(രചന: പ്രജിത്ത് സുരേന്ദ്രബാബു)
‘ ചേട്ടൻ ഇനി മേലിൽ എനിക്ക് ഇങ്ങനെയൊന്നും മെസേജ് ഇടരുത്.. ഞാൻ അത്തരക്കാരി അല്ല… എന്റെ ഭർത്താവിന്റെ കൂട്ടുകാർ അല്ലെ നിങ്ങളൊക്കെ.. സോ ആ ഒരു മര്യാദ കാണിക്കണം എന്നോട്.. ഇനിയും ആവർത്തിച്ചാൽ ഞാൻ ഏട്ടനോട് പറയും
വാട്ട്സാപ്പിൽ രമ്യയുടെ പരുഷമായ വോയിസ് മെസേജ് കേൾക്കെ ആകെ ജാള്യത തോന്നി രഞ്ജിത്തിന് ഒപ്പം പേടിയും.
‘ അയ്യോ…സോറി.. സോറി രമ്യ. ഇനി ഞാൻ ആവർത്തിക്കില്ല ‘ക്ഷമാപണത്തോടെ അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടു.” എന്ത് പറ്റി അളിയാ നടന്നില്ലേ. ”
കൂട്ടുകാരൻ ഷാനവാസിന്റെ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ടു രഞ്ജിത്ത് .” എടാ.. വേറൊന്നും തോന്നില്ലേൽ ഞാൻ ഒരു കാര്യം പറയാം. നീ വെറും തരം താഴ്ന്ന അവസ്ഥയിലേക്ക് പോകരുത്. രമ്യ നമ്മുടെ ചങ്ക് ഷൈനിന്റെ ഭാര്യ ആണ്. അമ്മേം പെങ്ങളേം തിരിച്ചറിയാനൊക്കെ ഉള്ള വകതിരിവ് കാണിക്കണം നീ ”
ഷാനവാസിന്റെ ആ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു. താൻ ചെയ്തത് തെറ്റ് ആയിപോയി എന്നൊരു തോന്നൽ രഞ്ജിത്തിനും ഉണ്ടായി അത് കേട്ടിട്ട് .
“പറ്റിപ്പോയി അളിയാ.. “കുറ്റബോധം നിറഞ്ഞിരുന്നു ആ വാക്കുകളിൽ അതോടെ അവന്റെ ചുമലിൽ തട്ടി ഷാനവാസ്.
” ഈ പറഞ്ഞതിൽ എന്നോട് നിനക്ക് ദേഷ്യം തോന്നരുത്. അതൊരു നല്ല പെങ്കൊച്ചാണെടാ അവള് ഇങ്ങനുള്ള പരിപാടിക്ക് ഒന്നും നിൽക്കില്ല. ഈ നാട്ടിൽ അവളെ പോലെ ഒരു പെണ്ണിനെ കാണാൻ കിട്ടോ. കെട്ടിക്കേറി വന്ന വീട് സ്വന്തം വീട്
പോലെ കണ്ട് ആ വീട്ടുകാരെ സ്വന്തമായി കണ്ടാ ആ അവള് നോക്കുന്നെ.. ആ അവളോട് കമ്പിയും പറഞ്ഞു ചെന്നാൽ ചെരുപ്പൂരി അടി കിട്ടും ചിലപ്പോ ”
അല്പം പരിഹാസത്തോടെ തന്നെ അവൻ പറയുമ്പോൾ മറ്റു കൂട്ടുകാരും അത് ശെരി വച്ചു.
” അല്ലടാ.. നമ്മടെ ഷൈൻ ഒരു കിഴങ്ങൻ ആണ്. ഇത്രേം നല്ലൊരു പെങ്കൊച്ചിനെ കെട്ടിക്കൊണ്ട് വന്നിട്ട് ഒന്നര രണ്ട് വർഷം കൂടുമ്പോ ആണ് അവൻ ലീവിന് നാട്ടിൽ വരുന്നത്… എന്തായാലും അവള് അഡ്ജസ്റ്റ് ചെയ്യുകയാണ് അത് ഉറപ്പാണ്. അപ്പോ ആ ഗ്യാപ്പിൽ ഒന്ന് കേറി നോക്കാം ന്ന് വച്ചതാ പക്ഷെ പാളിപ്പോയി.”
നിരാശയായിരുന്നു രഞ്ജിത്തിന്റെ വാക്കുകളിൽ. അത് കേട്ടിട്ട് ചിരിച്ചു പോയി മറ്റുള്ളവർ.
” എന്തായാലും ഇപ്പോൾ മനസിലായല്ലോ നിന്റെ പരിപ്പ് ആ കലത്തിൽ വേകില്ല എന്ന്.. ഇനി അവള് ഇത് ഷൈനോട് പറയാതിരിക്കാൻ പ്രാർത്ഥിക്ക് പറഞ്ഞാൽ അറിയാലോ അവൻ വലിച്ചു കീറും നിന്നെ”
ഷാനവാസ് ആ പറഞ്ഞത് കേൾക്കെ വല്ലാത്ത ഭയമായി അവന്.” അത് ശെരിയാണല്ലോ അളിയാ.. അവളിനി അവനോട് പറഞ്ഞാൽ ആകെ സീൻ ആകും. ഇനീപ്പോ എന്ത് ചെയ്യും ”
“ഒന്നും ചെയ്യാനില്ല കരഞ്ഞു കാലുപിടിച്ചോ.. അത് തന്നെ വഴി.. “അത്രയും പറഞ്ഞു ഷാനവാസ് തന്റെ ബൈക്കിൽ കയറി.എനിക്ക് രാത്രി മീൻ വണ്ടിയിൽ ഓട്ടം ഉണ്ട് ഞാൻ പോകുവാ.. ”
അവൻ പോയതിനു പിന്നാലെ മറ്റു കൂട്ടുകാരും പിരിയവേ ആകെ ടെൻഷനിൽ ആയി രഞ്ജിത്ത്. രണ്ടും കല്പ്പിച്ചു ഒടുവിൽ അവൻ വീണ്ടും രമ്യയ്ക്ക് ഒരു വോയിസ് മെസേജ് അയച്ചു.
‘ രമ്യാ.. ഈ നടന്നത് ദയവ് ചെയ്ത് നീ ഷൈനോട് പറയരുത് അവനിതെങ്ങാനും അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. എനിക്കൊരു തെറ്റ് പറ്റിപ്പോയതാണ് നീ ക്ഷമിക്കണം ‘
മെസേജു കണ്ടിട്ടും അല്പസമയം മറുപടി ഇല്ലാത്തിരുന്നപ്പോൾ ആകെ ഭയമായി തുടങ്ങി അവന്. പക്ഷെ വൈകാതെ തന്നെ മറുപടി എത്തി.
‘ ഏട്ടൻ വിളിക്കുവാരുന്നു അതാ റിപ്ലൈ ലേറ്റ് ആയെ. വോയിസ് ഇപ്പോഴാ കേട്ടെ.. ചേട്ടൻ പേടിക്കേണ്ട. ഞാൻ ഷൈനേട്ടനോട് പറയില്ല. പുള്ളി ഇതൊക്കെ അറിഞ്ഞാൽ ആകെ സീൻ ആകും. ചേട്ടന് അബദ്ധം പറ്റിയതാണെന്ന് എനിക്ക് മനസിലായി ”
ആ മറുപടി ഏറെ ആശ്വാസമായി രഞ്ജിത്തിന് .’രമ്യ.. ഇനി മുതൽ നമ്മൾ നല്ല ഫ്രണ്ട്സ് ആയിരിക്കും കേട്ടോ.. ഒരു തരത്തിലും നിന്നെ ശല്യം ചെയ്യില്ല ഞാൻ..
‘സന്തോഷം ചേട്ടാ.. എനിക്കങ്ങനെ അധികം കൂട്ടുകാരൊന്നും ഇല്ല.. ഷൈനേട്ടൻ ഒരു പ്രത്യേക ടൈപ്പ് ആണ്. ഇത്തരം സൗഹൃദങ്ങൾ ഒന്നും പുള്ളിക്ക് ഉൾക്കൊള്ളാൻ പറ്റില്ല.. അതോണ്ട് ഞാൻ ആരോടും അധികം അടുക്കാറില്ല.. പിന്നെ ഭർത്താവിനെ മറന്ന് മറ്റൊരു ബന്ധത്തിലേക്ക് പോകാനും മാത്രം
വൃത്തികെട്ടവൾ അല്ല ഞാൻ. ഞാനൊക്കെ വെറും നാട്ടിൻപുറത്തുകാരിയാണ് ചേട്ടാ.. ഭർത്താവ് കുടുംബം അതിനപ്പുറം മറ്റൊന്നും ചിന്തിക്കാൻ എനിക്ക് പറ്റില്ല. ‘
അവളുടെ വാക്കുകൾ കേൾക്കെ അപമാനത്താൽ ഉരുകി രഞ്ജിത്ത്. വീണ്ടും പലവട്ടം സോറി പറഞ്ഞു അവൻ. മെസേജുകൾ അങ്ങിനെ ചറപറാ അങ്ങടും ഇങ്ങടും അയച്ചു നിമിഷനേരം കൊണ്ട് അവരുടെ സൗഹൃദം വളർന്നു.
‘ രമ്യാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ ആത്മാർത്ഥമായി മറുപടി പറയോ.. ‘ഒടുവിൽ മനസിലെ ആ സംശയം തീർക്കാൻ തന്നെ തീരുമാനിച്ചു അവൻ.
‘ എന്താ ചേട്ടാ.. ചോദിക്ക്.. ‘രമ്യയ്ക്കും ആകാംഷയായി.’ അത്.. സത്യത്തിൽ ഷൈനുമായുള്ള ദാമ്പത്യത്തിൽ നീ തൃപ്തയാണോ.. അല്ല എന്ന് ആണ് എന്റെ കണക്ക് കൂട്ടൽ കാരണം അവൻ ഒരു പ്രത്യേക ടൈപ്പാണ്. ‘
ചോദ്യം കേട്ടിട്ട് അല്പസമയം മറുപടി ഇല്ലായിരുന്നു. അതോടെ ചോദ്യം അതിരു കടന്നുവോ എന്നാ സംശയതിൽ ആയി രഞ്ജിത്ത്.’എടോ.. ചോദിച്ചത് ഇഷ്ടമായില്ലേ..’
ഒരു വോയിസ് കൂടി അയച്ചു അവൻ. അതും കണ്ടിട്ട് മറുപടി ഇല്ലാതായപ്പോൾ രണ്ടും കല്പ്പിച്ചു ഒന്ന് വിളിച്ചു അവളുടെ നമ്പറിലേക്ക്. അല്പസമയം റിങ് ചെയ്ത ശേഷം മറു തലയ്ക്കൽ കോൾ അറ്റന്റ് ചെയ്തു.
” രമ്യ.. ഈ സമയത്ത് വിളിച്ചതിൽ സോറി കേട്ടോ മെസേജ് കണ്ടിട്ടും റിപ്ലൈ ഇല്ലാതായപ്പോൾ ഇനി എന്നോട് എന്തേലും ഇഷ്ടക്കേട് തോന്നിയോ എന്ന് സംശയിച്ചു വിളിച്ചതാ.. ”
” അത് സാരമില്ല ചേട്ടാ.. ഞാൻ ഫോൺ ബെഡിൽ വച്ചിട്ട് കിടക്ക വിരിക്കുകയായിരുന്നു. മെസേജ് കേട്ടു ഞാൻ. ജീവിതം ഒരു അഡ്ജസ്റ്റ്മെന്റ് അല്ലെ ചേട്ടാ.. ഞാൻ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു ”
ആ മറുപടി കേൾക്കെ അവരുടെ ജീവിതം നൂറു ശതമാനവും സന്തോഷകരമല്ല എന്ന കാര്യം ഉറപ്പിച്ചു രഞ്ജിത്ത്. പിന്നെയും ആ ഫോൺ സംഭാഷണം നീണ്ടു. ഒടുവിൽ ഗുഡ് നൈറ്റ് പറഞ്ഞു കോൾ കട്ട് ചെയ്യുമ്പോൾ മനസ്സിൽ വല്ലാത്ത
സംതൃപ്തി തോന്നി അവന്. രമ്യയോട് മറ്റൊരു തരത്തിൽ ഇഷ്ടം തോന്നിയതിൽ കുറ്റബോധവും.
വീണ്ടും വാട്ട്സാപ്പ് ഓപ്പൺ ആക്കി അവൾക്ക് ഒരു മെസേജ് കൂടി അയച്ചു അവൻ.
‘ എടോ.. താൻ ഇപ്പോ എനിക്കൊരു അനിയത്തി കുട്ടിയാണ് കേട്ടോ… നിന്നെപ്പോലെ ആത്മാർത്ഥതയുള്ള ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയ ഷൈനും ഏറെ ഭാഗ്യവാനാണ്.’
ഒരു ലവ് ന്റെ സ്റ്റിക്കർ ആണ് അതിനു മറുപടിയായി രമ്യ നൽകിയത്. ഒപ്പം രണ്ട് വാചകങ്ങളും
‘ താങ്ക്സ് ചേട്ടാ.. ‘ആ മെസേജിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ . ശേഷം നേരെ ഷാനവാസിനെയാണ് വിളിച്ചത്.
” അളിയാ… എല്ലാം സെറ്റ് ആയി. അവള് ഷൈനോട് പറയില്ല മാത്രമല്ല.. ഇനിയെന്നും അവളെനിക്കൊരു അനിയത്തി ആയിരിക്കും ”
ആ വാക്കുകൾ കേട്ട് ഷാനവാസും പുഞ്ചിരിച്ചു.” എന്തായാലും ഇപ്പോ നിനക്ക് ആശ്വാസം ആയല്ലോ.. ഇനീപ്പോ മോൻ വീട്ടിലേക്ക് വിട്ടോ.. ഞാൻ ദേ വണ്ടിയെടുക്കാൻ ഇറങ്ങാൻ തുടങ്ങുവാ.. “” ഓക്കേ അളിയാ.. ശെരി.. നാളെ കാണാം. ”
കോൾ കട്ട് ചെയ്ത് ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു രഞ്ജിത്ത്.’ രമ്യ പറ്റില്ല… ഇനീപ്പോ ആരെ ഒന്ന് വളച്ചു സെറ്റ് ആക്കും.. ‘
അതായിരുന്നു അവന്റെ അടുത്ത ചിന്ത.ദിവസങ്ങൾ പിന്നെയും കടന്നു പോയി. അതിനിടയിൽ രഞ്ജിത്തും രമ്യയും കൂടുതൽ അടുത്തു. തികച്ചും ഒരു കുടുംബിനിയായ അവളോട് വല്ലാത്ത ബഹുമാനവും തോന്നി തുടങ്ങിയിരുന്നു അവന്.
അങ്ങിനെ ഒരു ദിവസം രാത്രി സമയം ഒരുമണി കഴിയവേ നല്ല ഉറക്കത്തിൽ കിടക്കുമ്പോഴാണ് രഞ്ജിത്തിന്റെ ഫോൺ നിർത്താതെ റിഗ് ചെയ്തത്. ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന് ഫോണിലേക്ക് നോക്കുമ്പോൾ സുഹൃത്തിന്റെ നമ്പർ ആയിരുന്നു.
” എന്താടാ ഈ പാതിരാത്രിയ്ക്ക് “പാതി ഉറക്കത്തിലാണവൻ ചോദിച്ചത്” അളിയാ നീ വേഗം ഷൈനിന്റെ വീട്ടിലേക്ക് വാ ഇച്ചിരി സീൻ ആണ്.. ”
അത്ര മാത്രം പറഞ്ഞു കോൾ കട്ട് ആകവേ ആകെ ഞെട്ടി രഞ്ജിത്ത്. ഉറക്കം പൂർണ്ണമായും വിട്ടകന്നു ചതിയെഴുന്നേറ്റു അവൻ. കോൾ കട്ട് ആകുന്നെന്നു മുന്നേ എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടിരുന്നു പിന്നെ വിളിച്ചിട്ടാണേൽ ആ
സുഹൃത്ത് ഫോണും എടുക്കുന്നില്ല. പിന്നെ ഒന്നും ആലോചിച്ചില്ല പെട്ടെന്ന് ഡ്രസ്സ് ചെയ്ത് പുറത്തേക്കിറങ്ങി അവൻ . ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ രമ്യയ്ക്ക് ഒരു മെസേജ് ഇട്ടു
‘ രമ്യാ.. അവിടെ എന്തേലും സീൻ ഉണ്ടോ..’അവളുടെ നെറ്റ് ഓൺ ആയിരുന്നില്ല അതോടെ ആകെ ടെൻഷനിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു രഞ്ജിത്ത് .
പാഞ്ഞെത്തുമ്പോൾ ഷൈനിന്റെ വീടിനു മുന്നിൽ ചെറിയൊരു ആൾക്കൂട്ടം ഉണ്ടായിരുന്നു. അതോടെ അവന്റെ ടെൻഷൻ ഇരട്ടിയായി. ഒച്ചയും ബഹളവുമൊക്കെ കേൾക്കുന്നുണ്ട്.
ബൈക്ക് നിർത്തി വീടിനടുത്തേക്ക് നടന്നു രഞ്ജിത്ത്. അകലെ നിൽക്കുമ്പോൾ തന്നെ വ്യക്തമായി വീടിനു മുൻ വശത്തെ തൂണിൽ ആരെയോ കെട്ടിയിട്ടിരിക്കുന്നു.” കള്ളൻ കേറിയോ ഇവിടെ.. ”
സംശയത്തിൽ നോക്കി അല്പം വേഗത്തിൽ നടന്നടുക്കവേ ഉറക്കത്തിൽ വിളിച്ചുണർത്തിയ സുഹൃത്തിനെ കണ്ടു. അവന്റരികിലേക്ക് തിരിയവേ നടുക്കത്തോടെ രഞ്ജിത്ത് മനസിലാക്കി അവിടെ കെട്ടിയിട്ടിരിക്കുന്നത് ഷാനവാസിനെയാണ്.അതും അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ.
ആ കാഴ്ചയിൽ അമ്പരന്ന് നിൽക്കുന്ന രഞ്ജിത്തിന്റെ കണ്ട് ആ സുഹൃത്ത് ഓടി വന്നു.
” അളിയാ.. ഇവന്റെ രാത്രീലത്തെ മീൻ ലോറിയിലെ ഓട്ടം ഇവിടേക്ക് ആയിരുന്നു. ഇവനും രമ്യയും തമ്മിൽ സെറ്റപ്പ് ആയിരുന്നെടാ.. അളിയൻ സ്ഥിരം ഇവിടെ വന്ന് പോക്ക് ഉണ്ട്. ഇന്ന് ഷൈനിന്റെ അച്ഛൻ ഒച്ച കേട്ടിട്ട് രണ്ടിനേം അവളുടെ ബെഡ്റൂമിൽ ഇട്ട് ഈ കോലത്തിൽ തന്നെ കയ്യോടെ പൊക്കി ”
” ങേ..! “ആ കേട്ടത് വിശ്വസിക്കാൻ കഴിയാതെ വാ പൊളിച്ചു നിന്നുപോയി രഞ്ജിത്ത്.’പെങ്ങളെ… രമ്യേ…’അവിശ്വസനീയമായി കൂട്ടുകാരനെ തന്നെ നോക്കി നിന്നു അവൻ.
” ഉള്ളതാ അളിയാ.. ഇപ്പോ ആകെ സീൻ ആയി ഷൈനിനെ ഒക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് ”
” ദൈവമേ… ഇവരീ പണി കാണിച്ചിട്ടാണോ രണ്ട് വഴിക്ക് നിന്ന് എന്നോട് തത്വം പറഞ്ഞത്… എന്നെ പൊട്ടനാക്കിയത്.. ”
അന്ധാളിപ്പോടെ പിറു പിറുത്ത് കൊണ്ട് എത്തി ഉളിഞ്ഞു നോക്കവേ തല കുമ്പിട്ടു സിറ്റ് ഔട്ടിൽ ഇരിക്കുന്ന രമ്യയെ അവൻ കണ്ടു” ഹമ്പോ പതിവൃത. ഭർത്താവുള്ളപ്പോ വേറെ സുഖം തേടി പോകാത്ത ഭർതൃമതി ”
കലി കയറി അവന്. ശേഷം ചുറ്റും നോക്കി ആൾക്കാർക്കിടയിലൂടെ പതിയെ നുഴഞ്ഞു കയറി എങ്ങിനെയോ ഷാനവാസിന്റെ അരികിലെത്തി രഞ്ജിത്ത് . അവന്റെ കണ്ട മാത്രയിൽ തല കുമ്പിട്ടു ഷാനവാസ്.
” അളിയോ.. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപോയി. മീൻ ഓട്ടം ഇവിടെ ആയിരുന്നല്ലേ.. ആ അമ്മേം പെങ്ങളും ഡയലോഗ് ഞാൻ മറന്നിട്ടില്ല.. ഇവിടിപ്പോ അത് പറഞ്ഞു നിന്നെ കുത്താൻ നിൽകുന്നില്ല. എന്തായാലും നിക്കർ ഇടാൻ തോന്നിയത് അളിയന്റെ ഭാഗ്യം.. കാണാൻ നല്ല ചേലുണ്ട് ”
പുച്ഛത്തോടെ തിരിയുമ്പോൾ രമ്യയെ കൂടി ഒന്ന് നോക്കി അവൻ.നടന്നു അവൻ.”പതിവൃതേ…..”
ശബ്ദം താഴ്ത്തി വിളിച്ചത് കൃത്യമായി കേട്ടു രമ്യ. ഒന്ന് തലയുയർത്തി മുന്നിൽ രഞ്ജിത്തിനെ കണ്ടതും വീണ്ടും തല താഴ്ത്തി അവൾ. പിന്നെ അവിടെ നിന്നില്ല രഞ്ജിത്ത്.
” അളിയൻ വിഷമിക്കേണ്ടടാ.. ഒരേ സമയം രണ്ട് ഡ്രൈവർ മാരെ താങ്ങാഞ്ഞിട്ടാകും അവള് നിന്നെ ആങ്ങളയാക്കി കളഞ്ഞത് ”
കൂട്ടുകാരന്റെ കമന്റ് കേട്ട് ദയനീയമായി ഒന്ന് നോക്കി അവൻ
” ശവത്തിൽ കുത്തല്ലേ ടാ.. രണ്ടും കൂടി തത്വം പറഞ്ഞിട്ട് എന്നെ പൊട്ടൻ ആക്കി കളഞ്ഞു. ”
അത്രയും പറഞ്ഞ് ദയനീയമായി തന്റെ ബൈക്കിനരികിലേക്ക് നടന്നു രഞ്ജിത്ത്. ശേഷം പതിയെ ഫോൺ കയ്യിലെടുത്ത് വാട്ട്സാപ്പ് ഓപ്പൺ ആക്കി ഇച്ചിരി മുന്നേ രമ്യയ്ക്ക് അയച്ച മെസേജ് ഡിലീറ്റ് ചെയ്തു ശേഷം അവളെ പതിയെ ബ്ലോക്ക് ആക്കി ഫോൺ പോക്കറ്റിലേക്ക് ഇട്ടു.
” എന്നാലും എന്റെ ദൈവമേ.. ഇത് വല്ലാത്തൊരു പണി ആയി പോയി “നിരാശയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പോയി അവൻ. ആ സമയം ആകെ നാണം കെട്ട് ചുറ്റും നോക്കി ഷാനവാസ്..
” ചേട്ടാ. ഒരു മുണ്ട് തരോ.. ഇങ്ങനെ നിന്ന് ആകെ തണുക്കുന്നു.. “അടുത്ത് നിന്ന ചേട്ടനോട് പതിഞ്ഞ സ്വരത്തിൽ ഒന്ന് അപേക്ഷിച്ചു അവൻ. അതിനു മറുപടിയായി എല്ലാരും കേൾക്കും വിധം അവന്റെ ചെക്കിടിനു ഒന്ന് പൊട്ടിച്ചു അയാൾ..
” കുളിരു കോരാൻ വന്നതല്ലേ നീ ഇവിടെ.. അപ്പോ ഇച്ചിരി തണുപ്പൊക്കെ ആകാം”ആ മറുപടിയിൽ തൃപ്തനായി ഷാനവാസ് അല്പസമയത്തേക്ക് ചെവിയിൽ ആകെ ഒരു പെരുപ്പ് ആയിരുന്നു അവന്.” വേണ്ട…ചേട്ടാ.. ഒന്നും വേണ്ട ഞാൻ ഇങ്ങനെ തന്നെ നിന്നോളം ”
അതും പറഞ്ഞു ദയനീയമായി രമ്യയെ ഒന്ന് നോക്കി അവൻ നാണംകെട്ട് തൊലിയുരിഞ്ഞു ഇരിക്കുകയായിരുന്നു അവൾ അപ്പോൾ..
” ഒച്ചയെടുക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ കാലമാടാ…. “അമർഷത്താൽ ഷാനവാസിനെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു അവൾ..