(രചന: രജിത ജയൻ)
“കുന്നത്തെ എബി അനിയന്റെ ഭാര്യയെ കെട്ടാൻ സമ്മതം പറഞ്ഞെന്ന് ” …”മനസ്സു ചോദ്യേം മിന്നുകെട്ടും ഒന്നൂല്ലാന്ന്…”രജിസ്ട്രാഫീസിലൊരു ഒപ്പ് അത്രയേ ഉള്ളൂത്രേ..
നാട്ടിലെ ചായക്കടയിൽ രാവിലെത്തെ നാട്ടുവർത്താനങ്ങൾ പറഞ്ഞിരുന്നവർക്കിടയിൽ രാമനറിയിച്ച വാർത്ത ആദ്യമൊരു അത്ഭുതവും പിന്നെയൊരു ചിരിയും സൃഷ്ടിച്ചു ..
“എന്തൊക്കെ ആയിരുന്നു എബിയുണ്ടാക്കിയ പുകില്”ഈ ജന്മത്ത് പെണ്ണ് കെട്ടില്ല”മരണംവരെ സ്നേഹിച്ച പെണ്ണിന്റെ ഓർമ്മയിൽ ജീവിക്കും..
” എല്ലാ ജന്മങ്ങളിലും അവള് മാത്രമാണ് ഇണ..,,,” എന്നിട്ടിപ്പോ ഇതാ അനിയന്റെ ഭാര്യയെ കെട്ടുന്നു അതും രണ്ട് പെൺകുട്ടികൾ ഉള്ള ഒരുത്തിയെ …
ചായ കുടിച്ചു കൊണ്ട് രാമൻ പറഞ്ഞതു കേട്ട് അവിടെ ഇരിക്കുന്നവരെല്ലാം പൊട്ടിച്ചിരിച്ചു
“അനിയന്റെ ഭാര്യ ആയാലും ഏട്ടന്റെ ഭാര്യയായാലും കെട്ടുന്നതൊരു പെണ്ണിനെയല്ലേ..?
“അതും നല്ല വെളുത്തലുവ പോലൊരു കിളുന്ന് പെണ്ണിനെ..”അതു കുട്ടേട്ടൻ പറഞ്ഞതു നേര് തന്നെ ട്ടോ ,അതിന്റെയത്ര ചന്തമുള്ള ഒരു കൊച്ച് ഇവിടെ വേറെ ആരാ ഉള്ളത് ..?
” മാത്രമല്ല ആ പെൺകൊച്ചിനത്ര വയസ്സൊന്നും ഇല്ല, പോരാതേന് പെറ്റെണീറ്റിട്ട് കുറച്ചല്ലേ ആയുള്ളു ,ആ കുട്ടികൾക്ക് ഒരു വയസ്സായിട്ടില്ല ..
അതുങ്ങളെ വയറ്റിലുള്ള സമയത്തല്ലേ ആ അനിയൻ ചെക്കൻ ആൽബി അപകടത്തിൽ മരിച്ചത് ..
“എന്നാലും ഇക്കണ്ട കാലം മുഴുവൻ പെണ്ണ് കെട്ടുന്നില്ലാന്ന് പറഞ്ഞു നടന്ന എബിയുടെ മാറ്റമാണ് എനിക്ക് അത്ഭുതം …”അതിലിത്ര അത്ഭുതമൊന്നുമില്ല കുട്ടാ.. അവനാ പെണ്ണിനെ പണ്ടും ഇഷ്ട്ടം ഉണ്ടാവും
” നമ്മള് കണ്ടിരുന്നില്ലേ അവളുടെ കല്ല്യാണത്തിന് മുമ്പ് എബിയും അവളും കൂടി വണ്ടീല് ഇതിലെ എല്ലാം പൊയ്ക്കൊണ്ടിരുന്നത് ..
“അന്നത് അടുത്ത കുടുംബക്കാരല്ലേ അനിയൻകെട്ടാൻ പോണ പെണ്ണല്ലേ എന്നെല്ലാം പറഞ്ഞു എല്ലാരും,ഇപ്പോ കണ്ടില്ലേ കാര്യങ്ങൾ..? ഇത്രയേ ഉള്ളു ഇതെല്ലാം
ചായക്കടയിലെ പരദൂഷണ കൂട്ടങ്ങൾ തങ്ങളെ കൊണ്ടാവുന്ന വിധം പുതിയ പുതിയ കഥകൾ എബിയേയും അലീനയേയും പറ്റി പറഞ്ഞു രസിച്ചിടുമ്പോൾ കുന്നത്ത് വീട്ടിലെ തന്റെ മുറിക്കുള്ളിൽ മക്കളെയും നെഞ്ചോടു ചേർത്ത് പകച്ചിരിക്കുകയായിരുന്നു അലീന..
നിറഞ്ഞൊഴുകുന്ന മിഴിനീർ കണങ്ങൾ കവിളത്തു തട്ടി ചിതറി മടിയിലെ കുഞ്ഞൊന്ന് ചിണുങ്ങിയതും അവളുടെ ശ്രദ്ധ കുഞ്ഞിലേക്കായ്
ഇരട്ടകളിൽ മൂത്തവളാണ് ,നാലു മിനിറ്റ് വ്യത്യാസത്തിൽ ജനിച്ച രണ്ട് പെൺകുഞ്ഞുങ്ങൾ ..
ഒരു വയസ്സാവുന്നു കുട്ടികൾക്ക്..”ഇവരെ നീയെനിക്ക് തന്നില്ലായിരുന്നെങ്കിൽ ഞാനും വന്നേനെ ആൽബിച്ചാ നിങ്ങളുടെ കൂടെ..
“ജനനത്തിലും മരണത്തിലും ഒരുമ്മിച്ചാണ് നമ്മളെന്ന് പറഞ്ഞിട്ട് എന്നെ കൂട്ടാതെ ഒറ്റയ്ക്കങ്ങ് പോയില്ലേ ഇച്ചായാ നിങ്ങള് ..
“ഇപ്പോ ഇവിടെ നടക്കുന്നതൊന്നും എനിക്ക് സഹിക്കാൻ വയ്യ ഇച്ചായാ..എല്ലാവരും കൂടിയെന്നെ നമ്മുടെ എബിച്ചന്റെ പെണ്ണാക്കാൻ പോവുകയാ .. എന്റെ ഏട്ടനല്ലേ ആൽബിച്ചാ എബിച്ചൻ ..?കുഞ്ഞുനാൾ മുതൽ ആ കയ്യിൽ തൂങ്ങി നടന്നവളാ ഞാൻ ,എന്നിട്ടിപ്പോ കൂടപ്പിറപ്പായ് കണ്ടവനെ ഇനിമുതൽ … എനിക്ക് പറ്റില്ല ആൽബിച്ചാ…
എന്റെ അനുവാദമോ സമ്മതമോ പോലും ആർക്കും വേണ്ട ഇച്ചായാ.. ഞാനെന്താ ചെയ്യാ… ഈ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കാൻ വയ്യ അല്ലെങ്കിൽ ഞാനും വന്നേനെ …
ഒന്നു കണ്ടു സംസാരിക്കാൻ എബിച്ചനെ എന്റെ അടുത്തേക്ക് പോലും ആരും വിട്ടുന്നില്ല ആൽബിച്ചാ …
നെഞ്ചുരുകിയെന്നവണ്ണം അലീനയിൽ നിന്ന് കരച്ചിൽ പുറത്തേക്ക് ഉയർന്നതും അവളുടെ മടിയിലെ കുഞ്ഞുണർന്ന് കരഞ്ഞു തുടങ്ങി ..ഒപ്പം തൊട്ടിലിൽ കിടന്നവളും
രണ്ടു കുഞ്ഞുങ്ങളുടെയും കരച്ചിൽ മുറിക്കുള്ളിൽ നിറഞ്ഞതും എബി ഓടിയെന്നവണ്ണം ആ മുറിയിലെത്തി ..
തനിക്ക് മുമ്പിലൊരു കണ്ണീർ ശില പോലെ ഇരിക്കുന്ന അലീനയെ കണ്ടതും അവന്റെ നെഞ്ച് പിടഞ്ഞു”ലീനാ.. മോളെ…ആൽബി വിളിച്ചതും അവളവനെ ഒന്നു നോക്കി
നെഞ്ചു പറിഞ്ഞൊരു പൊട്ടി കരച്ചിൽ അവനെ കണ്ടവളുടെ തൊണ്ടയിൽ നിന്നുയർന്നതും എബി അവൾക്കടുത്തേയ്ക്കിരുന്ന് എന്തോ പറയാനായ് ശ്രമിച്ചതും മുറിയ്ക്കുള്ളിലേക്ക് എബിയുടെ അമ്മ റീത്ത കടന്നു വന്നു
“ആ. നിങ്ങള് അപ്പനും അമ്മയും ഇവിടെ ഉണ്ടായിട്ടാണോ ഈ കുഞ്ഞുങ്ങൾ രണ്ടും ഇങ്ങനെ കരയുന്നത് ..?
അപ്പനും അമ്മയും…..റീത്താമ്മ പറഞ്ഞ ആ വാക്കുകൾ അലീനയുടെ നെഞ്ചിൽ ഒരു മുഴക്കം തന്നെ സൃഷ്ട്ടിക്കുന്നുണ്ടായിരുന്നു.
അവൾ പതറി എബിയെ നോക്കിയെങ്കിലും അവൻ കുഞ്ഞുങ്ങളെ കളിപ്പിക്കുകയായിരുന്നു അന്നേരം
“എബി .. ലീന.. നിങ്ങളിങ്ങനെ പരസ്പരം ഒന്നും മിണ്ടാതെയും പറയാതെയും ഇരുന്നിട്ട് കാര്യമില്ല
“നിങ്ങളുടെ കെട്ട് നടത്താൻ പോണ കാര്യം ഈ നാട്ടുകാരുമുഴുവൻ അറിഞ്ഞു കഴിഞ്ഞു, ഇനിയും നിങ്ങളിങ്ങനെ ഇരിക്കാതെ …
“ലീനേ.. നിന്റെയും ഈ കുഞ്ഞുങ്ങളുടെയും ഭാവിയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് എല്ലാവരും ഇങ്ങനെ ഒരു തീരുമാനം എടുത്തത് ..
“എബിയെ അല്ലെങ്കിൽ മറ്റൊരാളെ നീ വിവാഹം കഴിച്ചേ പറ്റുള്ളു ..വെറും മൂന്നു മാസമാണ് നീ ആൽബിയുടെ കൂടെ ജീവിച്ചത് .. നിനക്കിനിയും ഒരു ജീവിതം ഉണ്ട്.. നിന്റെ ജീവിതം ഞങ്ങൾക്ക് നോക്കിയേ പറ്റുള്ളു
അലീനയുടെ അമ്മ മേരി പറഞ്ഞു”അതുപോലെ തന്നെയാണ് എബിയും ..”എന്നോ ഒരിക്കൽ ഏതോ ഒരുത്തിയെ സ്നേഹിച്ചിരുന്നൂന്ന് പറഞ്ഞ് പാഴാക്കി കളയാനുള്ളതല്ല അവന്റെ ജീവിതം .അവനും വേണം ഒരു കുടുംബം..
“നിങ്ങൾ രണ്ടാളും ഒരുമിച്ചാൽ നിങ്ങൾക്കും പിന്നെയാ പിള്ളേർക്കും ഒരു ജിവിതമായ്.. അല്ലെങ്കിൽ അറിയാലോ നിന്റെ വീട്ടുകാർ നിന്നെ വേറെ കെട്ടിക്കുമ്പോൾ എന്റെ ആൽബിയുടെ മക്കളെ ഞങ്ങൾ നിനക്ക് വിട്ടുതരില്ല .. ഈ വീട്ടിൽ വളരണം എന്റെ കുഞ്ഞുങ്ങൾ ..
ആദ്യം ആശ്വാസത്തിലും അവസാനം ഭീഷണിയിലും സംസാരിച്ച് റീത്താമ്മ കരയുന്ന കുഞ്ഞിലൊന്നിനെ എടുത്തു മുറി വിട്ടു പോയപ്പോൾ പകച്ച മിഴികളോടെ അലീന എബിയെ നോക്കി അവനപ്പോഴും കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു
വിറയ്ക്കുന്ന വിരലോടെ എബിയുടെ കയ്യിൽ നിന്ന് പേന വാങ്ങി വിവാഹ രജിസ്റ്ററിൽ ഒപ്പിടുമ്പോൾ അലീനയുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു
തനിയ്ക്കും എബിയ്ക്കും ചുറ്റും കൂടി നിൽക്കുന്ന തങ്ങളുടെ ബന്ധു ജനങ്ങളുടെ ഇടയിൽ നിന്ന് മക്കളുമായ് എങ്ങോട്ടെങ്കിലും ഓടി പോവാൻ അലീന ആഗ്രഹിച്ചു ..
ആൽബിച്ചന്റെ പെണ്ണായ് ഈ വീട്ടിൽ വന്നു കയറിയ താനിപ്പോൾ എബിച്ചന്റെ പെണ്ണായിട്ടാണ് ഇവർക്കിടയിൽ ഇരിക്കുന്നത് എന്നാലോചിച്ചതും അവളുടെ ശരീരത്തിലൂടൊരു മിന്നൽ പാഞ്ഞു
“മോളെ ലീനേ.. കുഞ്ഞുങ്ങൾ ഇന്ന് എന്റെയും അപ്പച്ചന്റെയും ഒപ്പം കിടന്നോട്ടെ ,രാത്രി കരയുവാണെങ്കിൽ ഞാനങ്ങ് മുറിയിലേക്ക് കൊണ്ടുവന്നോളാം.. നിങ്ങള് രണ്ടാളും ഒന്നു മനസ്സ് തുറന്ന് സംസാരിക്ക് അതിനിടയിൽ കുഞ്ഞുങ്ങൾ വേണ്ട
രാത്രി റീത്താമ്മ പറഞ്ഞതു കേട്ടതും അലീന പകച്ചവരെ നോക്കി”അത്.. അമ്മച്ചി.. കുഞ്ഞുങ്ങൾ …
വിതുമ്പലോടെ എന്തോ പറയാൻ അവൾ ശ്രമിച്ചതും റീത്താമ്മ അവളെ ശ്രദ്ധിക്കാതെ അവരുടെ മുറിയ്ക്ക്കത്തേക്ക് കയറി വാതിലടച്ചു..
എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന അലീനയെ ആരോ എബിയുടെ മുറിയ്ക്കുള്ളിലേക്ക് തള്ളിവിട്ടതും ഞെട്ടി അവൾ തിരിഞ്ഞു നോക്കി ,തനിക്ക് പിന്നിലായ് അടഞ്ഞ വാതിലിന്റെ ശബ്ദം അവളിലൊരു ഞെട്ടൽ തീർത്തു
മുറിയ്ക്കുള്ളിലായ് നിൽക്കുന്ന എബിയെ കണ്ടതും അവളിൽ നിന്നൊരു തേങ്ങലുയർന്നു”എബിച്ചാ.. എന്റെ മക്കൾ…
ആർത്തു കരഞ്ഞുകൊണ്ടവൾ എബിയുടെ നെഞ്ചിലേക്ക് ചാഞ്ഞതും തന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്നവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തു നിർത്തി ആ നെറുകിലായ് തലോടി എബി ..
ആ നിമിഷം അലീനയ്ക്ക് എബി അവളുടെ ആൽബിച്ചന്റെ ഏട്ടനായിരുന്നു .. കുഞ്ഞു നാൾ മുതൽ അവളെ നെഞ്ചിലേറ്റി കൊഞ്ചിച്ച് കൊണ്ടുനടന്ന കൂടപ്പിറപ്പായ എബി ആയിരുന്നു
ഒരു നിമിഷ നേരത്തേയ്ക്ക് സ്വയം മറന്നെങ്കിലും താനിപ്പോൾ ഈ മുറിയിൽ നിൽക്കുന്നത് എബിച്ചന്റെ ഭാര്യയായിട്ടാണ് എന്ന തോർമ്മയിൽ വന്നതും അവൾ ഞെട്ടി ..
അവനിൽ നിന്നകന്നു മാറാൻ അവൾ ശ്രമിച്ചെങ്കിലും എബി ബലമായ് അവളെ തന്നോട് ചേർത്തു നിർത്തി
“എബിച്ചായാ ….എബിയുടെ ആ പ്രവർത്തിയിൽ ഞെട്ടിയ ലീന ഒരു പകപ്പോടെ അവനെ വിളിച്ചു
“അതേ… എബിച്ചായനാണ് … കുഞ്ഞു നാൾ മുതൽ നീ കണ്ടു വളർന്ന, നിന്നെ നെഞ്ചോടു ചേർത്തു നിർത്തിയ അതേ എബിച്ചായൻ ..
“അന്നും ഇന്നും എന്നും എബിയുടെ മനസ്സിൽ അലീനയ്ക്ക് ഒരു രൂപമേ ഉള്ളു എന്റെ കൂടപ്പിറപ്പിന്റെ രൂപം
“എന്റെ പൊന്നനിയൻ ആൽബിയുടെ പ്രാണനായ എന്റെ പെങ്ങൾ മാത്രമാണ് എനിയ്ക്ക് എന്നും നീ ..
“ഇപ്പോൾ തന്നെ നിനയ്ക്കൊരു സങ്കടം വന്നപ്പോൾ നീ ഓടിവന്നത് എബിച്ചന്റെ നെഞ്ചിലേക്കല്ലേ ..പണ്ടും നീ അങ്ങനെ ആയിരുന്നു..ആ സ്ഥാനം മതി എബിയ്ക്കെന്നും ..ഒരു കൂടപ്പിറപ്പിന്റെ സ്ഥാനം
“ഈ ജന്മം എന്റെ ആൽബിയെ മറന്ന് നിനക്ക് വേറൊരാളെ സ്നേഹിക്കാൻ കഴിയില്ലാന്ന് എനിക്കറിയാം മോളെ..
എത്ര കാലം ഒരുമ്മിച്ച് ജീവിച്ചു എന്നതല്ല രണ്ടാളുടെ സ്നേഹത്തെ അളക്കാനുള്ള മാധ്യമം ..
നീ ആൽബിയിൽ അലിഞ്ഞു ചേർന്നവളാണ്, അതു പോലെ തന്നെ ഞാനെന്റെ സാറയിലും..
പരസ്പരം പ്രാണനായ് സ്നേഹിച്ചവരാണ് ഞാനും എന്റെ സാറയും, പാതിയിൽ വെച്ച് യാത്ര പിരിഞ്ഞ് ഒരപകടത്തിലൂടെ അവളെന്നിൽ നിന്നകന്ന് പോയാലും ഈ ആൽബിയ്ക്ക് അവൾ മതി ഏതു ജന്മത്തിലും പെണ്ണായിട്ട്..
”പക്ഷെ ഇതൊന്നും ഇവിടെ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല..”എന്നെ ഒരു കാര്യത്തിനും നിർബന്ധിക്കാൻ ഇവിടെയാരും ധൈര്യപ്പെടില്ല ,പക്ഷെ അതുപോലെ അല്ല മോളുടെ കാര്യം..
” ഞാനല്ലെങ്കിൽ വേറൊരാളുമായ നിന്റെ വിവാഹം രണ്ടു വീട്ടുകാരും ചേർന്ന് നടത്തും.. എന്റെ മക്കൾ കഷ്ട്ടപ്പെടും ..
ഞാനുള്ളപ്പോൾ അങ്ങനെ ഒന്നുണ്ടായാൽ എന്റെ ആൽബി സഹിക്കില്ല അത് ..
“ഇത്രയും കാലം ഞാൻ നിനക്ക് ഏട്ടനായിരുന്നു ഇനിയുമതങ്ങനെ തന്നെയായിരിക്കും നമ്മുടെ മരണം വരെ ..
“ഒന്നും ആലോചിക്കാതെ കിടന്നുറങ്ങാൻ നോക്ക് ,ഇവിടെ നിന്ന് എന്റെ ജോലി സ്ഥലത്തേക്ക് നമ്മൾ മടങ്ങുന്നതു വരെ മാത്രം മതി ഈ ശ്വാസംമുട്ടൽ..
” അവിടെ ചെന്നു കഴിഞ്ഞാൽ ഞാനും നീയുമാണ് …”നമ്മൾ ജീവിയ്ക്കുന്നത് നമ്മളായിട്ടും …
”ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല … ഉറങ്ങിക്കോ ..
കൂടുതൽ ഒന്നും ചിന്തിക്കേണ്ട..
ഞാൻ പോയ് കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു വരാം..
“അവർ വളരട്ടെ നമ്മുക്കിടയിൽ, നമ്മളവർക്ക് ആരാണെന്ന് തിരിച്ചറിഞ്ഞ് .. അവരെ മാത്രം ബോധിപ്പിച്ചാൽ മതി നമ്മുക്ക്..
പറഞ്ഞു കൊണ്ട് എബി മുറിയിൽ നിന്ന് പുറത്തേയ്ക്ക് നടന്നതും നെഞ്ചിൽ നിന്നൊരു ഭാരമൊഴിഞ്ഞ ശാന്തതയോടെ അലീന കണ്ണുകൾ അടച്ചു, നല്ല ഒരു നാളേയ്ക്കായ് പ്രാർത്ഥിച്ചു കൊണ്ട് …