ആണുടൽ
(രചന: Navas Amandoor)
“അനു നീ പെണ്ണല്ല ആണാണെന്ന് മനസ്സിലാക്ക്. പെണ്ണിന്റെ വേഷം കെട്ടിയത് കൊണ്ട് മാത്രം ഭാര്യയാകാൻ കഴിയില്ല. നീ എന്റെ ഒപ്പം ജീവിക്കാൻ വാശി പിടിച്ചത് കൊണ്ടല്ലേ നീ ഇനി വേണ്ടെന്ന് ഞാൻ അങ്ങ് തീരുമാനിച്ചത്. ”
ബോധം മറഞ്ഞു അടഞ്ഞ തുടങ്ങിയ കൺപോളകളെ പ്രയാസത്തോടെ തുറന്നു പിടിച്ച് അനന്ദുവെന്ന അനു റാസിയെ നോക്കി. റാസി ഗ്ലാസ്സിൽ കുറച്ചുകൂടി വോഡ്ക്ക ഒഴിച്ച് ചുണ്ടിലേക്ക് ചേർത്തു.
മനസ്സിന്റെ ബോധം നഷ്ടമാകുന്നുണ്ടെങ്കിലും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട് റാസിയെ ആദ്യമായി കണ്ട ദിവസം. അന്ന് റാസിയിൽ അനുവിനോട് അടങ്ങാത്ത പ്രണയമായിരുന്നു.
“ദൈവത്തിന് നിന്നെ പെണ്ണാക്കാമായിരുന്നു എനിക്ക് വേണ്ടി .. ഈ ഗ്ലാസ്സിലെ മദ്യത്തെക്കാൾ ലഹരിയുണ്ട് അനു നിന്റെ ചുംബനങ്ങൾക്ക്. ”
അനുവിന്റെ ശരീരം ഒരു പെണ്ണിന്റെ മേനി പോലെ മൃദുലമായിരുന്നു.ചുണ്ടിൽ വശ്യമായ പുഞ്ചിരിയും കണ്ണിൽ കുസൃതിയുമുള്ള സുന്ദരിപെണ്ണ്.
റാസി അവനെ ചേർത്ത് പിടിച്ച് ചുണ്ടിൽ ചുണ്ട് അമർത്തി ആവേശത്തോടെ ചുംബിച്ചപ്പോൾ അനു രണ്ട് കൈകൾ കൊണ്ടും റാസിയെ ചുറ്റി പിടിച്ചു അവനിലേക്ക് ഒട്ടി നിന്നു.
ഒരു പെണ്ണിൽ നിന്നും കിട്ടിയിട്ടില്ല ഇത്രയും സുഖം. ഓരോ കോശങ്ങളിലും തരിപ്പ് പോലെ.. ലഹരിയാകുന്നു അവന്റെ സ്പർശനങ്ങൾ.
“അനു… നീ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.. ഞാൻ ഇപ്പൊ സ്വർഗത്തിനെക്കാളും മേലെക്ക് പറക്കുകയാണോ. ”
“ഇക്കാ ഈ ഒരു ദിവസത്തിന് വേണ്ടി എത്രയോ നാളുകളായി കാത്തിരിക്കുന്നത്.. ഇന്ന് ഇക്ക എന്റെയാണ്… എന്റെ മാത്രം. ”
അനന്ദു മാസങ്ങളായി റാസിയെ കാണാൻ കാത്തിരിക്കുന്നത്.റാസി വരുമെന്ന് പറഞ്ഞപ്പോൾ മുതൽ അനു ഉടലിനെ ഒരുക്കി തുടങ്ങി. യാത്രയിൽ കണ്ടുമുട്ടിയ സൗഹൃദം അനുരാഗത്തിലേക്ക് എത്തിച്ചത് അനുവിന് റാസിയോട് തോന്നിയ ആകർഷണമായിരുന്നു.
“ഇക്കാ.. ഞാൻ ഈ ഭൂമിയിൽ ഇഷ്ടപ്പെടുന്ന പുരുഷൻ നിങ്ങളാണ്. നിങ്ങൾക്ക് വേണ്ടി ഞാൻ മനസ്സു കൊണ്ട് പെണ്ണായി എന്റെ ഉടലിനെ പെൺ കോലം കെട്ടിച്ചു. . ”
ഒരിക്കൽ അനു റാസിക്ക് പെൺ വേഷം കെട്ടി ഫോട്ടോ എടുത്തു അയച്ചുകൊടുത്തു. റാസി ഫോട്ടോ കണ്ടപ്പോൾ അനന്ദു അനുവായി. റാസിയും അവനെ ഏറെ ആഗ്രഹിച്ചു.
അവർ രണ്ട് പെരും കാത്തിരുന്ന പോലെ ഒരു കണ്ടുമുട്ടലിനു അനന്ദു അനുവായി ഒരുങ്ങി.പിരികം ത്രെഡ് ചെയ്തു.
ശരീരത്തിലെ രോമങ്ങളെ കളഞ്ഞു മേനി സോഫ്റ്റാക്കി.വാർമുടി ചൂടി.ലിപ്സ്റ്റിക് തേച്ചു.നെയിൽ പോളിഷ് ചെയ്തു.കമ്മൽ കൊളുത്തി.പാദസരം ഇട്ടു.കൈയിൽ വളയും കഴുത്തിൽ മാലയും.
സ്ത്രീകൾ ഉപയോഗിക്കുന്ന അടി വസ്ത്രങ്ങൾ ഉൾപ്പടെ പല ഡ്രസ്സുകൾ വാങ്ങി വെച്ചു.
ഭംഗിയുള്ള ചുവന്ന ചുരിദാറിൽ അനന്ദു അനുവായി മുടിയിൽ മുല്ലപ്പൂ ചൂടി.റാസിയുടെ മുൻപിൽ മുറിയുടെ വാതിലുകൾ തുറന്നപ്പോൾ അതിശയത്തോടെ അനുവിനെ നോക്കി നിന്നുപോയി റാസി.
“അനു നീ എത്ര സുന്ദരിയാണ്. വിരലുകളിൽ പോലും നീ ശരിക്കും പെണ്ണായി.”
അനുവിന്റെ ഒപ്പം മുറിയിൽ ഒരുമിച്ചു ഒട്ടിപ്പിടിച്ചു ചേർന്ന് കിടക്കുമ്പോൾ റാസിക്ക് അവൻ പെണ്ണ് തന്നെയായിരുന്നു. സിരകളിൽ ലഹരി പടർത്തി അവനെ ഉണർത്താൻ കഴിയുന്ന പെണ്ണ്.
അന്നത്തെ ദിവസം അവർ രണ്ട് പേരും അവരുടെ ലോകത്ത് പ്രണയത്തോടെ ശരീരത്തെ ചേർത്ത് വെച്ച് കാമുകിയും കാമുകനുമായി. ഒഴുകി ഒലിച്ചു വിയർപ്പും പെയ്ത് തീർന്ന വികാരവും അവരെ തണുപ്പിച്ചു
റാസിയുടെ നെഞ്ചിൽ തല വെച്ച് അനു നെഞ്ചിലെ രോമത്തിൽ തലോടി.”ഇക്കാ നമ്മുക്ക് ഒരുമിച്ചു ജീവിക്കണം. എനിക്ക് ഈ സുഖവും സ്‌നേഹവും എന്നും വേണം. “”ഞാൻ ഉണ്ടല്ലോ അനു.. എന്നും നിന്റെ ഒപ്പം. ഈ ജീവിതം നിനക്ക് ഉള്ളതാണ്. ”
അന്ന് അവന്റെ നെഞ്ചിൽ കിടന്ന് അനു പറഞ്ഞത് പുഞ്ചിരിയോടെ കേട്ട് കിടന്ന റാസിയാണ് ഇന്ന് അനുവിനെ മദ്യത്തിൽ ഉറക്കഗുളിക ചേർത്തു കുടിപ്പിച്ചു കട്ടിലിൽ കിടത്തിയിരിക്കുന്നത്.
ബോധം നഷ്ടമാകുന്ന അനു അറിയുന്നുണ്ട് റാസിയെ.. റാസിയുമായി കഴിഞ്ഞു പോയ ദിവസങ്ങൾ. ആടി തീർത്ത കാമകേളികൾ. ഒടുങ്ങാത്ത വികാരത്തെ തണുപ്പിച്ച കൂടിചേരലുകൾ.
ഇപ്പോൾ അനുവിന്റെ മുൻപിൽ നിൽക്കുന്ന റാസിയുടെ ചുമന്നു കലങ്ങിയ കണ്ണുകളിൽ പ്രണയമില്ല. അനുവിന്റെ ശരീരത്തോടുള്ള അടങ്ങാത്ത മോഹമില്ല..പകയോ പ്രതികാരമോ,അങ്ങനെ എന്തോ ആണ് അവനിൽ.റാസി കട്ടിലിൽ അനുവിന്റെ അരികിൽ ഇരുന്നു.
“അനു നീ അന്ന് എന്റെ നെഞ്ചിൽ കിടന്ന് പറഞ്ഞില്ലേ നമ്മുക്ക് ഒരുമിച്ചു ജീവിക്കാമെന്ന്.. നിനക്ക് വട്ടാണ്.. അന്ന് ആ വട്ട് എനിക്ക് മനസ്സിലായില്ല..
ഇപ്പൊ എന്റെ ഭാര്യ.. അവളുടെ ഉള്ളിൽ വളരുന്ന എന്റെ കുട്ടി.. നീ അതിന്റെ ഇടയിൽ വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ പലവട്ടം.. നീ അപ്പോഴും അന്നത്തെ വട്ട് തന്നെ വീണ്ടും പറയുന്നു. ”
എന്തോ പറയാൻ അനു ചുണ്ട് ചലിപ്പിക്കാൻ ശ്രമിച്ചു. നാക്ക് കുഴഞ്ഞ അവന് ഒന്നും പറയാൻ കഴിയാതെ അവന്റെ വാക്കുകളെ കണ്ണീർ തുള്ളികളായി ഒഴുക്കി.
ആദ്യത്തെ ആവേശവും അനുഭൂതിയും കുറഞ്ഞു തുടങ്ങിയപ്പോൾ റാസി പതുക്കെ അനുവിൽ നിന്നും അകലാൻ ശ്രമിച്ചു.
ഭാര്യയെയും കുടുംബവും നഷ്ടപ്പെടുത്തി ഒരാണിനെ ഇണയായി കൊണ്ട് നടക്കാൻ കഴിയില്ലല്ലോ. പക്ഷെ അനു റാസിയുടെ പെണ്ണായി,അവന്റെ
പുറകെ പിടിവിടാതെ കൂടി.
“ഇക്കാ.. ഇക്കാക്ക് വേണ്ടിയല്ലേ ഞാൻ.. ഇനി ഇക്കയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.നമ്മുക്ക് എവിടെയങ്കിലും പോവാം.. എന്നിട്ട് അവിടെ ജീവിക്കാം… എനിക്ക് വേണം ഇക്കാ നിങ്ങളെ. ”
റാസി അനുവിന്റെ വാക്കുകളെ ഓർത്ത് പോക്കറ്റിൽ സൂക്ഷിച്ച ബ്ലേഡ് പുറത്തെടുത്ത് കവർ അഴിച്ചു കളഞ്ഞു. ബ്ലേഡ് വിരലുകൾക്കിടയിൽ വെച്ചു.
മേശയിൽ ഇരുന്ന കുപ്പിയിൽ നിന്നും വീണ്ടും ഗ്ലാസ്സിൽ മദ്യം പകർന്നുരണ്ട് ഗ്ലാസും കൈയിൽ എടുത്ത് അനുവിന്റെ അരികിൽ ഇരുന്നു.അവന്റെ വാ തുറന്ന് പിടിച്ചു മദ്യം ഒഴിച്ചു കൊടുത്തു. കുറച്ച് വായിലും ബാക്കി കവിളിലൂടെ പുറത്തേക്കും പോന്നു.
“അനു നിനക്ക് ഇഷ്ടമല്ലേ മഴ. നീ എപ്പോഴും പറയാറില്ലേ മഴയിൽ എന്റെ കൈ പിടിച്ചു നടക്കണമെന്ന്.. വട്ടൻ,നീ മുഴുവട്ടൻ തന്നെയാ അനു. ”
തകർത്തു പെയ്യുന്ന മഴ അനു ജനലിലൂടെ കണ്ടു. മഴത്തുള്ളികൾ ജനൽ ചില്ലിൽ ചിത്രങ്ങൾ വരക്കുന്നുണ്ട്.
ഗ്ലാസ്സിൽ ഉണ്ടായിരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ച ശേഷം റാസി അനുവിന്റെ കൈകൾ കൂട്ടി പിടിച്ചു.
“അനു കണ്ടില്ലേ മഴ… നിന്റെ യാത്രയിൽ മഴ കൂട്ടിന് ഉണ്ടാവട്ടെ… ഇക്കാനോട് ക്ഷമിക്ക് അനന്ദു.. നീ പെണ്ണല്ല.. ആണെന്ന് … ഇനിയങ്കിലും മനസ്സിലാക്കിക്കൂടെ നിനക്ക്… “പറഞ്ഞു തീരും മുൻപേ അനുവിന്റെ കഴുത്തിലെ ഞരമ്പിൽ ബ്ലേഡ് കൊണ്ട് ആഴത്തിൽ വരച്ചു റാസി.
ചുവന്ന വരപോലെ വിടർന്ന മുറിവിൽ നിന്നും ചോര തെറിച്ചു പുറത്തേക്ക് ഒഴുകി.”ഇനി നീ ഉറങ്ങിക്കോ അനു… ഇക്കാ കൂടെ ഉണ്ട് ട്ടോ.. എന്നും ഉണ്ടാവും.. ഹ ഹ ഹ ഹ വട്ടൻ… അവന് ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല പോലും… എന്നാ.. നീ ഇനി വേണ്ട…പൊയ്ക്കോ നീ.”
കാലുകളുടെ പിടച്ചിലിൽ അനുവിന്റെ കാലിലെ പാദസരങ്ങൾ കിലുങ്ങി.കാതിൽ പിടിപ്പിച്ച കമ്മലുകൾ ഊരി താഴെ വീണു.ചുണ്ടിലെ ലിപ്സ്റ്റിക്കും മാഞ്ഞു പോയി.
വല്ലാത്ത ഒരു പിടച്ചിലോടെ അവന്റെ ചലനം അവസാനിപ്പിച്ചപ്പോൾ തലയിൽ നിന്നും പാതി വാടിയ മുല്ലപ്പൂ തെന്നി റാസിയുടെ കാലിൽ വീണു.അപ്പോഴും ജനൽ ചില്ലിലൂടെ മഴ നിർത്താതെ പെയ്തു.