പെണ്ണിന്റെ കല്യാണം
(രചന: ANNA MARIYA)
കല്യാണം വിളിക്കേണ്ടവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഓരോ ദിവസവും ഓരോരുത്തരുടെ വക ലിസ്റ്റ് കൂടി കൂടി വന്നു.
ഇതെവിടെ ചെന്നു നില്‍ക്കും ദൈവമേ. ആദ്യത്തെ കല്യാണമാണ്,, ഈ ഒന്നേ ഉള്ളൂ. അപ്പൊ പിന്നെ എല്ലാവരുടെയും ആഗ്രഹം പോലെ തന്നെ നടക്കട്ടെ. ഗംഭീരമെങ്കില്‍ ഗംഭീരം.
ജഗ ഗംഭീരമെങ്കില്‍ അങ്ങനെ. അങ്ങനെ ആകാനാണ് സാധ്യത. കാരണം ഈ ഭാഗത്ത് ഈ അടുത്ത് നടന്ന സകല കല്യാണങ്ങളും അഞ്ഞൂറ് പേരില്‍ കൂടിയിട്ടില്ല. ഇത് ഇപ്പൊ തന്നെ ആയിരത്തി അഞ്ഞൂറ് കടന്നു.
അപ്പൊ പിന്നെ അടുത്ത് നടക്കുന്നത്തില്‍ ഏറ്റവും വലിയ കല്യാണം ഇത് തന്നെയാകും. മഞ്ഞ കല്യാണം തൊട്ട് വരുന്നവര്‍ക്ക് മുഴുവന്‍ അറിയേണ്ടത് പെണ്ണിന്റെ അച്ഛന്‍ വരുമോ എന്നാണ്.
ഇവരായിട്ട് പോയി ക്ഷണിച്ചിട്ടില്ല. പിന്നെങ്ങനെ വരാന്‍. പോയി ക്ഷണിച്ചാല്‍ ആ ഫാമിലിയെ മുഴുവന്‍ ക്ഷണിക്കണ്ടേ. അവിടെയും മൂന്നു മക്കളുണ്ട്.
ആര്‍ക്കും ഒന്നുമറിയില്ല. ചോദിയ്ക്കാന്‍ നല്ല പേടിയും. ഒരു ദിവസം സാരി ഉടുപ്പിക്കുനതിനിടയില്‍ തഞ്ചത്തില്‍ അമ്മായി പെണ്ണിനോട് ചോദിച്ചു.
“ മോളെ,, അച്ഛന്റെ കാര്യത്തില്‍ എന്താ തീരുമാനിച്ചേ”“ അച്ഛന്റെ കാര്യത്തില്‍ ഞാന്‍ എന്ത് തീരുമാനിക്കാന്‍”
“ അതല്ല,, അച്ഛന്‍ കല്യാണത്തിന് വരുന്നുണ്ടോ.. അച്ഛന്‍ ജീവനോടെ ഉള്ളപ്പോള്‍ പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കേണ്ടത് അച്ഛനാണ്”
“ അതിപ്പോ പെണ്ണിന്റെ അമ്മ പിടിച്ചു കൊടുത്താലും ഒന്നും വരാനില്ല. ഇനി എന്തെങ്കിലും വന്നാല്‍ അതിന്റെ ബാക്കി ഞാന്‍ നോക്കിക്കോളാം”
അതും പറഞ്ഞ് അമ്മായിയെ നോക്കി ചിരിച്ച പെണ്ണ് അമ്മായിക്ക് സാരി ഉടുപ്പിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ഒന്നുകൂടി ചോദിച്ചു. പെണ്ണ് ഒരു നടയ്ക്ക് പോകില്ല എന്ന് മനസ്സിലാക്കിയ അമ്മായി ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് സാരി ഉടുപ്പിച്ചു.
ഇതെന്ത് പെണ്ണാണ് ദൈവമേ,, ഇങ്ങനെയുണ്ടോ പെമ്പില്ലേര്. എന്തൊക്കെ പറഞ്ഞാലും നാട്ടു നടപ്പ് മറക്കാന്‍ പാടുണ്ടോ. അച്ഛന്‍ അച്ഛന്‍ അല്ലാതാകുന്നില്ലല്ലോ. അയ്യയ്യേ. ജോലിയുണ്ട്..
സാമ്പത്തികം ഉണ്ട് എന്നൊക്കെ കരുതി ഇങ്ങനെ പാടുണ്ടോ. പെണ്ണ് നിലപാട് വ്യക്തമാക്കിയപ്പോള്‍ തുടങ്ങി കുടുംബത്തില്‍ മൊത്തത്തില്‍ മുറുമുറുപ്പായി. അഹങ്കാരം പിടിച്ച പെണ്ണ് എന്നായി.
ആരെന്തൊക്കെ പറഞ്ഞാലും എടുത്ത തീരുമാനത്തില്‍ ഒരിഞ്ചു പുറകോട്ടില്ല എന്ന് പെണ്ണ് ഉറപ്പിച്ചു. കാരണമുണ്ട്. അവളുടെ അച്ഛനും അമ്മയ്ക്കും ആദ്യം ഉണ്ടായത് ഒരു ആണ്‍ കുഞ്ഞാണ്.
പക്ഷെ അത് പ്രസവത്തില്‍ മരണപ്പെട്ടു പോയി. അതിനു ശേഷം ഉണ്ടായതാണ് ഈ പെണ്‍കുട്ടി. അവളുടെ അച്ഛന് ആണ്‍ കുട്ടി വേണമെന്നായിരുന്നു.
പക്ഷെ ഇനിയൊരു പ്രസവം കോമ്പ്ലിക്കേഷന്‍ ആകുമെന്ന് ഡോക്ടര്‍ ഉറപ്പു പറഞ്ഞത് കൊണ്ട് അവളുടെ അമ്മ റിസ്ക് എടുക്കാന്‍ നിന്നില്ല. അവിടെ തുടങ്ങിയ കലഹമാണ്. ആ കലഹം ഒരു വര്‍ഷത്തോളം നീണ്ടു നിന്നു.
അച്ഛന്റെ ഓരോ വാക്കിലും നോക്കിലും അമ്മയോടും മകളോടുമുള്ള വെറുപ്പും വിദ്വേഷവും കൂടി കൂടി വന്നു. പെണ്ണിന് ഒന്നര വയസ്സുള്ളപ്പോള്‍ അത് കൈയ്യാങ്കളിയായി. അയാള്‍ അവളുടെ അമ്മയെ ചവിട്ടി വീഴ്ത്തി.
കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ പെണ്ണിന്റെ അമ്മാവന്മാര്‍ വന്ന് പെണ്ണിന്റെ അച്ഛനെ ശരിക്കും പെരുമാറി. എല്ലാം കഴിഞ്ഞപ്പോള്‍ അവര് കുറ്റക്കാര്‍ ആയി. അതങ്ങനെയാണല്ലോ. കെട്ടു താലിയേക്കാള്‍ വലുതായി മറ്റൊന്നും ഭൂമിയില്‍ ഇല്ലല്ലോ.
അമ്മയുടെ നിലപാടില്‍ ആക്രോശിച്ച് അമ്മാവന്മാര്‍ വിട്ടു പോയി. ആ സംഭവത്തോടെ അച്ഛനും വിട്ടു പോയി.
പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാളെ എല്ലാവരും കാണുന്നത്. അയാള്‍ മറ്റൊരു കല്യാണം കഴിച്ചിരുന്നു.
പക്ഷെ അതിലും ഉണ്ടായത് പെണ്‍കുട്ടി തന്നെയാണ്. പക്ഷെ അവര്‍ വീണ്ടും ശ്രമിച്ചു കൊണ്ടെ ഇരുന്നു. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ അയാള്‍ താമസമാക്കിയിരുന്നു. അയാള്‍ക്ക് രണ്ടാമത് ഉണ്ടായതും പെണ്‍കുട്ടി തന്നെ.
അയാളുടെ ഭാര്യ മൂന്നാമത് പ്രസവിച്ചത് ആണ്കുട്ടിയെയാണ്. അന്ന് ഇവള്‍ക്ക് പതിനാല് വയസ്സുണ്ട്. ജന്മവും ജീവിതവും എങ്ങനെയായിരുന്നു എന്ന് അവള്‍ക്ക് ധാരണയുണ്ട്.
ഒരച്ഛന്റെ മക്കള്‍ എന്ന നിലയില്‍ പലപ്പോഴും പല സന്തര്‍ഭങ്ങളിലും ആ പെണ്‍കുട്ടികളെ അവള്‍ പരിഗണിച്ചു. പക്ഷെ അവള്‍ ആ ആണ്‍കുട്ടിയെ വെറുത്തിരുന്നു. കുറ്റം പറയാന്‍ പറ്റില്ല. മക്കളുടെ മനസ്സിലും ഉണ്ടാകില്ലേ വിഷമവും പ്രയാസവും വെറുപ്പും.
കാലം പോകെപ്പോകെ അവന്റെ ചേച്ചി വിളിയില്‍ ഇവള്‍ വീണു പോയി. ഇപ്പൊ മക്കള്‍ നാലുപേരും സെറ്റ് ആണ്. പക്ഷെ ആ അമ്മയെയും അച്ഛനെയും അടുപ്പിക്കില്ല.
എല്ലാം അറിഞ്ഞിരുന്നിട്ടും അവര്‍ അച്ഛനെ കല്യാണം കഴിച്ചു. അവളുടെ അമ്മയുടെ ജീവിതം ഇല്ലാണ്ടായി. അതിനു മാപ്പില്ല. കാലം കഴിയുമ്പോള്‍ തണുത്തു പോകുന്ന കാര്യമല്ല അത്.
അവളുടെ അമ്മ എന്ത് തെറ്റ് ചെയ്തു. തെറ്റ് ചെയ്തില്ല എന്ന് പറയാന്‍ പറ്റില്ല. അയാളുടെ കുറെയേറെ തെറ്റുകള്‍ ക്ഷമിച്ചു. അത് വേണ്ടായിരുന്നു.
ബാക്ക് സ്റ്റോറി ഇതാണ്. എന്തായാലും അച്ഛനും അയാളുടെ ഭാര്യയും കല്യാണത്തില്‍ പങ്കെടുക്കേണ്ട എന്ന് പെണ്ണ് തീരുമാനിച്ചു. അവള്‍ ചില കാര്യത്തില്‍ കടും പിടുത്തം പിടിക്കാറുണ്ട്.
ഇതും അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ് എന്ന് കരുതിക്കോ. അക്കാര്യത്തില്‍ മറ്റെന്തെങ്കിലും മാറ്റം വന്നാല്‍ അത് വേണ്ടാത്ത പണിയാകും. പെണ്ണ് പന്തല്‍ പൊളിക്കും എന്ന് അമ്മയ്ക്ക് നന്നായി അറിയാം.
മഞ്ഞ കല്യാണം തൊട്ട് അവളുടെ കൊളീഗ്സ് വരാന്‍ തുടങ്ങിയിരുന്നു. ഓരോ ദിവസം ഓരോ ടീം വരുമ്പോഴും കൈ നിറയെ സമ്മാനങ്ങള്‍ ആണ്. കാണുന്ന ആരും കൊതിച്ചു പോകും.
അനിയത്തി പെണ്‍കുട്ടികള്‍ വന്നപ്പോള്‍ കണ്ടതെല്ലാം അവിടെ അമ്മയോട് ചെന്നു പറഞ്ഞ് കൊടുക്കും. അമ്മ ഒന്നും മിണ്ടാതെ കേട്ട് നില്‍ക്കും.
പിള്ളേര് കണ്ടു പഠിക്കട്ടെ. അവരെങ്കിലും വിദ്വേഷമില്ലാതെ ജീവിക്കട്ടെ. അതാണല്ലോ വേണ്ടത്. ഇതൊക്കെ കാണുമ്പോള്‍ ഹാലിളകുന്നത് പെണ്ണിന്റെ അച്ഛന് മാത്രമാണ്.
രണ്ടാം ഭാര്യയിലുള്ള മൂന്നു മക്കളെയും കല്യാണത്തില്‍ നിന്ന് അച്ഛന്‍ വിലക്കി. പിള്ളേര് ചിരിക്കുക മാത്രമാണ് ചെയ്തത്. അവര് കല്യാണത്തിന് പോകാന്‍ തന്നെ തീരുമാനിച്ചു.
അങ്ങനെ പോയാല്‍ ഒറ്റ എണ്ണത്തിനെ ഈ വീട്ടില്‍ കയറ്റില്ല എന്നായി അച്ഛന്‍. വീട് അമ്മയുടെതാണ്. അച്ഛന്‍ അവിടെ കയറിക്കൂടിയതാണ്. അതുകൊണ്ട്,, അമ്മ ഇറങ്ങാന്‍ പറഞ്ഞാല്‍ അച്ഛന്‍ ഇറങ്ങേണ്ടി വരും.
തന്നെ തോല്‍പ്പിക്കുന്നത് ജീവിതത്തില്‍ വിജയിച്ചു വന്ന മകള്‍ ആണെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു.
എല്ലാവരും ഒറ്റപ്പെടുത്താന്‍ കാരണം തന്റെ ചെയ്തികള്‍ ആണെന്ന് അയാള്‍ ഓര്‍ക്കുന്നില്ല. അയാള്‍ ആ മകളെ വീണ്ടും തോല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഒരു മുഴം കയറില്‍ അയാള്‍ തൂങ്ങി.
കല്യാണ തലേന്ന് പെണ്ണിന്റെ അച്ഛന്‍ തൂങ്ങി എന്ന് വിവരമറിയാന്‍ പറ്റി. അവള്‍ കുലുങ്ങിയില്ല. കല്യാണം നടക്കും. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ. തൂങ്ങിയവന്‍ പോയി. ബാക്കി ഉള്ളവര് ജീവിക്കും..