എന്റെ ആന്റമാനി
(രചന: ശിവാനി കൃഷ്ണ)
മിസ്സിനെ കാണാൻ ദൃതിയിൽ ഓടി ചെന്നതും ആരുടെയോ നെഞ്ചിലിടിച്ചു താഴേക്ക് വീഴാൻ പോയി…
പെട്ടെന്ന് അയാൾ എന്നേ കൈകളിൽ താങ്ങിയതും ഞാൻ പതിയെ കണ്ണ് തുറന്നതും ചെമ്പൻ മുടിയിഴകൾ ഉള്ള ഒരു സുന്ദരൻ…. എന്റെ മുഖം ആകമാനം ഓടി നടക്കുന്ന അവന്റെ കണ്ണുകളിലെ തിളക്കം എന്റെ അടിവയറ്റിൽ മഞ്ഞു മഴ പട പടാ ന്ന് പെയ്യിച്ചു….
സാധാരണയിൽ സാധാരണ പെൺകുട്ടി ആയ പാവം ഞാൻ പയ്യെ എന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു….
കിട്ടി കിട്ടി ഉമ്മ കിട്ടി എന്നായപ്പോഴേക്കും പെട്ടെന്ന് ആരോ എന്റെ കൈകളിൽ പിടിച്ചു കുലുക്കി…”അമൃത….”
കഠിനഘടോരമായ ശബ്ദത്തിന്റെ ഉടമ ആരെന്ന് ഒരു ഞെട്ടലോടെ നോക്കിയതും എന്റെ കണ്ണിലുണ്ണിയായ ഷീജ മിസ്സ് മൂട്ടിൽ തീ ഇട്ട പോലെ കത്തി ജ്വലിച്ചു നിക്കുന്നു…. കർത്താവെ… നിനക്ക് സ്തോത്രം…
“സോ… സോറി മിസ്സ് “”എന്ത് സോറി…നിന്നോട് എന്നേ വന്നു കാണാൻ പറഞ്ഞപ്പോ ഇവിടെ നിന്ന് ഡാൻസ് കളിക്കുന്നൊ “”അത് മിസ്സേ പെട്ടെന്ന് വയറിളക്കം വന്നിട്ട്..”
“വയറിളക്കോ..””അല്ലല്ല… ഭയങ്കര വയർ വേദന മിസ്സേ..””കണ്ടിട്ട് തോന്നുന്നില്ലല്ലോ “”വയർ വേദന എങ്ങനെയാ മിസ്സേ കാണിക്കുന്നേ… periods ആയിട്ട് വേദനയാണ് മിസ്സേ… സത്യായിട്ടും ”
മ്മ് ഏറ്റു ഏറ്റു… ഹിഹി”മ്മ്… മ്മ്…””എന്താ മിസ്സേ കാണണം ന്ന് പറഞ്ഞത്..””ആ അത് പറയാം.””സംഭവം നീ വ്യാളി ആണെങ്കിലും…””മിസ്സേ …”
“അല്ല…നീ നമ്മുടെ കോളേജിൽ നല്ല പഠിക്കുന്ന കുട്ടി ആണല്ലോ “മ്മ് മ്മ് കൊള്ളാം കൊള്ളാം… പോരട്ടെ”പിന്നല്ലാതെ..”
“ആഹ്.. അപ്പോ പറഞ്ഞു വന്നത് നിങ്ങടെ ക്ലാസ്സിലേക്ക് ഒരു ന്യൂ ട്രാൻസ്ഫർ ഉണ്ട്… ഒരു അർജുൻ ഫ്രം Andaman… നാളെ എത്തും… മലയാളം ഒരുപാട് അറിയില്ല… നീ ഇനി മുതൽ അവന്റെ അടുത്ത് ഇരുന്നാൽ മതി… പിന്നെ ഇതുവരെ ഉള്ള നോട്സ് ഒക്കെ കൊടുത്തു എല്ലാം ഒന്ന് പറഞ്ഞു കൊടുക്കു…”
“മിസ്സേ… ഞാനോ “”അതേ… അവനോട് ഞാൻ നാളെ പറഞ്ഞോളാം… ഇപ്പോ പൊയ്ക്കോ””മ്മ്…”
എന്റെ അന്തോണീസ് പുണ്യാള… ഇതെന്നാ പണിയാന്നെ… ഏത് ചപ്പിയ മൂക്കൻ ആണോ ആവോ വരാൻ പോവുന്നത്… ഇംഗ്ലീഷിന്റെ ക്ഷ ഞ അറിഞ്ഞൂടാത്ത ഞാൻ അവന് പഠിപ്പിച്ചു കൊടുക്കണം പോലും.. പൊളിയാരിക്കും..
ഹുയ്യോ ഓർത്തിട്ട് തന്നെ ചിരി വരുന്നു… മ്മ് വരട്ടെ വരട്ടെ… പണി എടുപ്പിക്കാൻ ഒരാളവും… ഈ ആന്റമാനിയെ ഞാൻ എന്റെ ബംഗാളി ആകും.. അല്ല പിന്നെ…
പിറ്റേന്ന് നേരത്തെ എത്തി മിസ്സിനെ ഒന്ന് മുഖം കാണിച്ചു ക്ലാസ്സിൽ വന്നപ്പോ മുൻ നിരയിൽ തന്നെ ഇരുപ്പുണ്ട്.. തെണ്ടി… എന്നെ കൂടെ ഇല്ലാതാക്കാൻ… പോയിരുന്നപ്പോ മുഖത്തു നോക്കി ഒരു അളിഞ്ഞ ചിരി..
ഞാനും ഒന്ന് ഇളിച്ചു കൊടുത്തു…”ആം അർജുൻ.. ആൻഡ് യു?””അമൃത.. എല്ലാരും അമ്മു ന്ന് വിളിക്കും “”വാട്ട്?”ഓ ഈ ശവത്തിന് മലയാളം അറിയില്ലല്ലോ…”യു ക്യാൻ കാൾ മി അമ്മു “”അമ്മു… ഓക്കേ “”മ്മ് മ്മ്…”
പിന്നങ്ങോട്ട് അവന്റെ ഒലക്കമേല ഡൌട്ട്സ് കേട്ട് പ്രാന്തായിട്ട് ഗാർഡനിൽ ന്ന് പോയി രണ്ട് ചെമ്പരത്തി പറിച്ചു ചെവിയിൽ വെയ്ക്കാൻ തോന്നി… മാടമ്പള്ളിയിലെ ആ ചിത്തരോഗി ഇല്ലേ.. അതിവനാണ് തെണ്ടി…
പക്ഷേ ഒരു കാര്യമുണ്ട്… ചെറുക്കൻ കൊള്ളാം…എന്റെ സൗന്ദര്യത്തിന് ഇവൻ പോരാ എങ്കിലും .. കുഴപ്പമില്ല adjust ചെയ്യാം.. എനിക്ക് പിന്നെ വല്യ അത്യാഗ്രഹം ഒന്നും ഇല്ലാത്തോണ്ട് കുഴപ്പമില്ല…
അങ്ങനെ സന്മനസ്സ് ഉള്ളവളായ ഈ പാവം അമൃത മോൾ അവനൊരു ജീവിതം കൊടുക്കാൻ തയ്യാറായി സൂർത്തുക്കളെ… ഭാവിയിൽ എന്റെ കെട്ട്യോൻ ആവുമ്പൊ ജോലി വേണ്ടേ…
ജോലി വേണോങ്കി പഠിക്കണ്ടേ… അതോണ്ട് ഒരു നോട്ട് പോലും വിടാതെ എല്ലാം ഞാൻ ക്ലാസ്സ് കഴിഞ്ഞു എന്നും വൈകുന്നേരം കുളിക്ക പോലും ചെയ്യാതെ ഓന് പറഞ്ഞു കൊടുത്തു…
അങ്ങനെ എത്ര എത്ര വൈകുന്നേരങ്ങളാണ് എന്റെ തക്കട കുടത്തിനു വേണ്ടി ഞാൻ ചിലവാക്കിയത്… അത് മാത്രമോ മനോഹരമായ എന്റെ ഉറക്കം കളഞ്ഞു എത്ര രാത്രികൾ കുത്തിയിരുന്ന് ഞാൻ അവന് നോട്സ് കംപ്ലീറ്റ് ആക്കി കൊടുത്തു… എന്താ കാര്യം… സ്നേഹം… വെറും സ്നേഹം…
ഒരു ദിവസം വാകമരച്ചുവട്ടിൽ ഇരുന്നു അങ്ങനെ പഠിക്കുമ്പോ പെട്ടെന്ന് അവൻ എന്റെ മുടിയിൽ കൈ വെച്ചു… ഞാൻ അങ്ങ് കിടുങ്ങീട്ടും കുടുങ്ങീട്ടും വല്ലാണ്ടായി പോയി…
ഈ ചെക്കന്റെ ഒരു കാര്യം പോ അവിടന്ന് എന്ന് പറഞ്ഞു ഇരിക്കുമ്പോ ദേ ഒരു ഒണക്ക ഇല്ല മുടീന്ന് എടുത്തു കളയുന്നു… ശേ കൊളമാക്കി…. എങ്കിലും അവന്റെ ആ പുഞ്ചിരി… ഓഹ് മൈ ഗോഡ് ഐ ആം ഫാളിങ്….
പിന്നീടൊരിക്കൽ ഫുഡ് കഴിക്കുമ്പോൾ അവന്റെ ബിരിയാണി ന്ന് ഒരു ചിക്കൻ കാൽ ഇങ്ങട് എടുത്തു എന്റേതിലേക്ക് വെച്ചു… ഹയ്യമ്മ…അതെനിക്ക് ഇഷ്ടായി…. ഇങ്ങനെ ഒരു ചെക്കനെ ആണ് ഞാനും ആഗ്രഹിച്ചത്…മൈ ച്വീറ്റി… കുക്കുടൂസ് …
അങ്ങനെ അന്നൊരുന്നാളിൽ ഓനോടുള്ള അനുരാഗം പൂ പോലെ എന്നെ തഴുകി കടന്നു പോയി…
കരി വാരി തേച്ച എൻ കണ്ണുകൾ പിടയാതെ പിടഞ്ഞു തുടങ്ങി… ആർക്ക് വേണ്ടി… ഓന് വേണ്ടി…മിഴികളിലിൽ കുറുകിയ പ്രണയമാം പ്രാവിന് ഓന്റെ മുഖമായിരുന്നു…
സ്വപ്നങ്ങൾ നെയ്തു കൂട്ടി കൂട്ടി ഒരു ദിവസം കുളിച്ചൊരുങ്ങി ഞാൻ അങ്ങട് ചെന്നു… പൊന്നേ തേനേ കരളേ… അർജുട്ടാ ഐ ലവ് യു.. അയ്യേ അത് വേണ്ട… അർജുൻ… ഐ ആം ഇൻ ലവ് വിത്ത് യു….. ശേ.. ശരി ആവുന്നില്ലല്ലോ… ആ വരുന്ന പോലെ പറയാം…
അന്നാദ്യമായി ഞാൻ കുളിച്ചു… സങ്കടം ഇൻഡ്.. എങ്കിലും ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലേ…..
അങ്ങനെ ചാടി തുള്ളി കോളേജിൽ ചെന്നപ്പോ ദേ എന്റെ അർജുന്റെ കൂടെ ഒരു വെള്ളക്കാരി… ഈശ്വര ഇതേതാ ഈ കുരിശ്…കാണാൻ കൊള്ളാല്ലോ…
“അർജുൻ…””അമ്മു… ഹൈ… “”Who is this?””ആഹ് അമ്മു… ദിസ് ഈസ് റോബി… മൈ girlfriend”പൊട്ടനായിരുന്നു ഞാൻ പാട്ട് പാടാനാറിയാതെ… ആട്ടമാടാനറിയാതെ…
“ആൻഡ് റോബി… ദിസ് ഈസ് അമ്മു… മൈ കോളജ് മേറ്റ് “പ്ഫാ… കോളജ് മേറ്റ് അല്ലടാ കോൾഗേറ്റ്…. പഴംവിഴുങ്ങി മപ്പോസ്സേ… അവന്റെ ഒരു റോബി… ബൗ ബൗ ബൗ ബൗ… വിളിക്ക്… ഓടി വരും. ഹും”ഹായ് അമ്മു ”
ഒന്ന് ചിരിച്ചെന്ന് വരുത്തി തിരിഞ്ഞു നടന്ന എന്റെ കണ്ണുകളിലെ വേദന നിങ്ങൾ കാണുന്നില്ലേ…പുതച്ചു മൂടി ഉറങ്ങേണ്ട എന്റെ രാത്രികൾ… വായിനോക്കി നടന്നിരുന്ന എന്റെ വൈകുന്നേരങ്ങൾ…എത്ര എത്ര കളക്ഷൻ എടുക്കേണ്ട സമയം ആ മണുക്കൂസ് കാരണം ഇല്ലാണ്ടായത് ന്റെ കൃഷ്ണ..
അതൊക്കെ പോട്ടെ…. ഇന്ന് രാവിലെ ഞാൻ കുളിച്ചു… അതും രണ്ട് ബക്കറ്റ് വെള്ളമാണ് വേസ്റ്റ് ആക്കിയത്..ചങ്ക് പൊട്ടി പോയി ന്റെ…എന്നാലും എന്റെ ഷീജ മിസ്സേ എന്നോട് ഇത് വേണ്ടാരുന്നു..
മിഴികളിലെ പ്രാവൊക്കെ കരിഞ്ഞോണങ്ങി കാക്കയായി പറന്നും പോയി…ഈ വേദനയും വെച്ച് ഞാൻ എങ്ങനെ ക്ലാസിൽ പോകും… നേരെ കാന്റീനിലേക്ക് വിട്ടു… നല്ല തണുത്ത ഒരു kitkat ഷേക്ക് വിത്ത് ഐസ്ക്രീം കുടിക്കണം…