(രചന: അംബിക ശിവശങ്കരൻ)
“മോളെ.. നിനക്ക് അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ…?” ഇറങ്ങാൻ നേരം അയാൾ ആ ചോദ്യം വീണ്ടും അവളോട് ആവർത്തിച്ചു.
“ഇല്ലച്ഛ.. എനിക്ക് അവിടെ യാതൊരു കുഴപ്പവുമില്ല. സ്വന്തം വീട്ടിൽ രണ്ടുദിവസം താമസിച്ചു പോകുമ്പോൾ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്നതാ ഈ മുഖത്തെ വാട്ടം. അതുതന്നെ എനിക്കും ഉള്ളു.. അച്ഛൻ പേടിക്കേണ്ട.” നിറഞ്ഞു തുടങ്ങിയ കണ്ണുകൾ ഒപ്പിയെടുത്തുകൊണ്ട് അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
തന്റെ മകൾ കൺമുന്നിൽ നിന്ന് മറയുവോളം അയാൾ അവളെ തന്നെ നോക്കി നിന്നു. ശേഷം ഉമ്മറത്ത് ഇട്ടിരുന്ന ചാരു കസേരയിൽ കണ്ണുകൾ അടച്ച് ചാരിയിരുന്നു.
“അച്ഛാ എനിക്കിപ്പോൾ കല്യാണം വേണ്ട.. ഡിഗ്രി കഴിഞ്ഞതല്ലേ ഉള്ളൂ എനിക്കിനി LLB എടുക്കണമെന്നാണ് ആഗ്രഹം. ഒരു വക്കീലാകുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അത് കഴിഞ്ഞിട്ട് മതി അച്ഛാ കല്യാണം ഒക്കെ..”
” കല്യാണക്കാര്യം പറഞ്ഞ് അന്ന് അവളുടെ മുന്നിൽ ചെന്നപ്പോൾ അവൾ തന്നോട് അപേക്ഷിച്ചതാണ്. പക്ഷേ അവളുടെ അമ്മയുടെ മരണം തന്നിൽ ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. ആരും പ്രതീക്ഷിക്കാത്ത ഒരു
മരണമായിരുന്നു അംബികയുടേത്. അതോടെ എന്തെന്നറിയാത്ത ഒരു ഭയം തന്റെ മനസ്സിൽ കടന്നുകൂടി. അമ്മു മോൾക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത്തിന് താൻ മാത്രമേയുള്ളൂ..
തനിക്ക് എന്തെങ്കിലും പെട്ടെന്ന് സംഭവിച്ചു പോയാൽ മോൾ തീർത്തും ഒറ്റപ്പെടും. പിന്നീട് അവൾക്ക് ആരാണ് ഒരു ആശ്രയം എന്ന ചോദ്യം നിരന്തരം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നപ്പോഴാണ് വിവാഹം എന്ന ഒരു ഉത്തരത്തിൽ താൻ
എത്തിച്ചേർന്നത്. തന്റെ നിർബന്ധത്തിനു വഴങ്ങി പാവം അവൾക്ക് സമ്മതം മൂളേണ്ടി വന്നു. പക്ഷേ ഇപ്പോൾ മോളുടെ മുഖം കാണുമ്പോൾ ആ തീരുമാനം തെറ്റായിപ്പോയോ എന്ന് ഒരു സംശയം. ”
അയാളുടെ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥപ്പെട്ടു കൊണ്ടിരുന്നു. ചുമരിൽ തൂക്കിയിരുന്ന തന്റെ ഭാര്യയുടെ ഫോട്ടോയിലേക്ക് അയാൾ വെറുതെ നോക്കി.
“എന്തിനാ അംബികേ ഞങ്ങളെ തനിച്ചാക്കി നീ നേരത്തെ പോയത്? അതുകൊണ്ടല്ലേ മോൾക്ക് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി എനിക്ക് ഇതിന് മുതിരേണ്ടി വന്നത്.” അയാളുടെ കണ്ണുകൾ നിറഞ്ഞു.
” മോൾക്കിനെയും പഠിക്കണമെന്ന് ആഗ്രഹമുണ്ട്. കല്യാണം കഴിഞ്ഞാലും അവളെ പഠിക്കാൻ അയക്കണം. ”
പെണ്ണുകാണാൻ വന്ന കൂട്ടർക്ക് മുന്നിൽ താനാദ്യം ഉന്നയിച്ചത് ആ ഒരു ആവശ്യം മാത്രമായിരുന്നു. വിവാഹം കഴിഞ്ഞാലും അവളുടെ സ്വപ്നങ്ങൾ പൊലിഞ്ഞു പോകരുത് എന്ന് മാത്രമായിരുന്നു മനസ്സിൽ.
അന്ന് അവർ തന്റെ മുന്നിൽ പഠിപ്പിക്കാം എന്ന് വാക്കും പറഞ്ഞിരുന്നു. പിന്നീട് ആ വാക്ക് പാലിക്കാതെ ഇരുന്നപ്പോഴാണ് തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് ആദ്യമായി തോന്നിയത്. പഠനത്തിന്റെ കാര്യം ചോദിക്കുമ്പോഴൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞ് അവർ മനപ്പൂർവ്വം ഒഴിഞ്ഞുമാറി. തന്റെ കുഞ്ഞ് എത്രമാത്രം വേദനിക്കുന്നുണ്ടാകും. ” അയാളുടെ നെഞ്ചു വിങ്ങി.
ഭർത്താവിന്റെ വീട്ടിൽ ഓട്ടോ വന്നുനിന്നതും സിറ്റൗട്ടിൽ തന്നെ അമ്മായിയമ്മ ഇരിക്കുന്നത് അവൾ കണ്ടു. മുഖം കാണുമ്പോഴേ തിരികെ വീട്ടിലേക്ക് തന്നെ തിരിച്ചു പോകാൻ തോന്നുകയാണ്.
അവൾ ഓട്ടോയിൽ നിന്ന് ഇറങ്ങിയതും അവരെ നോക്കി പുഞ്ചിരിച്ചു എങ്കിലും അവരുടെ മുഖത്ത് നിറഞ്ഞ ഗൗരവം ആയിരുന്നു.
” രണ്ടുദിവസം പറഞ്ഞു പോയാൽ രണ്ടുദിവസം കഴിഞ്ഞ് ഇങ്ങ് വരാൻ അറിഞ്ഞുകൂടെ.. ഇത്രയും കൊല്ലം അവിടെ നിന്നിട്ട് അല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തത്. അവിടെ സ്ഥിരതാമസം ആക്കാൻ ആണെങ്കിൽ പിന്നെ ഇങ്ങോട്ട് വരണം എന്നില്ല..” അവർ യാതൊരു ദയവുമില്ലാതെ പറഞ്ഞു.
“അല്ല അമ്മേ അച്ഛന് നല്ല സുഖം ഉണ്ടായിരുന്നില്ല. അച്ഛനെ തനിച്ചാക്കി പോരുന്നത് എങ്ങനെയാണ് എന്ന് ഓർത്താണ് ഒരു ദിവസം കൂടി നിന്നത്.” അവൾ നിസ്സഹായയായി പറഞ്ഞു.
” അച്ഛനെ നോക്കാൻ ആണെങ്കിൽ പിന്നെന്തിനാ മോളെ കെട്ടിച്ചു അയച്ചത്? കല്യാണം നടത്താൻ അങ്ങേർക്ക് തന്നെയായിരുന്നല്ലോ തിടുക്കം. ” പുച്ഛഭാവത്തിൽ അവരത് പറഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി എങ്കിലും ഒന്നും മിണ്ടിയില്ല.
“ദാ അമ്മേ അച്ഛൻ തന്നു വിട്ടതാ..” എന്തൊക്കെയോ അടങ്ങിയ ഒരു പ്ലാസ്റ്റിക് കവർ അവൾ അവർക്ക് നേരെ നീട്ടി.
“ഓഹ്.. ഇവിടെ ഇതൊന്നും കാണാണ്ട് കിടക്കുവാണല്ലോ.. എന്റെ കയ്യിൽ പിടിപ്പിക്കാതെ അവിടെയെങ്ങാൻ കൊണ്ടുവയ്ക്ക്. പിന്നെ ഒരു ലോഡ് പാത്രം കഴുകാൻ ഉണ്ട് എനിക്കാണെങ്കിൽ ഒരു അഞ്ചു മിനിറ്റ് തികച്ചുനിൽക്കാനേ വയ്യ കാലിന്റെ പാദം വേദനിച്ചിട്ട്. പോയി ഡ്രസ്സ് മാറ്റിയിട്ട് ആദ്യം പാത്രം ഒക്കെ കഴുകി അടുക്കളയൊന്ന് വൃത്തിയാക്കി വെക്ക് എന്നിട്ട് മതി ബാക്കിയൊക്കെ..”
അവർ വീണ്ടും കൈയിലിരുന്ന മസികയിലേക്ക് തന്നെ കണ്ണും നട്ടിരുന്നു. അവൾ വേഗം ഡ്രസ്സ് മാറ്റി വന്ന് അടുക്കളയിലേക്ക് കയറുമ്പോൾ ആകെ അന്തം വിട്ടു പോയിരുന്നു.
അവിടമാകെ അലങ്കോലം ആക്കി ഇട്ടിരിക്കുന്നു. രണ്ടുദിവസം മാറി നിന്നപ്പോഴേക്കും എന്താണ് ഈ വീടിന്റെ കോലം എന്ന് അവൾ ചിന്തിച്ചു.
ഒരു പാത്രത്തിന്റെ സ്ഥാനം തെറ്റിയാൽ പോലും അത് കയറി വരുന്ന മരുമകളുടെ ഉത്തരവാദിത്തമില്ലായ്മ ആണല്ലോ..അവൾ വേഗം പാത്രങ്ങളെല്ലാം കഴുകി വെച്ച് അടുക്കള എല്ലാം വൃത്തിയാക്കി കൊണ്ടിരുന്നപ്പോഴാണ് അവർ അങ്ങോട്ടേക്ക് വന്നത്. അവൾ വീട്ടിൽ നിന്നും കൊണ്ടുവന്ന കവർ ആർക്കോ വേണ്ടി തുറന്നു നോക്കും മട്ടിൽ തുറന്നു നോക്കി.
“ഓരോ പെൺകുട്ടികൾ സ്വന്തം വീട്ടിൽ നിന്ന് വരുമ്പോൾ കിലോ കണക്കിന് സാധനങ്ങളാണ് വാങ്ങിയിട്ട് വരുന്നത്. ഇത് ഒരു അൻപത് പൈസ കവറിൽ നിറയാനുള്ള സാധനങ്ങൾ പോലും ഇല്ല. ബിസ്ക്കറ്റും ബ്രെഡും ഒക്കെ കഴിക്കാൻ എന്താ ഇവിടെ ആരെങ്കിലും പനിച്ചു കിടക്കുന്നുണ്ടോ?”
പരിഹസിച്ചുകൊണ്ട് അവർ അവിടെ നിന്നും പോകുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത നോവ് തോന്നി. ഇത് തന്നെ വാങ്ങിത്തരാൻ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും? ഇവരെ തൃപ്തിയാകാൻ താൻ ഇനി? എന്തൊക്കെയാണ് ചെയ്യേണ്ടത്
വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞ് സ്വസ്ഥമായിരുന്ന് അച്ഛന് ഫോൺ ചെയ്യാൻ നേരം അവരുടെ വിളി തുടങ്ങും.
“ജ്യോതി കുടിക്കാനുള്ള വെള്ളം ചൂടാക്കിയോ? പാല് കാച്ചി വെച്ചോ? എന്നിങ്ങനെ തുടങ്ങിയ അവർക്ക് ചെയ്യാവുന്ന ജോലികൾക്ക് പോലും അവളെ വിളിച്ചു വരുത്തുന്നത് ഒരു സ്ഥിരം ഏർപ്പാട് ആണ്.
“അച്ഛാ ഞാൻ പിന്നെ വിളിക്കാം..”
സങ്കടത്തോടെ ഫോൺ കട്ട് ചെയ്ത് അവർ പറഞ്ഞ ജോലികൾ ചെയ്യുമ്പോൾ താൻ ഈ വീട്ടിലെ വെറുമൊരു വേലക്കാരി ആണോ എന്നുപോലും അവൾക്ക് തോന്നാറുണ്ട്. ഇക്കാര്യത്തെക്കുറിച്ച്
ഭർത്താവിനോട് പറഞ്ഞപ്പോൾ അയാളും തന്റെ അമ്മയുടെ ഭാഗം ചേർന്നാണ് സംസാരിച്ചത്.അല്ലെങ്കിലും നാള് ഇത്ര ആയിട്ടും എന്നാണ് അയാൾ തനിക്ക് വേണ്ടി സംസാരിച്ചത് എന്ന് അവൾ ഓർത്തു.
നാളുകൾ കടന്നുപോയി. തന്റെ അച്ഛനെ ഓർത്തു മാത്രം എല്ലാം സഹിച്ചും ക്ഷമിച്ചും അവൾ അവിടെ പിടിച്ചുനിന്നു. അച്ഛന്റെ ആരോഗ്യം കുറഞ്ഞു വരികയാണ്.അമ്മ പോയതോടെ അച്ഛൻ ശാരീരികമായി മാത്രമല്ല മാനസികമായും വല്ലാതെ തളർന്നിരിക്കുന്നു. ഭക്ഷണം കഴിക്കുന്നത് തന്നെ നിർബന്ധിക്കുമ്പോഴാണ്.
അപ്പോൾ താൻ അടുത്തില്ലാത്ത നേരത്തെല്ലാം കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര് കണ്ടു? ഇവിടെ താൻ അനുഭവിക്കുന്ന ദുരിതങ്ങൾ കൂടി അച്ഛൻ അറിഞ്ഞാൽ പിന്നെ അച്ഛന്റെ അവസ്ഥ എന്തായിരിക്കും? പാവം അച്ഛനെങ്കിലും സമാധാനമായി ഇരുന്നോട്ടെ…
ഒരു ദിവസം ബാത്റൂമിൽ ഒന്ന് കാല് തെന്നി എന്ന് പറഞ്ഞ് അവൾക്ക് കേൾക്കാത്തതൊന്നും ബാക്കിയുണ്ടായിരുന്നില്ല.
“നിനക്ക് ഈ ബാത്റൂമൊക്കെ ഒന്ന് തേച്ചു കഴുകി ഇട്ടൂടെ… വഴുക്കിയിട്ട് കാലു കുത്താൻ വയ്യ.. എന്റെ ഭാഗ്യത്തിനാണ് ഞാൻ വീഴാതെ രക്ഷപ്പെട്ടത്.”
“ബാത്റൂം ഞാൻ ഇന്നലെ തേച്ചു കഴുകി ഇട്ടതായിരുന്നു അമ്മേ.. അമ്മ എണ്ണ തേച്ചു കുളിച്ചപ്പോൾ ആ എണ്ണ തറയിൽ വീണിട്ടുണ്ടാവും.” അവൾ പറഞ്ഞു.
“ഓഹോ.. ഇപ്പോൾ എന്റെ കുറ്റമായോ? ഒരു പണിയും എടുക്കുകയും ഇല്ല എന്നിട്ട് തർക്കുത്തരം പറയുന്നത് കേട്ടില്ലേ.. ഏത് സമയവും ഒരു ഫോണും ചെവിയിൽ വച്ച് നിൽക്കുന്നത് കാണാം. ആരെയാണോ ആവോ ഇങ്ങനെ വിളിച്ചു കൂട്ടുന്നത്.”
അപ്പോഴേക്കും ശബ്ദം കേട്ട് അവളുടെ ഭർത്താവും അവിടെയ്ക്ക് വന്നു.” അമ്മ വെറുതെ അനാവശ്യം പറഞ് ഉണ്ടാക്കരുത്. എന്റെ അച്ഛനോട് പോലും മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ അമ്മ അനുവദിക്കാറുണ്ടോ? ഈ വീട്ടിൽ ഒരിത്തിരി നേരം ഞാൻ വെറുതെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എല്ലാം ചെയ്തു കഴിഞ്ഞാലും കുത്തുവാക്കുകൾ മാത്രമാണ് ബാക്കി.
സ്നേഹത്തോടെ ആരെങ്കിലും എന്നോട് രണ്ടു വാക്ക് സംസാരിച്ചിട്ടുണ്ടോ ഇന്നേവരെ? എന്നെ ഇവിടെ ഒരു വേലക്കാരിയെ പോലെയല്ലേ നിങ്ങളെല്ലാം കാണുന്നത്.. ” അവളുടെ കണ്ണുകൾ നിറഞ്ഞു.
“നിന്നെ പിന്നെ ഞാൻ ഇവിടെ കെട്ടിലമ്മയായി വാഴിക്കാമെടി.. അതിനുമാത്രം നീ കെട്ടി വന്നപ്പോൾ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ടല്ലോ ഒരുപാട്.ഫ്രീയായിട്ട് മകളെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതല്ലേ നിന്റെ തന്ത.” അവരുടെ ശബ്ദം ഉയർന്നു.
“അമ്മേ എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ പക്ഷേ എന്റെ അച്ഛനെ ഒന്നും പറയരുത്.” അവരുടെ നേരെ ആദ്യമായി ശബ്ദിച്ചതും തന്റെ ഭർത്താവ് അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു.
“ആർക്ക് നേരെയാടി നീ കൈ ചൂണ്ടി സംസാരിക്കുന്നത്? ഞാൻ പോലും അമ്മയോട് ഇതുവരെ കയർത്ത് സംസാരിച്ചിട്ടില്ല. അമ്മ പറഞ്ഞതെല്ലാം സത്യമല്ലേ?”
അമ്മയുടെ തെറ്റു പോലും അംഗീകരിക്കാതെ തനിക്ക് നേരെ ശബ്ദം ഉയർത്തിയ ഭർത്താവിനെ കണ്ടതും അവൾക്ക് കരച്ചിൽ അടക്കാനായില്ല. തിരിഞ്ഞ് മുറിയിലേക്ക് പോകാൻ തുനിഞ്ഞതും വീടിന്റെ വാതിൽക്കൽ
തന്റെ അച്ഛനെ കണ്ടതും അവൾ നടുങ്ങി.ഒരു നിമിഷം സർവ്വതും മറന്നുകൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. യാതൊന്നും പറയാതെ അയാൾ തന്റെ മകളെ ചേർത്ത് നിർത്തി.
അപ്പോഴേക്കും അമ്മയും മകനും ഉമ്മറത്തേക്ക് വന്നു. അച്ഛൻ അവളെ ചേർത്തുനിർത്തിക്കൊണ്ട് തന്നെ തന്റെ മകളുടെ ഭർത്താവിന്റെ നേരെ വന്നു നിന്നു.
“ഞാൻ ദുർബലനാണ്.. നിന്നെ തിരിച്ചടിക്കാനോ വാക്കുകൾ കൊണ്ട് പൊരുതി തോൽപ്പിക്കാനോ ഞാനിപ്പോൾ ശക്തൻ അല്ല. പക്ഷേ കാലം നിനക്ക് ഇതിനൊരു തിരിച്ചടി നൽകും. മനസ്സുനൊന്ത ഒരച്ഛന്റെ ശാപമാണത്. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു തെറ്റ് ചെയ്തു എന്റെ മകളെ നിന്റെ കൈപിടിച്ച് ഏൽപ്പിച്ചു. ആ തെറ്റ് എനിക്ക് തന്നെ തിരുത്തണം.” അയാൾ തന്റെ മകളെ നോക്കി കവിളിൽ തലോടി.
“വാ മോളെ.. എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് വാ ഇനി ഒരു വട്ടം കൂടി മോളുടെ കണ്ണ്നീർ വീഴാൻ അച്ഛൻ അനുവദിക്കില്ല. നിന്റെ അമ്മ അത് പൊറുക്കില്ല.”
അവൾ അച്ഛൻ പറഞ്ഞത് അനുസരിച്ചു. ആരോടും യാത്ര പറയാതെ എന്നെന്നേക്കുമായി അവൾ ആ പടിയിറങ്ങി.
തിരികെ സ്വന്തം വീട്ടിലേക്ക് ചെന്നു കയറുമ്പോൾ അയാൾ അവളുടെ അമ്മയുടെ ഫോട്ടോയുടെ മുൻപിൽ അവളെ പിടിച്ചു നിർത്തി.” അമ്മയെ സാക്ഷിനിർത്തി മോള് അച്ഛന് ഒരു വാക്ക് തരണം. ”
എന്താണ് എന്നുള്ള ഭാവത്തിൽ അവൾ അച്ഛനെ നോക്കി. ഇനിയും അച്ഛൻ തന്നെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുമോ എന്ന് അവൾ ഭയന്നു.
“കഴിഞ്ഞതൊന്നും ഓർത്തിരിക്കാതെ എന്റെ മോള് സന്തോഷത്തോടെ ജീവിക്കണം. നീ ആഗ്രഹിച്ചത് പോലെ തന്നെ നീ ഒരു വക്കിൽ ആകണം. എനിക്കുള്ളതൊക്കെയും വിറ്റ് ആണെങ്കിലും ഞാൻ നിന്നെ പഠിപ്പിക്കും. ഇനിയൊരു പെൺകുട്ടിയും ഭർത്താവിന്റെ വീടുകളിൽ നരകിക്കരുത് അതിനു വേണ്ടി എന്റെ മോൾ നിയമം കൊണ്ട് തന്നെ പോരാടണം.
നീ അനുഭവിച്ചതിനൊക്കെയും പകരം ചോദിക്കണം ആ വാശി മോളിൽ എന്നും ഉണ്ടാകണം. അച്ഛൻ ദുർബലനായിടത്ത് നീ ശക്തയായി മാറണം. ഒരു ആൺ തുണ ഇല്ലെങ്കിലും അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്ന് മോള് തെളിയിക്കണം. അച്ഛനെ വാക്ക് താ..”
തന്റെ അച്ഛന്റെ വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അമ്മയെ സാക്ഷി നിർത്തി അവൾ തന്റെ അച്ഛന് വാക്ക് നൽകി