മൗനവ്രതം
(രചന: Navas Amandoor)
പുഞ്ചിരിയോടെ ക്ഷമയോടെ സ്‌നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്.
“എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും..
ഞാൻ അങ്ങോട്ടന്നല്ലെ വരുന്നത്.. പിന്നെ എന്തിനാ എപ്പോ വരുമെന്ന് ചോദിച്ചു ഇടിക്കിടെ വിളിക്കുന്നത്…?”
എന്റെ മറുപടി സുലുവിന് സങ്കടമായാത് കൊണ്ടായിരിക്കും.. അവൾ വേറെയൊന്നും പറയാതെ കാൾ കട്ട് ചെയ്തത്.
വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്ത് വെക്കില്ല. ഒന്നും പറഞ്ഞിട്ടില്ലന്നുള്ള വിധം അവൾ എന്നെ സ്വീകരിക്കും.
രാത്രിയിൽ മക്കൾ ഉറങ്ങിയാൽ അവൾ എന്റെ അരികിലേക്ക് ചേർന്ന് കിടക്കും.ചുണ്ടുകൾ തമ്മിൽ ബന്ധനത്തിലാകുന്ന നിമിഷം ഭൂമിയിലെ സകല ശബ്‌ദങ്ങളെയും നിശബ്‌ദമാക്കിക്കൊണ്ട് രണ്ടു ഹൃദയമിടിപ്പുകൾ അത്യുച്ചത്തിലാവും.
അവൾ എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്റെ ചുംബനങ്ങളാണ്.എനിക്ക് അറിയാം എന്തൊക്കെ പരിഭവങ്ങളും. പരാതികളും ഉണ്ടങ്കിലും ഒരൊറ്റ ചുംബനത്തിൽ അവൾ എല്ലാം മറക്കും.
“രാത്രിമാത്രം ഉള്ളു സ്‌നേഹം.. പകൽ ഒന്ന് മിണ്ടാൻ പോലും വരില്ല.””ഹേയ്.. നീ ഓരോ തിരക്കിൽ അല്ലെ.””അതൊന്നും അല്ല.. ഏത് നേരത്തും കണ്ണ് മൊബൈലിലാണ്.”
അവളോട് എന്തങ്കിലും മിണ്ടാൻ ചെന്നാൽ അവൾ വേറെ എന്തങ്കിലുമൊക്കെ പറയാൻ തുടങ്ങും. ആ സമയം എനിക്ക് ദേഷ്യം വരും. അതുകൊണ്ട് ആണ് മിണ്ടാത്തതന്ന് ഞാൻ പറഞ്ഞില്ല.
ഞാൻ അവളെ കെട്ടിപിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു.”നിനക്ക് ക്ഷീണം അല്ലെ ഉറങ്ങിക്കോ..””ഹേയ്.. എൻ്റെ ക്ഷീണമൊന്നും കുഴപ്പമില്ല..”
എപ്പോഴും അവൾ അങ്ങനെയാണ് എന്റെ യും മക്കളുടെയും സന്തോഷം മാത്രമാണ് അവളുടെ തൃപ്തി.
അതൊക്കെ അറിഞ്ഞിട്ടും അവളുടെ സംസാരിക്കാതെ അവളെ മനസിലാക്കാൻ നിക്കാതെ ഞാൻ ഒഴിഞ്ഞു മാറും.
രാവിലെ ഉണർന്നു ഞാൻ എണീറ്റ് കുളിച്ചു വരുമ്പോൾ എനിക്ക് കഴിക്കാൻ ഉള്ള ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ടാവും. അതിന്റെ ഒപ്പം ഉച്ചക്കു കഴിക്കാൻ ഉള്ള ഭക്ഷണം. പിന്നെ ജീരകം ഇട്ട് തിളപ്പിച്ച് വെള്ളവും.
പന്ത്രണ്ട് മണിയാവും ഉറങ്ങാൻ. എങ്ങനെയാണാവോ അവൾക്ക് വെളുപ്പിന് ഒരു ദിവസം പോലും സമയം തെറ്റാതെ ഉണരാൻ കഴിയുന്നത്.
പണിക്ക് പോയി പണി തുടങ്ങും മുൻപേ അവൾ വിളിക്കും.എപ്പോ എത്തി.. സൂക്ഷിക്കണം.. ചുറ്റിക കൊണ്ട് അടിക്കുമ്പോൾ കൈ നോക്കണം.. അങ്ങനെ പലതും.. ഒരു മൂളലിലോടെ ഞാൻ മറുപടി കൊടുക്കും.
പിന്നെ ഉച്ചക്കു വിളിക്കും.. ചോർ തിന്നോ.. വെള്ളം അത് മതിയായോ.. കുറച്ചു നേരം റസ്റ്റ് എടുക്കു..
അടുത്ത വിളി ചായ സമയത്താണ്.. പിന്നെ വീട്ടിലേക്ക് എപ്പോ എത്തും.. വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം.. പതുക്കെ ഓടിച്ചാൽ മതി..
എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് പറയുമ്പോൾ എനിക്ക് ദേഷ്യം വരും. കൂടെ പണിയിടുക്കുന്നവർ കളിയാക്കി തുടങ്ങി.
” നീ ഇടക്കിടെ വിളിച്ചു തിന്നോ കുടിച്ചോ.. എന്നൊന്നും ചോദിക്കണ്ട.. അതൊക്കെ നേരത്തിനു നടക്കും.”
“നിങ്ങക്ക് ദേഷ്യം വരുന്നുണ്ടല്ലേ.. വല്ലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ടോ.. നീ കഴിച്ചോന്ന്..?””അതൊക്കെ ചോതിക്കണോ…?”‘വയ്യാണ്ടായാൽ പോലും ചോദിക്കില്ല.”
“ഞാൻ ഇങ്ങനെയാണ്.. എനിക്ക് ഇങ്ങനെയേപറ്റുള്ളൂ.”പിന്നെയങ്ങോട്ട് എന്തൊക്കയെ പറഞ്ഞു വഴക്കിടും.
അവൾ പറയുന്നതും കാര്യമാണ്. എന്റെ എല്ലാകാര്യങ്ങളും ഒരു മുടക്കവുമില്ലാതെ നടത്തി തരുന്നവളാണ്.
ഒരു പനി വന്നാൽ പോലും. എന്തൊരു ശ്രദ്ധയാണ് അവൾക്ക്. അലാറം വെക്കാതെ ഉണർന്ന് പാതിരാത്രി അവൾ നെറ്റിയിൽ തൊട്ട് നോക്കും.
അവൾ അങ്ങനെയൊക്കെയാണ്.. പക്ഷെ എനിക്ക് എന്താണ് അതുപോലെ അവളെ ശ്രദ്ധിക്കാൻ കഴിയാത്തത്.
പലപ്പോഴും ഓരോന്ന് അവൾ പറയുമ്പോൾ എനിക്ക് എന്താണ് ദേഷ്യം വരുന്നത്. എല്ലാ. ഭർത്താന്മാരും അങ്ങനെയായിരിക്കൊ..?
“നീ ഒന്ന് മിണ്ടാതിരിക്കോ… കുറച്ചു സമാധാനം കിട്ടും.”പലപ്പോഴും അവളുടെ സംസാരം കൊണ്ട് ദേഷ്യം വരുമ്പോൾ അവളോട് പറയുന്നത് അവളോട് മിണ്ടാതെ ഇരിക്കാനാണ്..
പക്ഷെ ഇപ്പൊ അവൾ മിണ്ടാതെയാപ്പോൾ മനസിൽ നിറയുന്ന സങ്കടം എത്ര വലുതാണ്.
ഹോസ്പിറ്റലിൽ ടോക്കൺ നമ്പർ കയ്യിൽ പിടിച്ചു സുലുവിന്റെ ഒപ്പം ഇരിക്കുമ്പോൾ ഓരോന്ന് ഓർത്ത് അനസിന്റെ കണ്ണ് നിറഞ്ഞു. അയാൾ അവളുടെ കൈ മുറുക്കി പിടിച്ചു.
ഒരാഴ്ച ആയിട്ടുള്ളു അവൾക്ക് സംസാരിക്കാൻ പറ്റാതെ ആയിട്ട്.അവളുടെസംസാരം നിന്നുപോയപ്പോഴാണ് അയാൾക്ക് അവളുടെ സംസാരത്തിന്റെ വില മനസ്സിലായത്.
ചുറ്റും നിറയുന്ന നിശബ്ദതയിൽ അയാളുടെ ഉള്ളു പുകയുന്നുണ്ട്.അവൾ എന്തങ്കിലുമൊന്ന് ചോദിച്ചിരുന്നങ്കിലെന്ന് അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ട് അനസ്.
“സുലു അനസ്.”സുലുവും അനസും ഡോക്ടറുടെ റൂമിലേക്ക് കയറി.”ഒരാഴ്ചയായി ഇവൾ സംസാരിച്ചിട്ട്. ഒരു പനി വന്നതാ. പിന്നെ അവൾ മിണ്ടിയിട്ടില്ല. രണ്ട് ഡോക്ടറെ വേറെ കണ്ടു.. അവരൊക്കെ പറയുന്നത് കുഴപ്പമില്ലന്നാണ്.”
“ശെരി.. ഞാനൊന്ന് നോക്കട്ടെ.”ഡോക്ടറുടെ പരിശോധന കഴിഞ്ഞു. അനസിനോട് കുറച്ചു ടൈം പുറത്ത് നിൽക്കാൻ പറഞ്ഞു. അനസ് പോയപ്പോൾ ഡോക്ടർ സുലുവിനോട് ചോദിച്ചു.
“എന്താണ് നിങ്ങൾ സംസാരിക്കാത്തത്..?””എനിക്ക് ഒന്നുല്ല ഡോക്ടർ.. ഞാൻ മിണ്ടുമ്പോ.. ഇക്കാക്ക് ദേഷ്യം വരും. അതുകൊണ്ട് കുറച്ചു ദിവസം മിണ്ടാതിരിക്കാൻ നോക്കി..”
“അയാൾക്ക് നല്ല വിഷമം ഉണ്ട്.””കുറച്ചു വിഷമിക്കട്ടെ .”അനസ് തിരിച്ചു ഡോക്ടറെ റൂമിൽ എത്തി.
“പേടിക്കണ്ട.. കുറച്ചു ദിവസം കഴിഞ്ഞാൽ സംസാരിച്ചോളാം. പരമാവധി സ്‌നേഹത്തോടെ പരിചരിക്ക്.. എല്ലാം ശെരിയാവും.”
മൂന്നാമത്തെ ഡോക്ടറും പറഞ്ഞത് സുലുവിന് കുഴപ്പമില്ലെന്നാണ്. പിന്നെ എന്താവും അവൾ സംസാരിക്കാത്തത്. ആ ഒരു ചിന്തയാണ് അനസിന്റെ മനസിൽ.
“പടച്ചോനെ.. സുലു എന്തങ്കിലുമൊന്നു സംസാരിച്ചില്ലങ്കിൽ ഞാൻ മരിച്ചു പോകും. അവളെ ശബ്ദം കേൾക്കാതെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു.”
വീട്ടിൽ വന്ന് ടീവി കാണുമ്പോളും മൊബൈൽ നോക്കുന്ന നേരത്തും സുലുവാണ് മനസ്സിൽ.
“വാപ്പിച്ചിടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ.?””മ്മ്.. ഉമ്മിച്ചി സംസാരിക്കുന്നത് കേട്ടാലേ വാപ്പിക്ക് സന്തോഷം ആവും.””ഉമ്മിച്ചി മിണ്ടും.. ന്റെ വാപ്പിച്ചി കരയണ്ടാട്ടോ.”
മോളോട് സംസാരിക്കുന്നതും അനസ് മോളേ കെട്ടിപിടിച്ചു കണ്ണ് തുടക്കുന്നതും സുലു കാണുന്നുണ്ട്. പക്ഷെ അതൊന്നും അവളെ സംസാരിക്കാൻ അനുവദിച്ചില്ല.
അന്ന് രാത്രി അവളെ കെട്ടിപിടിച്ചു കിടക്കുമ്പോൾ അയാൾ കരഞ്ഞുപോയി. കരച്ചിലോടെ അവളെ കവിളിൽ ചുംബിച്ചു. അപ്പോഴും സുലു ഒന്നും മിണ്ടാതെ കിടന്നു.
നേരം പുലർന്നപ്പോൾ അവൾ ആദ്യം ഉണർന്നു. പണിക്ക് പോകാനുള്ള സമയം ആയപ്പോൾ സുലു അനസിനെ വിളിച്ചു.
“ഞാൻ ഇന്ന് പോകുന്നില്ല.. കുറച്ചു നേരം കൂടി ഉറങ്ങട്ടെ.”അനസ് വീണ്ടും പുതപ്പ് എടുത്തു പുതച്ചു കണ്ണടച്ച് കിടന്നു.
സുലു തിരിഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് കഴുത്തിൽ മാലയില്ലെന്ന് കണ്ടത് .
“പടച്ചോനെ എന്റെ മാല എവിടെ…?”മുറിയിലും ബെഡിലും അടുക്കളയിലും എല്ലായിടത്തും നോക്കി. കാണുന്നില്ല. ആകെയുള്ളതാണ് ഒരു സ്വർണമാല.
“ഇക്കാ… ഇക്കാ… ന്റെ മാല കാണുന്നില്ല.”അനസ് നല്ല ഉറക്കത്തിൽ ആണെന്ന് അവൾക്ക് തോന്നി. തലവഴി പുതപ്പ് പുതച്ചു കണ്ണ് തുറന്ന് കിടക്കുന്നത് അവൾക്ക് അറിയില്ല.
“ഇക്കാ ഒന്ന് എണീക്കു.. ന്റെ മാല കാണുന്നില്ലന്നെ..”അനസ് കണ്ണ് തുറന്നു.. അവളെ നോക്കി പുഞ്ചിരിച്ചു.
“മാല കാണുന്നില്ലന്ന് പറഞ്ഞിട്ട് ഇങ്ങള് എന്താണ് ചിരിക്കുന്നത്.””അപ്പൊ നിനക്ക് സംസാരിക്കാൻ പറ്റും അല്ലെ കള്ളി സുലു.”
മാല കാണാതെ ആയപ്പോൾ മൗന വ്രതത്തിന്റെ കാര്യമൊക്കെ സുലു മറന്നുപോയി.
“അതെ..നിന്റെ മാല എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ട്..”അവളെ കൈ പിടിച്ചു അനസ് കട്ടിലിലേക്ക് വലിച്ചിട്ടു. ചുണ്ടിൽ കടിച്ചു.
“കള്ളി സുലു.. എനിക്ക് ഇന്നലെ ചെറിയൊരു സംശയം ഉണ്ടായിരുന്നു.. ഇത് നിന്റെ സമർഥ്യം ആണോന്ന്. മോളേ നീ മിണ്ടാതെയപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി.”
“നിങ്ങളല്ലേ പറഞ്ഞത്.. മിണ്ടാതെ ഇരുന്നാൽ കുറച്ചു സമാധാനം കിട്ടുമെന്ന്. അതാ ഞാൻ.”
“ഹേയ്.. നീ ഓരോന്ന് പറഞ്ഞും ചോദിച്ചും പിന്നാലെ നടക്കുമ്പോൾ എനിക്ക് അറിയാത്തത് ഈ ഒരാഴ്ച കൊണ്ട് ഞാൻ അറിഞ്ഞു… സോറി.””വിട് ചെക്കാ..പണിയുണ്ട്.”
അനസിന്റെ കൈ വീടിച്ചു അവൾ അടുക്കളയിലേക്ക് പോയി.പറഞ്ഞു കേട്ടിട്ടുണ്ട് പലരും ഭാര്യന്മാരോട് പരുക്കൻ ശൈലിയിൽ ആവും മിക്കവാറും ഭർത്താക്കന്മാരും സംസാരിക്കുക. ചിലർക്ക് ദേഷ്യം വരും.
അവളൊന്നു മിണ്ടാതെയായി നോക്കണം ഒരുവാക്ക് കേൾക്കാൻ കൊതിയോടെ പ്രാർത്ഥനയോടെ അനസിനെ പോലെ കാത്തിരിക്കും.