(രചന: രജിത ജയൻ)
നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് ആരതി പറഞ്ഞതും അവൾ പറഞ്ഞതിന്റെ അർത്ഥമറിയാതെ കണ്ണനവളെ നോക്കി ,അമ്പരപ്പോടെ
നീയെന്താണ് ആരതീ പറഞ്ഞത്?എന്റെ സ്നേഹത്തിന് പൂർണ്ണത തോന്നുന്നില്ലെന്നോ …?വിശ്വാസം വരാതെയവൻ അവളോട് വീണ്ടും ചോദിച്ചു
“അതെ കണ്ണാ.. എനിക്ക് എന്തോ എവിടെയോ ….,.അവൾ പാതിയിൽ പറഞ്ഞു നിർത്തി ..
“നീയെന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല .. ,
ഞാൻ നിന്നെ സ്നേഹിക്കുന്നില്ലാന്നോ..?അവന്റെ ശബ്ദത്തിൽ സങ്കടം കലർന്നതവൾ തിരിച്ചറിഞ്ഞു ..
“കണ്ണാ എനിക്കറിയാം നിനക്കെന്നെ പ്രാണനാണെന്ന് ,നിന്റെ ജീവനും ജീവിതവും ഞാനാണെന്ന് .. നീയെന്റെ ഭർത്താവാണെന്ന്… പക്ഷെ …,,
“ഈ പക്ഷെ, ഇതിന്റെ അർത്ഥം അതാണെനിക്ക് മനസ്സിലാവാത്തത് ആരു …”ഞാൻ നിന്നെ ഇഷ്ട്ടപ്പെട്ട കാലത്തു എനിക്ക് നീ എത്രമാത്രം പ്രിയപ്പെട്ടവളായിരുന്നോ അതിന്റെ നൂറു മടങ്ങ് പ്രിയപ്പെട്ടവളാണ് നീയിന്നെനിക്ക് ആരു…,
“അന്ന് നീയെന്റെ പ്രണയിനി ആണെങ്കിൽ ഇന്നു നീയെന്റെ ഭാര്യയാണ്.. ഞാനേറെ ഇഷ്ട്ടത്തോടെ അത്രമേൽ പ്രണയത്തോടെ എന്റെ നെഞ്ചിലേക്ക് ഞാൻ ചേർത്തുവെച്ചവൾ …
“എനിക്കതെല്ലാം അറിയാം കണ്ണാ …അതെ നിനക്കെല്ലാം അറിയാം ആരതി, എന്നിട്ടും പക്ഷെ നീയെന്റെ സ്നേഹത്തിന് പൂർണ്ണത തോന്നുന്നില്ലാന്ന് പറയുമ്പോൾ ഞാനെന്താ മനസ്സിലാക്കേണ്ടത് …?അല്ലെങ്കിൽ ഞാനെന്താന്ന് ചെയ്യേണ്ടത്..?
കണ്ണൻ നിസ്സഹായനായ് ആരതിയോട് ചോദിച്ചുഒരുപാടു കാലം ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നവരാണ് കണ്ണനും ആരതിയും ..
സൗഹൃദത്തിനപ്പുറം തങ്ങളുടെ ചിന്തകളും ഇഷ്ട്ടങ്ങളും ഒരുപോലെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവർ
മക്കളുടെ ഇഷ്ട്ടമാണ് തങ്ങളുടെയും സന്തോഷമെന്ന് ഇരുവീട്ടുക്കാരും പറഞ്ഞപ്പോൾ ജീവിതത്തിൽ ഒന്നായ് തീർന്നവർ..
അത്രമേൽസന്തോഷത്തോടെ ജീവിതം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണനോട് ആരതി പറയുന്നത് അവനോടൊപ്പമുള്ള ജീവിതത്തിലെവിടെയോ അവളൊട്ടും സന്തോഷവതിയല്ലെന്ന് …
അവന്റെ സ്നേഹത്തിലെ വിടെയോ അവൾക്ക് എന്തോ മിസ് ചെയ്യുന്നൂവെന്ന് …പക്ഷെ എന്താണ്, എവിടെയാണ് എന്നൊന്നും അവനു പറഞ്ഞു കൊടുക്കാൻ അവൾക്ക് കഴിയുന്നുമില്ല..
അവനൊപ്പമിരിക്കുമ്പോൾ ,അവനോടു സംസാരിക്കുമ്പോൾ .. അങ്ങനെയങ്ങനെ അവനൊപ്പമുള്ള ഓരോ നിമിഷത്തിലും തനിക്ക വനിൽനിന്നെന്തോ നഷ്ട്ടമാവുന്നു എന്നൊരു തോന്നൽ മനസ്സിലേക്കിടയ്ക്കിടെ വരുന്നു ….
ഓഫീസിലിരിക്കുമ്പോഴും കണ്ണന്റെ മനസ്സേറെ അസ്വസ്തമായിരുന്നു ,അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു അവൾ പറഞ്ഞതിനെ പറ്റി
തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ രണ്ടു മാസം കഴിഞ്ഞിരിക്കുന്നു ..എന്തും തുറന്നു തന്നെ സംസാരിക്കുന്നവരാണ് തങ്ങൾ രണ്ടു പേരും ..
വിവാഹത്തിനു മുമ്പുള്ള സൗഹൃദം വിവാഹശേഷവും കൊണ്ടു പോവുന്നവർ ..അവൾ തന്റെ ജീവന്റെ പാതിയായപ്പോൾ ലോകം വെട്ടി പിടിച്ചവനെ പോലെ സന്തോഷിച്ചവനാണ് താൻ ..
അവളൊപ്പമില്ലാത്തൊരു നിമിഷത്തെ പറ്റി പോലും ചിന്തിക്കാൻ പറ്റാത്തവൻ..എന്നിട്ടും തന്റെ സ്നേഹത്തിലവൾക്ക് പൂർണ്ണത കിട്ടുന്നില്ലെങ്കിൽ …?അവനാകെ അസ്വസ്തനായ് …
വൈകുന്നേരം ഓഫീസ് വിട്ടു കണ്ണൻ നേരെ ആരതിയുടെ ജോലി സ്ഥലത്തു പോയവളെയും കൂട്ടി ടൗണിലൂടൊന്ന് കറങ്ങി..മിക്ക ദിവസവും പതിവുള്ളതാണത് …
ആ കറക്കത്തിനിടയിലും അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു അവളിലെ ടെൻഷൻ ….
പതിവുള്ള ബെഡ് കോഫി യുമായ് ആരതിയെ രാവിലെ റൂമിലേക്ക് കാണാത്തതു കൊണ്ട് അടുക്കളയിലേക്ക് ചെന്നതായിരുന്നു കണ്ണൻ..
അടുക്കള വാതിലിനിപ്പുറം നിന്നുകൊണ്ട് കൗതുകത്തോടെ അടുക്കളയിലേക്ക് നോക്കി ചുണ്ടിൽ ഒരു ചിരിയുമായ് നിൽക്കുന്ന ആരതിയെ കണ്ടതുമവനും എത്തിനോക്കി അടുക്കളയിലേക്ക് ..
അവിടെ അടുക്കളപ്പുറത്ത് അമ്മയുടെ തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചു കൊടുക്കുന്ന തന്റെ അച്ഛനെയും അതിൽ ലയിച്ചഛനോട് തമാശ പറയുന്ന തന്റെ അമ്മയെയും കണ്ട് കണ്ണന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..
“കൂയ്… ഒളിഞ്ഞുനോട്ടം നാണക്കേടാണ് ട്ടോ..,,അവൻ ആരതിയുടെ കാതിൽ പറഞ്ഞു..അവളൊരു ചമ്മിയ ചിരിയോടെ അവനെ നോക്കി …
അവളുടെ കണ്ണിലും മുഖത്തും അപ്പോൾ തെളിഞ്ഞു നിന്ന ഭാവം അവളിലവൻ ആദ്യമായ് കാണുകയായിരുന്നു …
കൊതിപ്പിക്കുന്ന ,നെഞ്ചിലേക്ക് വലിച്ചടുപ്പിക്കുന്നൊരു കാതരഭാവം …പിന്നെ പിന്നെ അവളറിയാതവളെ ശ്രദ്ധിക്കാൻ തുടങ്ങി കണ്ണൻ ..
വീട്ടിൽ നിൽക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ആരതിയുടെ കണ്ണുകളെപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും പുറകെആണെന്ന് കണ്ടതും അവനിൽ അമ്പരപ്പായിരുന്നു ഉണ്ടായത് …
അതോടെ അവനും ശ്രദ്ധിക്കാൻ തുടങ്ങി അവന്റെ മാതാപിതാക്കളെ …അതവനു പുതിയൊരു ലോകം തുറന്നു കാണിക്കുകയായിരുന്നു ..ഒരു പ്രണയ ലോകം ..
അവനിതുവരെ ശ്രദ്ധിക്കാത്ത ,അല്ലെങ്കിൽ ഇതുവരെ കൺമുന്നിൽ ഉണ്ടായിട്ടും കാണാതെ പോയൊരു പ്രണയ ലോകമായിരുന്നു അവന്റെ അച്ഛന്റെയും അമ്മയുടെയും ..
ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതു വരെ ,അല്ലങ്കിൽ ശ്വസിക്കുന്ന ഓരോ കന്നി കയിലും പ്രണയം മാത്രം നിറച്ച രണ്ടു പേരാണ് തന്റെ മാതാപിതാക്കളെന്നെ തിരിച്ചറിവനിൽ അത്ഭുതമായ് തീർന്നു..
പ്രണയം പങ്കിടാനവർ പരസ്പരം എപ്പോഴും കെട്ടി പിടിക്കുന്നില്ല ,നാഴികയ്ക്ക് നാൽപതു വട്ടം എനിക്ക് നിന്നോട് പ്രണയമാണെന്ന് വിളിച്ചു പറയുന്നില്ല..
മറിച്ചൊരു പൂ വിരിയും പോലെ മെല്ലെ ,മെല്ലെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു, ഓരോ സെക്കൻറിലുമവർ ..
അവരുടെ ചിരിയിൽ, സംസാരത്തിൽ ,പരസ്പരം കൂട്ടിമുട്ടുന്ന നോട്ടങ്ങളിൽ പോലും ആ പ്രണയം നിറഞ്ഞു നിൽക്കുന്ന തവൻ കണ്ടു..
അമ്മയെ വെറുതെ ചെറുതായൊന്ന് തൊടുമ്പോൾ പോലും അച്ഛന്റെ ചുണ്ടിലും കണ്ണിലും തെളിയുന്ന പുഞ്ചിരിയിൽ വരെ നിറഞ്ഞു നിന്നിരുന്നു ആ പ്രണയം ..
അവനിന്നുവരെ അച്ഛനിൽ ശ്രദ്ധിക്കാതൊരു പ്രണയഭാവം .ഓരോ നിമിഷവും അതാ സ്വദിക്കുന്ന അമ്മയിൽ തെളിയുന്ന നനുത്ത പുഞ്ചിരി ഏതൊരാളുടെയും ഹൃദയത്തെ തണുപ്പിക്കുന്നതായിരുന്നു ..
ഇത്രയും കാലം ഇവർക്കൊപ്പമുണ്ടായിട്ടും താനിതൊന്നും കണ്ടിരുന്നില്ലല്ലോയെന്നവനോർത്തു ..എന്നും എപ്പോഴും അച്ഛനൊപ്പമാണമ്മ
അച്ഛന്റെ സംസാരത്തിനെല്ലാം ഒരു നല്ല ശ്രോതാവായ് അച്ഛനൊപ്പം ചേർന്നിരിക്കുന്ന അമ്മ ..അതിനപ്പുറം അവരിലൊന്നുമവൻ കണ്ടിരുന്നില്ല ..
എന്നാലിപ്പോഴറിയാം അവർക്കിടയിലെ പ്രണയത്തിലാണമ്മ അച്ഛനൊപ്പം എന്നും ചേർന്നു നിന്നതെന്ന് ..
അമ്മയുടെ ഇഷ്ട്ടങ്ങൾ കണ്ടറിഞ്ഞ് താങ്ങാവേണ്ടിടത് താങ്ങായും, കരുതലാ വേണ്ടിടത്ത് ചേർത്തു നിർത്തിയുംമെല്ലാം അച്ഛനുണ്ട് അമ്മയ്ക്കൊപ്പം ..
എന്നാൽ മകനായ തനിക്കു മുമ്പിലവർ തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവനായിരുന്നു …
അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു സ്നേഹിക്കപ്പെടുക എന്നു പറഞ്ഞാൽ പ്രണയിക്കപ്പെടുകയാണെന്ന് ..
കാണുമ്പോൾ കാണുമ്പോഴുള്ള കെട്ടിപിടുത്തങ്ങളിലോ പൊള്ളയായ് പറയുന്ന വാക്കുകളിലോ അല്ല പ്രണയമെന്ന്..
തനിക്കും ആരതിക്കുമിടയിൽ സംഭവിച്ചതും അതായിരുന്നു ,ഇഷ്ട്ടമുണ്ട് തന്റെ ഉള്ളിലവളോട് പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തയത്രയും..
പക്ഷെ അതു താൻ പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോഴത് വെറും പ്രഹസനമായ് തീർന്നു അല്ലെങ്കിൽ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടു കാണിക്കുന്ന കരുതലായ് മാത്രം തീർന്നു..
അതിനപ്പുറം തന്റെ സ്നേഹത്തിൽ ആരതിക്ക് പ്രണയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കാരണം പറഞ്ഞറിയേണ്ടതല്ലല്ലോ പ്രണയം ..
ഓരോ വാക്കിലും നോക്കിലും കണ്ണിൽ നിന്ന് കണ്ണിലേക്ക് പിന്നെ മനസ്സിലേക്ക് ഒടുവിൽ ഹൃദയത്തിലേക്ക് എത്തിച്ചേരുന്നതാണ് പ്രണയമെന്നവൻ ഇന്നു തിരിച്ചറിഞ്ഞിരിക്കുന്നു ..
രാത്രിയുടെ നിശബ്ദതയിലെപ്പോഴോ കണ്ണനോട് ചേർന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി ആരതി പറയുന്നുണ്ടായിരുന്നു
“ഇപ്പോഴെനിക്ക് അറിയാൻ പറ്റുന്നുണ്ട് നിന്റെ സ്നേഹത്തിന്റെ പൂർണ്ണത കാരണം നിന്റെ സ്നേഹത്തിൽ പ്രണയം കലർന്നിരിക്കുന്നു കണ്ണാ..
” ആ പ്രണയമെന്നിലോരോ അണുവിലും സന്തോഷവും സംതൃപ്തിയും നിറയ്ക്കുന്നു … അതേ ഞാൻ പ്രണയിക്കപ്പെടുകയാണ് നിന്റെ സ്നേഹത്തിലൂടെ …
അവളുടെ വാക്കുകൾ മനസ്സ് നിറച്ചപ്പോൾ അവൻ നന്ദി പറയുകയായിരുന്നു സ്വന്തം മാതാപിതാക്കളോട് .. സ്നേഹത്തിനെ എങ്ങനെ പൂർണ്ണതയിലെത്തിക്കാമെന്ന് പറയാതെ ജീവിച്ചു കാണിച്ചു തന്നതിന് ….