സ്വന്തമായൊരു സ്വപ്നം
(രചന: Kannan Saju)
” നമ്മള് തമ്മിലുള്ള വിവാഹത്തിന് സമ്മതിക്കണമെങ്കിൽ നീ സിനിമ ഉപേക്ഷിക്കണം… അതാണ് അച്ഛൻ പറയുന്നത് ” ഞെട്ടലോടെ അവൾ ധ്യാനെ നോക്കി….” അതല്ലാതെ വേറെ വഴി ഇല്ല കീർത്തന ”
” ധ്യാൻ.. നീ എനിക്കെത്ര ഇമ്പോര്ടന്റ്റ് ആണോ അതുപോലെ വലുതാണ് എനിക്കെന്റെ സ്വപ്നങ്ങളും… ഞാൻ എങ്ങനെ? ”
” ലൈഫ് അങ്ങനാണ്… ഒന്ന് ചത്താലേ ഒന്നിന് വളമാവു “” നീയും ഇത് തന്നെ ആണോ പറയുന്നേ? ” ചുറ്റും നോക്കി കലിയോടെ അവൾ കാറിൽ കൈകൊണ്ടു ഇടിച്ചു…
” നമ്മളൊരുമിച്ചു ജീവിക്കാൻ വേണ്ടി അല്ലേടി… നിനക്കീ സിനിമ ഒന്ന് ഉപേക്ഷിച്ചു കൂടെ? ” ധ്യാൻ അത് ആവർത്തിച്ചു പറയുന്നത് കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു
” നിനക്കറിയാം എനിക്കിതെത്ര ഇഷ്ടമാണെന്നു… ഈ സിനിമയിലൂടെ തന്നെ അല്ലേ നമ്മൾ പരിചയപ്പെട്ടതും? ”
” ആണ്… പക്ഷെ നമ്മൾ ഒരുമിച്ചു ജീവിക്കാൻ എന്റെ മുന്നിൽ മറ്റു മാര്ഗങ്ങള് ഒന്നും തെളിയുന്നില്ല”
കാറിലേക്ക് ചാരി നിന്നു ശരീരം തളർത്തിയിട്ടുകൊണ്ട് അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.
” എനിക്ക് വേണ്ടി എന്തെങ്കിലും ഉപേക്ഷിക്കാൻ ധ്യാൻ തയ്യാറാവോ? “” നിനക്ക് വേണ്ടി ഞാൻ എന്ത് ഉപേക്ഷിക്കാൻ? ”
” നമ്മുടെ വിവാഹത്തിന് തടസമായി നിക്കുന്ന എന്തോ അത്? “” എന്റച്ഛനെ ഉപേക്ഷിക്കാനോ? “” അങ്ങനെ പറഞ്ഞ നീ ചെയ്യുവോ? “” ഇല്ല ”
” എന്തെ? അപ്പൊ ഒന്ന് ചത്താൽ ഒന്നിന് വളം ആവില്ലേ? “” കീർത്തു അതെന്റെ അച്ഛനല്ലേ? “” ധ്യാൻ ഇതെന്റെ ഡ്രീംമാണ് ”
” എന്റെ അച്ഛനെ പോലെ ആണോ നിന്റെ ഇ ഒണക്ക സിനിമ…? അല്ലേൽ തന്നെ അസിസ്റ്റന്റ് ഡയറകടരെന്നു പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കൊല്ലം കൊറേ ആയല്ലോ? വെല്ലോം നടന്നോ? തിരക്കഥയും പറക്കി കെട്ടി നടന്നിട്ടു വെല്ലോം നടന്നോ..? ഞാൻ നല്ലൊരു വഴി പറഞ്ഞപ്പോ ”
അതുവരെ കാണാത്ത ഒരു ധ്യാനെ ആദ്യമായി അവൾ കണ്ടു…” ഓഹോ.. അപ്പൊ എനിക്ക് മോട്ടിവേഷൻ തന്നു പറഞ്ഞു വിടുമ്പോൾ ഇതായിരുന്നല്ലേ ഉള്ളിൽ? ”
” പിന്നെ? സിനിമയെന്നും പറഞ്ഞ് വീടും വിട്ടു സിറ്റിയിൽ വന്നു കണ്ട പണി എല്ലാം എടുത്തു അലഞ്ഞു നടന്നു എത്ര സമയാ നീ വേസ്റ്റ് ആക്കിയത്? നഷ്ടങ്ങൾ ഇനിയും ഉണ്ടാവാതിരിക്കണം എങ്കിൽ നന്നാവാൻ നോക്കു ”
” എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല ധ്യാൻ.. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട് തന്നാ ഞാൻ ഇറങ്ങിയതും… ഒരു നാൾ ഞാൻ വിജയിക്കുക തന്നെ ചെയ്യും ”
” ആ എനിക്കറിയാം നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു… അല്ലെങ്കിലും എന്ത് നഷ്ടപ്പെട്ടാലും ഇല്ലാത്ത പോലെ അല്ലേ നടക്കുന്നെ… ”
” നീ എന്താ ധ്യാൻ ഉദേശിച്ചത്? ” അവളുടെ കണ്ണുകൾ നിറഞ്ഞു..” ആ അത് തന്നെ… ആദ്യം അസിസ്റ്റന്റ് ആയി നിന്ന സിനിമയുടെ പാക്കപ്പിന്റെ അന്ന് രാത്രി അവന്മാര് കേറി മേഞ്ഞിട്ടും രണ്ട് ദിവസം കഴിഞ്ഞപ്പോ ഒന്നും നടക്കാത്ത പോലെ വീണ്ടും സിനിമാന്നു പറഞ്ഞു ഇറങ്ങിയവൾ അല്ലേടി നീ ”
” ധ്യാൻ ദിസ് ഈസ് ടു മച്ച് നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ഇതൊക്കെ തുറന്നു പറഞ്ഞതാ ഞാൻ.. അന്ന് നീ പറഞ്ഞത് എന്റെ പാസ്ററ് ഒരിക്കലും നമുക്കിടയിൽ വരില്ലെന്നായിരുന്നു… എന്നിട്ടിപ്പോ ”
” ആ… നീ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്ന പോലെ എനിക്കിപ്പോ തോന്നണ്ടു.. അല്ലേൽ ഞാൻ ഇത്രേം കഷ്ട്ടപെട്ടു അച്ഛനെ സമ്മതിപ്പിച്ചപ്പോ നീ ഒരു വിട്ടു വീഴ്ച്ചക്ക് തയ്യാറാവില്ലായിരുന്നോ? അന്ന് നീ മനപ്പൂർവം അവന്മാർക്കു കിടന്നു കൊടുത്തതാണോ എന്ന എന്റെ സംശയം
” മതി.. ഇനി സംസാരിക്കാൻ ഞാനില്ല.. നമുക്ക് പോവാം “” എങ്ങോട് പോവാന്നു..? ഇതിനൊരു തീരുമാനം പറഞ്ഞിട്ട് പോയ മതി നീ ”
” ധ്യാൻ.. ഞാൻ ഒരിക്കലും ഒന്നിന് വേണ്ടിയും എന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കില്ല… സ്വന്തമായി സ്വപ്നങ്ങൾ ഉള്ളവർക്കേ അതിന്റെ വില അറിയൂ. പരസ്പരം മനസിലാക്കി കൂടെ നിക്കാൻ പാടില്ലേ? ”
” ഓഹ്! ഞാൻ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നതിന്റെ അസൂയ അല്ലേടി നിനക്ക്? ”
” ഇതിപ്പോ സംസാരിച്ചാൽ ശരിയാവില്ല.. പ്ലീസ് നമുക്ക് പോവാം “” ഒരു കോപ്പിലേക്കും പോണില്ല ” അവൻ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു…
ലക്ഷത്തിനടുത്തു വിലയുള്ള ഫോൺ കണ്മുന്നിൽ ചിതറുന്നു നോക്കി അമ്പരപ്പോടെ അവൾ ധ്യാനെ നോക്കി
” നിനക്ക് പണത്തിന്റെ അഹങ്കാരം ആണ് ധ്യാൻ ! നീ കഷ്ട്ടപെട്ടുണ്ടാക്കിയതായിരുന്നേൽ ഇങ്ങനെ എരിഞ്ഞു പൊട്ടിക്കില്ലായിരുന്നു
” അതേടി… ഇപ്പൊ ഞാൻ അങ്ങനെ പലതും ആയി തോന്നും നിനക്ക്… എന്റെ അച്ഛന്റെ കാശ് എനിക്കുള്ളതാ.. ഇത്രേം നാളും എന്റെ കൂടെ നടന്നു നീ മുതലെടുത്തതും ആ ക്യാഷ് തന്നല്ലേ? ”
” മുതലെടുത്തതോ? ആര് മുതലെടുത്തത്??? നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ സ്കൂട്ടറിനു പോവാം എന്ന്, എനിക്ക് നീ ഡ്രസ്സ് വാങ്ങി തരേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ, വില കൂടിയ ഫോൺ എത്ര പ്രാവശ്യം ഞാൻ വാങ്ങാതിരുന്നു, ഒടുവിൽ നീ എറിഞ്ഞു പൊട്ടിക്കും എന്ന് പറഞ്ഞപ്പോൾ അല്ലേ ഞാൻ അത് വാങ്ങിയേ? ”
” എല്ലാം നിന്റെ അഭിനയം ആയിരുന്നു.. എന്റെ ക്യാഷ് കൊണ്ടു സിനിമ പിടിക്കാം എന്ന് കണ്ടല്ലെടി നീ എന്റെ കൂടെ കൂടിയത്? ”
അവൾ കലിയോടെ ധ്യാനിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി” കിടന്നു കൊടുത്തു പണം ഉണ്ടാക്കാനാണേൽ നിന്നെക്കാൾ വലിയ ആളുകളെ എനിക്കറിയാമായിരുന്നു… ഒരിക്കലും നീ എന്നെ ഉപേക്ഷിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ട ധ്യാൻ നിന്നെ ഞാൻ സ്നേഹിച്ചത് ”
” നിനക്ക് നല്ലതേ വക്കീല് പണിയാ… ഡയലോഗ് അടിക്കാൻ മിടുക്കിയ നീ..”കീർത്തന മൗനം പാലിച്ചു….
” അവസാനമായി ചോദിക്കുവാ, നിന്റെ സിനിമ ഉപേക്ഷിച്ചു എന്റെ കൂടെ ജീവിക്കാൻ നീ തയ്യാറാണോ? “” അല്ല ” ധ്യാനിനു കലി ഇരച്ചു കയറി…
” പോയി തൊലയടി…. നിനക്കൊന്നും ജീവിതം പറഞ്ഞിട്ടില്ല… “അവൻ പിറു പിറുത്തു കൊണ്ടു കാറിൽ കയറി. ഒപ്പം കയറാൻ തുടങ്ങിയ കീർത്ഥനയോടു ” ഉം??? എങ്ങോടാ? ”
” ധ്യാൻ… രാത്രി ആണ് “” അതിനു? “” നീ എന്നെ ഇവിടെ വിട്ടിട്ടു പോവാണോ? “” ഇല്ല.. നിന്നെ ഞാൻ ആനയിച്ചു കൊണ്ടു പോവാം.. അഹങ്കാരി.. പെണ്ണുങ്ങൾക്ക് ഇത്രേം അഹങ്കാരം പാടില്ല “” ധ്യാൻ പ്ലീസ്.. എനിക്ക് പേടിയാണ് ”
” എന്ത് പേടിക്കാൻ?? നിന്നെ ഒക്കെ ആര് കൊണ്ടോവാൻ…??? അഥവാ കൊണ്ടോയാൽ തന്നെ നിനക്കൊന്നും പുത്തരി അല്ലല്ലോ.. അവര് ആവശ്യം കഴിഞ്ഞു കൊണ്ടു വിട്ടോളും.. രണ്ട് ദിവസം കഴിയുമ്പോ ഒന്നും അറിയാത്ത പോലെ നീയും നടക്കും… പിഴച്ചവൾ ”
ആ വാക്ക് കൂടി കേട്ടതോടെ നിറകണ്ണുകളോടെ അവൾ ഡോറിൽ നിന്നും കയ്യെടുത്തു. ചുറ്റും നോക്കി.. ഇപ്പൊ രാത്രിയുടെ അന്ധകാരം അവളെ ഭയപ്പെടുത്തുന്നില്ല. കാർ മുന്നോട്ടു നീങ്ങി.. അവൾ പതിയെ ഇരുട്ടിൽ തനിച്ചായി.
” അപ്പൊ അന്നേരം മുതൽ ഇവിടെ നിക്കുവാണോ? ” അത്രയും നേരം അവൾ വഴിയിൽ ഒറ്റയ്ക്ക് നിക്കാൻ ഉണ്ടായ കാരണം ചോദിച്ചു മനസ്സിലാക്കുക ആയിരുന്ന ജോസഫ് ചോദിച്ചു.
” അതെ.. പതിനൊന്നു മണി മുതൽ ഞാനിവിടെ നിക്കുവാണ് “അവളുടെ മറുപടി കേട്ടു ആ അറുപത്തി അഞ്ചു കാരൻ വാച്ചിലേക്ക് നോക്കി.രണ്ട് മണി.
” കുട്ടി വല്ലതും കഴിച്ചായിരുന്നോ? “” ഇല്ല.. എനിക്ക് പോകാൻ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കി തന്നാൽ മതി ”
” എന്റെ കൂടെ വാ… വല്ലതും കഴിച്ചിട്ട് എന്റെ സ്കൂട്ടർ എടുത്തു പൊയ്ക്കോളൂ ”
അവൾ സംശയത്തോടെ അയ്യാളെ നോക്കി..” പേടിക്കണ്ട നിന്നെക്കാൾ ആരോഗ്യം കുറവാണു എനിക്ക് “അയ്യാളുടെ വീട്.
മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കവേ ഭിത്തിയിലെ ഫോട്ടോയിൽ കണ്ട പെൺകുട്ടിയുടെ ചിത്രത്തിലേക്ക് അവൾ നോക്കുന്നത് ജോസഫ് ശ്രദ്ധിച്ചു.
” എന്റെ മോളായിരുന്നു.. ” അയ്യാളുടെ മെല്ലെ ഉള്ള പറച്ചിൽ കേട്ടു സംശയത്തോടെ കീർത്തന ജോസഫിനെ നോക്കി
” മരിച്ചു പോയി… ” അവൾ ചവച്ചരക്കുന്നത് നിർത്തി ജോസഫിനെ നോക്കി.
” ഒരു പ്രണയം ഉണ്ടായിരുന്നു മോളേ… നടത്തി കൊടുക്കാൻ എന്നോട് കാലു പിടിച്ചു പറഞ്ഞു.. പക്ഷെ അന്നെനിക്ക് പണത്തിന്റെ അഹങ്കാരം ആയിരുന്നു. ആ പയ്യനും ഇവിടെ വന്നു ഒരുപാട് പറഞ്ഞതാ.. ആട്ടി ഇറക്കി… ഒടുവിൽ രണ്ട് പേരും ഒളിച്ചോടാൻ തീരുമാനിച്ചു. ഇന്ന് മോൾ നിന്നിടത്തു വെച്ചു…
അയ്യാൾ കണ്ണുകൾ തുടച്ചു….” അവനെ കാത്തു നിക്കുമ്പോൾ ആരൊക്കയോ ചേർന്ന് അവളെ…. ” അയ്യാൾ വീണ്ടും കണ്ണുകൾ തുടച്ചു…
” ആ കിടപ്പു കണ്ടു അന്ന് തെറ്റിയതാ അവന്റെ മാനസിക നില … ഒരു ഇരുൾമുറിയിൽ ഇപ്പോഴും ജീവച്ഛവം പോലെ സ്വയം തിരിച്ചറിയാനാവാതെ അവൻ ജീവിക്കുന്നു.
എന്റെ പിടി വാശി കാരണം പോയത് രണ്ട് ജീവിതങ്ങളാ.. അതോണ്ട് അവളുടെ ഓർമ്മകൾ വേട്ടയാടുമ്പോൾ ഞാൻ രാത്രി ഇങ്ങനെ ഇറങ്ങി നടക്കും… അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്ത അച്ഛന്റെ നൊമ്പരം അവളോട് അതിലെ നടന്നു പറയും ”
കീർത്തന ചോറിലൂടെ വിരൽ ഓടിച്ചു കൊണ്ടിരുന്നു.” മോളുടെ ആഗ്രഹം സിനിമ ചെയ്യണം എന്നല്ലേ..? ഞാൻ നടത്തി തരം.. അച്ഛന്റെ സ്ഥാനത്തു നിന്നാൽ അച്ഛൻ ആവില്ലെന്ന് അറിയാം.. പക്ഷെ ആ സ്ഥാനം എനിക്ക് തന്നു എന്റെ കൂടെ ഇവിടെ നിക്കുവോ? ”
അവൾ നിറ കണ്ണുകളോടെ അയ്യാളെ നോക്കി..കീർത്തന സിനിമ ചെയ്തു.. ജോസെഫിന്റെ മകളുടെ ജീവിതം തന്നെ സിനിമയാക്കി.മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്ത അച്ഛന്റെ നൊമ്പരം ജോസഫ് തന്നെ സ്ക്രീനിൽ ചെയ്തു കൈയ്യടി വാങ്ങി. ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി.
” അന്ന് ധ്യാൻ എന്നോട് അങ്ങനെ പെരുമാറിയില്ലായിരുന്നു എങ്കിൽ, എന്നെ പാതിരാത്രി പെരുവഴിയിൽ ഇറക്കി വീട്ടില്ലായിരുന്നു എങ്കിൽ ഞാൻ പപ്പയെ കാണില്ലായിരുന്നു. എന്റെ കഴിവുകൾ ജനങ്ങളും.
ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങൾ ആണ് നമുക്ക് നമ്മളെ പറ്റിയും നമ്മളെ സ്നേഹിക്കുന്നവരെ പറ്റിയും മനസ്സിലാക്കി തരുന്നത്.
ഓരോ മോശം സാഹചര്യങ്ങളും അതിനു തുല്യമോ ഒരുപക്ഷെ അതിനേക്കാൾ മൂല്യം ഉള്ളതുമായ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. അല്ലാതെ എന്റെ പഴയ കാമുകന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്ന് ചത്താലേ ഒന്നിന് വളം ആവു. എനിക്ക് കൂടുതലും പറയാൻ ഉള്ളത് നമ്മുടെ പെൺകുട്ടികളോടാണ്.
നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക… നിങ്ങള്ക്ക് നിങ്ങളുടേതായ മൂല്യം ഉണ്ടെന്നു തിരിച്ചറിയുക. അത് മനസ്സിലാക്കുന്ന ഇഷ്ടപെടുന്ന ആളെ കൂടെ കൂട്ടുക.
കല്യാണം മാത്രമല്ല ജീവിതത്തിൽ ഏറ്റവും വലിയ കാര്യം. എല്ലാം ഇട്ടെറിഞ്ഞു ജീവിതം വെറുതെ കാൽക്കീഴിൽ അടിയറ വെച്ചാൽ കുറച്ചു കഴിയുമ്പോ ജീവിതം മടുത്തു തുടങ്ങും.
വിരക്തി തോന്നും..
ഒന്നും ആസ്വദിക്കാൻ കഴിയാതെ ആവും.. വിട്ടു വീഴ്ചകൾ വേണം.. ആവശ്യം ഉള്ളിത്തു.. അർഹിക്കുന്നിടത്തു… വില തരുന്നിടത്തു.. പക്ഷെ അപ്പോഴും അത് സ്വന്തം സ്വപ്നങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ആവരുത്. ജീവിതം ഒന്നേ ഉള്ളൂ… നമുക്കും ഉണ്ട് സ്വപ്നങ്ങൾ.. നമുക്കുമുണ്ടു ആഗ്രഹങ്ങൾ.. നമുക്കുമുണ്ട് മനസ്സ്.”
ടീവിയിൽ നൽകിയ ഇന്റർവ്യൂവിൽ അവൾ പറഞ്ഞു..” സോറി കീർത്തു… എനിക്കിപ്പോ കുറ്റബോധം തോന്നുന്നുണ്ട്… എന്റച്ഛന് ഇപ്പോ നിന്റെ കഴിവ് മനസ്സിലായി. അച്ഛന് സമ്മതമാണ്.. “” ഒരുപാട് സന്തോഷം തോന്നുന്നു ധ്യാൻ ഈ വാക്കുകൾ കേട്ടപ്പോ ” അവൻ ചിരിച്ചു…
” പക്ഷെ ചെറിയൊരു പ്രശ്നം ഉണ്ട് “ആ ഡയലോഗ് കേട്ടു അവൻ ഞെട്ടി.” നിന്റെ തന്തയല്ല എന്റെ തന്ത അപ്പനോട് പോയി വാഴക്കു തളം വെട്ടാൻ പറ ”
ധ്യാൻ വാ പൊളിച്ച് നിന്നു…. അവനെ തള്ളി മാറ്റി അവന്റെ അപ്പന്റെ മുന്നിലൂടെ അവൾ പുറത്തേക്കു നടന്നു.