തിന്മയിൽ നിന്നും നന്മയിലേക്കുള്ള ദൂരം
(രചന: Nisha Pillai)
വെളുപ്പാൻ കാലത്ത് സ്റ്റേഷനിൽ വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ രഘുനാഥ് ഡ്രൈവറോടൊപ്പം ജീപ്പിൽ മലയടിവാരത്തുള്ള ഗ്രാമത്തിലേക്ക് പോകുന്നത്.
അവിടെ ഒരു കുരിശടിയുടെ മുന്നിൽ മുൻപത്തഞ്ചു വയസ്സോളം പ്രായം തോന്നുന്ന ഒരു ചെറുപ്പക്കാരനെ കെട്ടിയിട്ടിരിക്കുകയാണ്.
ജനക്കൂട്ടം നല്ലവണ്ണം പെരുമാറിയ മട്ടുണ്ട് . കണ്ണുകൾ ഇടി കൊണ്ട് കലങ്ങിയിരിക്കുന്നു. നെറ്റിയിൽ കല്ല് കൊണ്ട് ഇടിച്ച മാതിരി വലിയൊരു മുറിവ് .അതിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നുണ്ട്.
ഉടുത്തിരിക്കുന്ന കൈലി മുണ്ട് കീറി കഷണങ്ങളായിട്ടുണ്ട്. ഷർട്ടും വലിച്ചു കീറിയിട്ടുണ്ട്. ജീപ്പിൽ നിന്നിറങ്ങുമ്പോൾ പോലും ചെറിയ കല്ലുകൾ അയാളുടെ മുകളിലേയ്ക്കു എടുത്തെറിഞ്ഞ് രസിക്കുന്ന ചില പയ്യന്മാർ.സഹിക്കാൻ കഴിഞ്ഞില്ല ,ആരായാലും മനുഷ്യനല്ലേ .
ഏതു സാഹചര്യത്തിലാണ് അയാൾ ആ പ്രവർത്തി ചെയ്തതെന്നറിയാത്തിടത്തോളം കാലം ക്ഷമയോടെ അയാളെ സുരക്ഷിതനായി വയ്ക്കണം.പക്ഷെ ആൾകൂട്ടത്തിനോട് സൂക്ഷിച്ചു പെരുമാറണം.
ആൾക്കൂട്ടത്തിൽ പ്രധാനി പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെ വികാരിയുമായിരുന്നു. അവരെ മാറ്റി നിർത്തി ആൾക്കൂട്ടം കേൾക്കാതെ സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യപ്പെടുത്തണം.
“അവരോടു ശാന്തരാകാൻ പറയൂ.ഇനിയും എറിഞ്ഞാൽ അവൻ ചത്ത് പോകും.ഇപ്പോൾ തന്നെ ബോധം പോകാറായി.
ഞങ്ങൾ സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്യാം .അതാണ് സേഫ്.നിങ്ങൾ സ്റ്റേഷനിൽ ഒന്ന് വരേണ്ടി വരും.”
അവർ വന്നു കൊള്ളാമെന്ന ഉറപ്പിൽ അവനെ ഒരു വിധേന ജീപ്പിൽ കയറ്റി.അവന് ബോധമുണ്ടായിരുന്നെങ്കിലും അയാൾ തീരെ അവശനായിരുന്നു.
എത്രയും പെട്ടെന്ന് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മെഡിക്കൽ നടത്തണം.ജോലിയുടെ സുരക്ഷയ്ക്ക് അത് ആവശ്യവുമാണ്.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും അയാളുടെ ബോധം പോയിരുന്നു .ആൾക്കൂട്ടത്തിനെതിരെ കേസ് എടുത്തു.അയാളുടെ സംരക്ഷണം സ്റ്റേഷനിൽ നിന്നും വന്ന പോലീസ്കാരെ ഏല്പിച്ചു .
സാധാരണ ആൾക്കൂട്ട ആക്രമണങ്ങളിൽ കണ്ടാലറിയുന്ന കുറെ പേർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്യാറുണ്ട് .പലപ്പോഴും അവർക്കൊന്നും തക്കതായ ശിക്ഷ ലഭിക്കാറുമില്ല .
ആൾക്കൂട്ട ആക്രമണത്തിലൂടെ ഒരു വ്യക്തിയെ മാനസികമായോ ശാരീരികമായോ മുറിവേൽപ്പിച്ചാൽ, ആൾക്കൂട്ട ആക്രമണത്തിൽ ഇര കൊല്ലപ്പെട്ടാൽ ജീവപര്യന്തവും പിഴയും ഈടാക്കാറുണ്ട്
.സ്റ്റേഷനിൽ ചെന്ന് കൂടുതൽ അന്വേഷണം നടത്താനായി രണ്ടു പൊലീസുകാരെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു .
അവർക്ക് തദ്ദേശവാസികളായ ചിലരിൽ നിന്നും ലഭിച്ച വാട്സാപ്പ് വീഡിയോയുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .
വൈകിട്ടായപ്പോഴേക്കും അയാൾ സംസാരിക്കാൻ തുടങ്ങി .പക്ഷെ ഡോക്ടരുടെ സംശയം കാരണം ,അയാളെ ഒരു സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചു .
പിറ്റേ ദിവസം താലൂക്ക് ആശുപത്രിയിൽ അയാളെ സ്കാനിങ്ങിനു വിധേയനാക്കി .ആന്തരികമായ രക്തസ്രാവം കണ്ടുപിടിക്കപ്പെട്ടു.ഒഴിവാക്കാൻ അടിയന്തിര ശസ്ത്രക്രിയ നടത്തണം .പിറ്റേ ദിവസം ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടു .
അയാൾക്ക് ഇൻസ്പെക്ടർ രഘുവിനോട് തുറന്നു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു .അവശനായ കള്ളൻ അയാളുടെ കഥ പറഞ്ഞു .കള്ളൻ പറഞ്ഞ കഥ…
ഇടത്തരം കുടുംബത്തിലെ മൂത്തമകൻ.ഡ്രൈവറായ അച്ഛൻ,വീട്ടമ്മയായ അമ്മ, പ്രായമുള്ള മുത്തശ്ശി.അടുത്ത വീട്ടിൽ താമസത്തിന് പുതിയ വീട്ടുകാരെത്തി.
ട്രാൻസ്ഫറായി വന്ന സർക്കാർ ഉദ്ദ്യോഗസ്ഥർ. ഒരേയൊരു മകൾ. വെക്കേഷൻ സമയത്ത് അവളെ നോക്കാൻ ഏൽപ്പിച്ചത് അവൻ്റെ മുത്തശ്ശിയെ ആയിരുന്നു.അതിനാൽ അവനാ വീട്ടിൽ എപ്പോഴും സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
പതിനാലു തികഞ്ഞ അവനും പതിമൂന്ന്കാരിയായ ശിവയും നല്ല കൂട്ടുകാരായി.
എല്ലാം നശിപ്പിച്ചത് ആ രാത്രിയാണ്. അമ്മാവൻ്റെ കൂടെ ഉത്സവത്തിന് പോയ ആ രാത്രി.മകരക്കുളിരിൽ അമ്മാവൻ വച്ച് നീട്ടിയ ബീഡി പുക.പിന്നെ പലപ്രാവശ്യം അത് തിരഞ്ഞ് പോയി.
അമ്മാവൻ കാണാതെ അതെടുത്ത് ശിവയുടെ വീടിൻ്റെ ടെറസ്സിൽ കൊണ്ട് പോയി വലിക്കാൻ തുടങ്ങി.അമ്മാവൻ്റെ ബാഗിൽ നിന്നും ചില അശ്ളീല പുസ്തകങ്ങളും കിട്ടി തുടങ്ങി.
അതിലെ വർണ്ണചിത്രങ്ങൾ ഒളിച്ചു കണ്ടപ്പോളാണ് അവൾ പിറകിലൂടെ വന്നത്.
അവളുടെ വാശിക്ക് വഴങ്ങി ഒന്നിച്ച് പുസ്തകം കാണാൻ തുടങ്ങി. ഒന്നിച്ചുള്ള ക ഞ്ചാവ് പുകയുടെ അകമ്പടിയോടെ പുസ്തകത്തിലെ പേജുകൾ കണ്ടപ്പോൾ അരുതാത്തത് സംഭവിച്ചു.
ആ ബന്ധം തുടർന്ന് പോയി കൊണ്ടിരുന്നു. പതിമൂന്നുകാരിയായ ശിവ പതിനാലുകാരനിൽ നിന്നും ഗർഭിണിയായി.
അസഹ്യമായ വയറുവേദന വന്നപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.ആറുമാസം കഴിഞ്ഞിരുന്നു.രണ്ടു വീട്ടുകാരും സമൂഹത്തിന്റെ മുന്നിൽ നാണം കെട്ടു.അവനെ വീട്ടിൽ നിന്നും അടിച്ചിറക്കി.
അവളുടെ വീട്ടുകാർ ഒരു രാത്രി കൊണ്ട് അവിടം വിട്ടു.പിന്നെ അറിഞ്ഞു അവൾ ഊട്ടിയിൽ വച്ച് ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും ,അവളും മാതാപിതാക്കളും ഇന്ത്യ വിട്ടെന്നും.പിന്നെ അവരെ കുറിച്ച് യാതൊരു അറിവും ലഭിച്ചില്ല.
വീട്ടിൽ നിന്നിറങ്ങിയ ആ പതിനാലുകാരൻ പലവിധ കൂട്ടുകെട്ടിൽ പെട്ട് ,കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ജുവനൈൽ ഹോമിൽ അടയ്ക്കപെടുകയും ചെയ്തു.പിന്നെയും കുറ്റ കൃത്യങ്ങൾ തുടരുകയും ഗുണ്ടാ സംഘങ്ങളിൽ അംഗമാകുകയും ചെയ്തു.
പിന്നെ മറ്റൊന്നായി തീർന്നു അവന്റെ ജീവിതം. കള്ളക്കടത്തും പെണ്ണും ലഹരിയുമൊക്കെയായി ഒരു ജീവിതം. രണ്ടു വർഷം മുൻപ് ഒരു ലഹരി കേസിൽ അകപ്പെട്ടതോടെയാണ് ജീവിതത്തിൽ ഒരു ട്വിസ്റ്റ് സംഭവിച്ചത്.
അവനെ തേടി ഒരു ജേർണലിസ്റ്റ് ജയിലിൽ വരികയും കൊടും കുറ്റവാളികളുടെ ജീവിത സാഹചര്യങ്ങൾ പഠന വിധേയമാക്കുകയും , ഖണ്ഡശ്ശ രൂപേണ അവരുടെ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതിനെ തുടർന്ന് അയാളെ തേടി വന്നൊരു കത്ത് ശിവയുടേതായിരുന്നു.
അവളിന്ന് മറ്റൊരാളുടെ ഭാര്യയാണെന്നും അവരുടെ കുഞ്ഞു ഊട്ടിയിൽ ഒരു ദരിദ്ര കുടുംബത്തിൽ വളരുണ്ടെന്നും ,അതിനെ കണ്ടെത്തി സംരക്ഷിക്കണമെന്നും ആയിരുന്നു കത്തിലെ ആവശ്യങ്ങൾ.
ഒരിക്കലും ,തന്നെ തിരക്കി വരരുതെന്നും താൻ വല്ലാത്തൊരു ജീവിതത്തിലാണെന്നും.
രോഗത്തിനടിമയാണെന്നും ,മരിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷിക്കണമെന്നുമായിരുന്നു അഭ്യർത്ഥന.ജയിലിൽ നിന്നും പരോളിൽ ഇറങ്ങിയ അയാൾ കുഞ്ഞിനെ തിരക്കി അയാൾ അവൾ പറഞ്ഞ സ്ഥലത്ത് നടന്നു
അവിടെ അയാൾക്ക് കാണാൻ കഴിഞ്ഞത് കല്യാണ പ്രായമായ ഒരു ഇരുപതുകാരിയായ തമിഴ് പെൺകുട്ടിയെ ആണ്.അവളെ സംരക്ഷിക്കണമെന്ന ആഗ്രഹം അയാൾക്കുണ്ടായി.
താനൊരച്ഛനാണെന്നും സ്നേഹിക്കപ്പെടേണ്ടവനാണെന്നുമുള്ള തിരിച്ചറിവാണ് തിന്മയിൽ നിന്നും നന്മയിലേക്ക് അയാൾ കണ്ടെത്തിയ ദൂരം.
ഇനിയൊരിക്കലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ല എന്ന പ്രതിജ്ഞ എടുത്തു കൊണ്ടാണ് അയാൾ മടങ്ങിയത്.മടങ്ങുന്ന വഴിയിലാണ് അയാൾ കുരിശടിക്ക് മുന്നിലൂടെ നടന്നത്.
ഒരു മെഴുകുതിരി കത്തിക്കാനായി അയാളവിടെ കയറിയെന്നുള്ളത് നേരാണ്.കർത്താവിന്റെ മുന്നിലെ വഞ്ചിപെട്ടി നിറഞ്ഞു നോട്ടുകൾ പുറത്തേക്കു തള്ളി ഇരിക്കുന്നത് കണ്ടു അയാളുടെ കണ്ണ് തള്ളി.
ദൈവത്തിനെന്തിനാ പണം? എന്ന് തോന്നിയെങ്കിലും ഇനി തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പാടില്ല എന്ന് നിലപാടാണ് അയാൾ സ്വീകരിച്ചത്.
പക്ഷെ സെക്കൻഡ് ഷോ കണ്ടു മടങ്ങിയ പയ്യന്മാർ മൂത്ര മൊഴിക്കാനായി വഴിയരികിൽ ബൈക്ക് നിർത്തിയപ്പോൾ കുരിശടിയിൽ ആളനക്കം കണ്ടത്.അസമയത്ത് കുരിശടിയിൽ അയാളെ കണ്ടതാണ് സംശയത്തിന് കാരണമായത്..
പേടി തൊണ്ടന്മാരായ അവർ കൂട്ടുകാരെ വിളിച്ചുണർത്തി. എല്ലാം പെട്ടെന്നായിരുന്നു . കരുത്തന്മാരായ ഏഴെട്ടു ആൺപിള്ളേരുടെ മുന്നിൽ അയാൾ തളർന്നു പോയി.പിടി വീണു ,മർദ്ദിച്ചവശനാക്കി.
കള്ളന്റെ കഥ കേട്ട പൊലീസിന് നേരിയ നൊമ്പരം തോന്നി.അയാളോട് മകളെ സഹായിക്കാൻ വേണ്ടത് ചെയ്യാമെന്ന് വാക്ക് കൊടുത്തിരുന്നു.
പക്ഷെ വൈകി പോയിരുന്നു. മൂത്രം ശേഖരിക്കാനായി തൂക്കിയിട്ട ബാഗിൽ ചോരയുടെ അംശം ധാരാളമായി കണ്ടപ്പോഴാണ് സംഗതി കൈവിട്ടതായി തോന്നിയത്
അയാൾ ആ രാത്രി തികച്ചില്ല. കള്ളനാണെങ്കിലും അയാളൊരു മനുഷ്യനായിരുന്നു.അതിലുപരി അയാളൊരു അച്ഛനായിരുന്നു.
മരിച്ച് കഴിഞ്ഞപ്പോൾ അയാളെ കാണാൻ മകൾ വന്നു. ജന്മം കൊണ്ട് മാത്രം അച്ഛനായവനെ കാണാൻ പോലീസ് അറിയിച്ചതനുസരിച്ച് അവൾ വന്നു എന്ന് മാത്രം.
കർമ്മങ്ങൾ ചെയ്തു മടങ്ങി.കുറച്ച് പണമുൾപ്പെടെയുള്ള അയാളുടെ അവശേഷിപ്പുകൾ ഏറ്റു വാങ്ങി.നന്മ ചെയ്യാനുള്ള ഒരു അവസരം ലഭിയ്ക്കാതെ അയാൾ മടങ്ങി നിത്യതയിലേയ്ക്ക്.