(രചന: ഭ്രാന്തന്റെ പെണ്ണ്)
“ഗിരി “അമ്മയുടെ നീട്ടിയുള്ള വിളികേട്ടാണ് ഞാൻ എണിറ്റത്. അടുക്കളയിൽ ചെന്നപ്പോൾ അമ്മ പിടിപ്പത് പണിയിലാണ്.
“എന്താമ്മേ “”ഡാ നീ ഇന്ന് കൃഷ്ണന്റെ അമ്പലത്തിൽ പോണം. ഞാൻ നിന്റെ പേരിൽ തൃക്കെവെണ്ണ കഴിപ്പിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു. നീ തന്നെ അതു പോയി വാങ്ങി, തൊഴുതു പ്രാർത്ഥിച്ചു വാ….. നാളെ ആദ്യമായി ജോലിക്ക് കേറുവല്ലേ… ”
“ശരി അമ്മേ “എന്നു പറഞ്ഞു ഞാൻ കുളിക്കാൻ പോയി. കുളിച്ചു റെഡിയായി വന്നു മുണ്ടും ഷർട്ടും ഇട്ടു ബൈക്കിൽ കേറി അമ്പലത്തിൽ പോയി.
എന്റെ എല്ലാ കാര്യങ്ങളും ഞാൻ പറയാറുള്ളത് എന്റെ ഈ കൃഷ്ണന്റെ അടുത്താണ്….
അങ്ങനെ ശ്രീകോവിൽ കയറി തൊഴുതു ത്രിക്കെവെണ്ണയും വാങ്ങി ഇറങ്ങുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
നീളൻ ചുരുൾ മുടിയും, വാലിട്ടെഴുതിയ ഉണ്ടക്കണ്ണും, ചുവന്നു തുടുത്ത കവിളും…….
അതിലുപരി നീളൻ മുക്കിലെ വെള്ളക്കൽ മൂക്കുത്തിയും എന്നെ വല്ലാണ്ട് അവളിലേക്ക് ആകർഷിച്ചു…. ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ അവളെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
കരിനീല നിറമുള്ള പട്ടുപാവാടയിൽ അവൾ അതീവ സുന്ദരിയായിരുന്നു….. പാവാടത്തുമ്പും പൊക്കി പിടിച്ച് തിടുക്കത്തിലുള്ള അവളുടെ വരവ് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.
“ഗിരിയെ “രാഘവേട്ടന്റെ വിളിയാണ് അവളിൽ നിന്നും എന്റെ നോട്ടം മാറ്റിച്ചത്.”നാളെ പോവല്ലേ… ”
“അതെ.. “ചെറു പുഞ്ചിരിയിൽ മറുപടി പറയുമ്പോൾ പോലും എന്റെ കണ്ണുകൾ ആ മൂക്കുത്തിക്കാരിയെ തിരഞ്ഞു.”എവിടെയാ ഗിരിയെ സ്ഥലം ”
“ചെന്നൈ. വൈകുന്നേരം പുറപ്പെടും. “അതും പറഞ്ഞു നടന്നു നീങ്ങിയപ്പോഴും എന്റെ മിഴികൾ അവളെ തിരഞ്ഞു. കൃഷ്ണനോട് കാര്യമായ പ്രാർത്ഥനയിലാണ് കക്ഷി.ഞാൻ പ്രസാദവുമായി അമ്പലത്തിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.
അപ്പോഴും ആ മൂക്കുത്തിക്കാരിയായിരുന്നു എന്റെ മനസ്സിൽ നിറയെ… അവളെ ഓർത്തപ്പോൾ തന്നെ എന്റെ ചുണ്ടിൽ പുഞ്ചിരി തത്തിക്കളിച്ചു…
വീട്ടിൽ ചെന്നപ്പോൾ ഞാൻ പോകുന്ന കാര്യങ്ങൾ ചർച്ച ചെയുകയായിരുന്നു അമ്മയും അമ്മാവനും.
“ആ നീ വന്നോ “അമ്മാവന്റെ ചോതിച്ചതിനു “ഉവ്വ് “എന്നു പറഞ്ഞു ഞാൻ അകത്തേക്ക് ചെന്നു. അമ്മക്ക് ഞാൻ പോകുന്നതിൽ വലിയ സങ്കടമാണ്. എങ്കിലും പോകാതെ ഇരിക്കാൻ പറ്റില്ല. ആദ്യമായി കിട്ടിയ ജോലിയാണ് .
എനിക്കും സങ്കടം തന്നെയാണ് അമ്മയെയും നാടും പിന്നെ….. ആ മൂക്കുത്തിക്കാരിയെയും ഒക്കെ ഓർക്കുമ്പോൾ….
ആദ്യമായി കണ്ടിട്ടു കൂടി അവളോട് എനിക്ക് എന്താ ഇങ്ങനെ എന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നുണ്ടായിരുന്നില്ല….
അങ്ങനെ അമ്മയോടും അമ്മാവനോടും യാത്ര പറഞ്ഞു ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു. യാത്രയിൽ ഉടനീളം എന്റെ കണ്ണുകൾ അവൾക്ക് വേണ്ടി പരതി നടന്നു. പക്ഷെ, പ്രതീക്ഷിച്ച ആളെ എനിക്ക് കാണാൻ സാധിച്ചില്ല.
ഒരു വർഷത്തിനു ശേഷം തിരക്ക് പിടിച്ച ചെന്നൈ നഗരത്തിൽ നിന്ന് എന്റെ ശ്യാമസുന്ദരമായ , ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്രയിലാണ്.
ഈ ഒരു വർഷത്തിനിടയിലും ഓർമ്മകളുടെ പഠിപ്പുര വാതിൽ കടന്നു, അനുവാദം കൂടാതെ ആ മൂക്കുത്തിക്കാരി പലതവണ എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ ചേക്കേറിയിരുന്നു.
നാട്ടിലേക്കുള്ള ഓർമകളുടെ ഓട്ടപ്പാച്ചിൽ അവസാനം ചെന്നെത്തി നില്ക്കുന്നതും അവളിൽ ആയിരുന്നു…
വീട്ടിലേക്കു വണ്ടി തിരിച്ചതും എന്നെയും കാത്തു നിൽക്കുന്ന അമ്മയെയും അമ്മാവനെയും കണ്ടു.വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്നപ്പോൾ തന്നെ അമ്മ ഓടി വന്ന് കെട്ടി പിടിച്ചു തലയിൽ തലോടി…
“തീരെ മെലിഞ്ഞു പോയി നീയ് “അമ്മയുടെ വാക്കുകളിൽ മകനോടുള്ള വാത്സല്യം നിറഞ്ഞു തുളുമ്പി.
“നീ പോയി ഫ്രഷ് ആയി വാ.. “അമ്മാവൻ പറഞ്ഞപ്പോൾ ഞാൻ റൂമിലേക്ക് പോയി. ഫ്രഷ് ആയി തിരികെ വന്നു.
മേശയിൽ അമ്മ സദ്യ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു.
“എന്തിനാ അമ്മേ ഈ വയ്യാത്തിടത്തു സദ്യ ഒക്കെ ഒരുക്കാൻ പോയത് “”പിന്നെ എന്റെ മോൻ ഇത്രയും നാൾ കഴിഞ്ഞു വരുമ്പോൾ ഈ കുഞ്ഞു സദ്യ എങ്കിലും ഞാൻ ഒരുക്കണ്ടേ…. ഇതൊക്കെ എനിക്ക് സന്തോഷം മാത്രമേ തരൂ… അല്ലാതെ നീ കരുതും പോലെ വല്യ കഷ്ടപ്പാട് ഒന്നുമല്ല.. ”
ഞാൻ ഒന്നു പുഞ്ചിരിച്ച് കഴിപ്പ് തുടർന്നു.”ഗിരിയെ… നാളെ നമുക്ക് ഒരിടം വരെ പോണം. “”എവിടെക്കാ അമ്മാവാ ”
“നിനക്കൊരു ആലോചന വന്നിട്ടുണ്ട്. എന്റെ സുഹൃത്തിന്റെ മോളാണ്. ജാതകം ഒക്കെ നോക്കിച്ചപ്പോ ചേർച്ചയും ഒണ്ട്. ആ കുട്ടി നിന്നെ കണ്ടിട്ടുണ്ടെന്നു. കുട്ടിക്ക് സമ്മതം ആണ്. ഇനി നിന്റെ ഇഷ്ടം കൂടി അറിയേണ്ടു… ”
“അതെ മോനെ നല്ല കുട്ട്യാ. ഞാൻ കണ്ടു… കഴിഞ്ഞ ദിവസം കൃഷ്ണന്റെ അമ്പലത്തിൽ വച്ച്… “അമ്മയും പറഞ്ഞു നിർത്തി. അതിൽ നിന്നു തന്നെ എനിക്ക് മനസിലായി അമ്മക്കും അമ്മാവനും നല്ലോണം ബോധിച്ചുന്ന്.
എല്ലാത്തിനും ഒന്നു മൂളിയിട്ട് കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോയി. മനസ്സ് ആകെ ആസ്വസ്ഥമായ പോലെ… മനസ്സിൽ എവിടയോ ഇപ്പളും ആ മൂക്കുത്തിക്കാരിയോടുള്ള പ്രണയം എന്റെ ഹൃദയത്തിൽ ഇരുന്നു തെങ്ങുന്നുണ്ടെന്ന പോൽ….
എല്ലാം അറിയുന്ന എന്റെ കൃഷ്ണനും എന്നെ മറക്കുന്ന പോലെ തോന്നി. അല്ലെങ്കിൽ തന്നെ പേരോ നാടോ ഒന്നും അറിയാത്ത ആ പെൺകുട്ടിയെ ഞാൻ എങ്ങനെ കണ്ടു പിടിക്കും.
എന്നെ കണ്ടാൽ പോലും അവൾക്ക് ഞാനാരാന്ന് അറിയില്ല… എല്ലാം വിധി….. എന്ന് മനസ്സിൽ കരുതി കണ്ണുകൾ അടച്ചു കിടന്നു. എപ്പഴോ നിദ്രയെ പുൽകി.
രാവിലെ കുളിച്ചു റെഡിയായി കൃഷ്ണന്റെ അടുത്തേക്ക് പുറപ്പെട്ടു. ചെന്നിറങ്ങിയപ്പോൾ തന്നെ എന്റെ കണ്ണുകൾ നിയന്ത്രണം ഇല്ലാതെ ആരെയോ തിരഞ്ഞു.
ശ്രീകോവിൽ കടന്നപ്പോഴും അനുസരണ ഇല്ലാതെ അവ എന്തിനെയോ തിരയാൻ തിരക്ക് കാണിച്ചപ്പോഴേക്കും ഞാൻ എന്റെ കണ്ണന്റെ മുന്നിൽ ചെന്നു മിഴികൾ അടച്ചു.
കാര്യങ്ങൾ എല്ലാം അറിയുന്ന കൃഷ്ണനോട് അധികമൊന്നും പറഞ്ഞില്ല. ഒരു വട്ടം കൂടി അവളെ എന്റെ മുന്നിൽ എത്തിക്കണേ…
എന്നു മാത്രം പറഞ്ഞു ഞാൻ ശ്രീകോവിലിനു വെളിയിൽ ഇറങ്ങി. അമ്പലക്കടവിൽ പോകുന്ന ശീലം ഇല്ലാഞ്ഞിട്ടു കൂടി അവിടെയും ഞാൻ ഒന്ന് എത്തി നോക്കി.നിരാശ ആയിരുന്നു ഫലം.
“എന്റെ പ്രാർത്ഥന കേട്ടില്ലേ കൃഷ്ണ… “എന്ന് ഒരിക്കൽ കൂടി ചോദിച്ചു ബൈക്കിൽ കയറി വീട്ടിലേക്കു തിരിക്കുമ്പോഴും ആ ഒറ്റ കാഴ്ചയിൽ മനസ്സിൽ സ്ഥാനം പിടിച്ച പെണ്ണായിരുന്നു ഉള്ള് നിറയെ……
വീട്ടിൽ എത്തിയപ്പോൾ പെണ്ണ്കാണൽ ചടങ്ങിനു പോകാൻ തയ്യാറായി അമ്മയും അമ്മാവനും നിൽപ്പുണ്ട്. മനസ്സില്ലാ മനസ്സോടെ ഞാനും അവരോടൊപ്പം പുറപ്പെട്ടു.”കൃഷ്ണപ്രിയ…. അതാണ് കുട്ടിയുടെ പേര് ”
യാത്രക്കിടയിൽ അമ്മാവൻ പറഞ്ഞു. പിന്നെയും എന്തെക്കെയോ അവരുടെ കുടുംബ മഹിമയെക്കുറിച്ചും ഒക്കെ പറയുന്നുണ്ടായിരുന്നു.
അതിലൊന്നും ശ്രദ്ധിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
പെട്ടന്ന് തന്നെ വണ്ടി ഒരു രണ്ടു നില വീടിന്റെ മുന്നിൽ കൊണ്ട് നിർത്തി.
ഞങ്ങൾ ഇറങ്ങിയപ്പോൾ തന്നെ വീടിന്റെ മുൻവശത്ത് ഒരു അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ആൾ ഞങ്ങളെ നോക്കി നിൽപ്പുണ്ട്.
പെട്ടന്നാണ് രണ്ടു കണ്ണുകൾ മുകളിലെ ജനലിൽ കൂടി എന്നെത്തന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടത്.
ഞാൻ നോക്കിയപ്പോൾ ആ കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞു.പക്ഷെ, അതാരാണ് എന്നറിയാൻ ഉള്ള ആകാംഷ ഒന്നുംതന്നെ എന്നിൽ നിറഞ്ഞില്ല. എന്റെ മനസ്സപ്പോഴും………
“ഇത് മഹാദേവൻ. പെണ്ണിന്റെ അച്ഛനാണ്. എന്റെ സുഹൃത്തും “അതും പറഞ്ഞു അമ്മാവൻ അദ്ദേഹത്തിന്റെ തോളിൽ കൈയ്യി ട്ടു.
ഞാൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവിടെ ഇരുന്നു. അവർ എന്തൊക്കെയോ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
എന്റെ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു, മനസ്സ് ഇപ്പോഴും ഒറ്റ തവണ കണ്ട മൂക്കുത്തിപെണ്ണിലായിരുന്നു. ആരോ വന്നു ചായയും തന്നു പോയി. ആരാണ് എന്നു കൂടി നോക്കാൻ തോന്നിയില്ല. യന്ത്രം കണക്കെ ഇരിക്കാൻ മാത്രേ കഴിഞ്ഞുള്ളു.
“ഗിരിയെ നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോള്ളൂ… ”
അമ്മാവൻ പറഞ്ഞത് കേട്ട് ഒന്നും സംസാരിക്കാൻ ഇല്ലന്നുള്ള ഭാവത്തിൽ അമ്മയെ നോക്കിയതും “പോയി സംസാരിച്ചിട്ട് വാ മോനെ.. ”
എന്ന് അമ്മ പറഞ്ഞു. പിന്നെ അധികമൊന്നും പറയാതെ മഹാദേവൻ അങ്കിൾ കാണിച്ചു തന്ന വഴി പടികൾ കയറി മുകളിൽ ചെന്നു.
എന്നെ തേടി രണ്ടുകണ്ണുകൾ വന്ന ജനാല ഒള്ള മുറിയിലേക്ക് കയറി. അവിടെ ദാവണി ഉടുത്ത ഒരു പെൺകുട്ടി ജനാലയിലൂടെ വെളിയിലേക്ക് നോക്കി നിൽപ്പുണ്ട്.
സംസാരിക്കാൻ താത്പര്യം ഇല്ലങ്കിലും ഏറെനേരത്തെ മൗനം വെടിഞ്ഞുകൊണ്ടു “അതേയ്…..”ന്ന് നീട്ടി വിളിച്ചു.
എന്റെ വിളി കേട്ട് ആ കുട്ടി തിരിഞ്ഞതും എന്റെ കണ്ണുകൾ വിടർന്നു.
അറിയാതെ തന്നെ “കൃഷ്ണ…. “എന്നു നാവ് ശബ്ദിച്ചു.
“എന്തോ… “ആ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്.ഭഗവാൻ ശ്രീ കൃഷ്ണനെ വിളിച്ചപ്പോൾ എന്തിനാ ഇവൾ വിളികേട്ടത് എന്നാലോചിച്ചപ്പോഴാണ്
“കൃഷ്ണ പ്രിയ എന്നാണ് കുട്ടിയുടെ പേര് എന്ന് അമ്മാവൻ പറഞ്ഞത് ഓർമ വന്നത് “പക്ഷെ, അപ്പോഴും എന്റെ കണ്ണുകൾ ആ വെള്ളക്കൽ മൂക്കുത്തിയിലായിരുന്നു.
തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറയുന്ന പോലെ….പട്ടുപാവാടയിൽ നിന്നും ദാവാണിയിലേക്ക് മാറി എന്നല്ലാതെ വേറൊരു മാറ്റവും എനിക്ക് കാണാൻ സാധിച്ചില്ല.
ഇന്നലെ എന്റെ കൃഷ്ണനെ ചെറുതായെങ്കിലും
മനസിലാക്കാതെ പോയതിൽ കുറ്റബോധം തോന്നി. ഒപ്പം എല്ലാം വിധി…. എന്നു പറഞ്ഞു പരിതപിച്ചതിനെ ഓർത്ത് ഒരു ചമ്മലും….
പെട്ടന്ന്തന്നെ എന്തോ ഓർത്തപോലെ ഞാൻ എന്നെക്കുറിച്ചു പറയാൻ പോയതും അവൾ
എല്ലാമറിയാം എന്നു ഇങ്ങോട്ട് പറഞ്ഞു. ഒപ്പം അവൾക്കു കല്യാണത്തിന് സമ്മതം ആണന്നും…
അതു കേട്ടപ്പോൾ തന്നെ എനിക്ക് എന്താചെയ്യേണ്ടത് എന്നറിയിയാതെ തറച്ചു നിന്നു.മനസ്സിൽ അത്രക്ക് സന്തോഷം ആയിരുന്നു. പിന്നെ അതികം ഒന്നും പറയാതെ ഞങ്ങൾ താഴേക്കു ഇറങ്ങിച്ചെന്നു.
“അപ്പൊ എങ്ങനാ രണ്ടു പേർക്കും സമ്മതല്ലേ… ”
അമ്മാവന്റെ ചോദ്യത്തിനു മറുപടി എന്നോണം എന്റെ മൂക്കുത്തി പെണ്ണിനെ നോക്കി ഞാൻ കണ്ണുകൾ ചിമ്മികാട്ടി.
അവളും സമ്മതം എന്നോണം നാണത്താൽ തലതാഴ്ത്തി. അപ്പോഴും ആ വെള്ളക്കൽ മൂക്കുത്തി എന്നെ നോക്കി പുഞ്ചിരിക്കുന്നപോലെ തോന്നി എനിക്ക്…..