എന്റെ കൂടെ കുറച്ച് കൂടെ കിടക്കുന്നുണ്ടോ അയാളൊരു വഷളൻ ചിരിയോടെ ചോദിച്ചു. ഇല്ലാ അവൾ പതിയെ പറഞ്ഞു.ഉം…

കാത്തിരുപ്പ്
രചന: അഞ്ചു തങ്കച്ചൻ

ചാരുലത പതിയെ തിരിഞ്ഞു നോക്കി.ഭർത്താവ് മനു തൊട്ടടുത്ത് സുഖനിദ്രയിലാണ്.

അവൾ കട്ടിലിനരുകിൽ വച്ച മൊബൈൽ എടുത്തു സമയം നോക്കി.സമയം മൂന്ന് മണി ആയി.

ഉറക്കം ഇല്ലാതായിട്ടു കാലങ്ങളായിരിക്കുന്നു.നേരം ഒന്ന് പുലരുവാനായുള്ള കാത്തിരിപ്പു വല്ലാതെ മുഷിച്ചിൽ ഉണ്ടാക്കിയപ്പോൾ ചാരുലത എഴുന്നേറ്റു,

അവൾ പതിയെ ജനാലകൾ തുറന്നിട്ടു, നീലനിലാവിന്റെ പുതപ്പിനുള്ളിൽ പ്രകൃതി ശാന്തമായ് ഉറങ്ങുകയാണ്. അവൾ കുറേ നേരം അതേ നിൽപ്പ് തുടർന്നു. ഇരുളിന്റെ മറ പറ്റി നടക്കുന്ന കള്ളനെ പോലെ, എങ്ങു നിന്നോ ഒളിച്ചു വന്ന കള്ളക്കാറ്റ് മേലാസകലം കുളിർ പകർന്നിട്ടും അവൾ അതേ നിൽപ്പ് തുടർന്നു.

നീ ഉറങ്ങുന്നില്ലേ ചാരൂ എന്ന ഭർത്താവിന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടി വിറച്ചു.

എനിക്ക് ഉറക്കം വന്നില്ല,അതുകൊണ്ട് അടുക്കളയിലേക്ക് പോകാൻ തുടങ്ങുവാരുന്നു.അവൾ പറഞ്ഞു.

ആ ജനൽ അടച്ചിട്ടു പോ,നല്ല തണുപ്പുണ്ട്.
അതോ എന്റെ കൂടെ കുറച്ച് കൂടെ കിടക്കുന്നുണ്ടോ അയാളൊരു വഷളൻ ചിരിയോടെ ചോദിച്ചു.

ഇല്ലാ അവൾ പതിയെ പറഞ്ഞു.ഉം… അയാൾ ഒന്ന് അമർത്തി മൂളി.അവൾ അടുക്കളയിലേക്ക് നടന്നു.

ചായയ്ക്കുള്ള വെള്ളം വച്ചപ്പോഴേക്കും അമ്മയും വന്നു.അമ്മഎന്തിനാ ഇത്ര നേരത്തെ ഉണർന്നത് പനിയുടെ ക്ഷീണം മുഖത്ത് നിന്ന് ഇനിയും മാറിയിട്ടില്ല.അവൾ സ്നേഹത്തോടെ ശകാരിച്ചു

മോൾ രാവിലെ ഉണർന്നു ഇങ്ങനെ കഷ്ടപ്പെടുന്നത് കണ്ടുകൊണ്ട് ഞാനെങ്ങനെ കിടന്നുറങ്ങാനാണ്.അതൊന്നും കുഴപ്പമില്ല അമ്മേ.

ഇവിടത്തെ ജോലിയെല്ലാം കഴിഞ്ഞ് നീ ഒന്നും കഴിക്കാതെ കോളേജിലേക്ക് ഓടുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്, കുട്ടികളെ പഠിപ്പിക്കുന്നതിൽ മാത്രം ശ്രെദ്ധിച്ചാൽ പോരാ, സ്വന്തം ആരോഗ്യം കൂടി നോക്കണം.

അമ്മയും അവളെ സഹായിക്കാൻ തുടങ്ങി.വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായി, ഇത്ര നല്ലൊരു അമ്മയെ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം.

ഒൻപത് മണിക്ക് കോളേജിലെത്തണം. അതിനു മുൻപേ പണിയെല്ലാം ഒതുക്കണം.

കൃത്യം അഞ്ചുമണിക്ക് തന്നെ ഭർത്താവായ മനുവേട്ടനെ വിളിച്ചുണർത്തി ചൂടോടെ ചായ കൊടുത്തില്ലെങ്കിൽ തന്നോട് ദേഷ്യപ്പെടും. അവൾ ചായയുമായ് മുറിയിലേക്ക് നടന്നു.മനു അപ്പോഴും ശാന്തനായി ഉറങ്ങുകയായിരുന്നു.

മനുവേട്ടാ… അവൾ പേടിയോടെ അയാളെ കുലുക്കി വിളിച്ചു.
പെട്ടെന്നയാൾ എഴുന്നേറ്റു, അവളുടെ കയ്യിൽ നിന്നും ചൂടുചായ മേടിക്കുമ്പോൾ അവളുടെ കൈകൾ വിറക്കുന്നത് കണ്ട് അയാൾ പുഞ്ചിരിച്ചു.
ചാരുലത അയാളുടെ മുഖത്തേക്ക് നോക്കി ഇന്നലെ നടന്നതെല്ലാം മറന്നുപോയി എന്ന മട്ടിൽ അയാൾ ചായ കുടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.

അയാൾ സ്നേഹത്തോടെ അവളെ തന്നിലേക്കടിപ്പിച്ചു, ഇനിമുതൽ നീ സാരി ധരിക്കണ്ട കേട്ടോ ചുരിദാർ മതി. അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു കൊണ്ട് അയാൾ മുറിവിട്ടിറങ്ങി

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു തനിക്കീ ലോകത്തിലെ ഏറ്റവും ഭയമുള്ള സ്ഥലം ഈ മുറിയാണ്.

വിവാഹം കഴിഞ്ഞതിന് മുതൽക്കാണ് ഇരുട്ടിനെ താൻ പേടിച്ചു തുടങ്ങിയത്.
അപ്പോഴാണ് ഭർത്താവ് തന്നെ പൂച്ചക്കുഞ്ഞിനെ പോലെ പൊക്കിയെടുത്ത് , തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്ത്

നിർത്തുന്നത് , താൻ ശ്വാസംകിട്ടാതെ പിടയുന്നത് കാണുവാൻ മനുവേട്ടന് വല്ലാത്ത ഇഷ്ടമായിരുന്നു. നിറഞ്ഞൊഴുകുന്ന നിന്റെ കണ്ണുകളിൽ ചുംബിക്കുന്നതാണ് എനിക്കിഷ്ടം എന്ന് അയാൾ പറയും.

തന്റെ പാദങ്ങൾ നിലത്തുസ്പർശിക്കാൻ കഴിയാതെ പിടയുന്നത് കണ്ട് അയാൾ ആർത്തു ചിരിക്കും. തന്റെ നീണ്ട മുടിയിഴകളിൽ ചുറ്റിപ്പിടിച്ചു കൊണ്ട് തന്നെ വട്ടം ചുറ്റുമ്പോൾ ആ കണ്ണുകളിൽ ഒരു ചെന്നായയുടെ ക്രൗര്യം നിറഞ്ഞ് നിൽക്കും.

വെളുത്ത അണിവയറിലെ സ്വർണ്ണ രോമങ്ങൾ പിഴുതു എടുക്കുന്നതായിരുന്നു അയാളുടെ മറ്റൊരു വിനോദം. അയാളുടെ ക്രൂരതയാൽ പാടുകൾ നിറഞ്ഞ തന്റെ ഉടൽ മറ്റാരും കാണാതെ ഇരിക്കാനാവണം സാരി ഉടുക്കെണ്ട എന്ന് പറഞ്ഞത്.

താൻ മറ്റൊരു പുരുഷനോടും മിണ്ടുന്നത് മനുവേട്ടന് ഇഷ്ട്ടമല്ലായിരുന്നു. വല്ലാത്ത സംശയരോഗം മനുവേട്ടനിൽ ഉള്ളതുകൊണ്ട് തന്നെ അയൽവക്കത്തുള്ളവരോട് പോലും താൻ മിണ്ടാറില്ല.

ചാരു….. നീ എന്താലോചിച്ചോണ്ടിരിക്കുകയാണ്?
നിനക്ക് കോളേജിൽ പോകേണ്ടതല്ലേ? ഇങ്ങനിരുന്നാൽ മതിയോ? എനിക്കിന്ന് നേരത്തെ ഓഫീസിൽ പോണം, വേഗം വന്ന് ബ്രേക്ഫാസ്റ്റ് എടുത്ത് വയ്ക്കു…

അയാൾ അവളുടെ അടുത്തു നിൽക്കുമ്പോഴെല്ലാം അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

ചാരു……… അമ്മയുടെ ശബ്ദമാണ്.അവൾ താഴേക്കു ഇറങ്ങി ചെന്നു.ബ്രേക്ക്ഫാസ്റ്റ് എടുത്തു ടേബിളിൽ വച്ചപ്പോഴേക്കും മനുവും ഇറങ്ങി വന്നു.

നീ മനുവിന്റെ കൂടെ ഇരുന്ന് കഴിക്ക്. അല്ലെങ്കിൽ നീ ഒന്നും കഴിക്കാതെ കോളേജിലേക്ക് ഓടും അതല്ലേ നിന്റെ പതിവ്? ഇന്ന് ഞാൻ വിളമ്പിതരാം.
അമ്മ അവളെ നിർബന്ധമായി പിടിച്ചിരുത്തി.

വിശപ്പില്ലാതെ ആയിട്ട് നാളുകളായി. ജീവൻ നിലനിർത്താൻ വേണ്ടി മാത്രം എന്തെങ്കിലും കഴിക്കുന്നതാണ് പതിവ്.ചാരുലത ഭക്ഷണം കഴിച്ചു തുടങ്ങി

ഇതെന്താ ചാരു നീ കുട്ടികളെപ്പോലെ ഇത്തിരിയാണോ കഴിക്കൂ…. അയാൾ ചപ്പാത്തി കറിയിൽ മുക്കി അവളുടെ വായിലേക്ക് നീട്ടി.

ദേവകി ടീച്ചർ എന്ന അയാളുടെ അമ്മ ചെറുപുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.
ചാരുവിനെ കഴിപ്പിച്ചതിന് ശേഷമാണ് അയാൾ കഴിച്ചു തുടങ്ങിയത്.
അവൾ വേഗം എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അയാൾ അടുത്തിരിക്കുന്ന ഓരോ നിമിഷവും തനിക്ക് ഭയമാണ്.
കോളേജ് ആണ് തന്റെ ലോകം കുട്ടികളുടെ പ്രിയപ്പെട്ട ചാരുലത ടീച്ചർ ആയി അവരുടെ മുന്നിൽ നിൽക്കുമ്പോഴാണ് താൻ എല്ലാം മറക്കുന്നത്.

ഓരോ ദിവസവും രാത്രി ആകാതിരിക്കാനുള്ള പ്രാർത്ഥനയാണ്. രാത്രിയായാൽ നേരം പുലരാൻ ഉള്ള കാത്തിരിപ്പാണ്.

ചാരു…. വേഗം റെഡി ആകാൻ നോക്ക്, അവൻ ഓഫീസിൽ പോകുമ്പോൾ കോളേജിൽ നിന്നെ ഇറക്കും,

വേണ്ടമ്മേ… ഞാൻ ബസ്സിൽ പൊക്കോളാം എനിക്ക് കുറച്ചു ജോലി കൂടി ചെയ്തു തീർക്കാനുണ്ട്.

ബാക്കിയൊക്കെ ഞാൻ ചെയ്തോളാം ചാരു… നീ പോയി റെഡി ആകാൻ നോക്ക്.അവൾ വരുന്നതുവരെ മനു അവളെ കാത്തിരിക്കുകയായിരുന്നു. അവൾ ഇറങ്ങി വരുന്നത് അയാൾ നോക്കി നിന്നു.

വയലറ്റ് നിറമുള്ള ചുരിദാർ ആണ് വേഷം, വെളുത്ത മുഖത്ത് ചെറിയ പൊട്ടുവച്ചിട്ടുണ്ട്, ഇളം ചുവപ്പാർന്ന അധരങ്ങൾ. വീണ്ടും വീണ്ടും നോക്കി ഇരിക്കാൻ തോന്നുന്ന സൗന്ദര്യമാണ് അവളുടേത്.
അയാളുടെ ചുണ്ടിൽ ഗൂഢമായ ഒരുചെറുപുഞ്ചിരി തത്തികളിക്കുന്നുണ്ടായിരുന്നു.

ചാരുലത യാന്ത്രികമായി വണ്ടിയിൽ കയറി. യാത്രയിലുടനീളം അയാൾ സംസാരിച്ചുകൊണ്ടിരുന്നു.
കോളേജിന് മുന്നിൽ ഇറക്കുമ്പോൾ കുട്ടികളും തന്റെ സഹപ്രവർത്തകരും ഒക്കെ തന്നെ നോക്കുന്നത് ചാരുലത ശ്രദ്ധിച്ചു.

ചാരു.. നീ എന്തു ഭാഗ്യവതിയാണ് കൂട്ടുകാരിയായ ശാലിനി പറഞ്ഞു, എന്ത് സ്നേഹമാണ് നിന്റെ ഭർത്താവിന് നിന്നോട്, ഇത്രയും സുന്ദരനായ ഒരാളെയല്ലേ നിനക്ക് കിട്ടിയത്.അത് മാത്രമാണോ, നിങ്ങളുടെ കമ്പനിയിൽ

ആണ് എന്റെ ഭർത്താവ് ജോലി ചെയ്യുന്നത് അദ്ദേഹത്തിനു മനുവിനെ കുറിച്ച് പറയുവാനെ നേരമുള്ളൂ. ഇത്രക്കും നല്ല മനുഷ്യനെ ഇന്നത്തെ കാലത്തും കാണാൻ കഴിയുമല്ലോ എന്ന് പറയും.ജോലിക്കാരോടെല്ലാം നല്ല സ്നേഹമാണ് മനുവിന്.

ചാരുലത പുഞ്ചിരിച്ചു.വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോഴാണ് മലയാളം അധ്യാപകനായ നന്ദൻ മാഷ് ഒപ്പം എത്തിയത്.

ചാരുലത ടീച്ചറുടെ വീട്ടിൽ എത്ര വണ്ടിയാണ് ഉള്ളത്, എന്നിട്ടും എന്തിനാ ഇങ്ങനെ ബസിൽ യാത്ര ചെയ്യുന്നത്?എനിക്ക് ഡ്രൈവിംഗ് അറിയില്ല, ചാരുലത ചമ്മലോടെ പറഞ്ഞു.ഓഹോ.

വളരെ വിനയത്തോടെ സംസാരിക്കുന്ന ഒരാളായിരുന്നു നന്ദൻ മാഷ്, ഇടവേളകളിൽ കോളേജിനു മുന്നിലെ അത്തിമരത്തിന് ചുവട്ടിൽ നിന്ന് ആരും കാണാതെ സിഗരറ്റ് വലിക്കുന്നത് ഒന്ന് രണ്ടുവട്ടം താൻ ശ്രദ്ധിച്ചിട്ടുണ്ട്.

കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാഷാണ് നന്ദൻ മാഷ്. എഴുത്തുകാരനായ നന്ദൻ മാഷിനോട് എല്ലാവർക്കും വലിയ ബഹുമാനവും ആരാധനയും ആണ്. ചിലപ്പോഴെല്ലാം കോളേജിന് മുന്നിലെ പടർന്നുപന്തലിച്ച ഗുൽമോഹർ ചുവട്ടിൽ ഇരുന്നു കൊണ്ട് അയാൾ എന്തെങ്കിലും കുത്തിക്കുറിക്കുന്നത് കാണാം.

ഞാൻ പോവാണ് മാഷേ, എനിക്കു പോവാനുള്ള ബസ് വന്നു. അവൾ യാത്ര പറഞ്ഞു ധൃതിയിൽ നടന്നു.

ചാരുലത അമ്മയ്ക്കുള്ള മരുന്നുമായി മുറിയിലേക്ക് നടന്നു. ദേവകി പതിയെ മയങ്ങി തുടങ്ങിയിരുന്നു.
അമ്മേ… മരുന്നുകഴിച്ചില്ലായിരുന്നല്ലോ…. എഴുന്നേറ്റെ, മരുന്ന് കഴിച്ചിട്ടു കിടക്കാം.

ഓഹ്… ഞാനത് മറന്നു മോളെ.മനു വന്നോ?ഉം. വന്നു.ഭക്ഷണം കഴിച്ചോ നിങ്ങള്?കഴിച്ചു.

എന്നാ പോയി കിടക്കാൻ നോക്ക് മോളെ, മരുന്ന് ഇങ്ങു തന്നാൽ മതി ഞാൻ കഴിച്ചോളാം.

രണ്ടു അറ്റാക്ക് കഴിഞ്ഞ ആളാണ് അമ്മ. മരുന്ന് കഴിക്കാൻ അമ്മ ഇടക്കെല്ലാം മറക്കും. അതുകൊണ്ട് താനാണ് മരുന്ന് എടുത്തു കൊടുക്കുന്നത്.

ഞാൻ അമ്മയുടെ കൂടെ കിടക്കാം രാത്രിയിൽ വല്ല ബുദ്ധിമുട്ടും ഉണ്ടായാലോഇല്ല മോളെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം, മോള് പൊയ്ക്കോ.

അമ്മ അവളുടെ നിറുകയിൽ വാത്സല്യത്തോടെ മുകർന്നു.അവൾ മുറിയിലേക്ക് നടന്നു കാലുകൾ രണ്ടും ഭാരം കൂടിയത് പോലെ, അതോ ഭൂമി കറങ്ങുന്നുണ്ടോ? അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി. മനു കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ എഴുന്നേറ്റ് വന്ന് വാതിൽ കുറ്റിയിട്ടു.

ചാരു…..അയാൾ സ്നേഹത്തോടെ വിളിച്ചു. അയാൾ അവളുടെ മുഖത്തേക്ക് നോക്കി പേടി കൊണ്ട് അവളെ വിറച്ചുതുടങ്ങിയിരുന്നു.

എന്തിനാ നീ ഇങ്ങനെ പേടിക്കുന്നത്?പേടിയൊന്നുമില്ല മനുവേട്ടാ.. അവൾ നേർത്ത വിറയലോടെ പറഞ്ഞു.

ആരായിരുന്നു ഇന്ന് ബസ് സ്റ്റാൻഡ് വരെ നിന്റെ കൂടെ ഉണ്ടായിരുന്നത്?ചാരു ഞെട്ടലോടെ അയാളെ നോക്കി.

അത് കോളേജിലെ നന്ദൻ മാഷാണ്. ഞാൻ ബസ്സു കയറാനായി പോയപ്പോൾ എന്റെ ഒപ്പം വന്നതാണ്.

അയാൾ പുഞ്ചിരിച്ചു.നന്ദൻ മാഷ് നല്ല സുന്ദരൻ ആണല്ലോ, നല്ല കട്ട താടിയും മീശയും. അയാൾ തെല്ലുറക്കെ പറഞ്ഞു.

ചാരുവിനു താനിപ്പോൾ താഴേക്ക് വീഴും എന്ന് തോന്നി.
അവൾ അയാളുടെ മുഖത്തേക്ക് നോക്കി, അയാളുടെ കവിളുകൾ ദേഷ്യം കൊണ്ടു ചുവന്നിട്ടുണ്ട്. അയാൾ അവളുടെ നീണ്ട മുടിയിൽ പിടിച്ചു ചുറ്റിച്ചു, അയാളുടെ ബലിഷ്ടമായ കരങ്ങൾ അവളുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ വീഴ്ത്തിക്കൊണ്ടിരുന്നു.

ഇനി നിന്നെ ആരുടെയും കൂടെ കാണരുത് അയാൾ അവളെ തറയിലേക്ക്തൊഴിച്ചെറിഞ്ഞു.

ഒരുതെറ്റും ചെയ്യാത്ത തന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി ചതക്കുന്നതിനേക്കാൾ നല്ലത്, കൊല്ലുന്നതല്ലേ എന്നോർത്ത് കൊണ്ട് അവൾ വെറും തറയിൽ കിടന്നു.

നാട്ടുകാരും ബന്ധുക്കളുമെല്ലാം അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യമാണ് തന്റേത്.
മനുവേട്ടൻ തന്നെ കൊണ്ടു നടക്കുന്നത് കണ്ടു കൂട്ടുകാരികൾ പോലും അസൂയപ്പെടാറുണ്ട്

ആർക്കും തന്റെ വിഷമങ്ങൾ അറിയില്ല.
ഒരുപാട് വട്ടം തന്റെ വീട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് തോന്നിയതാണ്,
പക്ഷേ അച്ഛനോട് തന്റെ ദുരിതങ്ങൾ പറയാൻ തനിക്ക് മനസ്സ് വന്നില്ല,

ജപ്തിആയിപ്പോയ തന്റെ വീട് തിരിച്ചെടുത്ത് തന്നത് മനുവേട്ടൻ ആണ്, കൂടാതെ മുപ്പത്തിയഞ്ചു വയസ് തികഞ്ഞിട്ടും പൊന്നും പണവും ഇല്ലാത്തത്തിന്റെ പേരിൽ വിവാഹം

നടക്കാത്ത തന്റെ ചേച്ചിയുടെ കല്യാണം നടത്തി തന്നതും, അനിയനെ മെഡിസിന് പഠിപ്പിക്കുന്നതും മനുവേട്ടനാണ്. അച്ഛനും സഹോദരങ്ങൾക്കും മനുവേട്ടൻ കൺകണ്ട ദൈവമാണ്.

ഇത്ര നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ നീ ഒരുപാട് ഭാഗ്യവതിയാണ് എന്ന് അച്ഛൻഎപ്പോഴും പറയും.
അപ്പോഴെല്ലാം ആ വൃദ്ധ നയനങ്ങളിലെ തിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്.

തന്നെക്കുറിച്ച് ഓർത്തു വിഷമിക്കാതെ ഇരിക്കട്ടെ എന്ന് കരുതി താനൊന്നും അച്ഛനോടു പറഞ്ഞില്ല.

ജപ്തി ചെയ്ത വീടിനു മുന്നിൽ, ജീവിക്കാൻ ഒരു നിർവാഹവും ഇല്ലാതെ,
മൂന്നു മക്കളും ആയി ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാർഗവും കാണാതെ ഇരുന്ന അച്ഛന്റെ മുന്നിലേക്കാണ്, ചാരുലതയെ വിവാഹം ചെയ്തു കൊടുക്കാമോ എന്ന് ചോദിച്ചു കൊണ്ട് മനുവേട്ടൻ കടന്നുവന്നത്.

നാട്ടുകാരും ബന്ധുക്കളുമെല്ലാം അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യമാണ് തന്റേത്.
മനുവേട്ടൻ തന്നെ കൊണ്ടു നടക്കുന്നത് കണ്ടു കൂട്ടുകാരികൾ പോലും അസൂയപ്പെടാറുണ്ട്.

ഒരിക്കൽ സ്റ്റാഫ്റൂമിൽ ഇരിക്കുന്ന ചാരുലതയുടെ അടുത്തേക്ക് നന്ദൻ കടന്നുവന്നു.
ടീച്ചറു പേടിക്കണ്ട, ഞാൻ ഇനി തനിക്കൊപ്പം വരുന്നില്ല അയാൾ പറഞ്ഞു.

ചാരുലത അയാൾ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ അയാളെ തുറിച്ചുനോക്കി.

അന്ന് തനിക്കൊപ്പം ബസ്സ്റ്റാൻഡ് വരെ ഞാൻ വന്ന ആ ദിവസം, തന്റെ ഭർത്താവ് എന്നെ കാണാൻ വന്നിരുന്നു. എന്നെ വന്നു പരിചയപ്പെട്ടു. എത്ര നല്ലവനാണ്, നല്ല പെരുമാറ്റം.

പക്ഷേ പിറ്റേന്ന് ടീച്ചറെ കണ്ടപ്പോൾ എനിക്ക് കാര്യങ്ങൾ മനസ്സിലായി, ടീച്ചറുടെ കൈയിലെ നീലിച്ച പാടുകൾ തല്ലു കിട്ടിയതിന്റെ ആണെന്ന് ഒറ്റനോട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു, സ്റ്റാഫ് റൂമിൽഇരുന്നു ടീച്ചർ കരയുന്നതും ഞാൻ കണ്ടിരുന്നു.

അവൾ നന്ദന്റെ മുഖത്തു നിന്നും കണ്ണുകൾ പിൻവലിച്ചു, അല്ലെങ്കിൽ തന്നെ, കണ്ണിൽ നോക്കി മനസ്സ് വായിച്ചറിയുന്ന ആളാണ് നന്ദൻ എന്ന് എല്ലാരും പറയാറുണ്ട്.

അവൾ ഒന്നും പറയാതെ പതിയെ പുഞ്ചിരിച്ചു.ഒന്നും പറയാതെ തന്നെ നന്ദൻ എല്ലാം മനസിലാക്കി, പിന്നീടെപ്പോഴോ സൗഹൃദത്തിന്റെ വാതിലുകൾ അയാൾ എനിക്കു മുന്നിൽ തുറന്നിട്ടു.

പതിയെ പതിയെ നന്ദനോടൊപ്പം ഇരിക്കുമ്പോൾ ദുഃഖങ്ങളെ താൻ മറന്നു തുടങ്ങി.
ചിലപ്പോഴെല്ലാം വൈകുന്നേരങ്ങളിൽ കോളേജിനു മുന്നിലെ ഗുൽമോഹർ ചുവട്ടിലിരുന്ന് അയാൾ എനിക്ക് കവിതകൾ പാടി തന്നു.

നന്ദൻ ഒത്തിരി സംസാരിക്കുന്ന ആൾ ആയിരുന്നു.
പറയുന്നത് അധികവും നന്ദന്റെ മുറപ്പെണ്ണ് മായയെക്കുറിച്ച് ആയിരുന്നു.ഒരിക്കൽപോലും നന്ദൻ തന്റെ കാര്യങ്ങൾ ചോദിച്ച് തന്നെ വിഷമിപ്പിച്ചിട്ടില്ല.

ചിലപ്പോഴെല്ലാം താൻ സങ്കടം സഹിക്കാൻ വയ്യാതെ വരുമ്പോൾ നന്ദന്റെ ചുമലിലേക്ക് തല ചേർത്ത് വയ്ക്കാറുണ്ട്. ഒന്നും മിണ്ടാതെ നിമിഷങ്ങൾ കഴിയുമ്പോൾ നന്ദൻ പറയും ജീവിതം ഒന്നേയുള്ളൂ അതിങ്ങനെ നശിപ്പിക്കരുതെന്ന് .

ഞാൻ മിക്കവാറും ദിവസങ്ങളിൽ നന്ദനോട് വഴക്കുണ്ടാക്കും, ചില ദിവസങ്ങളിൽ മിണ്ടാതെയിരിക്കും, നന്ദനറിയാം ഞാൻ എന്റെ ദേഷ്യവും, പിണക്കവും, സ്നേഹവും എല്ലാം ഇറക്കി വയ്ക്കുന്നത് നന്ദനിൽ ആണെന്ന്.

ഞാൻ എത്ര ദേഷ്യപ്പെട്ടാലും നേർത്ത പുഞ്ചിരിയോടെ നന്ദൻ തന്റെ മുഖത്തേക്ക് നോക്കിയിരിക്കും.

അന്ന് നേർത്ത മഴ പൊടിഞ്ഞ ദിവസം ആയിരുന്നു. മഴ മാറാൻ കാത്തു നിന്ന തന്റെ അരികിലേക്ക് നിറഞ്ഞ ചിരിയുമായി നന്ദൻ കടന്നുവന്നു. സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന കല്യാണക്കുറി തന്റെ കയ്യിൽ തന്നിട്ട് കല്യാണത്തിന് ചാരു തീർച്ചയായും വരണം എന്ന് പറഞ്ഞു തന്റെ അരികിലിരുന്നു,

അന്നും നന്ദൻ ഒരുപാട് സംസാരിച്ചു. നന്ദൻ ഇടയ്ക്കെല്ലാം ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടെന്നും, അത്തരം യാത്രയിലാണ് കഥയും കവിതയും തന്റെ മനസ്സിൽ ഉരുത്തിരിയുന്നത് എന്നും പറഞ്ഞു.

അന്ന് ആ വൈകുന്നേരം അയാൾ എന്നെ ചൊല്ലികേൾപ്പിച്ച കവിത “ജമന്തി പൂക്കൾ ചൂടിയ സുന്ദരിയായ കാമുകിയെ കുറിച്ചുള്ള വർണ്ണങ്ങൾ ആയിരുന്നു “അത് മുറപ്പെണ്ണായ മായയെക്കുറിച്ച് ആണെന്നും അവൾ തലയിൽ ജമന്തിപ്പൂക്കൾ ചൂടാറുണ്ട്, അവൾക്ക്

ജമന്തി പൂക്കളുടെ മണമാണെന്നും അയാൾ പറഞ്ഞു. മായയെ കുറിച്ച് കേട്ട് കേട്ട് മായ എന്റെ ആരോ ആണെന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു.

തീർച്ചയായും ഞാൻ എങ്ങനെയെങ്കിലും കല്യാണത്തിന് വരും നന്ദൻ. എനിക്ക് കാണണം തന്റെ മായയെ.

മായയ്ക്കും അറിയാം ചാരുവിനെ.
അവളും കാത്തിരിക്കുകയാണ്. നന്ദൻ പറഞ്ഞു.

മഴ പതിയെ തോർന്നപ്പോൾ കല്യാണ കുറിയുമായി അവൾ വഴിയിലേക്ക് നടന്നു. ബസ്റ്റാൻഡ് എത്താറായപ്പോഴാണ് നന്ദൻ പിന്നാലെ ഓടി വന്നത്. ചാരു…താൻ ഫോൺ എടുക്കാൻ മറന്നു, അയാൾ ഫോൺ അവളുടെ കയ്യിൽ കൊടുത്തു.

കല്യാണക്കുറി കയ്യിൽ കിട്ടിയപ്പോൾ ഞാൻ ഫോണിന്റെ കാര്യം മറന്നു പോയി, അവൾ ചിരിച്ചു.
അപ്പോഴാണ് മനു കാറുമായി ആ വഴി വന്നത്, ഹലോ നന്ദൻ….. എന്താ വിശേഷം

ചാരുലത ടീച്ചർ ഫോൺ എടുക്കാൻ മറന്നു. അത് കൊടുക്കാൻ വന്നതാണ്. നന്ദൻ പറഞ്ഞു

നന്ദന്റെ വീട് അടുത്താന്നോ? ഞാൻ കൊണ്ടു വിടണോ?
വേണ്ട … ഞാൻ ബസ്സിൽ പൊയ്ക്കോളാം.എന്നാ ശെരി…..

ചാരു പേടിയോടെ കാറിൽ കയറി.
മനു ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
വീട്ടിൽ ചാരുവിനെ ഇറക്കിയിട്ട് അയാൾ ടൗണിൽ ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങി.

രാത്രി കനത്തതോടെ ചാരുവിന് പേടി തോന്നി നന്ദനോട് മിണ്ടി എന്നും പറഞ്ഞു മനുവേട്ടൻ ഇന്ന്തന്നെ കൊല്ലാതെകൊല്ലും. തന്റെ കരച്ചിൽ താഴത്തെ നിലയിൽ കിടന്നുറങ്ങുന്ന അമ്മ കേൾക്കാതിരിക്കാനായി തന്റെ വായമൂടി പിടിക്കും. ഇങ്ങനെ ജീവിക്കുന്നതിനേക്കൾ മരിക്കുന്നതാണ് നല്ലതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

അന്ന് പതിവിലും വൈകിയാണ് മനു എത്തിയത്. വന്നതും അവളുടെ മുന്നിലെത്തി. ക്രൂരമായ ഒരു പുഞ്ചിരി അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. അയാൾ അവളുടെ തോളിൽകൈവച്ചു. ചാരു അറിഞ്ഞോ നിങ്ങളുടെ കോളേജിലെ നന്ദൻ സാർ ഇല്ലേ അയാൾ ഏതോ വണ്ടിയിടിച്ചു മരണപ്പെട്ടു എന്ന്.

ചാരുലത നടുങ്ങിപ്പോയി.
തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നതായി അവൾക്കു തോന്നി.

ഞാൻ പറഞ്ഞതല്ലേ അവനോടൊപ്പം നിന്നെ കാണരുതെന്ന്, മറ്റേതോ ലോകത്തിൽ നിന്നെന്നവണ്ണം മനുവിന്റെ ശബ്ദം അവളുടെ കാതിൽ തുളച്ചിറങ്ങി.

പിറ്റേന്ന് കോളേജിൽ നിന്നും മറ്റദ്ധ്യാപകർക്കൊപ്പം ചാരുലതയും നന്ദന്റെ വീട്ടിലെത്തി.

അവിടെ രണ്ട് ശവശരീരങ്ങൾ കിടത്തിയിട്ടുണ്ടായിരുന്നു, കൂടിനിന്നവരിൽ നിന്നും അവർക്ക് അറിയാൻ കഴിഞ്ഞത്, അത് മായയുടേതാണെന്നാണ്. നന്ദന്റെ മരണവാർത്തയറിഞ്ഞ് മായ കുഴഞ്ഞുവീഴുകയായിരുന്നുവത്രേ

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടവരാണ്… തണുത്തുമരച്ചു കിടക്കുന്നത്.
ചാരുലതക്ക് എങ്ങോട്ടെങ്കിലും ഓടി പോകണമെന്നു തോന്നി, തനിക്ക് വയ്യ ഇത് കണ്ടുനിൽക്കാൻ.

തകർന്ന മനസ്സോടെയാണ് ചാരുലത വീട്ടിലെത്തിയത്.വാതിൽ കടന്നതും അമ്മ ഓടി അരികിലെത്തി,

എന്താ മോളെ ഇത്രയും താമസിച്ചത് വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത് എന്താ, ഞാനാകെ പേടിച്ചു പോയി .
അവളുടെ തകർന്ന നിൽപ്പ് കണ്ട് അവർക്കു സഹിച്ചില്ല.
ദൈവം വിളിച്ചാൽ പോകാതിരിക്കാൻ പറ്റോ മോളെ? നീയത് ഓർത്തു വിഷമിച്ചിട്ട്‌ ഇനിയെന്താ കാര്യം.

ദൈവം വിളിച്ചതല്ല അമ്മയുടെ മോൻ കൊന്നതാ…… അവൾ അലറികരഞ്ഞു കൊണ്ടുപറഞ്ഞു.
സാരിതലപ്പ് തോളിൽ നിന്നും മാറ്റി അവൾ തന്റെ ഉടലിലപാടുകൾ കാണിച്ചു കൊടുത്തു. അമ്മയുടെ മകന്റെ കലാ വിരുതാണ് ഇതെല്ലാം..

ആ മനുഷ്യനോട് ഒന്ന് മിണ്ടിയെന്നും പറഞ്ഞു അതിനെ കൊല്ലേണ്ട കാര്യമുണ്ടോ, ആ ദുഷ്ട്ടൻ കൊന്നത് ഒരാളെയല്ല രണ്ടുപേരെയാണ്, വിവാഹസ്വപ്‌നങ്ങളുമായി കഴിഞ്ഞ നന്ദന്റെ പെണ്ണ്, നന്ദന്റെ മരണ വാർത്തയറിഞ്ഞതും കുഴഞ്ഞു വീണു മരിച്ചു.
എല്ലാം അമ്മയുടെ മോൻ കാരണം, അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു നിലത്തേക്കിരുന്നു.

എപ്പോഴോ കരഞ്ഞുറങ്ങി പോയ അവൾ വാഹനത്തിന്റെ ശബ്ദം കേട്ട് എഴുന്നേറ്റു, നേരം നന്നേ പുലർന്നിരുന്നു.
അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി, പെട്ടന്ന് മുന്നിൽ നിൽക്കുന്ന പോലീസ്കാരെ കണ്ട് അവൾ ഭയന്ന് പിന്നിലേക്ക് മാറി.

മോളെ…….
ഞാനാണ് അവരെ വിളിച്ചു വരുത്തിയത്. എന്റെ മകൻ ചെയ്ത തെറ്റിന്റെ ശിക്ഷ അവൻ അനുഭവിക്കണം.
ആർക്കും മുന്നിൽ തലകുനിക്കാതെ അഭിമാനത്തോടെയാണ് ഞാൻ ഇത്രയും കാലം കഴിഞ്ഞത്, ഒരു കൊലയാളിയായ മകനെ എനിക്കിനി ആവശ്യമില്ല. കടുപ്പത്തോടെയാണ് അവർ പറഞ്ഞതെങ്കിലും അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

പോലീസ്കാർക്കൊപ്പം നടന്നുനീങ്ങിയ മനു ക്രൂരതയോടെ ചാരുവിനെ തുറിച്ചു നോക്കി.

മനുവിനെ കയറ്റിയ വാഹനം കണ്ണിൽ നിന്നകന്നിട്ടും ചാരു ഒരേ നിൽപ്പ് തുടർന്നു.
അവൾക്കു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.

ചാരു…….. അമ്മ തെല്ലിടർച്ചയോടെ വിളിച്ചു, മോള് ഇത്രയും നാൾ എല്ലാം സഹിച്ചു ഇവിടെ നിന്നില്ലേ, ഇനിയെങ്കിലും നീ സന്തോഷമായിട്ട് ജീവിക്കണം. എന്റെ മകൻ നിന്നെ വിവാഹം ചെയ്തിട്ടില്ല എന്ന് കരുതണം, ജീവിതം ഒന്നേയുള്ളു, നിനക്ക്

ജോലിയുണ്ട് ആർക്കു മുന്നിലും കൈനീട്ടാതെ അഭിമാനത്തോടെ ജീവിക്കണം. അമ്മ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി, അവരുടെ കണ്ണുനീർ അവളുടെ മുഖത്ത് വീണു ചിതറി.

അവളുടെ മുന്നിൽ ആ വലിയ വീടിന്റെ വാതിലുകൾ അടഞ്ഞു.മുറ്റം കടന്നു വിജനമായ വഴിയിലൂടെ നടക്കുമ്പോൾ അവളുടെ കണ്ണുകളിൽ സ്വാതന്ത്ര്യത്തിന്റെ കുഞ്ഞിനക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *