(രചന: പുഷ്യാ. V. S)
അച്ഛന്റെ മരണം നകുലന്റെ കുടുംബത്തെ വല്ലാതെ തളർത്തി കളഞ്ഞു. അവൻ പത്താം ക്ലാസ്സ് എഴുതി നിൽക്കുന്ന വെക്കേഷന്റെ കാലം ആയിരുന്നു ആ ദുരന്തം നടന്നത്.
പണി കഴിഞ്ഞു വരുന്ന വഴി അശ്രദ്ധമായി ഓടിച്ചു വന്ന ഏതോ വാഹനം തട്ടി തെറിപ്പിച്ചു കടന്നു പോയത് ഒരു ജീവനോടൊപ്പം ഒരു മുഴുവൻ കുടുംബത്തിന്റെ ആശ്രയം കൂടി ആയിരുന്നു.
നകുലന്റെ താഴെ രണ്ട് പേര് ആണ് ഉള്ളത്. അനിയത്തി ഭവ്യയും ഒരു കുഞ്ഞനിയൻ ജിഷ്ണുവും. ഭവ്യയ്ക്ക് പത്തു വയസ് തികഞ്ഞിട്ടില്ല. ജിഷ്ണുവിന് എട്ടും. മൂവർക്കും ഉള്ള പലഹാരപ്പൊതികളുമായി വരുന്ന അച്ഛനെ കാത്തിരുന്ന കുട്ടികൾക്ക് മുന്നിൽ എത്തിയത് ആ മരണ വാർത്ത ആയിരുന്നു.
ആ ദുഃഖത്തിൽ നിന്ന് കയറി വരുന്നതിന് മുമ്പ് തന്നെ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധി അവർക്ക് മുന്നിൽ പ്രത്യക്ഷമായി. ദാരിദ്ര്യം എന്ന ചെകുത്താൻ അവരുടെ വീട്ടിലേക്കും കയറി.
ഇത്രനാൾ ആ അച്ഛന്റെ വിയർപ്പ് ആയിരുന്നു ആ ചെകുത്താനെ അകറ്റി നിർത്തിയിരുന്നത്. എന്നാൽ ഇന്ന് ആ ആശ്രയം ഇല്ലാണ്ട് ആയിരിക്കുന്നു.
കൂലിപ്പണി ആയിരുന്നു നകുലന്റെ അച്ഛന്. അമ്മയ്ക്ക് പ്രത്യേകിച്ച് വരുമാനം ഒന്നും ഇല്ല. പത്താം ക്ലാസ്സ് റിസൾട്ട് വന്നപ്പോൾ ആ വിജയം ആഘോഷിക്കേണ്ട നേരത്ത് അവൻ കുടുംബ ഭാരം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
പിന്നീട് തുടർന്നുള്ള പഠനം അവന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു. അവന് അതിനെ പറ്റി ചിന്തിക്കാൻ പോലും അവസരം കിട്ടിയിരുന്നില്ല.
നകുലൻ ആ ചെറു പ്രായത്തിൽ തന്നെ ഒത്തിരി കഷ്ടപ്പെട്ട്. മകനെ ഒരു അല്ലലും അറിയിക്കാതെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം എന്ന് കരുതി ജീവിച്ച അവന്റെ അച്ഛന്റെ അധ്വാനം പോലും പാതി വഴിക്ക് വ്യർത്ഥമാകുകയാണ് ചെയ്തത്.
പക്ഷേ അവന് അതൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. അച്ഛൻ ജീവിച്ചിരുന്നപ്പോൾ വാങ്ങിച്ച ചെറിയ ചെറിയ കടങ്ങളും പിന്നെ വീട്ടുചിലവും ഒക്കെ വട്ടം പിടിക്കാൻ അവൻ സദാ ഓടിക്കൊണ്ട് ഇരുന്നു.
മൂത്ത മകന്റെ പഠനം നിന്ന് പോയതിൽ അവന്റെ അമ്മയ്ക്ക് അതീവ ദുഃഖം ഉണ്ടായിരുന്നേലും അവർ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല..
കാലിന് സ്വാധീനക്കുറവ് ഉള്ള അവർക്ക് മകനെ സഹായിക്കാൻ പരിമിതികൾ ഉണ്ടായിരുന്നു. ആഗ്രഹിക്കാൻ അല്ലാതെ അവനെ പഠിപ്പിക്കാൻ വഴി ഒന്നും കാണാത്തതിനാൽ ആ അമ്മ മൗനം പാലിച്ചു. മകനെ കൂടി പറഞ്ഞു വിഷമിപ്പിക്കാം എന്നല്ലാതെ അതുകൊണ്ട് ഗുണം ഇല്ലല്ലോ.
കാലം പോകെ പോകെ നകുലൻ ഇളയതുങ്ങൾക്ക് അച്ഛന്റെ കുറവ് പരിഹരിച്ചു വരാൻ ശ്രമിച്ചു.
പണ്ട് പണി കഴിഞ്ഞു അച്ഛൻ മൂന്ന് പേർക്കുള്ള പലഹാരപ്പൊതികളും ആയി വന്നിരുന്ന കാലം അനിയത്തിയോടും അനിയനോടും ഗുസ്തി പിടിച്ചു പലഹാരം പങ്ക് വച്ചിരുന്നവൻ പിന്നീട് തന്റെ പങ്ക് കൂടി അവർക്ക് കൊടുത്തു തുടങ്ങി. രണ്ട് പേർക്ക് ഉള്ളത് മാത്രം വാങ്ങി അവൻ ചിലവ് ചുരുക്കാനും വഴിയേ ശീലിച്ചു.
അവരുടെ പഠനം ആയിരുന്നു അവന്റെ ലക്ഷ്യം. ഇരുവരും പത്താം ക്ലാസ്സ് ആവുന്നത് വരെ നകുലൻ അവർക്ക് ഒരു അധ്യാപകൻ കൂടി ആയി. പഠനത്തിന്റെ കാര്യത്തിൽ അവൻ ഒട്ടും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല.
അവന് നഷ്ടപ്പെട്ടത് അവർക്ക് നേടിക്കൊടുക്കുന്നതിൽ ആയി പിന്നീട് അവന്റെ സന്തോഷം. അവൻ അവർക്ക് കർക്കശക്കാരൻ ആയ സഹോദരൻ ആയി മാറുകയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു. ഭവ്യ പഠനം കഴിഞ്ഞു ഒരു ബാങ്കിൽ ജോലിക്ക് കയറിപ്പറ്റി. ജിഷ്ണു കോളേജിലും ആയി.
ഭവ്യയുടെ വിവാഹം തന്നാൽ ആവുന്ന വിധം നകുലൻ നടത്തി. വിവാഹത്തിനും മറ്റു ആവശ്യങ്ങൾക്കും ആയി എടുത്ത ലോൺ ഒക്കെ ഭവ്യയും നകുലനും ചേർന്ന് കഴിയുന്ന പോലെ അടച്ചു തീർക്കുന്നുണ്ട്.
പഠനം കഴിഞ്ഞ് ജോലി തരപ്പെടേണ്ട താമസം ജിഷ്ണു തന്റെ കൂടെ പഠിച്ചിരുന്ന ദിവ്യ എന്ന പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു കൂടെ കൂട്ടി.
നകുലന് അതൊരു ഞെട്ടൽ ആയിരുന്നെങ്കിലും അവൻ എതിർപ്പൊന്നും കാണിച്ചില്ല. ആരോടും ആലോചിക്കാതെ ഇത്രയും പ്രധാനപ്പെട്ട കാര്യത്തിന് തീരുമാനം എടുക്കാൻ മാത്രം തന്റെ അനിയൻ വളർന്നോ എന്ന് അല്ലാതെ മറ്റൊന്നും അവനെ വിഷമിപ്പിച്ചില്ല.
ജിഷ്ണുവിന്റെ വിവാഹ സമയം ആയപ്പോഴേക്കും നകുലന് ഏതാണ്ട് മുപ്പതു വയസൊളം കഴിഞ്ഞു. സഹോദരങ്ങൾക്ക് വേണ്ടു ഉള്ള ഓട്ടത്തിനിടെ സ്വന്തം വിവാഹം പോലും അവൻ മറന്നു.
അല്ല… തനിക്ക് വിവാഹപ്രായം എത്തിയ കാര്യം അവനെ ഓർമിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. മറ്റു തിരക്കുകൾക്ക് ഇടയിൽ അവനും അത് ഓർത്തില്ല.
ജിഷ്ണുവിന്റെ പെരുമാറ്റത്തിൽ ഒക്കെ പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങി. നല്ല സാമ്പത്തികം ഉള്ള ദിവ്യയുടെ വീട്ടുകാർ കൂടി അടുപ്പം കാണിച്ചു തുടങ്ങിയപ്പോഴേക്കും അവർക്കിടയിൽ കൂലിപ്പണിക്കാരൻ ആയ സഹോദരൻ ഒരു കരട് ആയി ജിഷ്ണുവിനും ദിവ്യയ്ക്കും തോന്നി.
“” ചേട്ടാ… ആർക്കേലും കാശ് കൊടുക്കാൻ ഉണ്ടേൽ അത് കൊടുത്തു തീർത്തേക്കണം. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത് “” രാത്രിയിൽ ആഹാരം കഴിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിൽ ദിവ്യ ആണ് അത് പറഞ്ഞത്. നകുലൻ എന്താ കാര്യം എന്ന മട്ടിൽ അവളെ നോക്കി.
“” നിങ്ങള് പുറത്തു പോയിരുന്ന സമയത്തു ഇവിടെ ഒരാൾ വന്നായിരുന്നു. പറഞ്ഞ അവധി ഒക്കെ കഴിഞ്ഞിട്ട് കാശ് കിട്ടിയില്ല എന്ന് പറഞ്ഞു ഇവിടെ കിടന്നു ബഹളം വച്ചു.
ഞാൻ ഇതൊക്കെ കേൾക്കേണ്ട കാര്യം എന്താണ്. കാശ് മേടിച്ചാൽ പറഞ്ഞ സമയത്തു തിരിച്ചു കൊടുക്കണം. അതെങ്ങനെ അഷ്ടിക്ക് വക ഇല്ലാത്ത വീട്ടിൽ വന്നു കയറിയാൽ ഇതൊക്കെ സഹിച്ചല്ലേ പറ്റൂ. “” അവൾ ദേഷ്യത്തോടെ പറഞ്ഞു.
നകുലൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. ശെരിയാണ് താൻ വാങ്ങിയ കടത്തിനു ആ കുട്ടി പഴി കേൾക്കേണ്ട കാര്യം ഇല്ലല്ലോ. അല്ലേൽ തന്നെ മിക്കവാറും വീട്ടിൽ വഴക്കാണ്. തന്നെ കാണുമ്പോഴേ തുടങ്ങും മുറുമുറുപ്പ്. മിണ്ടാതിരുന്നേക്കാം. സ്വസ്ഥത കിട്ടട്ടെ. നകുലൻ കരുതി.
“” ദിവ്യേ.. നീ എന്താ അങ്ങനെ പറഞ്ഞേ. നിന്നെ ഞാൻ പിടിച്ചോണ്ട് വന്നതൊന്നും അല്ലല്ലോ. നിനക്കും കൂടി ഇഷ്ടമായിട്ട് അല്ലേ എന്റെ ഒപ്പം വന്നെ. ഇപ്പോൾ എന്താ നിനക്ക് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ “” ജിഷ്ണു ചോദിച്ചു
“” എനിക്ക് ജിഷ്ണുവിനോട് പ്രശ്നം ഒന്നും ഇല്ല. നിന്നെ ഇഷ്ടം ആയിട്ട് തന്ന ഞാൻ കൂടെ ഇറങ്ങി വന്നെ. പക്ഷേ ചിലതൊന്നും എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെടാ.
നിനക്ക് അറിയാല്ലോ ഞാൻ എങ്ങനെയുള്ള സാഹചര്യത്തിലാ വളർന്നത് എന്ന്. എന്റെ അച്ഛൻ മറ്റുള്ളോർക്ക് കടം കൊടുത്തേ ഞാൻ കണ്ടിട്ടുള്ളു. ആരും ഞങ്ങളുടെ വീട്ടിൽ വന്നു ഇതുപോലെ കിട്ടാൻ ഉള്ള കാശിനു വേണ്ടി ബഹളം വച്ചിട്ടില്ല. “” അവൾ പറഞ്ഞു.
“” മ്മ് നകുലേട്ടാ. ദിവ്യ പറയുന്നതിലും കാര്യമുണ്ട്. അവൾക്ക് ഇങ്ങനെയുള്ള ചീപ്പ് സിറ്റുവേഷൻസ് ഒന്നും ഹാൻഡ്ൽ ചെയ്തു പരിചയം ഇല്ല. അതുകൊണ്ട് ചേട്ടനും ചേട്ടന്റെ സാമ്പത്തിക പ്രശ്നങ്ങളും ഒക്കെ ഈ വീടിന് പുറത്ത്. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് “” ജിഷ്ണു എടുത്തടിച്ച പോലെ പറഞ്ഞു.
“” നീ എന്ത് വർത്താനം ആട പറയുന്നത്. ഈ കടം ഒക്കെ എങ്ങനെ ഉണ്ടായതാ. നമ്മളെ രണ്ടിനേം പഠിപ്പിക്കാൻ വേണ്ടി വാങ്ങിക്കൂട്ടിയത് അല്ലേ. ഇപ്പോഴും ഇവിടുത്തെ ചിലവ് നടക്കുന്നത് ചേട്ടൻ അധ്വാനിച്ചിട്ട് തന്നെയാ.
അല്ലാണ്ട് നീ കഷ്ടപ്പെട്ട് അല്ലല്ലോ.നിന്റെ ഭാര്യേടെ അക്കൗണ്ടിലേ കാശ് തീരുമ്പോ നിന്റെ ഈ അഹങ്കാരവും തീർന്നോളും “” ഭവ്യ പറഞ്ഞു.
“”മോളേ… നീ ഇത് എന്തൊക്കെയാ പറയുന്നേ.നീ സന്തോഷം ആയിട്ട് രണ്ട് ദിവസം നിൽക്കാൻ വന്നതല്ലേ. വെറുതെ എന്റെ പേരിൽ നിങ്ങൾ അടി വയ്ക്കണ്ട “” നകുലൻ പറഞ്ഞു.
“” ഡീ… നീ നിന്റെ കെട്യോനോട് സംസാരിച്ച മതി ഇതുപോലെ.എന്നെ ഭരിക്കാൻ വരണ്ട “” ജിഷ്ണു കഴിച്ചു മതിയാക്കി ദേഷ്യത്തോടെ എഴുന്നേറ്റു.
“” ആഹ് നിന്നെ ഭരിക്കാൻ ഇപ്പൊ നിന്റെ ഭാര്യ ഉണ്ടല്ലോ. എടാ ഇപ്പോൾ നിനക്ക് ഇവള്ടെ വീട്ടുകാരുടെ കാശും സ്വാധീനവും ഒക്കെ കണ്ട് അവരുടെ ബിസിനസിൽ ആണ് കണ്ണ് എന്നൊക്കെ എനിക്ക് അറിയാം. അല്ല അതിൽ എനിക്ക് സന്തോഷമേ ഉള്ളു.
നിന്റെ ഈ സ്വഭാവത്തിന് നീ ആയിട്ട് ഹാർഡ് വർക്ക് ചെയ്തു എങ്ങും എത്താൻ പോകുന്നില്ല. ഇവളുടെ ബിസിനസ് ഏറ്റുപിടിച്ചെങ്കിലും നീ ഒന്ന് നന്നായാൽ മതി. എന്നും പറഞ്ഞു ഇത്രേം കാലം പട്ടിണി കൂടാതെ നമ്മളെ ഊട്ടിയ ചേട്ടന്റെ മെക്കിട്ടു കയറിയാൽ ഉണ്ടല്ലോ “” ഭവ്യ അവനെ താക്കീത് ചെയ്തു.
“” നിനക്ക് രണ്ട് മാസം കൂടുമ്പോൾ ഇവിടെ വന്നു ന്യായം പറയാൻ എളുപ്പമാ. അതുപോലെ അല്ല ഈ വീട്ടിൽ കഴിയുന്ന ഞങ്ങളുടെ കാര്യം.
ഇവളുടെ വീട്ടുകാർ ഒക്കെ വരുമ്പോൾ തൊലി ഉരിയുകയാണ്. പഠിപ്പും ഇല്ല വിവരോം ഇല്ല ഒരു സ്റ്റാൻഡേർഡ് അല്ലാത്ത പെരുമാറ്റവും. ദിവ്യയ്ക്ക് എന്റെ കാര്യം മാത്രം നോക്കേണ്ട ആവശ്യമേ ഉള്ളു.
അവൾക്ക് ഇതൊക്കെ പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാവും. ഇവിടുത്തെ പ്രശ്നങ്ങളിൽ നീ ഇടപെടേണ്ട. ഇനി ചേട്ടനോട് അത്ര സ്നേഹം ആണേൽ നീ നിന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ “” ജിഷ്ണുവിന്റെ പറച്ചിൽ കേട്ട് നകുലൻ നടുങ്ങി.
“” ഇത്ര നാളും സ്വയം ഒരു വിവാഹം പോലും കഴിക്കാതെ സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ചിട്ട് ഇപ്പോൾ അവന് കുടുംബം ആയപ്പോൾ താൻ കൂടെ ഉള്ളത് ബാധ്യത ആയെന്ന് ആണ് അവൻ പറഞ്ഞതിന്റെ അർത്ഥം എന്ന് മനസിലായെങ്കിലും ഉൾക്കൊള്ളാൻ കുറച്ചു പ്രയാസപ്പെട്ടു.
അവന്റെ ഭാര്യയ്ക്ക് ചേട്ടനും കൂടി വച്ചു വിളമ്പാൻ ബുദ്ധിമുട്ട് ആണെന്ന് ആണ് പറഞ്ഞത് എന്നും നകുലന് മനസിലായി.
“” എന്തേ നിന്റെ നാവ് എവിടെ. ചേട്ടനോട് അത്രയും സ്നേഹം ഉള്ള പെങ്ങൾ ചേട്ടനെ കൂടെ കൊണ്ട് പൊയ്ക്കോ എന്നെ. എന്തേ പറ്റില്ലേ. ഓ ഭർത്താവിനും വീട്ടുകാർക്കും ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിലോ. “” ജിഷ്ണു ചോദിച്ചത് കേട്ട് ഭവ്യക്ക് ഉത്തരം മുട്ടി
അത്ര നേരം മൗനം ആയിരുന്ന നകുലൻ അപ്പോൾ എഴുന്നേറ്റു”” എന്റെ കാര്യം പറഞ്ഞു അടി വേണ്ട. നിനക്കും ദിവ്യയ്ക്കും കൂടി സ്വസ്ഥം ആയി താമസിക്കുന്ന വീട്ടിൽ ഭാര്യയും മക്കളും ഇല്ലാത്ത നല്ല ജോലിയും പഠിപ്പും ഇല്ലാത്ത ഒറ്റത്തടി ആയി കഴിയുന്ന ചേട്ടനെ കൂടെ പോറ്റേണ്ടി വരുന്നത് ഒരു പ്രശ്നം ആണല്ലേ.
ശെരിയാ എനിക്ക് ഇപ്പോഴത്തെ ഈ ആരോഗ്യം കൂടി പോയാൽ പിന്നെ ശെരിക്കും ഞാൻ നിങ്ങൾക്ക് ഒരു ഭാരം ആവും. ഭവ്യ മോൾടെ കൂടെ പോകാം എന്ന് വച്ചാൽ അവളുടെ ജീവിതത്തിലും അത് ബുദ്ധിമുട്ട് ആവും. അതുകൊണ്ട് ചേട്ടൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.
അവർ എല്ലാവരും എന്തെന്ന മട്ടിൽ നോക്കി.”” മോൻ ഭാര്യ വീട്ടുകാരുടെ ബിസിനസ് നോക്കി നടത്താൻ അല്ലേ പ്ലാൻ. നീ ഒരു കാര്യം ചെയ്യ് ഇവളെയും വിളിച്ചു ഇവളുടെ വീട്ടിൽ പോവുകയോ വേറെ വീട് എടുക്കുകയോ എന്താണ് എന്ന് വച്ചാൽ നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോ.
ചേട്ടനെ നോക്കി ബുദ്ധിമുട്ടണ്ട “” നകുലൻ ഉറപ്പിച്ച മട്ടിൽ അത് പറഞ്ഞപ്പോൾ മനസിലാവാത്തപോലെ എല്ലാവരും അവനെ നോക്കി.
“” ആഹ്ന്നെ. അമ്മ മരിക്കുന്നതിന് മുമ്പ് വീട് എന്റെ പേരിൽ ആക്കിയതല്ലേ.അന്ന് ഓർത്തു നീ സ്വന്തം കാലിൽ നിൽക്കാറാവുമ്പോ നിന്റെ പേരിലോട്ട് മാറ്റം എനിക്ക് എന്തിനാ വീട് എന്നൊക്കെ.
പക്ഷേ ഇപ്പോൾ ഞാൻ ആ തീരുമാനം അങ്ങ് മാറ്റി.നന്ദി ഇല്ലാത്ത നിനക്കൊക്കെ വേണ്ടി എനിക്കുള്ളത് എല്ലാം ചൊരിഞ്ഞിട്ടു ഞാൻ മണ്ടനാവുകയാണ് എന്ന് നീ എനിക്ക് മനസിലാക്കി തന്നു. “” നകുലൻ പറഞ്ഞു
“” ചേട്ടാ “” ഭവ്യ വിളിച്ചപ്പോൾ നകുലൻ അവൾക്ക് നേരെ തിരിഞ്ഞു”” മോള് ഒന്നും പറയണ്ട. എനിക്കറിയാം നീ ഇതുപോലെ നന്ദി ഇല്ലാത്തവൾ അല്ല എന്ന്. നിന്റെ അവസ്ഥക്ക് ഒത്തു നീ പറ്റുമ്പോലെ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്റെ കഷ്ടപ്പാടിന് നീ വില തന്നിട്ടുണ്ട് എപ്പോഴും.
ജോലി കിട്ടിയ നാൾ മുതൽ സ്വന്തം കുടുംബത്തിലെ ആവശ്യങ്ങൾ പോലും മാറ്റിവച്ചു നിനക്ക് വേണ്ടി എടുത്ത ലോൺ അടയ്ക്കാൻ എന്നെ കഴിവതും ബുദ്ധിമുട്ടിക്കാതെ നീ ശ്രദ്ധിച്ചിട്ടുണ്ട്. അതെല്ലാം എന്റെ മനസ്സിൽ ഉണ്ട് മോളേ “” നകുലൻ പറഞ്ഞത് കേട്ട് ഭവ്യ ഒന്ന് പുഞ്ചിരിച്ചു.
“” ഞാൻ അതല്ല പറയാൻ വന്നത്. മുമ്പ് ഞാൻ പറഞ്ഞിട്ടുള്ള കാര്യമാ. അന്നൊക്കെ ചേട്ടൻ തള്ളിക്കളഞ്ഞു. ഇപ്പോൾ വീണ്ടുവിചാരം വന്ന സ്ഥിതിക്ക് ചോദിക്കുവാ. ചേട്ടന് ഇനി ഒരു വിവാഹം കഴിച്ചുകൂടെ. ആർക്ക് വേണ്ടിയാ ഇനിയും ഇങ്ങനെ ഒറ്റയ്ക്കു ജീവിക്കുന്നത് “” അത് അവൾ ജിഷ്ണുവിനെ ഒന്ന് നോക്കികൊണ്ട് ആണ് പറഞ്ഞത്.
“” മുപ്പതു വയസ് കഴിഞ്ഞ കൂലിപ്പണിക്കാരന് ഒരു പെണ്ണ് കിട്ടാൻ ചേട്ടൻ കരുതുന്ന അത്രയും അത്ര കഷ്ടപ്പാട് ഒന്നും ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ ഞാനും എന്റെ ഭർത്താവും കുറച്ചു ഒന്ന് കഷ്ടപ്പെട്ട് അന്വേഷിക്കാം.സ്നേഹിക്കാൻ അറിയാവുന്ന നല്ലൊരു പെണ്ണിനെ നമുക്ക് കണ്ട് പിടിക്കാം ചേട്ടാ.
ചേട്ടൻ പറഞ്ഞപോലെ ഈ വീട് ഞങ്ങളെ ഇത്രയും കഷ്ടപ്പെട്ട് നോക്കിയ ചേട്ടന് ഉള്ളത് തന്നെയാ. പക്ഷേ ഇവിടെ ഒറ്റപ്പെട്ട് കഴിഞ്ഞാൽ മതിയോ. ഒരു കുടുംബം വേണ്ടേ. ഇനിയും വൈകിക്കണോ അതൊക്കെ “” ഭവ്യ ചോദിച്ചു
“” ശെരിയാണ് . തനിക്കും ഒരു കുടുംബം വേണം. ഇനിയും സമയം ഉണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ സ്വന്തം ജീവിതം കൂടി ശ്രദ്ധിക്കാൻ “” നകുലൻ ഭവ്യയ്ക്ക് സമ്മതം പറഞ്ഞു.
ഇത്തിരി വിഷമം ഉള്ള രംഗങ്ങൾ ആണ് അന്ന് അരങ്ങേറിയത് എങ്കിലും നകുലന്റെ ജീവിതം ഇനിയും വ്യർത്ഥമായി പോകാതെ ഒരു പുതിയ തുടക്കത്തിനു ജിഷ്ണുവിന്റ പെരുമാറ്റം കാരണമായി. ഇപ്പോൾ നകുലന് ഒരു കുടുംബം ഉണ്ട്.
അവൻ അത്രനാൾ വിയർപ്പൊഴുക്കിയത് ആ വിയർപ്പിന്റെ വില മനസിലാക്കാത്തവർക്ക് വേണ്ടി ആണെങ്കിൽ ഇന്ന് അവൻ ജീവിക്കുന്നത് അവനെയും ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടിയാണ്. അവനെ മനസിലാക്കുന്ന നല്ലൊരു അനിയത്തി ആയി ഭവ്യയും കൂടെ കൂടെയുണ്ട്.