(രചന: അംബിക ശിവശങ്കരൻ)
“അമ്മേ ഞാൻ നിങ്ങളോട് എത്രവട്ടം പറയണം വെറുതെ ഒരുങ്ങി കെട്ടി അവരുടെ മുന്നിൽ പോയി നിൽക്കാൻ താല്പര്യമില്ലെന്ന്.. പപ്പയുടെ സുഹൃത്തിന്റെ മകനാണ് എന്നത് ശരിയായിരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് ഞാൻ നിന്നു കൊടുക്കണം എന്നാണോ?
വിഷ്ണുവിന്റെ കാര്യം ഞാൻ നിങ്ങളോട് രണ്ടാളോടും പറഞ്ഞതല്ലേ? എന്തുണ്ടെങ്കിലും ഞാൻ അമ്മയോടും പപ്പയോടും തുറന്നു പറയുന്നതല്ലേ? അതുകൊണ്ടാണ് എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയപ്പോഴും ഞാൻ അത് തുറന്നു പറഞ്ഞത്.” അവൾ അസ്വസ്ഥയായി പുലമ്പി കൊണ്ടിരുന്നു.
“ചിക്കു നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്തിനാണ്? നിന്നോട് ആ പയ്യനെ കല്യാണം കഴിക്കാൻ ഒന്നും ആരും പറഞ്ഞില്ലല്ലോ.. അവരുടെ ഭാഗത്തുനിന്നും അങ്ങനെയൊരു പ്രൊപ്പോസൽ വന്നപ്പോൾ പപ്പയ്ക്ക് എങ്ങനെയാണ് പറ്റില്ലെന്ന് പറയാൻ സാധിക്കുക?
അവർ വന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ.. പപ്പയ്ക്കും ആ പ്രൊപ്പോസൽ വന്നപ്പോൾ മുതൽ മനസ്സിന് ഒരു ചാഞ്ചാട്ടം ഉണ്ട്. പപ്പയ്ക്ക് നല്ലപോലെ അറിയാവുന്ന കുട്ടിയല്ലേ അമൽ. നല്ല ക്യാരക്ടർ ആണെന്ന പറഞ്ഞത്. പിന്നെ നിന്റെ വിഷ്ണുവിനോടും പപ്പ സംസാരിച്ചിട്ടുണ്ടല്ലോ..
ഒന്നും തോന്നരുത് ചിക്കു, പപ്പയെ ഒരുതരത്തിലും ഇമ്പ്രസ് ചെയ്യാൻ വിഷ്ണുവിനെ കൊണ്ട് പറ്റിയിട്ടില്ല. മര്യാദയ്ക്ക് ഒരു ജോലി പോലും ഇല്ല. പിന്നെ എന്തു പറഞ്ഞാണ് ഞങ്ങൾ നിന്നെ അവന് വിവാഹം കഴിച്ചു കൊടുക്കേണ്ടത്? എങ്കിലും നിന്റെ ഇഷ്ടത്തിന് എതിര് നിൽക്കേണ്ട എന്ന് കരുതിയാണ് ഞങ്ങൾ ഒന്നും മിണ്ടാതിരുന്നത്.” അവർ സൗമ്യമായി പറഞ്ഞു.
” അമ്മേ നല്ലൊരു ജോലിയും കുറെ സമ്പത്തും ഉണ്ടായിട്ടും എന്നെ സ്നേഹിക്കാത്ത ഒരാളാണ് എങ്കിലോ എന്നെ വിവാഹം കഴിക്കുന്നത്? ഞാൻ ജീവിതകാലം മുഴുവൻ നരകിക്കേണ്ടി വരില്ലേ..? വിഷ്ണുവിന് ഇപ്പോൾ ഒരു ജോലി ഇല്ലായിരിക്കാം പക്ഷേ അവന് ഒരു
നല്ല ജോബ് ആയതിനു ശേഷമേ ഞങ്ങൾ വിവാഹം കഴിക്കുകയുള്ളൂ.. വിഷ്ണു എന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പാണ്. ഞാനല്ലാതെ മറ്റൊരാൾ വിഷ്ണുവിന്റെ ജീവിതത്തിലും, വിഷ്ണുമല്ലാതെ മറ്റൊരാളെ എന്റെ ജീവിതത്തിലും ഉണ്ടാകില്ല. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ ഞങ്ങളെ അനുഗ്രഹിച്ചു വിവാഹം നടത്തിത്തരാം. ”
അപ്പോഴേക്കും അവളുടെ പപ്പ അവിടേക്ക് വന്നു.”ചിക്കു നിന്റെ എന്തെങ്കിലും ഇഷ്ടത്തിന് ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ?അത് നീ ഞങ്ങളുടെ ഒറ്റ മോൾ ആയതുകൊണ്ട് മാത്രമല്ല നീ എടുത്ത എല്ലാ തീരുമാനങ്ങളും ഞങ്ങൾക്ക് കൂടി ശരിയായതുകൊണ്ട് ആണ്. നിന്റെ ജീവിതമാണ്.. ഇവിടെയും നീയൊരു
തീരുമാനമെടുത്തു. ഒരല്പം താല്പര്യ കുറവുണ്ടെങ്കിൽ കൂടിയും ഞങ്ങൾ നിന്നോടൊപ്പം നിൽക്കുന്നത് ഈ തീരുമാനവും ശരിയാകും എന്ന വിശ്വാസത്തിലാണ്. അത് അങ്ങനെ തന്നെ ആകട്ടെ.. പക്ഷേ മറിച്ചാണെങ്കിൽ പിന്നീട് തീരുമാനങ്ങൾ എടുക്കുന്നത് ഞങ്ങൾ ആയിരിക്കും.”
പപ്പ പറഞ്ഞ അവസാന വാക്കുകളിൽ അവൾ തെല്ലൊന്നു ശങ്കിച്ചു.”ഹേയ് വിഷ്ണു തനിക്ക് പെർഫെക്ട് മാച്ച് തന്നെയാണ്. തന്റെ തീരുമാനം ഒരിക്കലും തെറ്റാകുകയില്ല. ” അവൾ സ്വയം മന്ത്രിച്ചു.
“പിന്നെ അമലിന്റെ കാര്യം. വിശ്വൻ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു നോ പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒരു ചടങ്ങായി കണ്ടു മാത്രം അവർ വന്നു പോകട്ടെ… വിവാഹം നടക്കാതിരിക്കാൻ വേറെ എന്തൊക്കെ കള്ളങ്ങൾ ഉണ്ട്.”
അയാൾ അത് പറഞ്ഞതും അവൾക്ക് എന്തോ കുറ്റബോധം തോന്നി. പപ്പയ്ക്ക് ഈ ബന്ധത്തിൽ നല്ലതുപോലെ താല്പര്യമുണ്ടെന്ന് അവൾക്ക് മനസ്സിലായി. തനിക്ക് വേണ്ടിയാണ് പപ്പാ ഇപ്പോൾ ആത്മസുഹൃത്തിന്റെ മുന്നിൽ തലകുനിക്കാൻ പോകുന്നത്. എങ്കിലും വിഷ്ണുവിനോടുള്ള സ്നേഹം തന്നെ തീർത്തും അന്ധയാക്കിയിരിക്കുന്നു.
അവൾ തന്റെ പപ്പയുടെ വാക്കുകൾക്ക് സമ്മതം മൂളി കൊണ്ട് മുറിയിലേക്ക് പോയി.രാത്രി വിഷ്ണു വിളിച്ചപ്പോൾ അവൾ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.
“ഓഹ് കൊമ്പത്തെ ആലോചന വന്നപ്പോൾ എന്നെ ഇട്ടിട്ട് പോകാനാണോ നിന്റെ പ്ലാൻ? സാധാരണ എത്ര വർഷത്തെ പ്രണയമായാലും ഇങ്ങനെ ഒരു പെണ്ണ് കാണലിൽ ചെന്നാണല്ലോ എല്ലാം അവസാനിക്കാറ്..”അവൻ കാര്യമറിയാതെ അവളെ കുറ്റപ്പെടുത്തി.
” വിഷ്ണു എല്ലാ പെൺപിള്ളേരുടെയും കൂട്ടത്തിൽ എന്നെ കൂട്ടരുത് കേട്ടോ.. ഞാൻ പപ്പയോടും അമ്മയോടും കാര്യം പറഞ്ഞിട്ടുണ്ട് നീയില്ലാതെ എനിക്ക് പറ്റില്ല എന്ന്. അവരുടെ മുന്നിൽ വെറുതെ നിന്ന് കൊടുത്താൽ മതിയെന്നാണ് പപ്പാ പറഞ്ഞത്. ”
” എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് പറയുന്നത് എന്നിട്ട് സ്നേഹിച്ചവനെ ഒരു രാത്രി കൊണ്ട് തേച്ചിട്ട് പോകുകയും ചെയ്യും. ഏതായാലും നീ ഒരുങ്ങി നിന്ന് കൊടുക് ഞാൻ എന്തും പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. ”
അന്ന് സംസാരിച്ചു ഉറങ്ങുമ്പോൾ വിഷ്ണുതന്റെ മനസ്സ് മനസ്സിലാക്കാതെ സംസാരിക്കുന്നതിൽ അവൾക്ക് വിഷമം തോന്നി. അവനുവേണ്ടി വീട്ടുകാർക്ക് മുന്നിൽ താൻ എത്ര സംസാരിക്കുന്നുണ്ട്.. ചിന്തകൾക്കൊടുവിൽ അവൾ എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ കൃത്യം പത്തുമണിയോടുകൂടി തന്നെ അവർ എത്തിച്ചേർന്നിരുന്നു. പപ്പയും അമ്മയും അവരെ സ്വീകരിക്കാനുള്ള തിരക്കിൽ ആയിരുന്നെങ്കിലും അവൾക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല. അവർ വരുന്നതിന് തൊട്ടു മുൻപ് വരെ അവൾ വിഷ്ണുവിനോട് സംസാരിച്ചിരിക്കുകയായിരുന്നു.
ഒരു ട്രേയിൽ ചായ കപ്പുകളുമായി അമ്മ അവളെ വന്നവർക്ക് മുന്നിലേക്ക് അയച്ചു. അവൾ അത് അതിഥികൾ ഓരോരുത്തർക്കായി നൽകി.
“ഇതാണ് ചെക്കൻ. എന്റെ മോൻ. മോളിതുവരെ കണ്ടിട്ടില്ലല്ലോ..” അച്ഛന്റെ സുഹൃത്തായ വിശ്വൻ അങ്കിൾ അവളെ പരിചയപ്പെടുത്തി.
കാണാൻ സുന്ദരൻ. സൗമ്യമായ പുഞ്ചിരി നല്ല പെരുമാറ്റം. അവൾ ഒറ്റനോട്ടത്തിൽ ആളെ വിലയിരുത്തി. അച്ഛനെ തെറ്റുപറയാനും പറ്റില്ല.
നാട്ടുവർത്തമാനങ്ങൾ എല്ലാം കഴിഞ്ഞു. ഇനി ചെക്കനും പെണ്ണിനും പരസ്പരം മാറിനിന്നു സംസാരിക്കുവാനുള്ള ഊഴമാണ്.”ഹലോ ഞാൻ അമൽ.”
“ഞാൻ ചിന്മയി.”
അവർ പരസ്പരം പരിചയപ്പെടുത്തി.”നമ്മൾ ആദ്യമായാണ് കാണുന്നതെങ്കിലും എനിക്ക് തന്നെ അറിയാം.” അമൽ പറഞ്ഞു.
“എങ്ങനെ? അവൾ അതിശയിച്ചു.”അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് മിടുക്കിയാണെന്ന്.. തന്റെ പപ്പയ്ക്ക് എപ്പോഴും തന്നെപ്പറ്റി പറയാനേ നേരം ഉള്ളൂ.”
അത് കേട്ടപ്പോൾ അവൾ മുഖംതാഴ്ത്തി. ഇത്രയും സ്നേഹമുള്ള തന്റെ പപ്പ തനിക്ക് വേണ്ടിയല്ലേ മറ്റുള്ളവരുടെ മുന്നിൽ ചെറുതാകേണ്ടി വരുന്നത്?.
“സോറി എനിക്കൊരു കാര്യം പറയാനുണ്ട്.ഈ വിവാഹം നടക്കില്ല. കാരണം ഞാൻ മറ്റൊരാളുമായി ഇഷ്ടത്തിലാണ്. “അവൾ യാതൊരു മുഖവുരയും കൂടാതെ പറഞ്ഞു.
ഫോണിന്റെ വാൾ പേപ്പറിൽ തെളിഞ്ഞ തന്റെയും വിഷ്ണുവിന്റെയും ഫോട്ടോ അവൾ അമലിനു കാണിച്ചുകൊടുത്തു. അമൽ ഒരു നിമിഷം അതിലേക്ക് തന്നെ സൂക്ഷിച്ചുനോക്കി. അവൾ തുടർന്നു.
“കണ്ടില്ലേ ഇതാണ് വിഷ്ണു.രണ്ടു വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. വിശ്വനങ്കിൾ ഈ പ്രൊപ്പോസൽ കൊണ്ടുവന്നപ്പോൾ നോ പറയാൻ കഴിയാത്തതുകൊണ്ടാണ് പപ്പ സമ്മതം മൂളിയത്. പ്ലീസ്…പപ്പയെ കുറ്റപ്പെടുത്തരുത്. നിങ്ങൾ എങ്ങനെയെങ്കിലും ഈ
വിവാഹത്തിൽ നിന്ന് പിന്മാറണം.നിങ്ങൾ പറഞ്ഞാൽ പിന്നെ ഇതേപ്പറ്റി വേറെ സംസാരങ്ങൾ ഒന്നും ഉണ്ടാകില്ല. അങ്കിളിന്റെ മുന്നിൽ പപ്പയ്ക്ക് തലകുനിക്കേണ്ടിയും വരില്ല പ്ലീസ്…” തൊഴുതു പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഹേയ് ചിന്മയ.. ഇറ്റ് സ് ഓക്കേ.. നോ പ്രോബ്ലം..അച്ഛൻ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മകൾ മരുമകളായി വരുന്നത് അച്ഛന് സന്തോഷമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്ന് കരുതിയാണ് ഞാൻ ഇതിനു ഇറങ്ങി പുറപ്പെട്ടത്.
ഇതിൽ ഇങ്ങനെയൊരു ട്വിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. സാരമില്ല ഈ വിവാഹം നടക്കില്ല. അതുപോലെ ഞാനിത് മാനേജ് ചെയ്തു കൊള്ളാം.”
അമൽ എത്ര വേഗമാണ് തന്റെ മനസ്സ് മനസ്സിലാക്കിയതെന്ന് അവൾ ഓർത്തു. വിഷ്ണു പോലും ഒരു പക്ഷേ തന്നെ ഇങ്ങനെ മനസ്സിലാക്കിയിട്ടില്ല. അവനോട് നന്ദി പറഞ്ഞ് അവൾ തിരികെ മുറിയിലേക്ക് പോയി.
വൈകുന്നേരം വിവാഹം മുടക്കാൻ എന്ത് കള്ളത്തരമാണ് പറയേണ്ടതെന്ന് ആലോചിച്ചു നിന്നപ്പോഴാണ് വിശ്വൻ അങ്കിളിന്റെ കോൾ വന്നത്. പുറത്തേക്ക് ടെൻഷനോട് കൂടി പോയ പപ്പാ തിരികെ വന്നത് സന്തോഷത്തോടെയാണ്.
” അവരോട് എന്ത് മറുപടി പറയും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. ഇപ്പോഴാ ആശ്വാസമായത്. അമലിന് ഈ വിവാഹത്തിന് താല്പര്യമില്ലത്രേ… വിശ്വൻ എന്നോട് കുറേ സോറി പറഞ്ഞു. സത്യത്തിൽ ഞാനത് അവനോട്
പറയേണ്ടതായിരുന്നു. എന്നാലും എന്തായിരിക്കും അവൻ നോ പറഞ്ഞത്. ”
അയാൾ അതും ചിന്തിച്ചു നിൽക്കുമ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
എങ്കിലും അമലിനെ കുറിച്ച് ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി പാവം തനിക്ക് വേണ്ടിയാണ് എല്ലാവരുടെയും മുന്നിലും തെറ്റുകാരൻ ആയത്. അവൾ അപ്പോൾ തന്നെ ആ സന്തോഷവാർത്ത വിഷ്ണുവിനെ വിളിച്ചറിയിച്ചു.
നാളുകൾ പതിയെ കടന്നുപോയി ഇണക്കങ്ങളും പിണക്കങ്ങളുമായി അവരുടെ പ്രണയം മുന്നോട്ടുപോയി. അങ്ങനെയിരിക്കെയാണ് ചിന്മയയുടെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നത്. അതിൽ കുറെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും വോയിസ് ക്ലിപ്പുകളും ഉണ്ടായിരുന്നു.
അവസാനം കണ്ട ഫോട്ടോ കണ്ട് അവൾ ഒരു നിമിഷം ഞെട്ടി. വിഷ്ണുവും മറ്റൊരു പെൺകുട്ടിയും കൂടെയുള്ള ഫോട്ടോ!. ആ ഫോട്ടോയിലുള്ള പെൺകുട്ടിയാണ് തനിക്ക് മെസ്സേജ് അയച്ചത് എന്ന് ഒടുക്കം അവൾക്ക് മനസ്സിലായി.
“എന്റെ ജീവിതം തകർത്തത് പോലെ അവൻ ഇപ്പോൾ നിന്റെ ജീവിതവും തകർക്കുകയാണ്. അവനു വേണ്ടത് പണം മാത്രമാണ് അതിനവൻ ഏതറ്റം വരെയും പോകും. പ്രണയം നടിച്ച് കൈക്കലാക്കുന്ന ഫോട്ടോകൾ വെച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തുക ദയവായി അവന്റെ വലയിൽ വീഴരുത്.”
ആ പെൺകുട്ടിയുടെ വോയിസ് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയാതിരുന്നത് ആ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണുവിന്റെ വോയിസ് ക്ലിപ്പുകളും കണ്ടപ്പോൾ വിശ്വസിക്കേണ്ടി വന്നു. അവൾക്ക്
ദേഷ്യവും സങ്കടവും അടക്കാനായില്ല. പിറ്റേന്ന് വിഷ്ണുവിനെ കണ്ടു ഇതെല്ലാം നിരത്തി അവൾ പൊട്ടിത്തെറിച്ചു. ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് ഒരു കൂസലും ഇല്ലാത്ത ഭാവം ആയിരുന്നു അവന്.
“അതെ ഇതൊക്കെ ഞാൻ അയച്ചത് തന്നെയാണ്. നീ എന്താ കരുതിയത്? ഞാൻ നിന്നെ ആത്മാർത്ഥമായി പ്രേമിച്ചതാണെന്നോ?എനിക്ക് പണം വേണം. അതിനാണ് ഞാൻ ഈ പ്രേമ
നാടകം കളിച്ചത്. അവളെയും ഞാൻ പ്രേമിച്ചത് ഈ ഒരു ലക്ഷ്യം വെച്ച് തന്നെയായിരുന്നു. പക്ഷേ അവൾ എന്റെ വലയിൽ വീണു.നീ വീഴും മുന്നേ അവൾ നിന്നെ രക്ഷിച്ചു.”
അത് കേട്ടതും അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. സർവ കോപവും ശിരസ്സിൽ ജ്വലിച്ചപ്പോൾ അവൾ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു. ആളുകൾ നോക്കുന്നതിനാൽ അവനവളെ അവിടെ വെച്ച് തിരിച്ചു ഉപദ്രവിക്കാൻ നിന്നില്ല.
വീട്ടിൽ വന്നതും പപ്പയെയും അമ്മയെയും കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവർ അവളെ ആശ്വസിപ്പിച്ചു. എങ്കിലും ഒരാഴ്ചയോളം അവൾ മുറിയുടെ പുറത്തേക്ക് വന്നില്ല.
“പപ്പാ ഞാൻ തോറ്റുപോയി പപ്പാ.. ഈ ഒരു കാര്യത്തിൽ മാത്രം എന്റെ തീരുമാനം തെറ്റായിപ്പോയി. പപ്പ പറഞ്ഞതുപോലെ ഇനിയെല്ലാം പപ്പ തീരുമാനിച്ചോളൂ…” നാളുകൾക്ക് ശേഷം ഒരിക്കൽ അവൾ പപ്പയോട് ആയി പറഞ്ഞു. മകളുടെ മനസ്സു മാറിയതിൽ അവർക്ക് സന്തോഷം തോന്നി.
പിന്നീട് അവർ അവൾക്കായുള്ള വരനെ തിരയുന്ന തിരക്കിലായിരുന്നു. മകൾക്കായി ഏറ്റവും മികച്ചത് തന്നെ കണ്ടെത്തണമല്ലോ…
“പപ്പ വിശ്വൻ അങ്കിളിന്റെ മകൻ?” അവൾ ഒരിക്കൽ അയാളോട് ചോദിച്ചു. വിവാഹം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് താൻ കാരണം തെറ്റുകാരൻ ആകേണ്ടിവന്ന ആ മുഖമാണ്.
“ഓഹ്.. അമലിന്റെ വിവാഹം നിശ്ചയിച്ചു. ആ പെൺകുട്ടിക്ക് വേണ്ടിയാകും അവൻ നിന്നെ വേണ്ടെന്ന് പറഞ്ഞത്. സാരമില്ല എന്റെ മോൾക്ക് നല്ലൊരു പയ്യനെ തന്നെ പപ്പ കണ്ടുപിടിക്കും.”
“ആർക്കുവേണ്ടിയും അല്ല അമൽ തന്നെ അന്ന് വേണ്ടെന്നു പറഞ്ഞതെന്ന് തനിക്ക് മാത്രമല്ലേ അറിയൂ..പപ്പയുടെ മകൾക്ക് വേണ്ടി തന്നെയാണ് അമൽ പപ്പയുടെ മോളെ വേണ്ടെന്ന് പറഞ്ഞത്.” അവൾ മനസ്സിൽ മന്ത്രിച്ചു.
ദിവസങ്ങൾ പിന്നെയും കടന്നുപോയി അന്ന് ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ തന്നെ അമ്മയും പപ്പയും അവളെ തയ്യാറാക്കി നിർത്തിയിരുന്നു. ചലിക്കുന്ന ഒരു പാവയെ പോലെ അവൾ അവർക്ക് മുന്നിലേക്ക് ചായയുമായി ചെന്നു. ആരെയും മുഖമുയർത്തി നോക്കിയില്ല.”ഇതാണ് പയ്യൻ.”
ആ ശബ്ദം കേട്ടതും അവൾ ഞെട്ടി. വിശ്വൻ അങ്കിളിന്റെ ശബ്ദം!. അവൾ തിരിഞ്ഞു നോക്കിയതും തന്നെ നോക്കി ചിരിക്കുന്ന അമലിനെയാണ് കണ്ടത്. അവൾ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു.
എല്ലാവരും സന്തോഷത്തോടെ അവളെ നോക്കി ചിരിക്കുമ്പോൾ അവൾക്കു മാത്രം ഒന്നും മനസ്സിലായില്ല.
“ഞെട്ടേണ്ട എല്ലാം അമൽ പറഞ്ഞുതരും.”
അതും പറഞ്ഞ് അവർ എല്ലാവരും കുറച്ചു സമയത്തേക്ക് അവരെ തനിച്ചു വിട്ടു.”വിവാഹം ഉറപ്പിച്ചു എന്ന് പപ്പ പറഞ്ഞു..” അവൾ സംശയത്തോടെ ചോദിച്ചു.
“ഹഹ ഉറപ്പിച്ചിട്ടില്ല പക്ഷേ ഇന്ന് ഉറപ്പിക്കും. ഒരു പെണ്ണിനെ തന്നെ രണ്ടുവട്ടം പെണ്ണുകാണുന്ന ആദ്യത്തെ പയ്യൻ ആയിരിക്കും ഞാൻ.” അവൾ വീണ്ടും ഞെട്ടലോടെ അവനെ നോക്കി.
“ചിന്മയൊഴികെ ബാക്കിയെല്ലാം എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലാവരും കളിച്ച ഒരു നാടകമായിരുന്നു ഇത്.”അവൾക്ക് ഒരു നിമിഷം ഒന്നും മനസ്സിലായില്ല.
“ഇനി എല്ലാം വ്യക്തമായി പറയാം. അന്ന് താൻ ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയിരുന്നു. പക്ഷേ അന്ന് ഫോണിൽ അവന്റെ ഫോട്ടോ കണ്ടപ്പോൾ മനസ്സിൽ ഉറച്ചു താൻ എനിക്ക് തന്നെ ഉള്ളതാണെന്ന്. നാലുവർഷം മുന്നേ ഞങ്ങൾ എല്ലാവരും
അവനെ നല്ലതുപോലെ പെരുമാറിയതാ.. എന്റെ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിച്ചു ചതിച്ചതിന്. അവളോട് പറഞ്ഞു എല്ലാ സത്യവും തന്നെ ബോധ്യപ്പെടുത്തിയത് ഞാൻ തന്നെയാണ്. അങ്കിളിനോടും ആന്റിയോട് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞ് അവരും തനിക്ക് മുന്നിൽ അഭിനയിച്ചതാണ്.”
അമൽ അതെല്ലാം പറഞ്ഞതും നടന്നതെല്ലാം തന്റെ ജീവിതം തന്നെയായിരുന്നോ എന്ന് വിശ്വസിക്കാനാകാതെ അവൾ മിഴിച്ചു നിന്നു.
“താൻ അന്ന് അവന്റെ ഫോട്ടോ കാണിച്ചത് നന്നായി ഇല്ലെങ്കിൽ ഇപ്പോൾ ശരിക്കും അച്ഛൻ എന്റെ വിവാഹം മറ്റാരെങ്കിലുമായി ഉറപ്പിച്ചേനെ…”
അവൻ കളിയായി പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു.അപ്പോഴും ഒരു കാര്യം മനസ്സിൽ ഉണ്ടായിരുന്നു.
‘ചിലത് നഷ്ടമാകുന്നത് അതിലും മനോഹരമായ ഒന്നു വന്നുചേരാൻ വേണ്ടിയാകുമത്രേ…’