാൾ വിവാഹം കഴിഞ്ഞ് ഭാര്യയുമായി വേറെ വീട് വെച്ച് മാറി .
എന്തുകൊണ്ട് നല്ല ആലോചന അതുകൊണ്ടുതന്നെ കൂടുതലൊന്നും ചിന്തിക്കാതെ ഈ വിവാഹം നടത്തി കൊടുത്തു..
വളരെ നല്ല രീതിയിൽ തന്നെയാണ് അവരുടെ ജീവിതം മുന്നോട്ടുപോയത് എനിക്കും ഏട്ടനും അത് കണ്ട് സന്തോഷമായിരുന്നു…
അവളുടെ ജീവിതം അവൾ തിരഞ്ഞെടുത്തതിൽ അവൾക്ക് തെറ്റിയില്ലല്ലോ എന്ന് ഞങ്ങൾക്ക് അഭിമാനമായിരുന്നു….
വിവാഹം കഴിഞ്ഞ് നാലുകൊല്ലമായി എന്റേതുപോലെതന്നെ എന്നിട്ടും അവൾക്ക് കുഞ്ഞുങ്ങൾ ആയില്ല അവളെ അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു അനുമോദിനോട് പറയുമ്പോൾ അയാൾക്ക് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു…അയാൾ, ദൈവം തരുമ്പോൾ തരട്ടെ എന്ന് പറഞ്ഞ് കൊണ്ടിരുന്നു…
അവൾക്ക് ഒരു കുഞ്ഞു എന്നത് വളരെ മോഹം ആയിരുന്നു അതുകൊണ്ടുതന്നെ അവൾ പലപ്പോഴായി അനുമോദിനോട് ഡോക്ടറെ കാണിക്കാൻ പോകാം എന്ന് പറഞ്ഞിരുന്നു
അയാൾക്ക് എന്തോ അതിൽ വലിയ താല്പര്യം ഒന്നും ഇല്ലാത്തതുപോലെ അതുകൊണ്ടാണ് അവൾ എന്നെയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയത്..
അവൾക്ക് കുഴപ്പമൊന്നുമില്ല ഇങ്ങനെ ഒരാളായിട്ട് വന്നിട്ട് കാര്യമില്ല ഭർത്താവിനെയും കൂട്ടി അടുത്ത തവണ വരൂ എന്ന് ഡോക്ടർ പറഞ്ഞു…
അനുമോദ് വരാൻ സമ്മതിക്കില്ല എന്ന് അവൾ എന്നോട് പറഞ്ഞപ്പോൾ നീ നല്ലതുപോലെ ഒന്ന് പറഞ്ഞു നോക്കൂ നല്ല രീതിയിൽ പറഞ്ഞാൽ അനുമോദിന് കാര്യങ്ങൾ മനസ്സിലാകും എന്ന് അവളോട് ഞാൻ പറഞ്ഞു. അവൾ അത് സമ്മതിച്ച് അവിടേക്ക് പോയി…
പിന്നെ കേൾക്കുന്നത് ഫോണിലൂടെ വിളിച്ച് അവളുടെ നിർത്താതെയുള്ള കാരച്ചിലാണ് എന്താണ് കാര്യം എന്ന് അറിയാതെ ഞാൻ ഭയന്നുപോയി ഏട്ടനെയും കൂട്ടി അവളുടെ വീട്ടിലേക്ക് ചെന്നു…
അനുമോദിന് വേറൊരു ഭാര്യയും കുട്ടിയും ഉണ്ടത്രേ.. അവളുടെ വിവാഹശേഷം ആണ്…
ബിസിനസ് കാര്യവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഒരു സ്ത്രീയുമായി അവൻ അടുക്കുകയായിരുന്നു…
ആ സ്ത്രീ ഗർഭിണിയായി പിന്നെ ആരും അറിയാതെ ഒരു വീട്ടിൽ അവനവരെ താമസിപ്പിക്കുകയായിരുന്നത്രേ..
ആവണിയോട് അതാരോ വിളിച്ചു പറഞ്ഞതാണ് അവളുടെ വാട്സാപ്പിൽ അതിന്റെ തെളിവായി ഫോട്ടോ അടക്കം അയച്ചുകൊടുത്തിട്ടുണ്ട് അനുമോദിനോട് ചോദിച്ചപ്പോൾ ആദ്യം അയാൾ നിരസിച്ചു എങ്കിലും പിന്നീട് എല്ലാം സമ്മതിച്ചത്രേ…
ഇത്രയും സ്നേഹിച്ച് അയാൾക്ക് വേണ്ടി ഞങ്ങളോട് വാദിച്ച് ഈ വിവാഹം അവൾ ആയിട്ട് തന്നെയാണ് തിരഞ്ഞെടുത്തത്..
ആ ഒരാൾ അവളോട് വഞ്ചന കാണിച്ചപ്പോൾ അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു…
അവളെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു ശേഷം അനുമോദ് ഒന്ന് വിളിച്ചു പോലും നോക്കിയിട്ടില്ല അവളുടെ കാര്യം.. ഒരുപക്ഷേ അവളത് ആഗ്രഹിക്കുന്നും ഉണ്ടാവില്ല…
കാരണം ഒരു കുഞ്ഞെന്ന അവളുടെ സ്വപ്നം നടത്തി കൊടുക്കാൻ പോലും അവന് ഉണ്ടായിരുന്ന വിമുഖത ഈ ഒരു ബന്ധത്തിന്റെ പേരിലായിരുന്നു…
അവളിൽ അത് എത്രമാത്രം വിഷമം സൃഷ്ടിക്കുന്നുണ്ട് എന്നറിഞ്ഞിട്ടുപോലും ഒന്ന് കരുണ കാണിക്കാൻ പോലും അവന് തോന്നിയില്ല പിന്നെ എന്ത് ആത്മാർത്ഥതയാണ് അവന് അവളോട് ഉണ്ടായിരുന്നത്…
ചിരിച്ചുകൊണ്ട് എന്റെ മകളെ അവൻ ചതിച്ചു…
എത്രയും പെട്ടെന്ന് ഈ ബന്ധം വേർപ്പെടുത്തണം എന്നായിരുന്നു അവളുടെ തീരുമാനം.. ഞാനും ഏട്ടനും അവൾക്ക് സപ്പോർട്ട് ആയി കൂടെ നിന്നു
ഫോർമാലിറ്റികൾക്ക് ഒടുവിൽ വിവാഹമോചനം ലഭിക്കുമ്പോൾ അവളുടെ മുഖത്ത് നിസ്സംഗതയായിരുന്നു..
ഒരു തുള്ളി കണ്ണീരു പോലും അവളിൽ നിന്ന് ഉണ്ടായില്ല… പകരം വിഷമിച്ചു നിൽക്കുന്ന ഞങ്ങളെ സമാധാനപ്പെടുത്തുകയായിരുന്നു അവൾ ചെയ്തത് ഇത് ഒന്നിന്റെയും അവസാനമല്ല എന്ന്..അവൾക്ക് ജീവിതം ഇനിയും നീണ്ട് നിവർന്നു കിടക്കുന്നുണ്ട് എന്ന്..
ദൈവത്തോട് അവൾക്കുള്ള നന്ദി ഒരു കാര്യത്തിൽ മാത്രമാണ് ഏറെ ഒരു വിഡ്ഢിയായി ജീവിക്കാൻ അവളെ അനുവദിക്കാതെ അവളുടെ മുന്നിൽ സത്യമെല്ലാം കാട്ടിക്കൊടുത്തതിന്…
പുറമേ ചിരിച്ചു ഉള്ളിൽ വിഷവും ആയി നടക്കുന്നവന്റെ യഥാർത്ഥ മുഖം മനസ്സിലാക്കിയിരുന്നില്ലെങ്കിൽ അവൾ പിന്നെയും അവനെ സ്നേഹിച്ചേനെ..
പിന്നെയും വിഡ്ഢിയായേനെ…
“”യാശോധേ.. നിങ്ങളുടെ മരുമകൻ ആ മറ്റേ പെണ്ണിനെയും കുട്ടിയെയും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു ന്ന്… ഇപ്പോൾ അവിടെയാണത്രെ അവരുടെ പൊറുതി.. എന്തോ മനുഷ്യൻമാരാ അല്ലേ…””
എന്ന് കുറെ നാളുകൾക്ക് ശേഷം അടുത്ത വീട്ടിലെ സ്ത്രീ വന്നു പറഞ്ഞപ്പോൾ പിടപ്പോടെ ഞാൻ അവളെ നോക്കി..
“” അമ്മേ അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ ഇതുപോലെ ആവശ്യമില്ലാത്ത ഓരോന്ന് കേട്ടുകൊണ്ടിരിക്കാൻ…””എന്ന് എന്നെ ശാസിച്ചു ആ സ്ത്രീയോട് ആയി അവൾ പറഞ്ഞു,
“” ചേച്ചി എന്നെ സംബന്ധിച്ചിടത്തോളം അയാൾ ഇപ്പോൾ ഏതോ ഒരാളാണ്. അയാളുടെ ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും അത് ഒരുതരത്തിലും ഇനി എന്നെ ബാധിക്കില്ല അതുകൊണ്ട് ദയവുചെയ്ത് ഇവിടെ വന്ന് ഇതുപോലെ ഓരോന്ന് പറയണം എന്നില്ല “””എന്നും പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി…
അത്ഭുതത്തോടെ ഞാൻ അവളെ നോക്കി അവളുടെ മാറ്റം കണ്ടു.. ഇനി എനിക്ക് അവളെ ഓർത്ത് പേടിയില്ല അവൾ ജീവിക്കും അവളുടെ കാലിൽ നിന്നുകൊണ്ട് തന്നെ…