നിയോഗം
(രചന: Nisha Pillai)
വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം മൂന്നരയാണ് കാണിക്കുന്നത്.
അവൻ മെല്ലെ വാതിൽ തുറന്നു.മുന്നിൽ മൂടി പുതച്ച ഒരു രൂപം . അവനെ തള്ളി മാറ്റി അകത്തേയ്ക്കു കടന്നു. മുറിയിലെ ബൾബിന്റെ വെളിച്ചത്തിൽ ആളെ പിടി കിട്ടി.
“അർഷാദ് ഭായ് നിങ്ങൾ,എന്തൊരു സർപ്രൈസ് ആണ്.കല്യാണത്തിന് വരും എന്ന് പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല,ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു.”
ടോണിയുടെ സീനിയറും ,അതീന്ദ്രിയ ധ്യാനത്തിലൂടെ പ്രകൃതി ഉപാസന ചെയ്യുന്ന ആളുമായിരുന്നു അർഷാദ്. യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക സ്ഥാനം രാജി വച്ചു അലയുകയാണയാൾ
“എന്തൊരു തണുപ്പാണെടോ ഇവിടെ,കടപ്പുറത്തെ കാറ്റേറ്റ് ഞാൻ മരവിച്ചു.സഹിക്കാൻ മേലാഞ്ഞിട്ട് ഞാൻ ബാഗിൽ നിന്നൊരു മുണ്ടെടുത്തു പുതച്ചു.”
“നിങ്ങളെന്തിനാ ഭായ് ,കടപ്പുറത്തു പോയത്.നേരെ ഇങ്ങോട്ട് പോരാമായിരുന്നില്ലേ,കഴിക്കാനിപ്പോൾ ഒന്നും ഉണ്ടാകില്ല ,ഒരു ചായ ഉണ്ടാക്കി തരട്ടെ.”
“ഞാൻ കടപ്പുറത്തു പോയതല്ലടോ ,വന്നപ്പോൾ ഒരു മണി കഴിഞ്ഞു,നീ പണ്ട് പറഞ്ഞ ഒരു കാര്യം ഓർമയിൽ വന്നു.തങ്കശേരി വിളക്ക് മാടത്തിന്റെ കാര്യം,അതിനടുത്താണ് നിന്റെ വീടെന്നു പറഞ്ഞിരുന്നില്ലേ ,ആ വഴിയൊന്നു ട്രാക്ക് ചെയ്തതാണ്.എന്നെ ശരിക്കും ചുറ്റിച്ചു കളഞ്ഞു .”
“ആരാണ് നിങ്ങളെ ചുറ്റിച്ചത്, ഫോണില്ലാരുന്നോ ,എന്നെ വിളിക്കാൻ പാടില്ലാരുന്നോ,ഞാൻ ബൈക്കെടുത്തു വന്നേനെ .”
“ശരിയായിരുന്നു, പക്ഷേ ഞാൻ അതൊക്കെ മറന്നു.എന്നെ ചുറ്റിച്ച കക്ഷി നിസാരനല്ല.””ആരുടെ കാര്യമാ ഭായ് പറയുന്നത്, വിശ്രമിയ്ക്കൂ.”
ഉണർന്നപ്പോൾ വളരെ വൈകി.ടോണി മേശപ്പുറത്ത് പ്രാതൽ അടച്ച് വച്ചിരുന്നു.അവനെ അവിടെയെങ്ങും കണ്ടില്ല.കുളിച്ച് വേഷം മാറി മുറ്റത്തേയ്ക്കൊന്നിറങ്ങി.ഉച്ചയായത് കൊണ്ടാകണം അറബിക്കടൽ ശാന്തമായിരുന്നു.കാമുകനെ കാത്തിരിക്കുന്ന കാമുകിയെപ്പോലെ .
ടോണിയും അമ്മയും മടങ്ങിയെത്തിയപ്പോൾ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.ചട്ടക്കാരിയായ സ്നേഹമയിയായ ടോണിയുടെ അമ്മ.
“അച്ഛൻ ലത്തീൻ ആയിരുന്നെങ്കിലും മമ്മ ഇപ്പോഴും തൻ്റെ ആംഗ്ലോ ഇന്ത്യൻ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ആൻസിയെ മമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല.പിന്നെ ഏകമകനായ എൻ്റെ ഇഷ്ടം.അതു സമ്മതിച്ചു.ഞാനൊരു ചട്ടക്കാരി പെണ്ണിനെ കെട്ടണമെന്നായിരുന്നു മമ്മയ്ക്ക്.”.
ടോണി പറഞ്ഞു.”അതൊക്കെ മാറിയില്ലേ,നിന്റെ സന്തോഷമാണ് മമ്മയ്ക്ക് പ്രാധാന്യം, തിരിച്ച് മമ്മയുടെ ഇഷ്ടങ്ങൾ നീയും നടത്തി കൊടുക്കുക.”
കല്യാണത്തിന് ഇനി നാലഞ്ചു ദിവസം കൂടിയേ ഉള്ളു,ടോണിയും മമ്മയും അതിന്റെ തിരക്കിലായിരുന്നു.
അർഷാദിന്റെ നാട് കാണിയ്ക്കാൻ വഴികാട്ടിയായി സിബിച്ചൻ എന്നൊരു അയൽവാസിയെ ഏർപ്പാടാക്കി. സിബിച്ചൻ ഒരു അനാഥനും നാടിനെയും നാട്ടുകാരെയും കുറിച്ച് അറിവുള്ള ആളുമായിരുന്നു.
“നിങ്ങളെന്നെക്കുറിച്ച് ഓർത്ത് വിഷമിക്കണ്ട,പകലൊക്കെ ഞാനീ കടപ്പുറത്തിങ്ങനെ നടന്നോളാം,സിബിച്ചനും കൂട്ടുണ്ടല്ലോ.”
സിബിച്ചനുമൊത്തു നടക്കാനിറങ്ങി.എല്ലാവരും അയാളെ “സായിപ്പ്” എന്നാണ് വിളിക്കുന്നത്. ചിലരത് ബഹുമാനം മൂലവും ചിലരത് കളിയാക്കിയിട്ടായിരുന്നു.ആരോടും അയാൾ ഒരു അപ്രീതിയും കാണിച്ചില്ല.
പഴയൊരു ട്രൗസറും കോട്ടും ഇട്ടു അയാളുടെ കൂടെ നടക്കുമ്പോൾ മുമ്പെങ്ങോ പരിചയപ്പെട്ടിട്ടുള്ള ഒരാളാണ് കൂടെയുള്ളതെന്നു തോന്നാൻ തുടങ്ങി.വിളക്ക് മാടവും പരിസരവും ,കടപ്പുറവും അർഷാദിന് വളരെ ഇഷ്ടപ്പെട്ടു .അപ്പോഴാണ് അയാൾക്ക് രാത്രിയിലെ സംഭവം സിബിച്ചനോട് പറയാൻ തോന്നിയത്.
“ഞാൻ മൈസൂരിൽ നിന്നും കോഴിക്കോടേയ്ക്കു ബസ് കയറി,രാത്രിയിലെ ട്രെയിനിൽ കോഴിക്കോട് നിന്നും കൊല്ലത്തേക്ക് എന്നാണ് തീരുമാനിച്ചിരുന്നത്.
പകൽ ചിലവഴിക്കാൻ ഞാൻ നഗരത്തിൽ കുറച്ചു കറങ്ങി,ഒരു ഹോട്ടലിൽ വച്ചാണ് അവിചാരിതമായി കൊല്ലത്തുകാരനായ ജയശേഖരൻ തമ്പിയെ പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോൾ സഹയാത്രികനായി കൂടെ കൂടിയതാണ്.
രണ്ടു പേരും മാറി മാറി ഡ്രൈവ് ചെയ്തു. കൊല്ലമെത്തിയപ്പോൾ സമയം ഒന്നാവാറായി . അദ്ദേഹത്തെ പറഞ്ഞു വിട്ടിട്ടു ഞാൻ കുറച്ചു നേരം കടപ്പുറത്തിരുന്നു. നിലാവും കടലും എന്റെ കൂട്ടുകാരാണ്. കുറെ നേരം കടപ്പുറത്തെ മണൽപ്പരപ്പിൽ കിടന്നുറങ്ങി പോയി.
ആരോ വിളിച്ചത് കേട്ടാണ് കണ്ണ് തുറന്നതു ആരെയും കണ്ടില്ല.കുറച്ചു ദൂരെയായി ലൈറ്റ് ഹൗസ് കണ്ടു.അങ്ങോട്ട് നടന്നു,അടുത്താണ് ടോണിയുടെ വീടെന്നറിയാം. അടുത്തെത്താറായപ്പോൾ ലൈറ്റ് കാണാനില്ല. ഞാൻ ഒരു ലക്‌ഷ്യം വച്ച് നടന്നു .
കുറെ നടന്നു തിരികെ നോക്കിയപ്പോൾ ലൈറ്റ് ഹൗസിലെ വെളിച്ചം എന്റെ പുറകിൽ.പിന്നെ തിരികെ നടന്നു.അടുത്തെത്താറായപ്പോൾ വെളിച്ചമില്ല.അങ്ങനെ ഏഴോ എട്ടോ തവണ ഞാൻ നടന്നു.
ആ വെളിച്ചത്തിനു പുറകിൽ എന്താണെന്നു കണ്ടു പിടിക്കാൻ കഴിഞ്ഞില്ല .അപ്പോഴേക്കും ഞാൻ തളർന്നിരുന്നു.പിന്നെ ടോർച്ച് വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു മീൻ വില്പനയ്ക്ക് പോയ ഒരു ചേട്ടനാണ് എനിക്ക് വീട് കണ്ടു പിടിച്ചു തന്നത്.”
“കടലിന് നേരും നെറിയുമുണ്ട് . കരയിലുള്ളവരാണ് അതൊക്കെ തെറ്റിക്കുന്നത്.കുഞ്ഞ് പറഞ്ഞ സ്ഥലം നമുക്ക് പോയി നോക്കാം.”
“രാത്രിയിലല്ലേ കണ്ടത്, സ്ഥലം എങ്ങനെ കണ്ടു പിടിക്കാനാണ്?””പോയി നോക്കാം”അവരിരുവരും കടപ്പുറത്തു കൂടെ ഒന്നിച്ചു കുറെ നടന്നു.
“അവിടെയൊരു കൊടിമരം കണ്ടോ,അതെനിക്ക് നിലാവത്തു കണ്ട പോലെ തോന്നുന്നു.അവിടെ വന്നപ്പോഴാണ് ലൈറ്റ് അണഞ്ഞത്.അങ്ങോട്ട് പോയാലോ.”
“കൊടിമരം,അത് നമ്മുടെ കോസ്റ്റൽ ബ്രദേഴ്‌സ് ക്ലബിന്റെയല്ലേ ,അങ്ങോട്ട് പോയി നോക്കാം.”
രണ്ടു പേരും കൊടിമരത്തിന് ചുവട്ടിൽ അർഷാദ് കുറെ നേരം കണ്ണടച്ചിരുന്നു .സിബിച്ചൻ ശല്യപ്പെടുത്താതെ അടുത്തിരുന്നു.അർഷാദിന്റെ ചില ശീലങ്ങളെ കുറിച്ച് ടോണി മുന്നറിയിപ്പ് കൊടുത്തിരുന്നു.സിബിച്ചന്റെ ഫോണിലേക്കു വന്ന ഒരു കാൾ ആണ് അർഷാദിനെ ഉണർത്തിയത്.
“ആരാ സിബിച്ചാ വിളിച്ചത്?””മരിയ മോളാണ് ,എനിക്ക് മോളെ പോലെയാ,അമ്മാമ്മക്ക് വയ്യെന്ന് ,ഒന്നങ്ങോട്ടു ചെല്ലുമോ എന്നാ ചോദ്യം.അവര് കുറെ നാളായി കിടപ്പിലാണ്.നമുക്കൊന്നു പോയാലോ.ഭായ്ക്ക് ബുദ്ധിമുട്ടില്ലെങ്കിൽ….”
“അതിനെന്താ പോകാം,വയ്യാത്ത സ്ത്രീയല്ലേ ,നമ്മളെ കൊണ്ട് എന്തേലും ആശ്വാസം ആകുന്നെങ്കിലോ .”
മരിയയുടെ വീട്ടിലേയ്ക്കു പോകുന്ന വഴി അവളെ പരിചയപ്പെട്ട കഥ സിബിച്ചൻ പറഞ്ഞു.
ഒരു പത്തു വർഷം മുൻപ് ഒരു ദിവസം,വിജനമായ കടൽത്തീരം,ഞാൻ കടൽക്കരയിൽ കാറ്റുകൊണ്ടിരിക്കുമ്പോൾ,സ്കൂൾ യൂണിഫോം ധരിച്ചു ഒരു ചെറുക്കനും പെണ്ണും രണ്ടു വള്ളങ്ങളുടെ മറവിലേയ്ക്ക് കയറുന്നതു ഞാൻ കണ്ടു .
ഞാൻ നേരെ അവിടെ പോയി നോക്കി നിന്നു.എനിയ്ക്കെന്തോ ആ പെൺകുട്ടിയെ കണ്ടപ്പോൾ മകളെ പോലെ തോന്നി .
ഒരു വാത്സല്യം തോന്നി പോയി.എന്നാൽ ആ ചെറുക്കനെ കണ്ടപ്പോൾ എനിയ്ക്കെന്തോ വശപ്പിശകു തോന്നുകയും ചെയ്‌തു.എന്റെ സാന്നിധ്യം അവനെ ദേഷ്യം പിടിപ്പിച്ചു.അവൻ എന്നെ തെറി വിളിക്കാനും ആക്രമിക്കാനും ശ്രമിച്ചു.
ആ പെൺകുട്ടി അവനെ പിടിച്ചു മാറ്റുന്നുണ്ട്. ഒടുവിൽ ഞാൻ പോലീസിനെ വിളിച്ചു. അവരെത്തിയപ്പോൾ ചെറുക്കൻ പറഞ്ഞു ഞാൻ ആ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്ന്,അവൻ രക്ഷപെടുത്തിയതാണെന്ന്.
പോലീസ് എന്നെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പെങ്കൊച്ചിന്റെ അപ്പൻ ഓടി എത്തി . പങ്കായമൊക്കെ പിടിക്കുന്ന കൈയാണ് ,എന്നെ തല്ലാൻ ശ്രമിച്ചു.പോലീസ് പിടിച്ചു മാറ്റി.”
“നീ ഈ കടപ്പുറത്തു തിരിച്ചു വരും ,അന്ന് നിന്നെ കണ്ടോളാം.””നിന്റെ ഈ മകളുണ്ടല്ലോ അവൾ നിന്നെയും ചതിക്കും,ഞാൻ അവളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്,എന്നെ തല്ലുന്നതിന് മുൻപ് നീ അവളോട് ചോദിക്കൂ,സ്കൂളിൽ പോകാതെ ഇവനുമായി ഈ വള്ളത്തിന്റെ മറവിൽ എന്ത് ചെയ്യുകയായിരുനെന്നു,അതിനു ഉത്തരം കിട്ടിയാൽ ,നീ എന്നെ തല്ലിക്കൊ”
അയാൾ തിരിഞ്ഞു ആ പെങ്കൊച്ചിനെ ഒന്ന് പൊട്ടിച്ചു,കൊച്ച് എന്നോട് മാപ്പു പറഞ്ഞു,ആ പയ്യനെ പോലീസ് സ്കൂളിൽ കൊണ്ട് ചെന്നാക്കി.അതിനു ശേഷം അവളുടെ കൊച്ചപ്പൻ ആണ് ഞാൻ ,എന്ത് വിഷമം വന്നാലും എന്നെ വിളിക്കും അവൾ.
ഒരു ഇടത്തരം വീടായിരുന്നു മരിയയുടേത്, അവരെ സ്വാഗതം ചെയ്തത് മരിയയുടെ അമ്മയായിരുന്നു. മരിയയുടെ അച്ഛന്റെ അമ്മ ,അമ്മാമ്മ കിടപ്പിലായിരുന്നു ,അവർ അന്ത്യകൂദാശ സ്വീകരിച്ചു മരണത്തെ വരവേൽക്കാൻ കിടക്കുകയായിരുന്നു.
അവരെ കാണാനായി സിബിച്ചൻ മുറിയിലേക്ക് പോയപ്പോൾ ചെറിയ സ്വീകരണമുറിയിലെ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുകയായിരുന്നു അർഷാദ്.മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ കണ്ണുടക്കി.
ഇരുപതുകളിലുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുടെ ഫോട്ടോ.കറുത്ത ചുരുണ്ട മുടിയിഴകൾ,പഴയ ശാരദ ചിത്രങ്ങളോട് സാമ്യം തോന്നുന്നത്.കുറെ നേരം നോക്കിയിരുന്നപ്പോൾ ആ കണ്ണുകൾക്ക് തന്നോട് എന്തോ പറയാനുള്ളതായി അർഷാദിന് തോന്നി തുടങ്ങി.
“ചായ ..”മരിയയാണ്,വൃത്തിയുള്ള ഗ്ലാസ്സുകളിൽ കടുപ്പത്തിലുള്ള ചായ”ഇതാരാണ് ,”അയാൾ ഫോട്ടോ ചൂണ്ടി കാട്ടി.
“അപ്പച്ചിയാണ് ,അച്ഛന്റെ ഇളയ പെങ്ങൾ ,ക്ലാരയാൻ്റി.പത്തു വർഷം മുൻപ് കാണാതെയായി.ഒരു ഇഷ്ടം ഉണ്ടായിരുന്നു.
അയാളുടെ കൂടെ ഒളിച്ചോടിയതാണെന്നു കരുതി.പോലീസ് അയാളെ ചോദ്യം ചെയ്തു ,നിരപരാധി ആയതിനാൽ വെറുതെ വിട്ടു,പിന്നെ അയാൾ ഭ്രാന്തനെ പോലെ നടന്നു,അവസാനം കടലിൽ ചാടി ആത്മഹത്യാ ചെയ്തു.അപ്പച്ചി എവിടെ പോയെന്ന് ആർക്കും അറിയില്ല.”
അവൾ സങ്കടത്തോടെ അറിയിച്ചു.അർഷാദ് മരിയയുടെ അമ്മാമ്മയെ മുറിയിൽ കയറി കണ്ടു . അവിടുന്ന് ഇറങ്ങുന്നതിനു മുൻപ് മരിയയോട് രഹസ്യമായി ഇങ്ങനെ പറഞ്ഞു.
“അമ്മാമ്മയ്ക്ക് അറിയാം ക്ലാരയെങ്ങനാ മിസ്സിംഗ് ആയതെന്ന് ,അത് പറയാൻ കഴിയാത്തതിനാലാണ് അവരിപ്പോഴും വിങ്ങി പൊട്ടുന്നത് .”
ഇത് കേട്ടുകൊണ്ട് വന്ന സിബിച്ചൻ അർഷാദിനെ അത്ഭുതത്തോടെ നോക്കി .”സിബിച്ചന് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ആരെയെങ്കിലും പരിചയമുണ്ടോ?”
“ബിജു പൗലോസ് സാറിനെ അറിയാം , എസ് എച്ച് ഓ ആണ് .എന്താ ഭായ് കാര്യം .
“നമുക്ക് ക്ലാരയുടെ മിസ്സിംഗ് കേസ് ഒന്ന് തപ്പിയെടുക്കാം .സിബിച്ചൻ കൂടെ വന്നാൽ നന്നായി. അയാൾക്ക് ഞാൻ പറയുന്നത് മനസ്സിലായാൽ ഒരു പക്ഷെ നമ്മളെ സഹായിക്കും .”
സ്റ്റേഷനിൽ ചെന്ന് കേസിന്റെ കാര്യം തിരക്കി .കിട്ടിയ ഡീറ്റെയിൽസ് ഒക്കെ തപ്പി എടുത്തു .കാമുകൻ നിരപരാധി ആയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ .
അന്ന് രാത്രി അമ്മയും മകളും തമ്മിൽ വഴക്കുണ്ടായതായും ,പെണ്ണ് കരഞ്ഞു കൊണ്ട് കടപ്പുറത്തു പോയിരിക്കുന്നത് കണ്ടതായും ഒരു സബീനയുടെ മൊഴിയുണ്ട് ,അവർ ഇന്ന് ജീവിച്ചിരിപ്പില്ല .രോഗബാധിതയായി മരിച്ചതാണെന്നു വീട്ടുകാരുടെ മൊഴി .
“സിബിച്ചാ, നമുക്ക് ആ പള്ളി വികാരിയെ ഒന്ന് പോയി കണ്ടാലോ?”ഇടവക പള്ളിവികാരിയെ പോയി കണ്ടു. അദ്ദേഹത്തിന് ട്രീസ അമ്മാമ്മയെ അറിയില്ല. ഒരു പക്ഷേ ഇപ്പോൾ കാൻസർ ചികിത്സയിൽ കഴിയുന്ന വലിയച്ചന് അറിയാമായിരിക്കുമെന്നാണ് വികാരിച്ചൻ്റെ വാദം.നാട്ടിൻപുറത്തെ വിശ്രമ വസതിയിൽ പോയി വലിയച്ചനെ കണ്ടു.
മരിയയെ കാണാതായ സംഭവം അച്ചന് ഇന്നലത്തെ പോലെ വ്യക്തമായ ഓർമ്മയുണ്ട്.പക്ഷെ കേസിനെ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
“കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ പാടില്ല.കുമ്പസരിച്ചപ്പോൾ കേട്ടത് മാത്രമേ എനിയ്ക്കറിയൂ.”
ആ വഴിയും അടഞ്ഞപ്പോൾ നിരാശയോടെ അർഷാദും സിബിയും മടങ്ങി.എന്തോ തന്നെ ചുറ്റിച്ച ആ രഹസ്യവും ക്ലാരയും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നും,അതിന്റെ സത്യമറിഞ്ഞേ താൻ മടങ്ങൂവെന്നും അർഷാദ് തീരുമാനമെടുത്തു.
“ഭായ്, ഞാനൊരു കാര്യം പറയട്ടെ,നാളെ കഴിഞ്ഞ് ടോണിയുടെ കല്യാണമാണ്.നാളെ രാത്രിയിൽ പാർട്ടിയുണ്ടാകും.കരക്കാരൊക്കെ അവിടെ കൂടും,പിരിയുന്നത് നല്ല ലഹരിയിലാകും.”
“അതിന്?”” നമുക്കവിടെ ഒന്ന് കുഴിച്ച് നോക്കിയാലോ,അവിടെ എന്തേലും കണ്ടാലോ ഭായ്.”
“എൻ്റെ സിബിച്ചാ,അതിനൊക്കെ പെർമിഷൻ വേണ്ടി വരും, അല്ലെങ്കിൽ നമുക്ക് എതിരെ കേസെടുക്കും.””അതിനൊരു വഴിയുണ്ട്,”
അയാൾ പഴ്സ് തൻ്റെ പേഴ്സ് തുറന്നു.അതിൽ മടക്കി വച്ചിരുന്ന വളരെ പഴക്കം ചെന്ന ഒരു കടലാസ് അയാൾ അർഷാദിനെ കാട്ടി.മാനസിക രോഗത്തിന് ചികിത്സ ലഭിച്ചിരുന്നുവെന്ന് കാണിയ്ക്കുന്ന ഒരു കടലാസ്.
“ഇതിപ്പോൾ നല്ലൊരു കാര്യത്തിനല്ലേ,പിടിച്ചാൽ രോഗം കാരണം ചെയ്തതാണെന്ന് പറഞ്ഞു രക്ഷപെടാലോ.”
“അതിപ്പോൾ പ്രശ്നമായാൽ.””ഒന്നുമാകില്ല,ബിജു നമ്മുടെ സ്വന്തമാളാണ്.”
ടോണിയുടെ കല്യാണ തലേന്നത്തെ പാർട്ടി കഴിഞ്ഞ് ആളുകളൊക്കെ മടങ്ങുന്നത് വരെ അവർ കാത്ത് നിന്നു.വെളുപ്പിന് മീൻ പിടുത്തക്കാരുടെ തിരക്കാണ് .ഒരു മണിയ്ക്കും മൂന്ന് മണിയ്ക്കുമിടയിൽ കാര്യങ്ങൾ ചെയ്തു തീർക്കണം.
മുൻകൂട്ടി തയാറാക്കി വച്ചിരുന്ന പണിയായുധങ്ങളുമായി സംഭവ സ്ഥലത്തെത്തി ,രണ്ടു പേരും കുഴിയ്ക്കാൻ തുടങ്ങി.മൂന്നടിയോളം ആഴത്തിൽ കുഴിച്ചിട്ടും അവർക്കൊന്നും കിട്ടിയില്ല.തളർന്ന് അവശനായി പണി നിർത്തി വിശ്രമിച്ച അർഷാദ് കണ്ടത് വീണ്ടും ആവേശത്തോടെ ആഴത്തിൽ കുഴിക്കുന്ന സിബിച്ചനെയാണ്.
പഴകിയ കുറെ തുണികഷ്ണങ്ങൾ കണ്ടപ്പോൾ കുഴിയ്ക്കുന്നത് നിർത്തി വച്ചു.പട്ടിയും മനുഷ്യനും വരാതെ രാവിലെ വരെ അവർ ദൂരെ മാറി കാവലിരുന്നു.
അവരുടെ ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ പറഞ്ഞതനുസരിച്ച് പട്രോളിംഗ് ജീപ്പ് കടപ്പുറത്ത് എത്തി കുഴി പരിശോധിക്കുകയും വീണ്ടും ഖനനം നടത്താൻ അനുമതി നേടുകയും
അതിൽ നിന്ന് കുറെ പഴക്കമുള്ള ഒരു അസ്ഥികൂടം കണ്ടെത്തുകയും ഫോറൻസിക് പരിശോധന നടത്തുകയും,അത് ക്ലാരയുടേത് എന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതിയോട് അനുമതിയ്ക്ക് അപേക്ഷിക്കുകയും ചെയ്തു.
കല്യാണത്തിനെത്താൻ വൈകിയതിനാൽ ടോണിയും മമ്മയും പരിഭവിച്ചു .അന്ന് വൈകിട്ട് അമ്മാമ്മ കർത്താവിൽ അഭയം പ്രാപിച്ചതായി മരിയയുടെ ഫോൺ കാൾ വന്നു.വിശ്രമത്തിലായ വലിയച്ചന് അർഷാദിനെ ഒന്ന് കാണണമെന്ന് ദൂതൻ വഴി അറിയിച്ചു.ചെന്നപ്പോൾ ഇങ്ങനെ പറഞ്ഞു.
“തെറ്റുകൾക്ക് പിറകെ തെറ്റുകൾ ചെയ്തു.ചില ചീത്ത ബന്ധങ്ങൾ മകൾ കണ്ടു പിടിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിന് അവളെ ഒഴിവാക്കാൻ നോക്കി.
തലയ്ക്കേറ്റ അടിയുടെ ആഘാതത്തിൽ അവൾ മരണപ്പെടുകയും, അവളുടെ ശരീരം കൂട്ടുകാരനോടൊപ്പം ചേർന്ന് കടപ്പുറത്ത് മറവ് ചെയ്യുകയും ചെയ്തു.അമ്മയ്ക്കും മകൾക്കും ആത്മശാന്തി കിട്ടട്ടേ.”
ആ രഹസ്യങ്ങൾ അവരോടൊപ്പം മണ്ണടിയുമെന്നാ ഞാൻ കരുതിയത്.പക്ഷെ അവർ ജീവൻ വെടിയാൻ പറ്റാതെ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അതിനു പിന്നിൽ എന്തോ കാര്യമുണ്ടെന്നു തോന്നിയിരുന്നു.
“താൻ താൻ നിരന്തരം ചെയുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ .എന്ന് പറയുന്നതെത്ര ശരിയാണച്ചോ.”
“എന്തായാലും ക്ലാരയുടെ ആത്മാവിന് പ്രത്യേക പ്രാർത്ഥനക്കുള്ള ഏർപ്പാട് ചെയ്യണം.ആ കൊച്ചിന് സ്വർഗ്ഗ രാജ്യം ലഭിക്കണം. അമ്മാമ്മയെ ശിക്ഷിക്കുന്ന ജോലി അവിടുന്ന് നോക്കി കൊള്ളട്ടെ ,എന്റെ കർത്താവെ….. .നിങ്ങളായി ഇനി ഒരു രഹസ്യവും പുറത്തു വിടേണ്ട.”
ഡി എൻ എ റിസൾട്ട് വന്നു, ക്ലാരയാണ് മരിച്ചതെന്ന് സ്ഥിതീകരിച്ചു,ഭ്രാന്തനായ സിബിച്ചൻ രോഗം മൂലം വശം കെട്ട സമയത്ത് , മണ്ണ് മാന്തി കൊടിമരം മറിച്ചിടുകയും അവിചാരിതമായി അതിനടിയിൽ നിന്ന് ക്ലാരയുടെ ശരീര വസ്ത്രങ്ങളുടെ അവശിഷ്ടം ലഭിക്കുകയും,
പതിനൊന്നു വർഷമായി തെളിയിക്കാൻ കഴിയാതിരുന്ന ക്ലാരയുടെ മിസ്സിംഗ് കേസ്സ് തെളിയുകയും ചെയ്തു.സിബിച്ചൻ തുടർ ചികിത്സയ്ക്ക് വിധേയമാക്കാനും തീരുമാനിക്കപ്പെട്ടു.
സിബിച്ചനെ കാണാൻ മാനസിക രോഗാശുപത്രിയിൽ ചെന്നു. കൂടെ കൂട്ടാനായിരുന്നു തീരുമാനം. പക്ഷെ അറബിക്കടലും വിളക്ക് മാടവും വിട്ടു വരുവാൻ അയാൾക്ക് ഇഷ്ടമുണ്ടായില്ല. താൻ അർഷാദിനെ തേടി ഒരു ദിവസം വരുമെന്ന് അയാൾ ഉറപ്പ് കൊടുത്തു.
ടോണിയും ഭാര്യയും മമ്മയുമൊത്തു സന്തോഷകരമായ ഒരു ജീവിതം തുടങ്ങി, അർഷാദിന്റെ മടക്കയാത്ര അവരെ വളരെ അധികം സങ്കടപ്പെടുത്തി. പക്ഷെ യാത്രകളും വേർപാടും ജീവിതത്തിൽ അനിവാര്യമാണെന്ന സത്യം,ആ തിരിച്ചറിവ് മതി സന്തോഷകരമായ ജീവിതതിന്.
ഈ യാത്രയിലെ തന്റെ നിയോഗം നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു എന്നും അത് യഥാവിധി പരിഹരിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിൽ അയാൾ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തീരുമാനിച്ചു .
മടക്കയാത്രയ്ക്ക് അഷ്ടമുടി കായലിന്റെ തീരത്തുള്ള ബസ്സ്റ്റാൻഡിൽ ടോണിയുമൊത്തു നിൽക്കുമ്പോൾ ഇനിയും തനിക്കു ഇങ്ങോട്ടു മടങ്ങി വരേണ്ടി വരുമെന്ന് അർഷാദിന് ഉറപ്പായിരുന്നു